ദ ഗ്രേറ്റ്‌ ഗാന്ധി ഫാമിലി

മഹാത്മാഗാന്ധി കഴിഞ്ഞാൽ മഹത്തായ ഗാന്ധിയാരെന്നു ചോദിച്ചാൽ പ്രിയങ്കാഗാന്ധിയെന്നും അമ്മ സോണിയാഗാന്ധിയെന്നുമേ ഇന്ന്‌ കോൺഗ്രസുകാർ പറയൂ. ചിലർ മഹാന്മാരാകുന്നത്‌ വളരെ പെട്ടെന്നാണ്‌. നല്ല പ്രായത്തിൽ അച്‌ഛന്റെ ശരീരം ഛിന്നഭിന്നമാക്കാൻ കൂട്ടുനിന്ന നളിനിയെ ജയിലിൽ അങ്ങോട്ടു ചെന്നുകണ്ട്‌ അച്‌ഛനെക്കാളും ചേട്ടനേക്കാളും എന്തിന്‌, കൊല്ലേണ്ട വളർത്തിയാൽ മതിയെന്ന്‌ നീതിന്യായ വ്യവസ്ഥയോട്‌ കെഞ്ചിയ അമ്മയേക്കാൾ വലിയ ഗാന്ധിയായിരിക്കുന്നു ഇന്ന്‌ പ്രിയങ്ക. കഷ്‌ടം, അതീവസുന്ദരിയും യൂത്തുകോൺഗ്രസുകാരുടെ സ്വകാര്യ അഹങ്കാരവുമായ പ്രിയങ്കാ ഗാന്ധിയിൽ നിന്നും കെട്ടിപ്പിടിച്ചൊരു മുത്തം നഷ്‌ടപ്പെട്ടതിൽ രാജീവിനെ കൊല്ലാൻ മനുഷ്യബോംബായെത്തി സ്വയം പൊട്ടിത്തെറിച്ച തനുവിന്റെ ആത്മാവിന്‌ നഷ്‌ടബോധം തോന്നുണ്ടാകും.

എപ്പോൾ വേണമെങ്കിലും തീകൊടുക്കാൻ തയ്യാറാക്കിവച്ച അമിട്ടായിരുന്നു വെല്ലൂർ ജയിലിലെ കൂടിക്കാഴ്‌ച. ഗാന്ധികുടുംബവും നമ്മളുമടങ്ങു​‍ുന്ന സമൂഹം ജീവിക്കുന്നത്‌ വെളളരിക്കാ പട്ടണത്തിലല്ലാത്തതുകൊണ്ട്‌ അങ്ങനെ വിശ്വസിക്കാനേ തരമുളളൂ. രാജ്യത്തെ ഉന്നത സുരക്ഷാ സംവിധാനത്തിനകത്ത്‌ ജീവിക്കുന്ന പ്രിയങ്കാ ഗാന്ധി ആരുമറിയാതെ, രജിസ്‌റ്ററിൽ പേരുപോലും ചേർക്കാതെ ജയിലിൽ ചെന്ന്‌ അതും ഇന്ത്യയുടെ പ്രധാനമന്ത്രിയെ വധിച്ച ആളെ നേരിൽ കണ്ടുവെന്നാണ്‌ റിപ്പോർട്ട്‌. ഒരുമാസം മുമ്പു നടന്ന കൂടിക്കാഴ്‌ച പുറത്തുവരുന്നത്‌ നളിനിയുടെ വക്കീലിന്റെ ജൂനിയർ വിവരാവകാശ നിയമപ്രകാരം കൊടുത്ത ഹർജിയിലൂടെ. എന്തു ഭംഗിയുളള തിരക്കഥ. തന്നെ കൊല്ലാതെ വിട്ടതിന്‌ സോണിയയ്‌ക്ക്‌ നിരന്തരം കത്തുകളെഴുതിയ നളിനി സ്വമനസ്സാലെ ചെയ്‌ത ഉപകാരമോ അതോ ആരെങ്കിലും ചെയ്യിച്ചതാണോ എന്ന കാര്യത്തിലെ സംശയമുളളൂ.

