അമ്മയാകുക എന്നാൽ സ്വന്തം ജീവിതം ആസ്വദിക്കുകയാണ്. എന്റെ ആദ്യകുഞ്ഞ് പിറന്നപ്പോൾ അവളോടൊപ്പം ഞാനും ഒരു പുതിയ രീതിയിൽ പുനർജനിച്ചതായി എനിക്കു തോന്നി. അതുവരെ ഞാൻ മകളും, കാമുകിയും, ഭാര്യയും മാത്രമായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌ഥമായ ഒന്നാണ് അമ്മയായി തീർന്നപ്പോൾ എനിക്കു ലഭിച്ച ആനന്ദം. കുഞ്ഞു ജനിക്കുന്നതോടെ മുമ്പുണ്ടായിരുന്നതൊന്നും അത്രകാര്യമല്ലെന്ന് എനിക്കുതോന്നിതുടങ്ങി. പിന്നെ അവളോടൊപ്പമുള്ള ദിവസങ്ങൾ, പുതിയ ജീവിതവ്യവസ്‌ഥതന്നെ ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു. അപ്പോഴാണ് ജേതവനം യഥാർത്ഥത്തിൽ ഒരു കുടുംബം എന്ന അർത്ഥവത്തായ രീതിയിലേക്ക് പ്രവേശിച്ചത്. എന്നോടൊപ്പം അവളുടെ അപ്പനും മാറുകയായിരുന്നു. ഞങ്ങളെ അപ്പനും അമ്മയും ആക്കിയതിൽ അവളോട് ഞങ്ങൾക്ക് അതിരറ്റ സ്‌നേഹമുണ്ടായി. പിന്നീട് ഇക്കാലമത്രയും വീടൊരുക്കിയത് അവൾക്കും അവളുടെ അനുജത്തിക്കും കൂടി വേണ്ടിയായിരുന്നു. അവൾ വന്നപ്പോഴാണ് ഞങ്ങളുടെ മുറികൾ അതിനുമുമ്പ് എന്നത്തേക്കാളും മനോഹരമായി അലങ്കരിച്ചത്. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഓരോമുറിയിലും പരിശുദ്ധിയും, സുഗന്ധവും നിറഞ്ഞുനിന്നു. സംഗീതവും, ഇളം നിറങ്ങളിലുള്ള ജനൽ വിരികളും പലവർണ്ണങ്ങളിലുള്ള ചിത്രങ്ങളും അവളെക്കാൾ ഏറെ ഞങ്ങളെ ആനന്ദിപ്പിച്ചു. എവിടെ പോയാലും ഓടി അവളുടെ അരികിലെത്തുക എന്നത് വീട് തിരിച്ചു വരാനുള്ള ഒരിടമാണ് എന്ന് സന്തോഷത്തോടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അവളുടെ ഓരോ പുഞ്ചിരിയിലും കരച്ചിലും പുതുമയുണ്ടായിരുന്നു. പേടി, കരുതൽ, ശ്രദ്ധ, ഉത്സാഹം, കാത്തിരിപ്പ് ഇങ്ങനെ ആദിമ ഗുണങ്ങളെല്ലാം എന്നിൽ നിറച്ചത് അവളായിരുന്നു. കട്ടിലിൽ നിന്നുള്ള അവളുടെ ആദ്യത്തെ വീഴ്‌ച. അന്നവൾക്ക് നാലുമാസം പ്രായമായിക്കാണും ഉയരം കുറഞ്ഞ കട്ടിലായിരുന്നിട്ടും അന്നാണ് ഒരമ്മയുടെ ആധി ഞാൻ ആദ്യമായി അറിഞ്ഞത്. ലോകം താഴേയ്‌ക്ക് പതിച്ചതുപോലെയുള്ള അനുഭവമായിരുന്നു. ആദ്യമായി ഞാൻ ഭയന്നു നിലവിളിച്ചത് അന്നാണ്. അല്ലെങ്കിൽ ആ നിലവിളിയാണ് ഇപ്പോഴും എന്റെ ഓർമ്മയിൽ ഭയചകിതമായി നിൽക്കുന്നത്. എന്റെ ഭയവും കരച്ചിലും കണ്ട് അമ്മ പറഞ്ഞുഃ “സാരമില്ല വെറുതെ പച്ചവെള്ളം കൂട്ടി തടവിയാൽ മതി” എന്ന്. കൈകാൽ വിറയ്‌ക്കുന്നതുകൊണ്ട് എനിക്ക് അനങ്ങാൻ കഴിഞ്ഞിരുന്നില്ല. ആരൊക്കെയോ ചേർന്ന് പരിചരിച്ചപ്പോൾ അല്‌പസമയത്തെ കരച്ചിലിനുശേഷം അവളതെല്ലാം മറന്നുപോയി. പക്ഷേ ഇന്നും അതോർക്കുമ്പോൾ കാലിലൂടെ ഒരു തരിപ്പ് കയറും. പതുക്കെ പതുക്കെ അവൾ മുട്ടിലിഴയുന്നത്, നാലുകാലിൽ കോണിപ്പടികയറുന്നത് വേച്ചുവേച്ച് ഒറ്റടിവയ്‌ക്കുന്നത്, അക്ഷരങ്ങൾ പറുക്കി പറുക്കി വാക്കുകൾ ഉണ്ടാക്കുന്നത്. എല്ലാം ഒരോ നിമിഷവും പുതുതായിരുന്നു. അങ്ങനെയാണ് ചടുലമായ സന്ധ്യാ വർണ്ണങ്ങൾപോലെ ഓരോ വികാരങ്ങളെയും അവൾ എന്നിൽ പുനർജനിപ്പിച്ചത്.
