ജെറുസലേം എന്നോടു പറയുന്നത്‌

വിശുദ്ധനാട്‌ – യാത്രാനുഭവം

ജീവിതം, നീണ്ടുപരന്ന പുൽത്തകിടിയുടെ നടുവിലൂടെയുള്ള പുലർകാലത്തെ ഉണർവ്വുള്ള യാത്രയാണെനിക്കിപ്പോൾ. വിശാലവും സ്വച്ഛവുമായ പുൽത്തകിടയിൽ സ്വതന്ത്രവും സ്വസ്‌ഥവുമായി നടക്കുമ്പോൾ നിന്റെ പ്രണയത്തിന്റെ കുളിർകാറ്റ്‌ എന്നെ മെല്ലെ തഴുകി കടന്നു പോകുന്നുണ്ട്‌. ഒട്ടും തിരക്കില്ലാതെ. ഭയപ്പെടാതെ. ഒരു കാവലാളും എന്നെ ഈ പ്രണയഭൂമിയിൽ നിന്ന്‌ തിരിച്ചുനടക്കാൻ പേടിപ്പിക്കുന്നില്ല. ഒരു ശബ്‌ദവും എന്നെ ഇപ്പോൾ അലോസരപ്പെടുത്തുന്നില്ല. മഞ്ഞുതുള്ളിയിലെ മഴവിൽ തിളക്കം ചന്ദ്രനുദിച്ചിട്ടും എന്റെ കവിൾ തടങ്ങളിൽ നിന്നും മാഞ്ഞുപോയിട്ടില്ല. മണ്ണടരുകളിൽ നിന്ന്‌ വിടർന്നു വരുന്ന ചുവന്ന ലില്ലി പൂക്കളെക്കാൾ മൃദുലതയുണ്ട്‌ ഇപ്പോൾ എന്റെ പാദങ്ങൾക്ക്‌.

തീർഥാടനം ഒരാൾക്ക്‌ നൽകുന്നത്‌ വിശ്വാസവും പ്രതീക്ഷയുമാണെന്ന്‌ അനുഭവിച്ച നാളുകളായിരുന്നു ജറുസലേമിലും അതിനുചുറ്റും സഞ്ചരിച്ച ഒരാഴ്‌ചക്കാലം. ശരീരം വെള്ളത്തിനു മുകളിൽ ഒഴുകിനടക്കുന്ന കടൽപക്ഷികളെപോലെ ഭാരരഹിതം. ഒരിക്കൽ ജലത്തിനു മുകളിൽ ഒട്ടും ആയാസപ്പെടാതെ മലർന്നുകിടക്കുമ്പോഴറിയാം ജീവിതം എത്ര സുതാര്യമെന്ന്‌. അതിനു ചാവുകടലിൽ തന്നെ പോകണം. അതിന്റെ തീരത്തിരുന്നു വെള്ളത്തിലേക്ക്‌ കാൽനീട്ടുമ്പോൾ ഓളങ്ങൾ നമ്മെ എടുത്തുകൊണ്ടുപോകും. കൈകാലുകൾ ചലിപ്പിക്കാതെ നീണ്ടു നിവർന്നങ്ങനെ കിടക്കുമ്പോൾ കടലിലെ കുഞ്ഞോളങ്ങൾ വിഗദ്ധനായ ചൈനീസ്‌ ഭിഷഗ്വരനെപോലെ ശരീരത്തിന്റെ ഓരോ കോശരേണുക്കളെയും തൊട്ടുണർത്തും. ഉള്ളിലെ എല്ലാ മാലിന്യങ്ങളെയും പുറത്തെടുക്കും. എത്രനേരം വേണമെങ്കിലും ആകാശം നോക്കി അങ്ങനെ കിടക്കാം. തിരിച്ചുകയറിയപ്പോൾ ഒരാൾ ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കുന്നത്‌ എങ്ങനെയെന്ന്‌ ക്രിസ്‌തുവിനെപോലെ ഞാനും അനുഭവിച്ചു. ജലംപോലെ സുതാര്യമാണ്‌ ഇപ്പോൾ എനിക്ക്‌ നിന്നോടുള്ള പ്രണയം. ദാമ്പത്യം പ്രണയത്തിലൂടെയുള്ള പുനർജന്മമാണെന്ന്‌ നീയെന്നെ പഠിപ്പിച്ചു.

