സഹജീവനം

ശൈശവം, കൗമാരം, യൗവ്വനം, വാർദ്ധക്യം, ഇവയെല്ലാം ജീവികളുടെ ജനനം മുതൽ സംഭവിക്കുന്ന ഓരോ അവസ്‌ഥകളാണ്‌. വസന്തം, ശിശിരം, ഹേമന്തം, വർഷം എന്നീ ഋതുക്കൾപോലെ മാറി മാറി വരുന്നത്‌ ഓരോ ഋതുവിലും മരങ്ങൾ അതിനെ ഉൾക്കൊള്ളുന്നവിധം ബാഹ്യരീതി സ്‌ഥിരീകരിക്കും. മനുഷ്യന്റെ രീതിയിൽ യൗവ്വനം മാത്രമെ സ്വയം പര്യാപ്‌തമായിട്ടുള്ളൂ. അതും മറ്റുള്ളവരുടെ സഹായത്തോടെ മാത്രമെ ജീവിച്ചുതീർക്കാനാവൂ. എന്നാലും ശാരീരികമായി കൂടുതൽ ഊർജ്ജമുള്ളകാലം എന്ന്‌ യൗവ്വനകാലത്തെ പറയാം.

ശൈശവം ഏറെ നിസ്സഹായമായ കാലം പക്ഷേ അന്ന്‌ ആ വ്യക്തിക്ക്‌ പരാതിയില്ല. മറ്റുള്ളവരിൽ നിന്ന്‌ തനിക്കു വേണ്ടത്‌ കരഞ്ഞും ചിരിച്ചും നേടും. കിട്ടിയില്ലെങ്കിൽ കിട്ടുന്നതുവരെ കരയും. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന്‌ കുട്ടിക്കും എങ്ങനെയോ അറിയാം. കരഞ്ഞ ഉടനെ അമ്മ ഓടി വന്നില്ലെങ്കിലും കുഞ്ഞിന്‌ പ്രത്യേക പരാതിയൊന്നുമില്ല. വന്നാൽ, പാലു കിട്ടിയാൽ, അതുവരെ കരഞ്ഞതൊക്കെ മറക്കും. എന്നാൽ വളരുംതോറും ഈ മറവി കുറയും. കിട്ടിയതിനെക്കുറിച്ച്‌ ഓർക്കുന്നതിനേക്കാൾ കിട്ടാത്തതിനെക്കുറിച്ചോർക്കും. അല്ലെങ്കിൽ ലഭിക്കാൻ വൈകിയ സമയത്തെക്കുറിച്ചോർക്കും. അതൊരുപക്ഷേ മനുഷ്യന്റെ മാത്രം പ്രത്യേകതയായിരിക്കും. എനിക്കൊരു അമ്മായി ഉണ്ട്‌ – ഒരു ഒരു അമ്മായിയെ ഉള്ളൂ. അമ്മായി കല്യാണം കഴിച്ചിട്ടില്ല. അപ്പന്റെ അനുജനോടും കുടുംബത്തോടുമൊപ്പം തറവാട്ടിലാണ്‌ താമസം. എന്നെ വലിയ കാര്യമാണ്‌. പൊന്നു, തങ്ക എന്നൊക്കെയാണ്‌ വിളിക്കുക. കക്ഷിക്ക്‌ ഒരു സ്വഭാവമുണ്ട്‌ ഞങ്ങൾ കുറച്ചകലെയാണ്‌ താമസിക്കുന്നത്‌. എപ്പോഴെങ്കിലും ഒരൊഴിവ്‌ കിട്ടി അവിടെ ഓടിചെല്ലുമ്പോൾ അമ്മായി ചോദിക്കും ‘എന്താ ചത്തോന്ന്‌ നോക്കാൻ പോർവേ? അതു കേൾക്കുന്നതോടെ എന്റെ മനസ്സ്‌ മടുക്കും. ഇനി ഇങ്ങട്‌ വരില്ലാന്ന്‌ തീരുമാനിക്കും. പിന്നെ കുറച്ചുകഴിഞ്ഞാൽ അമ്മായിക്ക്‌ വലിയ സ്‌നേഹമാണ്‌. അതുവരെ സൂക്ഷിച്ചുവെച്ച ചില പ്രത്യേക പലഹാരങ്ങൾ എടുത്തുകൊണ്ടുവരും. ഉണ്ണിയപ്പം, ഉണ്ട, ഒണക്കലട അങ്ങനെ ചിലത്‌ വൈകുന്നേരം എനിക്ക്‌ ഏറ്റവും ഇഷ്‌ടമുള്ള ചുട്ട പപ്പടവും ഉപ്പുമാങ്ങയും കൂട്ടി വെളിച്ചണ്ണ ഒഴിച്ച്‌ ചോറ്‌ തരും. പിന്നെ നല്ലപതുപതുത്ത പഞ്ഞിക്കിടക്കയിൽ അരികിൽ കിടത്തി (ആ കിടക്കയിൽ മറ്റ്‌ കുട്ടികളെയൊന്നും കിടത്തില്ല) തലയിലെ ഈര്‌ വലിച്ചുമുട്ടി രാജകുമാരന്റെയും രാജകുമാരിയുടെയും കഥ പറഞ്ഞ്‌ ഉറക്കും. എന്നാലും പിന്നെയും കുറച്ചു ദിവസം കഴിഞ്ഞ്‌ അമ്മായിയുടെ വീട്ടിൽ പോകാൻ ഇഷ്‌ടമാണെങ്കിലും ചെന്ന ഉടനെ കേൾക്കുന്ന ചോദ്യം എന്നെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ട്‌.

മറ്റൊരാൾ എന്റെ അമ്മയുടെ അമ്മയാണ്‌. അമ്മാമ്മയ്‌ക്ക്‌ വലിയ സ്‌നേഹമാണ്‌. ഭൂമിയിൽ ആകെ ഒരു പെൺകുട്ടിയെ ജനിച്ചിട്ടുള്ളു അത്‌ ഞാൻ മാത്രമാണ്‌ എന്നാണ്‌ ഭാവം. ആഴ്‌ചയിൽ രണ്ടു പ്രാവശ്യമെങ്കിലും അമ്മാമ നിലവിളിച്ച്‌ ഞങ്ങളുടെ വീട്ടിലേക്ക്‌ വരും. കാരണം പിന്നെ പിന്നെ എല്ലാവർക്കും പരിചയമായി. എന്നെ സ്വപ്‌നം കണ്ടു. എനിക്കെന്തോ അപകടം പറ്റി. ഇതാണ്‌ സ്‌ഥിരം കഥ. എന്റെ കുട്ടിക്കാലത്ത്‌ എനിക്ക്‌ പരിചയമുണ്ടായിരുന്ന രണ്ടു പ്രായമായവരായിരുന്നു ഇവർ. സ്‌നേഹം തന്നെ രണ്ടു തരത്തിൽ പ്രകടിപ്പിക്കുന്നവർ. അതിൽ അമ്മാമ എന്റെ കയ്യിൽ കിടന്ന്‌ ശാന്തമായാണ്‌ മരിച്ചത്‌. അമ്മായി ഇപ്പോഴും മറ്റൊരു ആങ്ങളയുടെ മകളുടെ കൂടെ സ്വസ്‌ഥമായി ജീവിക്കുന്നു. പ്രായമാകുന്നത്‌ ഒരു കുറ്റമാണെന്ന്‌ ഇവരുടെ കൂടെ ജീവിച്ച എനിക്കു തോന്നിയിട്ടില്ല. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ പ്രായമായവരെ എണ്ണതേച്ച്‌ കരിക്കുകൊടുത്ത്‌ കൊന്നുകളയുന്ന ഒരു ശീലമുണ്ടത്രേ. ’തലൈകുത്തൽ‘ എന്നാണതിനെ പറയുന്നത്‌. പെൺകുട്ടി ജനിച്ചാൽ തൊണ്ടയിൽ നെൽമണിയിട്ട്‌ ശ്വാസം മുട്ടിച്ചു കൊല്ലുന്നതും തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലാണെന്ന്‌ മുമ്പു നമ്മൾ കേട്ടിരുന്നു. ഇത്‌ രണ്ടും സംഭവിക്കുന്നത്‌ ജീവിച്ചിരിക്കുന്നവരുടെ ഗതികേടുകൊണ്ടായിരിക്കും. അല്ലാതെ ഹൃദയകാഠിന്യം കൊണ്ടാകില്ല. കുട്ടികളായിരിക്കുമ്പോൾ ഒന്നും ചെയ്യാനാവില്ലല്ലോ. വൃദ്ധർ ഈ തലൈക്കുത്തൽ അറിയുന്നതുകൊണ്ട്‌ മക്കൾ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ റേഷൻ കാർഡും കൊണ്ട്‌ വീടുവിട്ടുപോകുമത്രേ.

