സമയമാം രഥം

തൂങ്ങിക്കിടക്കുന്ന ആ കുരുക്ക്‌ നോക്കി അന്ധകാരത്തിൽ അയാളിങ്ങനെ മന്ത്രിച്ചു.

“അല്ലയോ പാശമേ, നീയെന്നെ പുൽക. ജീവിതയാത്രയിൽ ഞാൻ വഴി മുട്ടിപ്പോയി. എന്റെനേരെ നീളുന്ന സമസ്യകൾക്കൊന്നും എനിക്കുത്തരം പറയാൻ കഴിയുന്നില്ല… മതിയായി. നീയെന്നെ പുണർന്നാലും.”

മേൽക്കൂരയിൽനിന്ന്‌ ഊർന്നുവീഴുന്ന കുരുക്ക്‌ ഇരുട്ടിൽ തിളങ്ങി. ഏതോ ഗൃഹത്തിൽ നിന്നെന്നപോലെ വരുന്ന നിത്യരോഗിയായ ഭാര്യയുടെ ഞരക്കം, വിവാഹപ്രായം കഴിഞ്ഞ പെൺമക്കളുടെ നെടുവീർപ്പുകൾ, മദ്യപാനിയായ മകന്റെ പിച്ചുംപേയും അയാളെ തളർത്തി. പതച്ചുയരുന്ന നെഞ്ചകം അമർത്തിപ്പിടിച്ചു കണ്ണടച്ചുകൊണ്ട്‌ അയാളൊരു നിശ്വാസമയച്ചുഃ

….ജീവിതത്തിന്റെ മുൾപാതയിൽ എന്നും കൂട്ടായി നിന്നവളേ വിട. ഹൃദയത്തിൽ പിച്ചവച്ച നാളിന്റെ മധുരിക്കുന്ന ഓർമ്മകൾ നല്‌കുന്ന പൊന്നുമക്കളേ, വിട. ജീവിക്കാനവസരം തന്ന ഈ ലോകമേ വിട… വിട…

ആ നേരം എവിടെനിന്നോ ഒരു ഫക്കീർ ആ മുറിയിൽ പ്രവേശിച്ചു. മഞ്ഞു താഴ്‌വരപോലെ നീണ്ടുകിടന്ന വെളളത്താടി തടവിക്കൊണ്ട്‌ ഫക്കീർ അന്വേഷിച്ചുഃ മകനേ, നീയെന്താണ്‌ ഈ ചെയ്യുന്നത്‌? ഒന്നും പറയാൻ ശേഷിയില്ലാതെ അയാൾ തലകുനിച്ചുനിന്നു.

അയാളുടെ പിഞ്ഞിയ കുപ്പായത്തിനുമേൽ ഒരു പുതപ്പിട്ടുകൊടുത്ത ശേഷം ഫക്കീർ ക്ഷണിച്ചുഃ എന്റെ കൂടെ വരിക.

അന്വേഷണത്തിന്റെ നേത്രങ്ങളുമായി നില്‌ക്കുന്ന ഫക്കീറിന്റെ കാൽക്കൽ വീണ്‌ അയാൾ വിതുമ്പിഃ ഒരു പെരുന്നാൾ പൂത്തിരി കത്തിക്കാനാവാത്ത, ഒരു സദ്യ ഊട്ടാനാവാത്ത, ഒരു ക്രിസ്‌തുമസ്‌ നക്ഷത്രം തൂക്കാനാവാത്ത, ഈ സാധു എന്തിന്‌ ജീവിക്കുന്നു..?

“ധൈര്യമായിരിക്കൂ..” അയാളെയുംകൂട്ടി കടംവന്ന്‌ അന്യാധീനപ്പെട്ടുപോയ കുടിലിന്റെ മുറ്റത്തിറങ്ങിയ ഫക്കീർ നിലാവിൽ കുളിച്ചുകിടക്കുന്ന പാത ചൂണ്ടികാട്ടി. “മകനേ, നടന്നുകൊൾക. നിന്റെ ദാരിദ്ര്യം അവസാനിക്കാൻ പോകുന്നു… നടന്നുതീർക്കുന്ന വഴികളൊക്കെ നിന്റേതായി തീരും… പക്ഷെ സൂര്യാസ്‌തമയത്തിനു മുൻപ്‌ തിരിച്ചുവരാൻ ഒരിയ്‌ക്കലും, ഒരിയ്‌ക്കലും മറക്കരുത്‌. നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിൽ നീയുണ്ടാവരുത്‌.”

അയാൾ നടന്നു. പാദങ്ങൾ തളളിമാറ്റുന്ന ഓരോ അടി മണ്ണും തന്റെ സ്വന്തമായി തീരുകയാണെന്ന ഉൾപുളകമനുഭവിച്ചുകൊണ്ട്‌ അയാൾ നടന്നു. വേഗത്തിൽ നടക്കുന്തോറും കൂടുതൽ വേഗത്തിൽ ഓടണമെന്ന്‌ തോന്നി. സ്വന്തമായിക്കഴിഞ്ഞ വഴിത്താരകൾ ഇടയ്‌ക്കിടെ തിരിഞ്ഞുനോക്കി ആർത്തുചിരിച്ചുകൊണ്ട്‌ അയാളോടി…

മുമ്പിൽ അനന്തവിസ്‌തൃതമായി നീണ്ടുപരന്നു കിടക്കുന്ന ഭൂഭാഗം തട്ടിച്ചുനോക്കുമ്പോൾ പിന്നിട്ട വഴികളെത്ര നിസ്സാരം. അയാൾക്ക്‌ എന്തെന്നില്ലാത്ത നിരാശതോന്നി, കോപവും. അയാളുടെ അസ്വസ്‌ഥനേത്രങ്ങൾ ഫക്കീറിനെ തിരഞ്ഞു.

