‘സ യദ്യനേനകിഞ്ചദക്ഷ്ണയാകൃതം ഭവതി
തസ്മാഗേനം സര്‍വ്വസ്മാത് പുത്രോമുഞ്ചതി
തസ്മാത് പുത്രോനാമ സ പുത്രേണൈ വാംസ്മി-
ല്ലോകേ പ്രതിഷ്ഠതി’ ( ബൃഹദാരണ്യകം 1 – 5 – 17 ) (അവന്‍ ചെയ്യപ്പെടാത്തതായി എന്തെങ്കിലുമുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം അവനെ പുത്രന്‍ മോചിപ്പിക്കുന്നു. അതുകൊണ്ടാണ് പുത്രന്‍ എന്ന പേരുള്ളത്. )‘ അതായത്’ പൂരണം കൊണ്ട് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് , പൂര്‍ത്തീകരിക്കുന്നവനാണ് പുത്രന്‍ എന്നാണ് ഉപനിഷദ് വാക്യത്തിന്റെ സാരം. ബൃഹദാരണ്യകത്തില്‍ മാത്രമല്ല ,പ്രധാനപ്പെട്ട ഉപനിഷത്തുകളിലും വൈദിക സാഹിത്യത്തിലും ഇതിഹാസപുരാണങ്ങളിലൊക്കെത്തന്നെയും പിതൃപുത്ര ബന്ധത്തിന്റെ സവിശേഷാഖ്യാനങ്ങളുണ്ട്. ശ്രദ്ധിക്കേണ്ട ഒരു വസ്തുത വേദോപനിഷത്തുകളുടെ കാലത്ത് വര്‍ണ്ണാശ്രമങ്ങളെന്നപോലെ ലിംഗവും ഉച്ചനീചത്വത്തിന്റെ സൂചകമായിരുന്നില്ല. കര്‍മ്മം കൊണ്ടായിരുന്നു ബ്രാഹമണത്വം നേടിയെടുത്തിരുന്നത്. നരന്മാരേപോലെ നാരിമാര്‍ക്കും പണ്ഡിത സഭകളില്‍ പ്രവേശനമുണ്ടായിരുന്നു.
എബി തച്ചിലിന്റെ കഥാസമാഹാരത്തിലെ ഒട്ടു മിക്ക കഥകളും ഈ പിതൃപുത്രബന്ധത്തിന്റെ സങ്കീര്‍ണ്ണതകളെ അനാവരണം ചെയ്യുന്നവയാണ്. വൈദികസാഹിത്യത്തിലെപോലെ ഇവിടേയും പിതാശബ്ദം അച്ഛനെയും അമ്മയേയും സൂചിപ്പിക്കുന്നു. അതുപോലെ പുത്രശബ്ദം മകനെയും മകളേയും.
പിതൃപുത്രബന്ധം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു പോരുന്നതില്‍ അത്ഭുതത്തിനവകാശമില്ല. ഒരു തലമുറയുടെ യത്നങ്ങളുടെ പൂര്‍ത്തീകരണം മാത്രമല്ല ഉല്ലംഘനവും കൂടി അടുത്ത തലമുറയുടെ ധര്‍മ്മമാകുന്നു. ഉദ്ദാലകനും ശ്വേതകേതുവും, വാജശ്രവസ്സും നചികേതസ്സും ജബാലയും സത്യകാമനും മാത്രമല്ല പെരുന്തച്ചനും മകനുംകൂടി നമ്മുടെ സാമൂഹ്യമനസിലുണ്ട്. കാലത്തെ അതിജീവിച്ച് ഈ പൗരാണികര്‍ നമ്മുടെ കലാ-സാഹിത്യ പ്രതിഭകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
തച്ചിലിന്റെ കഥകളുടെ പഠനത്തിന് ആമുഖമായി ഉപനിഷത്തുകളേയും മിത്തുകളേയും കുറിച്ച് പറഞ്ഞുവെന്നതിനര്‍ഥം തച്ചില്‍ കഥകള്‍ സമകാലികങ്ങളല്ല എന്നല്ല. അവ ഇന്നത്തെ കാലത്തിന്റെ കഥകള്‍ തന്നെയാണ്. വാസ്തവത്തില്‍ ഉപനിഷത്തുകളിലെ കഥാപുരുഷന്മാര്‍ ഇന്നും നമ്മുടെ മനസില്‍ സജീവമായിരിക്കുന്നത് അവര്‍ ഉദീരണം ചെയ്ത തത്വങ്ങളുടെയും ഉച്ചരിച്ച മഹാവാക്യങ്ങളുടെയും പേരില്‍ മാത്രമല്ല ,അവരുടെ കഥകള്‍ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്ന ഖണ്ഡങ്ങളുടെ സാഹിത്യമൂല്യംകൊണ്ടു