അച്‌ഛൻ പോയതിനു ശേഷമായിരിക്കണം, അതോ അതിനുമുമ്പോ എന്നും തീർച്ചയില്ല, പുലർച്ച വണ്ടി ഇതിലെ കടന്നുപോയിട്ടുണ്ടാവുക. പുലർന്നു നോക്കുമ്പോൾ വീട്ടിൽ അച്‌ഛനില്ല.
ടെലിവിഷനിലെ അവസാനത്തെ വാർത്തയും കേട്ടുകഴിഞ്ഞ് രാത്രി ഉറങ്ങാൻ കിടന്നതാണ്. പേരക്കുട്ടികൾ, അതായത് ചന്ദ്രേട്ടന്റെ കുട്ടികൾ, അന്ന് സന്ധ്യയ്‌ക്ക് കണ്ട ടിവി സീരിയലിലെ നായകനെ അനുകരിച്ചുകൊണ്ട് അച്‌ഛനിരിക്കുന്ന സോഫായിൽ കയറി പരാക്രമങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. പക്ഷേ, അപ്പോഴും കുട്ടികളെ ശാസിക്കുകയോ വിരട്ടിയോടിക്കുകയോ ചെയ്യാതെ സോഫായുടെ അറ്റത്ത് താടിയ്‌ക്ക് കൈയൂന്നി കൂനിക്കൂടി ഇരുന്ന് ന്യൂസ് ശ്രദ്ധിക്കുന്ന അച്‌ഛനെ കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു. ഒരുകാലത്ത് വിരുന്നുവരുന്ന ബന്ധുവീടുകളിലെ കുട്ടികൾ സാക്ഷ ഇളക്കി കളിക്കുമ്പോൾ ക്ഷുഭിതനായി പൊട്ടിത്തെറിച്ചിരുന്ന ആളാണ്. കാലം മനുഷ്യരെ ഓരോ കളളികളിൽ ഒതുക്കുമായിരിക്കണം!
ആ രാത്രി പുലർന്നു കഴിഞ്ഞാണ് അച്‌ഛനെ കാണാതാകുന്നത്.
പോകുന്നതിനുമുമ്പ് ചന്ദ്രേട്ടന്റെ കുഞ്ഞുറങ്ങുന്ന തൊട്ടിലിന്റെ കൊതുകുവല നേരെയിടാൻ അച്‌ഛൻ മറന്നിരുന്നില്ല. അതേപോലെ, എന്റെ ചെരിപ്പ് മുറ്റത്ത് നിന്ന് കോലായിലേക്ക് എടുത്തുവെച്ച്, ഒഴിഞ്ഞ പാൽക്കുപ്പി തിണ്ണപ്പുറത്ത് കൊണ്ടുവച്ച്, ജനലുകളെല്ലാം പുറത്തുനിന്ന് അടച്ച്, വാതിൽ ശബ്‌ദമുണ്ടാക്കാതെ അമർത്തി ചാരി, മുറ്റത്തെ വേലിക്കടമ്പ നേരെവച്ച്, ആരേയും ഉണർത്താതെ, അലോസരപ്പെടുത്താതെയാണ് അച്‌ഛൻ ഇറങ്ങിപ്പോയിരിക്കുന്നത്.
അദ്ദേഹം നാട്ടുവർത്തമാനം പറഞ്ഞിരിക്കാറുളള ബസാറിലെ ജൗളിക്കടയിലും ചുങ്കത്തെ ചായപ്പീടികയിലും ഒന്നുരണ്ട് പരിചയക്കാരുടെ വീടുകളിലുമൊക്കെ ഞാനും ചന്ദ്രേട്ടനും അച്‌ഛനെ തിരക്കി ചെന്നിരുന്നു. പകലറുതിയോടെ ഇരുട്ടിന്റെയൊപ്പം പരിഭ്രമവും ഇഴഞ്ഞുവരാൻ തുടങ്ങിയപ്പോഴും, രാത്രിയുടെ ഏതെങ്കിലുമൊരു യാമത്തിൽ ബീഡിക്കനലിന്റെയും ചുമയുടെയും അകമ്പടിയോടെ ഞങ്ങളുടെ അച്‌ഛൻ പടികടന്നുവരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. രണ്ടുരാവും രണ്ടുപകലും കഴിഞ്ഞതോടെ ആ പ്രതീക്ഷയും നഷ്‌ടപ്പെട്ട് അദ്ദേഹത്തിന് എന്ത് സംഭവിച്ചിരിക്കാം എന്ന ഉത്‌കണ്‌ഠയിൽ ശ്വാസംമുട്ടി ഞങ്ങളുടെ വീട്.
നാല്പത്തിയഞ്ച് വർഷങ്ങൾക്കുമുമ്പ് ഗ്രാമത്തിൽനിന്ന് അമ്മയെ വിവാഹം കഴിച്ചുകൊണ്ടുവന്നതിനുശേഷം കല്ലുവെച്ച ചെറിയൊരു പുര വിലയ്‌ക്കുവാങ്ങി പട്ടണത്തിൽ താമസം തുടങ്ങിയതാണ് അച്‌ഛൻ എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. രണ്ടുമൂന്ന് മുറികൾ കെട്ടിയുണ്ടാക്കി മുറ്റവും ചുറ്റുമതിലുമായി ക്രമേണ വീട് വികസിക്കുകയും രണ്ടാൺമക്കളും മൂന്ന് പെൺമക്കളുമായി കുടുംബം വലുതാകുകയും ചെയ്‌തതിനുശേഷമാണ്, അതും വാതശല്യമേറ്റു കഴിയുന്ന വാർദ്ധക്യകാലത്താണ്, അദ്ദേഹം ഇപ്രകാരം പ്രവർത്തിച്ചിരിക്കുന്നത്.
