സലാല

എല്ലാ പരിചയങ്ങൾക്കും അപരിചിതത്വത്തിന്റെ മറുവശമുണ്ട്‌.

ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ ഡിസൂസ എന്നയാൾ ചലിക്കാനാഗ്രഹിച്ചു.

കിടക്കയുമായി അമർന്ന്‌ പുറം പൊളളുന്നതുപോലെ തോന്നിയപ്പോഴാണ്‌ തിരിഞ്ഞുകിടക്കാൻ ശ്രമം നടത്തിയത്‌. അത്‌ കൂടുതൽ കുഴപ്പമുണ്ടാക്കിയതേയുളളൂ. ശരീരമൊന്നാകെ മലക്കം മറിഞ്ഞ്‌ വേദന ഒരു കോണിലേയ്‌ക്ക്‌ ചെരിഞ്ഞു. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന കേബിളുകൾ വലിഞ്ഞു. പണിപ്പെട്ട്‌ പഴയ അവസ്ഥയിൽ തിരിച്ചെത്തിയപ്പോഴാണ്‌ സാമാധാനമായത്‌.

തലപ്പാവ്‌ വച്ച നഴ്‌സ്‌ തെർമോമീറ്റർ കുടഞ്ഞു. ഒട്ടും ദയവില്ലാത്ത പെണ്ണായിരുന്നു അവൾ. വൈരാഗ്യം തീർക്കുന്നത്‌ പോലെയാണ്‌ ഇഞ്ചക്ഷൻ ചെയ്യുക. പണ്ടെങ്ങോ താനവളെ സ്‌നേഹിച്ചിരുന്നുവെന്ന്‌ അയാൾക്ക്‌ തോന്നി. ചിലപ്പോൾ… ആയിരിക്കും.

രണ്ട്‌ വാക്കുകൾക്കിടയിലെ ശൂന്യതയിൽ അയാൾ മയക്കത്തിലാണ്ടു.

പെട്രോ തന്നെ കാണാൻ വരുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നഴ്‌സ്‌ തെർമോ മീറ്റർ സ്‌പിരിറ്റിൽ മുക്കി ശുദ്ധിയാക്കുന്നു.

ശൂന്യതയ്‌ക്കിടയിൽ അവ്യക്തമായ നിഴലുകൾ ഉണ്ടാകുമോ?

പെട്രോ വന്നത്‌ എന്തിനാണ്‌?

സലാല…….

സലാലാ​‍ാ​‍ാ​‍ാ​‍ാ……

പെട്രോയുടെ നിഴലായിരിക്കുമോ തെർമോമീറ്റർ കുടഞ്ഞത്‌?

നഴ്‌സിന്റെ ശബ്‌ദം പെട്രോയുടെ നിഴൽ അനങ്ങിയതായിരിക്കുമോ?

സലാല എവിടെയാണ്‌?

പെട്രോയുടെ ഓരോ ചലനവും ദുരൂഹത നിറഞ്ഞതാണ്‌.

മയക്കത്തിലെങ്കിലും ചുറ്റുപാടും നടക്കുന്നതെല്ലാം അറിയുന്നുണ്ടായിരുന്നു. എല്ലാം ക്രമം തെറ്റിയാണ്‌ ഓർമ്മയിലെത്തുന്നതെന്നുമാത്രം. പെട്രോ സംസാരിക്കുമ്പോൾ മനസ്സിലെത്തുന്നത്‌ നഴ്‌സിന്റെ ചിത്രം. ക്ലോക്കിൽ മണിമുഴങ്ങുമ്പോൾ ഓഫീസിൽ പോകാൻ വൈകിയതുപോലെ വെപ്രാളം. അടുത്ത മുറിയിലാണെന്നു തോന്നുന്നു ഒരു കുട്ടി നിർത്താതെ കരയുന്നുണ്ടായിരുന്നു. കച്ചേരിയിൽ ഹാർമോണിയം പോലെ തുടർച്ചയായ പശ്ചാത്തലം കുട്ടി സൂക്ഷിക്കുന്നതുപോലെ.

