മിന്നാമിനുങ്ങുകളുടെ 2004

പ്രസിദ്ധീകരണലോകത്തെ ദളിതർ

കലണ്ടറിന്റെ അവസാനപേജിൽ ഡിസംബറിന്റെ ഒടുവിലത്തെ കാവൽക്കാരനും കഥാവശേഷനാകുമ്പോൾ വാരാന്തപ്പതിപ്പുകളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും താളുകളിൽ പോയ വർഷത്തെ കഥ, കവിത, നോവൽ, നാടകം, സിനിമ എന്നിങ്ങനെ ഒരു വിളവെടുപ്പുത്സവം പതിവുളളതാണ്‌. എന്നാൽ നാളിതുവരെ പോയവർഷത്തെ സമാന്തര പ്രസിദ്ധീകരണരംഗത്തെക്കുറിച്ചുമാത്രം ആരുംതന്നെ ഒരു വിലയിരുത്തലും നടത്തിക്കണ്ടിട്ടില്ല.

പ്രസിദ്ധീകരണരംഗത്തെ ദളിതന്മാരാണത്രെ സമാന്തര പ്രസിദ്ധീകരണക്കാർ. ഓണം വന്നാലും പുതുവർഷം വന്നാലും വിഷുവന്നാലും അവർക്കു സ്ഥാനം പടിക്കുപുറത്ത്‌!

ഇക്കഴിഞ്ഞ വർഷവും നൂറ്റിയിരുപത്തഞ്ചോളം സമാന്തരപ്രസിദ്ധീകരണങ്ങൾ കേരളക്കരയിൽനിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കുത്തക പ്രസിദ്ധീകരണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന നിയോൺവെളിച്ചത്തിൽ അക്ഷരങ്ങളുടെ ലോകത്തെ മിന്നാമിനുങ്ങുകളെ പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നു മാത്രം!

പൂത്തുമ്പിയേയും മഴവില്ലിനേയും പോലെ അല്‌പായുസ്സുകളാണ്‌ സമാന്തര പ്രസിദ്ധീകരണരംഗത്തെ ‘കുഞ്ഞുമാസികകൾ’ മിക്കതും. ബാലാരിഷ്‌ടതകൾ മാറുംമുമ്പേ തന്നെ ആയുസ്സൊടുങ്ങുവാനാണ്‌ ഈ ശലഭജന്മങ്ങളുടെ വിധി. എങ്കിലും അവഗണനയുടെയും സാമ്പത്തികബാധ്യതകളുടെയും കടുത്ത അഗ്നിപരീക്ഷണങ്ങളെയൊക്കെ അതിജീവിച്ച്‌ സധൈര്യം മുന്നേറുന്ന കുറച്ചു മാസികകളെങ്കിലും കേരളത്തിലുണ്ട്‌. പ്രസിദ്ധീകരണത്തിന്റെ വിജയകരമായ ഇരുപതാം വർഷത്തിലേക്കു കുതിക്കുന്ന ‘ഉൺമ’ മിനിമാസികയും കാൽനൂറ്റാണ്ടിലേക്കു കുതിക്കുന്ന ‘ഇന്ന്‌’ ഇൻലന്റ്‌ മാസികയും സമാന്തരപ്രസിദ്ധീകരണരംഗത്തെ നിത്യഹരിത വിസ്‌മയങ്ങളാണ്‌. ഇവയെക്കുറിച്ചു പരാമർശിക്കാതെ സമാന്തരപ്രസിദ്ധീകരണരംഗത്തെക്കുറിച്ച്‌ എന്തെഴുതിയാലും അർത്ഥശൂന്യമാവുമെന്നതാണ്‌ വാസ്‌തവം. ഉൺമ പത്രാധിപർ നൂറനാടു മോഹനും ഇന്നിന്റെ പത്രാധിപർ മണമ്പൂർ രാജൻബാബുവും അക്ഷരലോകത്തെ വേറിട്ട വ്യക്തിത്വങ്ങളായി മാറുന്നതും ഇതുകൊണ്ടുതന്നെ!

