ഇപ്പോൾ എന്റെ ശരീരവും മനസ്സും സ്വകാര്യതയുടെ ഒരു മഹോത്സവത്തിലാണ്. ഒരു സ്‌ത്രീ അവളുടെ ആന്തരികതയിൽ മറ്റൊരു പ്രപഞ്ചത്തെ സംവഹിച്ചിരിക്കുമ്പോൾ അതേക്കുറിച്ചല്ലാതെ മറ്റൊന്നും എഴുതാൻ എനിക്കു തോന്നുന്നില്ല.
എന്റെ വയറ്റിൽ ഒരു മുഴു പ്രപഞ്ചം. കോടാനുകോടി നക്ഷത്രങ്ങൾ, സൂര്യചന്ദ്രന്മാർ, നിറമുള്ള പക്ഷികൾ, മാലാഖമാരുടെ കാഹളം, മഞ്ഞപ്പുൽമേടുകളിലൂടെ മേഞ്ഞു നടക്കുന്ന കുഞ്ഞാടുകൾ, പതഞ്ഞൊഴുകുന്ന അരുവികൾ, മഞ്ഞു പെയ്യുന്ന മലമടക്കുകൾ, ലില്ലിപ്പൂക്കളുടെ നനുനനുത്ത സുഗന്ധം, ശ്വാസത്തിന്റെ ഇരട്ടത്താളം.
എന്റെ സ്വകാര്യതകളിൽ നിറയെ സോളമന്റെ ഉത്തമഗീതങ്ങൾ വന്നു നിറയുന്നു. ബൈബിൾ വായിച്ചും പ്രാർത്ഥിച്ചും എന്റെ ഏകാന്തതയെ ഞാൻ സ്വർഗ്ഗസ്‌ഥമാക്കുന്നു. മറ്റൊരാത്‌മാവ് എന്റെയുള്ളിൽ മാംസം ധരിച്ചിരിക്കുന്നു.
ഗർഭത്തിലിരിക്കുമ്പോൾ ഗർഭം എന്നേക്കാൾ എത്രയോ വലുതെന്ന് തോന്നും. കടലിന്റെയും ആകാശത്തിന്റെയും മഹാതരംഗങ്ങളിൽ ഞാനൊരു ഭാഗം മാത്രമാണെന്നും തോന്നും; എന്റെ വേദനകളെ തിരമാലകളേറ്റെടുക്കുമെന്നും എന്റെ സന്തോഷങ്ങളെ പൂമ്പാറ്റകൾ സുരഭിലമാക്കുമെന്നും.
എന്നെയും കവച്ചു വയ്‌ക്കുന്ന മറ്റൊരു അനുഭവത്തിലേക്കാണ് ഗർഭകാലം എന്നെ ഉയർത്തിക്കൊണ്ടു പോകുന്നത്. ഇതിനെയല്ലെ എപ്പിഫെനി എന്നു പറയുക. വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത ഇത്തരമൊരു ഉയർന്നു പറക്കൽ ഏതു സ്‌ത്രീയും ഗർഭകാലത്ത് അനുഭവിച്ചിട്ടുണ്ടാകും.
ഗർഭിണിയാവുക എന്നാൽ ശരീരത്തെ മറ്റൊരു ഭൂപ്രദേശമാക്കുക എന്നാണ് എനിക്കു തോന്നുന്നത്. ഇതൊരു യാത്രയാണ്. ഒൻപതു മാസങ്ങളിലൂടെ ഞാനെത്രദൂരം സഞ്ചരിച്ചു! എത്രയോ രുചികളിൽ മണങ്ങളിൽ കാഴ്‌ചകളിൽ ഞാൻ കടന്നുപോയി! വിചിത്രമായ എത്രയോ ഭാവനകളും കിനാവുകളും എന്നിൽ നിറഞ്ഞു! എവിടെ നിന്നോ വീശിയെത്തിയ ഒരത്‌ഭുതകാറ്റ് എന്റെ ഉടലിനെ ഒരു കൊത്തുശില്‌പമാക്കി.
