ചീറിപായുന്ന നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് വലിയ ഒരു പാലത്തിന്റെ നാല്‌പതു ഡിഗ്രി ചെരുവിൽ, ജനങ്ങൾ മൂത്രമൊഴിക്കുന്നത് തടയുവാനായി അധികൃതർ കെട്ടിയുണ്ടാക്കിയ കമ്പിവേലിക്കകത്തായിരുന്നു അയാളുടെ വാസം. ആ ഭാഗത്ത് സ്വദേശികൾ നന്നേ കുറവായതിനാൽ, അയാളുടെ അവിടുത്തെ പൊറുതിക്കുനേരെ പോലീസുകാരും കണ്ണടച്ചു. വിവിധരാജ്യങ്ങളിലെ വിദേശികൾ മാത്രം വന്നുപോകുന്നു നാറുന്ന നഗരത്തെരുവുകൾ അയാൾക്ക് ഉന്മാദമായിരുന്നു. കത്തുന്ന സൂര്യനു താഴെ പകൽ പല്ലിളിക്കുമ്പോൾ മാത്രം അയാൾ പുറത്തിറങ്ങി. പരിസരത്തുണ്ടായിരുന്ന പുരാതന ആരാധനാലയം…. അയാൾ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മാത്രം ഉപയോഗിച്ചു. അയാൾക്ക് ദൈവമില്ലായിരുന്നു. നീതിബോധവും. അപരിചിതവും അലൗകികവും ആയിരുന്നു അയാളുടെ ഓരോ ദിനവും. നടക്കുമ്പോൾ മെലിഞ്ഞു ചെതുമ്പിച്ച കാലുകളിൽ നരച്ച ഷൂ ഒരു തിമിംഗലത്തെപ്പോലെ വാ പിളർത്തി. പാതയോരത്തെ കച്ചവടസംഘങ്ങൾ ഉപേക്ഷിക്കുന്ന പഴകിയ ഭക്ഷണസാധനങ്ങൾ ശേഖരിച്ചായിരുന്നു അയാൾ വിശപ്പടക്കിയത്. പാലത്തിന്റെ ഇരുമ്പുസ്ലാബുകളിൽ വാഹനം കയറിയിറങ്ങുമ്പോഴുണ്ടാകുന്ന മുഴക്കവും, അവിടെ തങ്ങിനിന്ന വൃത്തികേടുകളുടെ ഗന്ധവും അയാളെ ലഹരി പിടിപ്പിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് നഗരത്തിരക്ക് കൂടുതൽ. അന്ന് വലിയ ഷോപ്പിങ്ങ് മാളുകളും, ഹോട്ടലുകളും, ജീവിതം ആസ്വദിക്കാനെത്തിയ മനുഷ്യരെക്കൊണ്ട് നിറയും. അന്ന് നിരത്തിലൂടെ, പരസ്‌പരം സ്‌പർശിക്കാതെ നടക്കാൻ തന്നെ പ്രയാസമാണ്. ദൂരെയിരുന്ന് നഗരത്തിരക്കുകൾ അയാൾ സാകൂതം വീക്ഷിക്കും. തുരുമ്പുപിടിച്ച ഒരു തകരപ്പെട്ടിയും അഴുക്കുപിടിച്ച് ദുർഗന്ധം വമിക്കുന്ന രണ്ടു തടിച്ച കമ്പളങ്ങളുമാണ് അയാൾക്കുണ്ടായിരുന്നത്.
