പെരിയാർ – ഇന്നലെയുടെ വരദാനം, ഇന്ന്‌ ചൂഷണപാത്രം, നാളെ സംഹാരമൂർത്തി

ദക്ഷിണഗംഗ എന്നറിയപ്പെടുന്ന പെരിയാർ കേരളത്തിലെ 44 നദികളിൽ ഏറ്റവും നീളം കൂടിയതും, ഏറ്റവും അധികം ജലവിഭവശേഷിയുളളതുമാണ്‌. നമ്മുടെ സാമൂഹിക, സാംസ്‌ക്കാരിക, മതമേഖലകളെ ഇത്ര അധികം സ്വാധീനിച്ചിട്ടുളള വേറൊരു നദി ഉണ്ടെന്നു തോന്നുന്നില്ല. പർവ്വതനിരയുടെ പനിനീരായി കവികൾ പാടി പുകഴ്‌ത്തിയിട്ടുളള ഈ ജലസ്രോതസ്സിന്റെ ഇന്നത്തെ അവസ്ഥ പ്രകൃതിസ്‌നേഹികളെ ഇരുത്തി ചിന്തിപ്പിക്കുന്നു. കുറിഞ്ഞിപൂക്കുന്ന പശ്ചിമഘട്ടങ്ങളിലെവിടേയോ ഉത്ഭവിച്ച്‌, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളെ പരിപോഷിപ്പിക്കുന്ന ഈ നദി വേമ്പനാട്ടു കായലിൽ ചേർന്ന്‌ അറബിക്കടലിൽ പതിയ്‌ക്കുന്നു. തേക്കടി വന്യമൃഗസങ്കേതവും, പെരിയാർ തടാകവും ലോകപ്രസിദ്ധിയാർജ്ജിച്ച കേരളത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌. എന്നാൽ താഴോട്ടുളള പ്രയാണത്തിൽ അവിടവിടെയായി നദിയ്‌ക്കുണ്ടാവുന്ന മാറ്റം അതിന്റെ പരിസ്ഥിതിയെ തകിടം മറിച്ചു കൊണ്ടേയിരിക്കുന്നു.

സ്വച്ഛമായി ഒഴുകുന്ന പുഴകൾ ഇന്ന്‌ വിരളമാണ്‌. മിക്ക പുഴകളും അണക്കെട്ടുകൾകൊണ്ട്‌ ബന്ധിക്കപ്പെടുന്നു. പെരിയാറിനു കുറുകെ ചെറുതും വലുതുമായ 14 അണക്കെട്ടുകൾ ഉണ്ട്‌. ഇടുക്കി ജലവൈദ്യുതപദ്ധതിയ്‌ക്കുവേണ്ടി പെരിയാറിന്റെ ഗതിതന്നെ നിയന്ത്രിക്കപ്പെട്ടിരുന്നു. കുളമാവ്‌ ഡാമിൽ നിന്നൊഴുകുന്ന ജലം മുവാറ്റുപുഴയാറ്റിലേക്ക്‌ തിരിച്ചുവിടുന്നു. അങ്ങനെ ഭാഗികമായി പുഴ വിഭജിക്കപ്പെടുന്നു. താഴോട്ടുളള പ്രവാഹം ഗണ്യമായി കുറയുന്നു. ഇതുമൂലം പെരിയാറിലെ നീരൊഴുക്ക്‌ നിയന്ത്രിക്കപ്പെടുന്നു. സമീപകാലത്ത്‌ പെരിയാറ്റിലേക്കുളള ഉപ്പുവെളളത്തിന്റെ തളളൽ വർദ്ധിച്ചുവന്നതായി കണ്ടുവരുന്നുണ്ട്‌.

