വാളെടുത്തവർ…

തലയിൽ മുടിയില്ലാത്തവനും മുടിയുള്ളവരുമായ രണ്ടോ മൂന്നോ നേതാക്കളും എം.എൻ സ്മാരകത്തിലെ നാലു ബഞ്ചും രണ്ട്‌ മേശയും മൂന്നാറിലെ കുന്നുമ്പുറത്തെ ചെറ്റപ്പുരയുമാണ്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ എന്നു ധരിക്കരുത്‌. മൂന്നാർ രണ്ടാം ഭൂപരിഷ്‌ക്കരണ കാലത്ത്‌ കണ്ടതാണ്‌ സി.പി.ഐയുടെ ശക്തി. നാടു നന്നാക്കാൻ വാളു വേണോ വാക്കത്തി വേണോ എന്നു ചോദിച്ചാൽ വാക്കത്തി മതി എന്നു പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു സി.പി.ഐയ്‌ക്ക്‌. അത്‌ പണ്ട്‌. സി.പി.ഐയോട്‌ കളിച്ചാൽ അതേത്‌ കൊടികുത്തിയ അച്യുതാനന്ദൻ സഖാവായാലും ശരി വെച്ചേക്കില്ല. ഇതാണ്‌ സി.പി.ഐയിലെ മുടിയില്ലാത്തവരും മുടിയുള്ളവരുമായ മന്നന്മാർ ഏക സ്വരത്തിൽ പറയുന്നത്‌.

മൂന്നാറിൽ എല്ലുന്തിയ പന്ന്യനും പാർട്ടിയുടെ ബിനാമി കൺട്രോൾ യൂണിറ്റായ കെ.ഇ ഇസ്മയിലും വെളിയവും കൂട്ടരും വിഷയമുണ്ടാക്കുന്നതിനു മുമ്പുവരെ നെറികേട്‌ ഒത്തിരിയൊന്നും കാണിക്കാത്ത ഒരു പാർട്ടി എന്ന ഇമേജ്‌ സി.പി.ഐക്ക്‌ ഉണ്ടായിരുന്നു. അച്യുതമേനോനും പി.കെ.വിയുമടങ്ങിയ സൗമ്യരും മൂല്യബോധമുള്ളവരുമായ നേതാക്കൾ കെട്ടിപ്പടുത്ത ആ ഇമേജാണ്‌ മൂന്നാർ ദൗത്യത്തിന്‌ തുരങ്കം വെച്ചതോടെ തകർന്നു വീണത്‌. ആകെ മുങ്ങിയാൽ കുളിരില്ല അതാണ്‌ ഇപ്പോൾ സി.പി.ഐയുടെ തത്വം. മൂന്നാറു കണ്ട്‌ ഭയക്കാത്തവർ ഇപ്പോൾ പൊന്മുടി കണ്ട്‌ ഭയക്കണോ. മൂന്നാറിൽ പാർട്ടിയാഫീസിന്റെ മൂല ജെ.സി.ബി അപഹരിച്ചു എന്നതിന്റെ പേരിലാണ്‌ കോട്ടിട്ടയാളെയും അതിനു മുകളിലുള്ളയാളെയും പുലഭ്യം പറഞ്ഞത്‌. പിണറായി എന്നു കേട്ടാൽ ജന്മനാ വളിഞ്ഞ മുഖമുള്ള വെളിയത്തിന്റെ മുഖം ഒന്നുകൂടെ വളിക്കുമായിരുന്നു അന്നുവരെ. മൂന്നാറോടെ ഇരട്ടപെറ്റ സഹോദരങ്ങളായി രണ്ടുപേരും.

അങ്ങിനെയാണ്‌ സി.പി.ഐ പവർപൊളിറ്റിക്സ്‌ തുടങ്ങിയത്‌. മുന്നണിയിൽ മുണ്ടുപൊക്കി വരെ കാണിക്കാം. പുതുമഴക്കുമുമ്പെ തവള കരയുന്ന ശബ്ദത്തിൽ വെളിയത്തിന്‌ എന്തും പറയാം, ആരും ഒന്നും ചോദിക്കാൻ വരില്ലെന്ന അഹങ്കാരം ഉണ്ടായത്‌ അങ്ങനെയാണ്‌.

