ഇത്‌ നമ്മുടെ പ്രിയ റോസി

മലയാള സാഹിത്യ തറവാട്ടിൽ ഒരൊറ്റയാനെപ്പോലെ വന്ന്‌, ഒരു മാരിവില്ല്‌ പോലെ വേഗം മാഞ്ഞുപോയ സി.ജെ. തോമസിന്റെ സഹധർമ്മിണി, നമ്മുടെ പ്രിയപ്പെട്ട റോസി ടീച്ചറാണ്‌ സംസാരിക്കുന്നത്‌.

വിവാഹത്തിന്‌ മുമ്പ്‌ മംഗളോദയത്തിലൊക്കെ കഥകളെഴുതിയിരുന്നു. ഞാൻ സാഹിത്യലോകത്ത്‌ ഏറെ മുമ്പെ രംഗപ്രവേശം ചെയ്‌തവളാണ്‌. പക്ഷേ, വിവാഹശേഷം എഴുതാതിരുന്നതിന്‌ ഒരു കാരണം ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സി.ജെയ്‌ക്കും അതിഷ്‌ടമാവുമായിരുന്നോ എന്ന സംശയം ബലപ്പെട്ട്‌ വരുന്നു. പുരോഗമനാശയങ്ങൾ കൊണ്ടു നടന്ന ആളാണെങ്കിലും പുരുഷമേധാവിത്വം ആ രക്തത്തിൽ ഉണ്ടായിരുന്നില്ലേയെന്ന്‌ സംശയിക്കണം. ചുരുങ്ങിയ കാലത്തെ ആ വിവാഹജീവിതത്തിൽ മൂന്ന്‌ കുട്ടികളുടെ അമ്മയായ സ്ഥിതിക്ക്‌ ഏതായാലും ആ രംഗത്തേയ്‌ക്കു കടക്കാനായില്ല എന്നതും ഒരു കാരണമാകാം.

സി.ജെ.യ്‌ക്ക്‌ കുടുംബത്തോട്‌ ഒരിക്കലും ഒരുത്തരവാദിത്വം ഉണ്ടായിരുന്നില്ല. ഡിഗ്രിയെടുത്തതിന്‌ ശേഷം അധ്യാപകനായി ജോലിയാരംഭിച്ച മനുഷ്യൻ, അധികനാൾ കഴിയുന്നതിന്‌ മുന്നേ അതിട്ടെറിഞ്ഞിട്ട്‌ പോന്നു. പിന്നെ നിയമപഠനത്തിന്‌ പോയി. ബി.എൽ. പാസായെങ്കിലും വക്കീലായില്ല. രാഷ്‌ട്രീയത്തിലും സാഹിത്യത്തിലും ഇറങ്ങി. രാഷ്‌ട്രീയത്തിൽ ഏറെ ശത്രുക്കൾ. അതും സ്വന്തം പാർട്ടിയിൽ പെട്ടവർ തന്നെ ഉണ്ടായി എന്നതായിരുന്നു, യോഗം.

ഇതൊക്കെ വിവാഹത്തിന്‌ മുമ്പുളള കഥ. പക്ഷേ, വിവാഹം കഴിഞ്ഞിട്ടും ഒരുത്തരവാദിത്വബോധം കാണിക്കാത്ത ആ മനുഷ്യനെ ഞാൻ സഹിക്കുകയായിരുന്നു.