ഈ വലിയ രാജ്യത്ത് അയാൾക്ക് ബന്ധവും സ്വന്തവും കുറെ പൂച്ചകൾ മാത്രമായിരുന്നു. ദയനീയമായി കരഞ്ഞും, ചിലപ്പോൾ ശൗര്യത്തിൽ ചീറ്റുകയും, മൂളുകയും മുരളുകയും മറ്റു ചിലപ്പോൾ പരസ്‌പരം കയ്യാങ്കളിയും കടിച്ചുകീറലും നടത്തുന്ന മാർജ്ജാരന്മാർ അയാൾക്കൊരു നേരമ്പോക്കായിരുന്നു. പൂച്ചകളെപ്പറ്റി മാത്രമേ അയാൾ സ്വബോധത്തോടെ ചിന്തിച്ചിരുന്നുള്ള. അച്ഛന്റെ പതിനഞ്ചു സെന്റ് പുരയിടത്തിൽ, വീടിനോട് ചേർന്നുള്ള കിണറ്റിൻ കരയിലിരുന്ന് അമ്മ മീൻ മുറിക്കുമ്പോൾ, മണം പിടിച്ച് ഓടിയെത്തുന്ന മാർജ്ജാരക്കൂട്ടങ്ങൾ, മീൻതലയ്‌ക്കുവേണ്ടി കടിപിടികൂട്ടുമ്പോൾ താനും അമ്മമ്മയും കൂടി അവറ്റകളെ ഓലത്തുമ്പ് കൊണ്ട് ഓടിക്കുമായിരുന്നു. വീടിന്റെ പരിസരത്തെങ്ങാനും പൂച്ചകൾ ശണ്‌ഠകൂടുന്നതുകേട്ടാൽ അമ്മമ്മയ്‌ക്ക് കലിയാണ്. നാശം! ഓടിച്ചുകള അവറ്റകളെ, കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ വന്ന ജന്തുക്കൾ…. അമ്മമ്മ പിറുപിറുക്കും. ദേഷ്യം കൊണ്ട് വിറയ്‌ക്കുമ്പോൾ അവരുടെ കാതിലെ തക്കകൾ ഇളകിക്കളിക്കുമായിരുന്നു. പൂച്ച കൈനക്കിയാൽ കടം കയറുമെന്നും, യാത്രയിൽ പൂച്ച വട്ടംചാടിയാൽ ആപത്തു വരുമെന്നും അവർ വിശ്വസിച്ചു. അതുകൊണ്ടുതന്നെ അയാൾക്കും പൂച്ചകളോട് വെറുപ്പായിരുന്നു. പക്ഷേ ഇന്ന് അവറ്റകൾ അയാളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. അയാളുറങ്ങുമ്പോൾ, അവ, നഖങ്ങൾ ഉള്ളിലേക്ക് വലിച്ച് പതുപതുത്ത കൈകൾ കൊണ്ട് അയാളുടെ മുഖത്തും കഴുത്തിലും തലോടുമായിരുന്നു. പേറുകഴിഞ്ഞ പെൺപൂച്ചകൾ കുഞ്ഞുങ്ങളെയും കടിച്ചുതൂക്കിക്കൊണ്ടുവന്ന് അയാളുടെ മുഷിഞ്ഞ കമ്പളത്തിലാണ് കിടത്താറ്. കണ്ടൻ പൂച്ചകൾ കാമം തീർത്തിരുന്നതും അയാളുടെ മുന്നിൽ തന്നെയായിരുന്നു. എതിരെയുള്ള ഈജിപ്‌തുകാരന്റെ മീൻകടയിൽ നിന്നും തലയും കുടലുമൊക്കെ അകത്താക്കിയെത്തുന്ന അവറ്റകൾ, അമിതമായി കഴിച്ചത് അയാൾക്കരികിൽ കക്കി വയ്‌ക്കും. ഇളക്കമുള്ള മണ്ണ് മെല്ലെ മാന്തി അതിൽ കാര്യനിർവ്വഹണവും നടത്തി മാർജ്ജാരന്മാർ പാലത്തിന്റെ തണലിൽ അയാളോടൊപ്പം വിശ്രമിക്കും. പൂച്ചച്ചൂരും മീനിന്റെ ഉളുമ്പുനാറ്റവും എല്ലാം കൂടി അയാളുടെ ഘ്രാണശക്തിയെ മരവിപ്പിച്ചിരുന്നു. പക്ഷേ അരോഗങ്ങളായ അയാളുടെ മറ്റ് ഇന്ദ്രിയങ്ങൾ എപ്പോഴും കർമ്മനിരതങ്ങളായിരുന്നു. വിശ്രമത്തിനു ശേഷം അവറ്റകൾ നാലുകാലിൽ നിവർന്നു നിന്ന് മൂരി നിവർത്തി ശരീരം ആഞ്ഞൊന്നു കുടയും. ശേഷം പിറകിലെ കാലുയർത്തി അയാളുടെ മുഷിഞ്ഞ കമ്പളത്തിൽ നനവിന്റെ ചിത്രപ്പണി തീർക്കും. പിന്നെ അവരുടെ വഴിക്ക് പോവുകയും ചെയ്യും.