പ്രവാസി പ്രസിദ്ധീകരണങ്ങൾ

കേരളത്തിലുളളവർ മലയാളത്തെയും സാഹിത്യത്തെയും മറക്കാൻ ശ്രമിക്കുമ്പോഴും പ്രവാസി മലയാളികൾ അവരുടെ അക്ഷരസ്‌നേഹം വെളിപ്പെടുത്തുന്ന കാഴ്‌ചയാണ്‌ ഒരുപറ്റം പ്രവാസി മലയാളി പ്രസിദ്ധീകരണങ്ങളിലൂടെ കാണാൻ കഴിഞ്ഞത്‌. ഉൾക്കനംകൊണ്ട്‌ 2004ൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ പ്രവാസി മലയാളികളുടെ സമാന്തര പ്രസിദ്ധീകരണം ഡൽഹിയിൽ നിന്നുമുളള ‘നാരായം സാഹിത്യമാസിക’യാണ്‌. ദിനേശ്‌ നടുവല്ലൂരിന്റെ പത്രാധിപത്യത്തിലുളള ഈ സാഹിത്യ പ്രസിദ്ധീകരണം, പ്രവാസി പ്രസിദ്ധീകരണങ്ങളെക്കുറിച്ചുളള നമ്മുടെ മുൻവിധികളെയൊക്കെ മാറ്റിമറിക്കുന്നതാണ്‌. ദില്ലിയിൽ നിന്നുതന്നെയുളള ‘ഫ്രീപ്രസ്‌’ മാസികയും സാമൂഹ്യസാംസ്‌കാരിക രംഗത്തെ ചലനങ്ങളെ തൊട്ടറിയുന്ന ഗൗരവമർഹിക്കുന്ന പ്രസിദ്ധീകരണമാണ്‌. സെൻസേഷണൽ വാർത്തകളെ വേണ്ടരീതിയിൽ വിശകലനവിധേയമാക്കി വായനക്കാരെ ആകർഷിക്കാനുളള തന്ത്രവും ‘ഫ്രീപ്രസ്‌’ പയറ്റുന്നുണ്ട്‌.

പ്രവാസി പ്രസിദ്ധീകരണങ്ങളിൽ അമേരിക്കയിലെ ടെക്‌സാസിൽനിന്നും പ്രസിദ്ധീകരിക്കുന്ന ‘സംഗമം’, ന്യൂയോർക്കിൽ നിന്നുളള ‘മലയാളം പത്രം’, ബോംബെയിൽ നിന്നുളള ‘വിശാലകേരളം’, ‘ഇണജ്വാല’, ‘മലയാളഭൂമി’, ‘സാഹിത്യരത്‌നം’, ഗോവയിൽ നിന്നുളള ‘വരമൊഴി’, ചെന്നൈയിൽ നിന്നുളള ‘ദേശധ്വനി’ ‘നമ്മുടെ ലോകം’, ഭിലായിയിൽ നിന്നുളള ‘പ്രമദം’ തുടങ്ങിയവയും 2004ൽ സജീവമായി രംഗത്തുണ്ടായിരുന്ന സമാന്തര പ്രസിദ്ധീകരണങ്ങളാണ്‌.

ഇൻലന്റ്‌ മാസികകളിൽ ഏറ്റവും രൂപഭംഗിയുളളതേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുളളു-‘ഇല’. ഗൾഫിൽനിന്നും നജിം കൊച്ചുകലുങ്കിന്റെ പത്രാധിപത്യത്തിലുളള ഈ മൾട്ടിക്കളർ ഇൻലന്റ്‌ മാസികയ്‌ക്ക്‌ ഒരു മഴവില്ലിന്റെ വർണ്ണഭംഗിയാണ്‌.

കേരളത്തിൽ നിന്നൊരു ഇംഗ്ലീഷ്‌ ലിറ്റിൽ മാസിക

കേരളക്കരയിൽനിന്ന്‌ ആദ്യമായി ഇംഗ്ലീഷിലൊരു ലിറ്റിൽ മാഗസിൻ ‘ദ ലലബൈ’ പ്രസിദ്ധീകരണമാരംഭിച്ച വർഷമാണ്‌ 2004. കമലാ സുരയ്യയെപ്പോലെ ഇൻഡോ ആംഗ്ലിയൻ സാഹിത്യത്തിലെ ഒന്നാംനിര എഴുത്തുകാരാണ്‌ ‘ദ ലലബൈ’യിൽ അണിനിരക്കുന്നത്‌.