അന്വേഷിച്ചുപോയ സ്ഥലങ്ങളിലൊന്നും അച്‌ഛനെ കാണാത്ത വിവരം ഞങ്ങൾ തുറന്നുപറഞ്ഞില്ല. വയസ്സായ അച്‌ഛനെ എല്ലാവരുംകൂടെ ചേർന്ന് ചവിട്ടിപ്പുറത്താക്കി എന്നല്ലേ നാട്ടുകാർ പറഞ്ഞുണ്ടാക്കുക?
“ഈ മനുഷ്യന് എന്ത് വന്നുപെട്ടുവോ ആവോ.” എന്ന് പതംപറഞ്ഞ് മൂക്കുചീറ്റുന്ന അമ്മയോട് ചന്ദ്രേട്ടൻ ഇത്തിരി കയർത്തു.
“അമ്മ അറിയാതെ അച്‌ഛൻ ഇറങ്ങിപ്പോകില്ല.”
നാൽപത്തിയഞ്ച് കൊല്ലക്കാലം ഒരു പുരുഷന്റെയൊപ്പം കഴിഞ്ഞ സ്‌ത്രീക്ക് അയാൾ ഉരിയാടാതെ ഇറങ്ങിപ്പോയതിന്റെ കാരണം അറിയാതിരിക്കുമോ? എന്ന ന്യായമായിരിക്കണം ചന്ദ്രേട്ടനെകൊണ്ട് അപ്രകാരം ചോദിപ്പിച്ചത്. എങ്കിലും അമ്മയെ അടുത്തറിയുന്ന, അവരുടെ ഭൂതകാലം ഹൃദിസ്ഥമായ ആർക്കും അവരെ അവിശ്വസിക്കാൻ കഴിയുകയുമില്ല.
ഇനി മനസ്സ് വെറുത്ത് മറ്റുവല്ലതും… അതാണ് എല്ലാവർക്കും പേടി. അദൃശ്യമായൊരു നിഴലായി, നിത്യസഹചാരിയായി അപകടങ്ങൾ നമ്മോടൊപ്പം തന്നെ ഉണ്ടല്ലോ.
ഉമ്മറത്തിട്ട തലഭാഗത്ത് മെഴുക്ക് പുരണ്ട, അവിടവിടെ പിഞ്ചിയിരിക്കുന്ന കേൻവാസ് ചാരുകസേര…. അതിലിരുന്നാണ് അച്‌ഛൻ എന്നും കാലത്ത് പത്രം വായിച്ചിരുന്നത്. കസേരക്കയ്യിൽ അമ്മ കൊണ്ടുകൊടുക്കുന്ന ആവിപറക്കുന്ന കടുപ്പമുളള ചായയുണ്ടായിരിക്കും. അതിനുമുമ്പ് സ്വറ്ററും മഫ്‌ളറുമിട്ട് ചെറുതായൊന്ന് നാട് ചുറ്റിവരുന്ന പതിവുണ്ട്. പത്രവായന കഴിഞ്ഞാൽ അത് മടക്കി ടീപോയിമേൽ വച്ച് അച്‌ഛൻ ഉമ്മറത്തെ ഉത്തരത്തിൽനിന്ന് തത്തക്കൂട് കൊളുത്തൂരി കിണറ്റുകരയിൽ കൊണ്ടുപോയി കുളിപ്പിക്കുമായിരുന്നു. കോഴികൾക്ക് പഴയ പത്രത്താള് വിരിച്ച് വെവ്വേറെയായി തീറ്റയിട്ടു കൊടുക്കുമായിരുന്നു. നേരത്തെ എഴുന്നേൽക്കാത്തതിന്, അതുകൊണ്ടാണ് ഐശ്വര്യം വരാത്തത് എന്ന് മിക്കവാറും എന്നും എന്നെ വഴക്കു പറയുമായിരുന്നു. തലവേദന വന്നാൽ, ഏതുനേരവും വായനശാലയിൽ പോയിരുന്ന് ചപ്പുചവറുകളൊക്കെ വായിക്കുന്നതിനാൽ രക്‌തം തലയോട്ടിയിൽ കയറിയിട്ടാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുമായിരുന്നു.
എത്ര വഴക്കു പറഞ്ഞാലും അച്‌ഛനില്ലാത്ത വീട്, ഒഴിഞ്ഞുകിടക്കുന്ന ആ ചാരുകസേര, വിറങ്ങലിപ്പിന്റെ ഈ പ്രഭാതങ്ങൾ, സഹിക്കാൻ കഴിയുന്നില്ല.
ഇത്രമാത്രം പ്രിയപ്പെട്ടവരായിട്ടും അച്‌ഛൻ എന്തുകൊണ്ടാണ് ഞങ്ങളെ വിട്ട്, എല്ലാവരും സന്തോഷപൂർവ്വം പാർക്കുന്ന വീട് വിട്ട് പൊയ്‌ക്കളഞ്ഞത്? അതും ഈ പ്രായത്തിൽ! എന്തുകൊണ്ട്?