ഇത്തരം അനുഭവങ്ങൾ പുറം ലോകത്തെ അറിയിക്കുന്നതെന്തിന് എന്ന ചോദ്യമുയരാം. സ്‌ത്രീയുടെ സ്വകാര്യതയ്‌ക്ക് ഏറെ വിലക്കുകളുമുണ്ടെന്നറിയാം. സ്‌ത്രീ അവളുടെ ഗർഭപാത്രത്തിന്റെ ഉത്സവത്തിലാണ്. ഒരു ജന്മത്തിന്റെ നിർവൃതിയുടെ പരമ മുഹൂർത്തത്തെ പങ്കുവച്ചില്ലെങ്കിൽ എനിക്കീ പേനയും ഭാഷയുമെന്തിനാണ്? പിറവിയുടെ നിമിഷം അനുഭവിക്കാൻ ഒരു സ്‌ത്രീക്കു മാത്രമേ കഴിയൂ. സഹനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പരമനിമിഷം അനുഭവിക്കാൻ അനുഗ്രഹിക്കപ്പെട്ടവളാണവൾ. മരണത്തിന്റെ നിറം ജീവികളെല്ലാം അറിയുമ്പോൾ പിറവിയുടെ നിർവൃതി സ്‌ത്രീക്കു മാത്രമുള്ളതാണ്. ഇതേക്കുറിച്ച് ഗർഭകാലത്തിന്റെ ഓർമ്മകളും സ്വപ്‌നങ്ങളും ശരീരത്തിന്റെ പീഡകളും ഉയിർത്തെഴുന്നേല്‌പും നമ്മുടെ ഭാഷ വേണ്ടതുപോലെ ആവിഷ്‌ക്കരിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്.
മാതൃത്വത്തെ ഒരു ശാപമായും പുരുഷാധിപത്യത്തിന്റെ ഒരു കെട്ടിയേല്‌പിക്കലായും വാദിക്കുന്ന ചില സ്‌ത്രീതീവ്രവാദികളെ എനിക്കറിയാം. സ്‌ത്രീയെ ജീവപര്യന്തം വീട്ടുതടങ്കലിൽ അടയ്‌ക്കാനുള്ള പുരുഷന്റെ ഗൂഢാഭിലാഷമാണ് മാതൃത്വത്തെക്കുറിച്ചുള്ള ഇത്തരം ആദർശവൽക്കരണമെന്ന് അവർ പറയും. സത്യത്തിൽ ഗർഭധാരണവും പ്രസവവുമെല്ലാം ഒരു സ്‌ത്രീയുടെ ശക്തിയുടെയും ആത്‌മനിശ്‌ചയത്തിന്റെയും അടയാളങ്ങളാണ്. മനുഷ്യഭാവിയെക്കുറിച്ചുള്ള എത്രയോ നിറമുള്ള പ്രത്യാശയാണ് ഓരോ ഗർഭധാരണവും.
പുരുഷനോടുള്ള വിദ്വേഷത്തിലും അസഹിഷ്‌ണുതയിലും കുടിയിരിക്കുന്നതാണ് സ്‌ത്രൈണപ്രബുദ്ധത എന്നു ഞാൻ വിചാരിക്കുന്നില്ല. സ്‌ത്രീ അവളുടെ അനുഭവത്തിന്റെ അനന്യതയിൽ കൂറും ആത്‌മവിശ്വാസവും ആനന്ദവും പ്രകടിപ്പിക്കുന്നിടത്താണ് അവളുടെ പ്രബുദ്ധതയെന്ന് എനിക്കു തോന്നുന്നു. അപ്പോഴാണ് അവൾ ദൈവത്തോടും, ലോകത്തോടും മുഖാമുഖം നില്‌ക്കാൻ പ്രാപ്‌തയാകുക.