ഇത്തിരി വായിക്കും, കവിതയെഴുതും വേണ്ടിവന്നാൽ ചൊല്ലുകയും ചെയ്യുമെന്ന ഒരൊറ്റ അയോഗ്യതയേ ഒരു രാഷ്ര്ടീയക്കാരനെന്ന നിലയിൽ ബിനോയി വിശ്വത്തിനുള്ളൂ. അച്ഛൻ മന്ത്രിയായതു കൊണ്ടുമാത്രം മന്ത്രിയായ ചിലരെപ്പോലെയല്ല ബിനോയി. കേരളരാഷ്ര്ടീയത്തിൽ ഇതുപോലൊരു സ്വഭാവഗുണമുള്ള ചെറുപ്പക്കാരനെ ഇതിനുമുമ്പ്‌ കണ്ടിട്ടില്ല. പക്ഷേ ഭരണപരിചയമില്ല, അതുപയോഗപ്പെടുത്തി ചില ഉദ്യോഗസ്ഥർ മുതലെടുപ്പ്‌ നടത്തുന്നു. ടി.ജെ ചന്ദ്രചൂഡന്റെ വാക്ക്‌ മുഖവിലക്കെടുക്കേണ്ടതാണ്‌. സത്യമെന്തായാലും ആരോപണം വന്നു കഴിഞ്ഞാൽ അഴിമതിക്കാരനെന്ന ഇമേജ്‌ എ.പി.ജെ അബ്ദുൾകലാമിനായാലും കിട്ടും. അതാണ്‌ നമ്മുടെ നാട്ടിലെ ജനങ്ങളുടെ രാഷ്ര്ടീയ പ്രബുദ്ധത.

പൊന്മുടി ഭൂമി ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന്‌ സി.പി.ഐ പറയുന്നില്ല. സേവി മനോ മാത്യു കുറ്റക്കാരനല്ലെന്നും ഹെലിപ്പാഡ്‌ നിർമ്മിച്ചത്‌ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സി.പി.ഐ പറയുന്നില്ല. എല്ലാത്തിനും ഉത്തരവാദി യു.ഡി.എഫും സി.പി.ഐക്കാരല്ലാത്ത എല്ലാവരുമാണെങ്കിൽ വെളിയവും കൂട്ടരും എന്തിനു പേടിക്കണം. വനം മന്ത്രിയുടെ തടി കേടാകാതെ എങ്ങനെ വേണമെങ്കിലും അന്വേഷിക്കാമെന്ന്‌ മുഖ്യമന്ത്രി നേരിട്ടും അല്ലാതെയുമൊക്കെ പറഞ്ഞ സാഹചര്യത്തിൽ വെളിയം എന്തിന്‌ കേറി ഉടക്കണം. സേവി മനോ മാത്യു ചലച്ചിത്ര വികസന കോർപറേഷനിൽ ഇടതുപക്ഷ അംഗമെന്നതിൽ കവിഞ്ഞ ബന്ധമൊന്നും വെളിയവുമായി ഇല്ലല്ലോ? വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഭൂമിയില്ലെന്ന്‌ എഴുതിക്കൊടുത്ത തിരുവനന്തപുരത്തിലെ ഡെപ്യൂട്ടി കളക്ടറും ചീഫ്‌ സെക്രട്ടറിയുമൊന്നും വെളിയത്തിന്റെ അമ്മാവന്റെ മക്കളും പെങ്ങടെ കുട്ട്യോളുമൊന്നുമല്ലല്ലോ? പിന്നെന്തിന്‌ അന്വേഷണത്തെ ഭയക്കണം.

