അര്‍ദ്ധരാത്രിയില്‍ മണി‍ മുഴങ്ങുമ്പോള്‍

അറ്റ് ദി സ്ട്രോക്ക് ഓഫ് മിഡ്നൈറ്റ് അവര്‍’ നെഹൃവിന്റെ വികാരനിര്‍ഭരമായ സ്വരം. ലോകം മുഴുവനും നിദ്രയിലാണ്ടിരിക്കെ ഇന്ത്യ ജീവിതത്തിലേക്കും സ്വാതത്ര്യത്തിലേക്കും ഉണര്‍ന്നെഴുനേല്‍ക്കുകയാണ്! ആ പ്രസംഗത്തെക്കുറിച്ചൊരു വിമര്‍ശകാത്മക പഠനമല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അര്‍ദ്ധരാത്രിയില്‍ നേടിയ സ്വാതന്ത്ര്യം ഇന്നും നിലനില്‍ക്കുന്ന ഒരേയൊരു ജനത നാമാണ്. നമ്മുടെ കൂടെ അല്ലെങ്കില്‍ നമുക്കു ശേഷം നേടിയ ജനതകള്‍ അവരുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായോ ഭാഗീകമായോ നഷ്ടപ്പെടുത്തി. നമ്മളിപ്പോഴും 63 കൊല്ലത്തിനുശേഷവും നമ്മുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നു. അതിനു നാം നേതാക്കന്‍മാരോടല്ല ; നമ്മോടുതന്നെയാണ് നന്ദി പറയേണ്ടത്. വിരലില്‍ മഷി പുരട്ടാന്‍ കാലാകാലങ്ങളില്‍ മഴയത്തും വെയിലത്തും ക്യൂ നില്‍ക്കുന്ന നമ്മളോടു തന്നെ. അന്നൊരു ദിവസം ജനാധിപത്യത്തിലെല്ലാവരും സമന്മാരാണെന്ന തത്വം നാം കൃത്യമായി പ്രയോഗത്തില്‍ വരുത്തുന്നു. വി എസും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കോടിയേരിയും സലിം കുമാറും ജയസൂര്യയുമൊക്കെ ഊഴം കാത്തു ക്യൂ വില്‍ നില്‍ക്കുന്നു. വി.ഐ. പി പരിവേഷങ്ങള്‍ അപ്രത്യക്ഷങ്ങളാകുന്നു. ഊഴം തെറ്റിച്ചു വന്ന താര സുന്ദരിയോട് സാധാരണക്കാരായ വോട്ടര്‍മാര്‍ കയര്‍ത്തു സംസാരിക്കുന്നു. അവര്‍ മടങ്ങിപ്പോയി, ക്യൂ വില്‍ നില്‍ക്കേണ്ടി വരുന്നു. അങ്ങിനെ ചെയ്തില്ലെങ്കിലാണ് തെറ്റ്. കാരണം തുല്യാവകാശത്തെകുറിച്ചുള്ള അടിയുറച്ച ബോധം ദരിദ്രരും നിരക്ഷരുമായുള്ളവരുള്‍പ്പെടെയു ള്ള നമ്മുടെ പൊതുസമൂഹത്തിന് ഉണ്ടായിരുന്നില്ലന്കില്‍ നമ്മുടെ ജനാധിപത്യം അടിയന്തിരാവസ്ഥ പോലുള്ള പ്രതിസന്ധികളെ അതി ജീവിച്ച് നില്‍ക്കുമായിരുന്നില്ല. തുല്യതാബോധം കൈവിടാതെ തന്നെ നാം നമുക്ക് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നവര്‍ക്കു ചില ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട്. കാര്‍, വീട്, മോശമല്ലാത്ത വേതനം’ ബഹുമാനപ്പെട്ട’ എന്ന മുന്‍പ്രത്യയം അങ്ങിനെ പലതും. നമ്മുടെ രാഷ്ടീയക്കാരില്‍ ഭൂരിഭാഗവും അതൊക്കെ ജനങ്ങള്‍ നല്‍കിയ സൗജന്യങ്ങളാണെന്നും പരമാധികാരി ജനങ്ങളാണെന്നും വിശ്വസിക്കുന്നവരാണ്. അങ്ങിനെയല്ലാത്തവരും വിരളമായിട്ടുണ്ടന്ന് കരുനാഗപിള്ളി സംഭവം സൂചിപ്പിക്കുന്നു. മുന്‍മന്ത്രികൂടിയായ ഒരു സ്ഥാനാര്‍ഥി, തനിക്ക് വോട്ടു ചെയ്യുകയില്ല എന്നു പറഞ്ഞതിനെ പേരില്‍ ഒരു പൗരന്റെ മുഖത്തടിച്ച സംഭവം ജനാധിപത്യത്തിന് തീരാകളങ്കം ചാര്‍ത്തിയിരിക്കുന്നു. – ആ സംഭവവും മന്ത്രിയേകൊണ്ട് അവിടെ വച്ചു തന്നെ മാപ്പു പറയിപ്പിക്കാന്‍ ഒരു ജനക്കൂട്ടം അവിടെ ഉണ്ടായില്ലെന്ന വസ്തുതയും. ക്യൂ തെറ്റിച്ചതിന് കാവ്യാ മാധവനോട് കയര്‍ത്തു സംസാരിച്ചത് ശരി. പക്ഷെ തിരെഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്തു എന്നതിന്റെപേരിലവര്‍ക്കെതിരെ കരിങ്കൊടി പ്രകടനം നടത്തിയത് വലിയ തെറ്റു തന്നെയാണ്. ജനാധിപത്യത്തോടു ചെയ്യുന്ന തെറ്റ്. ഏതു പൗരനും അയാളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ആര്‍ക്കുവേണ്ടിയും പ്രചാരനം നടത്താം. ഉത്തരവാദിത്തമുള്ള ഒരു ഇടതുപക്ഷ യുവജനസംഘടന ഇക്കാര്യം വിസ്മരിച്ചത് നിര്‍ഭാഗ്യകരമാണ്.

