ഇവിടെയിപ്പോള് തണുപ്പ് കാലമാണ്. മഞ്ഞ് വീഴ്‌ചയൊന്നുമില്ല. പക്ഷേ, കമ്പിളിക്കുപ്പായമില്ലാതെ പുറത്തിറങ്ങാൻ പറ്റില്ല. ഇന്നലെ ഒരു സാഹസത്തിന് മുതിർന്നതാണ്. ഇപ്പോൾ പനിയും ജലദോഷവും കൊണ്ട് ഒരു സമാധാനവുമില്ല. പകലുകൾക്കിപ്പോൾ നീളം കുറവായിരിക്കുന്നു. രാവിലെ വളരെ വൈകിയാണ് വെളിച്ചം പരക്കുന്നത്. വൈകിട്ടാകട്ടെ നേരത്തെ തന്നെ ഇരുളുകയും ചെയ്യും. അതുകൊണ്ട് തന്നെ പകൽ ചെയ്യേണ്ടതെല്ലാം വളരെ തിരക്കിട്ട് തീർക്കേണ്ടിവരുന്നു. എന്നാൽ രാത്രി വലുതാണെന്ന് കരുതി നല്ലപോലെ വിശ്രമിക്കാനൊന്നും കഴിയാറില്ല. തെരുവുകൾ നിശ്ശബ്‌ദമാകണമെങ്കിൽ ഘടികാരത്തിൽ രാത്രിയാകുകതന്നെ വേണം.
ഒരു ഓർമ്മക്കുറിപ്പ് എഴുതാനുളള ഉദ്യമത്തിലാണ് ഈയുളളവൻ. അത് വളരെ നീചവും ക്രൂരവുമായ സംഭവങ്ങളിലൂടെ കടന്ന് പോകാനിടയുളളത് കൊണ്ടാണ് പ്രകൃതിയെക്കുറിച്ചും പൂക്കളെക്കുറിച്ചുമെല്ലാം ഇടയിൽ കയറി വരുന്നത്. എപ്പോഴെങ്കിലും ആരെങ്കിലും ഇത് വായിക്കാനിടയായാൽ അയാളെന്നെ വെറുക്കരുതല്ലോ. എന്തുകൊണ്ട് ഇത്രയ്‌ക്ക് ക്രൂരവും നീചവുമായ കാര്യങ്ങൾ വരുന്നതെന്നല്ലേ? പറയാം…
ഞാനൊരു വാടകക്കൊലയാളിയാകുന്നു. നിങ്ങള് ഞെട്ടി, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നല്ലോ അത് അല്ലേ. ഒരു കൊലയാളി, എല്ലാ അർത്ഥത്തിലും അതേ, ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഓർമ്മക്കുറിപ്പെഴുതുക എന്നത്. കാരണം താൻ ചെയ്‌തുകൂട്ടിയതിനെല്ലാം മാപ്പ് പറയുന്നത് പോലെയായിരിക്കും അത് വായിക്കപ്പെടുക. ഞാനൊരിക്കലും അത് ഉദ്ദേശിച്ചിട്ടില്ല. വയസ്സാകുമ്പോൾ കൊച്ചുകുട്ടികൾപോലും പറഞ്ഞ് പരിഹസിക്കാനിടയുണ്ട് കഴിവ് കെട്ട കൊലയാളിയെന്ന്. അപ്പോൾ ഇതെഴുതുന്നതെന്തിനെന്നല്ലേ? അതും പറയാം.
ഞാൻ അവസാനമായി ഏറ്റെടുത്ത കൊല പരാജയപ്പെട്ട് പോയി. എനിക്ക് ഉന്നം തെറ്റിയതോ, അയാളുടെ മിടുക്കോ ഒന്നുമല്ല കാരണം. ലോകത്തെ മുഴുവൻ കബളിപ്പിക്കാനും ഭയപ്പെടുത്താനും കഴിവുളള ഒന്ന് ഞങ്ങളുടെയിടയിൽ വന്നു. ഇര രക്ഷപ്പെട്ടുപോയി. അയാൾക്ക് വേണ്ടി വാങ്ങിവച്ചിരുന്ന ഒരു ഡസൻ വെടിയുണ്ടകൾ ഞാൻ ഒരു ആൽബത്തിൽ നിരത്തിയൊട്ടിച്ച് വച്ചിട്ടുണ്ട്. മുകളിൽ തലക്കെട്ടോടുകൂടി.