ഒരാൾക്ക്‌ മറ്റൊരാൾ തുണയാകേണ്ടത്‌ ആന്തരികമായും കൂടിയാണ്‌. നിന്റെ അസാന്നിദ്ധ്യത്തിലാണ്‌ ഞാൻ നിന്നെ കൂടുതൽ അറിഞ്ഞത്‌. അടുത്തിരുന്നപ്പോഴൊന്നും നീയ്യെനിക്ക്‌ ഇത്രയേറെ സമീപസ്‌ഥനായിരുന്നില്ല. എന്റെ ശ്വാസതാളത്തിന്റെ സ്വനമാറ്റങ്ങൾപോലും നിനക്കറിയാമെന്ന്‌ പറയുമ്പോഴും അതിത്രമാത്രം യഥാർത്ഥ്യമാകുമെന്ന്‌ ഞാനറിഞ്ഞിരുന്നില്ല. എന്നാൽ ഇവിടെ നരച്ച ആകാശത്തിനും വരണ്ട മരുഭൂമിക്കുമിടയിൽ അലഞ്ഞു നടക്കുന്ന ക്രിസ്‌തുവിന്റെ സ്‌പർശമേറ്റ കാറ്റ്‌ എന്റെ മുടിയിഴകളെയും തഴുകി കടന്നുപോകുമ്പോൾ നിന്റെ വിരൽതുമ്പിന്റെ തണുപ്പ്‌ എനിക്കനുഭവിക്കാൻ കഴിയുന്നുണ്ട്‌. കളഞ്ഞുപോയ നമ്മുടെ പ്രണയത്തിന്റെ താക്കോൽ കാൽവരിയിലെ രക്തം വീണ്‌ പിളർന്ന ആദത്തിന്റെ കുഴിമാടത്തിന്നരികിൽ നിന്നാണ്‌ ഞാൻ കണ്ടെടുത്തത്‌. ജീവവൃക്ഷത്തിന്റെ ഒരില അപ്പോൾ നിന്നെയും കുളിരണിയിച്ചിരിക്കണം. പിന്നെ, ആദ്യം കേട്ട സ്വരത്തിൽ ജീവന്റെ ലജ്ജയുണ്ടായിരുന്നു. ഇപ്പോൾ എനിക്കും നിനക്കും തമ്മിലെന്ത്‌ എന്ന പതിവുചോദ്യത്തിനു പകരം നമുക്കിരുവർക്കുമിടയിൽ മണൽക്കാറ്റ്‌ ഒരു പാലം തീർത്തിരിക്കുന്നു. ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ നമ്മുടെ കുഞ്ഞുങ്ങൾ അതിലൂടെ എന്നിലേക്കും നിന്നിലേക്കും നടന്നു കയറുന്നു. അങ്ങനെ നമ്മിലെ വാതിലുകളെല്ലാം അവർ മലർക്കെ തുറന്നിട്ടു. അവർ നിന്റെ ശബ്‌ദത്തിൽ എന്നെയും എന്റെ ശബ്‌ദത്തിൽ നിന്നെയും തിരിച്ചറിഞ്ഞു.

ഗലീലി തടാകത്തിലൂടെ ബോട്ട്‌ ഒഴുകി നീങ്ങുമ്പോൾ വലതുവശത്തു ചൂണ്ടയിട്ട പത്രോസിന്റെ കഥ പറയുകയായിരുന്നു യാത്രയുടെ അമരക്കാരനായിരുന്ന മുളന്തുരുത്തിക്കാരാനായ ശ്ലീബ. നിന്റെ പ്രണയരക്തം പുരുണ്ട ചൂണ്ട കാലങ്ങളായി എന്നെ തെരഞ്ഞു നടന്നതും ഒടുവിൽ എനിക്കതു നിഷേധിക്കാൻ കഴിയാതെ പോയതും ഓർത്തെടുക്കുകയായിരുന്നു ഞാൻ. പത്രോസിന്റെ സ്വർണ്ണ നാണയത്തേക്കാൾ വിലയുണ്ടായിരുന്നു എന്റെ കണക്കുപുസ്‌തകത്തിൽ നിനക്ക്‌. ഒരുപോറലും ഏല്‌പിക്കാതെ നീയെന്നെ തലോടി തലോടി നിന്റെ സ്വപ്‌നത്തിലെ സ്വർണ്ണമത്സ്യമാക്കി. ആകാശം മാത്രം മേൽക്കൂരയായ ആ പ്രണയ തടാകത്തിൽ ഒരു പരുന്തിന്റെ നിഴൽപോലും എന്റെ മേൽ വീഴാതിരിക്കാൻ ഒരു മേഘതൂണായ്‌ നീ എനിക്കു മുകളിൽ എപ്പോഴും ഉണർന്നിരുന്നു.