നമുക്കും ഇവിടെ ബേബിസിറ്റിംഗ്‌ സെന്റർപോലെ പ്രായമായവരെ കൊണ്ടാക്കാൻ പകൽവീടുകൾ വന്നു. സ്‌ഥിരമായി പാർപ്പിക്കാൻ വൃദ്ധസദനങ്ങൾ വന്നു. അവ പലവിധം ലക്ഷ്വറിയായിട്ടും നിലവിലുണ്ട്‌. ടി.വി. കെച്ചുബാവയുടെ വൃദ്ധസദനം എന്ന നോവലിലാണ്‌ ഈ ആശയം മലയാളത്തിൽ ആദ്യം അവതരിപ്പിച്ചത്‌ എന്നു തോന്നുന്നു. പിന്നെ ധാരാളം സിനിമകൾ വന്നു. എം.ടിയുടെ ചെറുപുഞ്ചിരി അതിൽ ഏറെ ശ്രദ്ധേയമായിരുന്നു.

പ്രശ്‌നങ്ങൾ പറയാൻ തുടങ്ങിയാൽ വളരെ വലുതാണ്‌. ഒന്നോ രണ്ടോ മക്കൾ അവർക്ക്‌ ജോലി വിദേശത്ത്‌. സ്വദേശത്താണെങ്കിലും ജോലിയുടെ ഉത്തരവാദിത്വത്തിനിടയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ വയ്യ. പ്രായമായവരെ എന്തുചെയ്യും?

മനുഷ്യൻ ഉണ്ടായകാലം മുതൽ ഈ പ്രശ്‌നം ഉണ്ടായിരിക്കും. കാരണം മറ്റൊരാളുടെ സഹായം കൂടാതെ ജീവിക്കാൻ കഴിയാത്ത ജീവിയാണ്‌ മനുഷ്യൻ എന്നതുതന്നെ. മനുഷ്യജീവിതം ഒരു പരസ്‌പര സഹായസംഘമാണ്‌. അങ്ങനെയെ അതിനു നിലനിൽക്കാൻ കഴിയൂ. അതുകൊണ്ടായിരിക്കണം നല്ല കാലത്തോളം ഭൂമിയിരിപ്പാൻ മാതാപിതാക്കളെ അനുസരിക്കണം എന്നു പഴയ നിയമപുസ്‌തകങ്ങൾ ഉപദേശിച്ചത്‌. നരച്ച തല ജ്ഞാനത്തിന്റെ ഉറവിടമാണെന്നും പറഞ്ഞുവെച്ചത്‌ ഇന്ന്‌ നമുക്ക്‌ ജ്ഞാനത്തിനുപകരം വിജ്ഞാനവിതരണം മതി എന്നു വരികയും അതിന്‌ ധാരാളം മറ്റു സാധ്യതകൾ ഉണ്ടാകുകയും ചെയ്‌തപ്പോൾ വൃദ്ധരിൽ നിന്ന്‌ അറിവ്‌ പകർത്തികിട്ടേണ്ട ആവശ്യമില്ലാതായി. കാർന്നവർ ഇരിക്കുന്ന ഇരിപ്പിടത്തിൽ ഒരു കംമ്പ്യൂട്ടർ ഉണ്ടായാൽ മതി. ശരിയാണ്‌ ആവശ്യമില്ലാത്തതിനെ ഒഴിവാക്കുക മനുഷ്യന്റെ ശീലമാണ്‌. അങ്ങനെ ഒരു കാലത്ത്‌ വീടിന്റെ ഐശ്വര്യമായി കരുതിയിരുന്ന വൃദ്ധർ ഇന്ന്‌ അപശകുനമായി. പിന്നെ ചിലർക്കെങ്കിലും മനസ്സിൽ ഒരു ഭയം. ഞാൻ എന്റെ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ എന്റെ മക്കളും എന്നെ നോക്കിയില്ലെങ്കിലോ? അല്ലെങ്കിൽ നാട്ടുകാർ എന്തുപറയും? ഇതൊക്കെ വിചാരിച്ച്‌ എന്തെങ്കിലും കാട്ടിക്കൂട്ടുന്നവരും ഉണ്ട്‌. ഇത്‌ ഒരു മാറ്റമില്ലാത്ത പ്രക്രിയയാണ്‌. ഒരു ചൊല്ലിലെ പഴുക്കപ്ലാവിലെ വീഴുമ്പേ പച്ചപ്ലാവില ചിരിക്കണ്ട എന്ന്‌. അതു പോലൊന്ന്‌. ഇന്ന്‌ ഞാൻ നാളെ നീ അതുകൊണ്ടാണ്‌ എന്റെ വാർദ്ധക്യം എങ്ങനെയായിരിക്കണം എന്ന്‌ ഞാൻ ആലോചിക്കുന്നത്‌.

ഏതൊരു മനുഷ്യന്റെയും അടിസ്‌ഥാന ആവശ്യം എന്നെ മറ്റുള്ളവർ സ്‌നേഹിക്കണം എന്നാണ്‌. മറ്റുള്ളവർ സ്‌നേഹിക്കണമെങ്കിൽ അവർക്ക്‌ എന്നെക്കൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടാകണം. അതിനു ചില പാകപ്പെടലുകൾ എന്റെ ജീവിതത്തിൽ ഉണ്ടാകേണ്ടതുണ്ട്‌. വിവാഹത്തിനുമുമ്പുള്ള ഞാനല്ല വിവാഹം കഴിഞ്ഞ്‌ അമ്മയായതിനുശേഷമുള്ള ഞാൻ. എനിക്കുതന്നെ അത്‌ നന്നായി അറിയാം. ഈ സ്വാഭാവികമായ ഗുണപരമായ മാറ്റം വാർദ്ധക്യത്തിലേക്കും വരണം. ഇപ്പോൾ എന്റെ മക്കൾക്ക്‌ എന്നെ ആവശ്യമുള്ള വിധത്തിലായിരിക്കില്ല അന്നവർക്കാവശ്യം. (ഇതു പറയുമ്പോൾ ഒരു കാര്യം ഓർമ്മവരുന്നു. ഇപ്പോൾ പൊതുവെ മക്കൾ വിദേശത്തു പോകുമ്പോൾ കുട്ടികളുണ്ടായാൽ അവിടെ വേലക്കാരിക്കു പണച്ചെലവ്‌ കൂടുതലായതുകൊണ്ട്‌ കുട്ടിയെ നോക്കാൻ അമ്മയെ കൊണ്ടുപോകുന്ന ഒരു പതിവുണ്ട്‌. അതുകഴിഞ്ഞാൽ പലപ്പോഴും തിരിഞ്ഞു നോക്കുകയില്ല) മറ്റുള്ളവർക്ക്‌ ഭാരമാകാതിരിക്കുക എന്നത്‌ ഓരോരുത്തരും കഴിയുന്നിടത്തോളം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്‌. രോഗം മൂലം അതിനു കഴിയാതെ വന്നാലും സ്‌നേഹിക്കാൻ കഴിയുന്ന ഒരു മനസ്സ്‌ കൈമോശം വരാതെ സൂക്ഷിക്കാമല്ലോ?

വാർദ്ധക്യത്തെ സർഗ്ഗാത്മകമാക്കാൻ എനിക്കു തോന്നുന്ന ചില മാർഗ്ഗങ്ങൾ ഇവയാണ്‌.

1. മക്കൾ ഉളളവരാണെങ്കിൽ മക്കളിൽ അമിത പ്രതീക്ഷവയ്‌ക്കരുത്‌.

2. സ്വത്ത്‌ ഉള്ളവരാണെങ്കിൽ മുഴുവനും ആർക്കും എഴുതി കൊടുക്കരുത്‌.

3. നടക്കാൻ കഴിയുന്നിടത്തോളം ചെറിയ തൊഴിലുകളെങ്കിലും ചെയ്‌തു കൊണ്ടിരിക്കണം.

ഉദാഃ മക്കളുടെ കുഞ്ഞുങ്ങളെ നോക്കാൻ ഉണ്ടെങ്കിൽ, കൂടെ അയൽപ്പക്കത്തെ രണ്ടു കുട്ടികളെക്കൂടി നോക്കാം.

കുട്ടികൾക്കു കൂട്ടും, ഒരു തൊഴിലും, അയൽവീട്ടുകാർക്കു സഹായവും. ഞാൻ മരുമകളുടെ വീട്ടുവേലക്കാരിയല്ല എന്ന തോന്നലും സ്വയം ഉണ്ടാകും.

4. മക്കളോടൊപ്പമാണ്‌ താമസമെങ്കിൽ മക്കളുടെ ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടരുത്‌.