ഈ ചോദ്യത്തിന് എനിക്ക് മറുപടിയില്ല. എങ്കിലും, കുറെവർഷങ്ങളായി അച്‌ഛൻ വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. എന്റെ കൗമാരകാലത്തും അതുകഴിഞ്ഞ് യൗവ്വനത്തിലും കാണപ്പെട്ടിരുന്ന അച്‌ഛന്റെ ഭാവങ്ങൾക്ക് വിരുദ്ധമായിരുന്നു ആ അസ്വസ്ഥത. കാലത്തിന്റെ, പ്രായത്തിന്റെ സമക്ഷം വാളും പരിചയും അടിയറവ് വച്ചുളള പിൻവാങ്ങൽ പോലെ.
സാമ്പത്തികമായി അല്പസ്വല്‌പം സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്ന എന്റെ ശൈശവകാലം.
മുറ്റത്ത് നിരന്നുനിന്ന് ചൂടിക്കയർ പിരിക്കുന്ന പണിക്കാർ ചക്രം തിരിക്കുന്ന ശബ്‌ദം മാത്രം. കണ്ണ് തുടയ്‌ക്കാനെന്ന നാട്യത്തിൽ ഇടനാഴിയിലെ നിഴലിലിരുന്ന് പണിയെടുക്കുന്ന തരുണികളെ തേടിയെത്തുന്ന ശൃംഗാരക്കാറ്റ്. അച്‌ഛന്റെ പോളീഷിട്ട് മിനുക്കിയ കാപ്പിനിറമുളള തുകൽഷൂസ് പടികടന്നുവരുന്ന ഒച്ച-ചുഷ്…ചുഷ്! ഒപ്പം അട്ടഹാസങ്ങളും. അതോടെ വീണ്ടും ചക്രംതിരിയുടെ വെപ്രാളങ്ങൾ. പെരുമഴപോലെ.
കുറെക്കൂടെ മുതിർന്നപ്പോൾ (ചന്ദ്രേട്ടന്റെ വിരലിൽ പിടിച്ച് സ്‌കൂളിൽ പോകാൻ തുടങ്ങിയ കാലം) അച്‌ഛന്റെ അട്ടഹാസങ്ങൾക്ക് വ്യക്തമായ പുരുഷരൂപം കൈവന്നുകഴിഞ്ഞിരുന്നു. സാമ്പത്തികമായി തകർച്ചയെ സമീപിച്ചിരുന്ന കാലമായിരുന്നു അത്. ചകിരിത്തുപ്പും പണിക്കാരും ചൂടിക്കെട്ടുകളും കഴിഞ്ഞകാല വിശേഷങ്ങൾ മാത്രമായി. തിരിച്ചുചെല്ലുമ്പോൾ കാണാൻ പോകുന്ന ഒഴിഞ്ഞ അടുക്കളയെ പേടിച്ചുകൊണ്ട് ഞങ്ങൾ കുട്ടികൾ സ്‌കൂളിൽ ഉച്ചയ്‌ക്കുളള ബെല്ലടിയെ നെഞ്ചിടിപ്പോടെ കാതോർക്കുമായിരുന്നു. അമ്മ തൊടിയിലിറങ്ങി തലേരാത്രി പിഴുതുവീണ മൂക്കാത്ത പപ്പായ പെറുക്കിക്കൊണ്ടുവന്ന് തിളപ്പിച്ച് ഞങ്ങളെ ഊട്ടി. വെന്ത വറ്റിനായി ഞങ്ങൾ കുടത്തിൽ മരക്കയിലിറക്കി തളർച്ചയോടെ തുഴഞ്ഞു. ഉച്ചനേരങ്ങളിൽ തീവണ്ടിയിറങ്ങിയിട്ട് വിരുന്നുവരുന്ന ബന്ധുജനങ്ങൾ അമ്മയെ പേടിപ്പെടുത്തി.
അമ്മ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജനൽപ്പടിയിലോ, മെഴുക്ക് പുരണ്ട കട്ടിൽക്കാലിലോ തലചായ്‌ച്ചിരുന്നുകൊണ്ട് അമ്മ കരയുമായിരുന്നു. അല്‌പംപോലും ശബ്‌ദം കേൾപ്പിക്കാതെ.. മുഖത്ത് വീണുകിടക്കുന്ന കറുത്ത് ഇടതൂർന്ന തലമുടി വെറ്റില മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുടെ വിതുമ്പൽ പൂർണ്ണമായും മറച്ചുപിടിച്ചിരിക്കും.
അമ്മ എന്തിനാണ് കരയുന്നതെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു.
അമ്മയ്‌ക്ക് വിട്ടുമാറാത്ത പുറംവേദന ഉണ്ടായത് എങ്ങനെയാണെന്ന സത്യം കുറേക്കൂടെ മുതിർന്നപ്പോഴാണ് ഞങ്ങൾ കുട്ടികൾ മനസ്സിലാക്കിയത്.
