മലയാളത്തിലെ എക്കാലത്തെയും പ്രിയങ്കരനായ കവി ചങ്ങമ്പുഴയുടെ 100-ാം ജന്മവാർഷികമാണ് 2010 ഒക്‌ടോബർ 11 അദ്ദേഹത്തിന്റെ സ്‌മരണയെ പുതുക്കുന്നവേളയിൽ അന്തരിച്ച പ്രശസ്‌ത നിരൂപകൻ എസ്. ഗുപ്‌തൻ നായർ എഴുതിയ അസ്‌ഥിയുടെ പൂക്കൾ എന്ന കൃതിയിലെ ആദ്യ അദ്ധ്യായം ‘അവസാനത്തെ കാഴ്‌ച’ ഇവിടെ ഞങ്ങൾ പുനഃപ്രകാശനം ചെയ്യുന്നു.
1948 ഫെബ്രുവരി മാസത്തിലൊരു അപരാഹ്‌നം. രോഗവിവശനായ ചങ്ങമ്പുഴയെ കാണണമെന്ന വിചാരത്തോടെയാണ് ഞാൻ എറണാകുളത്തേക്കു പോയത്. മഹാകവി ജി.ശങ്കരക്കുറുപ്പ് തന്റെ ശിഷ്യന്റെ രോഗവിവരമന്വേഷിച്ച് ഇടയ്‌ക്കിടെ ഇടപ്പള്ളിക്കു പോകാറുണ്ടായിരുന്നു. അതുകൊണ്ട് നേരേ ‘ജീ യുടെ വീട്ടിലേക്കാണ് പോയത്. തമ്മിൽ കണ്ടപ്പോൾ ചങ്ങമ്പുഴയുടെ രോഗനിലയെപ്പറ്റി മാത്രമേ ഞങ്ങൾക്കു സംസാരിക്കാനുണ്ടായിരുന്നുള്ളു. രോഗം വളരെ മൂർച്ഛിച്ച നിലയിലാണെന്നും ഉടനെ പുറപ്പെടാമെന്നും ’ജീ‘ പറഞ്ഞു. ഞങ്ങൾ ഇടപ്പള്ളിയിലെത്തിയപ്പോൾ വീടിന്റെ തെക്കേമുറ്റത്ത് ഒരു അടിച്ചുകൂട്ടുപുര കെട്ടിയുണ്ടാക്കി കിടപ്പ് അതിലേക്ക് മാറ്റിയ അവസ്‌ഥയിലായിരുന്നു. പകരുന്ന ക്ഷയരോഗത്തെപ്പറ്റിയുള്ള ഭീതിയാണ് ഈ മാറിത്താമസിക്കലിന്റെ കാരണം എന്നു സ്‌പഷ്‌ടം. സ്‌ട്രെപ്‌ടോമൈസിൻ എന്ന സിദ്ധൗഷധം അതിനകം കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞെങ്കിലും ഇന്ത്യയിൽ അതിന്റെ പ്രയോഗം ആരംഭിച്ചിട്ടില്ല. ശയ്യാവലംബിയായിരുന്നെങ്കിലും ചിലമ്പിച്ച ശബ്‌ദത്തിൽ സ്‌പഷ്‌ടമായിട്ടാണ് കവി സംസാരിച്ചിരുന്നത്. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ചങ്ങമ്പുഴ പെട്ടെന്ന് എന്നോടായിട്ടുപറഞ്ഞു, ’നമ്മുടെ വാറൻ മരിച്ചുപോയല്ലോ.‘ ക്ഷയരോഗം മൂലം 32-ാം വയസ്സിൽ മരിച്ചുപോയ ഞങ്ങളുടെ രണ്ടുപേരുടെയും ആത്മസുഹൃത്ത് പുളിമാന പരമേശ്വരൻപിള്ളയെപ്പറ്റിയാണ് ചങ്ങമ്പുഴ സൂചിപ്പിച്ചത്. പുളിമാനയെ ’വാറൻ‘ എന്നു സുഹൃത്തുക്കൾ വിളിച്ചുപോന്നു. ’എസ്.പി.വാറൻ‘ എന്ന് പുളിമാന സ്വയം ഒപ്പിടുകയും പതിവാക്കിയിരുന്നു.
ചങ്ങമ്പുഴയ്‌ക്കു ലഭിച്ചതിനെക്കാൾ വിദഗ്‌ദ്ധ ചികിത്സ പുളിമാനയ്‌ക്കു നേരത്തേതന്നെ ലഭിച്ചു. ഡോ.സി.എ.അച്യുതൻ പിള്ള അന്നത്തെ പേരുകേട്ട ഭിഷഗ്വരന്മാരിലൊരാളായിരുന്നു. ചികിത്സയ്‌ക്കിടയിൽ പുളിമാനയുടെ ദേഹം അല്‌പം തടിച്ചുകണ്ടപ്പോൾ ഞങ്ങൾ വളരെ സന്തോഷിച്ചു. പക്ഷേ, അത് അവസാനത്തെ വ്യാമോഹിപ്പിക്കൽ മാത്രമായിരുന്നു. ’നിഴലുകൾ‘ എന്ന ചങ്ങമ്പുഴയുടെ ഗീതസമാഹാരത്തിന് ഹ്രസ്വമെങ്കിലും മർമസ്‌പർശിയായ ഒരവതാരികയെഴുതിയത് പുളിമാനയാണ്. ചങ്ങമ്പുഴയുടെ പ്രക്ഷീണ മനസ്സിനെ ആ മരണവാർത്ത ഉലച്ചു. സൗഹൃദബന്ധം, ആ മങ്ങുന്ന പ്രജ്‌ഞ്ഞയെ ഉണർത്തി.
