പുതിയ കവിത തെറ്റായ നിർവ്വചനങ്ങൾ

ഒന്ന്‌

കവിത കേൾക്കാനും വായിക്കാനും പറ്റും. ചിലർക്ക്‌ കേട്ടു മനസ്സിലാക്കാനാണ്‌ ഇഷ്‌ടം. ചിത്രകാരനായ ഒരു സുഹൃത്തിന്‌ കവിത കേൾക്കുന്നത്‌ ഇഷ്‌ടമല്ല. വായിക്കാനാണ്‌ ഇഷ്‌ടം. ഇപ്പോഴത്തെ കവിതകൾ മിക്കവാറും ഗദ്യത്തിലാകയാൽ വായനയാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ പറയാം. കവിത ഉറക്കെ ചൊല്ലുകയോ ഈണത്തിൽ ചൊല്ലുകയോ ചെയ്യുന്ന ഏർപ്പാട്‌ ചുരുങ്ങിച്ചുരുങ്ങി വന്നിട്ടുണ്ട്‌. എന്റെ ചില കവിതകൾ ചൊല്ലാനോ പറയാനോ എനിക്ക്‌ തോന്നാറില്ല. പറയാൻ പറ്റാത്ത, പാടാൻ പറ്റാത്ത കാര്യങ്ങൾ എഴുതിക്കൊടുക്കുന്ന മട്ടിലാണ്‌ അത്തരം കവിതകൾ. പുതിയ കവിതകൾ ഗദ്യത്തിലാകയാൽ ചില സാധ്യതകൾ ഉണ്ട്‌. പദ്യത്തിൽ വെളിപ്പെടുത്താൻ പറ്റാതിരുന്ന ചില അനുഭവങ്ങൾ ഗദ്യത്തിൽ വെളിപ്പെടുത്താം.

ഗദ്യം പദ്യത്തെ അപേക്ഷിച്ച്‌ കെട്ടുപാടില്ലാത്തതാണ്‌. സുതാര്യമാണ്‌. നേരിട്ടുളളതാണ്‌. പുതിയ കവിതകൾക്ക്‌ ഉറക്കെ പാടാൻ പറ്റാത്ത, ഉറക്കെ പറയാൻപോലും പറ്റാത്ത ഒരു ചുറ്റുപാടുണ്ട്‌. തീർച്ചയായുമുണ്ട്‌. ഈണത്തിൽ ചൊല്ലുമ്പോൾ അവയുടെ ഗൗരവം പോകും. നാടകീയമായ അവതരണം ചിരിപ്പിക്കും.

എന്നാൽ എഴുത്തിനും വായനയ്‌ക്കും വെളിയിലാണ്‌ കൂടുതൽ ആളുകളും. അക്ഷരം പഠിച്ചാൽ മാത്രം പോര, കവിതാസാക്ഷരത കൂടിവേണം കവിത വായിക്കുവാൻ. ബുദ്ധിയുടെ പ്രകാശനം കൂടിയായ ഇപ്പോഴത്തെ പല കവിതകളും വായനാനുഭവം മാത്രമേ ആവശ്യപ്പെടുന്നുളളു. പുതിയ കവിതകൾ വായനക്കാരെ നേരിടുന്നുളളൂ. വേദിയിൽ കവിത ചൊല്ലുമ്പോൾ&വായിക്കുമ്പോൾ ചെറിയ കവിതകൾ ആണെങ്കിൽ പെട്ടെന്ന്‌ മനസ്സിലാകുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. പൊൻമാൻ മീൻ പിടിക്കുന്നതുപോലെ ഒരു പിടുത്തമാണത്‌. നല്ല ലാളിത്യവും മൂർത്തതയും ഉളള കവിതകളും ആളുകൾ ശ്രദ്ധിക്കും. പക്ഷേ ആഖ്യാനത്തിൽ സങ്കീർണ്ണമായ ബുദ്ധിപരത കൂടുതലുളള കവിതകൾ അവർ ഒറ്റകേൾവിക്ക്‌ എങ്ങനെ മനസ്സിലാക്കും? എനിക്ക്‌ ഉൾക്കൊളളുവാൻ പ്രയാസമാണ്‌.

