അന്നം തരുന്നവരും അറുപതു ലക്ഷം വെറുതേ കൊടുക്കുന്നവനും മഹാത്മാവാണ്. ചോരയധികം ചിന്താതെ ആവശ്യത്തിന് തുണിപോലുമില്ലാതെ പട്ടിണി കിടന്ന് സ്വാതന്ത്ര്യം നേടിത്തന്നതുകൊണ്ടാണല്ലോ നമ്മൾ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാഗാന്ധി എന്നു വിളിക്കുന്നത്. പക്ഷേ എന്തു വിശുദ്ധ കർമ്മം ചെയ്തിട്ടാണാവോ സഖാവ് എം.എ ബേബി ചരിത്രത്തിലെ നാഴികക്കല്ലായ പാറപ്പുറം സ്ഥിതി ചെയ്യുന്ന നാട്ടിലെ വിജയന്റെ പീറപ്പയ്യനെ മഹാത്മാവിനൊപ്പം നിർത്തിയത്. ഗാന്ധിജിക്കും നെഹ്‌റുവിനും ജ്യോതി ബസുവിനും കാരാട്ടിനും വിദേശത്തു പഠിക്കാമെങ്കിൽ പിണറായിയുടെ മകനും പഠിക്കാമെന്നാണ് ബേബി സഖാവ് തട്ടിവിട്ടത്. ഉണ്ടചോറിന് ഇങ്ങനെയെങ്കിലും നന്ദി കാണിക്കണമല്ലോ എന്നായിരിക്കും ബേബിയുടെ ഭാഷ്യം. പണ്ട് പാർട്ടിയാപ്പീസിനു മുന്നിൽ വള്ളിനിക്കറുമിട്ട് സൈക്കിൾ ടയറും ഉരുട്ടി നടന്ന കാലത്തൊന്നും സംസ്‌കാരം, മാനവീയം, സ്വരലയം എന്നൊന്നും പറയാനുള്ള വഴക്കം നാവിനില്ലായിരുന്നല്ലോ. പല്ലുപോലും തേക്കാതെ നടന്നിരുന്ന ചെക്കനെ സംസ്ഥാനത്തിെൻ മുണ്ടുടുത്ത രണ്ടാമത്തെ വിദ്യാഭ്യാസമന്ത്രിയാക്കിയതും മഹാത്മാ പിണറായിയാണല്ലോ?. നെഹ്‌റു മുതൽ കാരാട്ടു വരെയുള്ളവർക്ക് ബേബിക്കും പിണറായിക്കും ഇല്ലാത്ത ഒന്നുരണ്ടു സാധനങ്ങളെങ്കിലുമുണ്ട് വിവരം, വിവേകം തുടങ്ങിയവ. അവരെല്ലാം അവരുടെ മേഖലകളിൽ തന്റേതായ വ്യക്തിത്വം ഉറപ്പിച്ചവരാണ്. സ്വാശ്രയപ്രശ്നത്തോടെ കേരളത്തിലെ വിദ്യാഭ്യാസം കുളം തോണ്ടിയ ബേബിക്ക് ഇതുരണ്ടുമില്ല എന്നു തെളിഞ്ഞതല്ലേ. ചെറുപ്പത്തിലെ തലയിലെ മുടി പോയി നര കയറിയെന്നുവച്ച് ചെറിയ വായിൽ വലിയ വർത്തമാനം പറയരുത്.
മക്കളുടെ തലവര ശരിയാവണമെങ്കിൽ നല്ല തന്തക്കു പിറക്കണമെന്നത് വിവേക് എന്ന പയ്യന്റെ കാര്യത്തിൽ വളരെ ശരിയാണ്. എന്തിനും പോന്ന പ്രകൃതക്കാരനും ജയരാജനെന്നും മറ്റും പേരുള്ള ഒരുപാടു റൗഡികളുടെ നേതാവുമായ പിണറായി വിജയന്റെയും കമലയുടെയും മകനായാണ് വിവേക് ജനിച്ചത്. അതുകൊണ്ടു തന്നെയാണ് ഗാന്ധിമുതൽ കാരാട്ടുവരെയുള്ള മഹാന്മാരുടെ ശ്രേണിയിലെ അവസാന മഹാത്മാവായി വാഴ്‌ത്തപ്പെട്ടതും. പിണറായി നാലു കുരക്കുമ്പോൾ പത്തുകുരക്കുന്ന ബുൾഡോഗ് സുധാകരനും വിവാദങ്ങൾ കടന്ന് പിണറായിയുടെ അടുക്കളയിലേക്ക് സഞ്ചരിച്ച പത്മനാഭനും വാഴ്‌ത്തിയ പയ്യൻ, എങ്ങനെയായാലും പിണറായി പക്ഷത്തിന്റെ മുഖ്യശത്രു, റാങ്കുകൾ വാരിക്കൂട്ടിയ രാജു നാരായണസ്വാമിയേക്കാൾ മിടുക്കനെങ്കിലുമാകണ്ടേ.
