മണ്ണിൽ ഉഴുവുന്നവനൊരു നാൾ
ആത്‌മാവിന്റെയുരുവം തേടി
ഉഴുവു ചാലിനു മദ്ധ്യേയെപ്പോഴോ
തന്റെ കലപ്പയുപേക്ഷിച്ചുനടന്നുകന്നു.
വിത്തെറിഞ്ഞ വയലുകൾ താണ്ടി,
സമതലങ്ങളും പുൽപ്പുറങ്ങളും പിന്നിട്ട്
അവസാനം വിശുദ്ധ അൾത്താരക്കു മുന്നിൽ
സ്വർഗ്ഗവൃക്ഷങ്ങളുടെ തണലും
വിശിഷ്‌ടഫലങ്ങളുടെ തെളിവും
പാനപാത്രത്തിൽ പതഞ്ഞൊഴുകിയ
പുതിയ വീഞ്ഞിന്റെ പുളിപ്പും
രാത്രിയോടു രാഗങ്ങൾ മൂളുന്ന നദിയും
ക്ഷണിക സന്തോഷങ്ങളുടെ വസന്തദിനങ്ങളായി
മിർട്ടിൽച്ചെടികളുടെ സുഗന്ധത്തിൽ
നിഴലില്ലാത്ത മാലാഖമാർ നിരന്നു
താഴ്‌വരയിലെങ്ങും കാറ്റിന്റെ മർമ്മരം
ചിറകിലൊളിപ്പിച്ച ഖഡ്‌ഗം പുറത്തെടുത്തവർ
ആദ്യം സന്തോഷങ്ങളെയറുകൊല ചെയ്‌തു
പിന്നെ സത്യങ്ങളുടെ കുതികാല് വെട്ടി
അദൃശ്യാത്‌മാക്കൾ ആർത്തലച്ചു വിളിച്ചു
വചനരഹിതമായ സ്‌നേഹമെപ്പോഴും
കാമനയുടെ ഉപോൽഫലങ്ങളാണ്
ചോദനമില്ലെങ്കിൽ ജീവിതമന്ധകാരം
നെറ്റിയിലെഴുതപ്പെട്ട ശാപങ്ങളോരോന്നും
ഇരുട്ടിന്റെ മാളങ്ങളിലൊളിച്ചിരുന്നു.
താവളം തേടുന്ന പഥികന്റെ ദുഃഖമായ്
തിരിച്ചറിഞ്ഞ സത്യങ്ങളെ മുറുകെപ്പിടിച്ച്
ഹേമന്തത്തിലെ പുതിയ വിത്തും തേടി
ഉഴുവുചാലിലെ കലപ്പക്കീറിലേക്കു തന്നെ
അമർത്യൻ നായകൻ തിരികെ നടന്നു.
Generated from archived content: poem1_nov22_10.html Author: sabeena.m.sali