ഞാൻ ചെയ്‌തില്ലെങ്കിൽ, ഒന്നും ശരിയാകില്ല എന്ന്‌ പല്ലി ഉത്തരം താങ്ങുംപോലെ സ്വയം വിചാരിക്കരുത്‌.

നമ്മൾ ഈ നിമിഷം മരണപ്പെട്ടാലും ഈ ലോകത്തിന്‌ ഒന്നും സംഭവിക്കുന്നില്ല നമ്മൾ സന്തോഷമായി ജീവിച്ചിരിക്കേണ്ടത്‌ നമ്മുടെ മാത്രം ആവശ്യമാണെന്ന്‌ മനസ്സിലാക്കുക. മറ്റെല്ലാം നുണയാണ്‌.

5. തങ്ങളെ അവഗണിക്കുന്നു എന്ന തോന്നൽ ഒഴിവാക്കുക (അതു സത്യമാണ്‌ എന്നറിയാമെങ്കിലും). കൂടെയുള്ളവരെ നമ്മൾ നല്ലതുപോലെ പരിഗണിക്കുന്നു എന്നു തോന്നിപ്പിക്കുക. ഉദാഃ വീട്ടിൽ നിന്നും പുറത്തുപോയാൽ ഏറെ ക്ഷീണിതരും അപമാനിതരുമായിട്ടായിരിക്കും മക്കൾ വീട്ടിലേക്ക്‌ കയറിവരുന്നത്‌. ആ പരിഗണനയോടെ വേണം നമ്മൾ അവരെ കാണാൻ.

6. സ്വന്തമായി ഇഷ്‌ടാനിഷ്‌ടങ്ങളും അതു പങ്കുവെയ്‌ക്കുവാനുള്ള സുഹൃത്തുക്കളും ഉണ്ടായിരിക്കണം. അവരെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തിയിരിക്കണം.

7. തീരെ കിടപ്പിലാകും വരെ സമയം വെറുതെ കളയരുത്‌. പൊതുമണ്ഡലത്തിൽ എന്തെങ്കിലുമൊക്കെ ചെയ്‌തുകൊണ്ടിരിക്കണം. പള്ളിയിലോ, അയൽക്കൂട്ടത്തിലോ, ഒന്നുമല്ലെങ്കിൽ സമീപത്തെ സമപ്രായക്കാരെയെല്ലാം ചേർത്ത്‌ ഒരു കൂട്ടായ്‌മ ഉണ്ടാക്കണം. ഒഴിവുദിവസങ്ങൾ മക്കൾ അവരുടെ ഉല്ലാസങ്ങളിലേയ്‌ക്ക്‌ പോകുമ്പോൾ അവരെ ശല്യപ്പെടുത്താതെ നമുക്കും പോകാൻ ഒരിടമാകുമല്ലോ? അവിടെ കൂടെയിരുന്ന്‌ വൃദ്ധരെക്കൊണ്ട്‌ സമൂഹത്തിന്‌ ഉപയോഗമുണ്ട്‌ എന്നു തോന്നിക്കുംവിധം കാര്യങ്ങൾ കണ്ടെത്താം. ഒന്നുമില്ലെങ്കിലും വീട്ടിൽ വന്നു പറയാൻ നമുക്കും കുറേ വിശേഷങ്ങൾ ഉണ്ടാകുമല്ലോ?

8. ഒരിക്കലും തങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ മക്കളെ ഏൽപ്പിച്ചു കൊടുക്കരുത്‌. ഒരു പരസ്‌പര ബഹുമാനം. ഒരു പൊതുബോധം അതുമതി.

9. മക്കളിൽ ആരോടും പ്രത്യേകിച്ച്‌ മരുമക്കളോടും യാതൊരു പക്ഷപാതവും കാണിക്കരുത്‌. അവരെയെല്ലാം ഓരോ വ്യത്യസ്‌ത വ്യക്തികളായിത്തന്നെ കാണുക. അംഗീകരിക്കുക. ഇങ്ങോട്ട്‌ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളൊന്നും അങ്ങോട്ടും കാണിക്കാതിരിക്കുക.

10. ജീവിച്ച ജീവിതത്തെ ഓർത്തെടുക്കുക കഴിയുന്നതും അതിലെ കയ്‌പുകൾ ഒഴിവാക്കി ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയ ഊർജ്ജത്തെ ആനന്ദത്തെ കണ്ടെടുക്കുക. അത്‌ അയവിറക്കുക. അടുത്ത തലമുറയ്‌ക്കായി ശേഖരിച്ചുവെയ്‌ക്കുക. പിംഗള കേശിനിയായ മരണത്തെ സദാ സമയവും സ്‌നേഹത്തോടെ കാത്തിരിക്കുക. ഒരു ക്രിസ്‌ത്യാനിക്ക്‌ മരണം ഏറെ പ്രതീക്ഷനൽകുന്ന ഒന്നാണെന്നത്‌ മറക്കാതിരിക്കുക. മരിച്ചു കിടക്കുമ്പോൾ കാണാൻ വരുന്നവർ തന്നെക്കുറിച്ച്‌ എന്തുപറയും? പറയണം, എന്ന്‌ ധ്യാനിച്ചുകൊണ്ടിരിക്കുക. അപ്പോൾ അതനുസരിച്ച്‌ നമ്മുടെ ജീവിതം നമ്മൾ ക്രമപ്പെടുത്തും.

ഇങ്ങനെ ചിലതൊക്കെ പൊതുവെ പറയാം. ഓരോ സാഹചര്യത്തിലും ഓരോരുത്തരും സ്വയം കണ്ടെത്തേണ്ടതാണ്‌ എങ്ങനെ മറ്റുള്ളവരുടെ സ്‌നേഹം പിടിച്ചു പറ്റാനാകും എന്നത്‌.

ഒപ്പം നേരത്തെ പറഞ്ഞതുപോലെ പച്ചപ്ലാവിലകൾക്കും വലിയ ഉത്തരവാദിത്വമുണ്ട്‌. തീരെ കുഞ്ഞായിരുന്ന നമ്മളെ വലുതാക്കിയെടുത്തത്‌ എത്ര മലത്തിൽ നിന്നും മൂത്രത്തിൽ നിന്നും കഴുകിയെടുത്തിട്ടാണ്‌, എത്ര രാത്രികൾ നമുക്കുവേണ്ടി ഉറക്കമിളച്ചിട്ടാണ്‌ ആ ഒരു ഓർമ്മ നമുക്കും ഉണ്ടാകണം. വലിയ ലാഭങ്ങൾ വേണ്ടെന്നുവച്ചാൽ ഇതൊക്കെ മനുഷ്യന്‌ ഏതു കാലത്തു സാധ്യമാകും.

വയസ്സായവരെ സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമായി പരിഗണിക്കേണ്ടതുണ്ട്‌. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സമൂഹം എടുക്കുന്ന ഉത്തരവാദിത്വബോധങ്ങളെല്ലാം തന്നെ വൃദ്ധരെ സംരക്ഷിക്കാനും നൽകേണ്ടതാണ്‌. ഇതാണ്‌ ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം. കുഞ്ഞുങ്ങളെ പരിപാലിച്ചാൽ അവരിൽ നിന്ന്‌ എന്തെങ്കിലും കിട്ടും എന്നാണെങ്കിൽ ഇതുവരെ തന്നതിനു നന്ദിപറയലാണ്‌ വൃദ്ധരെ പരിപാലിക്കൽ. അല്ലെങ്കിൽ നമ്മൾ നന്ദിയില്ലാത്തവരാകും. അത്‌ സംസ്‌കാരസമ്പന്നരുടെ ലക്ഷണമല്ലല്ലോ!

എല്ലാകാലത്തും വയസ്സായവരുടെ കാര്യം കഷ്‌ടം തന്നെയായിരുന്നു. വാനപ്രസ്‌ഥം എന്ന ചെറുകഥയിൽ എം.ടിയുടെ നായിക കഥാപാത്രം പലപ്രാവശ്യം പറയുന്ന ഒരു വാചകമുണ്ട്‌ വയസ്സായവരുടെ കാര്യം കഷ്‌ടം തന്നെ (ഇത്‌ പിന്നീട്‌ തീർത്ഥാടനം എന്ന സിനിമയായി വന്നു.) ഭാരതീയ ദർശനമനുസരിച്ച്‌ ഏകദേശം 100 വർഷം കണക്കാക്കാവുന്ന മനുഷ്യജീവിതത്തെ 4 ഭാഗങ്ങളായി തിരിക്കുകയും ഓരോ കാലത്തിന്റെയും പ്രായത്തിന്റെയും അടിസ്‌ഥാനത്തിൽ അവയ്‌ക്കോരോ ധർമ്മങ്ങൾ നിശ്ചയിക്കുകയും ചെയ്‌തിരുന്നു. ബ്രഹ്‌മചര്യം (പഠനകാലം), ഗാർഹസ്‌ഥ്യം (കുടുംബം), വാനപ്രസ്‌ഥം, (കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ മക്കളെ ഏൽപ്പിച്ചുകൊണ്ട്‌ ആത്മീയ കാര്യങ്ങളും മറ്റുമായി ഗൃഹത്തിൽ കഴിയുന്ന അവസ്‌ഥ), സന്ന്യാസം (ഗൃഹം തന്നെ ഉപേക്ഷിച്ച്‌ സ്വയം മോക്ഷപ്രാപ്‌തിക്കായി ഈശ്വരപാദങ്ങളിൽ ജീവിതം അർപ്പിക്കുന്ന കാലം). ഈ അവസ്‌ഥയിൽ സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങൾ കൂടിയായിരുന്ന ക്ഷേത്രങ്ങൾ അവർക്ക്‌ ആശ്രയവും ആശ്വാസവുമായിരുന്നു.