“എനിക്കൊരിക്കലും കൊല്ലാൻ കഴിയാത്ത നിക്കോളാസിന്റെ ഓർമ്മയ്‌ക്ക്” അത്രയും ചെയ്തത് പദ്ധതി പാളിയതിലുളള കടുത്ത അമർഷമോ ദുഃഖമോ കാരണമല്ല. ഇനി വരാനിരിക്കുന്ന ഇരകൾ കൈവിട്ട് പോകാതിരിക്കാനുളള ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്റെ ഏകാഗ്രതയെ ഞാനാ വെടിയുണ്ടകളിൽ തറച്ച് വച്ചിരിക്കുന്നു. ഇനി ആ സംഭവത്തെക്കുറിച്ച് പറയാം. കഴിഞ്ഞ വർഷം ഫെബ്രുവരി 3-ാം തീയതിയാണ് എനിക്കാ കരാർ കിട്ടിയത്. ജനുവരിയിൽ ഞാൻ ആരേയും കൊല്ലാറില്ല. കരാറുകളൊന്നും ഏറ്റെടുക്കാറുമില്ല. അത് പതിനെട്ടാം വയസ്സിൽ വാടകക്കൊലയാളിയാകാൻ തീരുമാനിച്ചപ്പോൾ മുതലുളള വ്രതമാണ്. ഫെബ്രുവരി 3-ാം തീയതി ഞാൻ തുറമുഖത്തടുക്കാറുളള കപ്പലുകളിൽ നിന്നും പുകയില കിട്ടുമോയെന്നറിയാൻ ഇറങ്ങിയതായിരുന്നു. നല്ലയിനം പുകയില വില്‌ക്കുന്ന കപ്പൽത്തൊഴിലാളികൾ എന്റെ സുഹൃത്തുക്കളായുണ്ട്. ഞാൻ വെറുമൊരു വാടകഗുണ്ടയാണെന്ന ധാരണയിലാണ് അവർ എനിക്കത് തരുന്നത്. യഥാർത്ഥ മുഖം അറിഞ്ഞാൽ പിന്നെ എന്റെ നിഴൽ വീഴുന്നിടത്ത് പോലും അവർ നോക്കില്ല!
പക്ഷേ അന്ന് ഒന്നും കിട്ടിയില്ല! വില കുറഞ്ഞ കറുപ്പ് മാത്രമായിരുന്നു അവരുടെ കൈയ്യിൽ ഉണ്ടായിരുന്നത്. നിരാശനായി തിരിച്ച് നടക്കുമ്പോഴാണ് ഒരാൾ എനിക്കെതിരെ വരുന്നത് കണ്ടത്. ഞാനയാളെ കണ്ട സ്ഥലം അത്ര ശരിയല്ലായിരുന്നു. മൂന്നാംകിട കൂലിത്തല്ലുകാര് താമസിക്കുന്ന ഗലികളാണവിടം. ഈ മാന്യനെന്ന് തോന്നിക്കുന്നയാള് അവിടെ വരുകയാണെങ്കിൽ തീർച്ചയായും അയാൾക്ക് ശക്തനായൊരു ശത്രുവുണ്ടായിരിക്കണം. എന്തോ എനിക്കയാളെ സഹായിക്കണമെന്ന് തോന്നി. പരിചയത്തിലുളള തെമ്മാടികൾക്ക് നാല് ചക്രം കിട്ടുന്ന കാര്യമല്ലേ.
ഞാനയാളെ തടഞ്ഞുനിർത്തി. പക്ഷേ പ്രതീക്ഷിച്ചതുപോലെ അയാൾ വിരണ്ടില്ല. തികച്ചും ശാന്തമായി, പരിചയസമ്പത്തുളളവനെപ്പോലെയാണ് പ്രതികരിച്ചത്.
“നിങ്ങൾ കൂലിത്തല്ലുകാരെയാണ് അന്വേഷിക്കുന്നതെങ്കിൽ എനിക്ക് സഹായിക്കാൻ കഴിഞ്ഞേക്കും.” ഞാൻ പറഞ്ഞു.
