പിണറായി വീണ്ടും പിണറായി തന്നെ

വീണ്ടും പിണറായി പാർട്ടിക്കുമേൽ ശക്തിയായി പതിച്ചു, ഇത്തവണ മിന്നൽ പിണറായി മാത്രമല്ല ഇടിമുഴക്കത്തോടൊപ്പം പെരുമഴയായാണ്‌ പെയ്തിറങ്ങിയത്‌. നാലാം തവണയും പിണറായി വിജയനല്ലാതെ വേറാരും പാർട്ടിയുടെ തലപ്പത്തുവരില്ല എന്ന്‌ എല്ലാവർക്കുമറിയാവുന്നതുകൊണ്ടുള്ള നിർവികാരതയാകാം വേണ്ടത്ര കൈയടി കൊടുക്കാൻ ആരും അത്ര ആവേശം കാണിക്കാഞ്ഞത്‌ എന്ന്‌ വേണമെങ്കിൽ ഔദ്യോഗികപക്ഷത്തിന്‌ ആശ്വസിക്കാം. പാർട്ടി വളരാൻ വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടു മര്യാദക്ക്‌ കണ്ണുപോലും തുറക്കാൻ വയ്യാതെ ഉറക്കംതൂങ്ങി നടക്കുന്ന പിണറായിക്കറിയാം കയ്യടിയിലൊന്നും വലിയ കാര്യമില്ല എന്ന്‌. അങ്ങനെയായിരുന്നെങ്കിൽ പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും കൈയടി വാങ്ങിയ വി.എസിന്‌ ഈ ഗതി വരില്ലായിരുന്നല്ലോ? പക്ഷേ തന്നെ വളർത്തി വലുതാക്കിയ ജനങ്ങളും അണികളും അതു ചെയ്യരുതായിരുന്നു. തനിക്കു കൈയടി തന്നില്ലെങ്കിലും വേണ്ടില്ല പാർട്ടിയുടെ എല്ലാമെല്ലാമായ വി.എസിനെ ഇങ്ങനെ അധിക്ഷേപിക്കരുതായിരുന്നു. നിങ്ങളെന്താ ഈ പാർട്ടിയെപറ്റി വിചാരിച്ചത്‌. പാർട്ടിയിലെ സീനിയറായ വി.എസ്‌ പ്രസംഗിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാനനുവദിക്കാതെ ബഹളം വെക്കുകയോ? കൈയടിക്കുകയോ? എന്തു തോന്ന്യാസമാണ്‌ നിങ്ങൾ കാട്ടിയത്‌? ഇതാണോ കമ്മ്യൂണിസ്‌റ്റുകാരന്റെ സംസ്‌കാരം. ഉള്ളിൽ കിടക്കുന്ന കള്ളിന്റെ ആവേശമാണിത്‌. തനിക്കു കൈയടി തരാതെ, കഴിഞ്ഞ രണ്ടുവർഷക്കാലമായി നിലക്കാതെ വി.എസിന്‌ കൈയടി കൊടുത്ത അണികൾക്കും ജനങ്ങൾക്കുമുള്ള ശാസനയായിരുന്നു ഇത്‌.

കോട്ടയത്ത്‌ പാർട്ടിസമ്മേളനത്തിനൊപ്പം പെയ്ത പിണറായിയുടെ ശകാരമഴ കൂടിയായപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാർട്ടിയുടെ ഭൂതവും വർത്തമാനവും ഭാവിയും എല്ലാം പൊതുജനത്തിന്‌ ഏകദേശം പിടികിട്ടി. പാർട്ടിയെന്നാൽ ജീവനാണെന്നു കരുതുന്ന പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു വലിയ വിഭാഗം ഇന്നും ജീവിച്ചിരിപ്പുണ്ട്‌. പാർട്ടിയെ സ്നേഹിക്കുന്നവരും പൊതുജനങ്ങളും വി.എസിനൊപ്പമാണ്‌. പിണറായി നയിക്കുന്ന പാർട്ടി നേതൃത്വം അണികളിൽ നിന്നും എത്രയോ അകന്നുപോയിരിക്കുന്നു. പിണറായിയും കാരാട്ടും പറഞ്ഞപോലെ അത്ര എളുപ്പത്തിൽ ഒറ്റസമ്മേളനം കൊണ്ട്‌ നുള്ളിക്കളയാവുന്ന തൊട്ടാവാടി മുള്ളല്ല വിഭാഗീയത. പിണറായി വിജയനും അച്യുതാനന്ദനും ഫാരിസ്‌ അബൂബക്കർമാരും കൈരളി ടി.വിയുമൊക്കെ ഉള്ളിടത്തോളം കാലം വിഭാഗീയത തുടരും. ജനങ്ങളും അണികളും തന്നോടൊപ്പം ഇല്ല എന്നു മനസ്സിലാക്കിയ പിണറായിയുടെ അസഹിഷ്ണുതയാണ്‌ കോട്ടയം ശാസനയിലൂടെ നമ്മൾ കണ്ടത്‌.

