പിരാനകള്‍ കൂട്ടത്തോടെയാണ് സുജയുടെ ചുറ്റും എത്തിയത്. എങ്ങനെ അവ എത്തി എന്നത് അവള്ക്കു മനസ്സിലായില്ല. വിവസ്ത്രയായി കിടന്ന അവളുടെ ശരീരത്തിലെ മാംസം അവ ഒരറ്റത്തു നിന്നും ഭക്ഷിക്കുവാന്‍ തുടങ്ങി. കാലുകളില്‍ നിന്നും അവ ഉടലിലേക്ക് നീങ്ങിയിരിക്കുന്നു. കാലുകളില്‍ ഇപ്പോള്‍ അസ്ഥികള്‍ മാത്രമേ ബാക്കിയുള്ളു. ഉടലിലെ മാംസം തിന്നു തീര്ന്ന അവ അവളുടെ വലത്തെ മാറും ഭക്ഷിച്ചു കഴി്ഞ്ഞു, ഇപ്പോള്‍ അവ അവളുടെ ഇടത്തെ മാറിലേക്ക് നീങ്ങിയിരിക്കുന്നു. വളരെ പെട്ടെന്ന് അത് തീര്ത്തുകഴിഞ്ഞ പിരാനകള്‍ ഇപ്പോള്‍ അവളുടെ ഹൃദയത്തിനടുത്താണ്. പക്ഷേ തുടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം മാത്രം അവക്ക് ഭക്ഷിക്കാനാവുന്നില്ല. കൂര്ത്ത പല്ലുകള്‍ ഉപയോഗിച്ച് ഓരോന്നായി ശ്രമിക്കുന്നുണ്ട് അവളുടെ ഹൃദയം ഭക്ഷിക്കുവാനായി. പക്ഷേ എന്തൊരതിശയം അവ തോറ്റു പിന്‍വാങ്ങുന്നു. !!! തുടിച്ചു! കൊണ്ടിരിക്കുന്ന ഹൃദയം! അവയെ ഭയപ്പെടുത്തുന്നത് പോലെ തോന്നി. ഇനി അവ എന്ത് ചെയ്യുമെന്ന് നോക്കി കിടക്കുമ്പോഴാണ്.
“ലൈബ്രറിയില്‍ കിടന്നുറങ്ങാതെ ഹോസ്റ്റലില്‍ പോയി ഉറങ്ങൂ സുജേ..”
എന്ന മഹേഷിന്റെ ശബ്ദം അവളെ ഉണര്ത്തിയത്. തടിച്ച റെഫറന്സ് ബുക്കില്‍ തല ചായ്ച്ചു മയങ്ങിപ്പോയ സുജ തല ഉയര്ത്തി മുന്നില്‍ നില്ക്കുന്ന മഹേഷിനെയും പുസ്തകത്തിലെ പിരാന മത്സ്യങ്ങളുടെ ചിത്രത്തിലേക്കും മാറി മാറി നോക്കി. പെട്ടെന്ന് തന്നെ പരിസര ബോധമുണ്ടായ അവള്‍ ബുക്കടച്ചു വെച്ച് അയാളെ നോക്കി ചെറിയ ചമ്മലോടെ ചിരിച്ചു.
“ഉറങ്ങിപ്പോയതറിഞ്ഞില്ല മഹീ… പിരാനകളെപ്പറ്റി ഒരു വിചിത്ര സ്വപ്നവും കണ്ടു.”
അയാളോടൊപ്പം പുറത്തേക്കിറങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
“നീയും നിന്റെ ഒരു പിരാനകളും.. ഈ ഗവേഷണം തീര്ന്ന് എന്ന് നമ്മള്‍ വിവാഹിതരാകും സുജേ..? അന്ന് നീ വീട്ടില്‍ വന്നു പോയതില്‍ പിന്നെ അമ്മ ധൃതി പിടിക്കുന്നുണ്ട്.”
“ഇനി അധികമില്ല മഹീ. ഏറിയാല്‍ ഒരു ആറു മാസം..”
ലൈബ്രറിക്ക് മുന്നിലെ തണല്‍ മരത്തിന്റെ ചുവട്ടിലെ ചാരു ബെഞ്ചിലേക്കിരിക്കുന്നതിടയില്‍ അവള്‍ പറഞ്ഞു.