കുഞ്ഞു ജനിക്കുമ്പോൾ കുഞ്ഞിനോടൊപ്പം അമ്മയും ജനിക്കുകയാണ്. അതിനുമുമ്പ് അവൾ ഒരു സാധാരണ സ്‌ത്രീമാത്രമായിരുന്നു. അമ്മ സ്‌ത്രീയിൽ നിന്ന് വളരെ വ്യത്യസ്‌തയാണ്. അമ്മയാകുന്നതോടെ സ്‌ത്രീയിൽ അർത്ഥവത്തായ പലതും സംഭവിക്കുന്നു. ഒരു പുരുഷന് അത് എത്രത്തോളം മനസ്സിലാകും എന്നറിയില്ല.
സ്‌ത്രീ, കുഞ്ഞിന് ജന്മം നൽകുമ്പോൾ അവൾ ജീവൻ നല്‌കുകയാണ്. കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അമ്മ സ്വന്തം സ്വത്വത്തിലേക്കുതന്നെയാണ് നോക്കുന്നത്. കുഞ്ഞുവളരുമ്പോൾ അമ്മയും കൂടെ വളരുന്നു. ഇത് ഒരു തിരിച്ചറിയാണ്. ഈ തിരിച്ചറിവ് ഇല്ലായ്‌മയാണ് നമ്മുടെ മാതൃത്വത്തെ ക്ലേശകരമാക്കുന്നത് മാതൃത്വം തീ കനലിലൂടെ ഓടുന്നതിനു തുല്യമാണ്. യേശുവിനെ പ്രസവിച്ച മറിയത്തോട് പ്രവാചകൻ പറയുന്നത് നിന്റെ ‘ഹൃദയത്തിൽ ഒരു വാൾ’ പ്രവേശിച്ചിരിക്കുന്നു എന്നാണ്. അതാണ് മാതൃത്വത്തിന്റെ യഥാർത്ഥ രൂചി. ദു;ഖത്തെ ആനന്ദമാക്കുന്ന രാസത്വരകമാണ് മാതൃഹൃദയം. എന്നാൽ ഒരു രാത്രിപോലും അമ്മയ്‌ക്ക് തടസ്സമില്ലാതെ ഉറങ്ങാൻ കഴിയില്ല. ഒരു ദിവസം പോലും വിശ്രമിക്കാനാവില്ല. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കുന്നതിലും വലുതായി ഒന്നുമില്ലെന്ന തോന്നലാണത്. തളർച്ചയറിയാതെയുള്ള ഓട്ടവും പിരിമുറുക്കവും തന്നെയാണ് ആ ജീവിതം.
നമ്മുടെ പാരമ്പര്യവും, മതവും, സംസ്‌കാരവും, ഇപ്പോൾ ആധുനിക വൈദ്യശാസ്‌ത്രവും അമ്മയ്‌ക്കും കുഞ്ഞിനും കല്‌പിച്ചുനല്‌കുന്ന കഠിനമായ മാതൃധർമ്മം ഒരുവശത്ത്. മറുഭാഗത്ത് വീടിന്റെയും, തൊഴിലിന്റെയും, വീട്ടിൽ നിന്ന് തൊഴിൽ സ്‌ഥലത്തേയ്‌ക്കുള്ള യാത്രയുടെയും കാർക്കശ്യമേറിയ ഉത്തരവാദിത്വം. ഇതിനിടയിലാണ് ഇന്നത്തെ ഒരമ്മ കിടന്ന് പിടയുന്നത്.