ഗർഭകാലത്തിന്റെ ആദ്യമാസത്തിൽ ഛർദ്ദിയും തലചുറ്റലുമറിഞ്ഞ് അമ്മ എന്നെ കാണാൻ വന്ന രംഗം ഞാനൊരിക്കലും മറക്കില്ല. അമ്മ കിടക്കയിൽ എന്റെ അരികിലിരുന്നു. എന്റെ വയറ്റിൽ തലോടി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ജീവിതത്തിലാദ്യമായി അമ്മയും ഞാനും സഹോദരിമാരെപ്പോലെ പെരുമാറി. ശരീരത്തിനുള്ളിലെ ചില ഉരുൾപൊട്ടലുകളും മിന്നലുകളും വിഷമങ്ങളും ഞാനമ്മയോട് പറഞ്ഞു. ഞാനവരുടെ നെഞ്ചിലേക്കു ശക്തിയായി മുഖമമർത്തി. വീണ്ടും അവരുടെ ചെറിയ പെൺകുഞ്ഞായി അവരുടെ മടിയിൽ ഒരു പകൽ മുഴുവൻ കഴിഞ്ഞു. എന്തൊരു വെളിച്ചമുള്ള പകലായിരുന്നു അത്. എന്തൊരു മധുരമുള്ള അനുഭവമായിരുന്നു അത്.
ഗൈനക്കോളജി വിഭാഗം മാത്രമുള്ള ഒരു സ്വകാര്യ പ്രസവപരിചരണ നേഴ്‌സിങ്ങ് ഹോമിലാണ് എന്റെ ആദ്യത്തെയും ഇപ്പോഴത്തെയും ഗർഭപരിചരണം. എല്ലാ മാസവും ഞാനവിടെ പോകും. പലതരം ടെസ്‌റ്റുകൾ. അവിടെ ചെല്ലുമ്പോൾ ഒരു പ്രത്യേക രസമാണ്. ഒരുപാട് ഗർഭിണികൾ. പലതരം പരാതികൾ, സ്‌നേഹങ്ങൾ. ഒരു ഗർഭിണി മറ്റൊരു ഗർഭിണിയോട് അധികമൊന്നും പറയാറില്ല. പരസ്‌പരം ചിരിക്കും. ആ ചിരിയിൽ അഗാധമായൊരു സംവേദനമുണ്ട്.
ഗർഭത്തിന്റെ ആദ്യമാസത്തിൽ വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് എനിക്കു വെറുപ്പായിരുന്നു. ഇപ്പോൾ എന്തൊരു സ്‌നേഹമാണ് – ഒരുവൾ പറഞ്ഞപ്പോൾ ഞാനും സമ്മതിച്ച് ചിരിച്ചു. രണ്ടു പ്രസവങ്ങൾ ഒരുപോലെയല്ലല്ലോ. ഒരാളുടെ തന്നെ പ്രസവങ്ങൾക്കു തമ്മിൽ എത്ര വ്യത്യാസം.
ഗർഭകാലങ്ങളിൽ ഞാൻ അമ്മക്കുള്ളിലെ മറ്റൊരമ്മയാണെന്നു തോന്നാറുണ്ട്. ഈ മാസങ്ങളിലാണ് ഞാനെന്റെ വീടിനെ ഒരുപാട് സ്‌നേഹിച്ചത്. സന്തോഷിച്ചത്. പച്ചപ്പുല്ലിലങ്കരിച്ച മുറ്റവും ഇഷ്‌ടികയിൽ ചുവന്നു നിൽക്കുന്ന വീടും – ഞങ്ങളുടെ ജേതവനം. എന്റെ വീട് എനിക്കമ്മയാണ്. പാലൂട്ടുന്ന അമ്മയെപ്പോലെ എന്റെ വീട് എനിക്ക് ഒരേസമയം സ്വാതന്ത്ര്യവും സുരക്ഷിതത്വവുമാണ്.
