നേരിയ മഞ്ഞിന്റെ പുതപ്പിനുളളിൽനിന്ന് നഗരം പടിപടിയായി ഉണരുന്നതും, പ്രഭാതമുണർത്തിയ കിളിക്കൂട്ടങ്ങൾ കൂടുകൾ വിട്ട് കൂട്ടപ്രാർത്ഥനകളോടെ വിളറിയ ആകാശവിതാനത്തിലേക്ക് ശരംകണക്കെ ഉയർന്നു പറക്കുന്നതും, അന്തരീക്ഷത്തിന്റെ അപ്പോഴത്തെ മാസ്‌മരികാനുഭൂതി നല്‌കുന്ന അവ്യക്തതയും…
ഇല്ല, ഈ മാതിരി മോഹനദൃശ്യങ്ങളിലൊന്നും തന്നെ ആകൃഷ്‌ടനാകാൻ കഴിയാതെ ഞാൻ ഇന്ന് നിരാലംബയായ ഒരു പാവം കിളിയുടെ നിശ്ശബ്‌ദമായ മരണം വിരക്തനായി കണ്ടുകൊണ്ടിരിക്കുകയാണ്.
മകളുടെ കൈക്കുമ്പിളിനുളളിൽ കിടന്നാണ് ആ ജീവൻ ഊർദ്ധശ്വാസം വലിക്കുന്നത്. മകളുടെ ചുണ്ടുകൾ വിറയ്‌ക്കുകയും എന്റെ കൈകൾക്കുളളിൽ കിടന്നാണല്ലോ കിളി മരിക്കുന്നത്, എന്ന് പേർത്തും പേർത്തും പറഞ്ഞുകൊണ്ട് സങ്കടപ്പെടുകയും ചെയ്യുന്നുണ്ട്.
പൂക്കൾ ചിതറിക്കിടക്കുന്ന നടപ്പാതയിൽ അവിചാരിതമായി വിധിയുടെ ഏതോ നിർദ്ദയഹസ്‌തങ്ങൾ തല്ലിക്കൊഴിച്ചിട്ട മറ്റൊരു പുഷ്‌പമായി ചതഞ്ഞുകിടക്കുന്ന കിളിയെ ഞാൻ എടുത്തുകൊണ്ടു പോരികയാണുണ്ടായത്. ചിറകുകൾ ഒതുക്കിവയ്‌ക്കാനാവാതെ തൂങ്ങിക്കിടക്കുകയും കാലുകൾ വേണ്ടവിധം പ്രവർത്തിക്കാതെ ശരീരം വശങ്ങളിലേക്ക് ചെരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ കീഴ്‌ഭാഗത്തെ ചോര കിനിയുന്ന വലിയൊരു മുറിവ് എനിക്ക് കാട്ടിത്തന്നത് മകളാണ്. അയ്യല്ലോ! കഷ്‌ടം! അതുവരെ ചിറകിന് പറ്റിയ വെറുമൊരു ക്ഷതമായിരിക്കാം എന്നാണ് ഞാൻ കരുതിപ്പോന്നിരുന്നത്. അവിടം രക്തംകെട്ടി ചതുപ്പുനിലംപോലെ കിടന്നിരുന്നു.
മൂന്നുദിവസമായി ഞങ്ങൾ നല്‌കിക്കൊണ്ടിരുന്ന അരിമണികൾ തിന്നാൻ കൂട്ടാക്കിയില്ല; വെളളം സ്വയം കുടിക്കാൻ ശ്രമിച്ചില്ല. ഏതുനേരവും ബാൽക്കണിയിൽ കിടന്നേടത്ത് കിടന്ന് കാലത്തിന്റെ കേടുവന്ന ഘടികാരസൂചികണക്കെ ആ കൊച്ചുകിളി വട്ടം കറങ്ങിക്കൊണ്ടിരിക്കുക മാത്രം ചെയ്‌തു. അതോടൊപ്പം അവിടെ കിടന്നുകൊണ്ടുതന്നെ മേഘരഹിതമായ, അപാരശൂന്യമായ ആകാശം നോക്കിക്കൊണ്ടിരിക്കുകയും ചെയ്‌തു. ഇമയനക്കാതെ, നിർവികാരമായി…വൃണത്തിൽ നിന്ന് ചോരയും ചലവും കിനിയുകയും, ആ ചോരയും ചലവും കടിച്ചുപറിച്ചു തിന്നാൻ ഉറുമ്പും ഈച്ചകളും മത്സരിക്കുകയും ചെയ്‌തു.
