ആഭരണങ്ങള്‍ ഉണ്ടാക്കാനല്ലാതെ മറ്റു കാര്യമായ ഉപയോഗങ്ങളൊന്നും ഇല്ലാത്ത ലോഹമാണ് സ്വര്‍ണ്ണം. വസ്തുവിനു പകരം വസ്തു എന്ന ബാര്‍ട്ടര്‍ സമ്പദ്രായം അവസാനിച്ചത് ഏതു വസ്തുവും സ്വര്‍ണ്ണത്തിന് പകരമായി കൈമാറ്റം ചെയ്യപ്പെടാം എന്ന അവസ്ഥ വന്നപ്പോഴാണ്. വിനിമയത്തിന്റെ കാര്യത്തില്‍ പൊതു ഉപാധി ആയി സ്വര്‍ണ്ണം ലോകമെങ്ങും അംഗീകരിക്കപ്പെട്ടത് എന്തുകൊണ്ടാണ്? പരിമിതമായ ലഭ്യതയാണ് പ്രധാനം. 2009 വരെ ആകെ ഖനനം ചെയ്തിട്ടുള്ള സ്വര്‍ണ്ണം1,65,000 ടണ്‍ മാത്രമാണ്. ഇനിയും ഖനനം ചെയ്യപ്പെടാന്‍ അവശേഷിക്കുന്നത് അതിന്റെ 40% ശതമാനം മാത്രം. മറ്റൊന്ന് അതിന്റെ ആപേക്ഷിക സാന്ദ്രത 17 ആണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ഒരു ഗ്രാം വലിപ്പമുള്ള വെള്ളത്തേക്കാള്‍ 17 ഇരട്ടി തൂക്കമുണ്ടാകും. അതായത് ഒരു ഘനയടി സ്ഥലത്ത് 1.75 ടണ്‍ സ്വര്ണ്ണം ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. സൂക്ഷിക്കാനും കൊണ്ടു നടക്കാനുമുള്ള സൗകര്യം കൂടി കണക്കാക്കിയാവണം സ്വര്‍ണ്ണത്തെ ആദ്യ പൊതു വിനിമയോപാധിയാക്കിയത് . ഒട്ടു മിക്ക പദാര്‍ത്ഥങ്ങളുമായും ഒരു സാഹചര്യത്തിലും രാസപ്രവര്‍ത്തനമില്ല എന്നത് മറ്റൊരു കാരണമാണ്. എന്തായാലും ഒരു പൊതു കറന്‍സിയെന്ന നിലയില്‍ സ്വര്‍ണ്ണം ലോക വ്യാപകമായി ബി. സി ഏഴാം നൂറ്റാണ്ടു മുതല്‍ തന്നെ സ്വീകരിക്കപ്പെട്ടിരുന്നു. ഗോത്ര സമൂഹങ്ങളില്‍ നിന്ന് രാഷ്ടവും ഭരണകൂടങ്ങളും മറ്റും ഉയര്‍ന്നു വന്നപ്പോള്‍ നാണയവ്യവസ്ഥ അനിവാര്യമായി. ഓരോ രാഷ്ട്ര ത്തിനും സ്വന്തമായി നിശ്ചിത വിലയ്ക്കുള്ള സ്വര്‍ണ്ണ നാണയങ്ങളുണ്ടായി. ഇവിടെയാണ് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്ന വിളിക്കപ്പെടുന്ന സമ്പ്രദായത്തിന്റെ തുടക്കം. പില്‍ക്കാലത്ത് ബാങ്ക് നോട്ടുകളും വില കുറഞ്ഞ ലോഹങ്ങളും മറ്റും നിലവില്‍ വന്നപ്പോഴും അവയ്ക്കൊക്കെ മൂല്യത്തിന് തുല്യവിലയ്ക്കുള്ള സ്വര്‍ണ്ണത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. നോട്ടുകളോ നാണയങ്ങളോ കൊടുത്താല്‍ അവ പ്രതിനിധാനം ചെയ്യുന്ന വിലയ്ക്കുള്ള സ്വര്‍ണ്ണം കേന്ദ്ര ബാങ്കുകള്‍ നല്‍കുമായിരുന്നു. ഈ സമ്പ്രദായം ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 1971 -ല്‍ യു എസ് എ അവസാനിപ്പിച്ചു. മറ്റെല്ലാ രാജ്യങ്ങളും അതിനു മുമ്പുതന്നെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് വേണ്ടെന്ന് വച്ചിരുന്നു. ഉല്പ്പാദവര്‍ദ്ധനവിലൂടെ വ്യക്തികളുടേയും രാഷ്ടങ്ങളുടേയും സമ്പത്ത് വര്‍ദ്ധിച്ചതിനനുസരിച്ച് സ്വര്‍ണ്ണോത്പാദനം വര്‍ദ്ധിക്കുകയുണ്ടായില്ല. അതുകൊണ്ട് ലഭ്യമായ സ്വര്‍ണ്ണം കൂടുതല്‍ സമ്പത്തിനെ പ്രതിനിധാനം ചെയ്യേണ്ട അവസ്ഥയുണ്ടായി. അങ്ങനെ സ്വര്‍ണ്ണത്തിന് അതിന്റെ സ്വന്തം നിലയില്‍ തന്നെ വിലയും വിലയില്‍ ഉയര്‍ച്ചതാഴ്ചകളും ഉണ്ടായി. നാണയങ്ങളുടെ മൂല്യസ്ത്രോതസ്സ് എന്നീ നിലകൂടാതെ കരുതല്‍ മൂല്യവുമായി. സ്വകാര്യ വ്യക്തികള്‍ മാത്രമല്ല സ്ഥാപനങ്ങളും ബാങ്കുകളും കേന്ദ്ര ബാങ്കുകളും സ്വര്‍ണ്ണം കരുതി വയ്ക്കാന്‍ തുടങ്ങി.
ഇതിനൊരു മറു വശം കൂടിയുണ്ട്. സമ്പത്ത് കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു ഉപാധി അതായത് മൂലധനം എന്ന നിലയില്‍ ആയിത്തീര്‍ന്നപ്പോള്‍ സ്വര്‍ണ്ണ നിക്ഷേപം അനാകര്‍ഷകമായി . ഉത്പാദനക്ഷമത വിപ്ലവത്തിന്റേതായ കാലഘട്ടത്തില്‍ വ്യവസായ നിക്ഷേപങ്ങള്‍ കൂടുതല്‍ സമ്പത്ത് ഉത്പാദിപ്പിക്കുന്നതു വഴി കൂടുതല്‍ ലാഭകരമായി തീര്‍ന്നു. കമ്പനികളുടെ ഓഹരികള്‍ ഭൂമി പാര്‍പ്പിടം ഇവയുടെയൊക്കെ വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി. അതിന് ആനുപാതികമായ വിലവര്‍ദ്ധന സ്വര്‍ണ്ണത്തിന് ഉണ്ടായില്ല എന്നല്ല സ്വര്‍ണ്ണവില നാമമാത്രമായി തീര്‍ന്നു.19 – ആം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള സ്വര്‍ണ്ണത്തിന്റെ വിലവര്‍ദ്ധന 1.1 മാത്രമായിരുന്നു. ഏറ്റവും കുറഞ്ഞ പലിശ നല്‍കുന്ന ബാങ്ക് കടപത്ര നിക്ഷേപങ്ങളേക്കാളും മോശമായിരുന്നു സ്വര്‍ണ്ണത്തിന്റെ ക്രമാതീതമായ വിലവര്‍ദ്ധനവുണ്ടായത്. അത് പക്ഷെ രാഷ്ട്രീയ കാരണങ്ങളാലും താല്‍ക്കാലിക വുമായിരുന്നു. 