അടുത്തൊരു കാലത്ത്‌ ഒരു സാഹിത്യ ക്യാമ്പിലുണ്ടായ അനുഭവം പറയാം. വട്ടത്തിലിരുന്ന്‌ ഓരോരുത്തരും കവിത ചൊല്ലി. ഓരോരുത്തരുടേയും കവിതകൾ ചൊല്ലിക്കഴിയുമ്പോൾ ആളുകൾ മേടിച്ച്‌ വായിക്കുന്നു. എന്നിട്ടാണ്‌ ഒരഭിപ്രായം പറയുക. ഇതിന്റെ അർത്ഥമെന്താണ്‌? കവിത എഴുത്തിൽ തുടങ്ങി എഴുത്തിലൂടെ കടന്ന്‌ വായനകളിൽ തുടരുന്ന ഒരു രൂപമായിക്കഴിഞ്ഞു.

ഇവിടെ മറ്റൊരു കാര്യം മറന്നുകൂടാ. കവിത കേൾവിയെ അപ്രധാനമാക്കിക്കൊണ്ടാണ്‌ ഇന്നത്തെ നിലയിൽ വന്നത്‌. മുമ്പുണ്ടായിരുന്ന ബഹളം പിടിച്ച കവിതകളെ തളളി മാറ്റിയാണ്‌ ഈ ചുറ്റുപാടുണ്ടായത്‌. അതുപോലെ ഇതു പുതിയ പരീക്ഷണങ്ങൾക്ക്‌ സാധ്യതയേകി. കവിത കവിതയായി, കുറിക്കുകൊളളുന്നതായി, ചെറിയ ആഖ്യാനമായി. ചെറിയ ഒരു തുടക്കമായി. കുറച്ചു വരികളിലൂടെ വലിയ കാഴ്‌ചകളിലേക്ക്‌ അത്‌ യാത്രപോയി. ചിത്രകല, സിനിമ, ഫോട്ടോഗ്രാഫി, ശില്‌പകല, വാസ്‌തുവിദ്യ ഇവയുടെ ആഖ്യാനത്തോട്‌ അത്‌ സാഹോദര്യം പുലർത്തി. അത്‌ കവിത എന്നു കരുതിയിരുന്നതെല്ലാം ഉപേക്ഷിച്ചു. പുതിയൊരു ജീവിയായി സസ്യമായി, പുതിയൊരാത്മാവും ശരീരവുമായി അലങ്കാരകല്‌പനകൾ അത്‌ മറ്റു സാഹിത്യവിഭാഗങ്ങൾക്ക്‌ കൊടുത്തു. പക്ഷേ വലിയൊരു നഷ്‌ടമുണ്ടായി. കവിതാ സാക്ഷരതയില്ലെന്നു പറയപ്പെടുന്നവർ കവിതയ്‌ക്കു പുറത്തായി പുറമ്പോക്കിലായി. ഭൗതിക ജീവിതത്തിലുളള അതേ അവസ്ഥ ആത്മീയ ജീവിതത്തിലും അവർ അനുഭവിച്ചു എന്നർത്ഥം. മുമ്പുമവർ പുറമ്പോക്കിലായിരുന്നു. കേൾവിയുടെ ഈ സാധ്യത അവർക്ക്‌ നിരസിച്ചിരുന്നില്ല. ഇപ്പോൾ അതും കൂടിയായി. അങ്ങനെ കവിത കൂടുതൽ വരേണ്യമായി. മുമ്പത്തെക്കാളെല്ലാം ഭദ്രമായ ഒരു വരേണ്യാടിത്തറ ഇതുമൂലമുണ്ടായി. മലയാളകവിതയെ വരേണ്യർ തന്ത്രപൂർവ്വം പിടിച്ചെടുത്ത ചരിത്രമാണ്‌ മലയാളകവിതാചരിത്രം. ആ പിടിച്ചെടുക്കൽ ഇപ്പോൾ ഏതാണ്ട്‌ പൂർണ്ണമായി.