കുഞ്ഞിനു ജന്മം നല്‌കുക എന്നത് ഒരു കാര്യമാണ്. അമ്മയാകുക എന്നത് മറ്റൊരു കാര്യമാണ്. ഏതു പെണ്ണിനും പ്രസവിക്കാനാകും. എന്നാൽ അമ്മയാകുക എന്നത് ഒരു വലിയ കലയാണ്, വലിയ വിവേകം ആവശ്യമായതാണ്. അമ്മ ഒമ്പതു മാസത്തെ തന്റെ യാതനയിലൂടെയും നിർവൃതിയിലൂടെയും ഒരു മനുഷ്യജീവിയെ സൃഷ്‌ടിക്കുകയാണ്. അവിടെ സ്‌ത്രീ ദൈവത്തിന്റെ സൃഷ്‌ടികർമ്മം തുടരുന്നു. അതാണ് ഭൂമിയിലെ ഏറ്റവും വലിയ സൃഷ്‌ടികർമ്മം ഏറ്റവും വലിയ സർഗ്ഗാത്മകതയും. എന്നാൽ ജനനത്തോടെ തിരുന്നില്ല അമ്മയുടെ ഉത്തരവാദിത്വം. പിറന്നു വീഴുന്ന ഓരോ കുഞ്ഞും പ്രാകൃതവും അപരിഷ്‌കൃതവുമാണ്. അതിനെ സംസ്‌ക്കരിച്ചെടുക്കണം. ജീവിതത്തിന്റെ വഴികളും മനുഷ്യന്റെ രീതികളും പഠിപ്പിച്ചുകൊടുക്കണം. അത് ഭാരിച്ച ജോലിയാണ്. ഈ ജോലിയാണ് അമ്മ ആഹ്ലാദത്തോടെ നിർവ്വഹിക്കേണ്ടത്. ഈ ജോലി ഭംഗിയായി നിർവഹിക്കണമെങ്കിൽ അമ്മയ്‌ക്ക് ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരിക്കണം. അതിന് ആദ്യമെ തന്നെ അവൾ ഈ കാലത്തിനനുസരിച്ച് ജീവിക്കാൻ പഠിക്കേണ്ടതുണ്ട്. ഇന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടിയ അമ്മമാർക്ക് അമ്മയാകാനുള്ള പരിശീലനം വേറെ നേടേണ്ടതുണ്ട് എന്ന് വ്യക്തം. ഇക്കാലമത്രയും നമ്മൾ ശീലിച്ചുപോന്ന പുരുഷാധിപത്യ സമൂഹവും അതിന്റെ മൂല്യങ്ങളായ വിദ്യാഭ്യാസവും, മതവും, സ്‌ത്രീയെ ഏറെ തകർത്തുകളഞ്ഞിട്ടുണ്ട് എന്നത് സത്യം തന്നെ. പക്ഷേ, നമ്മൾ അമ്മമാർ ഇനിയും ഇരകളുടെ വിലാപം ഏറ്റുപറഞ്ഞിരുന്നിട്ട് എന്തുകാര്യം. നമ്മുടെ മക്കളെ നമ്മുക്ക് മാറ്റിയെടുക്കാം. അതിന് ഇന്നത്തെ അവസ്‌ഥയിൽ സ്‌ത്രീകൾ ഏറെ ശ്രമിക്കേണ്ടതുണ്ട്. എങ്കിലും അതു നല്ലതുണെന്ന് എനിക്കു തോന്നുന്നു. കാരണം ഇക്കാലമത്രയും സ്‌ത്രീ സഹിക്കുക തന്നെയായിരുന്നു. അവൾക്ക് വേണ്ടിയല്ല പുരുഷനുവേണ്ടി? അവന്റെ ദൈവത്തിനുവേണ്ടി? അവന്റെ ലോകത്തിനുവേണ്ടി. അവന്റെ മക്കൾക്കുവേണ്ടി. എന്നാൽ ഇനി അവൾ സഹിക്കേണ്ടത് അവൾക്കും കൂടി വേണ്ടിയാകണം. സ്‌ത്രീക്ക് അന്തസ്സോടും അഭിമാനത്തോടും കൂടി