അതേസമയം ജനകീയാടിത്തറ വി.എസിനാണെന്ന്‌ എന്ന്‌ പി.ബി അംഗങ്ങളും അണികളും തെളിയിച്ച സമ്മേളനമായിരുന്നു അത്‌. വി.എസിന്‌ സീറ്റുകൊടുത്തത്‌ ജനങ്ങളുടെ ഇടയിലുള്ള പൾസ്‌ മനസ്സിലാക്കിയിട്ടാണെന്ന്‌ കാരാട്ട്‌ പറഞ്ഞതോടെ വി.എസ്‌ ചാടിക്കയറി അധികാരം പിടിച്ചെടുത്തുവെന്ന തരത്തിലുള്ള പിണറായി പക്ഷത്തിന്റെ പ്രചരണം വെറുതെയായി. ഒപ്പം പൊതുസമ്മേളനങ്ങളിലെല്ലാം സ്‌കോർ ചെയ്തത്‌ വി.എസ്‌ ആയിരുന്നു. പിണറായിയുടെ പ്രസംഗം ഒരുതരം അടിച്ചേല്പിക്കലായിരുന്നെങ്കിൽ വി.എസിന്റേത്‌ ജനങ്ങളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെയുള്ള ജനകീയപ്രസംഗമായിരുന്നു. പിണറായിയുടെ പ്രസംഗത്തിന്‌ അവിടവിടെ ചില സീൽക്കാരശബ്ദങ്ങളും കൈയടികളും മാത്രമേ ഉണ്ടായിരുന്നുള്ളു. കമ്മ്യൂണിസ്‌റ്റുപാർട്ടിയുടെ ചരിത്രത്തിൽ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തശേഷം ഇത്രയേറെ അണികളുടെ അവഗണന നേരിടേണ്ടിവന്ന ഒരു സെക്രട്ടറി ഉണ്ടായിക്കാണില്ല. ഇ.എം.എസും ചടയനുമടക്കം നിരവധി പ്രഗത്ഭർ ഇരുന്ന കസേര പിണറായി വിജയനെ പോലുള്ള പ്രത്യയശാസ്ര്തത്തെ കൂട്ടിക്കൊടുക്കുന്നവനു നാലാം തവണയും സമ്മാനിച്ചത്‌ എന്തടിസ്ഥാനത്തിലാണ്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അതും ജനങ്ങളുടേയും സാധാരണക്കാരനായ അണികളുടേയും പിന്തുണയില്ലാത്ത ഒരുവന്‌. നികൃഷ്ടജീവി, എടോ ഗോപാലകൃഷ്ണാ… തുടങ്ങി അവസാനത്തെ കള്ളുകടിയന്റെ സംസ്‌കാരം വരെയുള്ള പരാമർശങ്ങളിലൂടെ പാർട്ടി അണികളെ വരെ തനി താന്തോന്നികളുടെ ഭാഷയിൽ വിമർശിച്ച ഒരാൾ അലങ്കരിക്കേണ്ട സ്ഥാനമാണോ ഇതെന്ന്‌ കമ്മ്യൂണിസ്‌റ്റ്‌ ആചാര്യന്മാർ ഒന്നു ഇരുന്നു ചിന്തിക്കണം. അതും പാർട്ടി അണികളെ കള്ളുകുടിയന്മാർ എന്നും സംസ്‌കാരമില്ലാത്തവരെന്നും പരസ്യമായി വിളിച്ച്‌ അധിക്ഷേപിച്ച പിണറായി കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിപോലുള്ള ഒരു കേഡർ പാർട്ടിയുടെ തലപ്പത്ത്‌ ഇരിക്കുന്നത്‌ പാർട്ടിയുടെ ഗതികേട്‌ എന്നേ പറയാനാകൂ.