നഗരവിളക്കുകളുടെ ചൂടുപോലുമെത്താതെ അയാളുടെ വാസസ്‌ഥലം കൊടുംതണുപ്പിൽ വിറങ്ങലിച്ചു നിന്നിരുന്നു. ചുമയ്‌ക്കുമ്പോൾ ഇറ്റിവരുന്ന മഞ്ഞനിറത്തിലുള്ള കഫം അവിടെത്തന്നെ തുപ്പി ആ മണ്ണ് പശപിടിച്ചിരുന്നു. തിരക്കൊഴിഞ്ഞ നട്ടുച്ചനേരങ്ങളിൽ രണ്ടുകാലിലെയും ആണിപ്പുണ്ണ് ബ്ലേഡ്‌കൊണ്ട് ചുരണ്ടി അയാളിരിക്കും. ശിലാഗുഹയ്‌ക്കകത്തിരിക്കുന്ന പ്രാചീന മനുഷ്യരുടെ രൂപമായിരുന്നു ചില നേരങ്ങളിൽ അയാൾക്ക്. മുഖത്ത് വരഞ്ഞ കറുത്ത വടുക്കൾ അയാൾക്ക് ഒരു ചെന്നായയുടെ ഭാവം നൽകി. പീളക്കണ്ണുകളിലെ നോട്ടം എപ്പോഴും തെരുവിൽത്തന്നെ തങ്ങി നിന്നു. ചുവന്ന ഹെഡ്‌ലൈറ്റിന്റെ മിന്നൽ കാണുമ്പോഴേ, കച്ചവടസാമഗ്രികൾ ഉപേക്ഷിച്ച് പരിഭ്രമിച്ച് ചിതറിയോടുന്ന മനുഷ്യരുടെ കണ്ണിലെ ചകിതഭാവം അയാൾക്കെപ്പോഴും ക്രൂരമായ ആനന്ദം പകരുന്ന കാഴ്‌ചയായിരുന്നു. പലപ്പോഴും സന്ധ്യയോടെയാണ് പരിശോധനാ സംഘങ്ങൾ എത്താറ്. ഉടമസ്‌ഥർ ഉപേക്ഷിച്ചുപോയ സാധനങ്ങൾ പാതയോരത്തു നിന്നും ലോറികളിൽ വാരിയിട്ട് സംഘം തിരിച്ചു പോകുന്നതുവരെ നേർരേഖയിൽ അയാളുടെ നോട്ടം അവിടെത്തന്നെ തറഞ്ഞു നിൽക്കും. ഉള്ളിലെ ക്ഷോഭം കണ്ണിൽ നീരസമായി കത്തിനിൽക്കാറാണ് പതിവ്. തിരക്കിനിടയിൽ ചില നേരങ്ങളിൽ രസഗുളതിന്നുന്ന ഭാവത്തോടെ സ്‌ത്രീകളെ തൊട്ടും തലോടിയും സുഖിക്കുവാനെത്തുന്ന ചില വിരുതന്മാർ അയാളുടെ കണ്ണിലുടക്കാറുണ്ട്. പലപ്പോഴും സ്‌പർശനസുഖത്താൽ അവരുടെ മുഖത്തുണ്ടാകുന്ന ഭാവനിർവൃതികൾ അയാൾക്കും സുഖം പകർന്നിരുന്നു. എതിരെയുള്ള ഹോട്ടലിൽ കത്തുന്ന വയറുമായി കയറിപ്പോകുന്നവരെ വിശക്കുന്ന കണ്ണുകളുമായി അയാൾ നോക്കി ഇരുന്നു. ക്രൂരമായ എന്തെങ്കിലുമൊക്കെ സുഖങ്ങൾ ആസ്വദിക്കാൻ അയാളുടെ കണ്ണുകൾ സദാ ജാഗരൂകമായിരുന്നു. ഇടുങ്ങിയ അഴുക്കുപുരണ്ട ഗല്ലികളിൽ ചിലതിൽ ഊദിന്റെയും സാമ്പ്രാണിയുടെയും സമ്മിശ്രഗന്ധം ഉയരാറുണ്ട്. അവിടെയാണ് കറുത്ത വേശ്യകൾ കുടിയിരിക്കുന്നത്. ആരു ചെന്നാലും അവർ ഇരുകരവും നീട്ടി സ്വീകരിക്കുമായിരുന്നു. പണമാണ് പ്രധാനം. എണ്ണയുടെ മെഴുമെഴുപ്പും ചുരുണ്ട