പുതിയ പ്രതിഭകളെ കണ്ടെത്തുന്നു

പ്രതിഭ വേണ്ടുവോളമുണ്ടെങ്കിലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ദൃഷ്‌ടിയിൽപ്പെടാതെ പോയെന്ന കാരണത്താൽ അപ്രശസ്‌തരായി തുടരുന്ന എഴുത്തുകാരെ കണ്ടെത്തി ‘ബൂസ്‌റ്റ്‌ അപ്‌’ ചെയ്യുകയെന്ന അനിവാര്യമായ ധർമ്മം ശ്രദ്ധാപൂർവ്വം നിർവഹിച്ച പല സമാന്തര പ്രസിദ്ധീകരണങ്ങളുമുണ്ട്‌. പൂജപ്പുരയിൽനിന്നും പ്രസിദ്ധീകരിച്ചുവരുന്ന ‘സാഹിത്യകേരളം’ മാസിക ഇക്കാര്യത്തിൽ മുൻപന്തിയിലാണ്‌. 2004 ഒക്‌ടോബർ ലക്കത്തിൽ കഥാകാരനായ എസ്‌.ആർ.ലാലുമായുളള അഭിമുഖം തന്നെ ഉദാഹരണം. ഇരുത്തം വന്ന എഴുത്തുകാരന്റെ ഉൾക്കാഴ്‌ചയോടെയാണ്‌ എസ്‌.ആർ.ലാൽ അഭിപ്രായപ്രകടനം നടത്തുന്നത്‌.

സാമ്പത്തിക കീറാമുട്ടി

സമാന്തര പ്രസിദ്ധീകരണരംഗത്തെ പ്രധാന കടമ്പ സാമ്പത്തിക ബുദ്ധിമുട്ടുകളാണ്‌. എന്നാൽ ബാങ്കുകളും ചിട്ടിക്കമ്പനികളുമുൾപ്പെടെയുളള ധനകാര്യസ്ഥാപനങ്ങളും പ്രസിദ്ധീകരണരംഗത്തേക്കു ചുവടുവെച്ച കാഴ്‌ചയും കൗതുകകരമായിരുന്നു. ഇടുക്കി ജില്ലാ സഹകരണബാങ്കിന്റെ നേതൃത്വത്തിലുളള ‘സെക്രട്ടേറിയറ്റ്‌’ മാസികയും ഗോകുലം ചിട്ടിഫണ്ടിന്റെ നേതൃത്വത്തിലുളള ‘ഗോകുലം ശ്രീ’ മാസികയും കെട്ടിലും മട്ടിലും ശ്രദ്ധേയമായി. ‘സെക്രട്ടേറിയറ്റ്‌’ മാസികയുടെ മുഖചിത്രം ഓരോ ലക്കവും ഒന്നിനൊന്ന്‌ മെച്ചവും അത്യാകർഷകവുമാണ്‌. കോടിക്കണക്കിന്‌ രൂപ ആസ്‌തിയുളള ചിട്ടിക്കമ്പനിയുടെ ‘ഗോകുലംശ്രീ’ മാസികയിൽ, മുകളിൽ ആകാശവും താഴെ ഭൂമിയുമായി കാൽക്കാശിനുപോലും വകയില്ലാത്ത കവി എ.അയ്യപ്പനുമായി കെ.കെ.സന്തോഷ്‌ നടത്തിയ അഭിമുഖവും കൗതുകകരമായി.

വ്യത്യസ്‌തതയുടെ പൊലിമ

പച്ചമലയാളം, വിജ്ഞാനവീഥി, ആശയദീപം, മാവേലിനാട്‌, മലയാളജാലകം, പ്രിയാള, എതിർദിശ, മുഖരേഖ, സാകല്യ, ഫ്‌ളെയിം, സുശിഖം, സിറ്റിലൈറ്റ്‌, ഉളെളഴുത്ത്‌, ശുഭദിനം, ഓറ, കലാകേരളം, മുഖശ്രീ, മനീഷ, മദർ, കമലദളം, പുണർതം, ബഹുജനം തുടങ്ങിയ, മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെപ്പോലെ കെട്ടിലും മട്ടിലും ബഹുവർണ്ണ കവർപേജുകളോടെ പുറത്തിറങ്ങുന്ന ധാരാളം സമാന്തര പ്രസിദ്ധീകരണങ്ങളും 2004 ൽ സജീവമായി രംഗത്തുണ്ടായിരുന്നു.