“നന്ദി, പക്ഷേ എനിക്ക് നിങ്ങളുടെ സഹായം വേണമെന്നില്ല. ഞാൻ തന്നെ കണ്ടുപിടിച്ചോളാം.” അല്പം അഹന്ത നിറഞ്ഞ അയാളുടെ മറുപടി കേട്ടപ്പോൾ സത്യത്തിൽ അരിശം തോന്നാതിരുന്നില്ല.
“നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമല്ലത്. ഇവിടെ പോലീസുകാര് വേഷം മാറിയെത്താറുണ്ട്. അങ്ങിനെ വരുന്നവർ് ജീവനോടെ മടങ്ങാറുമില്ല. ഒരു തെറ്റിദ്ധാരണ മതി അവർക്ക് ഒരാളെ തട്ടാൻ.”
ആ പറഞ്ഞതിൽ അയാളൊന്ന് പേടിച്ചെന്ന് വ്യക്തം.
അയാളുടെ കഷണ്ടിത്തലയിൽ വിയർപ്പ് കുമിളകൾ മുളയ്‌ക്കാൻ തുടങ്ങിയിരുന്നു. “എങ്കിൽ ശരി… എനിക്ക് കൂലിത്തല്ലുകാരെയല്ല വേണ്ടത്. ഒരു കൊലയാളിയെയാണ്. എന്ത് ചെയ്യാനും മടിക്കാത്തത്ര ക്രൂരനായ കൊലയാളിയെ.”
അപ്പോൾ ഞാനാണ് ഞെട്ടിയത്. ആ വർഷത്തെ എന്റെ ആദ്യത്തെ ഇരയുമായാണ് ഇയാൾ വന്നിരിക്കുന്നത്. ഞാൻ അയാളെ ഒരു കഫേയിലേയ്‌ക്ക് കൊണ്ടുപോയി. അയാൾ വിശദവിവരങ്ങൾ പറഞ്ഞു. എന്റെ സംസാരവും മട്ടുമൊക്കെ കണ്ടപ്പോൾ മതിപ്പ് തോന്നിയിട്ടാകണം, കരാർ എന്നെത്തന്നെ ഏല്പിക്കാമെന്ന് അയാൾ സമ്മതിച്ചു. കൊലപ്പെടേണ്ടയാളുടെ നാല് ഫോട്ടോകൾ, വിലാസം എന്നിവയ്‌ക്കൊപ്പം മുൻകൂറായി പ്രതിഫലത്തിന്റെ പകുതിയും തന്നു. ബാക്കി പണം കൃത്യം കഴിഞ്ഞ ശേഷം.
ആശംസകൾ നേർന്ന് അയാൾ പോയി. ഞാൻ എന്റെ മുറിയിലേക്കും മടങ്ങി. പദ്ധതികൾ ആസൂത്രണം ചെയ്യണം ആദ്യം. കൊലയെപ്പറ്റി പഠിക്കണം. ഒരുപാട് ജോലികൾ കിടക്കുന്നു. പിന്നെ പ്രധാനമായും വെടിയുണ്ടകൾ വാങ്ങണം. തോക്ക് തുടച്ച് വൃത്തിയാക്കണം. അയാളെ വെടിവെച്ച് തന്നെ കൊല്ലണമെന്നാണ് എന്റെ കക്ഷിയുടെ വാശി. അങ്ങിനെയുളള വാശികളെല്ലാം ഞാൻ അംഗീകരിക്കാറുണ്ട്. എന്തായാലും പരമമായ സംതൃപ്‌തിയും സമാധാനവും ആനന്ദവുമൊക്കെ അയാളും ആഗ്രഹിക്കുന്നുണ്ടാകുമല്ലോ!
എന്റെ പുതിയ ഇര ഒരു വക്കീലായിരുന്നു! അയാൾ എന്റെ കക്ഷിക്ക് വേണ്ടി കേസുകൾ വാദിക്കാറുണ്ടായിരുന്നു. ഉയർന്ന പ്രതിഫലം വാങ്ങി അയാൾ വാദിച്ച ഒരു കേസ് തോറ്റു. തോറ്റെന്ന് മാത്രമല്ല എന്റെ കക്ഷിയുടെ കഴുത്തിൽ കയർ വീഴുമെന്ന് വരെയായി. ഉന്നതങ്ങളിൽ കൈക്കൂലി വാരിയെറിഞ്ഞാണ് അയാൾ തടി രക്ഷിച്ചത്.