കാന. കല്ല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കി ക്രിസ്‌തു തന്റെ ആദ്യമുദ്ര പതിപ്പിച്ച ഗ്രാമം. കാനായിലേക്കുളള യാത്രയിൽ വഴിയോരത്തെ മുന്തിരിവള്ളികൾ ക്രിസ്‌തുവിന്റെ ശ്വാസം ഉള്ളിലടക്കിക്കൊണ്ട്‌ എന്നോട്‌ പതുക്കെ മന്ത്രിച്ചുകൊണ്ടിരുന്നു. ‘ഞാൻ നിന്നോടുകൂടെയുണ്ട്‌.’ ആ ശബ്‌ദത്തോടൊപ്പം തന്നെ ആരോ ഒരാൾ എന്റെ കയ്യും പിടിച്ച്‌ വളരെ വേഗത്തിൽ മലകയറിപ്പോയി. ഒറ്റക്കിതപ്പിന്‌ ഞാൻ എത്തിച്ചേർന്നത്‌ താബോർ മലയിലായിരുന്നു. ആ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ മലയാണത്‌. സ്വർഗ്ഗവും ഭൂമിയും ഒന്നിച്ചത്‌ അവിടെയാണ്‌. മരിച്ചവരും ജിവിച്ചിരിക്കുന്നവരും ഒന്നിച്ച ഇടം. നമ്മൾ ഇവിടെയായിരിക്കുന്നത്‌ നല്ലതെന്ന്‌ പത്രോസ്‌ യേശുവിനോട്‌ നിർദ്ദേശിച്ച സ്‌ഥലം. അവിടെ അപ്പോഴും രൂപാന്തരീകരണത്തിന്റെ പ്രകാശമുണ്ടായിരുന്നു. സൂര്യൻ പടിഞ്ഞാറുനിന്ന്‌ അതിന്റെ രശ്‌മികളെ നേരെ ഇങ്ങോട്ടയക്കുകയാണ്‌. ആ വെളിച്ചത്തിലാണ്‌ നിന്റെ കണ്ണുകളിൽ ആദ്യമായി ഞാൻ എന്നെകണ്ടത്‌. ആ മിഴികൾ അപ്പോഴും പാതിയടഞ്ഞിരുന്നു. ഇപ്പോൾ മാത്രം കരഞ്ഞുതീർന്നതുപോലെ കാണപ്പെടാറുള്ള നിന്റെ മുഖം സൂര്യനും ചന്ദ്രനും ഒന്നിച്ചു വെളിച്ചം നിറയ്‌ക്കുന്ന മരുഭൂമിയിലെ സന്ധ്യപോലെ പ്രകാശപൂരിതമായി കാണപ്പെട്ടു. കാമുകി കാമുകനു നൽകുന്ന ആദ്യത്തെ ചുംബനം ഇങ്ങനെ ഒരു മുഹൂർത്തത്തിലായിരിക്കണം എന്നു ഞാൻ തീരുമാനിച്ചു. നമ്മുടെതുമാത്രമായിരുന്ന ഒരു നട്ടുച്ചയ്‌ക്ക്‌ നീയെന്നെ നിന്റെ ഹൃദയത്തോടു ചേർത്തുപിടിച്ച്‌ എന്റെ രണ്ടു കണ്ണുകളിലും ചുണ്ടുകൾ അമർത്തി ‘നിന്നെ എനിക്കുവേണം’ എന്ന്‌ പതുക്കെ കാതിൽ ഉരുവിട്ടത്‌ ഇപ്പോൾ എന്റെ ആത്‌മാവിനെ കുളിരണിയിക്കുന്നു. അന്നു ഞാൻ നൽകാതെപോയ ആ പ്രണയമുദ്ര ഞാൻ ഇപ്പോൾ നിനക്കു തിരിച്ചു തരുന്നു. അതേ നൈർമ്മല്യത്തോടെ. അപ്പോൾ ലജ്ജകൊണ്ട്‌ നിന്റെ മുഖം താഴുന്നത്‌ എനിക്കിപ്പോഴും കാണാം. പിന്നീട്‌ നിന്റെ സ്വരം കേൾക്കുമ്പോഴെല്ലാം എനിക്കും വല്ലാത്തൊരു നാണം അനുഭവപ്പെടാൻ തുടങ്ങി. ഇതുവരെ കണ്ടതുപോലെയല്ല ഇനി നമ്മൾ കാണുന്നത്‌ എന്ന തിരിച്ചറിവ്‌ എന്നെ കൂടുതൽ തരളിതയാക്കി.

ആട്ടിടയരുടെ ഗോതമ്പുപാടങ്ങളിലൂടെ കടന്ന്‌ ബത്‌ലേഹത്തിലെ തിരുപ്പിറവിയുടെ ദേവാലയത്തിൽ എത്തിച്ചേർന്നപ്പോൾ ഒരു നവജാത ശിശുവിനെ എന്നപോലെ ആദ്യമായ്‌ നീ എന്റെ കൈത്തലം ഉയർത്തി പതുക്കെ ചുംബിച്ചതിന്റെ കുളിർമ എന്റെ വലതുകൈപടത്തിൽ ഉയർന്നു നിന്നു. ദൈവത്തോടൊപ്പമായിരിക്കുമ്പോൾ മാത്രം വിടരുന്നു ഒരു പൂവാണ്‌ പ്രണയമെന്ന്‌ അപ്പോഴെനിക്കു ബോധ്യമായി. പിന്നീടൊരിക്കലും ഞാൻ നിന്റെ പ്രണയത്തെ സംശയിച്ചില്ല.