നോക്കൂ.. മഹേഷ്, ഈ പിരാനകളില്‍ ചെറിയൊരു വിഭാഗം മാത്രമേ മാംസഭുക്കുകളുള്ളൂ. ചില സ്പീഷിസുകള്‍ മാത്രം ബാക്കിയെല്ലാം സസ്യഭുക്കുകളാണ്.” സുജ വീണ്ടും പിരാനകളെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.
“പക്ഷെ നമ്മള്‍ കേട്ടിരിക്കുന്നത് അങ്ങനെയല്ലല്ലോ..? ഒരു മനുഷ്യനെ കിട്ടിയാല്‍ കൂട്ടത്തോടെ ആക്രമിച്ചു എല്ലു മാത്രം ബാക്കി വെക്കുന്ന മീനുകളെന്നല്ലേ.”
“അത് ചെറിയ ശതമാനം മാത്രമേ ഉള്ളു. ബാക്കിയുള്ളവ വെറും നിരുപദ്രവകാരികള്‍. പക്ഷേ മാംസഭോജികള്‍ അപകടകാരികള്‍ തന്നെ. വിശന്നിരിക്കുന്ന പിരാന അതിന്റെ കുഞ്ഞുങ്ങളെ വരെ തിന്നു കളയും.”
“ഭീകരം തന്നെ. യക്ഷികള്‍ മനുഷ്യന്റെ മുടിയും നഖവും മാത്രം ബാക്കി വെക്കുന്ന പോലെ ഒരു കൂട്ടം മല്‍സ്യങ്ങള്‍ മനുഷ്യന്റെ എല്ലുമാത്രം അവശേഷിപ്പിച്ചു ഭക്ഷിക്കുക.”
“തീര്ച്ചയായും…അതാണല്ലോ ഞാന്‍ ഗവേഷണ വിഷയമായി പിരാനകളെ തന്നെ തിരഞ്ഞെടുത്തത്.”
“നിനക്ക് പി ച്ച് ഡി കിട്ടുന്ന ദിവസം ഞാന്‍ എന്റെ ജനകീയ ഭൂമിയുടെ മുന്‍ പേജില്‍ നിന്റെ ചിത്രം കൊടുക്കും.”
“മുന്‍ പേജിലോ..?” സുജക്ക് ചിരിയടക്കാനായില്ല.
“അതേ. കൊച്ചി സര്‍വകലാശാലയില്‍ നിന്നും പിരാനാ മല്‍സ്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റു ലഭിച്ച സുജാത നായര്‍. എസ് ശേഖരന്‍ നായരുടെയും സുമതിയുടെയും മകളും ജനകീയ ഭൂമി സബ് എഡിറ്റര്‍ മഹേഷ് കുമാറിന്‍റെ പ്രതിശ്രുതവധുവുമാണ്. എങ്ങനെയുണ്ട്..?”
മഹേഷ് ഗൌരവത്തില്‍ ചോദിച്ചു.
“കൊള്ളാം..അവസാന ഭാഗം ഒന്ന് തിരുത്തണം. ജനകീയ ഭൂമി സബ് എഡിറ്റര്‍ മഹേഷ്കുമാറിന്റെ ഭാര്യയുമാണ് എന്ന്‍.”
“അതിനു നമ്മള്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ സുജേ..?
“റിസേര്ച് തീര്ന്നിയട്ടല്ലേ നമ്മുടെ കല്യാണം. എന്നിട്ട് നമുക്ക് ഹണിമൂണിന് ആമസോണ്‍ നദിക്കരയില്‍ പോകണം. പിരാനകളെ കാണുവാന്‍.” സുജ ആവേശത്തോടെ പറഞ്ഞു.
“എന്ത്..? അങ്ങ് തെക്കേ അമേരിക്ക വരെയോ..? ഒറിനോക്കോ-ആമസോണ്‍ നദിക്കര ഒരു ഭീകര സ്ഥലമായാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. മനുഷ്യ ഭോജികളായ ഗുഹാരിബോസ് എന്ന് പറയുന്ന ഒരു കൂട്ടം വനവാസികള്‍ അവടെയുണ്ടെന്നു കേട്ടിട്ടുണ്ട്. പിന്നെ സിനിമയില്‍ കണ്ടിട്ടുള്ള അനക്കോണ്ട എന്ന നരഭോജി പാമ്പ്.”