പ്രവാചകമതങ്ങളിലും വൃദ്ധരെ പരിപാലിക്കുന്നതിന്‌ പല നിയമങ്ങളുണ്ടായിരുന്നു. ബൈബിളിലെ പ്രഭാഷകന്റെ പുസ്‌തകം ഇങ്ങനെ പറയുന്നു. മകനേ, പിതാവിനെ വാർദ്ധക്യത്തിൽ സഹായിക്കുക, മരിക്കുന്നതുവരെ അവന്‌ ദുഃഖമുണ്ടാക്കരുത്‌. അവന്‌ അറിവ്‌ കുറവാണെങ്കിലും സഹിഷ്‌ണുത കാണിക്കുക. നീയെത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്‌ ഈ ഉപദേശമനുസരിക്കുന്നതിന്‌ ദൈവം നല്‌കുന്ന പാരിതോഷികത്തെക്കുറിച്ചും പ്രഭാഷകൻ ഓർമ്മപ്പെടുത്തുന്നുണ്ട്‌. പിതാവിനോട്‌ കാണിക്കുന്ന കാരുണ്യം ദൈവം ഒരിക്കലും വിസ്‌മരിക്കപ്പെടുകയില്ല. നിന്റെ പാപങ്ങളുടെ കടം അതു വീട്ടും. കഷ്‌ടതയുടെ ദിനത്തിൽ അത്‌ നിനക്ക്‌ കാരുണ്യമായിഭവിക്കും. മാതാപിതാക്കളെ വാർദ്ധക്യത്തിൽ സംരക്ഷിക്കുന്നതിന്റെ പാപങ്ങൾ സൂര്യപ്രകാശത്തിൽ മൂടൽമഞ്ഞെന്നപോലെ അലിഞ്ഞില്ലാതാകും. ഇങ്ങനെ ലഭിക്കുന്ന ഈശ്വരാനുഗ്രഹങ്ങളെ അറിഞ്ഞിട്ടും പിന്നെയും വൃദ്ധരെ അവഗണിക്കുന്നവരെ ശാസനകൊണ്ടാണ്‌ പ്രഭാഷകൻ നേരിടുന്നത്‌. അവരോട്‌ ഇങ്ങനെ പറയുന്നു; മാതാവിനെയും പിതാവിനെയും പരിത്യജിക്കുന്നത്‌ ദൈവദൂഷണത്തിന്‌ തുല്യമാണ്‌. മാതാവിനെ പ്രകോപിപ്പിക്കുന്നവൻ കർത്താവിന്റെ ശാപമേൽക്കും. ഇതൊക്കെയാണെങ്കിലും ഇപ്പോഴും നമുക്ക്‌ വൃദ്ധർ ഒരു ഭാരം തന്നെയാണ്‌. ഇനിയും ഫലം തരാൻ സാധ്യതയില്ലാത്ത വൃക്ഷങ്ങൾ എന്തിന്‌ സംരക്ഷിക്കപ്പെടണമെന്നായിരിക്കാം. അടുത്തകാലത്തായി നമമുടെ ചുറ്റുവട്ടത്ത്‌ വൃദ്ധർ ധാരാളമായി അവഗണിക്കപ്പൈടുന്നു. ഒഴിവാക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. അവസാനം ഇപ്പോൾ നമുക്ക്‌ ഒരു നിയമമുണ്ടായി. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത്‌ മക്കളുടെ ഉത്തരവാദിത്വമാണ്‌. അങ്ങനെ ചെയ്‌തില്ലെങ്കിൽ നിയമപരമായ നടപടിയെടുക്കാൻ പോലീസിന്നധികാരമുണ്ട്‌. എന്നിട്ടും എല്ലാ ദിവസവും പത്രം തുറക്കുമ്പോൾ വൃദ്ധരുടെ ദയനീയത വാർത്തയാകുന്നു. അവരുടെ ശാപം നമ്മുടെ മേലും നമ്മുടെ സന്തതികളുടെമേലും പതിക്കാതിരിക്കുന്നതിനെങ്കിലും അവർക്ക്‌ അന്തസ്സായ ഒരു ജീവിതം നല്‌കേണ്ടതുണ്ട്‌. വീടുകളിൽ അത്‌ സാധ്യമല്ലെങ്കിൽ അവർക്കുവേണ്ടി അന്തസ്സായി ജീവിക്കാൻ കഴിയും വിധം പൊതുവായ സ്‌ഥലങ്ങൾ നമ്മൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴേ അതിന്‌ ശ്രമിച്ചാൽ നാളെ നമുക്കും അതൊരു ആശ്രയമാകും. പുതിയ കാലത്ത്‌ അതിനൊരു സാധ്യതയാണ്‌ സഹജീവനം.

കുടുംബം ഒരു സ്‌ഥാപനമാണെന്നും ഏതൊരു സ്‌ഥാപനവും കാലാന്തരത്തിൽ അഴുക്കു ബാധിക്കുമെന്നും നമുക്കറിയാം. പുഴ അതിന്റെ ഉറവയിൽ നിന്ന്‌ ഒഴുകി എവിടെയോ വെച്ച്‌ മാലിന്യം കൊണ്ട്‌ നിറയുംപോലെ. വിഷമയമായ പുഴയെ ശുദ്ധിയാക്കാൻ അതിന്റെ അഴുക്കു നീക്കിക്കളയുക എന്നത്‌ സ്വാഭാവികമാണ്‌. അതുപോലെതന്നെ അത്യാവശ്യമാണ്‌ ഏറെ നൂറ്റാണ്ടുകൾ തുടർന്നുപോന്ന കുടുംബത്തിനു കാലാന്തരത്തിൽ മുളച്ച തേറ്റയും കൊമ്പും പിഴുതുകളയേണ്ടത്‌. നമ്മുടെ കുടുംബങ്ങൾ ഭൂരിഭാഗവും ഭൂമിയിലെ സ്വർഗ്ഗമാകാൻ കഴിയാതെ കെട്ടുപോയെന്ന്‌ എല്ലാവർക്കും അറിയാം. അതിന്റെ കാരണങ്ങൾ തിരയുകയാണ്‌ നാം. എന്തെന്നാൽ നമുക്കതു ശുദ്ധിയാക്കാതെ വയ്യ. ശുദ്ധജലം കുടിച്ചില്ലെങ്കിൽ ശുദ്ധവായു ശ്വസിച്ചില്ലെങ്കിൽ നാം മരിച്ചുപോകും. അതുപോലെ തന്നെ സഹജീവികളുടെ പ്രണയം അനുഭവിക്കാതെ ഒരു മനുഷ്യനും ജീവിക്കാനാവില്ല. കുടുംബം കൂടുമ്പോൾ ഇമ്പമുള്ളത്‌. ആ ’ഇമ്പ‘മാണ്‌ കുടുംബാംഗങ്ങൾക്കിടയിലെ സ്‌നേഹം, പ്രണയം. ഇമ്പം നഷ്‌ടമാകുമ്പോൾ വീട്‌ ഒരു ഷെൽറ്റർ മാത്രമാകും.