ജീവിക്കാനാണ്. സ്‌ത്രീക്കുകൂടി ഇടമുള്ള ഒരു ലോകത്തിനും സ്‌ത്രീയെ കൂടി പരിഗണിക്കുന്ന ഒരു ദൈവത്തിനും ഒരു മതത്തിനും വേണ്ടിയായിരിക്കണം ഇനി അവൾ അമ്മയായിരിക്കുന്നത്. ഒരു അമ്മയ്‌ക്കുമാത്രം കഴിയുന്നതാണ് ഒരു പുതിയ ജീവിതം കൊത്തിയുണ്ടാക്കൽ. ഒരു ശില്‌പി കല്ലിൽ നിന്നു തനിക്കു വേണ്ടാത്തതെല്ലാം കൊത്തിക്കളഞ്ഞ് മനോഹരമായ ശില്‌പം ഉണ്ടാക്കുന്നതു പോലെ സമൂഹം നിർമ്മിച്ച അനാവശ്യദുർമ്മേദസ്സുകളെല്ലാം നമുക്ക് നമ്മുടെ കുഞ്ഞുങ്ങളിൽ നിന്ന് കൊത്തിക്കളയാൻ കഴിയണം. അതിന് ആദ്യം സ്‌ത്രീയുടെ ഉള്ളിൽ കൊത്തിയുണ്ടാക്കേണ്ട ശില്‌പത്തിന്റെ പൂർണ്ണരൂപം, ദൈവത്തിന്റെ രൂപം ഉണ്ടാകണം. ജനിക്കുന്ന ഓരോ കുഞ്ഞും ദൈവത്തിന്റെ പ്രതിച്ഛായയാണ്. നമ്മൾ അമ്മമാരാണ് ആ ദൈവരൂപങ്ങളെ പൂർത്തിയാക്കേണ്ടത്. ആൺകുഞ്ഞിനെ മാത്രമല്ല പെൺകുഞ്ഞിനേയും ഒരു പെണ്ണുണ്ണിഈശോയായി നമുക്ക് കാണാൻ കഴിയണം. മറിയം വളർത്തിയതുകൊണ്ടാണ് ക്രിസ്‌തു ക്രിസ്‌തുവായത് എന്നാണ് നമ്മൾ സ്‌ത്രീകളെങ്കിലും വിശ്വസിക്കേണ്ടത്.
വാടകക്കെടുത്ത ഒരു ഗർഭപാത്രമല്ല മറിയം. നിരന്തരം അവൾ മകനോടൊപ്പം സഞ്ചരിക്കുന്നു. ജനനത്തിലും ജീവിതത്തിലും മരണത്തിലും മരണശേഷവും അമ്മ മകനോടൊപ്പം ഉണ്ട്. പണ്ടത്തെയൊരു പ്രാർത്ഥനയുണ്ടല്ലോ ‘ദുഃഖശനിയാഴ്‌ചയും വിശ്വസിച്ച മാതാവേ ഞങ്ങളെ വിശ്വസിക്കാൻ പഠിപ്പിക്കേണമേ’ എന്നത്. ആ വിശ്വാസമാണ് ക്രിസ്‌തുവിനെ ഉയർത്തിപ്പിച്ചത് എന്നാണ് നമ്മൾ സ്‌ത്രീകൾ വിശ്വസിക്കേണ്ടത്. കുരിശിൽ നിന്നിറക്കിയ മകനെ മടിയിൽ കിടത്താനുള്ള അമ്മയുടെ ധൈര്യവും മരിച്ച മകനെ ഉയർപ്പിച്ച അമ്മയുടെ വിശ്വാസവുമാണ് നമ്മൾ അമ്മമാർ മക്കൾക്കുവേണ്ടി ആർജിക്കേണ്ടത്. അപ്പോൾ അമ്മ ഇന്നത്തെ ‘നേഴ്‌സി’ന്റെ പദവിയിൽ നിന്നു മാറും. മാധവികുട്ടിയുടെ ‘കോലാട്’ എന്ന കഥയിലെ അമ്മ വിലപിക്കുംപോലെ, മക്കൾക്ക് അവരുടെ വളർച്ചയിൽ അമ്മ വിലകുറഞ്ഞവളാകില്ല. അമ്മ സ്വന്തം ജീവിതം സ്വാഭാവികമായി ആസ്വദിക്കുമ്പോൾ കുഞ്ഞിലൂടെ അത് ഒരു പരിമളമായിത്തീരുന്നു. ഭൂമിയിൽ അമ്മയ്‌ക്കുമാത്രം നൽകപ്പെടുന്ന ഒരവസരമാണത്.