സ്വന്തം കൈയിലിരിപ്പും പാർട്ടിയുടെ കൈയിലിരിപ്പും കൊണ്ട്‌ സി.പി.ഐയുടെ നാലു മന്ത്രിമാരിൽ മൂന്നെണ്ണത്തിന്റെ നല്ല പേര്‌ കടലിൽ കുളിക്കാൻ പോയതാണ്‌. മന്ത്രിസഭയിൽ കാൽക്കാശിന്‌ കൊള്ളാത്ത മന്ത്രിയാര്‌ എന്ന്‌ ചോദിച്ചാൽ ആരെയും വെറുപ്പിക്കാത്ത ബിനോയ്‌ വിശ്വം വരെ മുല്ലക്കര രത്നാകരന്റെ പേരേ പറയൂ. സി. ദിവാകരന്‌ ധൂർത്തനെന്നു പേര്‌ വന്നത്‌ സ്വന്തം കുറ്റമല്ല കുടുംബത്തിന്റതു കൂടിയാണ്‌ എന്ന്‌ നമുക്ക്‌ ആശ്വസിക്കാം. സുമുഖനും സുന്ദരനും തലയിൽ ഡൈ ഉപയോഗിക്കാത്തയാളുമായ കെ.പി രാജേന്ദ്രന്റെ കുപ്പായത്തിൽ ചെളിപറ്റിയത്‌ മൂന്നാറിൽ കിടന്ന്‌ ഉരുണ്ടിട്ടാണ്‌.

വനം മന്ത്രി ബിനോയ്‌ വിശ്വം അന്ന്‌ കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. കണ്ടകശ്ശനി കൊണ്ടേ പോകൂ എന്ന അവസ്ഥയായി ബിനോയിക്ക്‌. സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള അവസരം കൂടിയാണ്‌ വെളിയവും ഇസ്മയിലും കൂടി കളഞ്ഞുകുളിച്ചത്‌. തെറ്റു കണ്ടാൽ അന്വേഷിക്കണം അതാണ്‌ മാന്യത. തന്റെ ഭാഗത്ത്‌ തെറ്റില്ലെന്ന്‌ ആണയിട്ടു പറയുന്ന ബിനോയ്‌ വിശ്വത്തിനറിയാം ആരൊക്കെയാണ്‌ ഇടയിൽ കിടന്ന്‌ കളിച്ചതെന്ന്‌. അതദ്ദേഹം തുറന്നു തന്നെ പറയുകയും ചെയ്തു. എന്നിട്ടും അന്വേഷണം വേണ്ട എന്ന നിലപാട്‌ അദ്ദേഹത്തെ ശാശ്വതമായി കളങ്കിതമാക്കുകയാണ്‌ ചെയ്യുക എന്ന സാമാന്യബുദ്ധി ഇടതുമുന്നണിയിൽ അച്യുതാനന്ദൻ കഴിഞ്ഞാൽ തലക്ക്‌ വെളിവുള്ളയാൾ എന്ന്‌ ജനങ്ങൾ ഇത്രനാളും വിശ്വസിച്ചിരുന്ന വെളിയത്തിന്‌ ഇല്ലാതെ പോയത്‌ കഷ്ടം. അതെങ്ങനെയാണ്‌ ഉണ്ടാകുക, കള്ളന്‌ കഞ്ഞിവെച്ചവൻ കെ.ഇ ഇസ്മയിൽ പിന്നിൽ നിന്ന്‌ കളിക്കുന്നിടത്തോളം കാലം.

ശ്രീമതിയുടെ ബെസ്‌റ്റ്‌ സമയം

ഒടുക്കത്തെ ഭാഗ്യമാണ്‌ മന്ത്രി ശ്രീമതിക്ക്‌. മന്ത്രിസ്ഥാനത്തു കയറിയതുമുതൽ ആ ഭാഗ്യമാണ്‌ ശ്രീമതിയെ രക്ഷിക്കുന്നത്‌. ആശുപത്രികളിൽ മിന്നൽ സന്ദർശനം നടത്തുക ഡോക്ടർമാരെ വിളിച്ച്‌ ചീത്ത പറയുക, എന്തെല്ലാം കസർത്തുകളായിരുന്നു. എസ്‌.എ.ടിയിൽ അണുബാധയേറ്റ്‌ കുഞ്ഞുങ്ങൾ മരിച്ചതോടെ ശ്രീമതിയുടെ വാക്‌വിലാസത്തിന്റെ ഗുണം പാർട്ടിയും മന്ത്രിസഭയും നന്നായി അറിഞ്ഞു.