സത്യത്തിൽ പിണറായിയാണോ വലുത്‌ അച്യുതാനന്ദനാണോ വലുത്‌ എന്ന തർക്കത്തിനുത്തരം കാണുകയല്ലാതെ ബൃഹത്തായ അർത്ഥത്തിൽ ഒന്നും ചർച്ച ചെയ്യാത്ത ഒരു വലിയ വട്ടപ്പൂജ്യമായിരുന്നു കോട്ടയം സമ്മേളനം. കമ്മ്യൂണ്‌റ്റുപാർട്ടിക്കുവേണ്ടി ഒഴിഞ്ഞുവച്ച മുതലാളിത്തം, തൊഴിലാളി സംസ്‌കാരം, രക്തസാക്ഷി, വിപ്ലവവീര്യം, സാമ്രാജ്യത്വം തുടങ്ങിയ കേട്ടുമടുത്ത പ്രയോഗങ്ങൾ അവിടവിടെ കേട്ടു എന്നല്ലാതെ പ്രത്യയശാസ്ര്തപരമായ ഒരു ചർച്ചയും സമ്മേളനത്തിൽ നടന്നതായി അറിവില്ല. അതുകൊണ്ടുതന്നെ പിണറായിയടക്കമുള്ള മഹാരഥന്മാരുടെ പ്രസംഗം കോളജിൽ രാഷ്ര്ടീയം പഠിച്ചു തുടങ്ങിയ എസ്‌.എഫ്‌.ഐ നേതാവിന്റേതിനേക്കാൾ ഒട്ടും ഉയർന്ന നിലവാരം കാണിച്ചില്ല.

പക്ഷേ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അങ്ങനെ അല്ലായിരുന്നു. കോൺഗ്രസ്സ്‌, ബി.ജെ.പി എന്നീ രണ്ട്‌ ധ്രുവങ്ങൾക്കു പുറമേ മൂന്നാം മുന്നണി എന്ന മൂന്നാമതൊരു ധ്രുവം കൂടി വരണമെന്നും ഇന്ത്യ അമേരിക്ക ആണവകരാറിന്റെ ദുരന്തവശത്തെക്കുറിച്ചും ഇന്ത്യ ചാര ഉപഗ്രഹം വിക്ഷേപിച്ച്‌ പ്രഖ്യാപിത നയത്തിൽ നിന്നും വ്യതിചലിക്കുന്നതിനേക്കുറിച്ചും കാരാട്ട്‌ പ്രസംഗിച്ചു. കേരളത്തിലെ കമ്മ്യൂണിസ്‌റ്റ്‌ മഹാരഥന്മാരുടെ മാനസികനില വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗവേദി. കാരാട്ട്‌ വടിവൊത്ത ഇംഗ്ലീഷിൽ പ്രസംഗിക്കുന്നത്‌ ബേബി സഖാവ്‌ തന്നാലാവും പോലെ മലയാളത്തിലാക്കി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മന്ത്രി സുധാകരനടക്കമുള്ള മന്ത്രിമാരും പാർട്ടിമെമ്പർമാരും സദസ്സിലിരുന്ന്‌ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. വായ തുറന്നാൽ കൊടുങ്ങല്ലൂർ ഭരണിയെ തോൽപ്പിക്കുന്ന ‘വാങ്ങ്‌മൊഴിവഴക്കം’ എടുത്തു പ്രകടിപ്പിക്കുന്ന സുധാകരൻ സഖാവിന്‌ പാർട്ടിയോടുള്ള കൂറും ഭക്തിയും പ്രകടിപ്പിക്കുന്ന ചരിത്രപരമായ ഉറക്കമായിരുന്നു അത്‌.