ആ കേസ് തോറ്റത് തന്റെ കുറ്റം കൊണ്ടല്ലെന്നാണ് വക്കീൽ വാദിച്ചത്. വഴക്കായി, വാക്കേറ്റമായി അവർ തമ്മിൽ പിണങ്ങി. അങ്ങിനെയാണ് അയാളെ വെടിവെച്ച് കൊല്ലണമെന്ന് എന്റെ കക്ഷി തീരുമാനിച്ചത്.
ശൈത്യം ഒടുങ്ങിത്തുടങ്ങുന്നു! ഇടയ്‌ക്കിടെ തലപൊക്കുന്ന വെയിൽ എല്ലാവരും ആസ്വദിക്കുന്നു. ഞാനാകട്ടെ പദ്ധതിയാസൂത്രണം ചെയ്യുന്നതിൽ മുഴുകുകയായിരുന്നു. ആദ്യം തന്നെ മുറിയാകെ വൃത്തിയാക്കി. ചിന്തിക്കാൻ സ്വസ്ഥവും വൃത്തിയുളളതുമായ അന്തരീക്ഷം വേണം. പഴയ തുണികളും കടലാസുകളും കത്തിച്ച് കളഞ്ഞു. മദ്യക്കുപ്പികൾ തൂക്കിവിറ്റു. ഒരു എലികുടുംബം അടുക്കളയിൽ താമസിക്കുന്നുണ്ടായിരുന്നതിനെ ഓടിച്ചുവിട്ടു. പൂച്ചന്തയിൽ പോയി പൂക്കൾ വാങ്ങി മേശപ്പുറം അലങ്കരിച്ചു. മുറിയിലാകെ സുഗന്ധം പൂശി. എല്ലാം കഴിഞ്ഞപ്പോൾ ധ്യാനകേന്ദ്രം പോലെ ഏകാഗ്രമായിരുന്നു അന്തരീക്ഷം.
രാത്രി കഴിക്കാനുളള റൊട്ടിയും സൂപ്പും തയ്യാറാക്കി വച്ചു. ഇനി കുറെനേരം ഒന്നിനും എന്റെ മനസ്സിനെ ശല്യപ്പെടുത്താൻ കഴിയരുത്. ഇരയുടെ ശീലങ്ങൾ പഠിക്കുകയാണ് ആദ്യത്തെ നടപടി. എന്ന് വച്ചാൽ അയാൾ സ്ഥിരമായി പോകാറുളള സ്ഥലങ്ങൾ, നടക്കാറുളള വഴികൾ, കണ്ടുമുട്ടുന്ന ആളുകൾ, അയാളുടെ കിടപ്പുമുറിയിൽ രാത്രി വിളക്കണയുന്ന സമയം എന്നിങ്ങനെ ഉത്തരം കണ്ടത്തേണ്ട ഒരുപിടി ചോദ്യങ്ങൾ കടലാസിൽ കുറിച്ചുവച്ചു. പിന്നെ ആയുധങ്ങളുടെ ലിസ്‌റ്റ് എടുക്കണം. വെടിവച്ച് കൊല്ലണമെന്നതുകൊണ്ട് തോക്കുകളിൽ ശ്രദ്ധ പതിപ്പിക്കണം. ഒന്നാന്തരം ഇരട്ടക്കുഴൽ തോക്കുകൾ രണ്ടെണ്ണം ഉണ്ട്. ഒരെണ്ണം പക്ഷിയെ വെടിവയ്‌ക്കാനുളളതാണ്. പിന്നെ സൈലൻസറും ലെൻസും ഉളള ഉഗ്രൻ ഒരെണ്ണം. ചെറുതും വലുതുമായ പിസ്‌റ്റളുകളും ഉണ്ട്. അതില് ചിലതെല്ലാം കാലപ്പഴക്കം സംഭവിച്ചതുകാരണം ഉപയോഗശൂന്യമാണ്. അതിന് പറ്റിയ ഉണ്ട കിട്ടാനില്ല.