വിവേക് പിണറായി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ആ കോളേജിന്റെ പാരമ്പര്യം വച്ചുനോക്കുമ്പോൾ അധികമാർക്കും ലഭിക്കാത്ത മൂന്നാംക്ലാസ് എന്ന വലിയ റാങ്കുനേടിയാണ് ബി.കോം ബിരുദമെടുത്തത്. രണ്ടാം വർഷത്തിൽ അക്കൗണ്ടൻസിക്ക് നൂറിൽ ഇരുപത്തിമൂന്നു മാർക്ക്. അതും രണ്ടാം ചാൻസിൽ. പിന്നെ നേരെ ചെന്നത് കളമശ്ശേരിയിലെ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് മാനേജ്‌മെന്റ് സ്‌റ്റഡീസിൽ. രണ്ടാം ക്ലാസ്സ് ബിരുദവും മാറ്റും കാറ്റും പോക്കറ്റിൽ നിറയെ കാശുമുള്ളവർ മാത്രം പഠിക്കുന്ന കോളജ്. എന്നിട്ടും മൂന്നാം ക്ലാസ്സു മാത്രമുള്ള പിണറായി പുത്രന് പ്രവേശന പരീക്ഷപോലും എഴുതാതെ അഡ്‌മിഷൻ കിട്ടി. നല്ല തന്തയുടെ ഗുണം. ദരിദ്രരിൽ ദരിദ്രനായ പിണറായിയും ഭാര്യ കമലവും ജാമ്യം നിന്ന് നാലു ലക്ഷം രൂപ വായ്പയെടുത്ത് പഠിച്ച മകൻ സി ഗ്രേഡോടെ വിജയിച്ചു പുറത്തുവന്നു. അടുത്തവർഷം സാക്ഷാൽ വിവേക് പിണറായി ബിസിനസ് നടത്താൻ സിംഗപ്പൂർ പോയി. നോട്ട് ദ പോയിന്റ്. സിംഗപ്പൂർ കിഡ്‌നിക്കച്ചവടവും മറ്റും പൊടിപൊടിക്കുന്ന അതേ സിംഗപ്പൂർ. പക്ഷേ അവിടെ ബിസിനസ് ക്ലച്ചു പിടിക്കാതെ പിന്നെ നേരെ അബുദാബിയിലേക്ക്, അവിടെയും സ്ഥിതി തഥൈവ. അങ്ങനെ ഇല്ലതൂന്നിറങ്ങുകേം ചെയ്തു അമ്മാത്തൊട്ടെത്തിയതുമില്ല എന്ന സ്ഥിതി വന്നപ്പോഴാണ് അന്യനാട്ടിൽ ബർമ്മിംഗ്‌ഹാം എന്നൊരു യൂണിവേഴ്‌സിറ്റിയുണ്ടെന്നും അവിടെ ബിസിനസ് മാനേജ്‌മെന്റിൽ നല്ലൊരു കോഴ്‌സുണ്ടെന്നും കേട്ടത്.