ചിക്കുൻഗുനിയ പ്രത്യക്ഷപ്പെട്ടപ്പോൾ അങ്ങനെയൊരു രോഗമേ ഇല്ല, എൺപതുകഴിഞ്ഞ്‌ തട്ടിപ്പോകാറായ വല്ല്യപ്പൂപ്പനും വല്ല്യമ്മൂമ്മയും ചുമയും പനിയും പിടിച്ച്‌ തട്ടിപ്പോയാൽ ഓരോരോ ഇല്ലാത്ത പേരും പറഞ്ഞ്‌ തന്റേം മന്ത്രിസഭയുടേം തലയിൽ കേറാൻ വരും ഓരോ സിന്റിക്കേറ്റുകാർ എന്ന ഭാവമായിരുന്നു അവർക്ക്‌. എന്തു വൃത്തികേടു പറഞ്ഞാലും വാളും പരിചയുമായി ചുറ്റും നിന്ന്‌ പ്രതിരോധിക്കാൻ എന്തിനും പോന്ന തടിമാടന്മാരായ കുറേ ജയരാജ ശ്രീമാൻമാർ ഉണ്ടാകുമ്പോൾ ഏത്‌ പെണ്ണിനും എന്താണു പറഞ്ഞുകൂടാത്തത്‌. പക്ഷേ ആ നാവൊന്നും വി.ഐ.പി വിവാദം തലപൊക്കിയപ്പോൾ കണ്ടില്ല, ആളെ പോലും കണ്ടില്ല. ശ്രീമതിയെ വല്ല ടി.വി ക്യാമറക്കുമുന്നിലും കൊണ്ടു നിർത്തിയാൽ അച്യുതാനന്ദൻ മന്ത്രിസഭ തന്നെ താഴെ പോയേനെ, അതുകൊണ്ടാവാനും ജയരാജന്മാർ വി.ഐ.പി വിവാദകാലത്ത്‌ അഴിഞ്ഞാടിയത്‌. ഇതിലൊരു വായാടി ജയരാജൻ ചോദിച്ചത്‌ ‘ശാരിയെ ഗർഭിണിയാക്കിയത്‌ ശ്രീമതിയാണോ’ എന്നായിരുന്നു. എന്തൊരു വിനയം. പീഡിക്കപ്പെട്ട്‌ ദാരുണമായി കൊല്ലപ്പെട്ട ഒരു പാവം പെൺകുട്ടിയോട്‌ എന്തു ബഹുമാനം. ഇവരൊക്കെ വേണം നാടുഭരിക്കാനും പാരമ്പര്യമുള്ള ദേശാഭിമാനി പോലൊരു പത്രത്തിന്റെ തലപ്പത്തിരിക്കാനും. പരമയോഗ്യൻ.

എന്തൊക്കെയായിരുന്നു അച്ചുമ്മാമൻ പറഞ്ഞത്‌, ഇടതുസർക്കാർ അധികാരത്തിൽ കയറിയാൽ കിളിരൂർ കേസിലെ വി.ഐ.പിയെ പിടിക്കും കൈയാമം വെച്ച്‌ തെരുവിലൂടെ നടത്തിക്കും. ഒടുവിൽ കിളിരൂരും കവിയൂരുമൊക്കെ പറഞ്ഞ്‌ അധികാരത്തിലേറിയപ്പോൾ ദാ കിടക്കുന്നു. പവനായി ശവമായി.

