സദാചാര പോലീസല്ല നല്ല സ്ത്രീ പുരുഷ സൗഹൃദങ്ങളാണ് നമുക്കു വേണ്ടത്

“അവനവനാത്മസുഖത്തിനാചരിപ്പതു അപരനു സുഖത്തിനായ് വന്നീടേണം”

മനുഷ്യര്‍ എങ്ങനെ പരസ്പരം പെരുമാറണമെന്ന് ഈ ചെറിയ രണ്ടു വരികളിലായി നവോത്ഥാന ആത്മീയ ഗുരു പറഞ്ഞുവെച്ചു. ഇതാണ് മലയാളിയുടെ ആത്മീയത ആകേണ്ടിയിരുന്നത്. അതിനും ഏറെ കാലംമുമ്പ് ലോകഗുരുവായ യേശുക്രിസ്തു പഠിപ്പിച്ചു. “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ അവരോട് പെരുമാറുക.” ദൈവനീതിയും സമൂഹനീതിയും എല്ലാം ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഒരാള്‍ സ്വയം പാലിക്കേണ്ട നിയമവും മറ്റുള്ളവരോട് പാലിക്കേണ്ട നിയമവും പരസ്പരം ബഹുമാനാധിഷ്ഠിതമായിരിക്കണം. വ്യക്യതിയും സമൂഹവും തമ്മിലുള്ള ബന്ധം. ഇതാണ് രണ്ടു മഹത് വചനങ്ങളുടെയും ആകെ തുക.

ഭാരതീയര്‍ പരസ്പരം കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നത് കൈകൂപ്പി മുഖത്തു നോക്കി ‘നമസ്തേ’ എന്നു പറഞ്ഞുകൊണ്ടാണ്. അതിനര്‍ത്ഥം നിന്റെ ശരീരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഈശ്വരനെ എന്റെ ശരീരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഈശ്വരന്‍ അഭിവാദ്യം ചെയ്യുന്നു എന്നാണ്. ദൈവം വസിക്കുന്ന വീടാണ് ശരീരം എന്ന് മിസ്റ്റിക്കുകള്‍ ദൈവത്തെ അറിഞ്ഞവര്‍ പാടി നടക്കാറുണ്ട്. എന്നാല്‍ ഈ ബോധ്യം മനുഷ്യര്‍ സൗകര്യപൂര്‍വ്വം മറന്നു കളയുകയും, “ലോകം, പിശാച്, ശരീരം” എന്നിവയാണ് മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റി നിര്‍ത്തുന്നതെന്ന് പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തു.

ഒരു സ്ത്രീ രണ്ടു ദിവസം ഒരു പുരുഷ സുഹൃത്തിനോടൊപ്പം യാത്ര ചെയ്താല്‍ പിന്നെ കഥകളായി. “അവള്‍ ശരിയല്ല’ എന്ന വാക്കിന് ഇന്ന് പ്രധാനമായും ഒരര്‍ത്ഥമേ ഉള്ളൂ. അവള്‍ക്ക് ഭര്‍ത്താവല്ലാത്ത മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ട്. രണ്ട് പെണ്‍കുട്ടികള്‍ തമ്മിലോ രണ്ട് ആണ്‍കുട്ടികള്‍ തമ്മിലോ കുറച്ചേറെ സൗഹൃദമായല്‍ പോലും സംശയിക്കും; അവര്‍ തമ്മില്‍ എന്തെങ്കിലും ലൈംഗികബന്ധങ്ങള്‍ ഉണ്ടോയെന്ന്. ശരീരം എന്നത് ആകപ്പാടെ ലൈംഗികതയാണ് എന്ന ചിന്തയാണ് മലയാളിയുടെ ഒരു മനോരോഗം. മലയാളത്തില്‍ സദാചാരത്തിന് ആണും പെണ്ണും തമ്മിലുള്ള നിയമപരമല്ലാത്ത ബന്ധം എന്നു മാത്രമാണ് അര്‍ത്ഥമെന്ന് തോന്നിപ്പോകും.