ആ മൂന്നു ദിവസവും ഒരു ശബ്‌ദവും ആ കൊച്ചുകിളി പുറപ്പെടുവിച്ചില്ല. വേദനയുടെ, കോപത്തിന്റെ, പ്രതിഷേധത്തിന്റെ-അങ്ങനെ നോവറിയിക്കുന്ന എന്തെങ്കിലും ഒരൊച്ച…ഇല്ല; ഉണ്ടായില്ല.
ഓ എന്റെ കിളിയേ, ഈ വേദനകളൊക്കെ അനുഭവിച്ചിട്ടും, ഈ യാതനകളിലാറാടി നരകിച്ചിട്ടും നീയൊരു ചെറുശബ്‌ദം പോലും പുറപ്പെടുവിക്കുന്നില്ലല്ലോ. ഞാൻ വേദനിച്ചു.
നിന്നെ എനിക്ക് വഴിയോരത്തുനിന്ന് കിട്ടി. സ്വമേധയാ ഞാൻ നിന്നെ കോരിയെടുത്തു കൊണ്ടുവന്ന് വീട്ടിൽ എന്റെ അതിഥിയാക്കി പാർപ്പിച്ചു. പറക്കാൻ ത്രാണി കിട്ടിക്കഴിഞ്ഞാൽ ഒരോർമപോലും കൊത്തിയെടുത്തു കൊണ്ടുപോകാതെ, ഓർമപ്പിശക് വന്നിട്ടായാലും ഒന്ന് തിരിഞ്ഞുപോലും നോക്കാൻ മിനക്കെടാതെ, അനന്തമായ വിഹായസ്സിലേക്ക് ഒരു കൊളളിയാൻപോലെ നീ പറന്നുപോകും. ഈ ബാൽക്കണിയും, മകൾ പുതച്ചുതന്ന ആ വിരിപ്പും, അരിമണിയിട്ടു തന്ന പരന്ന ആ കൊച്ചു സ്‌ഫടികപ്പാത്രവും, നിന്റെ മുറിവുകൾ കഴുകിയുണക്കിത്തരാൻ ഞങ്ങൾ ചിലവഴിച്ച ഏകാഗ്രനിമിഷങ്ങളും നീ ഒരിക്കൽപോലും ഓർമ്മിക്കാനിടയില്ല. ചുണ്ടുകൾ പിളർത്തി ജലത്തുളളികൾ പതുക്കെ ഇറ്റിച്ചു കൊടുക്കുമ്പോൾ ഞാൻ ചിന്തിച്ചു.
മകളുടെ അപരാധബോധം നിമിഷം ചെല്ലുന്തോറും വളർന്നുവരുന്നത് കണ്ടപ്പോൾ അന്ത്യശ്വാസം വലിക്കുന്ന ആ കിളിയെ ഞാൻ ഏറ്റുവാങ്ങി.
എന്റെ ബലിഷ്‌ഠമായ കൈക്കുമ്പിളിൽ കിടന്നുകൊണ്ട് ആരോടോ എന്തൊക്കെയോ ഒസ്യത്ത് പറയാനുളളതുപോലെ കിളി ചുണ്ടുകൾ വിടർത്തി. ചുണ്ടുകൾക്കുളളിൽ ഇളംചുവപ്പ് നാവ് താഴോട്ടും മേലോട്ടും ജപിക്കുന്നതുപോലെ ഇളകിക്കൊണ്ടിരുന്നു. മരണം ഉറപ്പായിക്കഴിഞ്ഞു. എനിക്ക് മനസ്സിലായി. ഈ അന്ത്യനിമിഷങ്ങളിൽ എന്താവാം നീ ചിന്തിക്കുന്നത്? മരക്കൊമ്പിലെ കൂട്ടിന്റെ വാതില്‌ക്കൽ തലനീട്ടി നിന്നേയും നിന്റെ വായിലെ ധാന്യമണികളെയും പ്രതീക്ഷിച്ച് ദൂരേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്ന കുഞ്ഞുങ്ങളെ ഓർത്തായിരിക്കുമോ? അവരെയും കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ചായിരിക്കുമോ? ചെല്ലേണ്ട നേരം കഴിഞ്ഞിട്ടും കാണാതെ വിഷണ്ണനായിരിക്കുന്ന ഇണയെക്കുറിച്ചാകുമോ..?