“ആമസോണിലെ നരഭോജികള്‍ ഇരകള്‍ കണ്മുന്നില്‍ വന്നാലേ ഇരയെ ഭക്ഷിക്കുകയുള്ളു. നമ്മുടെ നാട്ടിലെ നരഭോജികളെപ്പോലെ തന്ത്ര പൂര്‍വം ഇരയെ കുടുക്കില്‍ പെടുത്തുകയില്ല.’
മഹേഷിന്റെ മുഖം പെട്ടെന്ന് മങ്ങി. സര്‍വ ഉത്സാഹവും ചോര്ന്ന് അയാള്‍ ദേഷ്യത്തോടെ വിളിച്ചു
“സുജേ…”
“സോറി..മഹീ…”
അവള്‍ അയാളെ കുറ്റബോധത്തോടെ നോക്കി.
“നമ്മള്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്തപ്പോഴുള്ള ആദ്യത്തെ കണ്ടീഷനായിരുന്നു ഇത്. ഇക്കാര്യം വീണ്ടും എന്നെ ഓര്മ്മപ്പെടുത്തരുതെന്ന്.” അയാള്‍ ഇര്ഷ്യയോടെ പറഞ്ഞു
“വാ..നമുക്ക് കുറച്ചു നടക്കാം.” അയാളുടെ മൂഡ് മാറ്റുന്നതിനായി അവള്‍ പെട്ടെന്ന് പറഞ്ഞു.
“വേണ്ട..എനിക്ക് ഓഫീസില്‍ ഒന്ന് കൂടെ പോകണം. ഫീച്ചറിന്റെ ജോലി തീര്ന്നിട്ടില്ല. നിന്നെ കണ്ടിട്ടു കുറച്ചു ദിവസമായല്ലോ എന്നോര്ത്തപ്പോള്‍ ഇടക്ക് സമയമുണ്ടാക്കി വന്നതാണ്. വല്ലാത്തൊരു കുഴപ്പം പിടിച്ച ഫീച്ചറാണ് അത്. ഒന്ന് രണ്ടു ലക്കം നീ വായിച്ചു കാണുമല്ലോ.”.
“ആ മയക്കു മരുന്ന് മാഫിയായുടേതാണോ…? വായിച്ചു..ശരിക്കും ത്രില്ലിങ്ങാണ് അല്ലെ മഹേഷ്..”
“പക്ഷേ..നമുക്കിതൊക്കെ വലിയ തല വേദനയാണ് സുജേ. അതെഴുതാന്‍ തുടങ്ങിയതോടെ ആകെ പ്രശ്നങ്ങളാണ്. നിര്ത്തിയേക്കാം എന്ന് പറഞ്ഞിട്ട് ബോസ്സ് സമ്മതിക്കുന്നുമില്ല”. അയാള്‍ പോകാനൊരുങ്ങിക്കൊണ്ടു പറഞ്ഞു
വൈകുന്നേരം തിരിച്ചു മുറിയിലെത്തിയിട്ടും അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. എപ്പോഴെങ്കിലും ഒരു പീഡനക്കേസ് റിപ്പോര്ട്ട് ചെയ്യേണ്ടി വന്നാല്‍ അയാളുടെ സുജ അവളുടെ സ്കൂള്‍ ബസ്സിലെ ഡ്രൈവറുടെ കയ്യില്‍ കിടന്നു പിടഞ്ഞ രംഗം അയാള്‍ മനസ്സില്‍ കാണും.