ഭാര്യയും ഭര്‍ത്താവുമല്ലാത്ത ഒരു സ്ത്രീയും പുരുഷനും അവര്‍ ഏതു പ്രായക്കാര്‍ ആയിക്കോട്ടെ, ഒന്നിച്ചൊരു കോഫി ഷോപ്പില്‍ ഇരുന്ന് കോഫി കഴിക്കുന്നതോ, ഒരു സിനിമകാണുന്നതോ, യാത്രപോകുന്നതോ ഒന്നും നമുക്ക് ആലോചിക്കാനേ വയ്യ. എന്തിന് മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് മിണ്ടിയാല്‍ പോലും അത് പ്രശ്നമാണ്. (ഇന്ന് വേലികളില്ലല്ലോ വേലികള്‍ ഉള്ള കാലത്ത് വേലിക്കഴകള്‍ ഉണ്ടാക്കാന്‍ മലയാളിക്ക് അറിയാമായിരുന്നു.)

സദാചാരപോലീസ് എന്നൊരു പുതിയ വിഭാഗം തന്നെ നമുക്കുണ്ട്. അവരുണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. രാത്രി ഒരു സ്ത്രീ ബൈക്കിനുപിറകില്‍ പോകുന്നതു കണ്ടാല്‍ തടഞ്ഞുനിര്‍ത്തി ആരാ, എന്താ എന്നൊക്കെ അന്വേഷിച്ച് ബോധ്യപ്പെട്ടാലേ യാത്രതുടരാന്‍ അനുവദിക്കൂ. ഒരിക്കല്‍ എന്റെ രണ്ടു സുഹൃത്തുക്കള്‍ യൂണിവേഴ്സിറ്റിയില്‍ ഒരു സെമിനാറില്‍ പേപ്പര്‍ അവതിപ്പിക്കാന്‍ പോയി. അതില്‍ ഒരാള്‍ ആണും മറ്റേയാള്‍ പെണ്ണുമായിരുന്നു. ഗസ്റ്റ് ഹൗസില്‍ ഒരു മുറിയെടുക്കാന്‍ ചോദിച്ചപ്പോള്‍ അത് മഹാഅപരാധം ആയി. രാത്രി ഒരു മുറിയില്‍ ഭാര്യയും ഭര്‍ത്താവുമല്ലാത്ത രണ്ടുപേര്‍ ഒന്നിച്ചു കഴിയുക. വേണ്ട അത്രയൊന്നും പോകണ്ട എനിക്കുണ്ടായ ഒരു അനുഭവം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ രസം തോന്നുന്നു.

എന്റെ ഒരു സുഹൃത്ത് മിഷനറി പ്രവര്‍ത്തകനായ കത്തോലിക്ക പുരോഹിതനാണ്. കൂടുതലും ആഫ്രിക്കയിലാണ്. അവിടെ നിന്നും വന്ന ഒരു അവധിക്കാലം എറണാകുളത്തുനിന്ന് ഡല്‍ഹിക്കുപോകുകയാണ്. ഞാന്‍ അന്ന് എറണാകുളത്തുണ്ട്. സ്റ്റേഷനില്‍ കാണാമെന്നു പറഞ്ഞ് ഞാന്‍ അവിടെച്ചെന്നു. നിര്‍ഭാഗ്യവശാല്‍ ട്രെയിന്‍ മൂന്നു മണിക്കൂര്‍ വൈകും എന്നറിയിപ്പുണ്ടായി. അത്രയും സമയം റെയില്‍ വേസ്റ്റേഷനില്‍ ഇരിക്കുന്നതെങ്ങനെ. ഇരുപത്തഞ്ചു വര്‍ഷം മുമ്പാണ് ഇത്രയും സൗകര്യം സ്റ്റേഷനിലില്ല. സുഹൃത്ത് പറഞ്ഞു പോകാന്‍ തിരക്കില്ലെങ്കില്‍ നമുക്കു തൊട്ടടുത്ത ഏന്തെങ്കിലും ഹോട്ടലില്‍ മുറിയെടുക്കാം. അവിടെ ഇരുന്ന് സംസാരിക്കാമല്ലോ. നിനക്ക് സമയമാകുമ്പോള്‍ പോകാം. അങ്ങനെ ഞങ്ങള്‍ സ്റ്റേഷന്റെ അടുത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നു. സുഹൃത്ത് അവരുടെ പുസ്തകത്തില്‍ അഡ്രസ്സ് എഴുതി, താഴെ ഞാനും എന്റെ പേരും അഡ്രസ്സും എഴുതി. അപ്പോള്‍ പരസ്പരമുള്ള ബന്ധം എന്താണെന്നെഴുതാനുള്ള കോളം കാണിച്ചു തന്നു. സുഹൃത്ത് എന്ന് ഞാന്‍ എഴുതി. അയാള്‍ എന്നെ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു റൂം തരാന്‍ പറ്റില്ല.