നിന്റെ സുരക്ഷിതത്വങ്ങളത്രയും ഞാനെന്ന അജ്‌ഞ്ഞാതനെ ഏല്പിച്ചുകൊണ്ടാണ് എന്റെ കൈക്കുമ്പിൾ മരണശയ്യയാക്കിയിട്ട് നീ കിടക്കുന്നത്. അല്പമെങ്കിലും ത്രാണിയുണ്ടായിരുന്നെങ്കിൽ നീ ഈ വിധം കിടക്കുകയില്ലായിരുന്നു. ജീവൻ വിലപ്പെട്ടതാണെന്ന് വിശ്വസിച്ചതു കൊണ്ടാണ്, കാരുണ്യശകലം അവശേഷിച്ചതുകൊണ്ടാണ് അശരണവും അപകടങ്ങൾ പതിയിരിക്കുന്നതുമായ വഴിയോരത്തുനിന്ന് ഞാൻ നിന്നെ എടുത്തുകൊണ്ടു വന്നത്… എനിക്ക് നിന്റെ പേരറിയില്ല. പക്ഷിവർഗ്ഗം എന്നല്ലാതെ ജാതി ഏതാണെന്ന് അറിയില്ല. നിനക്ക് എന്റേയും പേരോ ജാതിയോ അറിയില്ല. ഒരു പേരുപോലുമില്ലാത്ത നീ ഒരു വാക്കുപോലും ഞങ്ങൾക്കുവേണ്ടി ബാക്കിവയ്‌ക്കാതെ ഈ ലോകത്തിൽനിന്ന് എന്നെന്നേക്കുമായി വിടചൊല്ലുകയാണ്…
എന്റെ ശിരസ്സ് കുനിഞ്ഞുപോകുന്നു.
എന്നാലും കിളിയെ, ഒരുകണക്കിന് ഭാഗ്യവതിയല്ലേ, നീ?
അപരിചിതനാണെങ്കിലും ഒരാളുടെ സ്‌നേഹവാത്സല്യ സാമീപ്യമേറ്റ് ശാന്തമായി, ഭദ്രമായി മരിക്കുവാൻ നിനക്ക് വിധിയുണ്ടായി. പാവം എന്റെ സഹോദരിമാർ, പിഞ്ചുകുഞ്ഞുങ്ങൾ, വൃദ്ധജനങ്ങൾ…. നിരപരാധികൾ…പേരും വിലാസവും എല്ലാമറിയാവുന്ന നിഷ്‌ഠൂരൻമാരായ നരാധമൻമാരുടെ കൈകളാൽ…തല്ലിക്കൊഴിഞ്ഞു വീണ്…ആൾക്കൂട്ടമധ്യത്തിൽ മാനം നഷ്‌ടപ്പെട്ട്…ഗർഭവയർ കോടാലിയാൽ വെട്ടിപ്പൊളിഞ്ഞ്….
കിളിയ്‌ക്കപ്പുറമുളള പൂങ്കാവനത്തിലെ ഏതോ പീച്ചാംകുഴലുകളിൽനിന്ന് കൂട്ടമരണത്തിന്റെ വിഷവാതകം ചീറ്റി. ആർത്തനാദങ്ങൾ. അസ്‌ഥികൾ, കബന്ധങ്ങൾ പൊട്ടിത്തെറിക്കുന്നു. ആയിരക്കണക്കിന് നിരപരാധികളുടെ, കുട്ടികളുടെ, വൃദ്ധജനങ്ങളുടെ, ഛേദിക്കപ്പെട്ട തലകളും കൈകാലുകളുമാണ് മണ്ണിൽ പുതഞ്ഞ് മൈതാനത്തിൽ തലങ്ങും വിലങ്ങും കിടക്കുന്നത്…
കിളിയുടെ നാവ് വല്ലാതെ തളർന്നിരിക്കുന്നു. എന്താണ്, എന്താണ് ഞാൻ ചെയ്‌ത തെറ്റ്? ഒരു പ്രഭാതംകൊണ്ട് ഞങ്ങൾ അറവുപക്ഷികളായി മാറിയത് എന്തുകൊണ്ട്?
-കിളി എന്നോട് ചോദിക്കുന്നതുപോലെ.
ഹൊ! മനുഷ്യൻ എത്ര ക്രൂരമായ നാമം!
ഓർമ്മകളുടെ കുപ്പിച്ചില്ലുകളേറ്റ് എന്റെ ഹൃദയം കീറിമുറിഞ്ഞു. എന്റെ ഹൃദയനൊമ്പരത്തിന്റെ തീക്കാറ്റേറ്റിട്ടെന്നോണം കിളിയുടെ ജീവൻ എപ്പഴോ കരിഞ്ഞുപോയിരുന്നു. ചുണ്ടുകൾ ജപിക്കുന്നില്ല. കൺപോളകൾ ഇളകുന്നില്ല.
Generated from archived content: story_mar10.html Author: sa_qudsi