ജെയ്‌ഹിന്ദ്‌ ടി.വിയിൽ വന്ന കിളിരൂർ പെൺകുട്ടി ശാരിയുടെ മാതാപിതാക്കളുമായുള്ള അഭിമുഖത്തിനു ശേഷമാണ്‌ സംഭവം വീണ്ടും തലപൊക്കുന്നത്‌. അതിൽ വി.ഐ.പി ആരോഗ്യമന്ത്രി പി.കെ ശ്രീമതിയാണെന്നു പേരെടുത്തു പറയുന്നു. പി.കെ ശ്രീമതിയായിരുന്നു ആ വി.ഐ.പിയെന്ന്‌ അവർ തന്നെ സമ്മതിക്കുന്നുണ്ട്‌, നേരിട്ടല്ലെങ്കിലും. ആശുപത്രിയിൽ ചെന്ന്‌ ശാരിയെ കണ്ടതും അവരെ കണ്ട്‌ ശാരി അസ്വസ്ഥയായതുമൊക്കെ ശ്രീമതി ടീച്ചർ തന്നെ പത്രസമ്മേളനത്തിൽ വിശദീകരിച്ചിട്ടുണ്ട്‌. ശ്രീമതിയുടെ സന്ദർശനത്തിനു ശേഷം കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതായും പിന്നീട്‌ ഗുരുതരമായി കുട്ടി മരിച്ചുവെന്നും ശാരിയുടെ മാതാപിതാക്കളും ഡോക്ടറും പറയുന്നു. ഡോക്ടറുടെ മൊഴി സാക്ഷ്യപ്പെടുത്തിയാണ്‌ അച്യുതാനന്ദൻ അന്ന്‌ പ്രസ്താവന ഇറക്കിയത്‌.

പണ്ടു പറഞ്ഞതുപോലെ അച്യുതാനന്ദന്‌ ഇന്ന്‌ അധികാരമുണ്ട്‌ എന്തേ പിടിച്ചുകെട്ടി കൈയാമം വച്ച്‌ നടത്തിക്കുന്നില്ലേ? പോട്ടെ പ്രഹസനത്തിന്‌ ഒരു ജുഡീഷ്യൽ അന്വേഷണമെങ്കിലും നടത്താമായിരുന്നില്ലേ. കിളിരൂർ പെൺകുട്ടിയെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നുവെന്ന്‌ തെളിയിക്കുന്ന മാതാപിതാക്കളുടെ അഭിമുഖമടങ്ങിയ ഗീതയുടെ 14 പേജ്‌ റിപ്പോർട്ടുമായാണ്‌ തൊട്ടടുത്ത ലക്കം മലയാളം വാരിക പുറത്തിറങ്ങിയത്‌. അതിൽ ശാരിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതുമുതൽ കൊല പൂർത്തിയാകുന്നതുവരെയുള്ള ചരിത്രമുണ്ട്‌.

എന്നിട്ടും അബലകളുടെ ദൈവമായ ശ്രീമാൻ വി.എസ്‌ അച്യുതാനന്ദൻ ഒരു ചെറുവിരലെങ്കിലും അനക്കിയോ? വി.എസിനെമാത്രം കുറ്റം പറയരുത്‌. പിണറായിയുമായുള്ള സ്‌റ്റാർ വാർ കഴിഞ്ഞ്‌ സസ്‌പെൻഷനും വാങ്ങിയ മുഖ്യമന്ത്രിക്ക്‌ ചില പരിമിതികളൊക്കെയുണ്ട്‌. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ വിവാദം അധികദിവസമൊന്നും മാധ്യമങ്ങളും പ്രതിപക്ഷവും കൊണ്ടാടിയില്ല. കാരണം പലതാണ്‌. ചാനൽ മുതലാളിയും ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥരും എം.പിയുമടക്കം നിരവധി പേർ ഇതിനു പിന്നിലുണ്ടെന്ന്‌ വിശ്വസ്തമായ തെളിവ്‌ തന്റെ കൈയിലുണ്ടെന്ന്‌ വി.എസ്‌ മുമ്പ്‌ പറഞ്ഞതോർക്കുക. ഒരു രാഷ്ര്ടീയ പ്രമുഖന്റെ മകനും അതിനും പിന്നിലുണ്ടത്രെ. അതു ഇടതുപക്ഷക്കാരന്റെ സന്തതിയായതുകൊണ്ടാകുമോ പാർട്ടിയുടെ സ്ഥിരം കലാപരിപാടിയായ ഭീഷണിപ്പെടുത്തലിന്‌ ശ്രീമതി ഓടിക്കിതച്ച്‌ ചെന്നത്‌. വി.ഐ.പിയുടെ പേരിലുള്ള വിവാദം വന്നതിനുശേഷം ഡി.വൈ.എഫ്‌.ഐക്കാർ എന്തിനാണ്‌ ശാരിയുടെ കുടുംബത്തെ സഹായിക്കുന്ന പരിപാടി നിർത്തി വർഗ്ഗശത്രുവായി പ്രഖ്യാപിച്ചത്‌. ശ്രീമതി ശാരിയുടെ അമ്മയുടെ ആൽബത്തിൽ നിന്നും പെൺകുട്ടിയുടെ ഫോട്ടോ കീറിയെടുത്ത്‌ പത്രക്കാർക്ക്‌ വിതരണം ചെയ്തത്‌ എന്തിനാണ്‌?