അവനവന്റെ ദൗർബല്യം കവിതയിൽ ആരോപിച്ച്‌ കവിതയെ നിർവചിക്കുമ്പോഴാണ്‌ ഇത്തരം അവസ്ഥകൾ ഉണ്ടാകുക. കവിത ചൊല്ലാൻ ബുദ്ധിമുട്ടുളളവരുടെ സിദ്ധാന്തമാണ്‌ പലപ്പോഴും കവിതയിൽ കേൾവി നിരസിക്കപ്പെടാൻ കാരണമാകുന്നത്‌. ഇതുമൂലം ജനപ്രിയ കവികൾ പിൻവലിഞ്ഞു. നിശബ്‌ദരായി. ഒന്നോ രണ്ടോ പേർ മാത്രമായി ചുരുങ്ങി.

ഇവിടെ മറ്റൊരു വശംകൂടി കണക്കിലെടുക്കണം. കേൾവിയിൽകൂടി കൊളളുന്ന പല കവിതകളും പ്രത്യേകിച്ച്‌ സമീപകാല കവിതകൾ പലതും (മധുസൂദനൻ നായരുടെ കവിതകൾ ഉദാഹരിക്കാം) ഒരു നിലപാടില്ലാത്ത കവിതകളായി. അതുപോലെ അർത്ഥത്തിലേക്കുപോകാതെ ആസ്വാദനം ശബ്‌ദത്തിലൂന്നിപ്പോകുകയാണ്‌ ഭേദപ്പെട്ട കവിതകളിലും. ഇതെല്ലാം തളളിക്കളയാൻ പറ്റി എന്നതാണ്‌ പുതിയ കവിതകളുടെ നേട്ടം. വാക്കിനെ നിഗൂഢമായ ഒരു പരിവേഷത്തിൽ നിന്ന്‌ മോചിപ്പിച്ച്‌, അരി, ഉപ്പ്‌, മുളക്‌ എന്നൊക്കെ പറയുന്നതുപോലെ പറയാൻ കഴിയുന്നു എന്നത്‌ ഭൗതികതയ്‌ക്ക്‌ ഊന്നൽ കൊടുക്കുന്ന മട്ടിലുളള ഒരു തിരിച്ചിടലാണ്‌. പക്ഷേ വാമൊഴിയിൽ ജീവിക്കുന്ന ജനങ്ങൾക്ക്‌ സംഗീതാവിഷ്‌ക്കാരത്തിനായുളള കവിതകളിലും അവയെ നിരസിച്ച പുതിയ ശരിയായ കവിതയിലും രക്ഷയില്ല എന്നതാണ്‌ വാസ്‌തവം.

കവിതയുടെ കേൾവിയെ തീർത്തും തളളിക്കളയാൻ പറ്റില്ലെന്ന്‌ പറഞ്ഞുകൊളളട്ടെ. ലോകത്ത്‌ മനുഷ്യർ സംസാരിക്കുകയും പാടുകയും മറ്റു ജീവജാലങ്ങളും വസ്‌തുക്കളും ഒച്ചയുണ്ടാക്കുകയും ചെയ്യുന്നിടത്തോളം കേൾവി കവിതയുമുണ്ടാകും. പുതിയ കവിതകളിലും അതുണ്ട്‌. ആധുനികതയുടെ അലർച്ചയോ അഭിനയമോ അല്ല. അതുപക്ഷേ നിർവികാരമോ പ്രസ്‌താവനപോലെ വിരസമോ ആകരുത്‌. സംയമനത്തിന്റെ ശീലങ്ങൾ തൊണ്ണൂറുകൾക്കും മുൻപേ കവിതയിൽ കാണുന്നു. പക്ഷെ മടുത്തു ഈ സംയമനം. അതിനാൽ കവിത മറ്റൊരു തറയിലേക്ക്‌ കേറണം എന്നു തോന്നുന്നു. മാത്രമല്ല പൊതുവിൽ പുതിയ കവിതയുടെ വ്യാകരണവും പദപ്രകാശനവും രൂപപ്പെട്ടു കഴിഞ്ഞു. അതേതാണ്ട്‌ പ്രതിഷ്‌ഠിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴത്തെ കവിതകൾ അതിന്റെ ആവർത്തനത്തെ പേടിക്കുന്നുണ്ടാകുമെന്നു തോന്നുന്നു. ഇതിനെ മറികടക്കാൻ ആധുനികതയിൽനിന്ന്‌ ചാടിവരുന്നവരുണ്ട്‌. ഒറ്റക്കുനടക്കാൻ പേടിയുളളവരെപ്പോലെ. പുതിയ കവിത പുതിയ കവിതയിൽ നിന്നു തന്നെയാണ്‌ ദൂരങ്ങൾ പണിയേണ്ടത്‌.