അച്യുതാനന്ദന്റെ കോട്ടകൊത്തളങ്ങളെല്ലാം പിടിച്ചടക്കി വിജശ്രീലാളിതനായാണ്‌ പിണറായി സംസ്ഥാന സമ്മേളനത്തിനെത്തിയത്‌. അച്യുതാനന്ദന്റെത്‌ ഒറ്റയാൾ സമരമായിരുന്നു. മൂന്നാർ കൈയേറ്റത്തോടെ ഇടുക്കിയും ഒടുവിൽ എച്ച്‌.എം.ടി ഭൂമിയിടപാടോടെ എറണാകുളവും കൈവിട്ട്‌ തിരുവനന്തപുരത്തേറ്റ കടുത്ത ആഘാതവും സഹിച്ച്‌ വിഷണ്ണനായ വി.എസ്‌ പക്ഷേ പി.ബിയുടെ ദയയിൽ വെട്ടിനിരത്തലിൽ നിന്ന്‌ വലിയ പരിക്കൊന്നും പറ്റാതെ രക്ഷപ്പെടുകയായിരുന്നു. കാരാട്ടിനെയും യെച്ചൂരിയേയും കണ്ട്‌ നയം വ്യക്തമാക്കിയ അച്യുതാനന്ദനെ തള്ളിക്കളയുക അവർക്കും എളുപ്പമായിരുന്നില്ല. എന്തായാലും വിഭാഗീയത അവസാനിപ്പിക്കുമെന്ന്‌ കരുതിയാണ്‌ പിണറായി കരുക്കൾ നീക്കിയത്‌. അതിന്റെ അലയൊലികൾ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ കേട്ടുതുടങ്ങി. മലപ്പുറം സമ്മേളനത്തിൽ വിഭാഗീയത പ്രവർത്തനം നടത്തിയവരെ ശിക്ഷിക്കാത്തതടക്കം അന്നുമുതലിന്നുവരെയുള്ള എല്ലാ കാര്യങ്ങളുമെടുത്ത്‌ വി.എസിനെ കുത്തിനോവിക്കാനും പ്രതിക്കൂട്ടിലാക്കാനും ആവുന്നതു ശ്രമിച്ചു പിണറായി പക്ഷമെന്ന ഔദ്യോഗിക പക്ഷം. തന്റെ മന്ത്രിസഭയിലെ മന്ത്രിമാർക്കുനേരെ വിമർശനം വരുമ്പോൾ അവരെ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നതിനും വി.എസിനു കണക്കിനുകിട്ടി. ലാവ്‌ലിൻ കേസി​‍െൻ കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നയത്തിനോടുള്ള അമർഷം വ്യക്തമാക്കുന്നതായിരുന്നു ഈ ഓരോ വിമർശനങ്ങളും. ഒടുവിൽ തനിക്കുകിട്ടിയ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ ബലത്തിൽ വി.എസ്‌ പക്ഷത്തുള്ളവരെ പിണറായി പക്ഷം വെട്ടിനിരത്തുമെന്നായപ്പോഴാണ്‌ വി.എസ്‌ പത്തൊമ്പതാമത്തെ അടവുമായി കാരാട്ടിനു മുന്നിൽ വന്നത്‌. അങ്ങനെ വലിയ ഒരു വെട്ടിനിരത്തൽ സർക്കാരിനുള്ള മാർഗ്ഗരേഖയിൽ ഒതുങ്ങി. ചുരുക്കിപ്പറഞ്ഞാൽ വേലിക്കകത്തുള്ള അച്യുതാനന്ദന്‌ മറ്റൊരു വേലികൂടി പാർട്ടി സമ്മേളനം കെട്ടിക്കൊടുത്തു എന്നു സാരം.

പിണറായിക്കു ജന്മനായുള്ള ധാർഷ്ട്യവും മാടമ്പിത്തരവും തുടർന്നു കാട്ടാൻ പാർട്ടി സെക്രട്ടറി സ്ഥാനം നാലാം തവണയും ഏൽപ്പിച്ചു കൊടുത്തു എന്നതും അച്യുതാനന്ദനും കൂട്ടർക്കും വലിയ ആഘാതമേൽപ്പിക്കാതെ നിലവിലുള്ള സ്ഥാനമാനങ്ങളൊക്കെ തന്നെ തുടർന്നും നൽകി എന്നല്ലാതെ പാർട്ടി സമ്മേളനം വിപ്ലവകരമായ ഒരു തീരുമാനവും എടുത്തില്ല. ഒരുകാലത്ത്‌ കേരളത്തിലെ സി.പി.എമ്മിന്റെ എല്ലാമെല്ലാമായിരുന്ന കോടിയേരി ബാലകൃഷ്ണൻ എന്ന പേരിൽ ഒരാളുണ്ടായിരുന്നതായി പോലും പാർട്ടി സമ്മേളനത്തിൽ കേട്ടില്ല. ചിക്കുൻഗുനിയപ്രശ്നത്തോടെ തന്റെ ഭരണത്തിനു കീഴിൽ ആരോഗ്യരംഗം കുട്ടിച്ചോറാണെന്ന്‌ തെളിയിച്ച പി.കെ ശ്രീമതിക്കോ സ്വാശ്രയപ്രശ്നത്തോടെ വിദ്യാഭ്യാസരംഗം പരിഷ്‌ക്കരിച്ചു കുളമാക്കി കൈയിൽ തന്ന ബേബി സഖാവിനോ എച്ച്‌.എം.ടി ഭൂമിയിടപാടോടെ ഒരു നല്ല റിയൽ എസ്‌റ്റേറ്റ്‌ ബിസിനസുകാരനാണ്‌ എന്ന്‌ തെളിയിച്ച കരീമിനോ സമ്മേളനത്തിൽ ഒരു പരിക്കും പറ്റിയില്ല. വിഭാഗീയത എന്നൊന്നില്ല എന്നു തറപ്പിച്ചു പറയുമ്പോളും ഇരുപക്ഷവും അവർക്കു ഓശാന പാടുന്ന മാധ്യമപ്രവർത്തകരടക്കമുള്ളവരും സമ്മേളന വേദിക്കകത്തും പുറത്തും പരസ്പരം അമ്പെയ്തു കളിക്കുകയായിരുന്നു.