പിന്നാമ്പുറത്തെ ചുവരിൽ തൂക്കിയ ഫ്രെയിമിട്ട ചായമിളകിയ കണ്ണാടിയിൽ നോക്കി മുഖം ഒടിച്ചും വളച്ചും ഷേവ് ചെയ്യുന്ന അച്‌ഛനെ പേടിയാണ് എല്ലാവർക്കും. അച്‌ഛന്റെ മുഖത്തും കണ്ണുകളിലും വല്ലാത്തൊരു കാടൻഭാവമായിരിക്കും അപ്പോൾ. അമ്മയ്‌ക്ക് അച്ഛനിൽ നിന്ന് കിട്ടിയ മർദ്ദനങ്ങളത്രയും ഷേവ് ചെയ്യുന്നതിനിടയ്‌ക്കാണ്. അച്‌ഛന്റെ ചുരുട്ടിപ്പിടിച്ച മുഷ്‌ടികളിൽനിന്ന് രക്ഷപ്പെടാനായി അമ്മ മുറിയിൽനിന്ന് മുറിയിലേക്ക് ഓടുന്നത് അന്നത്തെ നിത്യക്കാഴ്‌ചയായിരുന്നു.
എന്നിരുന്നാലും, അമ്മ ശബ്‌ദമുയർത്തി കരയുകയില്ല. ഭേദ്യമെല്ലാം കഴിഞ്ഞ് ജനൽപ്പടിയിലോ മെഴുക്ക് പുരണ്ട കട്ടിൽക്കാലിലോ തലചായ്‌ചു കിടന്ന്… പതുക്കെ നെറ്റി ഇടിച്ചിടിച്ച്… ഓടിത്തളർന്ന വേട്ടമാനിനെപ്പോലെ…
എന്നിരുന്നാലും അമ്മ പിറ്റേന്നും അച്‌ഛൻ ഷേവ് ചെയ്യുന്ന നേരംനോക്കി കുട്ടികളുടെ സ്‌കൂൾഫീസിനെ കുറിച്ചോ, തീർന്നുപോയ അരിമുളകാദികളെപ്പറ്റിയോ പറയുകയും അച്‌ഛൻ കലിയിളക്കം അമ്മയുടെ ദേഹത്ത് തീർക്കുകയും ചെയ്യുമായിരുന്നു. പണം കയ്യിലില്ലാത്ത സങ്കടമാണ് അച്‌ഛനെകൊണ്ട് കടുംകൈ ചെയ്യിക്കുന്നതെന്ന് മനസ്സിലാക്കാനുളള അറിവ് എനിക്കോ, പുഷ്‌പക്കോ, ശോഭയ്‌ക്കോ, രോഹിണിക്കോ, എന്തിന് മുതിർന്ന ചന്ദ്രേട്ടനോ അന്നുണ്ടായിരുന്നില്ല. പ്രഹരം കഴിഞ്ഞ് കൊക്കയിൽനിന്ന് ഷർട്ടെടുത്തിട്ട് നേരിയൊരു ചുമയുടെ അകമ്പടിയോടെ തലകുനിച്ചുകൊണ്ട് പുറത്തേക്കിറങ്ങിപ്പോകുന്ന അച്‌ഛൻ. മടങ്ങിവരുമ്പോൾ കൈയിൽ അരിയോ മുളകാദികളോ ഉണ്ടായിരിക്കും. അത് അമ്മയുടെ നേരെ നീട്ടിപ്പിടിച്ചിട്ട് കുറ്റബോധത്തോടെ പറയുമായിരുന്നു ‘ഇന്നാ’.
ഹൊ, ഒരാഴ്‌ച എത്ര വേഗമാണ് കടന്നുപോയത്-എത്രവേഗം. അച്‌ഛനില്ലാത്ത ഒരാഴ്‌ച.
കാലഘട്ടങ്ങൾ അതിവേഗം പിന്നിട്ടുപോയിട്ടും ഇന്നും ബന്ധുക്കൾ വിരുന്നുവരുന്ന വേളകളിൽ പണ്ടത്തെ അച്‌ഛന്റെ പ്രത്യേകതകളും അച്‌ഛൻ നല്‌കിയിരുന്ന ശിക്ഷകളുമൊക്കെ വർത്തമാനങ്ങളിൽ കടന്നുവരാറുണ്ട്. നിസ്സാരമായ കൈപ്പിഴകൾക്കുപോലും വലിയ ശിക്ഷകൾ. അതായിരുന്നു അച്‌ഛൻ. അച്‌ഛന്റെ പ്രഹരമേൽക്കാത്ത ഒരേയൊരാൾ ചിലപ്പോൾ ഞാനായിരിക്കണം. ചെറുപ്പത്തിൽ എനിക്കുണ്ടാകാറുണ്ടായിരുന്ന ആസ്‌തമാ ആയിരിക്കാം. ചിലപ്പോൾ അതല്ലായിരിക്കാം അതിന് കാരണം. എന്നിരുന്നാലും ആ രോഗത്തെക്കുറിച്ചോർത്തുളള സഹതാപവാത്സല്യങ്ങൾ എല്ലായ്‌പ്പോഴും അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് ഞാൻ സംശയിക്കുന്നു.
ഇതിനിടെ, “കണ്ടവരുണ്ടോ?” എന്നൊരു പത്രപരസ്യം കൊടുക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു നോക്കിയെങ്കിലും അത്തരമൊരു ഉദ്യമം അച്‌ഛന് ഉണ്ടാക്കിയേക്കാവുന്ന മാനഹാനിയോർത്ത് അവസാനം ഉപേക്ഷിക്കുകയായിരുന്നു.