ഞാൻ തുറന്നു പറയട്ടെ. കീഴാളകവിതയെക്കുറിച്ചാണ്‌ ഞാൻ സംസാരിക്കുന്നത്‌. പാവപ്പെട്ടവർക്കും കവിത വേണമെന്നാണ്‌ പറയുന്നത്‌.

സ്‌ത്രീകളുടെയും കീഴാളരുടെയും, പ്രകൃതിബോധത്തോടെയുളള ഉയർത്തെഴുന്നേല്‌പ്പാണല്ലോ അടുത്ത കാലത്ത്‌ ഒരു വലിയ കാര്യം. സ്‌ത്രീകൾ കീഴാളരിൽ നിന്നും വരുന്നുണ്ട്‌. കീഴാളരിൽ നിന്ന്‌ നിരവധി കവികൾ ഉയർത്തെഴുന്നേറ്റു വരുന്നുണ്ട്‌. പണിയെടുക്കുന്നവരാണ്‌ എല്ലാവരും. അപ്രതീക്ഷിതമായി പലരും ഇനിയും വരും. കീഴാളജനങ്ങളുടെ കവിതകൾ പക്ഷേ ഈ നിലയിൽ എഴുതിയാൽ ആവിഭാഗത്തിൽ അവർക്ക്‌ ആസ്വാദകരുണ്ടാവില്ല. ഗദ്യകവിത, പദ്യകവിത എന്നതല്ല ഇവിടെ പ്രശ്‌നം. ഏതു കവിതയിലുമുളള മനസ്സിലാകൽ തന്നെയാണ്‌. കവിതയുടെ വിനിമയമൂല്യം കണ്ടെത്തുക എന്നതാണ്‌. കവിതയുടെ സ്വാഭാവികത, ലാളിത്യം, സുതാര്യത, ചലനം ഇവ കണ്ടെത്തുക എന്നതാണ്‌. കവിതയുടെ പുതിയ ഒരു കേൾവി കണ്ടെത്തുക കൂടിയാണ്‌. അല്ലെങ്കിൽ വാമൊഴിയിൽ ജീവിക്കുന്ന കീഴാളരിൽ ഏറെപേരും ദളിതരിൽ, ആദിവാസികളിൽ ഏറെപേരും കവിതയ്‌ക്ക്‌ പുറത്തുനിൽക്കുകയേ ഉളളൂ.

എന്റെ കവിതയുടെ ഏറ്റവും വലിയ കേൾവിക്കാരി എന്റെ അമ്മയാണ്‌. അവർക്കാകട്ടെ വായിക്കാനുമറിയില്ല. കവിത ചൊല്ലിയോ പറഞ്ഞോ കേൾക്കാൻ ഇഷ്‌ടമാണ്‌. എന്നാൽ കീഴാളരുടെ ജീവിതം കവിതയിലേക്ക്‌ കൊണ്ടുവരാൻ ശ്രമിച്ചിട്ടുളള ആളെന്ന നിലയിൽ ഒരു വലിയ വൈപരീത്യത്തെ ഞാൻ നേരിടുന്നുണ്ട്‌. ആർക്കുവേണ്ടി എഴുതിയോ ആരെപ്പറ്റി എഴുതിയോ അവർ എന്റെ കവിതയ്‌ക്കും വെളിയിലാണ്‌. കീഴാളരിൽ വിദ്യാഭ്യാസമുളളവർ കവിതകൾ വായിക്കുന്നുണ്ട്‌. മിക്കവാറും ഇങ്ങനെ വായനക്കാർ കൂടിവരികയാണെങ്കിൽ എനിക്ക്‌ ഇങ്ങനെ കവിത തുടരാം. പക്ഷേ ഈ ലോകം എന്റെ കവിതയെ പറ്റിച്ചിരിക്കുന്നു. പാവപ്പെട്ടവർ കൂടുതൽ താഴ്‌ചയിലേക്കു വീഴുന്നതാണ്‌ ഞാൻ കാണുന്നത്‌. വെളളത്തിനാകാത്തപോലെ എനിക്കും എന്റെ കവിതയ്‌ക്കും കീഴാളരുടെ ലോകത്തുനിന്ന്‌ ഉയർന്നു നില്‌ക്കാനാവില്ല.