ലോകം നന്നാക്കാനിറങ്ങി, ഒന്നുമായില്ല. ജോലിയിലൊരിടത്താകട്ടെ ഉറച്ച്‌ നിൽക്കില്ല. എന്റെ അപ്പൻ വളരെ പുരോഗമന ചിന്താഗതിയുളള മനുഷ്യനായിരുന്നു. അപ്പന്റെ ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കാൻ വന്നു. സി.ജെ.യിലെ പ്രതിഭയെ അപ്പൻ ആദരിച്ചു. പക്ഷേ, യാക്കോബായ സമുദായത്തിൽപെട്ട അയാൾ ഒരു കത്തോലിക്കാ സമുദായത്തിൽപ്പെട്ടയാളുടെ മകളുടെ കാമുകനാകുമെന്ന്‌ ഒരിക്കലും വിശ്വസിച്ചില്ല. അപ്പന്റെ എതിർപ്പിന്‌ കാരണമുണ്ടായിരുന്നു. പ്രതിഭാശാലിയാണെങ്കിലും പ്രായോഗിക ജീവിതത്തിൽ സി.ജെ. ഒരു പരാജയമായിരിക്കുമെന്ന്‌ മുൻകൂട്ടി കാണാൻ അപ്പന്‌ കഴിഞ്ഞിരുന്നു.

മുപ്പത്തിരണ്ടാമത്തെ വയസ്സിൽ പ്രൊഫസർ ആയ ആളാണ്‌ അപ്പൻ. ഇന്നത്തെപ്പോലെ സർവ്വീസ്‌ നോക്കി കിട്ടുന്ന ഒന്നല്ല അത്‌. കഴിവുളളവർക്ക്‌ മാത്രമേ കിട്ടുമായിരുന്നുളളു. ചങ്ങനാശ്ശേരി എസ്‌.ബി. കോളേജിലെ പ്രൊഫസർ സ്ഥാനം സമുദായത്തിലെയും കോളേജ്‌ ഭരണത്തിലെയും അനീതി നിറഞ്ഞ മാനേജ്‌മെന്റിന്റെ നിലപാട്‌ കാരണം അവരുമായിടഞ്ഞ്‌ ഉപേക്ഷിച്ച്‌ പോന്ന അപ്പൻ, അന്ന്‌ വിദ്യാഭ്യാസരംഗത്ത്‌ നടമാടിയിരുന്ന എല്ലാത്തരം അനീതികൾക്കും ദുർന്നടപടികൾക്കും എതിരെ പോരാടിയിരുന്നു. സ്വസമുദായത്തിൽ നിന്ന്‌ ഭ്രഷ്‌ടനാക്കപ്പെട്ടവനെങ്കിലും അപ്പൻ, കുടുംബത്തിൽ നല്ലൊരു അച്‌ഛനും ഗൃഹനാഥനുമായിരുന്നു. സി.ജെ.യിലെ പ്രതിഭയെ, ആ കഴിവിനെ അപ്പൻ ആദരിച്ചു. പക്ഷേ അയാൾ മകളുടെ ഭർത്താവായി വരുന്നത്‌ ഇഷ്‌ടപ്പെട്ടില്ല. സി.ജെയിലെ പ്രതിഭയെ തന്നെയാണ്‌ ഞാനും ഇഷ്‌ടപ്പെട്ടത്‌. പക്ഷേ, അയാൾ എനിക്ക്‌ കാമുകനായതോടെ എനിക്കയാളെ വിട്ടു പിരിയാനാവില്ല എന്ന അവസ്ഥയായി. കുടുംബത്തിൽ ഇതുമൂലം വന്ന്‌ ഭവിക്കാവുന്ന വിനകൾ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