വ്യവസായ കേരളത്തിന്റെ ആസ്ഥാനം പെരിയാറിന്റെ തീരത്തുളള ആലുവ, കളമശ്ശേരി, ഏലൂർ ഉദ്യോഗമണ്ഡൽ മേഖലകളാണ്‌. കേരളത്തിലെ 26 വ്യവസായ സ്ഥാപനങ്ങളിൽ 16 എണ്ണം ഈ പ്രദേശത്താണ്‌. ഈ വ്യവസായ മേഖലകളിൽ നിന്നും ഏകദേശം 0.104 മില്യൺ മീറ്റർക്യൂബ്‌ രാസമാലിന്യങ്ങൾ ദിനംപ്രതി പെരിയാറിൽ എത്തിചേരുന്നതായി കണക്കാക്കപ്പെടുന്നു. ഇതിനുപുറമെ ഏകദേശം 260ടൺ ഗാർഹീക മാലിന്യങ്ങളും ദിവസംതോറും ഈ നദിയിൽ തളളുന്നു. സൽഫ്യൂരിക്കാസിഡ്‌, അലൂമിനിയം ഫ്ലൂറൈഡ്‌, മീഥൈൻ മെർക്കുറി എന്നിവയുടെ തോത്‌ ഈ നദിയിൽ കൂടുതലാണെന്ന്‌ ശാസ്‌ത്രപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. ഇതിലെ വിഷാംശങ്ങൾ വെളളത്തിലെ സൂക്ഷ്‌മ സസ്യങ്ങളെയും ജീവികളെയും നശിപ്പിക്കാൻ പര്യാപ്തമാണ്‌. അടിത്തട്ടിൽ ജീവിക്കുന്ന ജീവികൾ ഈ വ്യവസായ മേഖലയിൽ കാണാറേയില്ല. ചെമ്മീൻ, മത്സ്യം എന്നിവയുടെ ആഹാരമായ ഈ സസ്യജീവികളുടെ തിരോധാനം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു. പലഭാഗങ്ങളിലും മീനുകൾ ചത്തുപൊങ്ങാറുണ്ട്‌. പ്രസരണരാസവസ്‌തുക്കളുടെ കലർപ്പു നിമിത്തം പുഴയിൽ കുളിക്കുന്നവർക്ക്‌ ത്വക്ക്‌ രോഗങ്ങളും, ശ്വാസകോശരോഗങ്ങളും വളരെ കൂടുതലാണ്‌. മഞ്ഞുമ്മൽ എന്ന സ്ഥലത്ത്‌ കാൻസർ രോഗികളുടെ എണ്ണം വളരെ കൂടിയിട്ടുണ്ടെന്ന്‌ പെരിയാർ സംരക്ഷണ സമിതി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ആലുവാ, അങ്കമാലി പ്രദേശത്ത്‌ പെരിയാറിൽ നടന്നുകൊണ്ടിരിക്കുന്ന മണലൂറ്റലും, ശ്രീമൂലനഗരം പോലെയുളള ഗ്രാമങ്ങളിൽ നടക്കുന്ന ഇഷ്‌ടികനിർമ്മാണവും പെരിയാറിന്റെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. പാർപ്പിട സമുച്ചയങ്ങളിൽ നിന്നുളള മാലിന്യങ്ങൾ ജലത്തിന്റെ നിർവ്വാഹകശേഷിയെ ഗണ്യമായി കുറച്ചിരിക്കുന്നു. പെരിയാർ മലിനീകരണത്തിനെതിരായി മനുഷ്യാവകാശകമ്മീഷൻ നടത്തിയ സർവ്വേയിൽ വരാപ്പുഴഭാഗത്ത്‌ ഇടയ്‌ക്കിടെ ജലത്തിന്‌ ചുവപ്പുനിറം ഉണ്ടാകുന്നതായി കണ്ടെത്തി. ഒരുകാലത്ത്‌ സമൃദ്ധമായി കിട്ടിയിരുന്ന കരിമീൻ, തിരുത, കണമ്പ്‌ മുതലായ കായൽമത്സ്യങ്ങളും പുഴമത്സ്യങ്ങളും ഇന്ന്‌ ഗണ്യമായി കുറഞ്ഞിരിക്കുന്നു.

വിശാലകൊച്ചിക്കു മുഴുവൻ കുടിവെളളം നൽകുന്ന ഈ നദിയെ നാശത്തിൽനിന്നും രക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകരും, ശാസ്‌ത്രസാഹിത്യപരിക്ഷത്തും മറ്റും മുറവിളികൂട്ടുന്നുണ്ടെങ്കിലും നദിയുടെ സന്തുലിതാവസ്ഥ ക്രമേണ നശിച്ചുകൊണ്ടിരിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ വീണ്ടെടുക്കാൻ പറ്റാത്തവിധം ഈ നദിയുടെ പരിസ്ഥിതി താറുമാറാക്കപ്പെടും.

പെരിയാർ മലയാളിക്ക്‌ എന്നും പവിത്രമാണ്‌. ആലുവാ ശിവരാത്രി, ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി, സെന്റ്‌ തോമസിന്റെ പാദസ്പർശത്താൽ പുണ്യമാക്കപ്പെട്ട മലയാറ്റൂർ എന്നീ തീർത്ഥാടനകേന്ദ്രങ്ങളും ഈ നദിയുടെ തീരത്താണ്‌. സമ്പൂർണ്ണസാക്ഷരരെന്നവകാശപ്പെടുന്ന മലയാളികൾ ഈ നദിക്കുവേണ്ടി ഉണർന്നു പ്രവർത്തിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. സ്വാർത്ഥതാല്പര്യവും ധനമോഹവും കൊണ്ട്‌ വരുംതലമുറകൾക്കുകൂടി അവകാശപ്പെട്ട ഈ ജലസമ്പത്ത്‌ നാം ചൂഷണംചെയ്‌തു നശിപ്പിക്കരുത്‌. അമൃതവാഹിനിയായിരുന്ന ഈ പുഴയെ ഒരു കാളിന്ദിയാക്കി മാറ്റാതെ ഇതിലെ ജൈവസമ്പത്തും ഇതിന്റെ പരിശുദ്ധിയും നിലനിർത്തേണ്ടത്‌ നമ്മുടെ കർത്തവ്യമാണ്‌. പ്രകൃതി കനിഞ്ഞുതന്നിരിക്കുന്ന ഈ ശുദ്ധജലസ്രോതസ്സ്‌ അഭംഗുരം നമുക്കും നമ്മുടെ പിൻഗാമികൾക്കുംവേണ്ടി കാത്തുസൂക്ഷിക്കാം.

Generated from archived content: periyar.html Author: rosamma_kuryakose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English