കഫർണാം. ക്രിസ്‌തു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ ഏറ്റവും അധികം സമയം ചെലവഴിച്ചത്‌ ഇവിടെയാണ്‌. ഇവിടത്തെ കറുത്ത ബാസർ കല്ലുകളിലിരുന്നാണ്‌ അവൻ മനുഷ്യജന്മത്തിലെ അഷ്‌ടഭാഗ്യങ്ങളെക്കുറിച്ച്‌ സംസാരിച്ചത്‌. ഇവിടെയാണ്‌ അവന്റെ ശബ്‌ദം ശ്രവിച്ച്‌ ജനം സ്വയം മറന്ന്‌ ഇരുന്നുപോയത്‌. അവർക്ക്‌ വിശക്കുന്നുവെന്ന്‌ അവൻ അറിഞ്ഞതും അപ്പവും മീനും നൽകി അവരെ തൃപ്‌തരാക്കിയതും ഈ മലഞ്ചെരുവുകളിൽ വെച്ചാണ്‌. താഴെ ജറുസലേമിന്റെ മുഴുവൻ ജലസ്രോതസ്സായ ഗലീലി തടാകം. അവിടത്തെ മലഞ്ചെരുവുകളിലെ കറുത്ത ബസാർ കല്ലുകളിലിരുന്ന്‌ താഴെ ഗലീലി തടാകത്തെ കാണുമ്പോൾ എന്റെ അലച്ചലുകളിലും അന്വേഷണങ്ങളിലും നിന്റെ ഉപദേശങ്ങൾ എന്നെ എത്രമാത്രം നിവർന്നുനിൽക്കാൻ സഹായിച്ചു എന്ന ഓർമ്മകൾ അഷ്‌ടഭാഗ്യങ്ങളുടെ മാറ്റൊലിയിൽ എന്റെ കാതുകളെ കുളിരണിയിച്ചു.

ബഥനി. പഴങ്ങളുടെ ഗ്രാമം. അവിടെ മർത്തായുടെയും മറിയത്തിന്റെയും വീട്‌. നസ്രത്തിൽ നിന്ന്‌ ജറുസലേമിലേയ്‌ക്കുള്ള യാത്രയിൽ ആദ്യമാദ്യം ക്രിസ്‌തു ലാസറിന്റെ സുഹൃത്തായതുകൊണ്ട്‌ ആ വീട്ടിൽ പ്രവേശിച്ചിരുന്നതും പിന്നെ പിന്നെ അവർ വേർപിരിയാത്ത കൂട്ടുകാരായിത്തീർന്നതും മർത്തായും മറിയവും അവന്റെ ഉറ്റ സുഹൃത്തുക്കളായി മാറിയതും പിന്നീടുള്ള അവരുടെ സൗഹൃദത്തിന്റെ നിമിഷങ്ങളോരോന്നും തദ്ദേശവാസിയായ ഞങ്ങളുടെ ഗൈയ്‌ഡ്‌ വിശദീകരിക്കുമ്പോൾ എവിടെനിന്നോ പാമരം പോലെ ഒഴുകിവന്ന്‌ ഒരിക്കലും ഉലയാത്ത സൗഹൃദത്തിന്റെ നങ്കൂരം എന്റെ ഹൃദയത്തിലാഴ്‌ത്തി, ദുഃഖത്തിന്റെ കടലിൽ ഞാൻ ആഴ്‌ന്നുപോകാതെ നിന്റെ നെഞ്ചോടു ചേർത്തു പിടിച്ച ദിവസങ്ങളെ താലോലിക്കുകയായിരുന്നു ഞാൻ. എന്തൊരു തീവ്രതയായിരുന്നു നിന്റെ വാക്കുകൾക്ക്‌. എത്ര തീക്ഷ്‌ണമായിരുന്നു നിന്റെ സ്‌നേഹം. പിന്നെയും നമ്മൾ ഒന്നിച്ചൊഴുകി. അകത്തും പുറത്തും ഒരുപോലെ കൊടുങ്കാറ്റടിച്ചിട്ടും നമ്മൾ മണ്ണാങ്കട്ടയും കരയിലയുംപോലെ ചേർന്നിരന്നു. അപ്പോഴൊക്കെ നമ്മുടെ ദൈവം നമ്മോടൊപ്പമുണ്ടെന്ന്‌ തെളിയിക്കപ്പെട്ട ദിനങ്ങളായിരുന്നു. രാത്രിയും പകലും അവന്റെ മാലാഖമാർ നമുക്കു കാവൽ നിന്നു. പിശാച്‌ അതിന്റെ സർവ്വസൈന്യങ്ങളെക്കൊണ്ടും നമുക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോഴും നിന്റെ പ്രണയം എന്നെ വിശ്വാസത്തിന്റെ പാറയിൽ ഉറപ്പിച്ചു നിർത്തി. ഒരിക്കൽപോലും നിന്നെ അവിശ്വസിക്കാതിരിക്കാൻ ഞാൻ സ്വയം സഹിച്ച വേദനകൾ എത്ര ഭയാനകമായിരുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ അകവും പുറവും വെന്തുനീറുമ്പോൾ എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു എന്ന്‌ നിലവിളിച്ച ദിവസങ്ങളിൽ എന്നെ ആറ്റിത്തണുപ്പിച്ചത്‌ ഈ മരുഭൂമിയിൽ ഇപ്പോഴും ഒഴുകി നടക്കുന്ന ക്രിസ്‌തുവിന്റെ വാക്കുകൾ ആണല്ലോ എന്നോർത്തപ്പോൾ ചുട്ടുപഴുത്ത ഓരോ മണൽത്തരിയോടും എനിക്കു വല്ലാത്ത പ്രിയം തോന്നി. ‘അവൻ ഇരുന്നിടത്ത്‌ ഇതാ ഞാൻ ഇരിക്കുന്നു.’ അവൻ കുളിച്ച തടാകത്തിൽ ഞാൻ എന്റെ മലിനമായ മുഖം കഴുകുന്നു. അവനെ പ്രചോദിപ്പിച്ച മഗ്‌ദനലയിലെ പ്രണയത്തിന്റെ കാറ്റ്‌ എന്നെയും കോരിയെടുത്ത്‌ നിന്റെ മടിത്തട്ടിൽ കിടത്തുന്നു. ഇതിനുവേണ്ടിയാണ്‌, ഇതിനുവേണ്ടി മാത്രമാണ്‌ ഞാൻ ഇത്രനാളും അലഞ്ഞുതിരിഞ്ഞതെന്ന്‌ ഇപ്പോഴെനിക്കറിയാം.