പന്നിയാറിലും ചെങ്കുളത്തും പള്ളിവാസലിലുമൊക്കെ ഡാം നന്നാക്കാൻ കിടപ്പാടം പോലും പണയപ്പെടുത്തി പിച്ചച്ചട്ടിയെടുത്ത സമയമായിരുന്നതുകൊണ്ട് പിണറായി എറണാകുളത്തെ സ്‌റ്റേറ്റ് ബാങ്കിനെ തന്നെ സമീപിച്ചു. മകന് പഠിക്കാനുള്ള ഏഴുലക്ഷം നൽകണമെങ്കിൽ കലൂരിലെ ദേശാഭിമാനി തന്നെ ഈട് വേണമെന്നായി കണ്ണിൽ ചോരയില്ലാത്ത ബാങ്ക് മാനേജർ. ബേബിയേയും പത്മനാഭനേയും കൂട്ടരേയുമൊക്കെ വെല്ലുവിളിച്ച് അന്വേഷണത്തിനിറങ്ങിപ്പുറപ്പെട്ട സിന്റിക്കേറ്റ് പത്രലേഖകർക്ക് ഇത്രയുമൊക്കെയേ കണ്ടെത്താനായുള്ളൂ. ഇംഗ്ലണ്ടിലെ പഠനത്തിനും ചെലവിനും വേണ്ട ലക്ഷക്കണക്കിനു രൂപ ബാങ്ക് ലോണെടുത്തതാണോ മഹാത്മ ഫാരിസ് അബൂബക്കർ കൊടുത്തതാണോ അതോ കോഴ്‌സ് മൂന്നാം ക്ലാസ്സിൽ മാത്രം പാസ്സാകുന്നവർക്കു മാത്രം ലഭിക്കുന്ന ഏതെങ്കിലും സ്‌കോളർഷിപ്പ് കിട്ടിയതാണോ – പണം (എവിടെ) നിന്നു വന്നു എന്ന കാര്യം ചോദ്യചിഹ്‌നം. ഇപ്പറഞ്ഞതെല്ലാം നട്ടാൽ കുരുക്കാത്ത കള്ളമാണെന്ന് ഒറ്റവാക്കിൽ വെച്ചടിക്കാതെ ഒന്നോ രണ്ടോ ഫോൺകോളുകളെങ്കിൽ ചെലവാക്കാൻ സഖാവ് സ്വരാജിനോടും സുധാകരനോടും അപേക്ഷ.
തന്തയോ തന്തയുടെ തന്തയോ ആരെന്നു നോക്കിയാണ് മക്കൾ മഹാന്മാരോ മഹതികളോ ആകുന്നത് എന്ന കോൺഗ്രസ്സിന്റെ കീഴ്‌വഴക്കം സി.പി.എമ്മിലും വന്നു ചേർന്നിരിക്കുന്നു എന്നത് അത്യന്തം ലജ്ജാകരമാണ്. അതും സംസ്‌കാരമുണ്ടെന്ന് പകൽ വെളിച്ചത്തിൽ പറഞ്ഞു നടക്കുകയും പാതിരാക്ക് ഫ്രഞ്ചുകാരിപ്പെണ്ണിനൊപ്പം അന്തിയുറങ്ങണമെന്ന് ശാഠ്യം പിടിച്ചു കരയുകയും ചെയ്യുന്നവർ തന്നെ പറയുമ്പോൾ. ആശാൻ കുരക്കുമ്പോൾ പിന്നാലെ ഓരിയിടാനെങ്കിലും പപ്പനാഭനും ചിലപ്പോൾ അഴീക്കോടും എത്തുന്നുവെന്നത് ബേബി ഭരിക്കുന്ന സംസ്‌കാരിക കേരളത്തിന്റെ ശാപം.
വിനീതനായ കുഞ്ഞാലി
ഐസ്‌ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിയടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി ബഹുമാനപ്പെട്ട ഹൈക്കോടതി ശരിവച്ചു. കോടതി ഒന്നുകൂടെ പറഞ്ഞു. അജിത കുഞ്ഞാലിക്കുട്ടിയേക്കുറിച്ചുള്ള കേട്ടു കേൾവി വിശ്വസിച്ച് ഇറങ്ങിപുറപ്പെട്ടു. പോരേ പൂരം. കുഞ്ഞാലിക്കുട്ടി വിശുദ്ധൻ. ഇനി വിനീതനായ ഞാൻ എന്ന് ധൈര്യമായി പറയാം. അജിത എന്ന സ്ര്തീവാദി കുടിലബുദ്ധികളിൽ കുടിലബുദ്ധിയായ സമൂഹം വെറുക്കപ്പെടേണ്ടവരാണ്. അജിതയൊഴികെ അന്ന് ഐസ്‌ക്രീം കേസിനെതിരെ രംഗത്തുവന്നവരിൽ അധികമാരും പ്രതികരിച്ചു കണ്ടില്ല. അന്ന് ഈ പ്രശ്നത്തിന് പിന്നാലെ ഓടിനടന്ന വി.എസ് അച്യുതാനന്ദനോ സാംസ്‌കാരിക നായകരോ കൂടുതലൊന്നും മിണ്ടിയില്ല. റജീന പ്രശ്നത്തിന്റെ പേരിൽ അടിവാങ്ങിയ മാധ്യമപ്രവർത്തകർക്കും വാർത്ത രണ്ടോ മൂന്നോ കോളത്തിലൊതുക്കേണ്ടിവന്നു. വിനീതനായ ഞാൻ വീണ്ടും ജയിച്ചു.