മുടിയുടെ വൈകൃതവും തടിച്ചുതൂങ്ങിയ ചുണ്ടുകളും ഉപഭോക്താവിന്റെ ആസക്തി കൂട്ടാറേയുള്ളു. കറുത്ത ഹെന്നകൊണ്ട് കൈകൾ ചിത്രപ്പണി ചെയ്‌ത വേശ്യകൾക്ക് പക്ഷേ നാടൻ നിശാഗന്ധികളെപ്പോലെ മുല്ലപ്പൂവിന്റെ മണമില്ലായിരുന്നു. അവരുടെ കൺകോണിലെ കൊത്തിവലിക്കുന്ന നോട്ടവും. വിയർപ്പും എണ്ണയും പുരണ്ട് നാറി ചുളിഞ്ഞ നോട്ടുകൾ ആ ഗല്ലിയുടെ മാത്രം പ്രത്യേകതയായിരുന്നു. പലതവണ പോലീസ് ആ ഭാഗം വളഞ്ഞ് പലരെയും പിടികൂടിയിട്ടുണ്ട്. തലമുടി കറുത്ത രൂപങ്ങൾ പോലീസ് വണ്ടിയിൽ കയറിപ്പോകുന്നത് നോക്കിയിരിക്കുമ്പോൾ സ്വന്തം ശരീരത്തിനും ഊദിന്റെ ഗന്ധമാണെന്ന് അയാൾക്ക് തോന്നാറുണ്ട്. ഗർഭം അലസിപ്പിക്കാനും മന്ത്രവാദം നടത്താനുമൊക്കെ നഗര ഗല്ലികളിൽ വിദഗ്‌ദന്മാരുണ്ടെന്നാണ് കേഴ്‌വി.
അയാളെ ചുറ്റിനിന്ന മൗനത്തിന്റെ പാട അടിഞ്ഞിട്ടാകാം കമ്പിവേലികൾ തുരുമ്പെടുത്ത് അടരാൻ തുടങ്ങിയിരിക്കുന്നു. വർഷങ്ങളായി ആരോടും ഒന്നും സംസാരിക്കാതെ വാക്കുകൾ തന്നെ അയാൾ വിസ്‌മരിച്ചിരുന്നു. പരിചിതവും അപരിചിതവുമായ എല്ലാ മുഖങ്ങളും അയാളെ നോക്കി സഹതാപച്ചിരി ചിരിക്കും. പക്ഷേ ആരുടെയും സഹതാപം അയാൾ ആഗ്രഹിച്ചില്ല. സ്വന്തം ഹൃദയം ഒരിക്കലും അയാൾ ആർക്കു മുന്നിലും തുറന്നുകാണിച്ചില്ല. നിയമ പുസ്‌തകങ്ങളിലെ പഴുതുകൾ തിരയാൻ അയാൾ മെനക്കെട്ടതുമില്ല. തിരഞ്ഞാലും മനുഷ്യബന്ധങ്ങളുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടയാൾക്ക് എന്തു നിയമവും കോടതിയും? പ്രതികാരം അയാൾക്കൊരു തമാശയായിരുന്നു. ചെയ്യണമെന്നാഗ്രഹിച്ചാലും കൃത്യനിർവ്വഹണത്തോടടുക്കുമ്പോൾ മനസ്സിന് ദുർബലത തോന്നുകയാണ് പതിവ്. അതുകൊണ്ട് തന്നെ നെഞ്ചിലെ മഞ്ഞുമലയെ ക്രൂരതയുടെ അടരുകളാൽ അയാളൊരു അഗ്‌നി പർവ്വതമാക്കി മാറ്റിക്കൊണ്ടിരുന്നു. മുഷിഞ്ഞ കുപ്പായക്കീശയിലെ ഒഴിഞ്ഞ ശൂന്യതയിൽ വിരലുകൾ പരതി തെരുവിലൂടെ നടക്കുമ്പോഴൊക്കെ നഗരത്തിരക്കുകളാൽ അയാൾ അയാളെത്തന്നെ തേടിക്കൊണ്ടിരുന്നു. ജീവിത മുഷിവിന്റെ നരച്ച നിറങ്ങളുമായി അങ്ങനെ അയാളും നഗരഗന്ധങ്ങളുടെ കാവൽക്കാരനായി.