‘വിശാലമായ പുൽത്തകിടിയിലേക്ക്‌ അവിടെന്നെന്നെ മേയ്‌ക്കും, പ്രശാന്തമായ ജലാശയത്തിലേയ്‌ക്ക്‌ അവിടന്നെന്നെ നയിക്കും’ എന്ന സങ്കീർത്തകന്റെ വിലാപം മനസ്സിലാകണമെങ്കിൽ ഈ മരുഭൂമിയിലെ ആട്ടിടയരെയും ആട്ടിൻകൂട്ടത്തെയും കാണണം. ഒരു നീരുറവ എല്ലാ രാത്രികളിൽ ഞാൻ അതുപോലൊരു മടിത്തട്ട്‌ സ്വപ്‌നം കണ്ടിരുന്നു. മോശ കാനാൻ ദേശത്തെ നോക്കിക്കൊണ്ട്‌ അവിശ്വാസത്തിന്റെ ശിക്ഷയായി മരണത്തെ സ്വീകരിച്ച ഈ നേബോ പർവ്വതത്തിൽ നിൽക്കുമ്പോൾ എനിക്ക്‌ ഓർമ്മയുണ്ട്‌ വേദനയുടെ ഇരുണ്ട രാത്രികളിൽ എന്നെങ്കിലും ആ മടിത്തട്ടിൽ ഞാൻ ചായുമോ എന്ന്‌, മോശയെപോലെ ഞാനും സംശയിച്ചിരുന്നത്‌. എന്നിട്ടും എന്റെ ദൈവം മോശയെപോലെ എന്നെ ശിക്ഷിച്ചില്ല. അവന്റെ വലതുകരം എനിക്കെപ്പോഴും തലയിണയായി ഇടതുകരം എന്നെ ആലിംഗനം ചെയ്‌തു. അവന്റെ താരാട്ടുകൾ എന്നെ കണ്ണീരകറ്റി.