വെസ്റ്റ് മിനിസ്റ്റെര്‍ മാതൃകയിലുള്ള ഭരണക്രമത്തില്‍ പ്രധാനമന്ത്രിയാണ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി. ഭരണാധി കാരി ലോക/ നിയമസഭയുടെ വിസ്വാസം നേടിയ നേതാവിനെ പ്രധാന/ മുഖ്യമന്ത്രിയായി നിയമിക്കാതിരിക്കാന്‍ രാഷ്ട്രപതിക്ക്/ ഗവര്‍ണര്‍ക്ക് കഴിയുകയില്ല. കൂടെയുള്ള മന്ത്രിമാര്‍ ആരെന്നും അവര്‍ എത്രകാലത്തേക്ക് തുടരണമെന്നും പ്രധാന മന്ത്രി / മുഖ്യമന്ത്രിയാണ് തീരുമാനിക്കുക. അധികാരമുള്ളയാളിനു തന്നെയാണ് ഉത്തരവാദിത്വവും. അതിനാല്‍ ലൈസന്‍സ് നല്‍കിയത് താനല്ല; സഹമന്ത്രിയാണ് എന്നു പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുന്നത് പ്രധാന മന്ത്രിക്ക് ചേരാത്ത നടപടിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു സമ്മതിച്ചു കൊടുക്കാതെ തരമില്ല. വകുപ്പു വിഭജനത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് നിയമം. സഹമന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയണെന്ന് സംസ്ഥാനജനതയെ അറിയിക്കാനുള്ളവകാശം മുഖ്യമന്ത്രിക്കു മാത്രമാണ്. അത് ലംഘിക്കുന്നത് അനൗചിത്യം മാത്രമല്ല; ജനാധിപത്യ വിരുദ്ധം കൂടിയാണ്. ഭരണകക്ഷിയും പ്രതിപക്ഷവും ഇത്തവണ തുല്യശക്തികളാണ് നിയമസഭയില്‍. ഒരു ജനാധിപത്യരാഷ്ട്രം എന്ന നിലയില്‍ നാം പക്വത നേടിയിരിക്കുന്നുവെന്നര്‍ഥം. കൂടുതല്‍ മെച്ചപ്പെട്ട ഭരണം അര്‍ഹിക്കുന്നുവെന്നും. നമുക്കുകാത്തിരിക്കാം.

കടപ്പാട് – പുറപ്പാട് സമയം

Generated from archived content: essay1_aug23_11.html Author: rs_kurupp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here