കൈയ്യിൽ ആരോ തലോടുന്നതുപോലെ തോന്നിയപ്പോഴാണ്‌ പൂർണ്ണബോധത്തിലേയ്‌ക്ക്‌ വന്നത്‌.

ആദ്യം വെളുത്ത പാടപോലെ എന്തോ ഒന്ന്‌. തെളിഞ്ഞു വന്നപ്പോൾ വെളുത്ത്‌ തടിച്ച ഒരാൾ. അയാൾ പുഞ്ചിരിക്കുന്നുണ്ട്‌.

“അറിയാമോ?‘ അയാൾ ചോദിച്ചു.

”ഇത്ര പെട്ടെന്ന്‌ മറന്നോ? ഞാൻ പെട്രോ“

”പെട്രോ“ അയാൾ ആവർത്തിച്ചു. മനഃപ്പാഠമാകാനെന്ന പോലെ.

ഡിസൂസ ശൂന്യമായ കണ്ണുകളോടെ നോക്കി.

”മറന്നതല്ല… ഓർക്കുന്നില്ല.“

”രണ്ടും തമ്മിൽ എന്ത്‌ വിത്യാസം?“

”മനസ്സിൽ എവിടെയോ ഉണ്ട്‌ പക്ഷേ ഫോക്കസ്‌ ചെയ്യാൻ കഴിയുന്നില്ല. ചിലപ്പോൾ തിരിച്ചെടുക്കാൻ സാധിച്ചേക്കും. മറന്നതാണെങ്കിൽ ഇത്രയും പോലും ഉണ്ടായിരിക്കില്ല.“

പെട്രോ…. പെട്രോ അയാളുടെ തുടർച്ചയായ ഓർമ്മപ്പെടുത്തൽ ചൊറിച്ചിലുണ്ടാക്കുന്നു.

എനിക്ക്‌ നിന്നെ അറിയാമെന്ന്‌ സമ്മതിക്കാം ഇനിയും ആവർത്തിക്കാതിരിക്കുമെങ്കിൽ.

നീ ആരുമായിക്കോട്ടെ വരവിന്റെ ഉദ്ദേശം എന്താണ്‌? വടക്കൻപാട്ടിലെ വീരൻമാരെപ്പോലെ ചോദിക്കാം. വന്നത്‌ ക്ഷേമം തിരക്കാനോ അതോ കിടപ്പ്‌ കണ്ടാസ്വദിക്കാനോ?

ഡിസൂസ പിടഞ്ഞു. മനസ്സിൽ സലാല നിറയുന്നു. നാശം ഒന്നുപോയിത്തരാമോ… അലർച്ചയിൽ കമ്പനം കൊണ്ട ഞരമ്പുകൾ വേദന ചുരത്തി.

”റിലാക്‌സ്‌… ഞാനിപ്പോൾ പോകുന്നു… പോകാം…പക്ഷേ വീണ്ടും വരും..“ അവൻ ചിരിച്ചുകൊണ്ട്‌ പറയുന്നു. ഭീഷണിയാണോ? എന്തോ ആകട്ടെ ഇപ്പോൾ വേണ്ടത്‌ നിന്റെ അസാന്നിധ്യമാണ്‌.

”നഴ്‌സ്‌…“ ഡിസൂസ മുരണ്ടു.

മാസിക വായിച്ചുകൊണ്ടിരുന്ന നഴ്‌സ്‌ ദേഷ്യത്തോടെ നോക്കി.

”എനിക്ക്‌ കക്കൂസിൽ പോണം.“

”ഇതെത്രാമത്തെ പ്രാവശ്യമാ.“

”എന്റെ വയർ ശരിയല്ലെന്ന്‌ രാവിലെ പറഞ്ഞതല്ലേ? പയ്യനോട്‌ വരാൻ പറയ്‌.“

നഴ്‌സ്‌ ദേഷ്യത്തിന്‌ കുറവൊന്നും വരുത്താതെ ബെല്ലമർത്തി. പയ്യൻ പാത്രവും പഞ്ഞിയുമായി വന്നു. അവന്റെ മുഖത്തും അരിശം കാണാമായിരുന്നു. ഒരേയാളുടെ മലം എത്ര തവണ കാണും അതും ഒരുദിവസം തന്നെ. അവന്‌ ദേഷ്യപ്പെടാൻ അവകാശമുണ്ട്‌.