കവിതയെ മേലാള കവിതയെന്നോ കാവ്യാനുശീലരുടെ കവിതയെന്നോ നിർവചിച്ചാൽ പ്രശ്‌നമില്ല. പ്രശ്‌നം കീഴാളകവിതയെക്കുറിച്ച്‌ ദളിത്‌-ആദിവാസി കവിതയെക്കുറിച്ച്‌, കീഴാള പരിസ്ഥിതിക്കവിതയെക്കുറിച്ച്‌, കീഴാളസ്‌ത്രീ കവിതയെക്കുറിച്ച്‌ ചിന്തിക്കുമ്പോഴാണ്‌.

രണ്ട്‌

കവിത ഇന്നൊരു എഴുത്തുരൂപമായിരിക്കുന്നു. പുതിയ കവിതയെ നിയന്ത്രിച്ച നിരൂപണവും വരേണ്യനിലപാടുകളും കവിത ജനപ്രിയമാകരുതെന്ന്‌ മിക്കവാറും ശഠിച്ചു. ശബ്‌ദത്തിലൂന്നിയും അർത്ഥത്തിലൂന്നിയും ആധുനിക കവിത തന്നെ രണ്ടായി തിരിഞ്ഞിരിക്കുന്നു. ശബ്‌ദത്തിലൂന്നിയ കവികൾ ജനപ്രിയകവികളായി. അർത്ഥത്തിലൂന്നിയവൻ ബുദ്ധിപരമായ ഒരു കവിത സൃഷ്‌ടിക്കുകയും സാമാന്യജനങ്ങളുമായി ഒരകലം പാലിക്കുകയും ചെയ്‌തു. പിന്നീട്‌ അർത്ഥത്തിലൂന്നിയ, സാമാന്യ ജനങ്ങളുമായി അകലം പാലിക്കുന്ന കവിതയുടെ വികാസമാണ്‌ ഉണ്ടായത്‌. ഇതിനിടയിലും കവിത, ചില നിരൂപകരുടെ ആഗ്രഹങ്ങൾക്ക്‌ വിരുദ്ധമായി പ്രവർത്തിച്ചു എന്നത്‌ അത്ഭുതത്തോടെയേ നോക്കിക്കാണാൻ പറ്റുകയുളളൂ. നാളിതുവരെ പ്രകാശനം കിട്ടാതിരുന്ന പല സ്വരങ്ങളും, കവിതയിലേക്കുവന്നു. വ്യത്യസ്‌തതകളുടെ ആകെ തുകയാണ്‌ പൊതുവിടം എന്ന പുതിയ കാഴ്‌ചപ്പാടിനെ അത്‌ ഉൾക്കൊളളുന്നു. ശരിയായ ജനാധിപത്യത്തിന്റെ ഒരു പ്രവർത്തനത്തോടൊത്തു പോകുന്നുണ്ട്‌ ഈ കവിത. എന്നാൽ എഴുത്തിന്റെ&വായനയുടെ കളം കൂടുതൽ ആളുകൾക്കും ചെന്നെത്താൻ പറ്റാത്തതും സവർണ്ണാധീശത്വം ഉളളതുമാക്കി നിലനിർത്താനുളള ശ്രമമാണ്‌ ഇപ്പോഴും നടക്കുന്നത്‌. എന്നാൽ കീഴാളരുടെ ജീവിതം അവർ തിരഞ്ഞെടുത്ത ജീവിതമല്ല, അടിച്ചേൽപിക്കപ്പെട്ടതാണ്‌. അതിനാൽ തൊഴിൽപരവും സാമ്പത്തികവും ജ്ഞാനപരവുമായ ശാപങ്ങൾ ഏറ്റു കഴിയുന്ന ജനങ്ങളെ കവിതയിൽ നിന്നൊഴിവാക്കുന്നത്‌ ശരിയല്ല. അവരെ കവിതയിൽ നിന്ന്‌ ഒഴിവാക്കി, കവിതയെക്കുറിച്ചെന്നല്ല ഒരു കാര്യത്തെക്കുറിച്ചും ചിന്തിക്കാൻ ഇടകൊടുക്കരുത്‌. തിരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രം മോക്ഷം നല്‌കുന്ന ഒന്നല്ല കവിത. അനവധി തവണ ആവർത്തിച്ചുവായിച്ച്‌ പരമമമായ മോക്ഷം കിട്ടേണ്ട കാര്യം കവിതയിലില്ല. മോക്ഷത്തോടല്ല വെളളത്തോടാണ്‌ ഞാൻ കവിതയെ ഉപമിക്കുക. വെളളംപോലെ മനുഷ്യർക്കെല്ലാം ആവശ്യമാണ്‌ കവിത. അതിൽ ജീവിതം മറ്റൊരുതരത്തിൽ വരുന്നു. അതൊരു ജീവിതരേഖയാണ്‌. അതുകൊണ്ടത്‌ പാവങ്ങൾക്കും വേണം. അവർ ജീവിക്കുന്നതിന്റെ രേഖപ്പെടുത്തലുകൾ അതിലുണ്ടാകണം. അവർക്കത്‌ അറിയാൻ അവകാശവുമുണ്ട്‌. കവിതയും മറ്റ്‌ എഴുത്തുകളുമൊക്കെ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. അതിൽ എല്ലാവർക്കും ഇടപെടാൻ കഴിയണം. പിന്നോക്കക്കാരുടേയും, ദളിതരുടേയും, ആദിവാസികളുടെയും സ്‌ത്രീകളുടെയും ആണിക്കല്ലുകൾ പിഴുതുകളയുന്ന ഈ കാലത്ത്‌ ജ്ഞാനത്തിന്റെ ലോകങ്ങൾ (കവിത ഒരു ജ്ഞാനരൂപവുമാണ്‌.) അവർക്കെതിരെ അടയുന്ന കാലത്ത്‌ കവിതയും മറ്റ്‌ എഴുത്തുകളും അതിനെതിരെ പ്രവർത്തിക്കണം.