ഫക്കീർ അയാൾക്ക്‌ ഒരു രഥംനല്‌കി. നാല്‌കുതിരകളെ പൂട്ടിയ രഥത്തിൽ ചാടിക്കയറിയ അയാൾ കടിഞ്ഞാൺ ആഞ്ഞുവലിച്ചശേഷം ചാട്ട വീശി. കുതിരകൾ സീൽക്കാരമിട്ടു ആകാശത്തേക്കു കുതിച്ചു. മലകൾ, കുന്നുകൾ, നദികൾ, ജലച്ചിത്രങ്ങൾ കണക്കെ പിന്നോട്ട്‌ പാഞ്ഞു. ഇതെന്റെ സ്വന്തം… അയാൾ അട്ടഹസിച്ചു.

ചാട്ടവാർ അന്തരീക്ഷത്തിൽ പുളഞ്ഞു. കുതിരകളുടെ മൂക്കിൽനിന്ന്‌ ചോരകിനിഞ്ഞു. പറന്നകന്നുപോകുന്ന രാജവീഥികൾക്കു നേരെ അയാൾ പ്രവാചകനെപോലെ കൈകൾ ഉയർത്തിനിന്നു. ഇതെന്റെ സ്വന്തം, ഇതെന്റെ സ്വന്തം…

ഇരുട്ട്‌ പെരുമ്പാമ്പുകണക്കെ ഭൂമിയിലേക്കിറങ്ങി.

ഇപ്പോൾ വഴികൾ വ്യക്‌തമല്ല. ചക്രവാളത്തിൽ സൂര്യൻ… അയാൾ ഞെട്ടി.

രാത്രി വരുന്നു. ഇനിയെങ്ങനെയാണ്‌ തിരിച്ചുപോവുക?.. അയാളുടെ കൈയിൽ നിന്ന്‌ കടിഞ്ഞാൺ വിറച്ചൂർന്നു വീണു. ഫക്കീർ… അയാളുടെ കരയുന്ന കണ്ണുകൾ ഫക്കീറിനുവേണ്ടി പരതി. ലക്കുംലഗാനവുമില്ലാതോടുന്ന രഥത്തിൽ അയാൾ കുഴഞ്ഞുവീണു.

ചാളയുടെ പടിക്കൽ കമിഴ്‌ന്നടിച്ചു വീണ അയാൾ ആർത്തലച്ചുകരഞ്ഞുഃ “പാശമേ, നീയെന്നെ പുല്‌ക.”

Generated from archived content: samayamam.html Author: sa_qudsi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅനിശ്ചിതത്വസിദ്ധാന്തം – 3
Next articleസംഹാരം
1950-ൽ കോഴിക്കോട്‌ കൊയിലാണ്ടിയിൽ ജനിച്ചു. ചെറുകഥാകൃത്ത്‌, വിവർത്തകൻ. കല, ടി.കെ.ബാലൻ അനുസ്‌മരണ സമിതിയുടെ ‘നാവ്‌’ പുരസ്‌കാരം, കേരള സോഷ്യൽ സെന്റർ മാനവീയം-2000, യുവകലാസാഹിതി സംസ്ഥാനസമ്മേളനം എന്നീ സംസ്ഥാന അംഗീകാരങ്ങൾ വിവിധ ചെറുകഥകൾക്ക്‌ ലഭിച്ചു. ഏഷ്യാനെറ്റ്‌-അറ്റ്‌ലസ്‌ സാഹിത്യഅവാർഡ്‌, അറേബ്യ അക്ഷരശ്രീ തുടങ്ങിയ ഗൾഫ്‌ മേഖല പുരസ്‌കാരങ്ങളും ലഭിച്ചു. കൃതികൾഃ മൃത്യുരേഖ (ഏകാങ്കം), കുരുടൻ കൂമൻ, ആണുങ്ങൾ ഇല്ലാത്ത പെണ്ണുങ്ങൾ, ഇതാ ഒരു സാഹിത്യ ശില്‌പശാല (ഭാഷാന്തരം), അറേബ്യൻ നാടോടിക്കഥകൾ, ജിന്ന്‌ (പുനരാഖ്യാനം). 1979 മുതൽ അബൂദാബി ഇൻവെസ്‌റ്റ്‌മെന്റ്‌ അതോറിറ്റിയിൽ ഉദ്യോഗം. ഭാര്യഃ ശമീമ. മക്കൾഃ ശമ, ലുലു. വിലാസംഃ എസ്‌.എ. ഖുദ്‌സി, ‘ഗസൽ’ വില്ല, ചാലപ്പുറം പി.ഒ., കോഴിക്കോട്‌. Address: Post Code: 673002

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English