കൂടിയാണ് . രചിക്കപ്പെട്ട് സഹസ്രാബ്ദങ്ങള്‍ക്കുശേഷവും സമൂഹത്തോടു സംവദിച്ചുകൊണ്ടിരിക്കുന്ന സഹിത്യരചനകള്‍ ഒരു കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. സമകാലിക സാഹിത്യം എന്നാല്‍ വര്‍ത്തമാനകാലത്തു രചിക്കപ്പെടുന്ന സാഹിത്യം എന്നല്ല അര്‍ഥം. ഇന്നത്തെ സമൂഹത്തില്‍ സക്രിയ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സാഹിത്യം എന്നാണ്. അപ്പോള്‍ രചനാകാലത്തിന് യാതൊരു പ്രസക്തിയില്ലന്നോ? തീര്‍ച്ചയായുമുണ്ട്. ഹെന്റിമാറ്റിസേ എന്ന ചിത്രകാരനെ ടെറീഈഗീള്‍ടെണ്‍ ഉദ്ധരിക്കുന്നു. ‘’എല്ലാ സൃഷ്ടികളും സ്വന്തം കാലത്തിന്റെ മുദ്ര വഹിക്കുന്നു. ഈ മുദ്ര ഏറ്റവും ആഴത്തില്‍ പതിഞ്ഞിട്ടുള്ളതെന്തോ അതാണ് ഉത്തമമായ കലാസൃഷ്ടി. ‘’
സാര്‍വ്വകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഉള്ളടക്കമെങ്കിലും എഴുതപ്പെട്ട കാലത്തിന്റെ മുദ്ര വഹിക്കുന്നവയാണ് തച്ചിലിന്റെ കഥകള്‍. അവ നമുക്കിടയില്‍ നമ്മുടെ കണ്മുമ്പില്‍ തന്നെയാണ് സംഭവിക്കുന്നത്.
കാലം പോലെ തന്നെ പ്രാധാനമാണല്ലോ കലാസൃഷ്ടിക്ക് ദേശവും അമേരിക്കന്‍ കഥാകാരിയായ യുദേറോവെല്‍റ്റി പറയുന്നു , ഒരു ചെറുകഥ ഒരു പ്രദേശത്തു മാത്രമേ സംഭവിക്കു. എന്ന് പ്രദേശം മാറിയാല്‍ കഥാഗതിക്കു മാറ്റമൊന്നുമില്ലെങ്കില്‍ തന്നെ എഴുതപ്പെടുന്ന കഥ മറ്റൊന്നായിരിക്കുമെന്നാണ് അവരുടെ അഭിപ്രായം. എന്നു വച്ച് ഒരു പ്രദേശത്തെ കുറിച്ചെഴുതപ്പെടുന്ന കഥ ആ പ്രദേശത്തു മാത്രം പ്രസക്തമാവണമെന്ന് വെല്‍റ്റി പറയുന്നില്ല. സ്വന്തമായ സ്ഥലകാലങ്ങള്‍ നിയതമാണെങ്കിലും നല്ലകലാസൃഷ്ടി സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായിരിക്കും.
തച്ചിലിന്റെ കഥകള്‍ക്കുമുണ്ട് നിയതമായ കാലദേശങ്ങള്‍. 21 -ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആഗോളീകരണ പ്രക്രിയയുടെ രംഗഭൂമിയായ മൂന്നാം ലോകത്തിന്റെ ഒരു കോണില്‍ നൂറ്റാണ്ടുകളുടെ ചലനമില്ലായ്മയില്‍ നിന്ന് പെട്ടന്നുണര്‍ന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട അതി പരിഷ്ക്കാരത്തിന്റെ ഭാരം പേറുന്ന ഒരു ജനത; പ്രത്യക്ഷമായ സമ്പന്നത, അത്രതന്നെ പ്രത്യക്ഷമല്ലാത്ത ദാരിദ്ര്യവും , ഇതിനിടയില്‍ ആ ജനത അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ ‘ ഇവയൊക്കെക്കൂടി സൃഷ്ടിക്കുന്ന ഒരിടത്താണ് ഈ കഥകള്‍ സംഭവിക്കുന്നത്. ദേശകാലങ്ങള്‍ ഇവിടെ പശ്ചാത്തലത്തില്‍ ഏതാണ്ട് അദൃശ്യമായിതന്നെ നിലനില്‍ക്കുന്നു. നല്ല നാടകങ്ങളിലെ ‘സെറ്റ്’ പോലെ . നല്ല നാടകം കാണുമ്പോള്ള പ്രേക്ഷകര്‍ സെറ്റ് ശ്രദ്ധിക്കാറില്ലല്ലോ.