കിടന്നുകൊണ്ടുളള ശോധന. അതിന്റെ സുഖം പോലും അനുഭവിക്കാനുളള ഭാഗ്യമില്ല. കഴിഞ്ഞെന്നറിയിച്ചപ്പോൾ പയ്യൻ ഒരു കോലിന്റെ അറ്റത്ത്‌ പഞ്ഞി ചുരുട്ടി ആസനം വൃത്തിയാക്കാൻ തുടങ്ങി. അരിശം തീർക്കുന്നത്‌ തന്റെ ചന്തിയിലാണെന്ന്‌ അയാൾ തമാശയോടെ ഓർത്തു. ഓട കഴുകുന്നതുപോലെയാണ്‌ അവന്റെ പ്രയോഗം.

സലാലയിൽ ചെന്നിറങ്ങുമ്പോൾ അറിയാമായിരുന്നു. ഇനിയുളള ജീവിതം അത്രയ്‌ക്കൊന്നും സുഖകരമാവില്ലെന്ന്‌. ഉദ്യോഗമാണല്ലോ വലുതെന്ന ചിന്തയിൽ മനസ്സിനെ കുരുക്കിയിട്ടു ആദ്യം തന്നെ. കൂടുതൽ സമയം ജോലിയിൽ ചിലവഴിച്ചു. മനസ്സിനെ മേയാൻ വിടരുതെന്നേയുണ്ടായിരുന്നുളളൂ. കൂടുതൽ ചിന്തിക്കുമ്പോഴാണല്ലോ പ്രയാസം തോന്നുക. സ്വപ്‌നം കാണാതിരിക്കാനും പരിചയക്കാർ ഉണ്ടാകാതിരിക്കാനും ആഗ്രഹിച്ചു. അധോലോകനായകന്മാരുടേത്‌ പോലെ ആൽഫ്രെഡ്‌ ഡിസൂസ എന്ന പേരുമായി ഉളളിലൊതുങ്ങി ജീവിതം. പക്ഷേ അസാധ്യമായത്‌ എന്താണോ അത്‌ എന്നായിരുന്നു ഫലം. പരിചയക്കാർ ഉണ്ടായി വന്നു. ഒഴിവുസമയങ്ങൾ സന്ദർശനങ്ങൾ കൊണ്ട്‌ നിറഞ്ഞു. തേടിയെത്തിയവരേയും തേടിച്ചെന്നവരെയും ഒരുപോലെ സ്വീകരിക്കേണ്ടിവന്നു. പെട്രോ അവരിലൊരാളായിരുന്നു.

fuck da gal….drink da juice….fill thy life…with wine and whores…

ഇങ്ങനെയായിരുന്നു പെട്രോ. വേറൊന്നിനും അയാളടെ ജീവിതത്തിൽ സ്ഥാനമില്ല.

”അപ്പോൾ നിങ്ങൾക്ക്‌ അയാളെ അറിയാമോ?“

”അറിയാം.“

”പിന്നെന്തിനാ ഓർമ്മയില്ലെന്ന്‌ പറഞ്ഞത്‌?“

”നഴ്‌സ്‌ നഴ്‌സിന്റെ ജോലി നോക്കിയാൽ മതി.“ ഡിസൂസ കണ്ണടച്ച്‌ കിടന്നു.

പെട്രോയെ പരിചയപ്പെട്ടത്‌ ആശുപത്രിയിൽ വച്ചാണ്‌. സലാലയിലെ ആദ്യത്തെ പനിയെ നേരിട്ടുകൊണ്ട്‌ പുതച്ചുമൂടി കിടക്കുമ്പോൾ അയാളെ തൊട്ടരികിലെ കട്ടിലിൽ കിടത്തി. എന്നേക്കാൾ അവശനായിരുന്നു അയാൾ.