യാത്രതുടരുകയാണ്‌. മരുഭൂമിയെ നെടുകെ പിളർന്ന്‌ വാഹനം കുതിച്ചു പാഞ്ഞത്‌ പ്രലോഭനങ്ങളുടെ മലയടിവാരത്തിലേയ്‌ക്കാണ്‌. മരുഭൂമിയിലെ ഏറ്റവും ഉയരംകൂടിയ മലയായിരിക്കണം അത്‌. അവിടെ കണ്ടതെല്ലാം ചെറിയ കുന്നുകളും അതിന്റെ താഴ്‌വാരങ്ങളുമായിരുന്നു. മലയിലേക്കു കയറാൻ ഇപ്പോൾ റോപ്പ്‌വേ സംവിധാനമുണ്ടെങ്കിലും പൊള്ളുന്ന വെയിലിൽ ആകാശവും ഭൂമിയും ഉരുകിയൊലിക്കുന്ന ആ നട്ടുച്ചക്ക്‌ ഞങ്ങൾ ആ മല കയറിയില്ല. മുകളിൽ കയറിച്ചെന്നാൽ ഒരു നീരുറവയുണ്ടെന്ന്‌ ഗൈയ്‌ഡ്‌ പറഞ്ഞു. മരുഭൂമിയിൽ നാല്‌പതു ദിവസം വിശന്നു കഴിഞ്ഞവന്റെ മുന്നിൽ അപ്പത്തിന്റെ രൂപത്തിലാണ്‌ പ്രത്യക്ഷപ്പെടേണ്ടതെന്ന്‌ സാത്താൻ കൃത്യമായി അറിയാം. വിശപ്പ്‌ ജീവികൾക്ക്‌ സഹിക്കാവുന്നതിനുമപ്പുറത്തുള്ള വികാരമാണെന്ന്‌ സാത്താനും അറിഞ്ഞിരുന്നു. കൗമാര-യൗവ്വനാരംഭങ്ങളിലെ എന്റെ ശരീരത്തിന്റെ ആർത്തികളെ നിയന്ത്രിക്കാൻ എന്നെ പരിശീലിപ്പിച്ചത്‌ വേദോപദേശക്ലാസ്സിൽ പഠിച്ച യേശുപ്രലോഭനങ്ങളെ ജയിച്ച ഈ കഥയാണ്‌. അന്നൊരിക്കലും ഞാൻ ചന്തിച്ചിട്ടില്ല, യഥാർത്ഥത്തിൽ ഇങ്ങനെ ഒരു സ്‌ഥലമുണ്ടെന്ന്‌. നമ്മുടെ മനസ്സിന്റെ പലഭാവങ്ങൾ എന്നൊക്കെയാണ്‌ ഞങ്ങളെ പഠിപ്പിച്ചിരുന്നത്‌. എന്നിട്ടും ഇപ്പോൾ ഈ മലയടിവാരത്ത്‌ നിന്ന്‌ മുകളിലേക്ക്‌ നോക്കുമ്പോൾ ഈ സ്‌ഥലം എനിക്ക്‌ ചിരപരിചിതമായി തോന്നി. ക്രിസ്‌തുവും സാത്താനും തമ്മിൽ നടന്ന ദീർഘമായ സംഭാഷണം പള്ളിവാർഷികത്തിന്‌ ഏകാംഗമായി അവതരിപ്പിക്കുവാൻ കാണാതെ പഠിച്ച സംഭാഷണങ്ങൾ ഒന്നും ഇപ്പോഴും മറന്നിട്ടില്ല. അന്ന്‌ ക്രിസ്‌തുവിനെ അവതരിപ്പിച്ചതിന്‌ വികാരിയച്ചൻ തന്നെ കുരിശുരൂപം ഇപ്പോഴും അമ്മയുടെ പെട്ടിക്കടിയിൽ കിടക്കുന്നുണ്ടാകണം. ആദ്യം സാത്താനെ കണ്ടത്‌ മിന്നുന്ന പാമ്പിന്റെ രൂപത്തിൽ ഹവ്വയാണെന്നു പറയുമ്പോഴും ഞങ്ങൾ അവതരിപ്പിച്ചിരുന്ന സാത്താനെ ആരാണ്‌ ആദ്യം കണ്ടത്‌ എന്നറിയില്ല. കൂരിരുട്ട്‌ പോലെ കറുത്ത നിറം, തലയിൽ ചുവന്ന രണ്ടുകൊമ്പ്‌, ആവശ്യത്തിലധികം വെളുത്ത പല്ലുകാട്ടിയുള്ള ചിരി, പിന്നിലൊരു വാൽ. ഇതായിരുന്നു സാത്താന്റെ വേഷം. ഇരുട്ടിൽ കറുത്ത ചെകുത്താനുണ്ടെന്ന്‌ പുറത്തു പറയാറില്ലെങ്കിലും ഉള്ളിലെനിക്കു ഇപ്പോഴും ഭയമുണ്ട്‌.