വെറുപ്പിലും വിദ്വേഷത്തിലും അക്രമത്തിലുമൊന്നും താൻ വിശ്വസിക്കുന്നില്ല മഹാത്മാഗാന്ധിക്കു പഠിച്ചു തുടങ്ങുകയാണെന്നാണ്‌ പ്രിയങ്ക തട്ടിവിട്ടത്‌. പത്തുപതിനഞ്ച്‌ വർഷത്തിലേറെയായി നളിനി ജയിലിൽ കഴിയാൻ തുടങ്ങിയിട്ട്‌. കഴിഞ്ഞ പതിനഞ്ചു വർഷമായി ഇല്ലാത്ത വിചാരം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്ത സമയത്തുതന്നെ തോന്നിയത്‌ ഗാന്ധി കുടുംബത്തിൽ മാത്രം സംഭവിക്കുന്ന ചില പ്രത്യേക മാനസിക വ്യാപാരങ്ങളാവാം.

തങ്കപ്പെട്ട മനുഷ്യനായ തന്റെ അച്‌ഛനെ എന്തിനായിരുന്നു കൊന്നത്‌ എന്ന്‌ പ്രിയങ്ക കണ്ണീരൊഴുക്കി ചോദിച്ചതായാണ്‌ റിപ്പോർട്ട്‌. അച്‌ഛൻ ജീവിച്ചിരുന്നെങ്കിൽ ശ്രീലങ്കൻ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കുമായിരുന്നത്രെ. രാഹുൽ ഗാന്ധിയെ കടത്തിവെട്ടുന്ന ചരിത്രബോധം. എങ്കിൽ എൽ ടി ടി ഇയെ തുരത്താൻ ശ്രീലങ്കയിലേക്ക്‌ സേനയെ അയച്ചതിനു പകരം ഈ പണി നേരത്തെ ആകാമായിരുന്നില്ലേ എന്ന്‌ നളിനി ചോദിക്കാതിരുന്നത്‌ ഭാഗ്യം. രസച്ചരടു പൊട്ടിയേനെ.

അധികാരത്തിന്റെ കാര്യത്തിൽ അമ്മായിയമ്മയെ കടത്തിവെട്ടുന്ന വിത്താണ്‌ താനെന്ന്‌ സോണിയാഗാന്ധി തെളിയിച്ചു കഴിഞ്ഞതാണ്‌. ഭർത്താവു കൊല്ലപ്പെട്ടപ്പോൾ അധികാരവും വേണ്ട ഒരു മാങ്ങാത്തൊലിയും വേണ്ടെന്നു പറഞ്ഞ്‌ സെറിലാക്ക്‌ മാത്രം കഴിച്ചു വളർന്ന രണ്ട്‌ മക്കളേയും കൊണ്ട്‌ അടുക്കളയിലൊളിച്ചതാണ്‌ സോണിയാ ഗാന്ധി. മക്കളൊന്നു പറക്കമുറ്റിയപ്പോൾ അടിത്തറയിളകിയ പാർട്ടിയെ രക്ഷിക്കാനെന്ന പേരിൽ കോൺഗ്രസ്‌ പ്രസിഡന്റായി തിരിച്ചുവന്നതിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല അവർക്ക്‌. മദാമ്മാഗാന്ധി കോൺഗ്രസ്‌ പ്രസിഡന്റായതിന്റെ പേരിൽ വിളമ്പിവെച്ച കഞ്ഞിപോലും കുടിക്കാതെ വീടുവിട്ടിറങ്ങിപ്പോയ ശരദ്‌ പവാർ വരെ രാഹുൽ ഗാന്ധിക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. തൊഴുത്തിൽ കുത്തും പരദൂഷണവുമായി കഴിഞ്ഞിരുന്ന കോൺഗ്രസിനെ കുറച്ചൊക്കെ നന്നാക്കാൻ സോണിയാ ഗാന്ധിയുടെ രാഷ്‌ട്രീയ രസതന്ത്രത്തിനു കഴിഞ്ഞു എന്നത്‌ സത്യം. പാർട്ടിയുടെ പ്രസിഡന്റായും കേന്ദ്രമന്ത്രിസഭയുടെ കണ്ടക്‌ടർ സീറ്റിലുമായി പത്തുവർഷം പൂർത്തിയാക്കിയപ്പോൾതന്നെ രാജീവിന്റെ പ്രതിരൂപമായി രാഹുലിനെ ഇറക്കാനുളള എല്ലാ സ്‌ക്രിപ്‌റ്റും തയ്യാറാക്കിവച്ചിരുന്നു സോണിയ.