നിലവിലുള്ള കുടുംബസംവിധാനം പുരുഷാധികാരത്തിന്റെ ചൂഷണത്തിന്റെയും അടിമത്വത്തിന്റെയും ഹിംസയുടെയും ഇടമായി മാറിപ്പോയി എന്ന വസ്‌തുതയാണ്‌ കുടുംബത്തിന്റെ ’ബാധ്യതകൾ‘ ഇല്ലാത്ത സഹവാസം – കോഹാബിറ്റേഷൻ എന്നൊരു സാധ്യതയെക്കുറിച്ച്‌ ആലോചിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ നിലവിലുള്ള കുടുംബസംവിധാനത്തിന്‌ ബദലായി സൃഷ്‌ടിക്കപ്പെട്ട ഈ സഹവാസം കാര്യമായ ശാന്തി അവർക്കോ സമൂഹത്തിനോ നൽകിയില്ല. അതിനു കാരണം കുടുംബത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങളായി ഇവർ കണക്കാക്കിയത്‌. ലൈംഗീകനീതിയും, വ്യക്തികളുടെ പൂർണ്ണസ്വാതന്ത്ര്യവും മാത്രമായിരുന്നു. ഈ രണ്ടുകാര്യങ്ങളും സഹവാസം ഉറപ്പുകൊടുക്കുന്നു. എന്നിട്ടുമെന്തേ ഇവർ തൃപ്‌തരാകാത്തത്‌? അതിനർത്ഥം പ്രശ്‌നം അതുമാത്രമല്ലെന്നതാണ്‌. മുകളിൽ പറഞ്ഞ രണ്ടുകാര്യങ്ങളും മൃഗങ്ങളും, മനുഷ്യരുടെ ഇടപെടൽ ഇല്ലെങ്കിൽ പൂർണ്ണമായി അനുഭവിക്കുന്നുണ്ട്‌. എന്നിട്ടും അവയെ നമ്മൾ മൃഗം (വിശേഷ ബുദ്ധിയില്ലാത്തത്‌) എന്നു വിളിക്കുന്നു. നമ്മൾ മനുഷ്യർ വിശേഷഗുണങ്ങൾ ഉള്ളവർ – അപ്പോൾ നമ്മുടെ വിശേഷഗുണങ്ങളാണ്‌ പൂർത്തികരിക്കപ്പെടേണ്ടത്‌.

ചരിത്രത്തിൽ നിന്ന്‌ നമ്മുടെ കാലത്തേക്കു പറിച്ചു നടാൻ ഞാൻ ഒരു മാതൃകാകുടുംബത്തേയും കാണുന്നില്ല. ഞങ്ങൾ ക്രിസ്‌ത്യാനികൾ പറയും തിരുകുടുംബമാണ്‌ മാതൃകാകുടുംബമെന്ന്‌. എന്നാൽ നമ്മുടെ സദാചാരബോധത്തിൽ അതെങ്ങനെ മാതൃകാകുടുംബമാകും. ഭർത്താവിൽ നിന്നല്ലാതെ ഗർഭിണിയായ സ്‌ത്രീയാണ്‌ അവിടെ ഭാര്യ, അമ്മ. അത്‌ അറിഞ്ഞ്‌ ഓടിപ്പോകാൻ ശ്രമിച്ച ഭർത്താവിനെ (ജോസഫ്‌) മാലാഖ (തന്നെക്കാൾ അധികാരമുള്ള ആരോ?) തിരിച്ചുകൊണ്ടുവന്ന്‌ അവരോടുകൂടെ താമസിപ്പിക്കുന്നു. ഇനി ഉണ്ടായ മകനാകട്ടെ നമ്മൾ ഇന്നുകാണുന്ന മാതൃകാകുടുംബത്തിലെ കുഞ്ഞിനെപോലെ അപ്പ, അമ്മ എന്ന്‌ വിളിച്ച്‌ ലാളിച്ച്‌ വളർന്നതായി കാണപ്പെടുന്നില്ല. 12-​‍ാം വയസ്സിൽ ദേവാലയത്തിൽ നിന്നും തിരിച്ചുവരുമ്പോൾ കാണാതായ മകനെ അന്വേഷിച്ചുചെന്ന അമ്മയോട്‌ മകൻ പറയുന്നു നിങ്ങൾ എന്തിനാണ്‌ എന്നെ അന്വേഷിക്കുന്നത്‌, ഞാൻ എന്റെ പിതാവിന്റെ രാജ്യം അന്വേഷിക്കുകയാണ്‌ എന്നാണ്‌. അങ്ങനെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ധിക്കാരിയായ മകൻ അവസാനം രാജ്യദ്രോഹത്തിനും ദൈവദൂഷണത്തിനും എതിരായി കുരിശേറ്റപ്പെടുന്നു. ആ അമ്മ അതും സഹിക്കേണ്ടിവരുന്നു.

ഇനി രാമായണത്തിലോ, മഹാഭാരതത്തിലോ നമ്മൾ ആഗ്രഹിക്കുന്ന ഉത്തമകുടുംബത്തെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. രാമായണത്തിലാകട്ടെ ആദർശപുരുഷൻപോലും ഭാര്യയുടെ ചാരിത്രം സംശയിച്ച്‌ (ജനാപവാദം എന്ന്‌) പൂർണഗർഭിണിയായിരിക്കെ കാട്ടിൽ ഉപേക്ഷിക്കുന്നു. മഹാഭാരതത്തിലാകട്ടെ പഞ്ചപാണ്ഡവർക്ക്‌ അഞ്ച്‌ പിതാക്കന്മാരാണ്‌. പഞ്ചപാണ്ഡവർക്കാകട്ടെ ഒരു ഭാര്യയും. അതിനാൽ നമുക്കു നാം തന്നെ സൃഷ്‌ടിക്കേണ്ടിയിരുന്നു നമ്മുടെ കുടുംബത്തിന്റെ മാതൃക. ഒറ്റക്കു ജീവിച്ചുമടുത്ത മനുഷ്യൻ കൂട്ടങ്ങളായി, ഗോത്രങ്ങളായി, അതു മടുത്ത്‌ കൂട്ടുകടുംബങ്ങളായി. പിന്നെ അണുകുടുംബമായി. എന്റെ ചെറുപ്പത്തിലെ കുടുംബാസൂത്രണ പരസ്യങ്ങളിൽ മൂന്നുകുട്ടികളും അച്ഛനും അമ്മയും ചേരുന്നതായിരുന്നു കുടുംബം. കാരണം അന്ന്‌ പത്തു പന്ത്രണ്ടു കുട്ടികൾ ഓരോ വീട്ടിലും ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ നാലു മക്കളുണ്ടായി. പിന്നെ ഞാൻ കുടുംബം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ രണ്ട്‌ നമുക്ക്‌ രണ്ട്‌ എന്നായി ആദർശവാക്യം. അങ്ങനെ എന്റെ കുടുംബം രണ്ടു കുട്ടികളുടെതായി. കുറച്ചു കഴിഞ്ഞപ്പോൾ നാം ഒന്ന്‌ നമുക്കൊന്ന്‌ എന്നായി. അതും കുറേപേർ പാലിച്ചു. ഇപ്പോൾ സഹവാസത്തിൽ നമ്മൾ മാത്രംമതി എന്നായി. എനിക്കു നീയും നിനക്കു ഞാനും പരമസുഖം. നിത്യപ്രണയം. പക്ഷേ എന്തുകൊണ്ടിത്‌ മടുക്കുന്നു. അവിടെയാണ്‌ ’മനുഷ്യൻ അപ്പം കൊണ്ടുമാത്രം‘ ജീവിക്കാനാവില്ല എന്ന യഥാർത്ഥ്യം നാം കാണുന്നത്‌. നമുക്ക്‌ സ്വാതന്ത്ര്യവും ലൈംഗീകനീതിയും മാത്രം പോരെ. ഇതു രണ്ടും ഉണ്ടാകുന്നതുകൊണ്ടുമാത്രം നമ്മിൽ പ്രണയമുണ്ടാകില്ല. അതിന്‌ പലതും പലതും കൂടിച്ചേരേണ്ടതുണ്ട്‌.

മനുഷ്യജീവിതം സദാസമയം ഒരു ത്രിത്വമാണ്‌. ഞാനും നീയുമല്ലാത്ത നമ്മെരണ്ടുപേരെയും ചേർത്തുനിർത്തുന്ന ഒരു അദൃശ്യഘടകമാണത്‌. ഞാൻ അതിനെ വാക്കുകൾ ഇല്ലാത്തതുകൊണ്ട്‌ ഏറ്റവും നല്ലത്‌ എന്നർത്ഥത്തിൽ ദൈവം (പ്രേമം) എന്ന്‌ പ്രയോഗിക്കുന്നു. സഹവാസത്തിൽ ഓരോരുത്തരും അവരവരുടെ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുമ്പോൾ ഈ കണ്ണി അറ്റുപോകുന്നു.