ഒരു പാവം കുട്ടിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ കാരണക്കാരിയെന്നാരോപിക്കപ്പെട്ട അങ്ങനെയൊന്നിനെ തന്നെ വേണം കേരളസംസ്ഥാനത്ത്‌ മന്ത്രിയായി വാഴിക്കാൻ, അതും ആരോഗ്യമന്ത്രിയായി. പത്രറിപ്പോർട്ടുകൾ പോലും തെളിവായി കണക്കാക്കി കേസെടുക്കുന്ന ഈ നാട്ടിൽ ശ്രീമതിക്കെതിരെ കേസെടുക്കാൻ ഇതിൽ കൂടുതൽ തെളിവ്‌ എന്തിന്‌? എന്തായാലും ശ്രീമതിയുടേത്‌ ബസ്‌റ്റ്‌ സമയം. കിളിരൂർ കത്തിനിന്ന സമയത്തല്ലേ പൊന്മുടി ബിനോയ്‌ വിശ്വത്തിന്റെ തലയിൽ വീണത്‌. അല്ലെങ്കിൽ കണ്ടേനെ. പ്രതിപക്ഷം പക്ഷേ ഒരു സമയത്ത്‌ ഒരാളുടെ തലയേ എടുക്കൂ, അതാണ്‌ ചരിത്രം. എന്തായാലും ശ്രീമതി വെയിറ്റിംഗ്‌ ലിസ്‌റ്റിലുണ്ട്‌.

ആരു മരിച്ചാലും കരയാൻ ചെല്ലുന്ന പാലാക്കാരുടെ സ്വന്തം മാണി, കിളിരൂർ പെൺകുട്ടി കിടക്കുന്ന അതേ വാർഡിൽ ഒരു ആക്സിഡന്റ്‌ കേസുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരുന്നിട്ടും ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്തില്ലത്രേ. ജനസേവകനായാൽ ഇങ്ങനെ വേണം. മാണി പോട്ടെ അന്നത്തെ മുഖ്യമന്ത്രി കുഞ്ഞൂഞ്ഞദ്ദേഹം പോലും തിരിഞ്ഞുനോക്കീല്ല. ഉമ്മൻചാണ്ടി കോട്ടയംവഴിയല്ല്യോ പുതുപ്പള്ളിക്ക്‌ പോകാറ്‌. ഒരു മൂന്നോ നാലോ കിലോ മീറ്റർ എം.സി റോഡിനങ്ങു നീട്ടി പിടിച്ചാല്‌ മാതാ ഹോസ്‌പിറ്റൽ വരെ ചെല്ലാമായിരുന്നല്ലോ. ഇപ്പോഴത്തെ പ്രതിപക്ഷത്തിനും അവരുടെ ആസനം താങ്ങുന്ന ജെയ്‌ഹിന്ദ്‌ ടീവിയെന്ന ചാപിള്ളക്കും എന്ത്‌ അവകാശമാണ്‌ ശാരി എന്ന വാക്കുച്ചരിക്കാനുള്ളത്‌. എന്തൊക്കെയായാലും ഒരു കാര്യം ഉറപ്പാണ്‌, വെറുമൊരു രാഷ്ര്ടീയ കുത്തിത്തിരിപ്പെന്നതിൽ കവിഞ്ഞ്‌ ഇരുകൂട്ടർക്കും ശാരിക്കാര്യത്തിൽ ഒരു താല്പര്യം ഇല്ല എന്ന്‌.