അവളുടെ അച്ഛനേക്കാള്‍ പ്രായമുള്ള മനുഷ്യന്‍. അങ്കിള്‍ എന്നാണത്രേ കുട്ടികള്‍ അയാളെ വിളിച്ചിരുന്നത്. സ്കൂള്‍ ബസ്സില്‍ നിന്നും അവസാനം ഇറങ്ങുന്ന പത്തു വയസ്സുകാരിയെ അയാള്‍ പ്ലാന്‍ ചെയ്തു കുടുക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും കണ്ണീര്‍ കണ്ടപ്പോഴാണ് അവള്ക്ക് തനിക്ക് പറ്റിയ അപകടത്തിന്റെ ഗൌരവം കുറച്ചെങ്കിലും മനസ്സിലായത്. ഗൈനക്കൊളജിസ്റ്റിന്റെ മുറിയുടെ മുന്നില്‍ പരിശോധനക്കായി അച്ഛന്റെയും അമ്മയുടെയും കൂടെ പോയപ്പോഴും അവരുടെ കണ്ണുകള്‍ തോര്ന്നിരുന്നില്ല. “പോലീസില്‍ അറിയിക്കാമായിരുന്നില്ലേ..?” എന്ന ഡോക്ടറുടെ ചോദ്യത്തിന് മുന്നില്‍ എന്റെ ഗിരിജക്കുട്ടിയുടെ ഗതി എന്റെ മോള്ക്കും വരരുതെന്ന് പറഞ്ഞു അച്ഛന്‍ കൊച്ചു കുട്ടികളെപ്പോലെ വിതുമ്പിക്കരഞ്ഞു. അച്ഛന്റെ കുഞ്ഞനുജത്തി അവളുടെ ഗിരിജചിറ്റ കാമുകനാല്‍ ചതിക്കപ്പെട്ടു ഗര്ഭിണിയായപ്പോള്‍ തൂങ്ങി മരികുകയായിരുന്നത്രേ..
പോലീസും കേസുമൊന്നുമാക്കാതെ അച്ഛന്‍ സ്ഥലം മാറ്റം വാങ്ങി, സ്കൂളും മാറിയപ്പോള്‍ സുജ എന്ന പെണ്കുട്ടി പഴയ സുജയുടെ പേരും രൂപവുമുള്ള വേറെ ഒരു കുട്ടിയായി, പുതിയ സ്കൂളില്‍ പോയി.
കോളേജു പഠനകാലത്ത് പ്രേമത്തോളം വളരാന്‍ തുടങ്ങിയ സൗഹൃദവും അവള്ക്കു ണ്ടായിരുന്നു. ഒരിക്കല്‍ ചവിട്ടി അരക്കപ്പെട്ട പൂവാണ് താനെന്ന അവളുടെ വെളിപ്പെടുത്തലില്‍ ആ സ്നേഹം എങ്ങോ മറഞ്ഞു.
അത് കൊണ്ടു തന്നെ മഹേഷിനോടും തന്റെ പഴയ കാലം വെളിപ്പെടുത്തുവാന്‍ അവള്‍ മടിച്ചില്ല. അതെപ്പറ്റി പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു തുള്ളി കണ്ണീരോ ശബ്ദത്തില്‍ പതര്ച്ചയോ കാണാതിരുന്നത് അയാളെ അതിശയിപ്പിച്ചു.
“കഴിഞ്ഞ സംഭവങ്ങളുടെ ഒരു നിഴല്‍ പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകരുത് സുജേ.” എന്ന അയാളുടെ ആശ്വസിപ്പിക്കലില്‍
“നമ്മുടെ തലച്ചോറിലെ ഇഷ്ടമില്ലാത്ത ഓര്മ്മകള്‍ ഫീഡ് ചെയ്യപ്പെട്ട കോശങ്ങളെ നശിപ്പിക്കുവാനുള്ള സംവിധാനം ഇപ്പോഴും മെഡിക്കല്‍ സയന്സ് കണ്ടുപിടിച്ചിട്ടില്ല മഹേഷ്.” എന്നാണവള്‍ മറുപടി പറഞ്ഞത്.
“പുഴുക്കുത്തേറ്റ മൊട്ടുകള്‍ ശരിയായി വിടാറില്ല എന്ന് പറയുന്നത് വെറുതെയാണ് മഹീ..എന്നെ നോക്ക് ഞാന്‍ അതെല്ലാം അതിജീവിചില്ലേ. ഏതു പുഴുക്കുത്തിനെയും അതിജീവിക്കുവാന്‍ പറ്റിയ ഔഷധം ഉണ്ടാക്കുവാന്‍ അറിയാവുന്ന മനസ്സുമായാണ് ഈ സുജയെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ”
“ഇനി അക്കാര്യം നമുക്ക് പറയണ്ട സുജേ.. പ്ലീസ് …” അയാള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.
