മേഘച്ചുഴികളിലായിരുന്നു നീ
തിരമടക്കുകളിലായിരുന്നു ഞാൻ
എന്നിട്ടും
എനിക്കും ദാഹിച്ചപ്പോൾ
നിനക്കും ദാഹിച്ചു
എനിക്കു വിശന്നപ്പോൾ
നിനക്കും വിശന്നു.
ധൂളിയാർത്ത
മേഘപടലങ്ങളോടു
നീ ചോദിച്ചു
അപ്പവും മീനുമെവിടെ?
തിരമേഘങ്ങളുടെ
മേലടരുകളിൽ
ദാഹം മഴയായ് പടർന്നു.
പാറകൾ
തേനും തേൻകട്ടയുമായ്
ഉരുകിയ
പാതിരാമയക്കങ്ങളിൽ
ഓർമ്മകൾ
തീയ്യും പുകയുമായ്
വിറപൂണ്ടു പിളർന്നാടി.
മറവി
മഹാകവാടമായ്
ഇരുൾ വിഴുങ്ങി
വെളിച്ചത്തിൽ
നിദ്രപ്രാപിച്ചു.
ഇനിയുറങ്ങാം ശാന്തമായ്.
Generated from archived content: poem2_july30_10.html Author: rosy_thampi