”ഹോപ്‌ലസ്‌ കേസാണ്‌… ഒരു പരീക്ഷണം മാത്രം.“ ഡോക്‌ടർ പറയുന്നത്‌ കേട്ടു.

ഗേളി എന്ന നഴ്‌സായിരുന്നു എന്നെ പരിചരിച്ചിരുന്നത്‌. ഡ്യൂട്ടി മാറുമ്പോൾ ഒരു തമിഴത്തി വരും. അവളെ എനിക്കിഷ്‌ടമല്ലായിരുന്നു. കാലൻ സ്‌ത്രീവേഷം കെട്ടിവന്നതുപോലെ. പക്ഷേ ഗേളി ചെറിയൊരു വിങ്ങലായി മനസ്സിൽ കിടന്നു.

”കുടിച്ച്‌ കുടിച്ച്‌ ഈ നിലയിലായി.“ ഗേളി പറഞ്ഞു.

”ആരാണയാൾ?“

”പെട്രോ. സലാലയിലെ ഒരു വന്യമൃഗം.“

കൂടുതൽ പറയാൻ ഗേളി തയ്യാറായില്ല. പക്ഷേ പെട്രോയുടെ കിടപ്പ്‌ കണ്ടപ്പോൾ വെറുപ്പ്‌ തോന്നിയതുമില്ല.

അന്നുതന്നെ അയാളെ തീവ്രപരിചരണമുറിയിലേക്ക്‌ മാറ്റി. പിന്നെ രണ്ട്‌ ദിവസം കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോൾ ചുറുചുറുക്കുളള ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. വന്നയുടനെ എന്റെയടുത്ത്‌ വന്ന്‌ പരിചയപ്പെട്ടു.

എന്തിനാ ഇങ്ങനെ മദ്യപിക്കുന്നത്‌? എന്റെ ശുദ്ധത ചോദിച്ചു.

അതിൽ അയാൾ തന്ന മറുപടിയാണ്‌ഃ fuck da gal….drink da juice…fill thy life…with wine and whores…

”ഗേളി എങ്ങനെയുണ്ട്‌?“

കുഴക്കുന്ന ചോദ്യം തന്നെ. ഗേളിയെപ്പറ്റി ആലോചിച്ചു തുടങ്ങിയിട്ടില്ല എന്നതാണ്‌ സത്യം. അവളെക്കുറിച്ച്‌ കൂടുതലായൊന്നും അറിയില്ലെന്ന പരിമിതി വേറെ.

”ഗേളി നല്ല കുട്ടിയാണെന്ന്‌ തോന്നുന്നു.“

”തോന്നുന്നു?“

പെട്രോയുടെ ഉദ്ദേശം മനസ്സിലായി. വാദിച്ച്‌ എനിക്ക്‌ അവളെ ഇഷ്‌ടമാണെന്ന്‌ സമ്മതിപ്പിക്കുക എന്നത്‌ തന്നെ. എന്നിട്ട്‌ അയാൾക്കെന്ത്‌ നേട്ടം? ഒരു പക്ഷേ അയാൾ അവളുടെ ആരെങ്കിലുമായിരിക്കുമോ?

”ആരുമല്ല അവൾ. എന്നെ വിശേഷിപ്പിച്ചത്‌ തന്നെ വന്യമൃഗം എന്നല്ലെ.“

പെട്രോ നിസ്സാരക്കാരനല്ല എന്ന്‌ മനസ്സിലായി. അയാൾ എല്ലാം കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നു. അപകടകാരി.

”പക്ഷേ ഞാനും ഒന്ന്‌ പറയാം. എനിക്ക്‌ അവളെ ഇഷ്‌ടമാണെന്ന്‌.“

”സീരിയസ്‌ ആയിട്ടാണോ.“

”nay, I just wanna fuck her. പക്ഷേ അതിന്‌ മാത്രമായി അവൾ സമ്മതിക്കുമെന്ന്‌ തോന്നുന്നില്ല.“

”ബി.പി. വളരെ ലോ ആണ്‌. സൂക്ഷിക്കണം. ഗേളി പറഞ്ഞു. ആശുപത്രിയിൽ നിന്നും പറഞ്ഞുവിടുന്ന നേരത്ത്‌ മരുന്നുകളുടെ വലിയൊരു പൊതി തന്നെയുണ്ടായിരുന്നു. പെട്രോ അപ്പോഴും ആശുപത്രിയിൽ തന്നെ.