വേനലറുതിയിലെപ്പോഴോ, മണൽക്കാറ്റടിച്ച ഒരു ദിവസം ആകസ്‌മികായി, നഗരത്തിന്റെ സിരാകേന്ദ്രത്തിലുണ്ടായ തീപിടുത്തം അയാളെ വികാരധീനനാക്കി. കരപിടിച്ച് ഇരുണ്ട പല്ലുകൾ പുറത്തിട്ട് അയാൾ ആർത്തുചിരിച്ചു. കൈ കൊട്ടിക്കൊണ്ട് അയാൾ തെരുവോരത്തു കൂടി തലങ്ങും വിലങ്ങും നടന്നു. അന്ന് മരണപ്പാച്ചിൽ നടത്തിയവരാരും തന്നെ അയാളുടെ ഗോഷ്‌ടികൾ ശ്രദ്ധിച്ചില്ല. അന്ന് നഗരത്തിനാകെ ഒരേ ഗന്ധമായിരുന്നു. കത്തിക്കരിഞ്ഞ തുണികളുടെയും പ്ലാസ്‌റ്റിക്കിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. സ്വയം ചെയ്യാതിരുന്ന പ്രതികാരം വിധിതന്നെ ചെയ്‌തു തീർത്ത സംതൃപ്‌തിയായിരുന്നു അയാളുടെ മുഖത്ത്. അന്നാണയാൾ വർഷങ്ങൾക്കുശേഷം തന്റെ തകരപ്പെട്ടി വീണ്ടും തുറന്നത്. ദ്രവിച്ച് നിറംമങ്ങിയ ആ ഫോട്ടോയെടുത്ത് അയാൾ മാറോട് ചേർത്തു. സുമുഖനായ ഒരു ചെറുപ്പക്കാരനും ഭാര്യയും രണ്ടുപെൺമക്കളും ചേർന്നിരിക്കുന്ന കുടുബഫോട്ടോ. ഹൃദയത്തിലൂറിയ നനവ് കണ്ണുകളിലൂടെ ചാലിട്ടൊഴുകി….. വണ്ടിയുടെ എഞ്ചിൻ കിതയ്‌ക്കുന്നതുപോലെ അയാളുടെ നെഞ്ചും ഉയർന്നു താഴ്‌ന്നു….
