ഗാംഭീര്യ ശബ്ദത്തില്‍
മൃദുവായി അച്ഛനെന്നെ വിളിച്ചു
ലാളിച്ചു കൊഞ്ചിച്ച്
അമ്മയ്ക്ക് മോള്‍
അമ്മുക്കുട്ടിയായിരുന്നു
സൈക്കിളിന്‍ മുന്നിലിരുത്തി
പറക്കുന്ന കുഞ്ഞാഞ്ഞക്ക്
ഞാന്‍ അമ്മൂസായിരുന്നു
അങ്കണവാടിയിലെ
ലീല ടീച്ചറെന്നെ സരസ്വതീന്നു
നീട്ടി വിളിച്ചു
അമ്പലമുറ്റത്തെ കൂട്ടാര്‍ക്ക്
ഞാന്‍ സരസുവായി..
മഞ്ഞനൂലിനറ്റത്തു
തൂങ്ങിക്കിടന്ന താലിക്കുള്ളിലോതുക്കി
ഏട്ടനെന്നെ സരൂന്നു വിളീച്ചു
ചോരവാര്‍ന്നു പുറത്തു വന്നു,
ചിറകുകള്‍ തളിര്‍തോരുന്നാല്‍
അവരെന്നെ അമ്മയെന്ന് വിളീച്ചു
അക്ഷരങ്ങള്‍ കോറിയിട്ട
പിഞ്ചുമനസില്‍ ഞാന്‍
സരിടീച്ചറായി………….
മക്കള്‍ തന്‍ മക്കള്‍ എന്നിലെ
വാര്‍ദ്ധക്യത്തെ അമ്മൂമ്മ
എന്നു വിളിച്ചു
മരുമക്കള്‍ എന്നിലെ മാതൃ ഹൃദയത്തെ
അമ്മായിയാക്കി
ഒടുവില്‍ ആചാരവെടി മുഴക്കി
പട്ടടയിലടങ്ങിയപ്പോള്‍ മൂടിയ
മാര്‍ബിളില്‍ ടി. സരസ്വതി
എന്ന് കൊത്തി വച്ചു,
പേരുകളും വിളികളും
മാറി വന്നെങ്കിലും
എന്നും ഞാന്‍
ഞാന്‍ മാത്രമായിരുന്നു
മാറാത്ത മനസും
ഉണങ്ങിയ ഭൂതകാലത്തിന്‍
മാറാലത്തുണ്ടുകളില്‍
കുടുങ്ങിയ ഹൃദയമുള്ള
വെറുമൊരു പെണ്‍കുട്ടി
Generated from archived content: poem2_feb20_12.html Author: saarathi