നായനാർ മന്ത്രിസഭയുടെ കാലത്ത് കുഞ്ഞാലിയെ രക്ഷിച്ച അതേ പാർട്ടി ഭരിക്കുന്ന അവസരത്തിൽ ഇതിൽ കൂടുതലൊന്നും സംഭവിക്കില്ലല്ലോ? അന്ന് കേരളത്തിലെ തൊണ്ണൂറു ശതമാനം പേരും കുഞ്ഞാലിക്കുട്ടി ഒരു ഒന്നാം തരം കോഴിയാണെന്ന് വിശ്വസിച്ചിരുന്നതാണ്. ഉംറ നമസ്‌കാരം കഴിഞ്ഞ് കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ ശേഷമുള്ള സംഭവവികാസങ്ങൾ ബാക്കിയുള്ളവരേക്കൂടി അതു വിശ്വസിപ്പിച്ചു. എയർപോർട്ടിൽ തടിച്ചുകൂടിയ ലീഗുകാർ ദീപയെന്ന പത്രപ്രവർത്തകയെ ക്രൂരമായി തന്നെ മർദ്ദിച്ചു. പിന്നീട് കേരളമാസകലം പത്രപ്രവർത്തകരെ കുഞ്ഞാലിക്കുട്ടിയെ വച്ചോണ്ടിരിക്കുന്ന കള്ളഖദറുകാരുടെ പോലീസ് അടിച്ചൊതുക്കി. കുഞ്ഞന് ഒന്നും സംഭവിക്കില്ലെന്ന് പൊതുജനം അന്നേ വിധിയെഴുതിയതാണ്. കുറ്റിപ്പുറത്ത് കെ.ടി ജലീലിനോടും തോറ്റു പാർട്ടിയിലെ സ്ഥാനം പോയെങ്കിലും പൂർവ്വാധികം ശക്തിയോടെ കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നു. പാണക്കാട് തങ്ങൾക്ക് വയസ്സാം കാലത്ത് ഒരു ബീവിയെക്കൂടി ഉണ്ടാക്കിക്കൊടുത്തതോടെ കുഞ്ഞാലി പുലിയായി. റജീന വാടകക്കെടുത്ത ഭർത്താവിനൊപ്പം വയനാടൻ മല കയറി. ഐസ്‌ക്രീം ശ്രീദേവി പാണക്കാട്ടെ വീട്ടിൽ തങ്ങളുടെ മക്കളുടെ കല്ല്യാണത്തിനും ഇഫ്‌താർ പാർട്ടിക്കും കയറിയിറങ്ങിയ അതേ സ്വാതന്ത്ര്യത്തോടെ ഇന്നും വിഹരിക്കുന്നു. പൊതുജനം വീണ്ടും കഴുത.
ഐസ്‌ക്രീം കേസിൽ പ്രകടമായി രണ്ടു ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടം നായനാരുടെ കാലിൽ വീണ് കരഞ്ഞ് പ്രശ്നങ്ങൾ ഒതുക്കിത്തീർത്ത് കുഞ്ഞാലിക്കുട്ടി വിജയശ്രീലാളിതനായ ഘട്ടം. രണ്ടാമത്തേത് റജീന രംഗത്തുവന്ന് മാധ്യമങ്ങൾ ഏറ്റെടുത്ത് കുഞ്ഞാലിക്കുട്ടിയുടെ തൊലിക്കട്ടി പരീക്ഷക്കപ്പെട്ട ഘട്ടം.