ബന്ധുക്കളോടും ചാർച്ചക്കാരോടും മാത്രമെ അച്‌ഛൻ കാർക്കശ്യം കാണിച്ചിരുന്നുളളു. ഒരിക്കൽ ഔദാര്യപൂർവ്വം നല്‌കിയത് മുഴുവൻ മറ്റൊരിക്കൽ നിന്നകാലിൽ തിരിച്ചെടുത്തുകൊണ്ടുപോയെന്ന് വരും.
ഇതൊക്കെയാണെങ്കിലും പോകുന്നിടത്തൊക്കെ നിഷ്‌പ്രയാസം സുഹൃത്തുക്കളെ ഉണ്ടാക്കിയിരുന്നു. അവരെല്ലാം അച്‌ഛനെ ആദരിക്കുകയും അച്‌ഛൻ അവരോടൊക്കെയുളള ബന്ധങ്ങൾ കൊഴിഞ്ഞുപോകാതെ നിലനിർത്തുകയും ചെയ്‌തിരുന്നു. എന്റെ സഞ്ചാരവേളകളിൽ ഒട്ടും നിനച്ചിരിക്കാതെ പരിചയഭാവത്തിന്റെ ശിരസ്സുകൾ എവിടുന്നെങ്കിലുമൊക്കെ നീണ്ടുവരുന്നത് കണ്ടിട്ടുണ്ട്‌ഃ …. മകനാണല്ലേ? അച്‌ഛന് സുഖം തന്ന്യല്ലേ?- ആരെങ്കിലുമൊക്കെ.
വിസ്‌മയമായിരിക്കുന്നു. ഒടുക്കം, ഞങ്ങളാരും മനസ്സിലാക്കിയതല്ല, മനസ്സിലാക്കാത്തതാണ് താൻ എന്ന സത്യത്തെ മറ്റുളളവർക്കായി ഉപേക്ഷിച്ചുകൊണ്ട് പടിയിറങ്ങി പോകുകയും ചെയ്‌തിരിക്കുന്നു.
അമ്മ ആളയച്ചു വരുത്തിയിട്ടായിരിക്കണം, ഇളയമ്മാവൻ ഗ്രാമത്തിൽനിന്ന് വന്ന് നടുവകത്തെ ബെഞ്ചിലിരുന്നുകൊണ്ട് അച്‌ഛന്റെ തിരോധാനത്തെക്കുറിച്ച് അമ്മ പറയുന്നത് മൂളിക്കേൾക്കുകയാണ്. കഷണ്ടി ഇടയ്‌ക്കിടെ വട്ടത്തിൽ തടവിക്കൊണ്ട് “ശ്ശോ.. ശ്ശോ” എന്ന് കഷ്‌ടമറിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇളയമ്മാവൻ വിരുന്നുവന്നാൽ അച്‌ഛന്റെ ദൃഷ്‌ടി ഒഴിവാക്കുന്നതിനുവേണ്ടി അമ്മയോടൊപ്പം അടുക്കളയിൽ കഴിച്ചുകൂട്ടുകയാണ് പതിവ്. അച്‌ഛന് കറുത്ത് കുറുകി വീടും കുടിയും നോക്കാതെ ഫുട്‌ബോൾ വീരസ്യങ്ങളുമായി നടക്കുന്ന ചെറിയമ്മാവനെ കാണുന്നതും കലിയിളകാൻ തുടങ്ങും. അച്‌ഛൻ ഏറെനേരം ചെലവഴിക്കുന്നത് വലിയ വാശിക്കാരനായ, ഗൗരവം വിടാതെ വർത്തമാനം പറയാറുളള വലിയമ്മാവനോടാണ്. വലിയമ്മാവന് മാത്രമെ അച്‌ഛൻ കോലായിലെ സ്വന്തം സിംഹാസനം, ചാരുകസേര, ഒഴിവാക്കി കൊടുത്തിരുന്നുളളൂ.
ആട്ടിൻകുട്ടിയുടെ താടി തടവിക്കൊണ്ടിരിക്കെ അമ്മ ഇളയമ്മാവനോട് അച്‌ഛനെ കുറിച്ചുളള പരാതികളുടെ ഭാണ്‌ഡക്കെട്ട് അഴിച്ചു. ഇപ്പോൾ അച്‌ഛൻ ഉണ്ടായിരുന്നുവെങ്കിൽ, “നിന്നെ ഞാൻ മനസ്സീന്ന് എന്നേ ഒഴിവാക്ക്യെടീ…” എന്നും പറഞ്ഞ് അണച്ചും കിതച്ചും കോപാവേശത്തോടെ ചാടിവീഴുമായിരുന്നു. “ന്റയ്യോ… പിന്നെ എനിക്ക്യാ?” എന്ന് മുഖം കനപ്പിച്ചുവച്ചു കൈകൾ തേമ്പിക്കാണിച്ചുകൊണ്ട് അമ്മയും വിട്ടുകൊടുക്കില്ല. അവിടവിടെ നരച്ച തലമുടി അഴിച്ചുലച്ച് പ്രകടിപ്പിക്കുന്ന അമ്മയുടെ അപ്പോഴത്തെ ഭാവമാറ്റം കഠിനമായ ഭൂതകാല നൊമ്പരത്തിന്റെ സൃഷ്‌ടിയാണെന്ന് ഇപ്പോൾ ഞങ്ങൾ മക്കൾക്ക് മനസ്സിലാകും. ആ ഭൂതകാല ദിനങ്ങളിൽ അച്‌ഛന്റെ ചുരുട്ടിയ ബലിഷ്‌ഠകരങ്ങളിൽനിന്ന് രക്ഷപ്പെടാനോടുമ്പോൾ “മ്പേ…മ്പേ…” എന്ന് അഴിക്കൂട്ടിൽ കിടന്ന് നിലവിളിച്ചു കലമ്പൽ കൂട്ടുന്ന ഒരു കുറുമ്പിയാടും അന്ന് അമ്മയ്‌ക്കുണ്ടായിരുന്നു.
