ജോസഫ് മരിച്ചുവെന്ന് കേട്ടപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല. എപ്പോഴോ അത് പ്രതീക്ഷിച്ചിരുന്നപോലെ. ഏതായാലും ദിവസത്തിന്റെ തുടക്കത്തിൽ തന്നെ അശുഭവാർത്ത കേട്ടതിൽ ഖേദം തോന്നി. അധികം വൈകാതെ പ്രഭാതകൃത്യങ്ങൾ തീർത്ത് മരണവീട്ടിലേക്ക് പുറപ്പെട്ടു. ഞായറാഴ്‌ച ആയതിനാൽ അവധിയെടുത്ത് കഷ്‌ടപ്പെടേണ്ട. ജോസഫ് എന്നും അങ്ങിനെയായിരുന്നു. ഏറ്റവും മോശം കാര്യങ്ങൾ പോലും ആർക്കും അസൗകര്യമില്ലാതെ ചെയ്യും.
അണക്കെട്ടിനപ്പുറത്ത് ആദിവാസികോളനിയുടെ അടുത്തായിരുന്നു അയാളുടെ വീട്. ബോട്ട് പുറപ്പെട്ടിരുന്നു ഞാനെത്തുമ്പോഴേക്കും. നദിയിലൂടെ ചാഞ്ചാടിക്കൊണ്ട് ഒഴുകുന്ന ബോട്ടിൽ അധികം പേരും മരണവാർത്ത അറിഞ്ഞെത്തിയവരാണ്. അവരുടെ മുഖങ്ങളിൽ ദുഃഖം നിഴലിട്ടിരുന്നു. ഒന്നും സംസാരിക്കാതെ തങ്ങളിൽത്തന്നെ മുഴുകിയിരിക്കുന്നവർ ജോസഫിനെപ്പറ്റി ഓർക്കുകയാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഞാനും ഓർക്കേണ്ടതായിരുന്നു; പക്ഷേ എന്തോ അതിന് കഴിഞ്ഞില്ല.
റബ്ബർ മരങ്ങൾക്കിടയിലൂടെ വേണം വീടെത്താൻ. തണൽ പൂണ്ട വഴിയിലൂടെ നടക്കുമ്പോൾ ഏറ്റവും ഭാഗ്യവാനായിരുന്നു ജോസഫ് എന്ന് തോന്നി. എന്തുകൊണ്ടോ വീടിന് മുന്നിലെ ആൾക്കൂട്ടം കണ്ടപ്പോൾ തിരിച്ച് പോകണമെന്ന് തോന്നി.
മുറ്റത്ത് സുഹൃത്തുക്കളും അയൽക്കാരും വിഷാദമനസ്‌കരായി നിൽക്കുന്നുണ്ടായിരുന്നു. ജോസഫിന് ബന്ധുക്കൾ ഉണ്ടായിരുന്നതായി എനിക്കറിയില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് സംഭാഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. അല്ലെങ്കിലും അയാളെപ്പോഴും അത്ഭുതമായിരുന്നല്ലോ എനിക്ക്.
പരിചയമുളളവർ ആരെങ്കിലുമുണ്ടോയെന്ന് നോക്കി. മൃതശരീരം കിടത്തിയിരിക്കുന്നത് അകത്തെ മുറിയിലാണ്. തീർച്ചയായും അവിടെ സ്‌ത്രീകളുടെ കൂട്ടമായിരിക്കും. ഭാഗ്യം, ഒരാളെ കണ്ടെത്തി. കേണൽ ഒരു മൂലയ്‌ക്ക് കുത്തിയിരിക്കുന്നത് കണ്ടു. സ്വതവേ അവശനായിരുന്ന കേണൽ ഒന്നുകൂടി കിഴവനായതുപോലെ തോന്നി. കലങ്ങിയ കണ്ണുകളോടെയും ചീർത്ത മുഖത്തോടെയും അയാൾ എന്നെ നോക്കി.