കോഴിക്കോട് ബീച്ചിലുള്ള ശ്രീദേവിയുടെ ഐസ്‌ക്രീം പാർലർ ചുറ്റിപ്പറ്റി പെൺവാണിഭം നടക്കുന്നുവെന്ന് കണ്ടെത്തിയതോടെ 1997 ഓഗസ്‌റ്റ് ആറിനാണ് കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നത്. പക്ഷേ അതിൽ ചാർജ്ജ് ഷീറ്റ് വരുന്നത് 2005 ഒക്ടോബറിൽ. ജനാധിപത്യരാജ്യമെന്ന് അഹങ്കരിക്കുന്ന നമ്മുടെ നാട്ടിൽ എട്ടുവർഷം സമയമെടുത്തു അതിന്. അന്നേ വിവരമുള്ളവർ പറഞ്ഞതാണ് ഈ കേസ് ഇങ്ങനെയൊക്കെയേ ആയിത്തീരൂ എന്ന്. എൽ.ഡി.എഫിലും യു.ഡി.എഫിലും ഒരേപോലെ പിടിപാടുള്ള കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർ നന്നായി കളിച്ചതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. കാട്ടുകള്ളനാണെന്നറിഞ്ഞിട്ടും കേരളത്തിലെ സംഘടനകൾ എത്രയെണ്ണം കുഞ്ഞാലിക്കെതിരെ രംഗത്തുവന്നു. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണമെന്ന് പറഞ്ഞ് ആദ്യഘട്ടത്തിൽ ശബ്ദമുയർത്തിയ ഏഷ്യാനെറ്റ് പോലും റെജീനയുടെ വെളിപ്പെടുത്തൽ മൂടി വെച്ചില്ലേ. ഒടുവിൽ കുഞ്ഞാലിയുടെ അതേ പാർട്ടിക്കാരനായ മുനീർ ചെയർമാനായുള്ള ഇന്ത്യാവിഷൻ തന്നെ വേണ്ടിവന്നു അത് കേരളം മുഴുവൻ എത്തിക്കാൻ. മേൽപറഞ്ഞ ചാനലിന്റെ തലവന്റെ പേര് മറ്റൊരു പീഡനകേസുമായി പറഞ്ഞുകേട്ട സമയമായിരുന്നു അത്. സംഭവിച്ചതെന്താണെന്ന് സ്പഷ്ടം. റജീനയെ കണ്ടുപിടിച്ചു കൊണ്ടുവന്ന ഏഷ്യാനെറ്റിലെ വനിതാറിപ്പോർട്ടർ നാഭിക്ക് ചവിട്ടുകിട്ടി വേദനകൊണ്ടു പുളയുമ്പോഴും ഉടൻ തിരിച്ച് ജോലിക്ക് കയറാൻ തലപ്പത്തു നിന്നും ഓർഡർ. ചാനലിൽ തിളങ്ങി നിന്ന റിപ്പോർട്ടറെ പിന്നെ ക്രമേണ കാണാതാകുന്നു. മൂല്യാധിഷ്‌ഠിത പത്രപ്രവർത്തനം തകധിമി.
മൊഴിമാറ്റിപ്പറഞ്ഞതിന്റെ പേരിൽ എല്ലാ മാസവും കുഞ്ഞാലിക്കുട്ടി നേരിട്ടോ ബന്ധു റഹൂഫ് വഴിയോ കൊടുത്തുകൊണ്ടിരുന്ന കാശ് കിട്ടാതെവന്നപ്പോളാണ് സത്യം പറയുന്നതെന്നു പറഞ്ഞ് രംഗത്തുവന്ന റജീന ജീവനുവേണ്ടി പത്രക്കാരെയും അജിതയെയും ഒരു നാലാംകിട വേശ്യയേക്കാളും മോശമായ സ്വരത്തിൽ അധിക്ഷേപിക്കുന്നത് കേരളം കേട്ടും വായിച്ചുമറിഞ്ഞു. റജീനയുടെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ കേസെടുക്കണമെന്ന് പറഞ്ഞ് പരാതി നൽകിയ പി.ജെ സെബാസ്‌റ്റ്യൻ എന്ന മാന്യൻ പരാതിയും പിൻവലിച്ച് പോക്കറ്റും നിറച്ച് അപ്രത്യക്ഷനായി. തന്റെ പതിനാറാം വയസ്സിലാണ് കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതെന്ന് റജീന പലതവണ വിളിച്ചു പറഞ്ഞെങ്കിലും അത് തെളിയിക്കാവുന്ന അവസാനത്തെ രേഖയായ റജീന പഠിച്ച കുറ്റിച്ചിറ സ്‌കൂൾ രജിസ്‌റ്ററിലെ പേജും കാണാതായി. പ്രതിപട്ടികയിൽ ഏഴോളം സ്ഥലത്ത് കുഞ്ഞാലിക്കുട്ടിയുടെയും ഡ്രൈവർ അരവിന്ദന്റെയും പേരുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ അതിൽ നിന്ന് ഒഴിവാക്കണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ (പ്രോസ്‌റ്റിറ്റ്യൂട്ടർ അല്ല) വരെ കോടിതിയോടാവശ്യപ്പെട്ടു. കേസ് കോടതിയിലെത്തിയപ്പോൾ വിനീതനായ കുഞ്ഞാലി കൂടുതൽ വിനീതൻ. യെവൻ പുലി തന്നെയാണ് കേട്ടാ…
വെളിയനും പത്തിവരും കാലം