പക്ഷേ, ചിലപ്പോഴൊക്കെ അപ്പന്റെ നിലപാടുകൾ ശരിയാണെന്ന്‌ എനിക്കും തോന്നിയിരുന്നു. ഒരനിശ്ചിതത്വം നടമാടിയ സമയത്ത്‌ എന്റെ ഭാവവ്യത്യാസം കാണുമ്പോൾ സി.ജെ.യുടെ മുഖം വാടും. പിന്നെ അയാൾ യാതൊന്നും എഴുതില്ല. അതെനിക്ക്‌ സഹിക്കുമായിരുന്നില്ല. സി.ജെ. എഴുതാൻ വേണ്ടി ഞാൻ പ്രസന്നവതിയാകും. എന്നാലും സി.ജെയെ ഇഷ്‌ടപ്പെടാതിരിക്കാനുളള ഏതെങ്കിലും ഒരു സന്ദർഭം കിട്ടിയാൽ ഞാനാ ബന്ധത്തിൽ നിന്ന്‌ അകലാൻ ശ്രമിച്ചേനെ. പക്ഷേ, എന്റെ ഭാവവ്യത്യാസം കാണുമ്പോൾ സി.ജെ. തളരുകയായി. ട്യൂട്ടോറിയലിലെ പഠിപ്പിക്കൽ പിന്നെ ശരിയാവില്ല. എഴുതാനുളള കഴിവ്‌ നഷ്‌ടമാകുന്നതുപോലെ. അസാമാന്യ കഴിവുളള ഒരു പ്രതിഭ നഷ്‌ടമാവുന്നതിനെപ്പറ്റി എനിക്കാലോചിക്കാനേ ആവുന്നില്ല. അവസാനം എന്റെ നിർബന്ധത്തിന്‌ വഴങ്ങി, എന്റെ ശാഠ്യത്തിന്‌ വഴങ്ങി- അപ്പനും അമ്മയും സി.ജെ.യുമായുളള ബന്ധത്തിന്‌ സമ്മതിക്കുകയായിരുന്നു.

വിവാഹിതയായതോടെ- ഒരു കുടുംബിനിയുടെ റോളിലേയ്‌ക്ക്‌ മാറിയപ്പോൾ എനിക്കെന്റെ സാഹിത്യവാസനകൾ മാറ്റി വയ്‌ക്കേണ്ടി വന്നു. എങ്കിലും ജോർജ്ജ്‌ ഓർവെല്ലിന്റെ ‘ആനിമൽഫാം’ എന്ന പേരിലും ഭവാനി ഭട്ടാചാര്യയുടെ ‘സോമെനി ഹംഗേഴ്‌സ്‌- ’വിശപ്പ്‌ വിശപ്പ്‌‘ എന്ന പേരിലും തർജ്ജമ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്‌. വിവാഹം കഴിഞ്ഞെങ്കിലും സി.ജെ. നല്ലൊരു കുടുംബനാഥനായി മാറുമെന്ന ധാരണ പാടെ തെറ്റി. സ്ഥിരമായി വരുമാനമുള ഒരു പണിയിലും അധികനാൾ സി.ജെ ഉറച്ച്‌ നിന്നില്ല. ഓൾ ഇൻഡ്യാ റേഡിയോവിൽ പ്രോഗ്രാം പ്രൊഡ്യൂസറായി. ഉയർന്ന ഉദ്യോഗസ്ഥരുടെ താളത്തിന്‌ തുളളാനാവില്ലെന്ന്‌ പറഞ്ഞ്‌ അതുപേക്ഷിച്ചു. ദക്ഷിണ ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിലായിരുന്നു പിന്നെ ചേക്കേറിയത്‌. നിസ്സാര കാരണം പറഞ്ഞ്‌ അതും വേണ്ടെന്ന്‌ വച്ചു. ’ഡമോക്രാറ്റ്‌, പ്രസന്ന കേരളം‘ തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു. അതും വിട്ടു. പിന്നീട്‌ നാഷണൽ ബുക്ക്‌ സ്‌റ്റാളിന്റെ പുസ്‌തകങ്ങളുടെ കവർചിത്രം വരയ്‌ക്കലായി ജോലി. അവരുടെ പുറംചട്ടയിലെ ആ അരയന്നത്തിന്റെ ’എംബ്ലം‘ സി.ജെ.യുടെ സംഭാവനയാണ്‌. പക്ഷേ, അതൊന്നും ഒരു സ്ഥിരം വരുമാനം കിട്ടുന്ന ജോലിയല്ലല്ലോ. വീട്ടിൽ ഭാര്യയും കുഞ്ഞുങ്ങളും ഉണ്ട്‌ എന്ന ചിന്ത ഒരിക്കലും സി.ജെ.യെ അലട്ടിയില്ല. പക്ഷേ, വീട്ടുകാരുടെ എതിർപ്പിനെ വകവയ്‌ക്കാതെ ഞാൻ വരിച്ച ബന്ധമല്ലേ? അതായിരുന്നു സഹിക്കുകയായിരുന്നുവെന്ന്‌ പറഞ്ഞത്‌.