പ്രിയങ്ക ഒരു നല്ല സംവിധായകയുടെ റോളിൽ തുടക്കം മുതലേ തിളങ്ങിയിരുന്നു എന്നതിന്‌ ചരിത്രം സാക്ഷി. കോൺഗ്രസിന്റെ ഭാവി വാഗ്‌ദാനമായി മകൻ വേണോ മകൾ വേണോ എന്ന്‌ കോൺഗ്രസുകാർ കൺഫ്യൂഷനിലിരിക്കുമ്പോൾ തന്നെ കിരീടം രാഹുലിന്റെ തലയിൽ വച്ച്‌ കൈകഴുകിയതാണ്‌ പ്രിയങ്ക. വിദേശിപ്പെണ്ണുമൊത്ത്‌ ചുറ്റിയടിക്കുന്നതിൽ കവിഞ്ഞ്‌ ഒന്നും അജൻഡയിലില്ലാത്ത രാഹുൽ എന്ന കടുഞ്ഞൂൽ പൊട്ടനെ പിന്നാലെ നടന്ന്‌ രാഷ്‌ട്രീയം പഠിപ്പിച്ചത്‌ പ്രിയങ്കാ ഗാന്ധിയാണ്‌. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു റാലിക്കിടെ നഖം കടിച്ച്‌ നാണിച്ചുനിന്ന രാഹുലിനെ നോക്കിലും നടപ്പിലും രാജീവിനോട്‌ ഉപമിച്ചാണ്‌ അവർ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്‌. പ്രസംഗിക്കാൻ സ്‌റ്റേജിനു പിന്നിൽ നിന്ന്‌ തളളിവിടാൻ കുറേനാൾ പ്രിയങ്കയുണ്ടായിരുന്നു. മൈക്കുപിടിക്കാനുളള ധൈര്യം വന്നുചേർന്നപ്പോൾ ചരിത്രപരമായ മണ്ടത്തരങ്ങൾ എഴുന്നളളിച്ച്‌ വിമർശനം ചോദിച്ചു വാങ്ങിയപ്പോളാ​‍ും പ്രിയങ്ക രക്ഷക്കെത്തി. പ്രിയങ്കയുടെ തൊലിവെളുപ്പിന്റെ പുറത്തുമാത്രമാണ്‌ ചേട്ടൻ ചീമുട്ടയേറിൽ നിന്നു രക്ഷപ്പെട്ടിരുന്നത്‌.

രാഹുൽ നയിച്ച തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ തകർന്ന്‌ മണ്ണടിഞ്ഞത്‌ നമ്മൾ കണ്ടതാണ്‌. റോഡ്‌ ഷോകളിൽ പ്രതീക്ഷിച്ച ജനപങ്കാളിത്തം ലഭിക്കാത്തതും നാലുപേർ കേൾക്കാനിഷ്‌ടപ്പെടുന്നതൊന്നും ആ നാവിൽനിന്ന്‌ വരാത്തതും കാരണം വല്ലാത്ത ഒരു രാഷ്‌ട്രീയ ദശാസന്ധിയിലാണ്‌ രാഹുൽ വീണ്ടും ചെന്നു ചാടിയിരിക്കുന്നത്‌. മന്ത്രിസഭാ പുനഃസംഘടനയിൽ നിന്നും മാറ്റി നിർത്തി ഒരു കുഞ്ഞാടിന്റെ പരിവേഷം നൽകാൻ അമ്മമഹാറാണി ശ്രമിച്ചതിനു തൊട്ടുപിന്നാലെയാണ്‌ പ്രിയങ്ക – നളിനി കൂടിക്കാഴ്‌ച വിവാദമാകുന്നത്‌.

തെരഞ്ഞെടുപ്പു അടുത്ത ഈ വൈകിയ വേളയിൽ അദ്വാനി ചെയ്‌തതുപോലെ പുസ്‌തകങ്ങളെഴുതി വിവാദം സൃഷ്‌ടിക്കാൻ മാത്രമുളള അനുഭവസമ്പത്തോ സമയമോ അമ്മക്കും മക്കൾക്കുമില്ല. ഒരു പുസ്‌തകമെഴുതി വിവാദം സൃഷ്‌ടിക്കാൻ മാത്രം ത്രാണിയുളളവർ കോൺഗ്രസിലും അധികമില്ല. അഥവാ എഴുതിയാൽ തന്നെ ജന്മനാ അക്ഷരവൈരികളായ കോൺഗ്രസുകാർക്കുണ്ടോ എന്തെങ്കിലും മനസ്സിലാകുന്നു.

