പ്രിയേ ഇത് മാന്ദ്യ കാലമാണെന്ന് നിനക്കറിയാമല്ലോ. ലോക ലോകമഹാരാജ്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വ്യവസായങ്ങളും വൻകിട കമ്പനികളൊക്കെ തന്നെയും തകർച്ചയിലാണ്. അവർ ജീവനക്കാരെ ദിനംപ്രതി പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നു. എന്തായാലും ഈ മഹാവിപത്തിനെ നേരിട്ടുകൊണ്ട് വിവാഹിതിരാകാൻ കഴിഞ്ഞതിൽ നമുക്കാശ്വസിക്കാം. വിവാഹച്ചെലവുകളിൽ പകുതിയും വായ്‌പയായിരുന്നു. വായ്‌പ നല്‌കിയവർ അതെത്രയും പെട്ടെന്ന് തിരിച്ചു നൽകാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കാരണം അവരും പ്രതിസന്ധിയിലാണല്ലോ. നിനക്കറിയാമോ, വായ്‌പകളാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ചില പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നുമുള്ള വായ്‌പകളെ ഒരു കാരണവശാലും സമീപിക്കാതിരിക്കാൻ ശ്രമിക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധുക്കളെയും കൂട്ടുകാരെയും ആശ്രയിക്കാം. സാമ്പത്തിക മാന്ദ്യം രാഷ്‌ട്രത്തെയും കമ്പനികളെയും മാത്രമല്ല കുടുംബങ്ങളേയും അത് വളരെയധികം ബാധിച്ചിട്ടുണ്ട് അനാവശ്യമായ ആർഭാടങ്ങളിൽ ചിലവഴിച്ചവർ ഇന്ന് പോയ കാശിന്റെ കണക്കോർത്തു ദുഖിച്ചിരിക്കുകയാണ്. നമ്മുടെ മുത്തശ്ശിമാർ ചൊല്ലിത്തന്ന പഴയ ഒരു വാക്യം നിനക്കോർമയുണ്ടോ. ‘സമ്പത്തു കാലത്ത് തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാപത്തു തിന്നാം’ എന്ന്, അതിനെയാണ് ഇന്ന് ആധുനിക ബിസിനെസിൽ കണ്ടിജൻസി റിസർവ് എന്ന് വിളിക്കുന്നത്. ദൈനം ദിനച്ചെലവുകളിൽ നാം കുറവു വരുത്തിയേ മതിയാവൂ. കോസ്‌റ്റ് കട്ടിങ്ങിന്റെ എല്ലാ സാധ്യതകളെയും കുറിച്ച് നീ ചിന്തിക്കണം. പലതുള്ളി പെരുവെള്ളം എന്നപോലെ ഓരോ രൂപയും മൂല്യമുള്ളതാണെന്ന് നീ ഓർക്കണം. ഒരു കാര്യം ഞാൻ നിന്നോട് തുറന്നു പറയുന്നതിൽ നീ ദേഷ്യപ്പെടരുത്. വിവാഹശേഷം നീ സമ്മാനിച്ച ആ റയ്‌ബാൻ ഗ്ലാസ് എന്റെ ആത്മാവിലുണ്ടാക്കിയത് ഒരു വലിയ വേദനതന്നെയായിരുന്നു. എനിക്ക് നിന്നോടുള്ള സ്‌നേഹം എത്ര വലുതാണെന്ന് നിനക്കറിയാമോ. പക്ഷെ പണം ചെലവാക്കിയുള്ള സ്‌നേഹത്തെക്കാളും നല്ലത് നല്ല ചില വാക്കുകളല്ലേ പ്രിയേ. പ്രണയാർദ്രമായ എൻഹൃദയം നിനക്ക് വേണ്ടി തുടിക്കയാണ്. പക്ഷെ പേനയിലെ മഷിയും പേപ്പറും ചെലവാകുന്നതുകൊണ്ട് അത് മുഴുവനും തുറന്നെഴുതാൻ ഞാൻ അശക്തനാണ്. ഇന്റർനെറ്റ് ഫോൺ വലിയ അനുഗ്രഹം തന്നെയാണ്, നമ്മെപോലെ പ്രണയിക്കുന്നവർക്ക്. പക്ഷെ ആഴ്‌ചയിൽ ഒരു മണിക്കൂറിലേക്ക് ചുരുക്കുകയാവും നമുക്ക് ലാഭകരം. മാന്ദ്യകാലത്ത് തപാലിനെ ആശ്രയിക്കലാണ് നമ്മുടെ സന്തോഷകരമായ ഭാവി ജീവിതത്തിനു ഏറ്റവും നല്ലത്. പിന്നെ ഈ മാന്ദ്യം കഴിയുന്നത് വരെ നീ ഉള്ള വസ്‌ത്രങ്ങൾ കൊണ്ട് അഡ്‌ജസ്‌റ്റ് ചെയ്യണം. ഭക്ഷണം വാരിവലിച്ചു കഴിക്കുന്നത് നിന്റെ ആരോഗ്യസ്‌ഥിതി മേശമാക്കുമെന്നു ഞാൻ ഭയപ്പെടുന്നു പ്രിയേ. അതുകൊണ്ട് നീ ഭക്ഷണം കുറച്ച് വെള്ളം കൂടുതൽ കുടിക്കണം. മനുഷ്യന്റെ ഊർജ്ജ സംരക്ഷണത്തിന് ഏറ്റവും വേണ്ടത് വെള്ളമാണെന്നു ശാസ്‌ത്രം തെളിയിച്ചിട്ടുണ്ടല്ലോ. വൈദ്യുതിച്ചെലവ് കൂടുതലായതിനാൽ നിന്റെ പഠനം മെഴുകുതിരി വെളിച്ചത്തിലാക്കുന്നതായിരിക്കും നല്ലത്. മഹാൻമാർ പലരും അങ്ങിനെ പഠിച്ചവരാണല്ലോ. നിന്റെ മനസ്സും ആരോഗ്യവും എപ്പോഴും സന്തോഷകരമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. മാനസികോല്ലാസത്തിനായി നിനക്കല്‌പം നടത്തം ആവശ്യമാണ്. അത്‌കൊണ്ട് ആ നടത്തം നീ ബസ് ചാർജിനു പകരം ലാഭിക്കണം. നമ്മുടെ സ്‌നേഹത്തിനു മാത്രം ഒരു കുറവും വരുത്തരുത് പ്രിയേ, നാം ഈ കഷ്‌ടപ്പെടുന്നത് സുന്ദരമായ ഒരു നല്ല നാളെക്ക് വേണ്ടിയാണെന്ന് കരുതി നമുക്ക് സമാധാനിക്കാം.
Generated from archived content: story1_jun18_09.html Author: sabeer