ഇവൻ എന്റ പ്രിയ സി.ജെ. എന്ന പുസ്‌തകം എഴുതുന്നത്‌ സി.ജെ. മരിച്ച്‌ ഒൻപത്‌ വർഷം കഴിഞ്ഞാണ്‌. തീർച്ചയായും സി.ജെയുടെ ഓർമ്മകൾ എന്നെ തീവ്രമായി അലട്ടിക്കൊണ്ടിരുന്ന ഒരു കാലഘട്ടം.. ഒരു നല്ല കുടുംബനാഥനായിരുന്നുവെന്ന അഭിപ്രായമില്ലെങ്കിലും, നല്ലൊരു മേൽവിലാസം തന്നിട്ടാണ്‌ സി.ജെ. പോയത്‌. സി.ജെയുടെ മേൽവിലാസം എനിക്ക്‌ പലതരത്തിൽ ഉപകരിച്ചിട്ടുണ്ട്‌. ആ സമയത്ത്‌ സി.ജെ.യുടെ എല്ലാ ദൗർബ്ബല്യങ്ങളും തുറന്ന്‌ കാണിച്ച്‌ എഴുതുക എന്നത്‌ ആലോചിക്കാൻ കൂടി വയ്യായിരുന്നു. മാത്രമല്ല നല്ലൊരു കുടുംബനാഥനല്ലെങ്കിലും കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്നു. എന്നെയും പ്രാണനെപ്പോലെ സ്‌നേഹിച്ചിരുന്നു. ആ മനുഷ്യനെ ആ സമയം തീർത്തും തളളിക്കളയാനെനിക്കാവില്ലായിരുന്നു.

പിന്നീട്‌ ഞാൻ ബി.എഡിന്‌ പോയി പാസായി. അദ്ധ്യാപികയായി. അങ്ങനെ ജോലിയിൽ പ്രവേശിക്കാനായതുകൊണ്ട്‌ എനിക്ക്‌ എന്റെ കുടുംബത്തെയും സി.ജെ.യുടെ കുടുംബത്തെയും നന്നായി നോക്കാൻ കഴിഞ്ഞു. കുട്ടികളെ നല്ല നിലയിൽ വളർത്താനും.

സി.ജെയുടെ പുസ്‌തകങ്ങൾ ഒന്നും എളുപ്പം വിറ്റു പോകുന്ന പുസ്‌തകങ്ങളായിരുന്നില്ല. അതുകൊണ്ട്‌ അതിൽ നിന്നുളള വരുമാനം പ്രതീക്ഷിക്കാൻ വയ്യായിരുന്നു. ഇക്കാര്യത്തിൽ ചങ്ങമ്പുഴയുടെ കുടുംബത്തിന്‌ ലഭിച്ച ഭാഗ്യം എനിക്കില്ലാതെ പോയി. ചങ്ങമ്പുഴയുടെ രമണൻ മാത്രം മതിയായിരുന്നു ശ്രീദേവിക്ക്‌ ആയുഷ്‌ക്കാലം സുഖമായി കഴിഞ്ഞുകൂടാൻ. അപ്പോൾ പിന്നെ ഞാൻ പഴയ പാരമ്പര്യവും മാമൂലും പറഞ്ഞിരുന്നാൽ ശരിയാവില്ലല്ലോ. അതുകൊണ്ടാണ്‌ ഞാൻ അധ്യാപകവൃത്തിയിലേക്ക്‌ തിരിഞ്ഞത്‌.