പേരുകേട്ടാൽ അളിഞ്ഞ ഏതോ സാധനമാണെന്നു തോന്നുമെന്നേയുള്ളൂ. വെളിയൻ ആളു പുലിയാണെന്ന് നമ്മൾ മൂന്നാറിൽ കണ്ടതാണ്. ഇടക്കിടക്ക് മൂക്കിപ്പൊടി വലിച്ച് പുതുക്കിന് തവള കരയുമ്പോലെ ശബ്ദമുണ്ടാക്കി അധികമൊന്നും പ്രശ്നമുണ്ടാക്കാതെയിരുന്ന പഴയ കാലത്തെക്കുറിച്ച് ആൾക്ക് ഇപ്പോൾ ഓർക്കാനെ വയ്യ. മന്ത്രി കെ.പി രാജേന്ദ്രനും സി. ദിവാകരനും മാന്യന്മാണെന്നായിരുന്നു വെപ്പ്. ഇത് കലികാലമാണ് എല്ലാ ഞാഞ്ഞൂലുകൾക്കും പത്തി വരുന്ന കാലം. കൊടിയേരി പറഞ്ഞതുപോലെ നല്ല ഒന്നാം നമ്പർ തെണ്ടിത്തരമാണ് മേൽപ്പറഞ്ഞ നേതാക്കളും മന്ത്രിമാരുമെല്ലാം കൂടെ കാണിച്ചത്. വനിതാ പോലീസിനെ പരസ്യമായി ചെകിട്ടത്തടിച്ച ഏതോ ഒരുമ്പെട്ട പ്രവർത്തകയെ മുണ്ടും മടക്കിക്കുത്തി രണ്ടു മന്ത്രിമാരും വെളിയനും ചേർന്ന് ഇൻസ്പെക്ടറുടെ കുത്തിന് പിടിച്ച് മോചിപ്പിച്ചിരിക്കുന്നു. സത്യപ്രതിജ്ഞയുടെ ലംഘനമെന്നും മറ്റും പറഞ്ഞ് വല്ല്യേട്ടന്മാർ ബഹളം വച്ചിട്ടൊന്നും കാര്യമില്ല. സി.പി.ഐ അതല്ല അതിനപ്പുറവും ചെയ്യും. വെറുതെ പ്രഹസനത്തിന് എൽ.ഡി.എഫ് കമ്മറ്റികൂടുമ്പോൾ കാണിച്ചു കൊടുക്കാം എന്നൊന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടണ്ട. ഇതൊക്കെ കേരളം ഒരുപാട് കണ്ടതാണ്. കൂടിവന്നാൽ രാജേന്ദ്രന്റെയും ദിവാകരന്റെയും കുന്നിക്കു പിടിക്കാമെന്നും വെളിയത്തിനെ നോക്കി കണ്ണുരുട്ടാമെന്നും പറഞ്ഞ് കമ്മിറ്റി പിരിയും. ഇക്കാര്യം പറഞ്ഞ കൊടിയേരിയുടെ തൊലിക്കട്ടി സമ്മതിക്കണം. പണ്ട് മകൻ ബിനീഷ് കോടിയേരി പഠിക്കുന്ന കാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ കോടിയേരിയും ശിവദാസമേനോനും മുണ്ടും മടക്കിക്കുത്തി പോലീസിനെ വിളിച്ചു പറഞ്ഞതൊന്നും കേരളം മറന്നിട്ടില്ല. കാണ്ടാമൃഗത്തെ വെല്ലുന്ന തൊലിക്കട്ടി.
അച്ഛന്റെ മകൻ
പെരുവഴിയിൽ ഭിക്ഷ തെണ്ടുന്നവന് എന്തും പറയാം. അതാണ് കെ. മുരളീധരന്റെ അവസ്ഥ. എൻ.സി.പിയിൽ തുടരാൻ താല്പര്യമില്ലാത്തവർ രണ്ടു ദിവസത്തിനുള്ളിൽ സ്ഥലം കാലിയാക്കിക്കൊള്ളണമെന്ന് അന്ത്യശാസനവും കൊടുത്തു കഴിഞ്ഞു. എൻ.സി.പി വിട്ട് കരുണാകരൻ പുറത്തുപോകുന്നു എന്നു പറഞ്ഞപ്പോൾ ആദ്യം കാലുപിടിച്ചു. പുന്നീട് പോനാൽ പോഹട്ടും പോടാ എന്നായി. ഇപ്പോൾ അച്ഛൻ പോടാ എന്നാണ് പറച്ചിൽ. എൻ.സി.പിയിൽ കുഴപ്പമുണ്ടാക്കുന്ന ഒരുത്തനേം വെച്ചോണ്ടിരിക്കില്ല എന്നു പറഞ്ഞാൽ നമ്മൾ അച്ഛനൊഴികെ എന്നുകൂടി മനസ്സിൽ വായിച്ചോളണം. കരുണാകരനെ നോവിക്കരുതെന്ന് പവാർ പറഞ്ഞതല്ലേ, എന്തു ചെയ്യാം. പാർട്ടി പ്രവർത്തകനെന്ന് പറയാവുന്ന സിറിയക്ക് ജോണും കൂട്ടരും പാർട്ടി വിട്ടു അടുത്തു തന്നെ കോൺഗ്രസ്സിൽ ചേരും. ഉഴുന്നുവടയില്ലാതെ മസാലദോശമാത്രം എടുത്തോളാമെന്ന് മദാമ്മഗാന്ധി പറഞ്ഞുവത്രേ. കരുണാകരൻ ഇല്ലാത്ത വെറും ഉഴുന്നുവടയായ മുരളീധരനെ എൽ.ഡി.എഫിൽ എടുത്തോളും എന്ന് അച്ഛനും മകനും കരുതിയിരിക്കുകയാവും. കാത്തിരുന്നു കാണാം. മസാലദോശയുടേയും ഉഴുന്നവടയുടെയും ആജന്മശത്രുക്കളായ വെളിയവും കൂട്ടർക്കും പത്തിവെച്ച കാര്യം ഇടക്കെങ്കിലും ഓർക്കുന്നത് നന്ന്.