വളരെ നിഷ്ക്കളങ്കമായി എന്റെ സുഹൃത്ത് പറഞ്ഞു. മൂന്നു മണിക്കൂര്‍ നേരം മതി. ട്രെയിന്‍ വൈകിയതു കൊണ്ടാണ്. ഞങ്ങളെ കണ്ടിട്ട് അയാള്‍ക്ക് ദയ തോന്നിയതോ എന്തോ…! അയാള്‍ അയാളുടെ നിസ്സാഹായത ഞങ്ങളെ ബോദ്ധ്യപ്പെടുത്തി. പോലീസ് എപ്പോള്‍ വേണമെങ്കിലും താമസക്കാരുടെ രജിസ്റ്റര്‍ പരിശോധിക്കും. അടുത്ത ബന്ധുക്കളല്ലാത്ത സ്ത്രീ പുരുഷന്മാര്‍ക്ക് മുറി കൊടുക്കാന്‍ പാടില്ല എന്നാണ് നിയമം. അയാള്‍ റിസപ്ഷനില്‍ ഇരിക്കാന്‍ അനുവാദം തന്നു. ഞങ്ങള്‍ക്ക് വേണമെങ്കില്‍ അടുത്ത ബന്ധുവെന്ന് എഴുതമായിരുന്നു. എന്തിന് വെറുതെ നുണപറയണമെന്ന് ഞങ്ങള്‍ക്കും തോന്നി. എന്നാല്‍ ഇന്ത്യന്‍ ഭരണ ഘടനയനുസരിച്ച് പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനും എവിടെ വേണമെങ്കിലും ഒരുമിച്ച് സഞ്ചരിക്കാനും താമാസിക്കാനും അനുവാദമുണ്ട്. എന്നാല്‍ നമ്മുടെ സദാചാരം അതിനെ അനാശാസ്യപ്രവര്‍ത്തനമെന്ന് പേരിടും.

എല്ലാ സദാചാരങ്ങളും നില്‍ക്കുന്നത് സ്ത്രീ ശരീരത്തെ ചുറ്റിപറ്റിയാണ്. അവള്‍ എന്തുധരിക്കണം, എങ്ങനെ നടക്കണം, എന്തു പറയണം, എന്തു ചിന്തിക്കണം, എന്തു തിന്നണം, എന്തു കുടിക്കണം ഇതൊക്കെ സദാചാരത്തിന്റെ നിയമത്തിനു പ്രധാനമാണ്. മദ്യം ആരു കഴിക്കുന്നതും നന്നല്ല. എന്നിട്ടും പുരുഷന് അത് അനുവദനീയവും സ്ത്രീ അത് കുടിച്ചാല്‍ വല്ലത്ത നാണക്കേടുമാണ്. സ്ത്രീയുടെ ശരീരത്തെ പുരുഷന്‍ ആക്രമിച്ചാല്‍ അതിന് ഒറ്റക്കാരണമേ ഉള്ളൂ. അവള്‍ അവനെ പ്രലോഭിപ്പിക്കുന്ന വിധം വസ്ത്രം ധരിച്ചു പെരുമാറി എന്നൊക്കെ. സ്ത്രീയുടെ ശരീരത്തെ അവളുടെ സമ്മതം കൂടാതെ ഒരാള്‍ ആക്രമിക്കുന്നതിന് അക്രമം എന്നല്ല പേര്. ‘പീഡനം’ എന്നാണ്. സ്ത്രീയുടെ ലൈംഗിക അവയവമാണ് പുരുഷന് വേണ്ടത്. അവിടെ ആക്രമിച്ചാല്‍ അത് അക്രമമല്ല പീഡനമാണ്. സ്ത്രീ പീഡനകേസുകളാണ്. ഇതേ തുറുപ്പുചീട്ടുതന്നെ പുരുഷന്‍ തന്റെ പ്രതിയോഗികളെ വീഴ്ത്താനും ഉപയോഗിക്കും.