അങ്ങനെയിരുന്നപ്പോഴാണ്‌ പലരും സി.ജെ.യെപ്പറ്റി എഴുതണം എന്നാവശ്യപ്പെട്ടത്‌. സി.ജെ.യുടെ വ്യക്തിത്വത്തിന്റെ നാനാവശങ്ങൾ എടുത്ത്‌ കാണിച്ച്‌ പലരും പല ലേഖനങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്‌. ചിലർ സി.ജെയുടെ കൃതികളെ പ്രത്യേകമായി പഠിച്ചും എഴുതി. അപ്പോഴാണ്‌ എനിക്കും ഒരു കുറ്റബോധം. എഴുതാൻ കഴിവുണ്ടായിട്ടും ഞാൻ മാത്രം നിശ്ശബ്‌ദമായിരിക്കുക. അങ്ങനെയുളള സമയത്ത്‌ ഒരാളുടെ ദൂഷ്യവശങ്ങൾ മാത്രം പെരുപ്പിച്ച്‌ എഴുതുന്നത്‌ ശരിയല്ലെന്ന്‌ തോന്നി. ’ഈ പുസ്‌തകം ഒരുപഹാരമാണ്‌. ജീവിച്ചിരിക്കുന്ന ഭാര്യ മൺമറഞ്ഞു പോയ ഭർത്താവിന്‌ അർപ്പിക്കുന്ന പ്രേമോപഹാരം.‘ ’ഇവൻ എന്റെ പ്രിയ സി.ജെ.‘യ്‌ക്ക്‌ റോസി തോമസ്‌ എഴുതുന്ന ആ മുഖക്കുറിപ്പ്‌ അവസാനിക്കുന്നതിങ്ങനെയാണ്‌.

ആദ്യം മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ്‌ സീരിയലൈസ്‌ ചെയ്‌ത്‌ വന്നത്‌. എഴുതിക്കഴിഞ്ഞപ്പോൾ അന്നത്തെ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപർ എം.ടി. വാസുദേവൻ നായരുടെ പേർക്കയക്കുകയായിരുന്നു. വാസുദേവൻ നായർ അത്‌ ഒറ്റയിരുപ്പിന്‌ വായിച്ചിട്ട്‌ എനിക്കെഴുതി, പുസ്‌തകം ഇഷ്‌ടമായെന്നും സി.ജെ. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ അംഗീകാരം കിട്ടുമായിരുന്നെന്നും. 1969 ജൂലൈ 20-​‍ാം തീയതി മുതലുളള ആഴ്‌ചപ്പതിപ്പിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതോടെ എനിക്കാശ്വാസമായി. ഒരെഴുത്തുകാരിയാണെന്ന ആത്മവിശ്വാസം അപ്പോഴേ ഉണ്ടായുളളൂ.

’-എന്റെ പൊന്നേ, ഞാനെന്റെ പ്രാണനേക്കാൾ നിങ്ങളെ സ്‌നേഹിക്കുന്നു. വാക്കുകളെന്റെ ഹൃദയത്തിലിരുന്ന്‌ ഞെരുങ്ങി, പുറത്തേയ്‌ക്കു വന്നില്ല. പകരം ഞാൻ പറഞ്ഞുഃ ‘വീടടുത്തു. ചെന്നാൽ ഊണ്‌ കാത്ത്‌ വെച്ചിരിക്കുമല്ലോ, അല്ലെ?’ ‘ഓ-ഊണ്‌’ – ‘പിന്നെ ചക്കരക്കുട്ടനെന്ത്‌ വേണം. ഹൃദയമോ?- ഞാനോർത്തു. പക്ഷേ പുറത്ത്‌ പറഞ്ഞതിങ്ങനെയാണ്‌. “എന്നെ പോലുളള വയറികൾക്ക്‌ ഉണ്ണാതെ പറ്റില്ല. സാറ്‌ വല്ല തേനോ മറ്റോ ആയിരിക്കും കഴിക്കുന്നത്‌?” സി.ജെ തികച്ചും നിശ്ശബ്‌ദനായി നടന്നു. വീടിന്റെ പടിയായി. “ഗുഡ്‌നൈറ്റ്‌”. അല്‌പം കിതപ്പോടെ ഞാൻ വീട്ടിലേയ്‌ക്കോടി കയറി. സി.ജെ. എന്നെ അനുഗമിച്ചപ്പോൾ ഞാൻ തികച്ചും അത്ഭുതപ്പെട്ടു. വീട്ടിൽ വേണ്ടപ്പെട്ടവരാരുമില്ലാത്ത അവസരത്തിൽ, അസമയത്ത്‌ സി.ജെ. ഒരിക്കലും വരികയില്ല. മുറ്റത്ത്‌ ഒരൊട്ടുമാവ്‌ പന്തലിച്ച്‌ നില്‌പുണ്ട്‌. അല്‌പം നിലാവുണ്ടായിരുന്നതായി ഓർക്കുന്നു. മാവിന്റെ ചാഞ്ഞ ശിഖരങ്ങൾ നിലത്ത്‌ കെട്ടിമറയുന്ന നിഴലുകൾ… ’കൊച്ചേ‘… എന്റെ നേർക്ക്‌ കൈകൾ നീട്ടി. ഞാൻ അറിയാതെ ആ കൈകളിലേയ്‌ക്കു വഴുതി വീണു. ലക്കില്ലാത്തവനെപ്പോലെ സി.ജെ. എന്നെ ചുംബിച്ചു. നിമിഷങ്ങൾ കടന്നുപോയി. പെട്ടെന്ന്‌ പരിസരമോർമ്മിച്ച്‌ സി.ജെ. പടികടന്ന്‌ റോഡിലിറങ്ങി. ഞങ്ങൾക്ക്‌ പണ്ടത്തെ അഭയം തുടരാൻ പറ്റാതായി.