സമകാലീനമായ എഴുത്ത്‌ സ്ഥിരം ചേരുവകളുടെ ഒരു ലോകമായി മാറിയത്‌ വാമൊഴിജീവിതത്തിലേക്ക്‌ എഴുത്തിന്‌ പേരില്ലാത്തതുകൊണ്ടാണ്‌. യഥാർത്ഥത്തിൽ വാമൊഴിയേ ഉളളൂ. വരമൊഴി എന്നത്‌ വാമൊഴി എഴുതിക്കാണിക്കാനുളള ഒരു സങ്കേതമാണ്‌. ആ വരമൊഴി സങ്കേതം വാമൊഴിയെ മറന്ന്‌ ഒരു ഉയർന്ന ലോകമായി നില്‌ക്കാൻ ശ്രമിക്കുന്നു. അതിനാൽ അത്‌ ചേരുവകളുടെ എഴുത്തായി മാറുന്നു. എന്താണ്‌ ചേരുകകൾ എന്ന്‌ വിശദീകരിക്കാം. മറ്റൊരു കാര്യത്തിനുവേണ്ടി പളളിക്കൂടത്തിൽ വരാതിരുന്ന ഒരു കുട്ടി പിന്നീടെഴുതുന്ന അവധിക്കുളള അപേക്ഷയിൽ പനിയും ചുമയുമായിരുന്നതിനാലാണ്‌ ക്ലാസിൽ വരാതിരുന്നത്‌ എന്നെഴുതുന്നതുപോലെയാണ്‌ കൃതി ചേരുവകൾ ആകുന്നത്‌. ഇത്തരം ചേരുവകളുടെ ആകെത്തുകയിൽ രൂപപ്പെടുന്ന ഒരു പൊതുവിടത്തിലാണ്‌ സാഹിത്യം നിലനിൽക്കുന്നത്‌. അധികാര വ്യവസ്ഥയുടെ ഭാഗമായി പ്രവർത്തിക്കുന്നത്‌. ഈ പൊതുവിടം കപടവും കീഴാളവിരുദ്ധവുമായിരിക്കും. അതിലേക്കുവരുന്ന വ്യത്യസ്‌തതയുളള കീഴാളകൃതികളും മറ്റും അതിന്റെ ഭാഗമായി മാറുന്നു. മാറ്റുന്നു. തെറ്റുകൂടാത്ത വാക്യങ്ങളും വൃത്തിയും വെടിപ്പുമുളള കൃതികൾ ഒരു വ്യവസ്ഥയെ പിൻതാങ്ങുന്നു. ഇതിനെ വെല്ലുവിളിക്കുന്ന കൃതികൾക്ക്‌ പൊതുവിടത്തെ വെല്ലുവിളിക്കാൻ കഴിയുന്നു. പുതുക്കിപണിയാൻ കഴിയുന്നു. അപ്പോഴും അക്ഷരമറിയാത്തവർ പുറത്തായിരിക്കും. ഇങ്ങനെയാണ്‌ വ്യത്യസ്‌തമായ കൃതിയും പരാജയപ്പെട്ടു പോകുന്നത്‌. ഇപ്പോഴത്തെ എഴുത്തിനെക്കുറിച്ചോർക്കുമ്പോൾ മറ്റൊരു ചിത്രവും എന്റെ മനസ്സിലേക്ക്‌ കടന്നുവരുന്നു. തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ ഒരു സ്‌ത്രീ നമ്മുടെ മടിയിൽ കുറെ കാർഡുകൾ കൊണ്ടിടുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ തന്റെ വിഷമതകൾ എഴുതിവച്ച ഒരു കാർഡാണത്‌. യാത്രക്കാർ പലരും അതുവായിച്ചുനോക്കാതെ അവർക്കെന്തെങ്കിലും കൊടുത്താലായി. എഴുത്തിന്റെ ഇന്നത്തെ അവസ്ഥയെ ഇതിനോട്‌ ഉപമിക്കാം.