അഴീക്കോട് വീണ്ടും വിമർശിക്കപ്പെടുന്നു
കാശുകൊടുത്താൽ ആർക്കു വേണ്ടിയും ചീത്തവിളിക്കുമെന്ന് അഴീക്കോടിനെപ്പറ്റി പണ്ടേ ശത്രുക്കൾ പറയാറുള്ളതാണ്. കാശു കൊടുത്തിട്ടോ കൊടുക്കാതെയോ ഇപ്പോൾ പിണറായി വിജയനു വേണ്ടി കുഴലൂതാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് രസകരം. അതും ഖദറിട്ടുകൊണ്ട്. ഗാന്ധിയനാണെങ്കിൽ ഗാന്ധിയെപ്പോലെ നഗ്നപാദനായി നടക്കണമെന്നൊന്നുമില്ലല്ലോ. പണ്ടത്തെപ്പോലെ കമ്മ്യൂണിസ്‌റ്റുകാർ ഇപ്പോൾ കട്ടൻ ചായയും മുറിബീഡിയുമാണോ പിന്തുടരുന്നത്. എന്നാൽ അഴീക്കോട് കെ.എസ്.ആർ.ടി.സി ബസ്സിലെങ്കിലും യാത്ര ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?.
പ്രതികരണശേഷിയെക്കുറിച്ച് ഇടയ്്ക്കിടെ തട്ടിവിടാറുള്ളയാളാണ് അഴീക്കോട്. പ്രായമായതുകൊണ്ട് ആ ശേഷി നഷ്ടപ്പെട്ടതുകൊണ്ടാകാം ഇങ്ങനെ പറഞ്ഞ് തൃപ്തിപ്പെടുന്നത് എന്നൂഹിക്കാൻ ന്യായം കാണുന്നില്ല. പണ്ട് മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ അഴീക്കോടിനെ കള്ളനെന്നു വിളിച്ചതിനെതിരെ അഴീക്കോട് പറഞ്ഞത് തികഞ്ഞ ഒരു ഗാന്ധിയന് ചേർന്ന രീതിയിലായിരുന്നു. എന്നെ തെറിപറഞ്ഞ് ഒരു ചെറുപ്പക്കാരന് ജോലി കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്ന അഴീക്കോട് വചനത്തിന് അന്ന് കുഴപ്പമില്ലാതെ സർക്കുലേഷൻ ലഭിച്ചതുമാണ്. എന്നാൽ സുകുമാർ അഴീക്കോട് എന്ന വലിയ ബ്രാന്റിനെ മുന്നിൽ കണ്ട് എടുത്തു ചാടിയ കുറച്ചു ചെറുപ്പക്കാരുടെ ഗതികേടിനെ പറ്റി അഴീക്കോട് മാഷ് എവിടെയും ഒന്നും പറഞ്ഞു കണ്ടില്ല.