“ഞാന്‍ ആ ദുഃഖം എന്നേ മറികടന്നു മഹേഷ്, എന്നാലും കുഞ്ഞു നാളില്‍ കണ്ട പേടി സ്വപ്നം പോലെ ആ ഓര്മ്മകള്‍ എന്റെ മരണം വരെ കൂടെയുണ്ടാകും എന്നാണെനിക്കു തോന്നുന്നത്.”
സുജയുമായുള്ള അടുപ്പം തുടങ്ങിയ കുറെ നാള്‍ ഒരു നീറ്റലായി അത് അയാളുടെ മനസ്സില്‍ കിടന്നു. അവളെ വിട്ടിട്ടു പോയാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. ചിന്തകള്‍ നടത്തിയ വടം വലിയില്‍ സുജ എന്ന പെണ്കുട്ടി അയാളുടെ മനസ്സിന്റെ് ചാഞ്ചാട്ടങ്ങളെ അതിജീവിച്ച് പ്രിയപ്പെട്ടവളായി മാറി. അവളെപ്പോലൊരു പെണ്കുട്ടി. അതവള്‍ മാത്രമേ ഉള്ളു എന്ന തിരിച്ചറിവില്‍ അയാള്‍ എല്ലാം മറന്നു. എല്ലാം തുറന്ന പറഞ്ഞ അവളുടെ നല്ല മനസ്സിനെ തള്ളിക്കളയാന്‍ ആയില്ല എന്നതായിരുന്നു സത്യം. പത്തു വയസ്സുള്ള ഒരു കൊച്ചു പെണ്കുട്ടി ഒരു രാത്രി ഏതോ ദുര്ഭൂതത്തിന്റെ പേക്കിനാവ് കണ്ടു. ആ രാത്രി കഴിപ്പോള്‍ ആ ഓര്മ്മകള്‍ പോലും അവളില്‍ നിന്നകന്നുപോയി. അതെ അത്ര മാത്രം. അയാള്‍ അങ്ങനെ മനസ്സിനെ ശാന്തമാക്കാന്‍ പഠിച്ചു.
പെട്ടെന്നയാളുടെ ഫോണ്‍ ശബ്ദിച്ചു. ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് ഈ നമ്പറില്‍ നിന്നുള്ള കോള്‍. ആദ്യത്തെ ഒരു പ്രാവശ്യമേ അയാള്‍ അതെടുത്തുള്ളു. നഗരത്തിലെ സ്കൂള്‍ പരിസരങ്ങളിലെ ലഹരി മരുന്ന് മാഫിയയെപ്പറ്റിയുള്ള ആ പരമ്പര എഴുതുവാന്‍ തുടങ്ങിയപ്പോള്‍ വരുന്നതാണ് ഈ നമ്പറില്‍ നിന്നുള്ള കോളുകള്‍ .“നിന്നെ തകര്ത്ത് കളയും, ദുഖിക്കേണ്ടി വരും” തുടങ്ങിയ ഭീഷണികള്‍. അയാള്‍ ദേഷ്യത്ത! ോടെ ഫോണ്‍ സ്വിച്ച് ഓഫു ചെയ്തു വെച്ചു. അല്ലാതെ തന്നെ മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ്. അയാള്ക്ക് സകലരോടും ദേഷ്യം തോന്നി. ഇന്നത്തെ ദിവസം നശിപ്പിച്ച സുജയോടും. അയാള്‍ അസ്വസ്ഥതയോടെ കണ്ണടച്ചു കിടന്നു.
രാത്രി വൈകിയെപ്പോഴോ അയാള്ക്ക് ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ സുജയുടെ പത്തോളം മിസ്സ്ഡ് കോളുകള്‍. അയാള്‍ അമ്പരപ്പോടെ അവളെ തിരികെ വിളിക്കാനാഞ്ഞപ്പോള്‍ വീണ്ടും അവളുടെ കോള്‍ വന്നു
”ഞാനാണ് സുജ.” വല്ലാത്ത മുറുക്കം ആ ശബ്ദത്തില്‍.
“സുജേ…എന്താ..നിനക്കെന്തു പറ്റി..ശബ്ദം വല്ലാതിരിക്കുന്നല്ലോ…? എന്റെ ഫോണ്‍ ഓഫായിരുന്നു.”
“ഞാന്‍ വീണ്ടും പിരാനകളുടെ ഇരയായി. പക്ഷെ മരിച്ചില്ല. എന്റെ ശരീരത്തിലെ മാംസം മുഴുവന്‍ അവര്‍ തിന്നു കഴിഞ്ഞു മഹീ.”