പി.കുമാറിന്റെ പത്രാധിപത്യത്തിലുളള ‘മലയാളസാഹിത്യം’ രാജേന്ദ്രൻ വയലയുടെ ‘സൗരഭം’, എ.കെ.എ. റഹിമാന്റെ ‘ദേശീയോദ്‌ഗ്രഥനം’, മണി.കെ.ചെന്താപ്പൂരിന്റെ ‘ഗ്രാമം’, ചുനക്കര ജനാർദ്ദനൻനായരുടെ ‘സാഹിത്യപോഷിണി’, ബേബി ജോൺ താമരവേലിയുടെ ‘ബ്രഹ്‌മശ്രീ’, ജോസ്‌ ചാലയ്‌ക്കലിന്റെ ‘അഭിപ്രായം’, സുനിൽ പി. മതിലകത്തിന്റെ ‘വിശകലനം’, രാമപുരം ചന്ദ്രബാബുവിന്റെ ‘ഉണർവ്വ്‌’, കേശവൻ വെളളിക്കുളങ്ങരയുടെ ‘ഗ്രേറ്റ്‌ മാർച്ച്‌’, പ്രിൻസ്‌ കല്ലടയുടെ ‘ചിന്താദീപം’ എന്നീ പ്രസിദ്ധീകരണങ്ങൾക്ക്‌ മൾട്ടിക്കളർ അച്ചടിയുടെ ദൃശ്യപ്പൊലിമയില്ലെങ്കിലും ഉളളടക്കത്തിന്റെ ഗരിമകൊണ്ട്‌ ശ്രദ്ധേയമാണ്‌.

ക്യാപ്‌സൂൾ മാസികകളിൽ ‘മുറ്റം’, ‘സ്വരം’, ‘വാക്ക്‌’, ‘ചിദംബരം’, ‘കൗതുകം’, ‘അ’, ‘ആർഷഭൂമി’, ‘പരസ്‌പരം’, ‘മന്ദസ്‌മിതം സാഹിതി’, ‘അക്ഷരവിചാരം’, ‘തിരിച്ചറിവ്‌“, ’ഭൂമിക്കാരൻ‘, ’പെണ്ണ്‌‘, ’ഉറവ്‌‘, ’പൾസ്‌‘ തുടങ്ങിയവയും ശ്രദ്ധേയമാണ്‌.

അസ്സീസ്സി, ശ്രീഗണപതി, കുടുംബദീപം, വിശ്രുതി, ജയദ്ധ്വനി, മാവേലിക്കര മെയിൽ, തട്ടയിൽ ഇടയിരേത്ത്‌ കുടുംബയോഗം ത്രൈമാസികയായ ’ധർമ്മപഥം‘ തുടങ്ങി ആദ്ധ്യാത്മികതയ്‌ക്ക്‌ പ്രാധാന്യം നൽകുന്ന മാസികകളും ’തേരാളി‘ ’യുക്തിരേഖ‘ തുടങ്ങിയ നിരീശ്വരവാദ പ്രസിദ്ധീകരണങ്ങളും സമാന്തര പ്രസിദ്ധീകരണങ്ങൾക്കിടയിൽ വ്യത്യസ്‌തങ്ങളായി. ടാബ്‌ളോയിഡ്‌ രൂപത്തിലുളള ’ഹിന്ദി ഭാഷാതിലകം‘ ’അക്ഷരനാദം‘ ’കാഴ്‌ച‘ ’കൊല്ലം മെയിൽ‘ എന്നിവയും ഇക്കൂട്ടത്തിൽപെടും.

കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിക്കുന്ന ’തീർത്ഥസാരഥി‘ അടൂരിൽനിന്നുളള ’ടൂർകേരള‘ എന്നിവ 2004ൽ ശ്രദ്ധ പിടിച്ചുപറ്റിയ യാത്രാമാസികകളാണ്‌. ഉപഭോക്തൃ സേവനമാസിക എന്ന മുദ്രാവാക്യത്തോടുകൂടി ബാബു ജി.തേവലക്കരയുടെ പത്രാധിപത്യത്തിൽ അടൂരിൽ നിന്നും പുറപ്പെടുന്ന ’ക്രോണിക്‌ ടൈംസ്‌‘ എന്ന പ്രസിദ്ധീകരണവും 2004ന്റെ സംഭാവനയാണ്‌.