90- കളില്‍ പലവട്ടം സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടായി. പല രാജ്യങ്ങളും തങ്ങളുടെ കരുതല്‍ സ്വര്‍ണ്ണം വിറ്റ് കൂടുതല്‍ വിലയുള്ള കറന്‍സികള്‍ പ്രത്യേകിച്ച് ഡോളര്‍ വാങ്ങി. പുതിയ നൂറ്റാണ്ടിലെ ആദ്യ പ്രവൃത്തി ദിവസം 2000 ജനുവരി 3 തിങ്കളാഴ്ച ന്യൂയോര്‍ക്ക് കമ്പോളത്തില്‍ സ്വര്‍ണ്ണവില ഔണ്‍സിന് (32.12 ഗ്രാം ) 288 ഡോളര്‍ ആയിരുന്നു. അഞ്ചു കൊല്ലം കൊണ്ട് അത് ഇരട്ടിയിലധികമായി. 2005 -ല് 600 ഡോളര്‍ 2008 -ല്‍ 1000 ഡോളര്‍ 1980 -ല്‍ കണ്ട താത്ക്കാലിക പ്രതിഭാസത്തിന്റെ ആവര്‍ത്തനമാണ് ഇവിടെ കാണുന്നത്. ട്വിന്‍ ടവര്‍ പതനം, ഇറാക്ക് അഫ്ഗാനിസ്ഥാന്‍ യുദ്ധം ഇവയൊക്കെ കാരണം അമേരിക്കയില്‍ മാത്രമല്ല മുതലാളിത്ത ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. നിക്ഷേപകര്‍ക്ക് കറന്‍സികളിലും ഓഹരികളിലും കടപ്പത്രങ്ങളിലും മറ്റുള്ള വിശ്വാസം നഷ്ടപ്പെടാന്‍ തുടങ്ങി. നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്കു തിരിഞ്ഞു. 2008 -10 വര്‍ഷങ്ങളിലെ സാമ്പത്തിക മാന്ദ്യവും, അതില്‍ നിന്ന് മോചനം നേടിത്തുടങ്ങിയപ്പോഴേക്കും അമേരിക്കയില്‍ ഉണ്ടായ പ്രതിസന്ധിയും നിക്ഷേപകരുടെ വിശ്വാസം നഷടപ്പെടുത്തി. സ്വര്‍ണ്ണ വില കുതിച്ചുയര്‍ന്നു. 2011 സെപ്തംബര്‍ ആദ്യവാരം ഔണ്‍സിന് 1900 ഡോളര്‍ എന്ന സര്‍വകാല റെക്കോഡിലെത്തി. ഒരു കൊല്ലം കൊണ്ട് 500 ഡോളറിന്റെ വര്‍ദ്ധന!
2000 വരെയുള്ള 125 കൊല്ലത്തെ 1.1 വാര്‍ഷിക വര്‍ദ്ധനവും ഈ നൂറ്റാണ്ടില്‍ ആദ്യ ദശകത്തിലെ 700 ശതമാനം വര്‍ദ്ധനവും താരതമ്യം ചെയ്യുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ആദായകരമായ വ്യവസായ വാണിജ്യ നിക്ഷേപങ്ങള്‍ക്ക് സാദ്ധ്യതയുള്ളപ്പോള്‍ ആരും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുകയില്ല. 19- ആം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെയുള്ള കാലം അങ്ങനെയൊന്നായിരുന്നു. രണ്ടു മഹായുദ്ധങ്ങളോ മുപ്പതുകളിലെ മഹാമാന്ദ്യമോ ഒന്നും മുതലാളിത്തത്തിന്റെ സമ്പത്തുല്‍പ്പാദനശേഷിയില്‍ വിശ്വാസം നഷ്ടപ്പെടുത്തിയില്ല. അതുകൊണ്ട് സ്വര്‍ണ്ണവില ക്രമാതീതമായി വര്‍ദ്ധിച്ചില്ല. 21- ആം നൂറ്റാണ്ടിന്റെ ആദ്യ ശതകം വ്യത്യസ്തമായിരുന്നു അതിന്റെ ഫലം നാം സ്വര്‍ണ്ണകമ്പോളത്തില്‍ കാണുകയും ചെയ്തു.