കഥകളുടെ രചനാരീതിയെപറ്റി കൂടി ഒരല്‍പ്പം പതിഞ്ഞകാലത്തില്‍ താഴ്ന്ന ശ്രുതിയിലാണ് ഈ കഥകളെല്ലാം ആഖ്യാനംചെയ്യപ്പെട്ടിരിക്കുന്നത്. തികഞ്ഞ നിശബ്ദതയില്‍ ഒരു ചെറുശബ്ദം പോലും ശ്രോതാവില്‍ പ്രകമ്പനങ്ങളുണ്ടാക്കുമല്ലോ. നേരിയ സ്വരവ്യതിയാനങ്ങള്‍കൊണ്ട് വായനക്കാരില്‍ വികാരക്ഷോഭം സൃഷ്ടിക്കാന്‍ ഈ ആഖ്യാനശൈലി കഥാകാരനെ സഹായിക്കുന്നു.
ഇനി കഥകളിലേക്ക് .അച്ഛനമ്മമാരുടേയും മക്കളുടെയും കഥകളാണിവയില്‍ ഒട്ടുമിക്കതും എന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ‘’ നിന്നെ ഞാന്‍ മൃത്യുവിനാണ് കൊടുക്കുന്നത്. ‘’ എന്ന് മകനോട് പറഞ്ഞ് അച്ഛന്റെ പേരും – വാജശ്രവസ്സ് – നേരത്തെ സൂചിപ്പിച്ചു. അങ്ങനെ പറയുക മാത്രമല്ല പ്രവര്‍ത്തിക്കുകകൂടി ചെയ്യുന്ന ഒരച്ഛന്റെ കഥയുണ്ടിതില്‍ ‘ നന്മ തിന്മകളുടെ രാത്രി’ പഠിച്ച് ഉയര്‍ന്ന സ്ഥാനത്തെത്തിയിട്ടും മാനസികരോഗിയായി മാറിപ്പോയ മൂത്തമകന്റെ നിലനില്‍പ്പ് തന്റെ സാമൂഹ്യമായ അന്തസിന് നിരക്കുന്നതല്ല എന്ന് കണ്ട് ആ മകനെ ഇല്ലാതാക്കുകയാണ് ഒരച്ഛന്‍. സാധാരണഗതിയില്‍ അവിശ്വസനീയമായ ഒരു കഥ അനുയോജ്യമായ അന്തരീക്ഷ സൃഷ്ടിയിലൂടെയും ആഖ്യാനചാതുരിയിലൂടെയും ഹൃദയസ്പര്‍ശിയായ ഒരു കലാസൃഷ്ടിയായി മാറിയിരിക്കുന്നു.