പാമരനാം പാട്ടുകാരൻ

കേരള സംസ്ഥാനത്ത്‌ പൊതുമരാമത്തു വകുപ്പ്‌ മന്ത്രിയില്ല. ഉണ്ടായിട്ടും വല്ല്യ കാര്യമില്ല എന്ന്‌ കുരുവിള നന്നായി നമ്മെ മനസ്സിലാക്കി തന്നു. അതിനു മുമ്പ്‌ മന്ത്രിയായിരുന്ന ജോസഫിന്‌ വിമാനത്തിൽ നാല്പത്തഞ്ചു ഡിഗ്രിയിൽ ചെരിഞ്ഞുകിടന്ന്‌ അമ്മച്ചിമാരുടെ അവിടേം ഇവിടേം തലോടലായിരുന്നല്ലോ ജോലി. തട്ടിപ്പോയതാകാം മുട്ടിപ്പോയതാകാം എന്നൊക്കെ പറഞ്ഞ്‌ താഴെ ഇറങ്ങേണ്ടിയും വന്നു. വിജിലൻസ്‌ അന്വേഷണത്തിന്റെ വക്കിൽ അന്നേ നിന്നിരുന്ന കുരുവിളയെപ്പിടിച്ച്‌ മന്ത്രിയാക്കിയപ്പോഴേ തലമൂത്ത നേതാക്കൾ പറഞ്ഞതാണ്‌ ഇയാളും കാലാവധി തികക്കില്ല എന്ന്‌. ഒടുവിൽ റോഡുമുഴുവൻ തോടാക്കിയിട്ട്‌ കുരുവിളയും പോയി. ഇനി മന്ത്രിയാക്കാനുള്ളത്‌ മോൻസ്‌ ജോസഫും സുരേന്ദ്രൻപിള്ളയുമാണ്‌. അവന്മാർ കേറിയങ്ങു ഷൈൻ ചെയ്താൽ കാരണവരായ ജോസഫ്‌ ഇപ്പോൾ ഹോബിയായി ചെയ്തോണ്ടിരിക്കുന്ന കൃഷിപ്പണിയും അതിന്റെ ഭാഗമായ കണ്ടം കിളക്കലും തുടർന്ന്‌ സ്ഥിരമായി നടത്തേണ്ടിവരും. അതു മുൻകൂട്ടി കണ്ടാണ്‌ കുരുവിന്‌ പകരം പുതിയ മന്ത്രിയെ പ്രഖ്യാപിക്കാത്തത്‌. ഇനി അഥവാ ആ പെണ്ണു കെസീന്നെങ്ങാൻ തലയൂരിയാൽ ജോസഫിന്‌ തന്നെ കേറി മന്ത്രിയാകാമല്ലോ!!! സുരേന്ദ്രനേയോ മോൻസിനേയോ മന്ത്രിയാക്കിയാൽ പിന്നെ ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങിയില്ലെങ്കിലോ. എല്ലാവരും ഗണേശിനെ പോലെയാകണമെന്നുണ്ടോ? അതുകൊണ്ടിനി എൽ.ഡി.എഫിന്റെ രണ്ടാനമ്മ നയമെന്നും സി.പി.ഐക്കും തങ്ങൾക്കും രണ്ട്‌ ഗ്ലാസിൽ പായസം വിളമ്പി എന്നൊക്കെ പറഞ്ഞ്‌ ഒഴിഞ്ഞു മാറി നിൽക്കാം. ഇപ്പോൾ മന്ത്രി സ്ഥാനത്തേക്കാൾ വലുത്‌ രാഷ്ര്ടീയ ‘ഫാവി’ ആണല്ലോ.

Generated from archived content: power1.html Author: s_hariprasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here