പണ്ട് ദേവേന്ദ്രന്‍ ഊര്‍വ്വശിയെക്കൊണ്ട് വിശ്വാമിത്രന്റെ തപസ്സിളക്കിച്ചതുപോലെ, പെണ്ണ് എന്നാല്‍ ആണിന്റെ കാമപൂരണത്തിനുള്ള ഒരു വസ്തു മാത്രമാണ് എന്നതാണ് ഈ സദാചാരത്തിന്റെയെല്ലാം പിന്നിലുള്ള വികാരം. സ്ത്രീയെ സംരക്ഷിക്കാനാണ് സദാചാര നിയമങ്ങള്‍ പ്രധാനമായും സമൂഹം സൃഷ്ടിക്കുന്നത്. എന്നല്‍ ആരില്‍ നിന്നാണ് സ്ത്രീയെ രക്ഷിക്കുന്നത്? ഏത് ഹിംസ്രജന്തുവില്‍നിന്നാണ്? അവളുടെ തന്നെ പാതിയായ പുരുഷനില്‍ നിന്നല്ലാതെ ഭൂമിയിലെ മറ്റൊരു ജീവജാലങ്ങളില്‍ നിന്നും അവള്‍ ഭീഷണി അനുഭവിക്കുന്നില്ല. മറ്റൊന്നും അവളെ ഭയപ്പെടുത്തുന്നില്ല.

“ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണ്…” ഇതാണ് കേട്ടു പരിചയമുള്ള നാട്ടുമൊഴി. എന്താണ് ഈ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം. ഇല പെണ്ണും മുള്ള് ആണുമാണ്. ഗര്‍ഭം ധരിക്കാനുള്ള സ്ത്രീയുടെ ശക്തിയാണ് ഈ അപകടം. പുരുഷന്‍ അവളെ ആക്രമിച്ചു കീഴടക്കിയാലും കുറ്റം അവള്‍ക്കാണ്. പിന്നെ അവള്‍ പിഴച്ചവളായി.

കാലം എത്ര മാറി. ഇന്ന് സ്ത്രീകള്‍ അഭ്യസ്തവിദ്യരും തൊഴില്‍ ചെയ്ത് ധനം സമ്പാദിക്കുന്നവരും സമൂഹത്തില്‍ പുരുഷനേക്കാള്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടുന്നവളുമാണ്. എന്നിട്ടും ഈ പഴഞ്ചൊല്ല് നമ്മുടെ സമൂഹത്തില്‍ അലിഖിത നിയമമായി നിലനില്‍ക്കുന്നു. സത്യത്തില്‍ പീഡനകേസുകള്‍ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത് സ്ത്രീയെ കൂടുതല്‍ കൂടുതല്‍ ഭയപ്പെടുത്തുകയാണ്. ഒരു സ്ത്രീ പീഡനവാര്‍ത്ത അടുത്ത ഒരു ചൂടുള്ള വാര്‍ത്ത കിട്ടുംവരെ ചര്‍ച്ചയ്ക്കുള്ള മസാലയാണ്.

സദാചാര പോലീസല്ല നമുക്കുവേണ്ടത്. പകരം സ്ത്രീയും പുരുഷനും പരസ്പരസ്നേഹത്തോടെ, വിശ്വാസത്തോടെ ഇടപഴകാനുള്ള പൊതുവേദികളാണ്. ചെറിയ ക്ലാസുകളിലെ സഹവിദ്യാഭ്യാസംമുതല്‍ ആരംഭിക്കുന്ന ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ വാര്‍ദ്ധക്യത്തിലും നിലനിര്‍ത്താന്‍ കഴിയും വിധം സമൂഹം അതിന്റെ സദാചാരനിയമം തിരുത്തി എഴുതേണ്ട സമയം കഴിഞ്ഞുപോയി. ഇനിയും അത് വൈകിക്കൂടാ…. സ്ത്രീ തങ്ങള്‍ക്ക് കാമം തീര്‍ക്കാനുള്ള ഒരു ശരീരം മാത്രമല്ലായെന്ന് പുരുഷന് തിരിച്ചറിവുണ്ടാവുക എന്നതാണ് പ്രധാനം. ജലം അതിന്റെ വഴികണ്ടെത്തുംപോലെ ലൈംഗികതയും അതിന്റെ വഴി എന്നും കണ്ടെത്തുന്നുണ്ട്. അത് ഓരോ വ്യക്തിയുടെയും ഏറ്റവും സ്നേഹസമ്പന്നമായ ആത്മീയമായ സ്വകാര്യതയാണ്. മറ്റുള്ളവര്‍ക്ക് അതില്‍ കാര്യമില്ല. സമൂഹത്തിന്, മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത രീതിയില്‍ ഓരോരുത്തരും തങ്ങളുടെ ലൈംഗികതയെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതുണ്ട്. അരോഗ്യകരമായ സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ആരോഗ്യകരമായ ഒരു സമൂഹം ഉണ്ടാവുകയുള്ളൂ. അതാണ് നമുക്ക് ആവശ്യം. സദാചാരപോലീസിനെക്കൊണ്ട് അത് സാധ്യമാക്കാനാവില്ല. കൂടുതല്‍ കൂടുതല്‍ വിലക്കപ്പെടുന്നതിനെ കൂടുതല്‍ കൂടുതല്‍ നിഷേധിക്കാനുള്ള ശക്തി മനുഷ്യര്‍ക്കുണ്ട്.

