മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ…!
മേഘനീലിമയിൽ നീളെ
സ്വർണ്ണലിപികളിൽ
ആകാശം പ്രണയമൊഴികളെഴുതുന്നു.
ശേഷം
നിലാവിന്റെ നടവഴികളിലൂടെ
ഊർന്നിറങ്ങിയ ആകാശത്തിന്റെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ…മെല്ലെ…
അനന്തരം
നെറുകയിൽ നിന്ന് നെഞ്ചിലേക്ക്…
തെരുതെരെ ചുംബിച്ച് മഴ പടരുകയാണ്
നനഞ്ഞവെയിലിന്റെ തിരിത്താഴ്‌ത്തിവച്ച്
പ്രകൃതിയുടെ പ്രണയവും ലയനവും
പച്ചപ്പുകൾ നീർത്തി രോമാഞ്ചിതയാകുന്ന ഭൂമി
ഇലത്തുമ്പുകളിൽ നിന്ന് ഹൃദയരാഗം
കരിയിലകളിൽ കരിവളക്കിലുക്കം
പ്രണയം മൂർച്ഛിച്ച് പേമാരിയാകുമ്പോൾ
ആകാശത്തിൻ ആയിരം വിരലുകൾ
ഇപ്പോൾ മഴയ്‌ക്ക് ഭൂമിയും ഭൂമിയ്‌ക്ക് മഴയും മാത്രം!
ഓരോ മഴത്തുള്ളിയും ജീവരേണുക്കളായ്
ഭൂമിയുടെ ഗർഭപാത്രത്തിലേക്ക്…
ഇനിയുമെത്ര പുതിയപിറവികൾ…?
ഓർക്കുക…
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്…!
Generated from archived content: poem1_july2_07.html Author: s_jithesh
Click this button or press Ctrl+G to toggle between Malayalam and English