ഈ വീടിന് ഞങ്ങളുടെ കഴിഞ്ഞകാല കഥകളൊന്നും അറിയില്ല. കടം കയറി മുങ്ങുമെന്നാകുമ്പോൾ അച്‌ഛൻ വീട് വില്‌ക്കുകയായിരുന്നു പതിവ്. അപ്രകാരം മൂന്നുവീടുകളിൽ താമസിച്ചിട്ടാണ് ഇവിടെ, ഈ വീട്ടിൽ എത്തിയിട്ടുളളത്. ഗ്രാമത്തിലുളള തന്റെ തറവാട് വിറ്റുകിട്ടിയ വിഹിതം ചേർത്തിട്ടാണ് ഈ വീട് വാങ്ങിയതെന്ന് അമ്മയും, അല്ലേയല്ല, സർവ്വം താൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടുണ്ടാക്കിയതാണ് എന്ന് അച്‌ഛനും ഒരിക്കലും അവസാനിക്കാത്തവിധം തർക്കിച്ചുകൊണ്ടിരിക്കുമായിരുന്നു.
അച്‌ഛൻ ഇറങ്ങിപ്പോയതിൽ അമ്മ ദുഃഖിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ ഞാൻ ഭയപ്പെടുന്നു. വിവരം കേട്ടറിഞ്ഞു വരാറുളള ബന്ധുക്കളെ അടുത്തിരുത്തി അച്‌ഛനെ കുറിച്ച് പറയുമ്പോൾ അമ്മയ്‌ക്ക് വിരഹിണിയുടേതിനു പകരം ഒരു വിധവയുടെ ദയനീയഭാവവും പാരവശ്യവുമല്ലേ കൂടുതലായുളളത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അമ്മ ഒരു വിധവയായി പരിഗണിക്കപ്പെടാൻ ഉളളിന്റെയുളളിൽ ആഗ്രഹിക്കുന്നുണ്ടോ, എന്തോ. അമ്മയുടെ ഹൃദയാന്തരാളത്തിലെ ചതുപ്പിൽ എവിടെയോ പൂഴ്‌ന്നുകിടക്കുന്ന രഹസ്യമാവണം, അത്.
മൂന്നുമാസം കഴിഞ്ഞൊരിക്കൽ അച്‌ഛനെക്കുറിച്ചുളള നഷ്‌ടചിന്തകളുണർത്തിയ പെരുമഴ വീണു. ഇത്തരം അടച്ചുപെയ്യുന്ന ചില മഴനേരങ്ങളിൽ അച്‌ഛൻ ഒരു കുട്ടിയായി മാറുന്നത് അപൂർവ്വമായെങ്കിലും കണ്ടിട്ടുണ്ട്. കൈപ്പടങ്ങൾ പിണച്ച് ഒരു മാളംപോലെയാക്കി നടുവിരലുകൾ അകത്തിട്ട് ഞണ്ടുപോലെ ഇളക്കി പാട്ടുപാടി കുട്ടികളെ രസിപ്പിക്കുമായിരുന്നു, “കല്ലിന്റിടുക്കിലെ ഞണ്ടേ, കല്ല്യാണത്തിന് പോണ്ടേ? പിന്നെ പോണ്ടേ…! കല്ലും മിന്നും വേണ്ടേ? പിന്നെ വേണ്ടേ…! മിന്നും താലീം…”
ഓ, അച്‌ഛൻ ഉണ്ടായിരുന്നെങ്കിൽ…
പുത്തൻ കൂട്ടുകെട്ടുകളിൽ കുടുങ്ങി പുതിയ ശീലങ്ങൾ സ്വായത്തമാക്കിയ ചന്ദ്രേട്ടൻ സമയബോധം നഷ്‌ടപ്പെട്ട് ഇടറുന്ന കാൽവയ്‌പുകളോടെ വീട്ടിലേക്ക് കയറിവരാൻ തുടങ്ങി. ഏട്ടത്തിയമ്മ കുട്ടികളെ അണച്ചുപിടിച്ചുകൊണ്ട് വിധിയെ പഴിച്ചു പൊട്ടിക്കരഞ്ഞുഃ കുട്ടികളെ, മുത്തച്ഛൻ ഉണ്ടായിരുന്നെങ്കിൽ…!
ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ഞങ്ങൾ ആത്മാർത്ഥമായും അച്‌ഛന്റെ സാന്നിദ്ധ്യം കൊതിച്ചുപോയി. ഓരോ വിഷമഘട്ടങ്ങൾ ഉരുണ്ടുകൂടി വരുമ്പോഴും അച്‌ഛനുണ്ടായിരുന്നുവെങ്കിൽ എപ്രകാരമായിരിക്കും ഇത് കൈകാര്യം ചെയ്യുക എന്ന് പലവട്ടം ഓർത്തുനോക്കും.
അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായി ഒരു ഉച്ചനേരത്ത് വലിയമ്മാവൻ വന്നു. വന്നപാടെ കാലൻകുട ഉത്തരത്തിൽ തൂക്കിയിട്ട് അച്‌ഛന്റെ ചാരുകസേരയിൽ കണ്ണടച്ചു കിടന്നുകൊണ്ട് അമ്മയെ വിളിച്ചു. “ദേവയാനീ…” ഞങ്ങളെല്ലാം ഉത്‌കണ്‌ഠയോടെ കസേരയ്‌ക്കു ചുറ്റും കൂടിനിന്നു.
“ഒരു വിശേഷമുണ്ട്..
അങ്ങനെ വലിയമ്മാവൻ ആ വിശേഷം പറഞ്ഞു. മംഗലാപുരത്തുനിന്ന് തലശ്ശേരിയിലേക്ക് ഫാസ്‌റ്റ് പാസഞ്ചറിൽ വരികയായിരുന്ന ബോംബെയിലെ ചേരിക്കച്ചവടക്കാരൻ മമ്മൂട്ടി അച്‌ഛനെ കണ്ടത്രെ. പഴയങ്ങാടിയിലുളള ഒരു ഉൾനാടൻ പാതയിലുളള പലചരക്ക് കടയുടെ പുറത്തിട്ട ബെഞ്ചിൻമേൽ ഒരു കാൽ കയറ്റിവെച്ചുകൊണ്ട് തമാശ പറയുന്നത് കണ്ടുവത്രെ. അച്‌ഛനെ കാണാതായ വിവരമൊന്നും അറിയില്ലാത്തതുകൊണ്ട് മമ്മൂട്ടി ബസ്സ് നിർത്തിക്കാനും പോയില്ല.
അന്വേഷിച്ചു ചെന്നെങ്കിലും അച്‌ഛൻ അവിടെനിന്നും പൊയ്‌ക്കഴിഞ്ഞിരുന്നു.
അതിൽപ്പിന്നെ അച്‌ഛനെ പലേടത്തുവച്ചും കണ്ടുമുട്ടിയ വർത്തമാനങ്ങൾ പലപ്പോഴായി ഞങ്ങളെ തേടിയെത്തി. അച്‌ഛൻ ഞങ്ങളെ ഒരു വിഷമവൃത്തത്തിനുളളിൽ തളച്ചിട്ടുകൊണ്ട് ചുറ്റും തീയായി പടർന്നുകേറി.
അങ്ങനെയിരിക്കെ, ഒരുദിവസം പുലർച്ചെ അച്‌ഛൻ ഒരു നിഴൽപോലെ പടികയറി വന്നു.
അച്‌ഛന്റെ കയ്യിൽ കറുത്ത പെയ്‌ന്റടിച്ച തീരെ ചെറിയൊരു തകരപ്പെട്ടിയുമുണ്ടായിരുന്നു. (ഏതോ പൂർവ്വകാലത്ത് മാത്രം ഉപയോഗിക്കുന്നതായി കേട്ടിട്ടുളള തരം ഒരു പെട്ടി). ആദ്യം ഞങ്ങൾ ശരിക്കും അമ്പരന്നു. അതുകഴിഞ്ഞ്, അച്‌ഛനെ തിരികെ കിട്ടിയതിൽ ഞങ്ങളോരോരുത്തരും പരസ്‌പരം കണ്ണുകളിൽ നോക്കി ആശ്വസിക്കാൻ തുടങ്ങി. അച്‌ഛൻ ഒരു അപരിചിതനെപോലെ സങ്കോചത്തോടെ മുറിയിൽ കടന്ന് അലമാരിയിലും മേശയ്‌ക്കുളളിലും എന്തൊക്കെയോ പരതുന്നത് കണ്ടു. അച്‌ഛന്റെ അടുത്തു ചെല്ലാനാവാത്തവണ്ണം അപരിചിതമായ ഒരുതരം സങ്കോചം എന്നെ ബാധിച്ചു. കോലായിലെ ചാരുകസേരയിൽ കുറേനേരം ഇരുന്നു. എവിടെയായിരുന്നു ഇത്രേം ദിവസം?-എന്ന അമ്മയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‌കാതെ മറ്റെന്തൊക്കെയോ ചെയ്യുന്നതുപോലെ തിരക്കഭിനയിക്കുകയായിരുന്നു. മുറി സ്വന്തം ലോകമാക്കിക്കൊണ്ട് വൈകുന്നേരംവരെ ബീഡിപ്പുകയ്‌ക്കുളളിൽ കഴിച്ചുകൂട്ടിയ അച്‌ഛൻ വൈകുന്നേരമായപ്പോൾ പെട്ടിയും തൂക്കി പടിയിറങ്ങിപ്പോയി.
ആ ആഘാതം അപ്രതീക്ഷിതമായിരുന്നു. വീട്ടിലാകെ ംലാനതയുടെ വർഷകാലത്തിലമാലകൾ ഇരച്ചുകയറി.