കൂടുമ്പോൾ ഇമ്പമുള്ളതാണ്‌ കുടുംബം എന്നു പറയാറുണ്ട്‌. ഈ ഇമ്പം എവിടെനിന്നു വരുന്നു. അത്‌ മഴപെയ്യുമ്പോൾ ഭൂമിയിൽ നിന്ന്‌ ഉറവപൊട്ടും പോലെയാണ്‌. അതവിടെയുണ്ട്‌. വീണയിൽ ശബ്‌ദം നിറഞ്ഞിരിക്കുംപോലെ തൊടേണ്ടതുപോലെ തൊട്ടാൽ മനോഹരമായ ശബ്‌ദം പുറപ്പെടും. അല്ലെങ്കിൽ അപസ്വരം കേൾക്കും. അതുകൊണ്ടാണ്‌ സഹവാസത്തിനു പകരം സഹജീവനം എന്ന പദം ഞാൻ ഇഷ്‌ടപ്പെടുന്നത്‌. അതു മറ്റൊരു സങ്കല്‌പമാണ്‌. എന്നാൽ നിലവിലുള്ള കുടുംബത്തിന്റെ തേറ്റയും കൊമ്പും അതിനെ പിഴുതുകളയാം. അത്‌ ഒരേസമയം നമ്മോടുതന്നെയും, മറ്റു വ്യക്തികളോടും പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും നേരത്തെ പറഞ്ഞ ദൈവത്തോടും കൈകോർക്കുന്നതാണ്‌.

സഹവാസത്തെ അംഗീകരിക്കാത്തവരും ഇപ്പോൾ വിവാഹനന്തര പ്രണയങ്ങൾക്കു പ്രാധാന്യം കല്‌പിക്കുന്നുണ്ട്‌. ഇതൊരു സാധ്യതയാണ്‌. പക്ഷേ ഈ സാധ്യതയാണ്‌. പക്ഷേ ഈ സാധ്യതയെ ഉപയോഗിക്കാൻ നമ്മൾ ഏറെ പരിശീലിക്കേണ്ടതുണ്ട്‌. പക്ഷേ ശീലംകൊണ്ട്‌ ദാമ്പത്യേതര പ്രണയവും എളുപ്പം ചെന്നുപതിക്കുന്നത്‌ നിത്യമായ മടുപ്പിലേക്കാണ്‌. കാരണം കുടുംബജീവിതത്തിൽ തൃപ്‌തമാകാതെ പോകുന്ന ലൈംഗീകസംതൃപ്‌തിയാണ്‌ പലപ്പോഴും ഈ പ്രണയത്തിനും അന്തർധാരയായി പലരിലും വർത്തിക്കുക. അപ്പോൾ സി. അഷറഫ്‌ പറയുംപോലെ ഭർതൃഗൃഹത്തിലെ ഔപചാരിക വേഴ്‌ചാവേളയിൽ ഭർത്താവ്‌ ശാരീരിക മേൽക്കോയ്‌മ വഹിക്കുന്ന സ്വാഭാവികരതിയിൽ മടുത്ത്‌ പ്രിയതമനോടൊപ്പം അസുലഭവേള ആഘോഷിക്കാനെത്തുന്നവൾക്ക്‌ 12-​‍ാമത്തെ ഉപരിസുരതത്തിന്റെ ഉഷ്‌ണത്തോടെ അയാളെ മടുത്തു പോകുന്നു.

പെൺപ്രവാഹകേന്ദ്രത്തിന്‌ ഒരു സ്‌പർശവും മർദ്ദവുമാണെന്ന്‌ തിരിച്ചറിയുന്നതോടെ പുരുഷനും മടുത്തുപോകുന്നു. ഇതുതന്നെയാണ്‌ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നവും. ആരും നിഷേധിക്കാനില്ലാതെ വരുമ്പോൾ സ്വാതന്ത്ര്യം ചിലപ്പോൾ ഒരാൾക്ക്‌ ഭാരമാകും. സഹവാസം എന്നതിനേക്കാൾ സഹജീവനം മനുഷ്യവംശത്തിന്റെ നിലനില്‌പിനെ സാധ്യമാക്കുന്നതാണ്‌. കാരണം സഹജീവനം മണ്ണിനോടും മനുഷ്യരോടുമുള്ള കരുതലിൽ കുഴച്ചെടുക്കുന്ന ജീവനൗഷധമാണ്‌. ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കേണ്ടത്‌ മനുഷ്യന്റെ മാത്രം ആവശ്യമാണ്‌. നമ്മളില്ലെങ്കിലും ഈ പ്രപഞ്ചത്തിന്‌ ഒരു നഷ്‌ടവുമില്ല. അതുകൊണ്ടാണ്‌ മനുഷ്യൻ സ്വന്തം സുഖത്തോടും സ്വാതന്ത്ര്യത്തോടുമൊപ്പം ആകാശത്തെ പറവകളെപ്പോലെയോ, വയലിലെ പുൽക്കൊടിപോലെയോ ജിവിക്കാനാവാതെ നാളത്തേക്ക്‌ കരുതിവെയ്‌ക്കുക കൂടി ചെയ്യുന്നത്‌. വിവാഹം കഴിച്ചും കഴിക്കാതെയുമൊക്കെ മനുഷ്യർക്കു ജീവിക്കാം. ലൈംഗീകതയാണ്‌ പ്രശ്‌നമെങ്കിൽ പുഴ അതിന്റെ വഴിതാനെ കണ്ടെത്തുംപോലെ ഓരോരുത്തരും അവരവരുടെ ആനന്ദം കണ്ടെത്തട്ടെ. ആന്തരാവയവങ്ങൾ തൊലികൊണ്ടു പൊതിഞ്ഞുവെച്ചിരിക്കുന്നതുപോലെ അതു സമൂഹമധ്യത്തിൽ പരസ്യമായി നിർവ്വഹിക്കപ്പെടേണ്ടതല്ല എന്നു കരുതുന്നതാണ്‌ ഉചിതം. എനിക്കു തോന്നുന്നു സഹവാസമല്ല സഹജീവനമാണ്‌ നമുക്കിനി പരീക്ഷിക്കാവുന്ന ഒരിടം.

നമുക്ക്‌ ഇതുവരെ രൂപപ്പെട്ട കുടുംബവും ധാർമ്മികതയും മതവും, ലൈംഗീകനീതിയും എല്ലാം കാർഷികവ്യവസ്‌ഥയിൽ രൂപപ്പെട്ടവയാണ്‌. നമ്മൾ ഇൻഫർമേഷൻ യുഗത്തിലേക്ക്‌ ഭാഗികമായി മാറിയെങ്കിലും നമ്മുടെ മാനസികനില കാർഷികവൃത്തിയിൽ രൂപപ്പെട്ടതുതന്നെയാണ്‌. അതു നിലനിൽക്കുന്നിടത്തോളം മറ്റൊന്ന്‌ നമുക്ക്‌ ഉൾക്കാനാകുകയില്ല.

നമുക്കിന്ന്‌ സാധ്യമാകുന്നത്‌ നഗരങ്ങൾക്കുപകരം ഗ്രാമങ്ങൾ സൃഷ്‌ടിക്കുകയാണ്‌. ആ ഗ്രാമങ്ങളാകട്ടെ പഴയ ജന്മിത്വത്തിന്റെ സൃഷ്‌ടിയായ ഗ്രാമസങ്കല്‌പമല്ല. ആ ഗ്രാമത്തെ പുനഃസൃഷ്‌ടിക്കാനാവില്ല. സ്വകാര്യത ഇല്ലാത്ത ഒരു ’കമ്മ്യൂൺ‘ ജീവിതവും മനുഷ്യനും സാധ്യമാകാൻ ഇനിയും സമയമായിട്ടില്ല. പലവിധം കമ്മ്യൂണുകളും നമുക്കു പരാജയമായി. അതിനാൽ

വീടിന്റെ സ്വകാര്യതയും കമ്മ്യൂണിന്റെ തുറവിയും ഉള്ള ഒരിടമായിരിക്കണം നമ്മുടെ പുതിയ ഗ്രാമസങ്കല്‌പം. അങ്ങനെ ഒരു സാധ്യതയെ കുറിച്ചാണ്‌ സഹജീവനം ആലോചിക്കുന്നത്‌. ഒരേ സ്‌ഥലത്ത്‌ ഒരുമിച്ച്‌ താമസിക്കാൻ കഴിയുക എന്നത്‌ അതിന്‌ അത്യാവശ്യമാണ്‌. അവിടെ തന്നെ ഓരോരുത്തർക്കും സ്വന്തമായൊരു വീട്‌ ഉണ്ടാവുകയും വേണം. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഒരു സ്‌ഥലത്തുതന്നെ സ്‌ഥിരമായി താമസിക്കാൻ കഴിയുന്നവർ 15 വയസ്സിനു താഴെയുള്ള കുട്ടികളും 55 വയസ്സിനു ശേഷം ഉദ്യോഗമൊഴിഞ്ഞ വ്യക്തികളുമാണ്‌. ഇവരെ കേന്ദ്രീകരിച്ചൊരു സഹജീവനം തുടങ്ങിവെയ്‌ക്കാവുന്നതാണ്‌.