അച്‌ഛനെ കൊന്നവർക്കു മാപ്പു കൊടുത്ത അമ്മക്കും മകൾക്കും ധൈര്യമായി ഇനി പാരമ്പര്യ വോട്ടർമാർക്കുമുന്നിൽ ചെല്ലാം. ചുരുങ്ങിയത്‌ റായ്‌ബറേലിയിലെ സ്‌ത്രീകളുടെ കണ്ണീർ വോട്ടുകൾ കുറച്ചെങ്കിലും പെട്ടിയിൽ വീഴും. എന്തായാലും മൂക്കിൽ മാത്രമല്ല നോക്കിലും പ്രവൃത്തിയിലും ഇന്ദിരാഗാന്ധിയുടെ കൊച്ചുമോൾ തന്നെയാണ്‌ പ്രിയങ്കയെന്ന്‌ തെളിയിച്ചിരിക്കുന്നു. കാലം പ്രിയങ്കക്കു മാപ്പു കൊടുക്കട്ടെ.

ഒരു വിജനതയുടെ ആത്മാവിഷ്‌കാരം

പാർട്ടിക്കെതിരെ തിരിയുന്നത്‌ മാർക്‌സായാലും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകാർ വെറുതെ വിടില്ല. അജിതയുടെ കാര്യത്തിൽ സംഭവിച്ചത്‌ അതാണ്‌. പാർട്ടി പ്രതിപക്ഷത്തിരിക്കുമ്പോളും ഭരണപക്ഷത്തിരിക്കുമ്പോളും പാർട്ടിക്ക്‌ ഹിതകർമല്ലാത്ത പലതിനും പിന്നാലെ പോയി ദുഷ്‌പേരു സമ്പാദിച്ചിട്ടുണ്ട്‌ അജിത.

കുഞ്ഞാലിക്കുട്ടി എന്ന മുൻ വ്യവസായ മന്ത്രി ജന്മം കൊണ്ട്‌ ലീഗുകാരനാണെങ്കിലും കർമ്മം കൊണ്ട്‌ പിണറായി പക്ഷക്കാരനാണ്‌. സ്വന്തം പാർട്ടിക്കാരൻ മുനീർ പാർട്ടിയുടെ ലേബലിലും അല്ലാതെയും ഇന്ത്യാവിഷനുവേണ്ടി സംരംഭകരെത്തേടിയിറങ്ങിയപ്പോൾ കമ്മ്യൂണിസ്‌റ്റുപാർട്ടിയുടെ കൈരളി ചാനലിനുവേണ്ടി ഗൾഫിലും മറ്റും ഓടി നടക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. അതിനുളള പ്രത്യുപകാരമാണ്‌ അജിതയുടെ മകൾക്കു നേരെയും അഴിമതിക്കേസിൽ ഭർത്താവ്‌ യാക്കൂബിനെതിരെയും നടന്ന ആസൂത്രിത നീക്കം. വി എസ്‌ അച്യുതാനന്ദന്റെ ആശീർവാദത്തോടെ ബി ആർ പി ഭാസ്‌കർ ഉദ്‌ഘാടനം ചെയ്ത സമരത്തിനിടെ രാത്രി സമരപ്പന്തലിൽ പ്രക്ഷോഭകാരികൾക്കൊപ്പം ക്ഷീണിച്ച്‌ ഭർത്താവ്‌ ഹസ്സന്റെ തോളിൽ ചാരി ഇരിക്കുന്ന അജിതയുടെ മകൾ ഗാർഗിയുടെ ക്ലോസ്‌ ഷോട്ടെടുത്താണ്‌ കൈരളി വാർത്ത നൽകിയത്‌. ചങ്ങറ സമരത്തിന്റെ മറവിൽ അസാന്മാർഗിക പ്രവർത്തനങ്ങൾ നടക്കുന്നതായി പിറ്റേന്ന്‌ ദേശാഭിമാനിയും റിപ്പോർട്ടു നൽകി. പ്രതിപക്ഷത്തിരിക്കുമ്പോൾ വി എസിനൊപ്പം പല ജനകീയ സമരങ്ങൾക്കും പങ്കാളിയായിട്ടുണ്ട്‌ സാറാ ജോസഫും അജിതയുമൊക്കെ. പാർട്ടിയുടെ പിണറായി പക്ഷത്തിന്‌ തലവേദനയായതും അതു തന്നെയാണ്‌. എന്തായാലും പൊതുപ്രവർത്തകയുടെ കുടുംബത്തെ ഒന്നടങ്കം താറടിക്കുന്ന പാർട്ടിയുടെ ഈ നിലപാട്‌ വിമർശിക്കപ്പെടേണ്ടതാണ്‌.