തുടർന്നുളള ദിവസങ്ങളിൽ പെട്രോ ചെയ്‌ത മാന്ത്രികമായിരിക്കും ഒരു ദിവസം ഗേളിയുടെ ശബ്‌ദം കേട്ടപ്പോൾ അവിശ്വസനീയമായി തോന്നി.

അവൾ ഒരേ സമയം പെട്രോയെയും ഇഷ്‌ടപ്പെടാനുളള സാധ്യതയെ ഒരിക്കലും തളളിക്കളയാനാവില്ലായിരുന്നു. ഗേളിയെയല്ല പെട്രോയെയായിരുന്നു വിശ്വാസമില്ലാതിരുന്നത്‌.

അതിന്‌ കാരണം പെട്രോ തന്നെയായിരുന്നു. ഗേളിയുടെ സമ്മതത്തിന്‌ വഴിയൊരുക്കിയത്‌ താനാണെന്ന മട്ടിൽ സംസാരിച്ച പെട്രോ പ്രതിഫലം ആഗ്രഹിക്കുന്നുണ്ടെന്ന്‌ വ്യക്തമായിരുന്നു. പ്രതിഫലമായി അയാൾ ചോദിക്കുന്നത്‌ അയാളുടെ ആഗ്രഹപൂർത്തീകരണമായിരുന്നു.

അതിന്‌ കാരണം അവളുടെ മനസ്സ്‌ തന്റെ കയ്യിലാണ്‌ ചലിക്കുന്നതെന്ന്‌ കരുതുന്നുണ്ടെങ്കിലും തന്റെ മനസ്സിലിരിപ്പ്‌ പ്രകടിപ്പിക്കാൻ ധൈര്യമില്ല എന്നതായിരുന്നു.

ഡിസൂസ ഒന്ന്‌ ഞരങ്ങാൻ ശ്രമിച്ചു. കാരംബോർഡിൽ സ്‌റ്റ്രൈക്കർ തട്ടിയ കോയിനുകളെപ്പോലെ വേദന നാലുപാടും ചിതറി.

“നിങ്ങളോട്‌ ആരാണ്‌ ഈ മരുന്ന്‌ കഴിക്കാൻ പറഞ്ഞത്‌.” ഡോക്‌ടർ ചോദിക്കുന്നു. അയാളുടെ മുഖം ക്ഷുഭിതമായിരുന്നു.

കാരണങ്ങൾ തേടിപ്പോയാൽ അന്തമുണ്ടാകില്ല.

പെട്രോയുടെ ഇടപെടൽ ഇതുവരെ കണ്ടില്ലല്ലോയെന്നായിരിക്കും. അദൃശ്യനായി അയാൾ തന്റെ റോൾ കളിക്കുന്നുണ്ടായിരുന്നു. ഡിസൂസ തീർത്തും അവശനായി വീഴുന്ന അവസ്ഥയിലേയ്‌ക്ക്‌ വരിക. വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്നപോലെ തറയിൽ കിടക്കുന്ന ഡിസൂസയെ ആദ്യം കണ്ടത്‌ ഗേളി. ആശുപത്രിയിൽ എത്തിച്ചത്‌ പെട്രോ. അവർ രണ്ടുപേരും ഒരേ സമയത്ത്‌ ഒരേ സാഹചര്യത്തിൽ കാണപ്പെട്ടത്‌ ദുരൂഹം.

“ഞാനാരാണെന്ന്‌ മനസ്സിലായോ?”

നഴ്‌സ്‌ ചോദിച്ചു.

“ഗേളി” അയാൾ പറഞ്ഞു.