എന്നാൽ സൂക്ഷ്‌മതയോടെയല്ലാതെ ഒരു അമ്മ ഇതിൽ പങ്കെടുത്താൽ വലിയ അപകടമാണ്. കാരണം മാതൃത്വം ഇതിനുമുമ്പ് പലതരത്തിൽ കൊട്ടിഘോഷിക്കപ്പെട്ടതാണ്. ‘മാതൃദേവോ ഭവ’ എന്നൊക്കെ നമ്മെ പഠിപ്പിച്ചതാണ് – അമ്മ ക്ഷമയുടെയും സഹനത്തിന്റെയും മൂർത്തിഭാവം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഈ പടുകുഴിയിൽ നമ്മൾ അമ്മമാർ ഇനി ഒരിക്കലും വീണുപോകരുത്. അത്തരം പഠനത്തിന്റെ അനന്തരഫലം ഇക്കാലമത്രയും അനുഭവിച്ചവരാണ് നമ്മൾ അമ്മമാർ. അത് തികച്ചും പുരുഷന്റെ ലോകക്രമത്തിൽ സ്‌ത്രീയെ വെറും ഇരയാക്കിനിർത്തുന്ന പുരുഷതന്ത്രമാണ്. അതുകൊണ്ട് അത്തരം ഒരു മാതൃസങ്കല്‌പത്തെത്തന്നെ നാം മാറ്റിക്കളയേണ്ടതുണ്ട്. അത്തരം ഒരു ക്രമത്തെ പിന്തുടരുന്ന അമ്മയ്‌ക്ക് ലഭിക്കുന്ന പദവിയെയാണ് ‘കോലാടി’ലെ അമ്മയുടെ ഗതി. അതിങ്ങനെയാണ്.
1. കുഞ്ഞിന്റെ കാര്യങ്ങൾ നോക്കിനോക്കി അമ്മ തളരുന്നു.
2. അതോടൊപ്പം കുഞ്ഞിനെ നമ്മൾ സ്വാർത്ഥതയുടെ മൂർത്തരൂപമാക്കുന്നു.
ഇതു രണ്ടും സ്‌ത്രീയുടെ സ്വത്വബോധത്തിന്റെ വളർച്ചയെ സഹായിക്കുന്നതല്ല. ഇത് അവളിൽ ഒരു തരം നിസ്സഹായതാബോധമാണ് വളർത്തുന്നത്. ആത്‌മീയമായി ഉന്നതിപ്രാപിക്കുന്ന ഒരു സ്‌ത്രീ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കിതളരുകയല്ല മറിച്ച് കുഞ്ഞിനോടൊപ്പം സ്വയം വളരാൻ പ്രാപ്‌തി നേടുകയാണ് ചെയ്യുക.
കുഞ്ഞു നോഴ്‌സറിയിൽ ചേരുമ്പോൾ, അവനോ-അവളോ വളരുമ്പോൾ അമ്മ ഒപ്പമുണ്ടാകണം. ഈ അമ്മയ്‌ക്കൊന്നും അറിയില്ല എന്ന് പറഞ്ഞ് നമ്മുടെ മക്കൾ നമ്മെ തള്ളിക്കളയാൻ ഇടവരരുത്. അവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും, വസ്‌ത്രം കഴുകിക്കൊടുക്കുന്നതും, പണം എത്തിച്ചുകൊടുക്കുന്നതും മാത്രമല്ല ഒരമ്മ ചെയ്യേണ്ടത്. അവരുടെ ഏറ്റവും അടുത്ത സുഹൃത്തായി, അവരോടൊപ്പം സഞ്ചരിക്കുന്നതാവണം അമ്മയുടെ ഉത്തരവാദിത്വം. അവരുടെ വളർച്ചയിൽ അവരുടെ ഭാഷകളൊന്നും അമ്മയ്‌ക്കന്യമാകരുത്. അതിന് നമ്മൾ അമ്മമാർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾ നമ്മുടെ ശ്രദ്ധമുഴുവൻ കുഞ്ഞിനെ, ഭർത്താവിനെ, സ്വന്തം വീടിനെ, നന്നാക്കിക്കൊണ്ടിരിക്കലാണ്. എപ്പോഴും ഒരു എൽ.പി.സ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസ്സിനെപ്പോലെ ചൂരലും കയ്യിൽ പിടിച്ചാണ് അമ്മയുടെ നടപ്പ്. ഇതല്ല ഒരമ്മയുടെ സ്വാഭാവികമായ രീതി. എത് പുരുഷന്റെ ലോകക്രമത്തിൽ അവൻ അവളിൽ ചുമത്തപ്പെട്ട അധികഭാരമാണ്. എല്ലാം നേരെയാക്കുക എന്ന ഉത്തരവാദിത്വം.