സദാചാരം സംരക്ഷിക്കാന്‍ സമൂഹവും പോലീസും കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുമ്പോഴും അവരൊന്നും കാണാതെ മൊബൈലും, ലാപ്ടോപ്പും സ്ത്രീ പുരുഷന്മാരുടെ സഹായത്തിനെത്തുന്നു. എല്ലാം അപകടങ്ങളിലും സ്ത്രീകളും പുരുഷന്മാരും ചെന്നു ചാടുന്നു. കസാന്‍ ദ്സാ ക്കിസിന്റെ ‘ഫ്രാന്‍സീസ് അസ്സീസി’ എന്ന നോവലിലെ നായികയായ ക്ലാര നായകനായ ഫ്രാന്‍സീസിനോട് പറയുന്നുണ്ട്. “എന്തുകൊണ്ടാണ് നിങ്ങള്‍ എന്റെ മുഖത്തുനോക്കി സംസാരിക്കാത്തത്. നിങ്ങളെപ്പോലെ തന്നെ ദൈവത്തിന്റെ മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരാത്മാവ് എനിക്കുമുണ്ട്.” ഓരോ സ്ത്രീയും ഓരോ പുരുഷന്റെ മുഖത്തുനോക്കി ഇങ്ങനെ പറയാന്‍ ധൈര്യമുണ്ടാകുമ്പോഴേ നമ്മുടെ സദാചാര സംഹിതകള്‍ക്ക് അര്‍ത്ഥമുണ്ടാവുകയുള്ളു. സ്ത്രീ പുരുഷ ലൈംഗികതയിലേക്കല്ല സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും, ഭൂമിയോടും ഭഹുമാനത്തോടെ ഇടപ്പെടാന്‍ പുരുഷനെ പരിശീലിപ്പിക്കുന്നതാകട്ടെ നമ്മുടെ സദാചാര സംഹിതകള്‍.

നമ്മള്‍ പരസ്പരം മുഖത്തുനോക്കി കൈകള്‍ കൂപ്പി നമസ്തേ പറയാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എന്തു വസ്ത്രം ധരിക്കുന്നു എന്നതല്ല എങ്ങനെ ഒരാള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നു എന്നതാണ് നമ്മുടെ സദാചാരത്തിന്റെ സംരക്ഷകര്‍ അന്വേഷിക്കേണ്ടത്. ഭക്ഷണത്തെക്കുറിച്ച് സംസാരിക്കവെ തങ്ങള്‍ എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നു ചോദിച്ച ശിഷ്യരോട് യേശു പറഞ്ഞത് വായിലേക്ക് പോകുന്നതല്ല; വായില്‍ നിന്ന് പുറത്തു വരുന്നതിനെ സൂക്ഷിക്കുവിന്‍ എന്നാണ്. ഒരാള്‍ എന്തു തിന്നുന്നു, കുടിക്കുന്നു എന്നതല്ല എന്ത് പറയുന്നു എന്നതായിരിക്കണം അയാളുടെ സദാചാരബഹുമതിയായി പരിഗണിക്കേണ്ടത്. അതുകൊണ്ടാണ് മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഗായകന്റെ വായില്‍ നിന്ന് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് ശരിയല്ല എന്ന വാക്കുകള്‍ പുറത്തുവരുമ്പോള്‍ നമ്മള്‍ ഭയപ്പെടുന്നത്. സംസ്കൃതചിത്തനാണ് എന്ന് സമൂഹം കരുതുന്ന പുരുഷന്‍ പോലും സ്ത്രീയെ ഒരു കാമോദ്ദിപനവസ്തു മാത്രമായി കാണുന്നു.