ചുമയുടെ അകമ്പടിയോടെ ചങ്ങമ്പുഴ ഓരോന്നങ്ങനെ സംസാരിച്ചുകൊണ്ടിരുന്നു. ’ജീ‘ ഇടയ്‌ക്കിടെ വിലക്കുമ്പോൾ മൗനം ഭജിക്കും. മൗനത്തിന്റെ അന്തരാളഘട്ടങ്ങൾ വീർപ്പുമുട്ടിക്കുന്നവയായിരുന്നു. ശ്രീദേവി രണ്ടു ഗ്ലാസ് ഓവൽടിന്നുമായി കടന്നുവന്നു. ദൈന്യത്തിന്റെ മൂർത്തരൂപമായിരുന്നു അവർ. അല്‌പനേരം നിന്നശേഷം അകത്തേക്കു പോയി. ജ്‌ഞ്ഞാതരും അജ്‌ഞ്ഞാതരുമായ ആരാധകജനങ്ങൾ സംഭാവനകൾ അയക്കുന്നുണ്ടായിരുന്നു. വേണ്ടത്ര മരുന്നു വാങ്ങാൻ വിഷമമുണ്ടായില്ല. പണമയച്ചവർക്കൊക്കെ നന്ദി പറഞ്ഞുകൊണ്ട് കത്ത് അയയ്‌ക്കാൻ കവി ആ കിടപ്പിലും ശ്രദ്ധിച്ചു.
സ്‌നേഹപൂർവം അയച്ചുതന്നെ ഉദാരമായ സംഭാവന അത്യന്തം സന്തോഷത്തോടുകൂടി കൈപ്പറ്റി. താങ്കളുടെ സൗഹാർദസാന്ദ്രമായ സന്മനസ്സിനു ഞാൻ എന്നെന്നും താങ്കളോടു കടപ്പെട്ടവനാണ്.
എന്റെ രോഗത്തിനു താങ്കളെപ്പോലുള്ള സുഹൃത്തുക്കളുടെ അനുഗ്രഹത്താൽ അല്‌പം ആശ്വാസമുണ്ടെന്നു സസന്തോഷം അറിയിച്ചുകൊള്ളട്ടെ. താങ്കൾക്കു മേൽക്കുമേൽ സർവോത്‌കർഷങ്ങളും പ്രാർത്ഥിച്ചുകൊണ്ട്.
വിധേയൻ
ചങ്ങമ്പുഴ കൃഷ്‌ണപിള്ള,
19.8.1123.
വിറയ്‌ക്കുന്ന വിരലുകൾകൊണ്ട് ഒപ്പിട്ട ഈ അച്ചടിക്കത്ത്, ആരാധകരെ ആശ്വസിപ്പിക്കാൻ മാത്രമെഴുതിയതാവണം. പിന്നീട് ഒന്നരമാസം കൂടിയേ ചങ്ങമ്പുഴ ജീവിച്ചിരുന്നുള്ളു.
ഞങ്ങൾ കുറേനേരംകൂടി അവിടെയിരുന്നു. കവി, കടുത്ത പശ്ചാത്താപത്തിന്റെ സ്വരത്തിൽ പറഞ്ഞു, ’എന്നെ നിയന്ത്രിക്കാനാരുമില്ലായിരുന്നു. ഞാനും എന്നെ നിയന്ത്രിച്ചില്ല.‘ ഇതിൽപരം സത്യസ്‌പർശമുള്ള ഒരു ആത്‌മാപഗ്രഥനം ഒരു മനഃശാസ്‌ത്രജ്ഞനും നടത്താനുണ്ടാവില്ല. കൈയിൽ കിട്ടിയ അനുഗൃഹീതജീവിതംകൊണ്ട് താനെന്തു കാട്ടിയെന്ന് ആ അന്ത്യ നിമിഷങ്ങളിൽ അദ്ദേഹം ഓർമിച്ചുനോക്കി. പേരും പണവും കിട്ടി. പക്ഷേ, ആയുസ്സിന്റെ പുസ്‌തകം എന്നേക്കുമായി അടയുന്നു. ’ജീ‘ പറഞ്ഞു. ’ഇനി അതൊന്നും ആലോചിക്കാതിരിക്കൂ. കൃഷ്‌ണപിള്ള സ്വസ്‌ഥമായി കിടക്കൂ. എല്ലാം ശരിയാകും.‘
മനസ്സിൽ തൈലം തളിക്കുന്ന ഈ സൗമ്യവചസ്സോടെ ’ജീ‘ എഴുന്നേറ്റു. ഞാൻ മെല്ലെ ആ കട്ടിലിനടുത്തേക്കു ചെന്നു കവിയുടെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു. എന്നിട്ടു മൗനമായി ’ജീ‘യെ പിൻതുടർന്നു.