“നീ…. നീയെന്താ..ഈ പറയുന്നത് സുജേ..?” അയാള്‍ പരിഭ്രാന്തനായി..
“നീ അവര്ക്കെതിരെ എഴുതിയിട്ടാണ് ലൈബ്രറിയില്‍ നിന്നും ഇറങ്ങിയ വഴിയില്‍ എന്നെ കിഡ്നാപ്പ് ചെയ്തതെന്ന് എനിക്ക് മനസ്സിലായി. എന്റെ ഹോസ്റ്റല്‍ പോലും അവര്ക്ക് നിശ്ചയമുണ്ടായിരുന്നു. കുറച്ചു മുന്പ് എന്നെ ഇവിടെ കൊണ്ടു തള്ളി.”
അയാള്‍ പെട്ടെന്ന്‍ വാച്ചിലേക്ക് നോക്കി. സമയം രാത്രി പതിനൊന്നര കഴിഞ്ഞിരിക്കുന്നു. സുജ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ശബ്ദത്തിന്റെ കാഠിന്യം കുറഞ്ഞ് അത് വലിയൊരു തേങ്ങലായി. അവ ആര്ത്തലച്ച തിരമാലകളായി അയാളുടെ ചെവിയില്‍ പതിച്ചു കൊണ്ടിരുന്നു. കരച്ചിലിനിടയില്‍ അവള്‍ പിന്നീട് പറഞ്ഞതൊന്നും അയാള്‍ കേട്ടില്ല. തിരമാലകള്‍ അയാളുടെ ചെവിയിലൂടെ തലയില്‍ കടന്നു, വലിയൊ കൊടുംകടലായി തലക്കുള്ളില്‍ അലറി വിളിക്കുന്നതിനിടെ “നാളെ രാവിലെ തന്നെ നമുക്ക് പോലീസ് സ്റ്റേഷനില്‍ പോകണം. എന്റെ കൂടെ വരണം” എന്ന അവളുടെ വാക്കുകള്‍ അയാള്‍ അവ്യക്തമായി കേട്ടു .
‘സുജേ,,നമുക്ക് നാളെ കാണാം.” എന്ന മറുപടി പറഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ ഒരു ആശ്വാസവാക്കുപോലും പറയാന്‍ മറന്നല്ലോ എന്നയാള്‍ ഖേദത്തോടെ ഓര്ത്തു . ആര്ക്കാണ് ആശ്വാസം വേണ്ടത്….? അവള്ക്കോ ..അതോ തനിക്കോ….?
തലക്കുള്ളിലെ കൊടും കടല്‍ കൂടുതല്‍ കരുത്താര്ജ്ജിക്കുകയാണ്. അതിലെ ശക്തിയേറിയ തിരമാലകള്ക്ക് മീതെ നീന്തിയടുക്കുന്ന പിരാനകള്‍. അവക്കിടയില്‍ പെട്ട സുജ എന്ന നിസ്സഹായയായ പെണ്കുട്ടി. അവളുടെ ശരീരത്തില്‍ നിന്ന പടര്ന്ന രക്തം ചുറ്റുമുള്ള തിരമാലകള്ക്ക് കടും ചുവപ്പ് നിറം പകര്ന്നിരിക്കുന്നു. കടിച്ചു മുറിവേല്ക്കപ്പെട്ട ശരീരവുമായി അവള്‍ ആഴങ്ങളിലേക്ക് മുങ്ങിത്താണു പോകന്നു. മഹേഷ് തലയിണയില്‍ മുഖമമര്ത്തി കിടന്ന്‍, കൈ വിരലുകള്‍ കൊണ്ട് തലയിണ കീറിപ്പോകും എന്നവണ്ണം അതിനെ ഞെരിച്ചു കൊണ്ടിരുന്നു.