ജോർദ്ദാൻ. ഈ മരുഭൂമിയിൽ ഒഴുകുന്ന നദിയുടെ പേര്‌. ഇന്ന്‌ അതൊരു രാജ്യത്തിന്റെ പേരു കൂടിയാണ്‌. മറ്റ്‌ നദികളൊന്നും ഞങ്ങൾ ഈ മരുഭൂമിയിൽ കണ്ടിരുന്നില്ല. ഒരു പക്ഷേ ആ മരുഭൂമിയെ കുളിരണിയിക്കുന്ന ഏക നദിയായിരിക്കണം അത്‌. ആ നദി തെക്കു ഭാഗത്തുകൂടി ഗലീലി തടാകത്തിന്റെ വടക്കുഭാഗത്തു കൂടി പുറത്തുകടന്ന്‌ ചാവുകടലിൽ ചെന്നു ചേരുകയാണ്‌. ഗലീലി തടാകവും ഈ നദിയുമാണ്‌ അവരുടെ ശുദ്ധജലത്തിന്റെ പ്രധാനസ്രോതസ്സുകൾ. ജോർദ്ദാൻ നദിയുടെ ഏറ്റവും വീതികുറഞ്ഞ ഭാഗത്താണ്‌ ഞങ്ങൾ പ്രവേശിച്ചത്‌. നദിയിലെ കൽപ്പടവുകളിൽ കാലുകൾ നനഞ്ഞപ്പോൾ നിറയെ പൊങ്ങിക്കിടക്കുന്ന സാലമൺ മത്സ്യങ്ങൾ കൗതുകത്തോടെ സന്ദർശകരെ വീക്ഷിക്കുന്നുണ്ടായിരുന്നു. ധാരാളം വിശ്വാസികൾ അവിടെ മാമുദീസയുടെ ഓർമ്മ പുതുക്കുന്നുണ്ട്‌. ഒലിവിലക്കമ്പുകൊണ്ട്‌ ശിഷ്യരെ സ്‌നാനപ്പെടുത്തുന്ന ഗ്രീക്കു പുരോഹിതന്റെ പ്രസന്നമായ മുഖം യോഹന്നാനു മുന്നിൽ മുങ്ങി നിവർന്ന യേശുവിന്റെ മുഖഭാവത്തെ ഓർമ്മിപ്പിച്ചു. പുരോഹിതന്റെ വലതുകരത്തിലെ ഇലച്ചാർത്തിൽ നിന്നും ആ വെള്ളത്തുള്ളികൾ എന്റെമേലും പതിച്ചപ്പോൾ ഉള്ളിലിരുന്ന്‌ ആരോ പതുക്കെ മന്ത്രിച്ചു. നീയറിയുന്നുണ്ടോ നീയ്യെനിക്ക്‌ എത്രമാത്രം പ്രിയപ്പെട്ടവളെന്ന്‌. ചിരപരിചിതമായ നിന്റെ ആ സ്വരം എന്റെ കാലുകൾക്ക്‌ ചിറകുകൾ നൽകി. പിന്നീടുള്ള യാത്രകൾ ഏറെ വേഗത്തിലായിരുന്നു.

ഒലിവുമല. ക്രിസ്‌തുവിന്റെ ഏകാന്തതയുടെയും കണ്ണീരിന്റെയും ധ്യാനത്തിന്റെയും മൂകതനിറഞ്ഞുനിന്ന സ്‌ഥലം. ഓശാനയുടെ ആരവങ്ങൾ മുഴങ്ങുന്ന മലഞ്ചെരുവ്‌. താഴെ ജോസഫാത്തിന്റെ താഴ്‌വരയിൽ മരിച്ചവർ അവസാന വിധിയും കാത്ത്‌ കല്ലറകളിൽ നിദ്രകൊള്ളുന്നു. അതിന്റെ കുറച്ചപ്പുറം യേശുവിനെ യൂദാസ്‌ ഒറ്റിക്കൊടുത്ത 30 വെള്ളിനാണയങ്ങൾക്കൊണ്ട്‌ വാങ്ങിയ കുശവന്റെ പറമ്പ്‌. ഇപ്പുറം ജറുസലേം കോട്ട. അതിനുള്ളിൽ കല്ലിൻമേൽ കല്ല്‌ ശേഷിക്കാത്തവിധം തകർന്നുപോയ ജറുസലേം ദേവാലയത്തെ ഓർത്ത്‌ വിലാപമതിലിൽ തലയിടിച്ച്‌ കരയുന്ന യഹൂദർ. 3000-ത്തിൽ അധികം വർഷം പഴക്കമുള്ള ഒലിവുമരങ്ങൾ നിറഞ്ഞ ഗദ്‌സമേൻ തോട്ടം ക്രിസ്‌തുവിന്റെ കണ്ണുനീർ വീണ്‌ കുതിർന്ന മരചുവട്‌ അതിൽ ഏതെങ്കിലും ഒന്നായിരിക്കണം. ഈ മലയിലിരുന്നാണ്‌ ക്രിസ്‌തു ജറുസലേമിനെ നോക്കി വിലപിച്ചത്‌. തന്റെ മുന്നിൽ കാണുന്ന കല്ലറകളെ നോക്കിയാണ്‌ വെള്ളയടിച്ച കുഴിമാടങ്ങളെന്നു അവരെ വിളിച്ചത്‌. ഈ മലയിലെ ഒരു ഗുഹയിൽ വെച്ചാണ്‌ ദൈവരാജ്യം ഭൂമിയിൽ വരണമേയെന്ന്‌ ക്രിസ്‌തു പ്രാർത്ഥിച്ചതും ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും. സൈപ്രസ്‌ മരത്തിന്റെ തണലിലുള്ള ചെറിയ ഗുഹയുടെ ഇളം തണുപ്പിലിരുന്ന്‌ ആ പ്രാർത്ഥന ഞങ്ങൾ ഉരുവിട്ടു. ആ ഗുഹയുടെ തണുത്ത കരിങ്കൽ പാളികളിൽ ഇരിക്കുമ്പോൾ ഞാൻ നമ്മുടെ കിടപ്പുമുറിയും അവിടെ ചെറിയ സ്‌ഫടിക കുപ്പിയിൽ നീന്തിക്കളിക്കുന്ന നീലമത്‌സ്യങ്ങളെയും കണ്ടു. ഞാൻ രോഗിയായിരുന്നപ്പോൾ നീയെന്നെ നെഞ്ചിൽ ചാരിക്കിടത്തികോരിത്തന്ന കഞ്ഞിയുടെ രുചി ഞാൻ ശരിക്കും അനുഭവിച്ചത്‌ മാർക്കോസിന്റെ മാളികമുകളിലെ അവസാന അത്താഴമേശക്കരികിൽ വൈദികനോട്‌ ചേർന്ന്‌ അർപ്പിച്ച ദിവ്യബലിയിൽ വെച്ചാണ്‌.