(തലപ്പാവ്‌ വച്ച നഴ്‌സ്‌ തെർമോമീറ്റർ കുടഞ്ഞു. ഒട്ടും ദയവില്ലാത്ത പെണ്ണായിരുന്നു അവൾ. വൈരാഗ്യം തീർക്കുന്നത്‌ പോലെയാണ്‌ ഇഞ്ചക്ഷൻ ചെയ്യുക. പണ്ടെങ്ങോ താനവളെ സ്‌നേഹിച്ചിരുന്നുവെന്ന്‌ അയാൾക്ക്‌ തോന്നി. ചിലപ്പോൾ… ആയിരിക്കും.)

“ഓഹ്‌ അപ്പോൾ മറന്നിട്ടില്ല അല്ലേ.”

“എങ്ങിനെ മറക്കാൻ. നീ മാത്രമാണല്ലോ മനസ്സിൽ… ആർക്കാണ്‌ തെറ്റുപറ്റിയത്‌?”

“ആർക്കും തെറ്റിയില്ല മരുന്ന്‌ മാറ്റിത്തന്നത്‌ ഞാനാണ്‌.”

“എന്തിന്‌ നീ അങ്ങിനെ ചെയ്‌തു?”

“പെട്രോ പറഞ്ഞിട്ട്‌.”

“പെട്രോ പറഞ്ഞിട്ട്‌ നീ അങ്ങിനെ എന്തിന്‌ ചെയ്‌തു?”

“അതിന്‌ മുമ്പൊരു ചോദ്യം… പെട്രോയും നീയും ഇരട്ടകളാണോ? നിന്നെയും പെട്രോയെയും കണ്ടാൽ ഒരേപോലെയിരിക്കുന്നു. നീയെന്ന്‌ കരുതി ഞാൻ പെട്രോയുമായി.”

“പെട്രോ എവിടെ?”

“അന്ന്‌ പെട്രോയാണെന്നും പറഞ്ഞ്‌ വന്നത്‌ നീയല്ലേ?”

“പെട്രോ എവിടെ?”

“കൊന്നു… ഉണ്ണിക്കണ്ണനെ പൂതന കൊല്ലാൻ ശ്രമിച്ചതെങ്ങിനെ അതേപോലെ… അയാൾ കണ്ണനല്ലാത്തത്‌ കാരണം ചത്തുപോയി.”

“പൂതന”

“എന്നെ കൊല്ലാത്തതെന്തുകൊണ്ട്‌?”

“നിന്നെ എനിക്കിഷ്‌ടമായതുകൊണ്ട്‌?”

“ഇവിടെ നിന്ന്‌ എഴുതിത്തന്ന മരുന്നുകൾ തന്നെയാണിത്‌.”

“ഒരിക്കലുമല്ല. ഇത്‌ ഉയർന്ന രക്തസമ്മർദ്ദമുളളവർക്ക്‌ കഴിക്കാനുളളതാണ്‌. അതും കൂടിയ ഡോസ്‌. നിങ്ങളുടെ ബിപി അപകടകരമാംവിധം കുറവായിരുന്നു. മനുഷ്യാ നിങ്ങൾ മരിക്കേണ്ടതായിരുന്നു.”

എന്തെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കാനുളള ശേഷി പോലും ഇല്ലായിരുന്ന ഡിസൂസ ഒന്നും മനസ്സിലാവാതെ ശൂന്യമായ കണ്ണുകളോടെ കിടന്നു.

ഗേളിയുമായി കിടക്ക പങ്കിടാനുളള അവസരം ആദ്യം ലഭിച്ചത്‌ ഡിസൂസയ്‌ക്കായിരുന്നു.

ആദ്യം എന്ന്‌ പറയേണ്ട ആവശ്യമില്ലായിരുന്നു. ഒരാൾ മാത്രം പങ്കെടുക്കുന്ന മൽസരത്തിൽ ആദ്യവും അവസാനവും ഇല്ല.

പക്ഷേ പെട്രോയുടെ ഇടപെടൽ ഏത്‌ നിമിഷവും ഉണ്ടാകാമെന്ന ഭയം അയാളെ മറിച്ച്‌ ചിന്തിപ്പിച്ചു.