2011 സെപ്തംബര്‍ ലെ റിക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണ്ണം താല്‍ക്കാലികമായിട്ടെങ്കിലും താഴേക്കു വന്ന സാഹചര്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി കുറഞ്ഞു വളര്‍ച്ചാനിരക്കുകള്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തി. തൊഴിലവസരങ്ങള്‍ ചെറിയ തോതില്‍ വര്‍ദ്ധിച്ചു തുടങ്ങി. ഫലമോ സ്വര്‍ണ്ണ വില കുറയാന്‍ തുടങ്ങി. രണ്ടു മൂന്നു മാസം കൊണ്ട് 540 ഡോളറിന്റെ കുറവ്. യൂറോ പൊതു നാണയമായി സ്വീകരിച്ച യൂറോ സോണ്‍ രാജ്യങ്ങളില്‍ ആണ് സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഗ്രീസിലെ സ്ഥിതിയാണ് ഏറ്റവും ദയനീയം. വേതനം മാത്രമല്ല പെന്‍ഷനും വെട്ടിക്കുറച്ചിരിക്കുകയാണ്. ഒരു പെന്‍ഷന്‍കാരന്‍ പൊതുസ്ഥലത്തു വച്ച് ആത്മഹത്യ ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഗ്രീക്ക് സര്‍ക്കാരിന് കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ മുഖവിലയുടെ പകുതി നല്‍കി നിക്ഷേപകരുടെ ഇടപാട് തീര്‍ക്കാനുള്ള ഒരു നിര്‍ദ്ദേശമാണ് ഇപ്പോള്‍ നിലവിലുള്ളത്. ലോക സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ആഴം എത്രയുണ്ടെന്ന് സൂചിപ്പിക്കാനാണ് ഇത്രയും വിശദമായി എഴുതിയത്.
അമേരിക്കയിലാവട്ടെ താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങളുടെ കാലാവധി ഈ വര്‍ഷത്തോടെ അവസാനിക്കുകയാണ്. 2013 ജനുവരിയില്‍ സ്ഥാനം ഏറ്റ പ്രസിഡന്റിന്റെ ആദ്യ ചുമതലയും ഇതു തന്നെയായിരിക്കും.
പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുക തന്നെ ചെയ്യും. അതാണ് ചരിത്രം പക്ഷെ അതിന് സമയം എടുക്കും. മുപ്പതുകളുടെ മാന്ദ്യം ലോകം മറികടന്നത് ഒരു ഒരു ദശകം കൊണ്ടാണ്. ഇക്കുറിയും അത്രയും കാലം വേണ്ടി വന്നേക്കാം. എന്തായാലും പ്രതിസന്ധി അവസാനിച്ചു എന്ന് ബോധ്യം വരുന്നതുവരെ സ്വര്‍ണ്ണ വില വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്കണ്ഠകളാണ് 1560 എന്ന നിലവാരത്തില്‍ നിന്ന് നീങ്ങുന്നതായും അന്തര്‍ ദേശീയ വിനിമയോപാധിയായി ഡോളറിനെ ഒഴിവാക്കി സ്വര്‍ണ്ണത്തെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.‘ സ്വര്‍ണ്ണവില വര്‍ധിക്കുന്ന മറ്റൊരു സാഹചര്യം കൂടി നിലവില്‍ വന്നിട്ടുണ്ട്. ഇക്വിറ്റി ഫണ്ട് എന്ന പേരുവിളിക്കുന്ന സ്വര്‍ണ്ണം അടിസ്ഥാനമാക്കിയ മ്യൂച്ചല്‍ഫണ്ടുകള്‍ ഷെയറുകള്‍ക്കു പകരം സ്വര്‍ണ്ണത്തിലാണ് നിക്ഷേപിക്കുക. ഇതിന്റെ യൂണിറ്റ് വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണ്ണം പോലും കൈവശം വയ്ക്കാതെ എത്ര സ്വര്‍ണ്ണത്തിന്റെയും ഉടമകളാവാം. വാങ്ങാനും സൂക്ഷിക്കാനും മറ്റുള്ള പ്രയാസം മൂലം ലോക കമ്പോളത്തില്‍ ഏറ്റവും കുറച്ച് കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുവായിരുന്നു സ്വര്‍ണ്ണം. എന്നാല്‍ മേല്‍പ്പറഞ്ഞ ഫണ്ട് അതിനൊരു പരിഹാരമുണ്ടാക്കിയിരിക്കുന്നു. തന്‍മൂലം ലോകസാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുന്നതുവരെ സ്വര്‍ണ്ണവില വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.