പാർട്ടിയെന്നുണ്ടായോ അന്നൊക്കെ വിഭാഗീയതയും ഉണ്ടായിട്ടുണ്ട്‌. തീവ്രനയം സ്വീകരിക്കണോ മൃദുനയം സ്വീകരിക്കണോ എന്നതായിരുന്നു ഒരുകാലത്തെ തർക്ക വിഷയം. പിണറായിയുടെ തലതൊട്ടപ്പന്മാർ വരെ വിഭാഗീയതയുടെ മുഖ്യവക്താക്കളായിരുന്നു. ചരിത്രത്തിൽ എങ്ങനെ സി.പി.എമ്മും സി.പിഐയും അടക്കം പേരുകേൾക്കാത്തതും കേട്ടതുമായ കമ്മ്യൂണിസ്‌റ്റുപാർട്ടികൾ ഉണ്ടായി എന്നു പരിശോധിച്ചാൽ വിഭാഗീയതയുടെ ആഴം നമുക്ക്‌ മനസ്സിലാക്കാം. പക്ഷേ അത്‌ ആശയങ്ങളുടെ പേരിലായിരുന്നു എന്നു മാത്രം. ഇന്നത്തെപോലെ കള്ളപ്പണക്കാർക്കും വിദേശകുത്തകകൾക്കും പണയംവച്ച പ്രത്യയശാസ്ര്തത്തിന്റെ പേരിലായിരുന്നില്ല. ഇന്ന്‌ പിണറായിയുടെ മുഖ്യ കിങ്കരനായ കറുത്തുതടിച്ച്‌ കഴുത്തിൽ സ്വർണ്ണമാലയിട്ടു നടക്കുന്ന ഇ.പി ജയരാജൻ പറഞ്ഞതുപോലെ പണ്ടത്തെപ്പോലെ കട്ടൻചായയും മുറിബീഡിയുമായി നടന്നാലൊന്നും പാർട്ടിക്ക്‌ ആളെ കിട്ടില്ല. ആ ബോധത്തിൽ നിന്നാണ്‌ കമ്മ്യൂണിസ്‌റ്റു പാർട്ടി പിണറായിയുടെ നേതൃത്വത്തിൽ കളംമാറ്റി ചവിട്ടിയത്‌. നെൽവയലുകളും തോട്ടങ്ങളും ഒന്നും ഇല്ലാതായ പുതിയ കാലത്ത്‌ പഴയ ലാത്തികൾ, തോക്കുകൾ, തൂക്കുമരങ്ങൾ മുദ്രാവാക്യം ലോക്കൽ സമ്മേളനങ്ങളിൽ മാത്രമൊതുക്കിയതും അതു കൊണ്ടു തന്നെ. പുതിയ കാലത്ത്‌ കോടികളിറക്കികളിക്കുന്ന തെരഞ്ഞെടുപ്പെന്ന അധികാര മാമാങ്കത്തിന്‌ തയ്യാറെടുക്കാൻ വൻ ബിസിനസ്സാകാരടക്കമുള്ള കാശുള്ള ആരും ആവശ്യമാണ്‌.