“അകത്ത് പോയി നോക്കിവരൂ” കേണൽ പറഞ്ഞു. എനിക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല. അകത്ത് ശവപ്പെട്ടിയിൽ കിടക്കുന്ന ജോസഫിനെ കണ്ടാൽ ഉറങ്ങുകയാണെന്നേ തോന്നൂ. ഒതുക്കിയ മുടിയിൽ രണ്ടുമൂന്നിഴകൾ വിശാലമായ നെറ്റിയിലേക്ക് വീഴ്‌ത്തിയിട്ട് താടി മനോഹരമായി കത്രിച്ച് സുന്ദരനായിരുന്നു ജോസഫ്. ചുണ്ടിൽ എപ്പോഴും കാണാറുളള പുഞ്ചിരി. തുടിക്കുന്ന മുഖം കണ്ടാൽ ഇപ്പോൾ കണ്ണുതുറന്ന് എഴുന്നേൽക്കുമെന്ന് തോന്നും. കറുത്ത കോട്ടും ടൈയ്യും പാന്റ്‌സും ധരിച്ചിരുന്നു അയാൾ. ആ കോട്ടിനെപ്പറ്റി ഓർക്കാതിരിക്കാൻ വയ്യ. ആദ്യത്തെ പ്രാവശ്യം ജോസഫിന്റെ വീട്ടിൽ പോയപ്പോൾ ആഹ്ലാദത്തോടെ കാണിച്ചുതന്നിരുന്നു ആ കോട്ട്.
“മാർത്തയെ വിവാഹം കഴിക്കുമ്പോൾ ഈ കോട്ടാണ് ഞാൻ ധരിച്ചിരുന്നത്.” സുഖസ്‌മരണയിൽ മുഴുകി അയാൾ പറഞ്ഞു.
“മാർത്തയെ എനിക്ക് കിട്ടിയതെങ്ങിനെയാണെന്ന് ചോദിക്ക്.” അയാൾ കുട്ടികളെപ്പോലെ പറഞ്ഞു.
“പ്രേമവിവാഹം?” ഞാൻ പറഞ്ഞു.
“ഒരുതരത്തിൽ….. പക്ഷേ നിങ്ങൾ കരുതുമ്പോലെയല്ല.”
“പിന്നെ?” ഞാനത് ചോദിക്കുമ്പോൾ മാർത്ത ഒരു പാത്രത്തിൽ കോഴിസൂപ്പുമായി വന്നു. ആ സൂപ്പിന്റെ രുചി പിന്നെയെത്ര പ്രാവശ്യം അറിഞ്ഞിരിക്കുന്നു. അവർ എന്നെ നോക്കി കളിയായി ചിരിച്ചു.
“1969 ൽ ആണെന്ന് തോന്നുന്നു” അയാൾ ആവേശത്തോടെ തുടർന്നു. “കപ്പൽ നിറയെ ചരക്കുകളുമായി പോർച്ചുഗീസിലേക്ക് പോയതായിരുന്നു ഞാൻ. ചരക്കിറക്കി തിരികെ വരാൻ കുറെ നാളുകളെടുക്കും. അത്രയും ദിവസങ്ങൾ തിന്നും കുടിച്ചും അലഞ്ഞുതിരിഞ്ഞും സമയം കഴിക്കും. അങ്ങിനെയൊരു ദിവസം വെറുതെ നടക്കുമ്പോൾ ഒരു കൊച്ചുവളളം തുഴഞ്ഞ് വരുന്ന ഇവളെ എനിക്കിഷ്‌ടമായി. കരയ്‌ക്കടുക്കുംവരെ കാത്ത് നിന്നു. അവൾ എന്നെ കണ്ട് നാണിച്ചുപോയി.”
“എന്നിട്ട്?” ഞാൻ പ്രോൽസാഹിപ്പിച്ചു. ഇടയ്‌ക്ക് മാർത്തയെ നോക്കുകയും ചെയ്‌തു.