സ്വന്തമായി റെഡിമെയ്‌ഡ് ബിസിനസ് നടത്തിയിരുന്ന ചെറുപ്പക്കാരൻ, ആത്‌മാർത്ഥതകൊണ്ടാണ്, കഷ്‌ടപ്പാടിൽ കൈകാലിട്ടടിച്ച നാട്ടുകാരനായ സുഹൃത്തിനെ കച്ചവടപങ്കാളിയാക്കിയത്. കൃത്രിമങ്ങളുടെ പുറം ചട്ടയണിഞ്ഞ നഗരത്തിൽ താൻ ഒട്ടകത്തിന് സ്‌ഥലംകൊടുത്ത അറബിയെ പോലെയായത് ചെറുപ്പക്കാരൻ തിരിച്ചറിയാൻ വൈകി. പലിശയ്‌ക്കെടുത്ത പണം പലിശയും കൂട്ടുപലിശയുമായി പെരുകി, വഞ്ചനയുടെ അരികുവളഞ്ഞ ബിംബങ്ങളായി അയാളെ പൊതിഞ്ഞു. കഥാവശേഷനായ നായകനെപ്പോലെ അയാൾ പടിയിറക്കപ്പെട്ടു. വേദനയുടെ ഭൂതകാലം പിന്നീടയാൾ ഓർത്തതേയില്ല. കൂട്ടലും കിഴിക്കലും ഗുണനവും ഹരണവുമായി ശിഷ്‌ടകാലം അയാൾ തന്റെ വിധി സ്വയം തെരഞ്ഞെടുത്തു. പണമില്ലാത്ത ഭർത്താവിനെ ഭാര്യയും തിരസ്‌കരിച്ചു. നീണ്ട വേർപാടിനിടയിൽ ഒരിക്കലും പ്രിയേ ഞാനെപ്പോഴും നിന്റെ കൂടെയുണ്ടാവും എന്നൊരുവാക്ക് അയാൾ അവൾക്ക് കൊടുത്തില്ല. അതുകൊണ്ട് അവളെ കുറ്റം പറയാനും ന്യായമില്ല. സ്വന്തം വഴി തെരഞ്ഞെടുത്തപ്പോഴും മക്കളെ വഴിയാധാരമാക്കിയില്ല എന്നൊരു സന്മനസ്സ് അവൾ കാണിച്ചു. അവളോടുള്ള അയാളുടെ ചെയ്‌തികൾ മാത്രം നീതികരണമുള്ളതായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രൂരതയുടെ കൂട്ടിനുള്ളിൽ ഒരു പ്യൂപ്പയായ് കഴിഞ്ഞ് അയാളൊരു നിഷ്‌ഠൂരനായിത്തീരുകയായിരുന്നു. മനുഷ്യനെ കൊല്ലാനുള്ളതിൽ വച്ച് ഏറ്റവും മാരകമായത് വെറുപ്പ് എന്ന വികൃതമായ ആയുധം തന്നെയായിരിക്കും. അതുകൊണ്ടാണ് അയാൾ എല്ലാവരെയും കൂട്ടക്കൊല ചെയ്‌തത്. ആരെയും അയാൾ സ്‌നേഹിച്ചില്ല. വഞ്ചന അയാൾക്ക് സഹിക്കാനാവുന്നതിലുമപ്പുറമായിരുന്നു. കൊടിയ വഞ്ചനയ്‌ക്ക് പാത്രമായതിനാൽ എല്ലാവരെയും ആ ഒരുകണ്ണിലൂടെ മാത്രമേ അയാൾ കണ്ടുള്ളു. അയാൾക്കു മുന്നിലെ കണ്ണാടിയിൽ എല്ലാവർക്കും ഒരേ രൂപമായിരിന്നു. ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കാതിരുന്നതും അതുകൊണ്ടുതന്നെ. ഭാര്യയുടെയും മക്കളുടെയും അവ്യക്തമായ രൂപങ്ങൾ അയാളുടെ കണ്ണിൽ നിന്നും വ്യാപാരകേന്ദ്രത്തിലെ അനിയന്ത്രിതമായ ആൾത്തിരക്കുകളിലേക്കും ശബ്‌ദായനങ്ങൾക്കിടയിലേക്കും മെല്ലെ അലിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. സ്‌നേഹമുള്ള ഒരു വാക്ക്, ഒരു സ്‌പർശം, ചിലപ്പോൾ മനസ്സിന്റെ കെട്ടുകൾ വിടുവിച്ച് അയാളെയും ഒരു മനുഷ്യനാക്കുമായിരുന്നില്ലേ?