കതിരില്‍ വളം വെച്ചിട്ടു കാര്യമില്ല. നമ്മുടെ കുട്ടികളെയെങ്കിലും നമുക്ക് പരസ്പരം ബഹുമാനിക്കുന്ന സൗഹൃദങ്ങളിലൂടെ വളര്‍ത്തേണ്ടതുണ്ട്. പക്ഷേ അതിനും നമ്മുടെ സദാചാരം സമ്മതിക്കില്ല. അച്ഛനും അമ്മയും വീട്ടില്‍ വഴക്കുണ്ടാക്കുന്നതും അച്ഛന്‍ അമ്മയുടെ ചെകിടത്ത് അടിക്കുന്നതും അമ്മ അച്ഛനെ തെറിവിളിക്കുന്നതും പ്രാകുന്നതും എല്ലാം കുട്ടികള്‍ക്കു കാണാം, കേള്‍ക്കാം. എന്നാല്‍ അച്ഛന്‍ പ്രേമപൂര്‍വ്വം അമ്മയ്ക്ക് കവിളില്‍ ഒരു ഉമ്മ കൊടുക്കുന്നത് കുട്ടികള്‍ കണ്ടാല്‍ അത് അശ്ലീലമായി. പോര്‍നോഗ്രഫി സൈറ്റുകള്‍ അവര്‍ക്ക് ഇഷ്ടം പോലെ തുറന്ന് കിട്ടും. എന്നാല്‍ പ്രണയമെന്തെന്ന്, സ്നേഹമെന്തെന്ന് ആരും അവരെ പഠിപ്പിക്കുന്നുമില്ല. ലൈംഗിക വിദ്യാഭ്യാസം എന്നതുകൊണ്ട് നമ്മള്‍ ഇന്ന് കുട്ടികള്‍ക്ക് നല്‍കുന്ന അറിവ് എങ്ങനെ ഗര്‍ഭം ധരിക്കാതിരിക്കാം. എങ്ങനെ എയ്ഡ്സ് പകരാതിരിക്കാം എന്നൊക്കെയാണ്. പകരം എങ്ങനെ പ്രണയിക്കാം എന്നാണ് പഠിപ്പിക്കേണ്ടത്. പ്രണയം മാംസദാഹമല്ല. പ്രണയികള്‍ പരസ്പരം എത്ര ആദരവോടെയാണ് പെരുമാറുക എന്ന് നമ്മുടെ കുട്ടികള്‍ക്ക് കണ്ടു പഠിക്കാന്‍ മാതാപിതാക്കളല്ലാതെ മറ്റാരാണ് മാതൃകയാകുക. വീട്ടില്‍ നിന്നല്ലാതെ പരസ്പരം ബഹുമാനം അവര്‍ എവിടെനിന്നു പഠിക്കും. നമ്മുടെ സദാചാരപാലനം അവിടേക്കാണ് മാറി ചിന്തിക്കേണ്ടത്.

ഇന്ന് സദാചാര സംരക്ഷണം എന്ന പേരില്‍ നമ്മള്‍ കാണിക്കുന്നത് വെറും അസംബന്ധമാണ്. ഏറ്റവും രോഗാതുരമായ, അനാരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ മാത്രമേ അതിന് കഴിയൂ. നല്ല ആണ്‍-പെണ്‍ സൗഹൃദങ്ങളെ വളര്‍ത്താന്‍ ഉതകുന്ന പൊതു ഇടങ്ങളാണ് നമുക്കിന്ന് ഉണ്ടാകേണ്ടത്. ഒന്നിച്ചു പണിയെടുക്കാന്‍, ഒന്നിച്ചു കളിക്കാന്‍…. ഒന്നിച്ചു ചിന്തിക്കാന്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഭയപ്പെടാതെ ജീവിക്കാന്‍ കഴിയുന്ന ഒരു കേരളം. അത്തരം ഒരു സ്വപ്നത്തിന് സമയമായി. നമ്മുടെ കാലത്തു നടത്തേണ്ട നവോത്ഥാനം അതാണ്.