“എന്നിട്ടെന്താ… എന്റെ ആഗ്രഹം ഞാനങ്ങ് പറഞ്ഞു. അവൾ സമ്മതിച്ചു. തിരിച്ച് വരുമ്പോൾ കപ്പലിൽ ഇവളുമുണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് ഞങ്ങളൊന്നിച്ചുളള ജീവിതം.” അപ്പോൾ എന്തോ ആലോചനയിൽ മുഴുകിപ്പോയി അയാൾ.
“എല്ലാം പുളുവാണ് കേട്ടോ ഞാൻ പോർച്ചുഗീസ് കണ്ടിട്ടേയില്ല.” മാർത്ത പറഞ്ഞു. അതൊന്നും ജോസഫ് കേൾക്കുന്നുണ്ടായിരുന്നില്ല. കോട്ട് തലോടിക്കൊണ്ട് അയാൾ സ്വപ്‌നത്തിൽ മുഴുകി.
“അതിന് ശേഷം എല്ലാ വർഷവും വിവാഹദിനത്തിൽ ഞാനീ കോട്ടണിയും.”
ആ കോട്ടാണ് ഇപ്പോൾ ജോസഫ് ധരിച്ചിരിക്കുന്നത്. തീർച്ചയായും ഒരു മണവാളന് ചേർന്ന രൂപത്തിലായിരുന്നു ശവപ്പെട്ടിയിലെ ജോസഫ്.
അധികനേരം അവിടെ നിന്നില്ല. സ്‌ത്രീകളുടെ കണ്ണുകൾ എന്റെ നേർക്ക് പതിയുന്നതിൽ അസ്വസ്ഥനായി പുറത്തേക്ക് നടന്നു. കേണൽ പഴയ സ്ഥാനത്ത് തന്നെയുണ്ടായിരുന്നു. മരണവീടുകളിൽ സ്ഥിരമായി ഉണ്ടാകാറുളള സംഭാഷണങ്ങൾ തന്നെയാണ് ഇവിടെയും. എനിക്ക് മടുപ്പ് തോന്നി. ഞാൻ ജോസഫിനെക്കുറിച്ച് മാത്രം ആലോചിച്ചു. അതാണ് ഉചിതമെന്ന് അപ്പോൾ തോന്നി. മരിച്ചവനെ ഓർക്കുക തന്നെയാണ് അയാളോടുളള സ്‌നേഹം പ്രകടിപ്പിക്കാനുളള ഏറ്റവും നല്ല മാർഗ്ഗം.
ഞാൻ ഇടയ്‌ക്കിടെ ജോസഫിനെ സന്ദർശിക്കുമായിരുന്നു. മിക്കവാറും അവധിദിവസങ്ങൾ അയാളുടെ വീട്ടിൽ വിരുന്നുണ്ടാകും. ജോസഫിന്റെ മദ്യവും പാട്ടും പിന്നെ മാർത്തയുടെ കോഴിസൂപ്പും താറാവിറച്ചിക്കറിയും. അങ്ങിനെ കൊഴുക്കുമ്പോൾ ജോസഫ് കഥകൾ പറയാൻ തുടങ്ങും. കപ്പൽകഥകൾ എന്നാണ് ഞാനതിനെ വിളിക്കുക. കടൽക്കൊളളക്കാർ സ്ഥിരം കഥാപാത്രങ്ങളായി വരുമായിരുന്നു. വീരസാഹസികകഥകൾ പറയുന്നതിനിടെ മച്ചിൻമുകളിൽ കൊണ്ടുപോകും. അവിടെ ദൂരദർശനികളും ഭൂപടങ്ങളും കൊണ്ട് നിറഞ്ഞിരിക്കും. പോരാതെ കപ്പലുകളുടെ ചെറിയ മോഡലുകളും വടക്കുനോക്കിയന്ത്രങ്ങൾ, കപ്പിത്താന്റെ തൊപ്പിയും ബൂട്ടുകളും പിന്നെ കുറെ പതക്കങ്ങളും കാണിച്ചുതരും. സമുദ്രത്തെക്കുറിച്ചുളള പുസ്‌തകങ്ങളുടെ നല്ലൊരു ശേഖരം തന്നെയുണ്ടായിരുന്നു.