ഇന്ന്‌ കീഴാളരുടെ ജീവിതം അതിന്റെതായ ഭാഷ കണ്ടെത്തി. വ്യത്യസ്‌തമായ ആവിഷ്‌ക്കാരോപാധികൾ കണ്ടെത്തി പൊതുവിടത്തിലേക്ക്‌ കടന്നുവരുന്നുണ്ട്‌. എഴുത്തിലേക്ക്‌ കേറിവരുന്ന കീഴാളർ വലിയ ഒരു പ്രതീക്ഷയിലാണ്‌ നില്‌ക്കുന്നത്‌. ദളിത്‌-ആദിവാസി, കീഴാള സ്‌ത്രി സാഹിത്യം, കീഴാള പരിസ്ഥിതി സാഹിത്യം മേൽ സൂചിപ്പിച്ച വാമൊഴി ബന്ധം വീണ്ടെടുക്കേണ്ടതുണ്ട്‌. എഴുത്തുമായി കീഴാളരിലേക്ക്‌ കടന്നെത്തുന്നതിനുളള വഴികൾ ആരായേണ്ടതുണ്ട്‌. കൊച്ചു കൊച്ചു കൂട്ടങ്ങളെ സംബോധന ചെയ്യേണ്ടതുണ്ട്‌. ഈ സന്ദർഭത്തിലാണ്‌ കവിത വായനക്കാരന്റെ സുഹൃത്താകണം എന്നു ഞാൻ പറയുന്നത്‌. അല്ലെങ്കിൽ അത്‌ ആവിഷ്‌ക്കരിക്കുന്ന പാവപ്പെട്ടവരുടെ ജീവിതം ഒരു കാഴ്‌ചമാത്രമായിത്തീരും. മേലാളർ മാത്രമായിരിക്കും മിക്കവാറും കാഴ്‌ചക്കാർ. എഴുതുന്ന കീഴാളരെക്കൂടി മേലാളരാക്കുന്ന, കീഴാളരെ കീഴാളർ മാത്രമായി കുടുക്കിയിടുന്ന ഒരു വിദ്യ അതിലടങ്ങിയിരിക്കുന്നു.

(കടപ്പാട്‌ ഃ കവിതാസംഗമം മാസിക, വിലാസംഃ സെബാസ്‌റ്റ്യൻ, കളത്തിൽ വീട്‌, കോട്ടപ്പുറം പി.ഒ., കൊടുങ്ങല്ലൂർ – 680 667.)

Generated from archived content: essay1_jan20.html Author: s_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here