അത് അവസാനത്തെ കാഴ്‌ചയായിരിക്കുമെന്ന് ഏറെക്കുറെ തീർച്ചയായിരുന്നു. ’ജീ‘ പിന്നീടും പോയിക്കാണുമായിരുന്നു. വിവരങ്ങൾ എന്നെയും അറിയിച്ചിരുന്നു. ചങ്ങമ്പുഴയ്‌ക്ക് അപ്പോഴും ജീവിതാശ ഉണ്ടായിരുന്നോ? ആർക്കറിയാം? അവസാനദിനങ്ങൾക്ക് അല്‌പംമുമ്പ് കെ.സി.മാമ്മൻ മാപ്പിളയ്‌ക്കുള്ള ഒരു കത്തിൽ കവി എഴുതുന്നു. ’താങ്കളെപ്പോലുള്ള വന്ദ്യഗുരുജനങ്ങളുടെ അനുഗ്രഹത്താൽ എന്റെ എല്ലാ രോഗങ്ങളും എന്നെ വിട്ടുപിരിയുമെന്നാണ് എന്റെ ദൃഢമായ വിശ്വാസം.‘ ഇതു വെറും ഭംഗിവാക്കുമാത്രമാണെന്നും സ്‌പഷ്‌ടം.
1948 ജനുവരിയിൽ എസ്.കെ. പൊറ്റെക്കാട്ടിനോടു പറഞ്ഞത് മറ്റൊരു തരത്തിലാണ്‌ഃ ’രോഗം കൈകടന്ന നിലയിലെത്തിപ്പോയി. മൂന്നാമത്തെ പതനത്തിൽ ഞാൻ മരിക്കാൻവേണ്ടി ഇങ്ങോട്ടു (ഇടപ്പള്ളിക്ക്) പോന്നിരിക്കയാണ്. മരിക്കുന്നതിൽ എനിക്കു പേടിയോ സങ്കടമോ ഇല്ല. പക്ഷേ, ഈ വേദന ശാരീരികമായ വേദന അതെനിക്കു പൊറുക്കാൻ കഴിയുന്നില്ല.‘
തൃശൂർ താമസിക്കുമ്പോൾ, മംഗളോദയത്തിൽനിന്നു കിട്ടിയ പണം കൊണ്ട് കാനാട്ടുകരയിൽ ഒരു വീടും പറമ്പും വിലയ്‌ക്കു വാങ്ങിയിരുന്നു. ദേശമംഗലം നമ്പൂതിരിപ്പാടുതന്നെ ഏർപ്പാടു ചെയ്‌തുകൊടുത്തതാണ് പറമ്പും വീടും. ചങ്ങമ്പുഴ വാങ്ങിയശേഷം ’അജിതാനിലയം‘ എന്നു വീടിനു പേരിട്ടു. അവിടെ താമസിച്ചുകൊണ്ടാണ് മംഗളോദയം മാസികയുടെ എഡിറ്റിങ്ങ് ജോലി നിർവഹിച്ചുപോന്നത്. പക്ഷേ, ചങ്ങമ്പുഴയ്‌ക്ക് അജിതാനിലയം അശുഭനിയലയമായിട്ടാണ് പരിണമിച്ചത്. ഒന്നേകാൽ വർഷത്തിനു ശേഷം ആ വീട് ഉപേക്ഷിച്ച് ഇടപ്പള്ളിക്കു മടങ്ങിപ്പോകേണ്ടിവന്നു. ഇത്തവണ രോഗം തന്നെ കീഴ്‌പ്പെടുത്തുമെന്ന് ഏതാണ്ടു തീർച്ചയാക്കിക്കഴിഞ്ഞിരുന്നു.
ഉദയമില്ലാത്തോരു നീണ്ട രാവു
മുണരേണ്ടാത്തൊരു സുഷുപ്‌തിയുമായ്
ഒരു മനശ്ശല്യവും വന്നു ചേരാ-
ത്തൊരു നിത്യവിശ്രമം ഞാൻ കൊതിപ്പൂ.
എന്ന് 1934-ൽ എഴുതിയ വരികൾ പതിന്നാലു കൊല്ലത്തിനുശേഷം സത്യമായിത്തീരാൻ പോകുന്നു എന്നു കവി വിചാരിച്ചിരിക്കണം. 1948 ജൂൺ 17-ന് കേരളത്തെ കണ്ണീരിൽ മുക്കിയ ആ മരണം സംഭവിച്ചു.
Generated from archived content: essay1_oct11_10.html Author: s_gupthan.nair