(-’ഇവൻ എന്റെ പ്രിയ സി.ജെ.)

‘ഇവൻ എന്റെ പ്രിയ സി.ജെ.’ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയപ്പോൾ വ്യാപകമായ പ്രതികരണങ്ങൾ- അധികവും അഭിനന്ദിച്ചു കൊണ്ടുളള കത്തുകൾ- വിളികൾ ഇവയുണ്ടായി. പക്ഷേ, നമ്മുടെ വാരഫലം സാഹിത്യകാരൻ അതിനെ നിശിതമായി വിമർശിച്ചുകൊണ്ട്‌ അന്ന്‌ മലയാളനാട്ടിലെ സാഹിത്യവാരഫലത്തിൽ എഴുതി. ഞാൻ കാര്യമാക്കിയില്ല. പക്ഷേ, കൊടുങ്ങല്ലൂർ സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിൽ വച്ച്‌ സ്‌ത്രീകളായ എഴുത്തുകാരോടുളള വാരഫലക്കാരന്റെ അസഹിഷ്‌ണത ചൂണ്ടിക്കാട്ടി രണ്ട്‌ വാക്ക്‌ സംസാരിച്ചു. സമ്മേളനപ്പന്തലിന്റെ മുൻനിരയിൽ തന്നെ അദ്ദേഹമുണ്ടായിരുന്നു. പക്ഷേ – ‘ഇവൻ എന്റെ പ്രിയ സി.ജെ.’യുടെ അവസാന അദ്ധ്യായം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ അഭിനന്ദിച്ചുകൊണ്ട്‌ എഴുതുകയുണ്ടായി.

ഇനി എഴുതിയാലും എല്ലാം തുറന്നെഴുതാൻ പറ്റിയെന്ന്‌ വരില്ല. കാരണം സി.ജെ. എനിക്ക്‌ ശക്തിയും ദൗർബ്ബല്യവും തന്നെയായിരുന്നു. ഇക്കാര്യത്തിൽ മാധവിക്കുട്ടിക്കുളള ചങ്കൂറ്റഹം എനിക്കില്ല. പ്രണയമായാലും കുടുംബജീവിതമായാലും എല്ലാം തുറന്നെഴുതാനുളള ആ കുസലില്ലായ്‌മ ഇപ്പോൾ കമലാ സുരയ്യയായി മാറിയിട്ടും അവർ തുടരുന്നു. മാന്ത്രിക സ്‌പർശമുളള രചനകളാണവരുടേത്‌. പരിമിതമായ വാക്കുകൾ കൊണ്ടമ്മാനമാടി വായനക്കാരുടെ ഹൃദയത്തിൽ എന്നെന്നും ഒരു സ്ഥാനം അവർ നേടിയിട്ടുണ്ട്‌. അങ്ങനെയൊരു എഴുത്തുകാരി മലയാളത്തിൽ വേറെയില്ല. ഇപ്പോഴും പ്രണയത്തെപ്പറ്റി എഴുതാൻ അവർക്ക്‌ കഴിയുന്നു. അവരുടെ രചനയിൽ അസഹിഷ്‌ണതയുളളവർ അധികവും സ്‌ത്രീകളാണ്‌. കാരണം അവർക്കുളള തന്റേടം മറ്റാർക്കും കിട്ടുന്നില്ല.