വെടിയുണ്ടകൾ ഞാൻ പുറമെ നിന്ന് വരുത്തുന്നതാണ്. ഓർഡർ കൊടുത്താൽ ഒരാഴ്‌ചയ്‌ക്കകം കൊണ്ടുവരും. അത് സാരമില്ല. ഇനിയുളളത് കഠാരകളാണ്. മിക്കതിന്റെയും മൂർച്ചയും തിളക്കവും നഷ്‌ടപ്പെട്ടിരിക്കുന്നു. കൊല്ലന്റെയടുത്ത് പോയി എല്ലാം രാകി വെടിപ്പാക്കണം. എന്തെങ്കിലും കാരണവശാൽ തോക്ക് പരാജയപ്പെട്ടാൽ പിന്നെ കഠാര തന്നെ പ്രയോഗിക്കേണ്ടിവരും. ഒരു കൊലപാതകി ഒരിക്കലും മുൻവിധികൾ വച്ചുപൊറുപ്പിക്കാൻ പാടില്ല. അങ്ങിനെയെങ്ങാൻ സംഭവിച്ചാൽ പ്രതിഫലം കുറയുമെന്നേയുളളു. അന്ന് രാത്രി മുഴുവനും എഴുത്തും കുത്തുമായി കടന്നുപോയി.
അത്താഴം കഴിക്കാൻ പോലും മറന്നുപോയി. രാവിലെ ഒരു സിഗരറ്റ് കത്തിച്ച് ബാൽക്കണിയിൽ നിൽക്കുമ്പോൾ ആ അത്ഭുതം കണ്ടു. എന്റെ ഇരയതാ തന്റെ വളർത്തുനായയേയും കൊണ്ട് നടക്കാനിറങ്ങിയിരിക്കുന്നു. കൃത്യം എന്റെ ബാൽക്കണിയുടെ ചുവട്ടിലൂടെ. അതയാളുടെ സ്ഥിരം വഴിയാണെങ്കിൽ ജോലി എളുപ്പമായി. തോക്കും ചുമന്നുകൊണ്ട് നടക്കണ്ട. ഞാൻ വേഗം വേഷം മാറി. ഒരു ഭ്രാന്തന്റെ വേഷമാണ് ധരിച്ചത്. ഓ അത് പറയാൻ മറന്നു. എനിക്ക് ചില രീതികളുണ്ട്. ഇരയെ നിരീക്ഷിക്കാൻ ഞാൻ പ്രച്ഛന്നവേഷത്തിലാണ് ഇറങ്ങാറ്. അതിനായി ഒരുപാട് തരം വസ്‌ത്രങ്ങളും വിഗ്ഗുകളും മേക്കപ്പ് സാധനങ്ങളും കരുതി വച്ചിട്ടുണ്ട്. ചിലപ്പോൾ വേഷം കെട്ടിക്കഴിഞ്ഞാൽ എനിക്ക് പോലും എന്നെ തിരിച്ചറിയാൻ പ്രയാസമായിരിക്കും.
പിന്നെയാണോ ഇരയുടെ കാര്യം. എന്താണെന്ന് വച്ചാല് ഒരവസരം പാളിയെന്നിരിക്കട്ടെ, ഇര എന്നെ കാണുകയും ചെയ്‌തിന്നിരിക്കട്ടെ, അയാൾക്ക് പിന്നീടൊരിക്കലും എന്നെ തിരിച്ചറിയാൻ കഴിയില്ല. അടുത്ത തവണ വേറൊരു വേഷത്തിലായിരിക്കും ഞാൻ അയാളെ പിന്തുടരുന്നത്. അയാൾ വളരെ പതുക്കെയാണ് നടക്കുന്നത്. നായ ചങ്ങല പൊട്ടിച്ച് ഓടാൻ ശ്രമിക്കുമ്പോൾ വടികൊണ്ട് ഒറ്റയടി. അത് വല്ലാത്തൊരു ശബ്‌ദം പുറപ്പെടുവിക്കും. ജീവിതത്തിലിന്നുവരെ ഒരു നായ ഇത്തരത്തിൽ മോങ്ങുന്നത് ഞാൻ കേട്ടിട്ടില്ല. ഞാനും ഒരകലം പാലിച്ച് പിന്തുടർന്നു.
