മുനിഞ്ഞു കത്തുന്ന
മണ്ണെണ്ണ വിളക്കിനു മുന്നില്‍ കുനിഞ്ഞിരുന്ന്
ഉറക്കച്ചടവുള്ള കണ്ണുകള്‍ വിടര്‍ത്തി
തത്ത കൊത്തിയെടുത്ത
ദുശ്ശളയുടെ ചിത്രം നോക്കി
മുഷിഞ്ഞു കീറിയ സാരിത്തല ശരിയാക്കി
ഏറെ ക്ഷീണിച്ച ശബ്ദത്തില്‍
കുറത്തി പറഞ്ഞു
‘’കൂടെ പിറന്നവനു പോയേ തീരു’‘
കൊടുത്ത പത്തു രൂപ തിരികെ തന്നു
ഉത്സവത്തിന്റെ ആരവത്തില്‍
ആരെന്തു കേള്‍ക്കാന്‍
പത്തുരൂപക്കു
പോപ്പ് കോണ്‍ വാങ്ങി
കൊറിച്ചു നടന്നു.
ആനയും ആളും തട്ടിമുട്ടിപ്പോയി
കുടമാറ്റവും വെടിക്കെട്ടും കഴിഞ്ഞ
ആളൊഴിഞ്ഞ ആല്‍ത്തറയിലെ
സിമന്റു തിണ്ണയില്‍
പച്ചമുന്തിരി തിന്ന് ക്ഷീണമകറ്റാന്‍ കമഴ്ന്നു കിടന്നു
പൂരവും കുറത്തിയും മാഞ്ഞു.
ആ വര്‍ഷം വിളവു സമൃദ്ധം
മുറ്റത്തെ മൂവാണ്ടന്‍ കോടി കായ്ച്ചു
പുളിമരത്തിന്‍ ഇല കാണാതെ
കാഴ്ചക്കാരുടെ നാവില്‍ വെള്ളമൂറി
വാളാന്‍ തൂങ്ങിക്കിടന്നു.
വടക്കേപ്പുറത്തെ ഒന്നരാടന്‍ പ്ലാവ് വേരിലും കായ്ച്ചു
ചാഴിപൂക്കുന്ന പത്തുപറക്കണ്ടം
കൊയ്തു മെതിച്ചപ്പോള്‍
പത്തായം നിറഞ്ഞു
കാച്ചിലും, ചേമ്പും , ചേനയും കിഴങ്ങും
പറിക്കുന്തോറും കുഴി നിറഞ്ഞു
ഉമ്മറത്തിരുന്നു കാക്ക വിരുന്നു വിളിച്ചു
വരാത്ത ബന്ധുക്കളെല്ലാം വന്നുപോയി
ശത്രുക്കള്‍ കുശലം പറഞ്ഞു
നല്ല കാലം വന്നെന്നു
മുറ്റത്തിരുന്ന് മൈന കുറുകി
ഒരു വ്യാഴാഴ്ച രാത്രി ഉണ്ണി പറഞ്ഞു
‘ കാലുവേദനിക്കുന്നു’
മുറിവെണ്ണ ധാരയിട്ടിട്ടും
ആ പെസഹാ കടന്നു പോയില്ല
വെള്ളിയാഴ്ച ഐ സി യു വില്‍
ശനിയാഴ്ച വെന്റിലേറ്ററില്‍
ഞായറാഴ്ച പുലര്‍ച്ചെ ഉയര്‍ത്തെഴുന്നേറ്റു
ആളുകള്‍ വന്നു പോകുന്ന ഇരുട്ടില്‍
കുറത്തി വാക്കുകള്‍ വെള്ളയായ് തെളിഞ്ഞു
മടക്കിത്തന്ന പത്തു രൂപ
സഹോദരന്റെ വില
അതു തിരിച്ചു വാങ്ങാന്‍
പോപ്പ് കോണ്‍ വില്‍പ്പനക്കാരനെ
തിരഞ്ഞു നടക്കുകയാണ് ഞാന്‍
ശബ്ദമില്ലാത്ത ഉത്സവങ്ങളില്‍
ഉണ്ണി ഉമ്മറത്തൊരു വിളക്ക്
നിന്നെ കാത്തിരിക്കുന്നു
പാതിരായ്ക്കു കയറി വരുമ്പോള്‍
കട്ടിളപ്പടിയില്‍ കാല്‍തട്ടാതെ നോക്കണം
വീടു വിട്ടു പോകുന്നതെങ്ങിനെ?
Generated from archived content: poem1_feb17_14.html Author: rosy_thampi