രണ്ടുമൂന്നു വർഷം മുമ്പ്‌ തിരുവനന്തപുരത്തെ ഒരു പ്രമുഖ ക്ലബ്ബിൽ ഒരു ആഘോഷം നടക്കുന്നു. പരിപാടിക്കിടെ സ്‌ത്രീകളെ ആരോ കേറി ഉപദ്രവിച്ചു. ആ ഞരമ്പുരോഗിയെ സംഘാടകർ ഓടിച്ചിട്ടു പിടിച്ചു ക്ലബ്ബിനു തൊട്ടുമുന്നിലുളള ഓടയിൽനിന്ന്‌. കൈരളി ടിവി അടക്കമുളള മാധ്യമങ്ങൾ അവിടെ സന്നിഹിതരായിരുന്നിട്ടും കാര്യമായി ഒരു വാർത്തയും പുറത്തുവന്നില്ല. പിടികൂടിയവനെ ഒരു തരിപോലും പോറലേൽക്കാതെ വീട്ടിൽ കൊണ്ടുചെന്നാക്കി. ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ ചാനലിന്‌ ധാർമ്മികരോഷം പ്രകടിപ്പിക്കാമായിരുന്ന സംഭവമായിരുന്നു അത്‌. പക്ഷെ ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ വിവരമറിഞ്ഞേനേ. അന്ന്‌ മന്ത്രിയായില്ലെങ്കിലും കമ്മ്യൂണിസ്‌റ്റു പാർട്ടിയിലെ പ്രബലനായ ഒരു നേതാവിന്റെ മകനായിരുന്നു അത്‌. പേരുപറഞ്ഞില്ലെങ്കിലും നാടു നന്നാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചാനൽ ആ സംഭവമൊന്നു റിപ്പോർട്ടു ചെയ്യുകയെങ്കിലും വേണ്ടതായിരുന്നു.

കൊടിയേരിക്കല്ല്യാണം

പ്രമുഖരടക്കം ആറായിരം പേരാണ്‌ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്‌ണന്റെ മൂത്ത മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്തത്‌ എന്നാണ്‌ കണക്കുകൾ പറയുന്നത്‌. പാർട്ടി പത്രത്തിൽ നാട്ടിലെ എല്ലാവരെയും ക്ഷണിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പങ്കെടുത്ത പ്രമുഖരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ ബി ജെ പിയും യുവമോർച്ചയും പ്രസ്‌താവനകളിറക്കി. കല്ല്യാണ ചെലവു വഹിച്ചതും ഹാൾ ബുക്കുചെയ്‌തതും മെർക്കിംഗ്‌സ്‌റ്റൺ ഫെയിം സേവി മനോ മാത്യു ആയിരുന്നുവെന്നാണ്‌ ബി ജെ പി തെളിവു നിരത്തിയത്‌. വിദേശത്തുനിന്നെത്തിയ പ്രമുഖരുടെ പേരുകൾ വ്യക്തമാക്കണമെന്നാണ്‌ യുവമോർച്ച ആവശ്യപ്പെട്ടത്‌. എന്തായാലും പാർട്ടി അംഗങ്ങൾ ആഢംബരം കുറക്കണമെന്ന്‌ കാരാട്ടദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോൾ അതേ മാന്യദേഹത്തിന്റെ ആശീർവാദത്തോടെയാണ്‌ കൊടിയേരിക്കല്ല്യാണം പൊടിപൊടിച്ചത്‌. പാർട്ടിയിലെ പുതിയ പോളിറ്റ്‌ ബ്യൂറോ മെമ്പറുടെ മകന്റെ കല്ല്യാണത്തിനെതിരെയാണെങ്കിലും അല്ലെങ്കിലും വിവാഹ ധൂർത്തിനെതിരെ രംഗത്തിറങ്ങിയ ഡി വൈ എഫ്‌ ഐ യെ ചെമ്പട്ടു ഷാൾ പുതപ്പിച്ച്‌ അഭിനന്ദിക്കേണ്ടതാണ്‌.

Generated from archived content: power5.html Author: s_hariprasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English