ആധുനിക മനശാസ്ത്രത്തിന്റെ ഭാഷയില്‍ പ്രതീകാത്മകമായ പിതൃഹത്യ നടത്തിക്കൊണ്ടിരുന്ന ഒരു മകന്റെയും തനിക്ക് കൊള്ളിവെക്കാന്‍ അവന്‍ തന്നെയുണ്ടാകണമെന്ന് ശാഠ്യം പിടിച്ചു മരിച്ച ഒരച്ഛന്റെയും കഥയാണ് സമാഗമം
അരിമുല്ലപ്പൂ പോലെ സുന്ദരിയായ ഒരമ്മയുടെയും അവരെ ആരാധിക്കുന്ന മകന്റെയും കഥയാണ് ‘തണ്ണീര്‍പന്തല്‍’ കെ. സുരേന്ദ്രന്‍ ‘സുജാത’ എന്ന നോവലിലൊരിടത്തു പറയുന്നുണ്ട് , ഒരു പുരുഷന് തന്റെ അമ്മയുടെ സ്വഭാവശുദ്ധിയില്‍ ആയിരിക്കും ഭാര്യയുടെ സ്വഭാവശുദ്ധിയേക്കാള്‍ വളരെയധികം നിഷ്ക്കര്‍ഷ എന്ന്. തന്റെ അമ്മയ്ക്കുണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയബന്ധത്തെക്കുറിച്ച് ഈ കഥയിലെ മകന്‍ ആദ്യം നിസ്സംഗനാവാന്‍ കഴിഞ്ഞില്ല. പക്ഷെ ഒരു പുനര്‍വിചിന്തനത്തില്‍ അയാള്‍ അപകടത്തില്‍ മരിച്ചു പോയ അമ്മയുടെ മനോഗതങ്ങളെ പൂര്‍ണ്ണമായി മനസിലാക്കുന്നു. മാത്രമല്ല അമ്മക്ക് ഒരു തണ്ണീര്‍പന്തലായിരുന്ന ആളിനെ രോഗശയ്യയില്‍ സന്ദര്‍ശിക്കാന്‍ കൂടി അയാള്‍ തയ്യാറാവുന്നു. സാഹിത്യ കൃതിക്ക് വ്യാഖ്യാനം എന്ന പേര്‍ മനശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും മറ്റുമായ ഉപപാഠങ്ങള്‍ ചമക്കുന്നതിനെതിരെ സൂസന്‍ സൊണ്ടാഗ് നടത്തിയ പ്രസ്താവം. Against Inter Pretation പ്രസക്തമാകുന്നത് ഇവിടെയാണ്. കടം കൊണ്ട വാക്കുകള്‍ ഉപയോഗിച്ചുള്ള അത്തരം ഉപപാഠ സൃഷ്ടികളില്ലാതെ തന്നെ ഈ കഥ നമ്മുടെ മനസിലേക്ക് കുടിയേറുന്നു.
ഉപനിഷത്തിലെ ജബാലയെ അനുസ്മരിപ്പിക്കുന്ന ഒരമ്മ ഈ പുസ്തകത്തിലുണ്ട് ആഴങ്ങള്‍ എന്ന കഥയിലെ കുഞ്ഞിപ്പെണ്ണ് , പരിചാരിണി, സ്വന്തം കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് പറയാന്‍ കഴിയാത്തവന്‍, ഒരു മറുവാക്കുപോലും പറയാതെ യജമാനന്മാര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നവള്‍
വൈദികകാലത്ത് അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ സമൂഹം തന്നെ പോറ്റി വളര്‍ത്തിയിരിക്കണം. അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചു താമസിക്കുവാനും കഴിഞ്ഞിരിക്കണം. ഛാന്ദോഗ്യം നാലാമദ്ധ്യായം പറയാതെ പറയുന്നുണ്ട് ഇക്കാര്യം. പക്ഷെ നമ്മുടെ കാലം അതല്ല കുഞ്ഞിപ്പെണ്ണീന് കുഞ്ഞിനേയും കൊണ്ട് പണിക്കുപോകുവാന്‍ കഴിയുകയില്ലല്ലോ. അനാഥാലയവും പിന്നീടവിടെനിന്ന് ദത്തും മറ്റുമായി കുഞ്ഞ് അവളില്‍ നിന്നും അകന്ന് എങ്ങോ പോയി. ഇനിയൊരു കുഞ്ഞിനെ മാനം നഷ്ടപ്പെട്ടും നേടാമെന്നു വച്ചാല്‍ തന്നെ അവളെ ആര്‍ക്കും വേണ്ടാതാവുകയും ചെയ്തു.
സ്വന്തം കുഞ്ഞിനെയോര്‍ത്തു ദു:ഖിക്കുന്ന ഈ അമ്മ സ്വന്തം അമ്മയെ ശപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്. ഈ കഥയില്‍ കുഞ്ഞിപ്പെണ്ണിന്റെ പുത്രസ്നേഹത്തിന് പരഭാഗശോഭയണിയിക്കുന്ന ഈ ഐറണിയാണ് കഥയെ കൂടുതല്‍ സുന്ദരമാക്കുന്നത്. ജീവിതം എപ്പോഴും താഴോട്ടാണല്ലോ ഒഴുകിക്കൊണ്ടിരിക്കുന്നത്.
