കൊല്ലരുത്‌, ദയവായി മലയാളത്തെ കൊല്ലരുത്‌

കവി രമേശൻ നായർ ഗ്രീൻ ബുക്‌സിന്‌ അയച്ചുതന്ന ദീർഘമായ ഒരു ലേഖനത്തിൽ നിന്നുള്ള ഒരു ഭാഗം ചുവടെ ചേർക്കുന്നു.

നമ്മുടെ കുട്ടികൾക്കു മലയാളം അറിയില്ല എന്നു പറയാൻ കഴിയുന്നതിൽ നാം അഭിമാനിക്കുന്നു. സ്‌കൂളിൽ മലയാളം പറഞ്ഞുപോയതിന്റെ പേരിൽ തല മൊട്ടയടിപ്പിക്കുന്ന ശിക്ഷാവിധി കണ്ട്‌ നമ്മൾ ആഹ്ലാദിക്കുന്നു. മലയാള ദിനത്തിന്‌ മുണ്ടുടുത്തു പോയതിന്റെ പേരിൽ വധശിക്ഷയ്‌ക്കോ ജപീവപര്യന്തത്തിനോ വിധിക്കപ്പെടുന്ന കുട്ടികളെച്ചൊല്ലി നാം പരിഹസിക്കുന്നു.

നമുക്ക്‌ ഇപ്പോഴും ഒരു മലയാള സർവ്വകലാശാലയെക്കുറിച്ച്‌ ചിന്തിക്കാൻ കഴിയുന്നില്ല. അതേ സമയം ആയിരക്കണക്കിന്‌ ഏക്കറിൽ അറബി സർവ്വകലാശാല വരാനും പോകുന്നു. കേരളത്തിന്റെ മാതൃഭാഷ എന്നു മുതൽക്കാണ്‌ മലയാളമല്ലാതായത്‌? തമിഴകത്ത്‌ ജനുവരി 16 എന്നൊരു ദിവസമുണ്ടെങ്കിൽ അതു ‘വള്ളുവർദിന’മാണ്‌. മൈലാപ്പൂരിൽ അന്നു നടക്കുന്നത്‌ മഹോത്സവത്തിന്റെ മഹോത്സവമാണ്‌. തമിഴന്റെ ഭാഷാഭിമാനത്തിന്റെ ഉത്സവം! റിക്ഷാ വലിയ്‌ക്കുന്നവനും മണ്ണു ചുമക്കുന്നവനും വരെ സകുടുംബം എത്തിച്ചേരും. അതും പൊതിച്ചോറുമായിട്ട്‌, കുഞ്ഞുകുട്ടിപരാധീനതകളടക്കം. പതിനായിരങ്ങൾ ലക്ഷങ്ങളാകും. ആ ജനപ്രവാഹത്തിന്‌ ജാതിമതവർഗ്ഗ വർണ്ണഭേദങ്ങളില്ല, എല്ലാപേരും തമിഴ്‌മക്കൾ. തല നിവർന്നു നില്‌ക്കുന്ന തമിഴർ!

ഭാഷയുടെ പേരിൽ അങ്ങനെയൊരുത്സവം നുക്കിവിടെ സങ്കല്‌പിക്കാൻ പറ്റുമോ? അതാണ്‌ മലയാളിയും തമിഴനും തമ്മിലുള്ള വ്യത്യാസം. നമുക്കുമുണ്ട്‌ ഒരു മലയാളദിനം. നവംബർ ഒന്ന്‌. അന്നു രാവിലെ മലയാളം ജനിക്കും; സന്ധ്യയ്‌ക്കു മുമ്പ്‌ മരിക്കുകയും ചെയ്യും. ആ ദിനം മലയാളദിനമായി നമ്മൾ ആഘോഷിക്കുന്നതിലും ഭേദം മലയാളത്തിന്റെ ശ്രാദ്ധദിനമായി ആചരിക്കുന്നതല്ലേ?

മാതൃഭാഷ പഠിക്കാതെതന്നെ ഏറ്റവും ഉയർന്ന ബിരുദം വരെ നേടാൻ അവസരമൊരുക്കിക്കൊടുക്കുന്ന ഏക സംസ്‌ഥാനം ഏതാണ്‌? മഹത്തായ നമ്മുടെ കേരളം! കേരളം മാത്രം! ഗോത്രഭാഷകൾ മരിക്കുകയാണ്‌. ഒന്നും സ്വാഭാവിക മരണങ്ങളായിരുന്നില്ല. അവസരം പോലെ ഓരോന്നോരോന്നായി കൊല്ലപ്പെടുകയാണ്‌. അടുത്ത ഊഴം മലയാളത്തിന്റേത്‌! അതിന്റെ ശവമടക്കുകഴിഞ്ഞ്‌ ഒരു സ്‌മാരകം ഇവിടെയുണ്ടാകും. വരും തലമുറ അതിന്റെ കല്ലെഴുത്ത്‌ ഇങ്ങനെ വായിക്കും. ‘Malayalam. Date of birth……….Died on……….RIP.’

തമിഴൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്‌ അവന്റെ ഭാഷാ-സാംസ്‌കാരിക തീർത്ഥാടന കേന്ദ്രമായ വള്ളുവർഗോഷ്‌​‍്‌ഠത്തിൽ വച്ചാണ്‌. നമുക്ക്‌ ഭാഗ്യത്തിന്‌ അങ്ങനെ ഒരു അസൗകര്യമില്ല. അതുകൊണ്ട്‌ ഞാൻ അങ്ങനെയൊന്നും പറയുന്നില്ല. പറയുന്നത്‌ ഇത്രമാത്രം – അധികാരികളോട്‌, വിദ്യാലയാധിപന്മാരോട്‌, വിദ്യാഭ്യാസവിചക്ഷണന്മാരോട്‌, കോൺവെന്റുകളോട്‌, വിദ്യാഭ്യാസമന്ത്രിയോട്‌, ചാനൽ സുന്ദരിമാരോട്‌, അങ്ങനെ പലരോടും – ഞാൻ കാലു പിടിച്ച്‌, നെഞ്ചുപൊട്ടി, ഉറക്കെ നിലവിളിച്ചുകൊണ്ടു പറയുന്നു, കേണപേക്ഷിക്കുന്നു – കൊല്ലരുത്‌, ദയവായി മലയാളത്തെ കൊല്ലരുത്‌.

ഭാഷയെ രക്ഷിക്കാത്ത ഒരു രാഷ്‌ട്രീയപാർട്ടിക്കും മലയാളിവോട്ടു ചെയ്യരുത്‌! നമ്മുടെ വോട്ടുവാങ്ങി നമ്മെത്തന്നെ ഷണ്ഡരാക്കുന്നവർക്ക്‌ വോട്ടു ചെയ്യരുത്‌. അവസരം വരും. തെരഞ്ഞെടുപ്പുവരും, ഒരു ദുരന്തം പോലെ!

(കടപ്പാട്‌ ഃ പുസ്‌തക വിചാരം)

Generated from archived content: essay1_oct31_09.html Author: s.rameshan.nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here