മലയാളികള്‍ക്കു കാച്ചിക്കുറുക്കിയ കവിതകള്‍ സമ്മാനിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍. മാമ്പഴത്തിന്റെ മധുരവും കൊയ്ത്തു പാട്ടിന്റെ നാടന്‍ നൈര്‍മല്യവും നിറഞ്ഞ കവിതാസമാഹാരങ്ങള്‍ മലയാളത്തിനു തിലകക്കുറിയായപ്പോള്‍ മലയാളി മറന്ന ഒന്നുണ്ട് കവിയുടെ ജീവിതം. കവിതയെക്കൊണ്ടു മലയാള ഭാഷക്കു ആടയാഭരണങ്ങള്‍ തീര്‍ത്ത കവിയുടെ ജീവിതം മൂത്തു പഴുത്ത മാമ്പഴം പോലെ മധുരമുള്ളതായിരുന്നില്ല. മറിച്ച്, കണ്ണിമാങ്ങയുടെ ചവര്‍പ്പും പുളിപ്പും നിറഞ്ഞതായിരുന്നു. അകന്നു ജീവിച്ച കവിയെക്കുറിച്ചു കവി പത്നി ഭാനുമതിയമ്മയ്ക്കു പറയാനുള്ളത് ചില ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമാണ്. അദ്ദേഹം പൊതുവെ പ്രത്യേകസ്വഭാവം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. ആര്‍ക്കും അത്ര പെട്ടന്ന് ഇടപെടാനാകില്ലായിരുന്നു. ആളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാകണം പരുക്കരെന്നു ചിലര്‍ പറയുന്ന സ്വഭാവം അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ വിടാതെ പിടികൂടുന്നവര്‍ക്കു വേണ്ട കാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്ന സ്വഭാവവിശേഷവും അദ്ദേഹത്തിനുണ്ടായിരുന്നു.
വിവാഹശേഷം കുറച്ചു കാലം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. പിന്നീട് വേര്‍പെട്ടു താമസിച്ചെങ്കിലും അദ്ദേഹം എന്നെ കാണാന്‍ ഇവിടെ വരുമായിരുന്നു. ഞാന്‍ അങ്ങോട്ടും പോയിരുന്നു. വഴിയിലൂടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടു നടന്നു പോകാറുണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ സുഹൃത്തുക്കള്‍ അത്ഭുതത്തോടെ ചോദിക്കുമായിരുന്നു നിങ്ങള്‍ തമ്മിലാണോ വഴക്കെന്നു പറയുന്നതെന്ന് ഞങ്ങളെ ഒന്നിപ്പിക്കാന്‍ കെ. പി കേശവമോനോന്‍, മഹാകവി ജി ശങ്കരക്കുറുപ്പ് എന്നിവര്‍ ശ്രമിച്ചതാണ്. എന്നിട്ടും അദ്ദേഹം വഴങ്ങിയില്ല. എന്നെ കുറ്റപ്പെടുത്തുന്നവര്‍ എന്നെ അറിയാത്തവരാണ്. അല്ലെങ്കിലും സ്ത്രീകളിലാണല്ലോ പലരും കുറ്റം കണ്ടെത്തുക?
ശരിയായ കുടുംബജീവിതം നയിച്ചിരുന്നെങ്കില്‍ ഇതിലേറെ നല്ല കവിതകള്‍ ഉണ്ടാകുമായിരുന്നു എന്നാണ് കവി പത്നിയുടെ വിശ്വാസം. ഒരു മഹാകാവ്യം രചിക്കാന്‍ ആഗ്രഹമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കവിതകളെല്ലാം ഇഷ്ടമാണ്. പിന്നെ ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് എഴുതിയ‘ കണ്ണീര്‍പ്പാടം’ പോലുള്ള കവിതകള്‍ കൂടുതല്‍ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പരുക്കന്‍ സ്വഭാവത്തിന് ഉദാഹരണമായി ഞാന്‍ ഒരു സംഭവം പറയാം. അദ്ദേഹത്തിന്റെ ഒരു പുതിയ പുസ്തകം ഇറങ്ങിയപ്പോള്‍ അതിന്റെ ഒരു കോപ്പി എനിക്കു വേണമെന്നു മകനോടു പറഞ്ഞയച്ചു ‘ വേണമെന്നുണ്ടെങ്കില്‍ പൈസ കൊടുത്തു വാങ്ങിക്ക് എന്നായിരുന്നു മറുപടി. ‘’ പൈസ കൊടുത്തു വാങ്ങാനാണെങ്കില്‍ വേറെ അനവധി ആളുകളുടെ പുസ്തകങ്ങളുണ്ടല്ലോ ഇതു പൈസ കൊടുത്തു വാങ്ങില്ല എന്നായി ഞാന്‍. പക്ഷെ അവസാനകാലത്ത് ഒരു പുസ്തകത്തിനു പകരം അഞ്ചു പുസ്തകം പ്രസാധകരില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയത് ഞാനായിരുന്നു ഭാനുമതിയമ്മ ഓര്‍ക്കുന്നു.