ഒരമ്മയ്‌ക്കു മറ്റൊരമ്മയാണ് നിന്റെ അമ്മയെന്ന് ഞാനെന്റെ മകളോട് പറയും. അഞ്ചുവയസ്സുള്ള ചാരുലത. അവളുമായി ഞാനിപ്പോൾ വലിയ ചങ്ങാത്തത്തിലാണ്. എന്റെ വയറ്റിലുറങ്ങുന്ന അവളുടെ ഉണ്ണിവാവയോട് അവൾ പറഞ്ഞുകൊടുക്കാത്തതൊന്നുമില്ല. അവൾ എനിക്ക് കുട്ടിക്കാലത്ത് ഉപേക്ഷിച്ചുപോയതിനെയെല്ലാം, മറന്നുപോയതിനെയെല്ലാം തിരിച്ചു കൊണ്ടുതരുന്നു.
ജേതവനത്തിൽ നിറയെ പലതരം വൃക്ഷങ്ങളുണ്ട്. അതിൽ നിറയെ കിളികളും പലതരം പൂമ്പാറ്റകൾ, മഴത്തുമ്പികൾ, പുൽച്ചാടികൾ. താഴോട്ടും മേലോട്ടും ചിലച്ചു നടക്കുന്ന അണ്ണാറക്കണ്ണനെക്കുറിച്ചവൾക്കൊരു പാട്ടുണ്ട്. മുല്ലച്ചെടിയിൽ കൂടുകൂട്ടിയ നാരായണിപക്ഷിയും, താമരക്കുളത്തിലെ പോത്തൻ തവളയും, തെങ്ങിൻ തടിയിൽ കൊത്തിക്കൊത്തിക്കൊണ്ടേയിരിക്കുന്ന മരങ്കൊത്തിയും അവളിലൂടെയാണ് എന്റെയും കൂട്ടുകാരായത്. പ്രകൃതിപാഠങ്ങൾ പഠിപ്പിച്ചു തരുന്ന ചാരുലത ഒരർത്ഥത്തിൽ എനിക്കൊരമ്മയാണിപ്പോൾ.
ഞങ്ങൾ എഴുത്തുമുറിയിലെ ആട്ടുകട്ടിലിൽ കിടന്ന് ഒരുപാട് പാട്ടുകൾ കേൾക്കും. ബീഗം അക്‌തറും പർവീണ സുൽത്താനയും ജസ്‌രാജും ഞങ്ങൾക്കുവേണ്ടി പാടും. ആ പാട്ടുകളിൽ താളം പിടിച്ച് വയറ്റിലെ ഉണ്ണിയോ ഞങ്ങളോ ആദ്യമുറങ്ങുന്നതെന്നറിയില്ല.
തീർച്ചയായും ഈ കാലം സ്വപ്‌നത്തിന്റെയും പ്രതീക്ഷയുടെയും മധുരകാലം മാത്രമല്ല. അത് കഷ്‌ടാനുഭവങ്ങളുടെ കാലം കൂടിയാണ്. ശരീരം ഏറ്റവും കൂടുതൽ പരവശമാകുന്ന കാലം. ഉടലിനെ ഒരു കാൽവരിയാക്കികളയും ഗർഭകാലം. കാറ്റും കൊടുങ്കാറ്റും ചോരയും മുറിവും അലച്ചു പെയ്യുന്ന മഴയും ശരീരത്തിലെ വേദനയെ മറ്റെങ്ങിനെയാണ് ഒരു ഗർഭിണിക്ക് അവശേഷിപ്പിക്കാൻ കഴിയുക. വേദനയും ആനന്ദവും ഇഴചേർന്ന് ഉടലിനെ ഒരു കവിതയാക്കി മാറ്റും ഗർഭകാലം.
എനിക്ക് ഉത്തമഗീതങ്ങൾ വായിക്കും പോലെ സുന്ദരവും സ്വപ്‌നനിർഭരവുമായിരുന്നു ആ കാലം.
Generated from archived content: essay1_feb25_10.html Author: rosy_thampi
Click this button or press Ctrl+G to toggle between Malayalam and English