പൂന്തോട്ടത്തിലെത്തിയപ്പോൾ അയാൾ നടത്തം നിർത്തി. ജലധാരയ്‌ക്ക് അഭിമുഖമായുളള ബഞ്ചിൽ ഇരുന്നു. നായ താൽപ്പര്യമില്ലാത്തത് പോലെ മുഖം കുനിച്ച് നില്‌ക്കുന്നു. അയാളുടെ മുഖം വിളറിയിട്ടുണ്ടായിരുന്നു. എന്തോ രോഗം അലട്ടുന്നതുപോലെ. ഞാൻ കുറെദൂരയായി പുൽത്തകിടിയിൽ ഇരുന്നു. മനോഹരമായ ഒരു പ്രഭാതം. ഇലകളിൽ മഞ്ഞുരുകി നനവ് പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഒരു കൂട്ടം പ്രാവുകൾ ജലധാരയ്‌ക്ക് ചുറ്റും കുറുകിയിരുന്നു. വ്യായാമത്തിനിറങ്ങിയവരിൽ ചിലർ ധാന്യം കൊണ്ടുവന്നിട്ടുണ്ടായിരുന്നത് പ്രാവുകൾക്ക് ഇട്ടുകൊടുത്തു. എനിക്ക് പഴയൊരു കവിത ഓർമ്മ വന്നത് മനസ്സിൽ ചൊല്ലി. ങാ, അതും പറഞ്ഞില്ലല്ലോ, ഞാൻ കവിതകൾ എഴുതാറുണ്ട്. പ്രകൃതി, പ്രണയം എന്നിങ്ങനെ മനോഹരമായ എന്തിനെക്കുറിച്ചും എഴുതാനിഷ്‌ടമാണ്. ഇപ്പോൾ ഈ പ്രഭാതത്തിനെക്കുറിച്ച് പോലും നാലുവരി കുറിക്കാവുന്നതാണ്.
കിനാവുകളിൽ മുഴുകിയിരുന്ന് നേരം പോയതറിഞ്ഞില്ല. സ്വബോധത്തിലെത്തിയപ്പോൾ അയാളെ കാണാനില്ലായിരുന്നു. എനിക്ക് വിഷമമൊന്നും തോന്നിയില്ല. അയാളുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞല്ലോ. ഞാൻ മുറിയിലേയ്‌ക്ക് തിരിച്ചു നടന്നു.
പിന്നെ എല്ലാ ദിവസവും രാവിലെ അയാൾ അതേ വഴിയിലൂടെ നടക്കുമായിരുന്നു. ചിലപ്പോൾ നായയില്ലാതെ. കുറച്ച് ദിവസങ്ങൾ ഞാൻ പ്രച്ഛന്നവേഷനായി അയാളെ നിരീക്ഷിച്ചു. സ്വന്തം ചിട്ടകളിൽ നിന്നും വ്യതിചലിക്കാത്ത കടുംപിടുത്തകാരനാണ് അയാളെന്ന് മനസ്സിലായി. കാരണം എല്ലാ വൈകുന്നേരങ്ങളിലും കൃത്യസമയത്ത് തന്നെ അയാൾ കടലോരത്ത് മീൻ കച്ചവടക്കാർ ഇരിക്കുന്നിടത്തേയ്‌ക്ക് പോലും. ചില ദിവസങ്ങളിൽ മീൻ കച്ചവടക്കാരെ നോക്കുകപോലും ചെയ്യാതെ തിരിച്ചുനടക്കും. ഇത്തരക്കാരെ വിലയിരുത്താൻ താരതമ്യേന എളുപ്പമാണ്.
