ഭൂമിയുടെ ഉള്ളറിയാൻ മണ്ണു കുഴിക്കുന്ന കുട്ടിയെപ്പോലെയാണ് ആലങ്കോട് ലീലാകൃഷ്ണൻ. അദ്ദേഹം വള്ളുവനാടിന്റെ സാംസ്‌കാരികപ്പഴമതേടി നിളയുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുകയും വിസ്മയഭരിതങ്ങളായ അവിടത്തെ കാഴ്‌ചകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ഒരിക്കലും അവസാനിക്കാത്ത ഒരു യജ്ഞം.
അത്തരമൊരു യജ്ഞത്തിലൂടെ നിള നീർച്ചാലായിത്തീർന്ന ദുരന്തത്തിൽ നമ്മെ സാക്ഷികളാക്കിയത് അദ്ദേഹമായിരുന്നു. അതിന്റെ ഭാഗമായി മലയാളിയുടെ സാംസ്‌കാരികജീവിതം പൂത്തുലഞ്ഞ നിളയുടെ തീരത്തേക്ക് അദ്ദേഹം കേരളത്തെ എത്തിച്ചു. നിളയുടെ വറ്റിവരണ്ട മാർത്തട്ട് കാണിച്ചു തന്നിട്ട്, “ഈ പാപം ചെയ്തത് നാമൊക്കെയല്ലേ?” എന്ന് അദ്ദേഹം ചോദിച്ചു. അതിനു സമാനമായൊരു ഉദ്യമമാണ്, വള്ളുവനാടൻ പൂരക്കാഴ്‌ചകളിലൂടെ അദ്ദേഹം നടത്തുന്നത്. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങൾ അദ്ദേഹം ഒന്നൊന്നായി എടുത്തു പറയുന്നു. ആളും ആരവവും ഒഴിഞ്ഞ നിർജ്ജന ഭൂമിയായിത്തീരുന്ന ജീവിതം.
തലമുറകൾ പിന്നിടുകയും ജീവിതത്തെപ്പറ്റി പുതിയ കാഴ്‌ചപ്പാടുകൾ രൂപമെടുക്കുകയും ചെയ്യുമ്പോൾ അതിന് വളമായിത്തീരേണ്ട പാരമ്പര്യം കൈവിടുന്ന ഒരു ജനവിഭാഗത്തിന് ഭാവിയെ നേരിടാൻ എന്താണ് നീക്കിയിരിപ്പായി ഉള്ളത്? അത്തരമൊരവസ്ഥയിൽ അല്ലേ, ജനപദങ്ങൾ മണലാരണ്യങ്ങളാകുന്നത്? മലയാളിയുടെ ജീവിതത്തിലും അതിനു സമാനമായ മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന ആശങ്കകൾ ആരെയാണ് പരിഭ്രാന്തരാക്കാത്തത്? അതിൽ നിന്നും ഉദ്‌ഭൂതമാകുന്ന ആകുലാവസ്ഥ ഈ ചെറുഗ്രന്ഥത്തെ കാലത്തിന്റെ ദിശാസൂചിയാക്കുന്നു. അതീവഹൃദ്യമായ ശൈലിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം മാഞ്ഞുപോയ മനോഹരമായ ഒരു കാലത്തെക്കുറിച്ചുള്ള സ്വപ്നം കാണലിനുപരി, നാം അറിഞ്ഞോ അറിയാതെയോ ‘ഹെയർ ലൂം’ നഷ്ടപ്പെട്ടതിലുള്ള വ്യഥയാണ് കേൾക്കുന്നത്.
വള്ളുവനാടൻ പൂരക്കാഴ്‌ചകൾ(ലേഖനങ്ങൾ), ആലങ്കോട് ലീലാകൃഷ്ണൻ, ഡി.സി. ബുക്സ്, ലേഖനങ്ങൾ, വില ഃ 40രൂ.
Generated from archived content: book1_june14_07.html Author: s_jayachandrannair