ഒരമ്മയുടെ ദു:ഖം ഭാവ തീവ്രതയോടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. എന്നതു മാത്രമല്ല ഈ കഥയുടെ മേന്മ. ദാരിദ്ര്യം നിമിത്തം പ്രതിഷേധിക്കാന്‍ പോലും കഴിയാതെ യജമാനന്മാര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടിവരുന്നവളുടെ ദുരവസ്ഥ ഇന്നു നമ്മുടെ കഥാകൃത്തുക്കളുടെ വിഷയമല്ലാതായിരിക്കുന്നു. നമ്മുടെ പീഡനകഥയിലെ നായികമാര്‍ മറ്റൊരു വര്‍ഗത്തില്‍ പെട്ടവരാണല്ലോ ഇവിടെ കഥാകൃത്തു കാണിച്ച ധൈര്യവും ആര്‍ജ്ജവവും എടുത്തുപറയേണ്ടതാണ്.
വീണ്ടും അച്ഛന്മാരിലേക്കു വരാം
തന്റെ ജീവന്റെ ജീവനായ മകളെക്കുറിച്ച് വാചാലനാവുമായിരുന്നു നാരാണയ്യര്‍. പക്ഷെ പാവം സ്വാമിക്ക് അങ്ങിനെയൊരു മകളില്ലായിരുന്നു. അദ്ദേഹം അവിവാഹിതനായിരുന്നു. എന്നൊക്കെ സ്വാമിയുടെ സ്നേഹിതനായ ആഖ്യാതാവിനേപ്പോലെ വായനക്കാരനും മനസിലാക്കുന്നത് വൈകിയാണ്. അപ്പോഴേക്കും സ്വാമി ആത്മഹത്യ ചെയ്തിരുന്നു. പരിണാമം ഗോപനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നതിലല്ല ഈ കഥയുടെ സൗന്ദര്യം സ്ഥിതി ചെയ്യുന്നത്. നാരാണയ്യര്‍ സ്വന്തം മകളായി സ്നേഹിച്ചിരുന്ന പെണ്‍കുട്ടിക്ക് അദ്ദേഹം ഒരയല്‍ക്കാരന്‍ മാത്രമായിരുന്നു. സ്വന്തം അച്ഛനായി നാണു അയ്യരെ കാണാന്‍ അവള്‍ക്കൊരിക്കലും കഴിഞ്ഞിരുന്നിരിക്കുകയില്ല. ഇതില്‍നിന്നുടലെടുത്ത സംഘര്‍ഷമാണ് നാരായണയ്യരെ ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ചത്. അതിനെക്കുറിച്ചൊന്നും കഥയില്‍ ഒരിടത്തും ഒരു പരാമര്‍ശവുമില്ല. നാരായണയ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ അവയെക്കുറിച്ച് ഒരു വാക്കു പോലും പറയാതെ വായനക്കാരനിലേക്ക് സംക്രമിപ്പിക്കുന്നതില്‍ കരവിരുതും കലാവൈഭവവുമുണ്ട്. ഒരു നല്ല കലാസൃഷ്ടി എന്തു പറയുന്നുവെന്നല്ല എന്തു പറയാതിരിക്കുന്നുവെന്നാണ് അന്വേഷിക്കേണ്ടതെന്ന പിയറി മഷേറിയുടെ അഭിപ്രായം ഇവിടെ സംഗതമാണ്.
വിരോധാഭാസം ഒരു കപ്യാരുടെ കഥയാണ് ഒരു ഹാസ്യ കഥാപാത്രമായല്ലാതെ കപ്യാര്‍ ഒരു കഥയില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണെന്നു തോന്നുന്നു. ഒരു നിശബ്ദ ജീവിയാണ് ഇതിലെ കപ്യാരു കൊച്ചൌസേപ്പുചേട്ടന്‍. സ്വന്തം വികാരങ്ങള്‍ വാക്കുകളിലൂടെ പ്രകടിപ്പിക്കാനറിയാത്ത ഒരു പാവം മനുഷ്യന്റെ ധര്‍മ്മസങ്കടങ്ങളും ഒടുവില്‍ അയാളനുഭവിക്കേണ്ടി വരുന്ന പുത്ര ദു:ഖവുമെല്ലാം ഹൃദയ ദ്രവീകരണക്ഷമമായ ഭാഷയില്‍ ആവിഷ്ക്കരിച്ചിട്ടുള്ള ഈ കഥ വ്യാഖ്യാനിക്കാനോ വിശദീകരിക്കാനോ ഞാന്‍ മുതിരുന്നില്ല. ഒടുവിലത്തെ മണിയടി ശബ്ദം വളരേക്കാലത്തേക്ക് വായനക്കാരനില്‍ നിന്ന് മുഴങ്ങിക്കൊണ്ടിരിക്കും എന്നു മാത്രം പറയട്ടെ.
ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥകളാണ് ‘ കടം വാങ്ങിയ സ്വപ്നങ്ങളും’ വിരോധാഭാസവും ‘ മാത്രമല്ല സമീപകാലത്തുണ്ടായ മലയാള ചെറുകഥയില്‍ ഏറ്റവും മികച്ചവയുടെ കൂട്ടത്തില്‍ ഈ രണ്ടു കഥകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം.
‘പാരസികം’ , ‘അവസാനത്തെ കാളവണ്ടി’ എന്നി കഥളെക്കുറിച്ചു കൂടി ഒരു വാക്ക്. വിദേശത്ത് വേശ്യാവൃത്തി നടത്തി ജീവിക്കേണ്ടിവരുന്ന , അത് സ്വന്തം സഹോദരന്‍ അറിയാനിടവരരുതെന്നാഗ്രഹിക്കുന്ന ഒരു യുവതിയുടെയും അവള്‍ക്കുവേണ്ടി ആളെ ഏര്‍പ്പാടാക്കുകയും അതവള്‍ അറിയരുതെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണല്ലോ പാരസികം. പ്രവാസിയുടെ പണം കൊണ്ട് ധൂര്‍ത്തടിച്ചു ജീവിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ മനസാക്ഷിക്കു നേരേയുള്ള ഒരു കൂരമ്പാണീക്കഥ. ഒന്നിലധികം സഹോദരന്മാരുടെ ഭാര്യയായിരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് നിശബ്ദയായി തിരിച്ചു നടക്കുന്ന ഡോക്ടറായ യുവതി. ( അവസാനത്തെ കാളവണ്ടി) സ്ത്രീത്വതിന്റെ ദൈന്യതയെ മാത്രമല്ല സ്ത്രീക്കു തീര്‍ക്കാന്‍ കഴിയുന്ന പ്രതിരോധത്തെക്കുറിച്ച് കൂടി നമ്മുടെ വിമോചനവാദികള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്തത്ര ഉച്ചത്തില്‍ നമ്മളോടു വിളിച്ചു പറയുന്നു.
ഓരോ കഥയും വായിച്ചു കഴിയുമ്പോളാണ് അതില്‍ പശ്ചാത്തലമായി നിലനില്‍ക്കുന്ന ദേശകാലങ്ങളെക്കുറിച്ച് വായനക്കാരന്‍ ബോധവാനാകുന്നത്. എന്നതാണ് ഈ സമാഹാരത്തിലെ കഥകളുടെ സവിശേഷത. വളരെ നിര്‍ണ്ണായക പ്രധാന്യമുള്ള സാമൂഹ്യ- സാമ്പത്തിക പ്രശ്നങ്ങള്‍ അവയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അല്‍പ്പം വൈകി അയാള്‍ മനസിലാക്കുന്നു. പ്രതിബദ്ധതയുടെ പേരില്‍ ആണയിടുന്ന ഏതൊരു കഥാകൃത്തിനേക്കാളും കൂടുതല്‍ വിജയകരമായി വായനക്കാരനെ ജീവിതത്തെക്കുറിച്ച് ബോധവാനാക്കാന്‍ കഴിയുന്നുവെന്നതാണ് തച്ചിലിന്റെ നേട്ടം. കഥയുടെ ശില്പഭദ്രതക്കും കലാസൗഭഗത്തിനും ഒരു കോട്ടവും തട്ടാതെ അങ്ങിനെ ചെയ്യാന്‍ സമകാലികരായ എത്ര കഥാകൃത്തുക്കള്‍ക്കു കഴിയും? .
നന്മയുടെ വിലങ്ങ്- ഡോ. എബി തച്ചില്‍, പ്രസാധകര്‍- മെസ്സേജ് പബ്ലീക്കേഷഷന്‍, വില- 65 രൂപ, പേജ്-107
Generated from archived content: vayanayute42.html Author: rs_kurupp