പറ്റിയ സ്ഥലം തിരഞ്ഞെടുത്താൽ മതി. ശാഠ്യക്കാരായ ഇവർ അവിടെ വന്ന് നിന്നു തരും. പിന്നെ ചടങ്ങിന് ഒരു വെടിയുണ്ട. അത്രേയുളളൂ. എന്നാൽ ഇയാളുടെ കാര്യത്തിൽ വേറൊരു പ്രശ്‌നമുണ്ടായിരുന്നു. ആൾക്കൂട്ടം ഉളളിടത്തൂടെയേ ഇയാൾ നടക്കാറുളളൂ. വിജനമായ ഒരിടത്ത് വച്ചും ഇയാളെ കാണാനാവില്ല. ഞാൻ ദിവസങ്ങളോളം പദ്ധതികൾ ആലോചിച്ചിരുന്നു. രാവിലെ അയാളെ പിന്തുടർന്ന് കഴിഞ്ഞ് തിരിച്ചുവന്നാൽ പിന്നെ കാര്യമായ ജോലികളൊന്നും ചെയ്യാനില്ലായിരുന്നു. അപ്പോൾ ക്രൈം ത്രില്ലറുകൾ വായിക്കുക, ഗിറ്റാർ അഭ്യസിക്കുക തുടങ്ങിയ എന്തെങ്കിലും ചെയ്‌തിരിക്കും. ഇല്ലെങ്കിൽ മദ്യപിച്ച് ബോധം കളയും. ഒരു വേദിയില്ലാതെ കലാകാരൻ എങ്ങിനെ പ്രകടനം നടത്തും? ദിവസങ്ങൾ എത്ര കൊഴിഞ്ഞുവീണു. കരാർ ഏറ്റെടുത്ത് രണ്ടുമാസങ്ങൾ കഴിഞ്ഞിരുന്നു. അയാളാകട്ടെ ദിനചര്യകൾ പതിവുപോലെ തുടരുകയും ചെയ്‌തുപോന്നു. ചിലപ്പോൾ അയാൾ നടന്നുപോകുന്നത് കാണുമ്പോൾ ജനമദ്ധ്യത്തിൽവച്ച് തന്നെ കാച്ചിക്കളയാനും തോന്നിയിട്ടുണ്ട്. എന്റെ കക്ഷിയോട് വൈകുന്നതിൽ ക്ഷമ ചോദിക്കാൻ ഒരു ദിവസം പോയിരുന്നു. എന്നാൽ അയാൾക്ക് ഒട്ടും പരിഭവം ഉണ്ടായിരുന്നില്ല. സാവകാശം മതിയെന്നാണ് പറയുന്നത്. ഈ വൈകൽ ഒരുതരം ആഹ്ലാാദം പകരുന്നുവത്രെ. ശത്രു കൊല്ലപ്പെടാൻ പോകുന്നുവെന്ന രഹസ്യം മനസ്സിലുളളത്, വളരെ നാളുകൾക്ക് ശേഷം കാമുകി മടങ്ങിയെത്തുന്നുവെന്ന് കേട്ടറിയുന്നത് പോലെ ലഹരിയാണ് പോലും. എന്റെ കൈയ്യിലെ പണം തീരുന്നെന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ബാക്കി തുകയും തരാമെന്ന് പറഞ്ഞു. പക്ഷേ, കച്ചവടത്തിന്റെ രീതി അങ്ങിനെയല്ലല്ലോ. അതുകൊണ്ട് കടമായി കുറച്ച് പണം വാങ്ങിച്ചു.
മൂന്ന് ദിവസങ്ങൾക്കുളളിൽ പദ്ധതി നടപ്പാക്കണമെന്ന് ഞാനുറപ്പിച്ചു. വെടിയുണ്ടകൾ വാങ്ങിച്ചു. തോക്കുകൾ തയ്യാറാക്കി. ഒരു കപ്പൽ തൊഴിലാളിയുടെ വേഷമാണ് തിരഞ്ഞെടുത്തത്. സൈലൻസർ ഘടിപ്പിച്ച തോക്ക് വലയിൽ പൊതിഞ്ഞെടുക്കാൻ സൗകര്യമാണ്. പാർക്കിൽ അയാൾ വിശ്രമിക്കുമ്പോൾ വെടിവച്ചിടാം.
പക്ഷേ, ഒന്നും നടന്നില്ല. ഒരുങ്ങിയിരുന്നപ്പോഴൊന്നും അയാൾ വന്നില്ല. ഒരാഴ്‌ച കാത്തിരുന്നു. ക്ഷമ കെട്ടപ്പോൾ എന്താണെന്നന്വേഷിക്കാൻ തന്നെ തീരുമാനിച്ചു. ഒരു വയസ്സൻ പുരോഹിതന്റെ വേഷത്തിൽ അയാളുടെ വീട്ടിലേയ്‌ക്ക് പോയി. അയാൾ വീട്ടിലുണ്ടായിരുന്നു. എന്നെ അയാൾ ബഹുമാനപൂർവ്വം സ്വീകരിച്ചു. സത്‌ക്കാരങ്ങൾ നടത്തി. എവിടെവച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയതെന്ന് ചോദിച്ചപ്പോൾ എനിക്ക് കളളം പറയേണ്ടിവന്നു. എന്നും രാവിലെ ഉദ്യാനത്തിൽ കാണാറുണ്ടെന്നും അയാളുടെ ശാന്തമായ ഭാവം ആകർഷിച്ചുവെന്നെല്ലാം.