നല്ല ദൃഡതയുള്ള സ്ത്രീ- പുരുഷ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന അപൂര്‍വ്വം പേരെങ്കിലും നമുക്കിടയിലുണ്ട്. അങ്ങനെയുള്ളവരെ ആദരിക്കാനും കുട്ടികള്‍ക്ക് അത്തരം സൗഹൃദങ്ങള്‍ കാണിച്ചു കൊടുക്കാനുമാണ് നമ്മുടെ സദാചാരപരിപാലകര്‍ ഇനി ശ്രമിക്കേണ്ടത്. എന്നാല്‍ വെടിമരുന്നിനടുത്ത് തീകൊണ്ടുവെച്ച് അതിനു കാവലിരിക്കും പോലെയാണ്. സ്ത്രീപുരുഷന്മാരുടെ ലൈംഗികതയെ ഭയപ്പെട്ട് സദാചാര സംരക്ഷണത്തിന് സമൂഹം ഉറക്കമൊഴിച്ചിരിക്കുന്നു. ആ ഊര്‍ജ്ജം എത്ര സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. പരസ്പരം ഇഷ്ടമുള്ള രണ്ടുപേര്‍ പാര്‍ക്കില്‍ പോകുകയോ, സിനിമകാണുകയോ, വര്‍ത്തമാനം പറയുകയോ, അവര്‍ക്ക് സന്തോഷം തോന്നുന്ന മറ്റ് എന്തെങ്കിലും ചെയ്യട്ടെ. നമ്മള്‍ എന്തിനാണ് അതില്‍ ഇത്രയ്ക്ക് ആകുലപ്പെടുന്നത്. അത് കണ്ട് അസൂയപെടുന്നതിനുപകരം അതുപോലെ നല്ല പ്രണയം, നല്ല സൗഹൃദം ഓരോരുത്തര്‍ക്കും ഉണ്ടാക്കിയാല്‍ പോരേ. അത് നിലവിലുള്ള കുടുംബങ്ങളെ തകര്‍ക്കും എന്നാണ് ഭയമെങ്കില്‍ ആ ഭയം വെറും അസ്ഥാനത്താണ്.

ആരോഗ്യകരമായ പ്രണയമോ സൗഹൃദമോ വ്യക്തികളില്‍ പ്രവര്‍ത്തിക്കുന്നത് പ്രഷര്‍ കുക്കറിന്റെ സുരക്ഷദ്വാരം പോലെയാണ്. വീടിനകത്തും കെട്ടികിടക്കുന്ന സംഘര്‍ഷങ്ങളെ പുറത്തുവിടാനുള്ള ഒരു സുരക്ഷാദ്വാരമാണത്. തന്റെ സങ്കടങ്ങളും വേദനകളും, അവഗണനകളും പറഞ്ഞൊഴിയാന്‍ ഒരാള്‍ പുറത്തുണ്ടാകുമ്പോള്‍ കൂടുതല്‍ കരുത്തോടെ സ്നേഹത്തോടെ ഓരോരുത്തര്‍ക്കും ജീവിതത്തിലേക്ക് – കുടുംബത്തിലേക്ക് തിരിച്ചു വരാനാകും. ഇന്ന് നിറയെ പൊട്ടിമുളക്കുന്ന ബ്യൂട്ടിപാര്‍ലറുകളോ, കൗണ്‍ സിലിംഗ് സെന്ററുകളോ അല്ല നമുക്കു വേണ്ടത്. സ്ത്രീ പുരുഷന്മാരുടെ നല്ല സൗഹൃദങ്ങള്‍ക്കുള്ള ഇടങ്ങളാണ്. ഇന്ന് സെല്‍ഫി എടുത്ത് വാട്ട്സപ്പിലിട്ട് ആനന്ദം കൊള്ളുന്ന ഒരു തരം നിസ്സാഹായതയുടെ നിലവിളിയുണ്ടല്ലോ. അതുമാറ്റാന്‍ മറ്റൊരു മരുന്നിനും കഴിയില്ല. നല്ല സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ക്കല്ലാതെ.

Generated from archived content: essay1_apr18_15.html Author: rosy_thampi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here