അകന്നു ജീവിക്കേണ്ടി വന്നതിനാല്‍ മഹാകവിക്കു കുറ്റബോധം തോന്നിയിരുന്നു എന്നു വേണം കരുതാന്‍. അവസാനകാലത്ത് ശ്രുശ്രൂഷിക്കാനെത്തിയ എന്നെ നോക്കി ‘ പാട്ട്, പാട്ട്’ എന്ന ശബ്ദത്തോടെ അദ്ദേഹം എന്തോ പറയുന്നുണ്ടായിരുന്നു. ഡോക്ടര്‍ ഒരു ഗായകനെക്കൊണ്ട് പാട്ടു പാടി കേള്‍പ്പിച്ചു. പക്ഷെ ഇപ്പോള്‍ എനിക്കു തോന്നുന്നത് ‘പോട്ടെ പോട്ടെ’ എന്ന് എന്നോട് യാത്ര ചോദിക്കുകയായിരുന്നു എന്നാണ്. ഞാന്‍ പലപ്പോഴും സമാധാനിക്കും ഞാന്‍ ഒരു കുറ്റവും ചെയ്തില്ലല്ലോ പിന്നെന്തിനു വിഷമിക്കണം എന്ന്. ഇതു പറയുമ്പോള്‍ കവി പത്നിയുടെ വാക്കുകളിള്‍ ഒരു നിശ്വാസത്തിന്റെ നനവ്.
കവി ഒരു കഠിന ഹൃദയനായിരുന്നോ എന്നു ചോദിച്ചാല്‍ അദ്ദേഹം ഒരു ലോല ഹൃദയനായിരുന്നു എന്നാണു ഭാനുമതിയമ്മയുടെ മറുപടി. മൂത്തമകനു നാല് ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ആ രംഗത്തിനു സാക്ഷ്യം വഹിക്കാന്‍ മനക്കരുത്തില്ലാത്തതുകൊണ്ടൂ വെറുതെ വഴക്കുണ്ടാക്കി അദ്ദേഹം അവിടെ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവരികയും ചെയ്യും. കഠിനഹൃദയന്‍ ആയതുകൊണ്ടാണോ ഇങ്ങനെ? ഭാനുമതിയമ്മ മറു ചോദ്യം ചോദിക്കുന്നു.
അദ്ദേഹം ഒരു നിരീശ്വരവാദി ആയിരുന്നു. വിവാഹത്തിനു ജാതകം ചോദിച്ചപ്പോള്‍ അതിലൊന്നും വിശ്വാസമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നിര്‍ബന്ധിച്ചപ്പോള്‍ അയച്ചു തന്ന തലക്കുറിയില്‍ തെറ്റുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളില്‍ പോലും നിസംഗനായ ഒരാളോടൊപ്പമുള്ള ജീവിതം എങ്ങനെ ശരിയാകും എന്ന സംശയം എനിക്ക് അപ്പോള്‍ തോന്നി.
പിന്നീടു ജീവിതത്തില്‍ വൈരുധ്യങ്ങളും പൊരുത്തക്കേടുകളും കണ്ടു തുടങ്ങിയപ്പോള്‍ മനസിലെ നിരീശ്വര ചിന്തകള്‍ വെടിഞ്ഞ് ഈശ്വര വിശ്വാസീയായി അദ്ദേഹം മാറിയെന്നും കവി പത്നി.
വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഭാനുമതിയമ്മക്ക് രണ്ട് ആണ്മക്കളാണുള്ളത് ആയുര്‍വേദ ഡോക്ടറായ ശ്രീകുമാറും ഹോമിയാ ഡോക്ടറായ വിജയകുമാറും.
കടപ്പാട് – മംഗളം
Generated from archived content: essay1_feb2_13.html Author: rv_george_mathew_puthuppalli