അച്‌ഛന്റെ ഓരോ ചലനവും അമ്മ അടുക്കളയിലും അകത്തളത്തെ വാതിൽമറവുകളിലും പതുങ്ങിനിന്നുകൊണ്ട് ഉത്‌കണ്‌ഠയോടെ ചെവിയോർക്കുകയുണ്ടായി. ചേട്ടത്തിയമ്മ മാത്രം കുഞ്ഞിനേയും ഒക്കത്തുവച്ച് മുറിയിൽ കയറി അച്‌ഛനോട് കരഞ്ഞും പിഴിഞ്ഞും എന്തൊക്കെയോ പറയുന്നത് കേട്ടു. അമ്മ ചായയുണ്ടാക്കി കൊണ്ടുചെന്ന് കൊടുത്തെങ്കിലും അച്‌ഛൻ ഇറങ്ങിപ്പോയതിനുശേഷം മുറിയിൽ കടന്നുനോക്കിയപ്പോൾ കോപ്പയിലെ ചായയിൽ അഞ്ച് ഈച്ചകൾ ചത്തുമലച്ചു കിടക്കുന്നത് കണ്ടു. വയറ്റിന് അത്ര സുഖംപോരാ എന്നുപറഞ്ഞ് ഊണും കഴിക്കുകയുണ്ടായില്ല.
അങ്ങനെ അച്‌ഛൻ പോയി. ”എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞുപോകൂ, എവിടേക്കാണച്ഛാ പോകുന്നത്?“ എന്നിങ്ങനെ ശബ്‌ദമില്ലാത്ത അനവധി ചോദ്യങ്ങൾ ഞാൻ കരുതിവച്ചിട്ടുണ്ടായിരുന്നു. അതിൽ ഒന്നുപോലും അദ്ദേഹം ഇവിടെയുളളപ്പോൾ നേരിട്ട് ചോദിക്കാൻ ധൈര്യമുണ്ടായിരുന്നില്ല.
അതിനുശേഷം അച്‌ഛൻ പലതവണ, പലവർഷങ്ങൾ വരികയും രാത്രി ഉറങ്ങിയോ ഉറങ്ങാതെയോ തിരിച്ചുപോകുകയും ചെയ്‌തു. അപ്പോഴെല്ലാം ശോഷിച്ച വലതുകൈയിൽ കറുത്ത ആ തകരപ്പെട്ടിയും ഉണ്ടായിരിക്കും. വരുമ്പോൾ ഏട്ടന്റെ ചെരിപ്പ് മുറ്റത്തുനിന്ന് അകത്തെടുത്തുവയ്‌ക്കാനും പോകുമ്പോൾ വേലിക്കടമ്പ ചേർത്തടയ്‌ക്കാനും ഒരിക്കൽപോലും മറന്നിരുന്നില്ല.
ഒരുദിവസം അങ്ങാടിയിലെ ഒരു ചുമട്ടുകാരനുമായാണ് അച്‌ഛൻ വന്നത്. ചാരുകസേരയും തലയിൽ കയറ്റിവച്ചുകൊടുത്ത് അയാൾക്കൊപ്പം അച്‌ഛനും പടിയിറങ്ങിപ്പോയി. മറ്റൊരിക്കൽ ചുവരിൽ ആണി തറപ്പിച്ചുറപ്പിച്ച, അച്‌ഛൻ മാത്രം ഉപയോഗിക്കുന്ന അലമാര. വേറൊരിക്കൽ ഒരിക്കലും മുടങ്ങിക്കിടന്നു കണ്ടിട്ടില്ലാത്ത പുരാതനമായ ആ ടേബിൾഫാൻ. (എല്ലാം തുച്ഛമായ വിലയ്‌ക്കാണ് വില്‌ക്കുന്നത് എന്ന് പിന്നീടറിയാൻ കഴിഞ്ഞു.)
എല്ലാ കെട്ടുപാടുകളും വിറ്റൊഴിക്കുകയാണോ? എന്നിട്ടെന്താണ് അച്‌ഛൻ ഉദ്ദേശിക്കുന്നത്? എനിക്കറിയില്ല. ഞങ്ങൾക്കാർക്കും അറിയില്ല.
ആരും അധികം ആലോചിക്കാൻ മിനക്കെടാതെ അവരവരുടേതായ കൃത്യാന്തരങ്ങളിൽ മുഴുകി. ജീവിതം അങ്ങനെയൊക്കെയാണല്ലോ. അച്‌ഛൻ വരികയും പോകുകയും ചെയ്യുന്നത് പതിവ് സംഭവമായി. അമ്മ ഉഴിച്ചിൽക്കാരി പാറുവമ്മയെ ആളയച്ചു വരുത്തി മേലും പുറവും കുഴമ്പ് തേച്ചുഴിയിക്കാൻ തുടങ്ങി. കുറേക്കാലത്തിനുശേഷം, കാലം വിസ്‌മൃതിയിൽ മൂടിക്കളഞ്ഞ ഏതോ വജ്രം, ഏതൊക്കെയോ നഗ്‌നസത്യങ്ങൾ, തേച്ചുരച്ചിട്ട് ആർക്കൊക്കെയോ വീണ്ടും കാണിച്ചു കൊടുക്കാനുളളതുപോലെ.
Generated from archived content: story_oct5_05.html Author: sa_qudsi
Click this button or press Ctrl+G to toggle between Malayalam and English