സ്വര്‍ണ്ണവില ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഔണിസിന് 2000 എന്ന റിക്കാര്‍ഡില്‍ എത്തിയാലും അതിശയിക്കാനില്ല. അതിനപ്പുറത്തേക്കൊരു പ്രവചനം ഇപ്പോള്‍ അസ്ഥാനത്തായിരിക്കും. സാമ്പത്തികമായി പ്രത്യക്ഷത്തില്‍ പ്രസക്തമായ കാര്യങ്ങളും സ്വര്‍ണ്ണവിലയെ ബാധിച്ചേക്കാം. അതുപോലെ തന്നെ എന്നാണ് വില കുറഞ്ഞു തുടങ്ങുക എന്നതും പ്രവചിക്കാനാവില്ല.
ലോക കമ്പോളത്തെ ആശ്രയിച്ചാണ് സ്വര്‍ണ്ണവില ഇന്ത്യയില്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. നാലു ടണ്ണില്‍ താഴെ സ്വര്‍ണ്ണം ഉത്പാദിപ്പിക്കപ്പെടുന്ന നമ്മുടെ പ്രതിവര്‍ഷ ഉപഭോഗം 900 ടണ്ണാണ്. അതായത് സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ നാം പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്നവരാണ്. അപ്പോള്‍ വിലവര്‍ദ്ധനവ് മാത്രമല്ല ഡോളര്‍ – രൂപ വിനിമയ നിരക്കും ഇന്ത്യന്‍ സ്വര്‍ണ്ണവിലയെ ബാധിക്കും. ലോകകമ്പോളത്തിലെ സ്വര്‍ണ്ണ വിലവര്‍ദ്ധനവ് അനുസരിച്ച് ഇവിടെയും വില കൂടുന്നു. ഒപ്പം ഡോളര്‍ വില വര്‍ദ്ധിച്ചതിന്റെ ഫലമായും വില വര്‍ദ്ധനവുണ്ടായി.
ഇപ്പോഴും ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന് റിക്കാഡ് വിലയാണ്. 22 കാരറ്റിന് 24,000 രൂപ. അതേ സമയം ലോക വിപണിയില്‍ റിക്കാര്‍ഡിന് 130 ഡോളര്‍ താഴെ 1770 ലാണെന്നോര്‍ക്കണം. ഡോളര്‍- രൂപ വിനിമയ നിരക്കിലെ ഒരു രൂപയുടെ മാറ്റം ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണ്ണവിലയില്‍ 400 രൂപ വരെ വ്യത്യാസമുണ്ടാക്കും. ഡോളറിന് 50 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ സ്വര്‍ണ്ണ വിലയെക്കുറിച്ചുള്ള പ്രവചനങ്ങളും തിരുത്തേണ്ടി വരും. ലോകകമ്പോളത്തില്‍ സ്വര്‍ണ്ണം 24 കാരറ്റ് തന്നെയാണ്. ഇന്ത്യയിലാകട്ടെ സ്വര്‍ണ്ണ വില 22 കാരറ്റ് അടിസ്ഥാനത്തിലാണ്.
കടപ്പാട് സമയം
Generated from archived content: essay1_may3_13.html Author: rs_kurup