ഗ്രാമങ്ങളെ നഗരങ്ങളാക്കുന്നതിനു പകരം നഗരങ്ങളെ പുതിയ ഗ്രാമസങ്കല്‌പങ്ങളിലേക്ക്‌ ഉണർത്തിയെടുക്കേണ്ടതുണ്ട്‌. തൊഴിൽ ചെയ്‌ത്‌ ജീവിതവരുമാനം കണ്ടെത്താൻ കേരളത്തിന്റെ സാഹചര്യത്തിൽ ഇന്ന്‌ എല്ലാവർക്കും സ്വന്തം വീടുകളിൽ തന്നെ താമസിച്ചുകൊണ്ട്‌ പ്രയാസമാണ്‌. അതിനാൽ ഈ പുതിയ ഗ്രാമങ്ങളിൽ വാർദ്ധക്യത്തിലേക്കു കടന്ന മാതാപിതാക്കളും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെയുള്ള കുട്ടികളും ഉണ്ടാവുക സ്വാഭാവികമാണ്‌. (മക്കളെ സ്വന്തം മാതാപിതാക്കളെ ഏൽപ്പിക്കാൻ ധൈര്യമില്ലാത്തവർ കൂടെ കൊണ്ടുപോകട്ടെ). പലപ്പോഴും മക്കളെ മാതാപിതാക്കളുടെ അടുത്തു നിർത്തിപോകാൻ വിശ്വാസമില്ലാത്തതിനു കാരണം അവിടുത്തെ ചുറ്റുപാടുകളെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവാണ്‌. എന്നാൽ സുരക്ഷിതമായ ഇടത്തിലാണ്‌ തങ്ങളുടെ മാതാപിതാക്കളും കുട്ടികളും ജീവിക്കുന്നത്‌ എന്നറിഞ്ഞാൽ ജോലിതേടി പോകേണ്ടിവരുന്ന യുവത്വത്തിന്‌ അതൊരു ആശ്വാസം തന്നെയാണ്‌. (ഇങ്ങനെയൊന്ന്‌ ചിന്തിച്ചുനോക്കൂ. ഇപ്പോൾ റിസോർട്ടുകളും വില്ലകളും വികസിപ്പിച്ചെടുക്കുന്നതുപോലെ ഒരു സ്‌ഥലം ഉദാഹരണമായി ഒരു കുന്നും പുഴയും ചേരാവുന്നവിധം ഒരു നൂറ്‌ ഏക്കർ സ്‌ഥലം (ഇങ്ങനെ 2500 ഏക്കർ സ്‌ഥലത്ത്‌ നമ്മുടെ കേരളത്തിൽ തന്നെ ഒരു സ്വകാര്യവ്യക്തി വലിയൊരു റസിഡൻഷ്യൽ വികസിപ്പിക്കുന്നുണ്ട്‌. കണ്ടാൽ ഭൂമിയിലെ സ്വർഗ്ഗമാണോ എന്നുതോന്നും) ഈ നൂറ്‌ ഏക്കർ സ്‌ഥലത്തിന്‌ 100 അവകാശികൾ. ഓരോരുത്തർക്കും ഓരോ ഏക്കർ. ഈ നൂറ്‌ ഏക്കർ സ്‌ഥലത്തിനും ചുറ്റും മുളവെച്ചു പിടിപ്പിക്കണം. അപ്പോൾ വേലിയായി. ആദായവും, സൗന്ദര്യവും അതിനു മുന്നിൽ വലിയ തടികളാകുന്ന കാട്ടുമരങ്ങൾ നടണം. ചുറ്റും ഒരു പത്തുവരി കാട്ടുമരങ്ങൾ കഴിഞ്ഞാൽ പിന്നെ ഒരു പത്തു വരി ഫലവൃക്ഷങ്ങൾ, അതിനു ശേഷം ധാന്യങ്ങളും പയറുവർഗ്ഗങ്ങളും, പച്ചക്കറികളും കൃഷിചെയ്യാവുന്ന കൃഷിയിടം. അതിനു മുന്നിലായിരിക്കണം. ഓരോ പത്തുസെന്റ്‌ ചുറ്റളവിൽ ആ നൂറുപേർക്ക്‌ ഓരോ ചെറുവീട്‌. അവരവരുടെ സൗകര്യത്തിനനുസരിച്ച്‌ ഇവയ്‌ക്കൊക്കെ പൂക്കൾക്കൊണ്ട്‌ വേലിതീർക്കണം. വേലിമതി മതിൽവേണ്ട.

വീടു നിൽക്കുന്ന പത്തുസെന്റൊഴിച്ച്‌ ബാക്കി 90 സെന്റ്‌ വീതം ഈ നൂറുപേരുടെ പൊതുസ്വത്താണ്‌ വിൽക്കാൻ അവകാശമില്ലാത്ത സ്വത്ത്‌. ഇതിന്റെ നടത്തിപ്പിന്‌ കാലാകാലങ്ങളിൽ നൂറുപേരിൽ നിന്ന്‌ തെരഞ്ഞെടുക്കുന്നവരുടെ ഭരണസമിതി ഉണ്ടാകണം. കുട്ടികൾക്ക്‌ പഠിക്കാൻ ഇവിടെ ഒരു അന്താരാഷ്‌ട്രനിലവാരമുള്ള സ്‌കൂൾ ഉണ്ടാകണം. പഠിപ്പിക്കാൻ അവിടെ യോഗ്യതയുള്ളവരുണ്ടെങ്കിൽ അവർ പഠിപ്പിക്കട്ടെ. അങ്ങനെയുള്ളവർ ആ വീടുകളിൽ ധാരാളമുണ്ടാകാം. ഇപ്പോൾ ക്രെഡിറ്റ്‌ സിസ്‌റ്റമൊക്കെ നമുക്കും പരിചയമായി തുടങ്ങിയില്ലേ? ആവശ്യമാണെങ്കിൽ മാത്രം പുറത്തുനിന്നും ആളുകൾ വരട്ടെ.

ഓരോ വീട്ടിലെ ആളുകൾക്കും ചെയ്യാവുന്ന ചെറിയ കൈ തൊഴിലുകൾ അവിടെ സാധ്യമാക്കണം. അതു വിൽക്കാനുള്ള ഒരു ചെറിയ ചന്തയും അവിടെ ഉണ്ടാകണം. ആത്മീയത അവിടെയൊരു ജീവിതശൈലിയാകണം. പ്രകൃതിയോടുചേർന്നുള്ള ഒരു ജീവനലീല. സ്‌കൂൾ സമയം കഴിഞ്ഞാൽ കുട്ടികൾ വീടുകളിൽ തിരിച്ചെത്തിയാൽ ഈ നൂറുവീടുകളിൽ പലവിധ കാര്യങ്ങളിൽ പ്രാഗത്ഭ്യമുള്ളവർ താമസിക്കുന്നുണ്ടാകും. കുട്ടികൾക്ക്‌ ആഗ്രഹംപോലെ ഓരോ വീടുകളിലും ഇഷ്‌ടമുള്ള വിദ്യ പഠിക്കാൻ കഴിയണം.