സൂര്യൻ കേവലമൊരു മഞ്ഞവെളിച്ചം മാത്രമാവുകയും തണുപ്പിന്റെ സൂചിമുനകൾ സിരകളിൽ ആഴ്‌ന്നിറങ്ങുകയും ചെയ്‌തിരുന്ന ഒരു മഞ്ഞുകാലത്താണ് ഒരു സംഘം പോലീസുകാർ അയാളെ അവിടെനിന്നും ആട്ടിയോടിച്ചത്. നിസ്സഹായത നിഴൽ വിരിച്ച മുഖവുമായി തന്റെ പഴഞ്ചൻ കമ്പിളിയും പുതച്ച് അയാൾ മറ്റൊരു ലാവണം തേടിയിറങ്ങി. മുഖത്തേക്ക് തണുപ്പിന്റെ സൂചിമുനകൾ ആഴ്‌ന്നിറങ്ങിയ ആ ദിവസമാണ് അയാൾ ആദ്യമായി ചോര ഛർദ്ദിച്ചത്. തൊണ്ടക്കുഴിയിൽ നിന്ന് പുറത്തുവന്ന ചുവന്നുകൊഴുത്ത ദ്രാവകം കണ്ടിട്ടും അയാൾ പതറിയില്ല. അതിൽ മണ്ണു വാരിയിട്ട് മൂടി വിറയ്‌ക്കുന്ന ശരീരത്തോടെ അയാൾ വേച്ചു വേച്ചു നടന്നു. പാലത്തിന്റെ അങ്ങേതലയ്‌ക്കൽ തൂണിൽ ചാരിയിരിപ്പായി. ചീഞ്ഞ മടലിന്റെ ഗന്ധമുളള വാ പിളർന്ന ഷൂവിൽ നിന്നും അയാൾ തന്റെ കാലുകൾ സ്വതന്ത്രമാക്കി. പുറത്തെ തണുപ്പിൽ നിന്നെത്തിയ ആരോ ഒരാൾ സാനുകമ്പം വച്ചു നീട്ടിയ ഭക്ഷണപ്പൊതി അയാൾ ഇരുകൈയ്യും നീട്ടിവാങ്ങി. വിശപ്പടങ്ങിയപ്പോൾ കൂറ മണക്കുന്ന കമ്പിളിയിൽ ചിറികൾ അമർത്തിത്തുടച്ച് അയാൾ കമിഴ്‌ന്നു കിടന്നു. തെരുവിലെ ആളും ആരവവും അയാൾ അറിഞ്ഞതേയില്ല. ഇരുട്ടിയതും വെളുത്തതും. നഗരം വീണ്ടും പ്രയാണം തുടങ്ങി. പാലത്തിന്റെ ചെരുവിൽ മണിയനീച്ചകൾ ആർത്തു. വൈകിയെത്തിയ മുനിസിപ്പാലിറ്റി ജീവനക്കാരാരോ ആണ് കമിഴ്‌ന്നു കിടന്ന ആ മനുഷ്യരൂപത്തെ മലർത്തിക്കിടത്തിയത്. ക്രൂരമായ കാഴ്‌ചകൾ മാത്രം കാണുവാനാഗ്രഹിച്ച അയാളുടെ കൺതടങ്ങളിൽ ചോര പൊടിഞ്ഞ് ഉണങ്ങിക്കിടന്നു. അതിൽ പറ്റിപ്പിടിച്ച കുറെ ഉറുമ്പുകളും. അന്നത്തെ നഗരക്കാറ്റിന് ശവഗന്ധമായിരുന്നു. അത് തിരിച്ചറിയാതെ, അഭേദ്യമായ ഒരു ബന്ധത്തിന്റെ ബാക്കിയെന്നോണം അയാളുടെ സന്തത സഹാചാരികളായ കുറെ പൂച്ചകൾ മാത്രം ആ തണുത്ത ശരീരം തൊട്ടു ഉരുമ്മിയും കൂടെ നിന്നിരുന്നു….. പ്രകൃതിയിലെ സങ്കടക്കാഴ്‌ചയായി……. നഗരക്കോലങ്ങളായി……
Generated from archived content: story_competition6_sep30_10.html Author: sabeena_m_sali