പാടാനെന്നുടെ മനസ്സിന്നുള്ളിൽ
പാട്ടായ് നീ വന്നു നിന്നതില്ലേ
ചൂടാനെന്നുടെ മുടിയിഴത്തുമ്പിൽ
ഒരു കുഞ്ഞു പൂവായ് പൂത്തതില്ലേ
കേൾക്കാനെന്നുടെ കാതിന്നരികിൽ
പൂങ്കുയിലായ് വന്നു പാടിയില്ലേ
ചുവക്കാൻ എന്നുടെ കൈവിരൽത്തുമ്പിൽ
കുങ്കുമച്ചോപ്പായ് മാറിയില്ലേ
കാണാനെന്നുടെ മുറ്റത്തുനീയിന്നു
കണിക്കൊന്നയായൊന്നു വിരിഞ്ഞതില്ലേ
ഒരുകുഞ്ഞു കാറ്റായ് വീശിനിന്നീടാൻ
ഒരു സന്ധ്യയായ് നീ അണഞ്ഞതില്ലേ
ഒരു മഞ്ഞുകണമായ് എൻ കണ്ണിണകളിൽ
എപ്പോഴോ നീവന്നു പാർത്തതില്ലേ
എൻ വിരൽത്തുമ്പിലെ കുങ്കുമമാകാൻ
കരളിലെ ചോപ്പൊന്നെടുത്തതില്ലേ
എന്നുടെ ചുണ്ടത്തു വിരിയാനിന്നൊരു
പ്രണയത്തിൻ ഗാനമായ് എത്തിയില്ലേ.
Generated from archived content: poem1_may3_10.html Author: s_girija