ഉദാ- ഒരു വീട്ടിൽ ഒരാൾ നന്നായി വീണവായിക്കും. അവിടെപോയി വീണവായിക്കാനാഗ്രഹിക്കുന്ന കുട്ടിക്കു പഠിക്കാമല്ലോ. ചിലർക്ക്‌ മരപ്പണിയറിയാം. മറ്റുചിലർക്ക്‌ ശില്‌പം അങ്ങനെ മറ്റുപലതും കുട്ടികൾ അവരുടെ മുത്തച്ഛന്മാരിൽ നിന്നും മുത്തച്ഛനമാരിൽ നിന്നും പഠിക്കും. നമ്മുടെ പുതിയ സാങ്കേതികവിദ്യകളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത സോളാർ വിളക്കുകളും മഴസംഭരണിയും കൊണ്ട്‌ കഴിയുന്നത്ര ഊർജ്ജവും വെള്ളവും അവിടെ ശേഖരിക്കാൻ കഴിയും. ഇന്റർനെറ്റ്‌ ഏത്‌ ഗ്രാമത്തിലും സാധ്യമായതിനാൽ വിജ്ഞാനവിതരണത്തിനും ശേഖരണത്തിനും കുട്ടികൾക്ക്‌ യാതൊരു തടസ്സവും ഉണ്ടാകുന്നില്ലല്ലോ. ഇവരുടെ ജീവിതാവശ്യങ്ങൾക്കുവരുന്ന പണം (ഇപ്പോൾ അച്ഛനമ്മമാർക്ക്‌ വൃദ്ധസദനങ്ങളിലേക്കും മക്കൾക്ക്‌ ഹോസ്‌റ്റലിലേക്കും) അയച്ചുകൊടുക്കുന്നത്‌ മതിയാകുമല്ലോ. മാത്രമല്ല, അച്ഛനമ്മമാരെ പഞ്ചനക്ഷത്രസൗകര്യത്തോടുകൂടിയതാണെങ്കിലും വൃദ്ധസദനത്തിലാക്കിയെന്ന ദുഃഖം ഒഴിഞ്ഞുകിട്ടാനും, അച്ഛനമ്മമാരെ പഞ്ചനക്ഷത്രസൗകര്യത്തോടുകൂടിയതാണെങ്കിലും വൃദ്ധസദനത്തിലാക്കിയെന്ന ദുഃഖം ഒഴിഞ്ഞുകിട്ടാനും, അച്ഛനമ്മമാരെ നോക്കാതെ മക്കളെ വിലകൂടി ഹോസ്‌റ്റലുകളിൽ നിർത്തി പഠിപ്പിക്കുന്നുവെന്ന സമൂഹത്തിന്റെ ആരോപണം ഒഴിവാക്കുവാനും ഇന്നത്തെ തൊഴിലെടുക്കുന്ന യുവാക്കൾക്ക്‌ ഒരാശ്വാസം കൂടിയാണ്‌. ഇത്തരം ഗ്രാമങ്ങൾ കുട്ടികളും അച്ഛനും അമ്മയും ഒരു സ്‌ഥലത്തുണ്ടാകുമ്പോൾ അവധി ദിവസങ്ങളിൽ അവർക്കും വിശ്രമത്തിനെത്തിച്ചേരാനും ഇവരുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും സൗകര്യക്കൂടുതലാണ്‌. മക്കൾ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കുന്നതുകൊണ്ട്‌ വീട്ടിൽ അസുഖമുള്ള സഹോദരങ്ങളോ ബന്ധുക്കളോ ഉണ്ടെങ്കിൽ അവർക്കുകൂടെ ഒരിടമായിമാറും. ആ വീട്‌ അങ്ങനെയാണ്‌ കുഞ്ഞുങ്ങൾ ജീവിതത്തെക്കുറിച്ച്‌ നന്മയുള്ളവരായി തീരുക.

ഇവിടെ അവർക്കാവശ്യമുള്ള ഭക്ഷ്യവസ്‌തുക്കളും, പാലും പാലുൽപ്പന്നങ്ങളും ഉല്‌പാദിപ്പിക്കാം. വിഷം കലരാത്ത ഭക്ഷണം കഴിക്കാം. എ.സിയും ഫ്രിഡ്‌ജും ഇല്ലാതെ ഒരു പക്ഷേ ആ കുട്ടികൾ ജീവിതം ശീലിച്ചേക്കാം. വീട്ടിൽ ഒരുമിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദറിഞ്ഞ്‌ ടിൻഫുഡുകൾ ഉപേക്ഷിക്കാം. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെപ്പോലെ സ്വന്തം ടെറിട്ടറി സൃഷ്‌ടിച്ച്‌ അതിൽ കഴിയുന്നതിനുപകരം തങ്ങളുടെ വാതിലുകൾ അയൽക്കാരനുവേണ്ടികൂടി തുറന്നിടാൻ ധൈര്യം കാണിച്ചേക്കാം. അച്ചനമ്മമാരെ അവർ ഇന്നത്തെക്കാൾ കൂടുതൽ സ്‌നേഹിച്ചേക്കാം.

യുവാക്കളായ അച്ഛനമ്മമാർക്ക്‌ കുഞ്ഞുങ്ങൾ തങ്ങളുടെ കൂടെയില്ലാത്തതുകൊണ്ട്‌ പരസ്‌പരം കൂടുതൽ സ്‌നേഹിക്കാനും ചെയ്യുന്ന ജോലിയിൽ കൂടുതൽ ആത്മാർത്ഥയും ഉന്നതിയും കൈവരിക്കാനും ഇന്ന്‌ അനുഭവിക്കുന്ന ആധുനിക നഗരജീവിതത്തിന്റെ സ്‌ട്രസ്‌ കുറക്കാനും കഴിയും. അവർ ഓരോ അവധിക്കും നാട്ടിലെത്താൻ കാത്തിരിക്കും. കിട്ടുന്ന ഒഴിവുസമയം മക്കളോടും അച്ഛനമ്മമാരോടും ചേർന്ന്‌ സന്തോഷമായി ആരോഗ്യകരമായ ചുറ്റുപാടിൽ ചെലവഴിക്കുമ്പോൾ തിരിച്ച്‌ ചെന്ന്‌ കൂടുതൽ ചുറുചുറുക്കോടെ ജോലി ചെയ്യാനും ആരോഗ്യവും സന്തോഷവും പരസ്‌പരവിശ്വാസവും നിലനിർത്താനും അവർക്കു കഴിയും.

ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണശേഷവും നമുക്ക്‌ മനോഹരമായൊരു വിശ്രമസ്‌ഥലമുണ്ടാകണം. ഒരു പൊതുശ്‌മശാനം. വിസ്‌തൃതമായ നിറയെ മരങ്ങളും പൂക്കളുമുള്ള ഒരു ഉദ്യാനമായിരിക്കും അത്‌. അവിടെ തങ്ങൾക്ക്‌ പ്രിയവപ്പെട്ടവരുടെ കുഴിമാടങ്ങൾക്കരികിൽ ഒരു വിശ്രമകേന്ദ്രത്തിൽ എന്നതുപോലെ മറ്റുള്ളവർക്ക്‌ വന്നിരിക്കാൻ കഴിയുന്നിടം. സ്വച്ഛവും സുന്ദരവുമായൊരു പൊതുസ്‌ഥലമായിരിക്കണമത്‌. അങ്ങനെയെങ്കിൽ മരണശേഷവും അവരുടെ ഓർമ്മകൾ സ്‌നേഹപൂർവ്വം ജീവിച്ചിരിക്കുന്നവർക്ക്‌ നിത്യജീവിതത്തിനിടയിൽ ഭാരപ്പെടാതെ സ്വാഭാവികമായി കൊണ്ടുനടക്കാനാവും. ആണ്ടിലൊരിക്കൽ പോയി ബലിയിടുകയോ ഒപ്പീസുചൊല്ലുകയോ ചെയ്യുമ്പോൾ മാത്രം ഓർക്കപ്പെടേണ്ട ഒരു സ്‌ഥലമായി മരിച്ചവരുടെ ഓർമ്മ തീരുകയില്ല. മരിച്ചവരെ സ്‌നേഹത്തോടെ നമ്മുടെ ജീവിതത്തിലുടനീളം ഓർക്കുക എന്നുവച്ചാൽ ചരിത്രത്തോടു നമ്മൾ ചെയ്യുന്ന നീതിപുലർത്തൽ കൂടിയാണത്‌. ഇത്‌ നമ്മുടെ തന്നെ ജീവിതത്തെ ഇന്നും ആനന്ദകരമാക്കുകയും നാളേയ്‌ക്കുള്ള ഈടുവെയ്‌പ്പുകളായി മാറ്റുകയും ചെയ്യും. ഇങ്ങനെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ഒരു ഐക്യമാണ്‌ മനുഷ്യജീവിതത്തെ സാർത്തവമാക്കുക. സഹജീവനം അത്തരമൊരു സാധ്യതകൂടി നമുക്ക്‌ നൽകുന്നുണ്ട്‌.

ഒരു മുറിക്കുള്ളിൽ മാത്രം കിടന്നു തിരിഞ്ഞ്‌ ടി.വിയും കമ്പ്യൂട്ടറുമായി ജീവിതം ഒതുക്കി തീർക്കുന്നതിലും കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും എത്ര മനോഹരമായിരിക്കും ഇങ്ങനൊരു സഹജീവനത്തിനുള്ള വീടുണ്ടായാൽ. അങ്ങനെ വരുമ്പോൾ ഈ പുതുഗ്രാമങ്ങൾ നമുക്കു ആധുനിക ജീവിതത്തിന്റെ സാധ്യതകളും ഗ്രാമത്തിന്റെ വിശുദ്ധിയും നല്‌കും. ഈ സഹജീവനം ആർത്തിയില്ലാത്ത ഒരു ജീവിതം ക്രമപ്പെടുത്താൻ നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും സഹായിക്കാതിരിക്കില്ല. വ്യക്തിപരമായ സ്വാർത്ഥത മാത്രം മുറ്റിനിൽക്കുന്ന സഹവാസത്തേക്കാൾ മറ്റുള്ളവരുടെ ജീവനെക്കൂടി കരുതുന്ന സഹജീവനം നമുക്കൊരു ജീവനസാധ്യത തുറന്നുതരുന്നുണ്ട്‌.

Generated from archived content: essay1_feb4_11.html Author: rosy_thampi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English