എന്തൊരു ദിനങ്ങളായിരുന്നു അതെല്ലാം.
ജോസഫ് എലാക്കിലേയ്‌ക്ക് വന്നതിനുശേഷമാണ് ഞാൻ പരിചയപ്പെട്ടത്. കാടിനോട് ചേർന്ന് ചെറിയൊരു പായ്‌ക്കപ്പൽ പോലൊരു വീട്. കാടിന് നടുവിൽ ഒരു തടാകമുണ്ടായിരുന്നു. അധികമാരും അങ്ങോട്ട് പോകുക പതിവില്ല. എന്നാൽ ജോസഫ് എന്നും പോകുമായിരുന്നു. അതിരാവിലെ തന്നെ പങ്കായവും ഏന്തി നടക്കുന്ന ജോസഫ് ഒരു നിത്യകാഴ്‌ചയായിരുന്നു. തടാകത്തിൽ ഒരു കൊച്ചുവളളം തുഴഞ്ഞ് ചൂണ്ടയിടലായിരുന്നു അയാളുടെ വിനോദം. മീനുകളൊന്നും കിട്ടിയില്ലെങ്കിലും ചൂണ്ടയിൽ ഇരകൊളുത്തി കാത്തിരിക്കും.
സെമിത്തേരിയിലേക്ക് പോകാറായെന്ന് ആരോ പറഞ്ഞു. ശവപ്പെട്ടി എടുക്കാൻ സന്നദ്ധരായി നാലുപേർ വന്നു. സമയം വൈകിക്കാതെ ശവഘോഷയാത്ര സെമിത്തേരിയെ ലക്ഷ്യമാക്കി നീങ്ങി. കേണലും ഞാനും ഏറ്റവും പിന്നിലായി നടന്നു.
“എങ്കിലും എങ്ങിനെയാണ് മരണം സംഭവിച്ചത്?” ഞാൻ ചോദിച്ചു.
“തടാകത്തിൽ മുങ്ങിയാണെന്നാണ് കേട്ടത്. കണ്ടത് ഏതോ ആദിവാസിച്ചെക്കൻ ആയിരുന്നു.”
തടാകത്തിന് നടുവിൽ എത്തിയശേഷം ചൂണ്ടയിടുകയായിരുന്നു അയാൾ. പെട്ടെന്ന് കാറ്റും കോളും തുടങ്ങിപോലും. തടാകത്തിലെ വെളളം അലയടിച്ചു. തിരകൾ ഉയർന്നുതാണു. ക്ഷുഭിതമായ വെളളത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുമ്പോൾ അസാധാരണമായ ഒരു ചുഴി രൂപം കൊളളുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് കറങ്ങിക്കൊണ്ടിരിക്കേ പങ്കായവും നഷ്‌ടപ്പെട്ടു. വളളം മറിഞ്ഞു. അതെല്ലാം കണ്ട് ആ ചെക്കൻ ബോധംകെട്ട് വീണുപോലും. പിന്നെ ബോധം വന്നപ്പോൾ കരയ്‌ക്കടിഞ്ഞു കിടക്കുന്ന ജോസഫിന്റെ ശരീരം കണ്ടു.
“എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.” ഞാൻ പറഞ്ഞു.
“എന്താ?” കേണൽ നെറ്റി ചുളിച്ചു.
“നാവികനായിരുന്ന ജോസഫ് ഒരു തടാകത്തിൽ മുങ്ങിപോയെന്ന്.”
“നാവികൻ?” കേണൽ നെറ്റി ചുളിച്ച് ചോദിച്ചു. “അതിന് ജോസഫിന് നീന്തൽ അറിയില്ലായിരുന്നല്ലോ.”
Generated from archived content: story1_aug9_06.html Author: s_jayesh
Click this button or press Ctrl+G to toggle between Malayalam and English