പിറ്റേന്നു കാണുമ്പോള്‍ സുജയുടെ മുഖം പനിക്കിടക്കയില്‍ നിന്നും എഴുന്നേറ്റു വന്നവളെപ്പോലെ തോന്നിച്ചു. അവളുടെ മുഖത്തേക്ക് നോക്കുവാന്‍ പോലും അയാള്‍ ഭയപ്പെട്ടു. എത്രയോ പെണ്കുട്ടികളെ ഈ നിലയില്‍ അയാള്‍ കണ്ടിരിക്കുന്നു. അവരെല്ലാവരും ഒരേ പോലുള്ള മുഖം മൂടി അണിഞ്ഞു നിലക്കുന്നവാരാണെന്നാണ് അയാള്ക്ക് തോന്നിയിരുന്നത്. യാന്ത്രികമായ ചലങ്ങളും വറ്റി വരണ്ട കണ്ണുകളും ഉള്ളവര്‍. അവരിലൊരാളായി സുജ ഇപ്പോള്‍ അയാളുടെ മുന്നില്‍ നില്ക്കുന്നു.
“ഈ പോലീസ്, കേസ്, പീഡനം..ഇതൊക്കെ പുലിവലാണ് സുജേ..ഒരു പത്രത്തില്‍ ജോലിചെയ്യുന്ന ഞാന്‍ ഇത് പ്രത്യേകം പറഞ്ഞു തരണോ..? ഞാന്‍ ഇതെത്ര കണ്ടിരിക്കുന്നു. ധൃതിപ്പെടാതെ നീ ഒന്ന് കൂടെ ആലോചിക്ക്.
“എനിക്ക് ആലോചിക്കാന്‍ ഒരു നിമിഷം പോലും ഉറങ്ങാനാവാഞ്ഞ ഒരു രാത്രി ധരാളമായിരുന്നു മഹീ..”
“നിന്റെയും എന്റെയും കരിയര്‍..മയക്കു മരുന്നു മാഫിയക്ക് എന്നോടുള്ള എന്നോടുള്ള വൈരാഗ്യം അതെല്ലാം വാര്ത്തയാകും. നമ്മള്‍ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്. മറ്റു പത്രങ്ങള്‍ ഇത് ആഘോഷിക്കും. എനിക്ക് പിന്നെ പത്രത്തില്‍ ജോലിചെയ്യാനാവുമോ..? ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്കുട്ടിയുടെ പീഡന വാര്ത്ത റിപ്പോര്ട്ട് ചെയ്യേണ്ടി വരുന്ന എന്റെ ഗതികേട് നീ ഒനന്നാലോചിക്ക് സുജേ..? അടുത്ത മാസം മുതല്‍ എനിക്ക് സ്ഥാനകയറ്റവും കിട്ടേണ്ടതാണ്.”
അയാള്‍ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു. പിന്നെ അസ്വസ്ഥതയോടെ കൈകള്‍ തിരുമ്മി പിന്നെ ഒരു നിമിഷം രണ്ടു കൈകള്‍ കൊണ്ടും ചെന്നിയില്‍ അമര്ത്തി പിടിച്ചു, കണ്ണുകളടച്ച് നിന്നു.
സുജ അയാളുടെ ചെയ്തികളെ സസൂഷ്മം വീക്ഷിച്ചു കൊണ്ട് മിണ്ടാതെ നിന്നു.
“എന്താ സുജേ നീ മറുപടി പറയാത്തത്..? ഈ ഒരു കാരണം കൊണ്ടു എന്റെ ജീവിതം ഞാന്‍ ഒരു പരീക്ഷണത്തിന് കൊടുക്കണോ..?”
സുജക്കൊന്നും പറയാനില്ലായിരുന്നു. ഇത്തവണ പിരാന അവളുടെ ഹൃദയത്തെയാണ് ആക്രമിച്ചത്. കൂട്ടമായല്ല അവസാനത്തെ പിരാന വന്നതെങ്കിലും അതവളുടെ ഹൃദയത്തെ കാര്ന്നു തിന്നുവാന്‍ തക്ക ശക്തിയുള്ളതായിരുന്നു. ഹൃദയത്തിന്റെ സ്വപ്നങ്ങളോ തുടിപ്പോ കാണാതെ ഞൊടിയിടയില്‍ അത് നശിക്കപ്പെട്ടു. ഒരു ഇരയുടെ മരണം അതിന്റെ ഹൃദയം നശിക്കപ്പെടുമ്പോഴാണെന്ന തിരിച്ചറിവില്‍ സുജ തളര്ന്നു നിന്നു.
Generated from archived content: story1_nov16_11.html Author: rosily