സി.ജെ.യുടെ വരവിന്‌ മുന്നേ പരിചയപ്പെട്ട ബഷീറിനും ഒരു പ്രണയമുണ്ടായിരുന്നു. ഒരു ഹിന്ദു യുവതിയുമായിട്ട്‌. പക്ഷേ, ആ ബന്ധം വിലക്കുകയായിരുന്നു. കാരണം ബഷീറിലെ പ്രതിഭ അപ്പൻ നേരത്തേ തന്നെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ആ ഹിന്ദു യുവതിയുമായുളള ബന്ധം വിവാഹത്തിൽ കലാശിച്ചാൽ അന്നത്തെ കാലത്ത്‌ സമുദായം ചേരി തിരിഞ്ഞുളള ബഹളവും ലഹളയും, അതോർക്കാനേ വയ്യ. അതോടെ ബഷീർ എന്ന എഴുത്തുകാരന്റെ മരണം അപ്പൻ മുൻകൂട്ടി കണ്ടു. അതുകൊണ്ട്‌ അപ്പൻ തന്നെ ബഷീറിനെ അതിൽ നിന്നും പിൻതിരിപ്പിച്ചു. അതുകൊണ്ട്‌ നമുക്ക്‌ ബഷീറിൽ നിന്ന്‌ ‘പാത്തുമ്മയുടെ ആടും’, ‘എന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’, ‘ബാല്യകാല സഖി’ എന്നിവ ലഭിച്ചു. അന്നത്തെ ആ കാലത്തെപ്പറ്റി ബഷീർ എഴുതിയ പുസ്‌തകം – ‘അനുരാഗത്തിന്റെ ദിനങ്ങൾ’ ബഷീറിന്റെ മുറിയിൽ ഏറെക്കാലം വെളിച്ചം കാണാതെയിരുന്നു. ബഷീറിന്റെ മുറിയിൽ സ്വാതന്ത്ര്യമുണ്ടായിരുന്ന എം.ടി. എൺപതുകളുടെ ആദ്യം അത്‌ കണ്ടെടുത്ത്‌ പിന്നീട്‌ പുസ്‌തകമാക്കുകയായിരുന്നു.

സി.ജെ.യെപ്പറ്റി ഇനി കൂടുതലെന്തെഴുതാനാണ്‌? ഒന്നെനിക്ക്‌ ബോധ്യമായി. പ്രതിഭാശാലികൾ- സോക്രട്ടീസിനെപ്പോലുളളവർ വിവാഹ ബന്ധത്തിലേർപ്പെടരുതെന്നാണ്‌ എന്റെ വിശ്വാസം. കാരണം അവർ കുടുംബജീവിതത്തിൽ പരാജയമായിരിക്കും. സി.ജെ.യുടെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്‌. ഇനി ഒരു ജന്മമുണ്ടെങ്കിൽ സി.ജെ.യുടെ കാമുകിയോ ഭാര്യയോ ആവാൻ എനിക്കു മോഹമില്ലെന്ന്‌ ഒരിക്കലെഴുതിയതും അതുകൊണ്ടാണ്‌.

Generated from archived content: eassay1_july12_08.html Author: rosi_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here