ന്യൂസ്‌ മാഗസിൻ മേഖലയിൽ തിരുവനന്തപുരത്തുനിന്നുളള ’ചിത്രഗിരി ന്യൂസ്‌ മാഗസിനും‘ ആലപ്പുഴയിൽ നിന്നുളള ’കിഴക്കിന്റെ വെനീസും‘ വ്യത്യസ്‌തങ്ങളായ പാരായണാനുഭവം പകർന്നു നൽകുന്ന സമാന്തര പ്രസിദ്ധീകരണങ്ങളാണ്‌. പരിസ്ഥിതി സംബന്ധമായ പ്രസിദ്ധീകരണങ്ങളാണ്‌ ’കേരളീയം‘ ’പ്രസാദം‘ എന്നിവ. കഞ്ഞിപ്പാടത്തുനിന്നും ഡി.പങ്കജാക്ഷക്കുറുപ്പ്‌ തുടങ്ങിവെച്ച ’ദർശന‘വും, കൊച്ചിയിൽനിന്നുളള ’പൂർണോദയ‘യും തികച്ചും സാമൂഹ്യവിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

ആരോഗ്യമാസികകളിൽ ’ഹെൽത്ത്‌ പേഴ്‌സ്‌പെക്‌ടീവും‘ ’ഹോമിയോന്യൂസും‘ മുടക്കം കൂടാതെ പ്രസിദ്ധീകരിക്കപ്പെടുന്നു. ’മലയാള ജാലകവും‘ ’പ്രിയാളയും‘ ’സാകല്യവും‘ ’പുതിയ സൂര്യനും‘ ’ഭവന്ത‘യും ’മലയാളം സർഗ്ഗവേദി‘യുമുൾപ്പെടെ പതിനഞ്ചോളം സമാന്തര പ്രസിദ്ധീകരണങ്ങൾ 2004 ലും ജന്മമെടുത്തു. ജനിച്ചയുടൻ തന്നെ മരിച്ചവയും ഇക്കൂട്ടത്തിലുണ്ട്‌. എങ്കിലും നൂറുകണക്കിന്‌ പുതിയ എഴുത്തുകാരെ കണ്ടെത്തുവാനും അക്ഷരലോകത്തേക്ക്‌ കൈപിടിച്ചു നടത്തുവാനും സമാന്തര പ്രസിദ്ധീകരണങ്ങൾ കാണിക്കുന്ന ഉത്സാഹം ഒരിക്കലും ചെറുതായിക്കാണാനാവില്ല.

പല മിനിമാസിക പത്രാധിപന്മാരും അന്യർക്കുവേണ്ടി സ്വയം ഉരുകിത്തീരുന്ന മെഴുകുതിരികൾ പോലെയാണ്‌. അക്ഷരത്തിനുവേണ്ടി ആത്മബലി കൊടുക്കുന്ന ഇവരുടെ തോൾ ചവിട്ടുപടിയാക്കി പ്രശസ്‌തിയിലേക്കു കയറിപ്പോയ പലരും പിന്നീടിവരെ ഓർക്കാൻപോലും മെനക്കെടാറില്ലെന്നതും ഒരു പൊളളുന്ന തിരിച്ചറിവാണ്‌. അക്ഷരത്തോടുളള അഭിനിവേശം മൂത്ത്‌ ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി സമാന്തര പ്രസിദ്ധീകരണം നടത്തിയിട്ടുളളവർ എത്രയോപേർ. അവരുടെയൊക്കെ വിയർപ്പും കണ്ണീരും ത്യാഗവും മുമ്പെന്നത്തേയുംപോലെ ഇന്നും തിരിച്ചറിയപ്പെടാതെ പോകുന്നു.

(പരാമർശിക്കപ്പെടാതെപോയ പ്രസിദ്ധീകരണങ്ങളുമുണ്ടാവാം. മനഃപൂർവ്വമല്ല.)

കടപ്പാട്‌ ഃ ഉൺമ മിനി മാഗസിൻ

Generated from archived content: essay2_feb2.html Author: s_jithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English