പക്ഷേ ഈ നയവുമായി പാർട്ടിയെ നയിക്കാൻ വി.എസ്‌ അച്യുതാനന്ദനെക്കൊണ്ട്‌ പറ്റില്ല. അദ്ദേഹം കാടും മലയും പുഴയും പൂങ്കാവനവും നിരങ്ങി പാവപ്പെട്ട ജനങ്ങളുടെ കൂടെ നടക്കുന്ന ആളാണ്‌. അദ്ദേഹത്തിന്‌ തൊഴിലാളികളെ സംഘടിപ്പിക്കാൻ ചിലപ്പോൾ പറ്റുമായിരിക്കാം. മുതലാളികളെ സംഘടിപ്പിക്കാൻ പറ്റുമോ? അതിന്‌ പിണറായിയിലുള്ള വിജയൻ തന്നെ വേണം. പിന്നെ സഹായത്തിന്‌ മൂന്നു ജയരാജന്മാരും വായിൽക്കൊള്ളാത്തതു പറയാൻ ഒരു ഐസക്കും വായിൽ തോന്നിയതു പറയാൻ സുധാകരനും വേണം. വേണമെങ്കിൽ സബ്‌സ്‌റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങാൻ കരീമുമാവാം. അതുകൊണ്ടാണ്‌ വി.എസും കൂട്ടരും മുഖ്യമന്ത്രിപ്പണിയും മറ്റ്‌ അടുക്കളപ്പണികളുമായി തുടർന്നാൽ മതിയെന്ന്‌ അവരങ്ങ്‌ തീരുമാനിച്ചത്‌. തന്ത്രമറിയാവുന്ന പിണറായി പക്ഷം ഈ പണി നന്നായി ചെയ്തു, ലോക്കൽ തലം മുതൽ സംസ്ഥാനതലം വരെ. വിപ്ലവം സമീപഭാവിയിൽ സംഭവിക്കില്ല എന്ന്‌ ബംഗാളിലെ പാർട്ടി വല്ല്യപ്പന്മാർ പറഞ്ഞ സ്ഥിതിക്ക്‌ ഇപ്പോൾ സ്വല്പം മൂലധന സമാഹരണമാകാം. വിപ്ലവം വരുമ്പോൾ അതിനു പിന്നാലെ പോകാം. വിപ്ലവത്തിനു അതും അനിവാര്യമാണല്ലോ? പിണറായിയെന്ന മുതലാളിയും ഒപ്പമുള്ള മെഷീനറികളും പറയുന്നത്‌ അനുസരിച്ച്‌ ജീവിച്ചോളണം സഖാക്കൾ എന്നൊരു ടോൺ ഉണ്ടായിരുന്നു പിണറായിയുടെ കോട്ടയം ശാസനത്തിന്‌ എന്നുകൂടി നമ്മൾ മനസ്സിലാക്കണം.

കാരാട്ടും പിണറായി മുതലാളിയും പറഞ്ഞതുപോലെ വിഭാഗീയത എന്നു പറയുന്ന കമ്മ്യൂണിസ്‌റ്റുപാർട്ടിയുടെ കാലിൽ തറച്ച മുള്ള്‌ എടുത്തുകളഞ്ഞതായി അച്യുതാനന്ദനും പ്രഖ്യാപിച്ചു. പക്ഷേ ഒരു ചെറിയ തിരുത്തുണ്ട്‌. ആശയസമരം തുടരും. ആശയ സമരമെന്നാൽ കേരളത്തിലെ കമ്മ്യൂണിസ്‌റ്റു പാർട്ടിയിലെ അപ്പോസ്തലന്മാർ തുടർന്നുവന്ന സാധനം. അതായത്‌ പാർട്ടിയിലെ പരിഷ്‌കരണവാദികളുടെ കോർപ്പറേറ്റ്‌വൽക്കരണത്തിനെതിരെ പരമ്പരാഗത വാദികൾ നടത്തിവന്ന സമരം തുടരുമെന്ന്‌ സാരം. വേണമെങ്കിൽ പി.ബിയിൽ ചെന്ന്‌ ശണ്‌ഠ കൂടും. തെരുവിലിറങ്ങും. ഇത്‌ കമ്മ്യൂണിസ്‌റ്റുപാർട്ടിയിൽ സ്വാഭാവികമാണെന്നാണ്‌ അച്യുതാനന്ദന്റെ മതം. ചുരുക്കിപ്പറഞ്ഞാൽ “മൂഷിക സ്ര്തീ വീണ്ടും മൂഷിക സ്ര്തീ തന്നെ” എന്ന്‌. പാർട്ടി സമ്മേളനം കഴിഞ്ഞതിന്റെ പിറ്റേദിവസം വി.എസ്‌ അച്യുതാനന്ദൻ തന്റെ നയം വ്യക്തമാക്കിയതോടെ പാർട്ടി സമ്മേളനത്തിന്റെ സമാപനദിവസം മലപോലെ വന്ന വിഭാഗീയത തുടച്ചുനീക്കി എന്ന അവകാശവാദം എലിപോലെ പോയ സ്ഥിതിയിലാണ്‌. പിന്നെ എന്തിനൊരു കോട്ടയം സമ്മേളനം.