തിരസ്‌കരിക്കപ്പെട്ടവന്റെ വേദന ഹൃദയത്തിൽ നീ അനുഭവിക്കുന്നതിന്റെ ആഴം ഞാൻ കണ്ടത്‌, ഒലിവുമലയിലെ മുൾചെടിയുടെ കൂർത്ത മുള്ളുകൾ എന്റെ കൈവെള്ളയെ കോറി മുറിച്ചപ്പോഴാണ്‌. ഈ മുള്ളുകൾകൊണ്ടാണ്‌ ക്രിസ്‌തുവിന്‌ മുൾമുടി ചാർത്തിയത്‌. ഇനിയും നിന്നെ തനിച്ചാക്കില്ലെന്ന്‌ മനസ്സ്‌ പറഞ്ഞതും പിന്നീടൊരു സുഖമുള്ള വാക്കായി ഞാനതിനെ താലോലിച്ചതും ആ ഒരു മാങ്കുഴത്തിലാണ്‌ ഒലിവുമലയിൽ നിന്നും കൊടുംതൂക്കായ താഴോട്ടിറക്കത്തിൽ (അതാണ്‌ ഓശാനപാടി അവർ നടന്നുപോയ വഴിയെന്നറിഞ്ഞു) എന്റെ കാലുകളെ വഴുതാതെ ഉറപ്പിച്ച്‌ നിർത്തിയത്‌ നിന്റെ കാവലാണെന്ന്‌ അന്നു രാത്രിയിൽ ഒരു മാലാഖ എന്നോടു സ്വകാര്യം പറഞ്ഞു. പിറ്റന്നാൾ കാൽവരിയിലെ കുരിശിൻ ചുവട്ടിൽനിന്നും ഒരു പരദേസി പകർന്നുതന്ന മെഴുകുതിരി തുണ്ടുകൾ നമുക്കിനി തുടങ്ങാനിരിക്കുന്ന ജീവിതത്തിന്റെ തുറക്കപ്പെട്ട സാക്ഷയാണെന്ന്‌ ഞാൻ അറിഞ്ഞത്‌ നിന്റെ ചുണ്ടിലെ ഇളംപ്രായത്തിലുള്ള നിലാവുകണ്ടപ്പോഴാണ്‌. അതെ ഇവിടെ നിന്നാണ്‌ നമ്മൾ നമ്മുടെ പ്രണയമാരംഭിക്കുന്നത്‌. ജീവിതവും.

ദൈവത്തിന്റെ ആത്‌മാവ്‌ ഉള്ളിൽ പ്രവേശിക്കുമ്പോൾ സീനായ്‌ മലപോലും നൃത്തംവയ്‌ക്കും. പ്രവാചകന്റെ ഈ വാക്കുകൾ ഒരാളിൽ അന്വർത്ഥമാകുന്നത്‌ ഒരിക്കലെങ്കിലും സ്വന്തം ആത്‌മീയതയുടെ ഉറവിടങ്ങളിൽ മുങ്ങി നിവരുമ്പോഴാണ്‌. തീർത്ഥാടനം ഒരാൾക്കു നൽകുന്നത്‌ ഈ ചലനാത്മകതയാണ്‌. അതുകൊണ്ടുതന്നെ യൗവ്വനത്തിലാണ്‌ ഓരോ വ്യക്തിയും തീർത്ഥാടനത്തിനിറങ്ങേണ്ടത്‌. അപ്പോഴാണ്‌ ഹൃദയത്തിൽ വിശ്വാസവും പ്രണയവും വന്നുനിറയുക. ജീവിതം കൂടുതൽ സന്തോഷകരമാകുക. പച്ചപുൽത്തകിടിയിലൂടെയുള്ള യാത്രപോലെ ആനന്ദപൂർണ്ണവും സമാധാനദായകവുമാകുക. ദൈവം വിശ്വാസമാണെന്ന്‌ തിരിച്ചറിയുക.

Generated from archived content: essay1_apr7_10.html Author: rosy_thampi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English