പെണ്ണുകെട്ടാത്തവർ താമസിക്കുന്ന
ഈ മുറിയിൽ
ഒരു പാവാട ഉരിഞ്ഞുവീണു.
അരക്കെട്ടിൽ വിരലുകളാർത്തി
വലിച്ചൂർത്തെടുത്തതല്ല.
ഇരുമ്പിന്റെ വഴി എന്നും പോകും
പീത്ത കണ്ടറിയാം.
കൂട്ടുകെട്ടുകളുടെ നാക്കുനീട്ടിക്കെട്ടിയ അയയിൽ
പഴയ പാവാടക്കാരികൾ വന്ന്
അന്ന് ഉണങ്ങാനിരുന്നു
അടുത്ത വീട്ടിലെ പെണ്ണിനിതേ നിറത്തിലൊരു
ബ്ലൗസുണ്ടെന്ന് പറഞ്ഞുപോയവൻ
വെറുതേ തിരിച്ചുവന്നു.
മുറിയുടെ ചെവിനിറച്ച് പാട്ടുപാടി
നാട്ടിലെ പെണ്ണുങ്ങളെ മുഴുവനുറക്കി
പെണ്ണുക്കെട്ടാത്തവർ താമസിക്കുന്ന
ഈ വീടുറങ്ങിപോയിട്ടും
അവളറിയാതെ
അയയിൽനിന്നും ഞാനെടുത്ത
പാവാട മാത്രം
ഉറങ്ങുന്നില്ല.
Generated from archived content: poem2_dec14_05.html Author: s_kalesh