വേലിയിൽ കിടക്കുന്ന പാമ്പും ഭാർഗ്ഗവനും

അറിഞ്ഞുകൊണ്ടാരെങ്കിലും വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത്‌ തോളത്ത്‌ വെക്കുമോ? വെളിയം ഭാർഗ്ഗവനായാൽ ചിലപ്പോൾ അതും ചെയ്തുകളയും. സി.പി.എമ്മുമായി ലയിച്ച്‌ ഇന്ത്യയിൽ ബി.ജെ.പിയേയും കോൺഗ്രസ്സിനേയും തകർത്തു കളയാമെന്നാണ്‌ എന്തിനും പോന്ന പിണറായി വിജയനോട്‌ വെറുമൊരു സി.പി.ഐക്കാരൻ മാത്രമായ വെളിയം ഭാർഗവൻ പറഞ്ഞുകളഞ്ഞത്‌. പാമ്പ്‌ നീർക്കോലിയോ രാജവെമ്പാലയോ ആകട്ടേ. പാമ്പ്‌ പാമ്പ്‌ തന്നെയാണെന്നതു വെളിയം മറക്കരുത്‌. ആശയസംവാദങ്ങളും ഭിന്നിപ്പും ഭിന്നിപ്പിനകത്ത്‌ ഭിന്നിപ്പും അഴിമതിയും എല്ലാമായി കോൺഗ്രസ്സിനേക്കാൾ കഷ്ടമായി നിൽക്കുന്ന പാർട്ടിയാണ്‌ സി.പി.എം. എന്നിട്ടും അത്തരമൊരു വിഴുപ്പിനെ കെട്ടിപ്പിടിച്ചു കിടക്കാൻ നാണമില്ലേ വെളിയം ഭാർഗ്ഗവന്‌. വെളിയത്തിന്റെ ആഗ്രഹം എന്തായാലും അതു നടക്കുന്ന കാര്യമല്ല എന്നാണ്‌ വല്ല്യേട്ടൻ പിണറായി പറഞ്ഞിരിക്കുന്നത്‌. രണ്ടു കൂട്ടരും എന്തുപറഞ്ഞാലും വെളിയത്തിന്റെ മനസ്സിലിരുപ്പ്‌ എന്താണെന്ന്‌ പൊതുജനത്തിന്‌ അറിയാം. കോട്ടയം സമ്മേളനത്തോടെ ഇവിടെ എന്തൊക്കെയോ സംഭവിക്കുമെന്നും അഥവാ സി.പി.എമ്മിൽ നിന്നും വല്ല കണ്ണിയും അറ്റുപോന്നാൽ സ്വീകരിക്കാമെന്നുമായിരുന്നു വെളിയത്തിന്റെ മനസ്സിലിരിപ്പ്‌. എൽ.ഡി.എഫിൽ ഒരുകാലത്ത്‌ അച്യുതാനന്ദൻ സഖാവിനോട്‌ കൂടുതൽ ആഭിമുഖ്യം വെളിയത്തിനായിരുന്നല്ലോ? പക്ഷേ കോട്ടയത്ത്‌ ഒന്നും സംഭവിച്ചില്ല, അതോടെ വെളിയവും നാവടക്കി. ഈ വയസ്സാം കാലത്ത്‌ വല്ല രാമനാമവും ജപിച്ചിരിക്കേണ്ട സമയത്ത്‌ ഓരോരുത്തരുടെ ഓരോ ആഗ്രഹങ്ങളേ….

Generated from archived content: power4.html Author: s_hariprasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English