അയാൾ സംതൃപ്‌തനായി! ദൈവകാര്യങ്ങളെക്കുറിച്ച് ഒരുപാട് സംസാരിച്ചു. അയാൾക്കിപ്പോൾ തീരെ വയ്യാതിരിക്കുകയാണെന്നും കുറച്ച് ദിവസം വിശ്രമത്തിനുശേഷം കാണാമെന്നും പറഞ്ഞു. ഞാൻ രോഗികൾക്ക് ആശ്വാസം പകരുന്ന വാക്കുകൾ പറഞ്ഞ് അയാളെ അനുഗ്രഹിച്ചു. അയാൾ രോഗമോചിതനായി നടക്കാനിറങ്ങിയിട്ട് വേണം കൃത്യം നിർവഹിക്കാൻ. അതിനിനിയും രണ്ടാഴ്‌ച എടുക്കുമെന്ന് ഉറപ്പായിരുന്നു. അത്രയും നാൾ ഞാൻ ഒരു ദേശാടനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ചു. ദൂരെയുളള ഒരു മലഞ്ചെരുവിൽ പോയി അല്പം ധ്യാനവും ഏകാഗ്രതയുമായി കഴിയണമെന്ന് കുറേ നാളുകളായി വിചാരിക്കുന്നുണ്ടായിരുന്നു. അതുപ്രകാരം പുറപ്പെടുകയും ചെയ്‌തു.
രണ്ടാഴ്‌ചത്തെ വിശ്രമജീവിതം കൊണ്ട് എന്റെ മനസ്സും ശരീരവും പുഷ്‌ടിപ്പെട്ടു! ഇടയ്‌ക്കിടെ വരാറുളള നടുവേദനയും ശ്വാസതടസ്സവും സിദ്ധൻമാരുടെ പൊടിക്കൈകൾ കൊണ്ട് മാറിക്കിട്ടി. പുതുപുത്തനായിട്ടാണ് ഞാൻ തിരിച്ചെത്തിയത്. കരാർ പൂർത്തിയാക്കാനുളള തിടുക്കവും ഉണ്ടായിരുന്നു. ഞാൻ കാത്തിരുന്നു. പക്ഷേ അപ്പോഴും അയാൾ നടക്കാൻ ആരംഭിച്ചിട്ടില്ലായിരുന്നു. പുരോഹിതന്റെ പഴയ വേഷം ധരിച്ച് ഞാനയാളുടെ വീട്ടിലേയ്‌ക്ക് പോയി. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അയൽക്കാരാരോ പറഞ്ഞു, എന്റെ ഇര രോഗം മൂർച്ഛിച്ച് മരിച്ച് പോയെന്നും അയാളുടെ കുടുംബം വേറെയെവിടേയ്‌ക്കോ താമസം മാറ്റിയെന്നും. ജീവിതത്തിലിന്ന് വരെ ഇത്ര വലിയൊരു പിഴവ് എനിക്ക് വന്നിട്ടില്ലായിരുന്നു. നാണക്കേട് വേറെ. ആദ്യമേ പറഞ്ഞ ലോകത്തെ മുഴുവൻ കബളിപ്പിക്കാൻ കഴിവുളള അത് എല്ലാം തകിടം മറിച്ചിട്ടു. ഇര നഷ്‌ടപ്പെട്ടത് സഹിക്കാം, പക്ഷേ ഞാനൊരു വലിയ തുകയ്‌ക്ക് കടക്കാരനായിയെന്നതാണ് ക്രൂരം. എന്റെ പഴയ കക്ഷിയെ കാണുമ്പോൾ വഴിമാറി നടക്കുകയാണിപ്പോഴും. ഇനിയൊരാൾക്ക് നേരെയും ഉപയോഗിക്കാൻ കൊളളാത്ത ആ വെടിയുണ്ടകൾ എന്നെ നോക്കി ചിരിക്കുന്നപോലെ!
Generated from archived content: story1_mar27_08.html Author: s_jayesh
Click this button or press Ctrl+G to toggle between Malayalam and English