ഗേളിയുമായി രണ്ടാമത്‌ ശാരീരികബന്ധം പുലർത്താൻ അവസരം ലഭിച്ചതും ഡിസൂസയ്‌ക്കായിരുന്നു. (അപ്പോഴും പെട്രോയുടെ സാധ്യത തളളിക്കളയാനാവില്ല). പക്ഷേ രണ്ടാമത്തെ മൽസരം നടന്നില്ല. മഴ കാരണം കളി നിർത്തിവച്ചു എന്നതുപോലെ കളി നിർത്തിവച്ചു. ഡിസൂസയ്‌ക്ക്‌ അത്യാവശ്യമായി അകലെയൊരിടം വരെ പോകേണ്ടിവന്നു.

സലാലയിൽനിന്നും അകലുന്നത്‌ അയാൾക്കിഷ്‌ടമല്ലായിരുന്നു. അതിലേറെ ഗേളിയെ അകന്നിരിക്കുന്നത്‌ സഹിക്കാൻ വയ്യായിരുന്നു. അയാൾ ഫോൺ കറക്കുക തന്നെ ചെയ്‌തു.

“ഞാനിപ്പോൾ വേറെയൊരിടത്താണ്‌ തേനേ.”

“ഹും ലോക്കൽ കാൾ തിരിച്ചറിയാൻ പറ്റാത്ത മണ്ടിയല്ല ഞാൻ.”

എങ്കിൽ അവൾ മണ്ടി തന്നെയെന്ന്‌ സ്ഥാപിക്കേണ്ടത്‌ അത്യാവശ്യമെന്ന്‌ വന്നതിനാൽ ഇന്ന സ്ഥലത്ത്‌ ഇന്ന സമയത്ത്‌ കാണാമെന്ന്‌ പറഞ്ഞ്‌ സംഭാഷണം അവസാനിപ്പിച്ചു. ആ ഇന്ന സ്ഥലത്ത്‌ താൻ എത്ര വിചാരിച്ചാലും ഇന്ന സമയത്ത്‌ എത്തിച്ചേരാനാവില്ലെന്നോർത്ത്‌ അയാൾ ചിരിച്ചു കുഴഞ്ഞു.

അടുത്ത ദിവസം വീണ്ടും അയാൾ വിളിച്ചു.

“ഞാൻ പറഞ്ഞില്ലേ തേനേ.”

“ശരി.. ഇപ്പോൾ നീ എവിടെയാ?”

“സലാലയിൽ”

“ഞാൻ വിശ്വസിക്കില്ല.”

“എങ്കിൽ ഞാൻ കട്ട്‌ ചെയ്യുന്നു. നീ എന്റെ നമ്പറിൽ വിളിക്കൂ. ഞാൻ ഇവിടെയില്ലെങ്കിൽ ഫോൺ എടുക്കുന്നത്‌ വേറെ ആരെങ്കിലുമായിരിക്കും.”

“നീ യുക്തിപൂർവ്വം സംസാരിക്കുന്നു.”

“ഞാനൊരു കലാകാരനാണെന്നും നീ പറഞ്ഞിരുന്നു.”

“എന്നെപ്പോലെ സുന്ദരിയെ കിടക്കയിൽ കിട്ടിയാൽ ആരും കലാകാരനായിപ്പോകും മോനേ.”

“ഞാൻ തോറ്റു.”

“എന്നിട്ടും നീ മരുന്ന്‌ മാറ്റിത്തന്നു.”

“നിന്നെയും പെട്രോയെയും കണ്ടാൽ ഒരേപോലെയിരിക്കുന്നു.”

“നീയെന്നെ കുഴക്കുന്നു.”

“നീ സ്വയം കുഴക്കുന്നതാണ്‌ പ്രിയനേ.”

ഡിസൂസ തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു. തിരിഞ്ഞുകിടന്നുയെന്ന്‌ മാത്രമല്ല, ഒട്ടും വേദന തോന്നിയതുമില്ല.

Generated from archived content: story1_june30_06.html Author: s_jayesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here