വർത്തമാനം ദിനപ്പത്രം അഴീക്കോടിന്റെ ദിനപ്പത്രം എന്ന നിലക്കാണ് പ്രചരിപ്പിച്ചു വന്നിരുന്നത്. വിവരമുള്ള ആരെങ്കിലും ആ പത്രം വാങ്ങിയിട്ടുണ്ടെങ്കിൽ തന്നെ അഴീക്കോടിന്റെ പേര് കണ്ടിട്ടാണുതാനും. പക്ഷേ അഴീക്കോട് എന്ന മഹാമനുഷ്യന്റെ പേരിൽ തുടങ്ങിയ പത്രം ക്രമേണ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന പണി നിർത്തി എന്നു മാത്രമല്ല ജീവനക്കാരുടെ പേരിൽ പേഴ്‌സണൽ ലോൺ എടുക്കുകയും ചെയ്തു. കമ്പനി തന്നെ തിരിച്ചടക്കാമെന്ന് വാഗ്‌ദാനവും നൽകി. സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ വിശക്കുമെന്നുള്ളതുകൊണ്ടും പട്ടിണികിടന്നാൽ മരിച്ചു പോകുമെന്നുള്ളതുകൊണ്ടും കുടുംബവും കുട്ടികളുമുള്ളതുകൊണ്ടും അന്നത്തെ ജീവനക്കാർ മിക്കവരും വർത്തമാനം വിട്ട് പുറത്തുപോയി. വർഷങ്ങൾക്കുശേഷം വക്കീൽ നോട്ടീസ് വന്നപ്പോഴാണ് അഴീക്കോടിന്റെ പഴയ ശിഷ്യന്മാർ അക്കിടി മനസ്സിലാക്കിയത്. പക്ഷെ ബാങ്കുവായ്പയുടെ പേരിൽ കടക്കെണിയിലായ ഇവർക്കെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാൻ സാക്ഷാൽ അഴീക്കോട് മാഷ് ഇതുവരെ തയ്യാറായിട്ടില്ല. മാഷു മാത്രമല്ല കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളധികമാരും ഒരക്ഷരം മിണ്ടിയില്ല. ഇതേപറ്റി ചോദിച്ചവരോടൊക്കെ വർത്തമാനം മാനേജ്‌മെന്റ് നല്ല തങ്കപ്പെട്ട മനുഷ്യരാണ്, മുതലാളി പി.വി അബ്ദുൾ വഹാബ് എന്നയാൾ മഹാത്മാഗാന്ധിയോളം തന്നെ ഉന്നതനാണ് എന്നൊക്കെയാണ് തട്ടിവിട്ടത്.
പ്രായം കൂടിയാൽ ചില മനുഷ്യൻ ഇങ്ങനെയാകും. പക്ഷേ അഴീക്കോടിനോളം നാറ്റക്കേസുകളായി മാറരുത്. രാഷ്ര്ടീയ പരമായുള്ള ചാഞ്ചാട്ടമൊക്കെ മനസ്സിലാക്കാം. പ്ലാച്ചിമടയിലും മറ്റും ഓടിനടന്ന് സമരം നടത്തിയ അഴീക്കോടിനെ അതിലെല്ലാമുപരി ഒരു മനുഷ്യാവകാശ പ്രവർത്തകനായിട്ടുകൂടിയാണ് കേരളം കണ്ടത്. കേരളത്തിലെ ഒരുപറ്റം ജേണലിസ്‌റ്റുകൾ ജപ്തി ഭീഷണി നേരിടുമ്പോൾ ശ്രീമാൻ അഴീക്കോട് വർത്തമാനം നൽകിയ ബലേനോവിൽ നാടൊട്ടുക്കും പറന്നു നടക്കുകയായിരുന്നു. ഒടുവിൽ അതു വിറ്റ് കാശാക്കി മഹാത്മാ അബ്ദുൾ വഹാബിന്റെ പുതുപുത്തൻ വണ്ടിയിലാണ് സഞ്ചാരം. പുതിയ വീട്ടിലേക്ക് റോഡുവരെ വെട്ടിക്കൊടുക്കാമെന്ന് മുതലാളിമാർ വാഗ്‌ദാനം ചെയ്തുകഴിഞ്ഞു. മനുഷ്യനായാൽ പറയുന്ന വാക്കിന് കുറച്ചെങ്കിലും വില വേണം. വള്ളിനിക്കറിടുന്ന പ്രായം മുതലേ മനുഷ്യന് പറഞ്ഞിട്ടുള്ള മറ്റൊരു സാധനമാണ് നാണം. ഇവ രണ്ടും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പാവം മലയാളികൾ വിശ്വസിക്കുന്നത്. അതു ശരിയാണെങ്കിൽ വഹാബ് വച്ചു നീട്ടിയതെല്ലാം വലിച്ചെറിഞ്ഞു സ്വതന്ത്രനായി വഞ്ചിക്കപ്പെട്ടവർക്കുവേണ്ടി നിലകൊള്ളാനാകുമോ മാഷിന്.
Generated from archived content: power3.html Author: s_hariprasad
Click this button or press Ctrl+G to toggle between Malayalam and English