വളഞ്ഞും പുളഞ്ഞും
ഒന്നു ഞെളിഞ്ഞും
ഒരുകടല്‍ദൂരം ഓടിമറഞ്ഞിട്ടും
വീശിയെറിഞ്ഞ
വലക്കണ്ണികളില്‍ കുടുങ്ങി
നിലച്ച മിടിപ്പുകള്‍.
ഇമയനങ്ങാത്ത തുറിച്ചമിഴികളില്‍
ഇതുവരെ കണ്ടുതീരാത്ത
കടല്‍കാഴ്ച്ചകള്‍.
ചുവന്ന ചെകിളകളില്‍
ആര്‍ത്തികപിടിച്ചൊളിപ്പിച്ച
അവസാനശ്വാസത്തില്‍
കൊഴുത്ത നുര.
അലയൊതുങ്ങാത്ത ആഴിയുടെ
ആഴവും പരപ്പും
വാരിവിഴുങ്ങി
വീര്‍ത്ത വയറില്‍
ഇനിയും നിലക്കാത്ത
കടലിരമ്പം.
വരഞ്ഞ് മിനുക്കി
മുളകുചേര്‍ത്ത
വിളമ്പിവെച്ച വിഭവങ്ങളില്‍
മുള്ളുറക്കാത്ത
ഇളം മത്സ്യങ്ങള്‍.
പാകപ്പെടുത്തലില്‍
കാഠിന്യത്തില്‍
പിഞ്ഞിപ്പോയ ഇളംമേനികള്‍.
ഹയഗ്രീവനെ
നിഗ്രഹിക്കാനെത്തിയ
മത്സ്യാവതാരം
പുനരവതരിക്കേണ്ടിയിരിക്കുന്നു
ഒരു മഹാപ്രളയവും..
Generated from archived content: poem5_may13_15.html Author: sabeena_shajahan