കുഞ്ഞിന് ആവശ്യമായത് സ്‌നേഹസാന്ദ്രമായ കരുതലാണ്. അത് കുഞ്ഞുങ്ങൾക്കുകൂടി ബോധ്യപ്പെടും വിധം ആയിരിക്കണം അമ്മ എല്ലായ്‌പ്പോഴും ഒരു നിശ്ചിത അകലത്തിൽ കുഞ്ഞിനെ പിന്തുടരേണ്ടത്. വിലകൂടിയ സമ്മാനങ്ങളിലല്ല അടുത്തിരിക്കുന്നതോടൊപ്പം തന്നെ അകന്നിരിക്കാനും, അകന്നിരിക്കുന്നതോടൊപ്പം തന്നെ അടുത്തിരിക്കാനും നമ്മൾ പരിശീലിക്കേണ്ടതുണ്ട്. അപ്പോഴാണ് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പൂർണ്ണമായും അംഗീകരിക്കാൻ കഴിയുക. ശ്രദ്ധയും കരുതലും ഒരിക്കലും കുട്ടിയെ നമ്മുടെ വഴിക്ക് കൊണ്ടുവരാനായിരിക്കരുത്. പകരം കുഞ്ഞിനെ തന്നോടൊപ്പം പരിഗണിക്കുന്നതിലാണ് ഒരു കുട്ടി അമ്മയുടെ മഹത്വം കണ്ടെത്തുക. ഞങ്ങൾക്കു രണ്ടുപെൺകുട്ടികളാണ്. പതിമൂന്നും, ഒമ്പതും വയസ്സുള്ളവർ. എനിക്കുതോന്നിയിട്ടുണ്ട് ഞങ്ങളേക്കാൾ ഈ ലോകത്തിൽ ജീവിക്കാൻ വേണ്ട യോഗ്യത അവർക്കാണെന്ന്.. അതാണ് നമ്മുടെ കുഞ്ഞുങ്ങൾ. അത് അമ്മയെന്ന നിലയിൽ എന്റെ ആത്മഭിമാനത്തെ ഏറെ ഉയർത്തുന്നുണ്ട്.
അമ്മയാകുക എന്നത് അതീവമാനുഷികമായ ഒന്നാണ്. ജന്തുത്വത്തെ അതിലംഘിക്കലാണ് അത്. നിബന്ധനകളില്ലാത്ത ശുദ്ധസ്‌നേഹമാണത്. അമ്മയാകുന്നതിലൂടെ ശരീരശാസ്‌ത്രത്തെത്തന്നെ ഒരു സ്‌ത്രീ അതിലംഘിക്കുകയാണ്. ക്രിസ്‌തു ആകാശത്തിനും ഭൂമിക്കുമിടയിൽ മരണവേദനകൊണ്ടു പിടഞ്ഞതിനുതുല്യമായ ഉയർന്ന ഒരു ആത്മീയതയാണ് ഓരോ സ്‌ത്രീയും അമ്മയാകുന്നതിലൂടെ അനുഭവിക്കുന്നത്.
എല്ലാ ബലിയും പൂർത്തിയാകുന്നത് രക്തം ചിന്തിക്കൊണ്ടാണ്. ബലി പൂർത്തിയാകണമെങ്കിൽ ബലിവസ്‌തു രക്തംചിന്തി ജീവൻ വെടിയണം. യേശുവും തന്റെ ബലിയർപ്പണം അങ്ങിനെയാണ് പൂർത്തിയാക്കുന്നത്. സ്‌ത്രീ തന്റെ ബലിയർപ്പണത്തിലും രക്തം ചിന്തുന്നുണ്ട്. എന്നാൽ സ്വാഭാവികമായും അത് മരണത്തിലേക്കല്ല ജീവനിലേക്കാണ്. പുതിയൊരു ജീവനെ കൊണ്ടുവരുകയാണ് അവളുടെ ബലി. ഒരു അമ്മയ്‌ക്കുമാത്രം സാധ്യമാകുന്നതാണിത്. അതുകൊണ്ടാണ് ഞാൻ കരുതുന്നത് അമ്മയാകുന്നത് മധുരമാണ് എന്ന്.
Generated from archived content: essay1_jun19_10.html Author: rosy_thampi