മായ

പുലർച്ചക്കെപ്പോഴോ മഴ തുടങ്ങുമ്പോൾ ഉറക്കം നന്നായി തെളിഞ്ഞിരുന്നു. ഇത്ര നേരമായിട്ടും മഴ പെയ്‌തുകൊണ്ടേ ഇരിക്കുന്നു.

ചിന്തകളിൽ പെയ്‌തിറങ്ങുന്നതെന്തെന്ന്‌ നിർവചിച്ചെടുക്കാൻ തീരെ ആയാസപെടേണ്ടതില്ലെനിക്ക്‌. യുഗാന്തര ബന്ധങ്ങൾ എന്നൊക്കെ പറയുന്നതിൽ അർത്ഥമുണ്ടെന്ന്‌ എനിക്ക്‌ തോന്നിത്തുടങ്ങിയത്‌ എന്നാണ്‌? ഇരമ്പി പെയ്യുന്ന മഴ നോക്കി, മറ്റൊരു സിഗരറ്റെടുത്ത്‌ ഞാൻ ചുണ്ടിൽ വെച്ചു. മുറ്റത്തെ ചട്ടികളിൽ പൂത്തു നിൽക്കുന്ന റോസ്‌ ചെടിയുടെ ഇലകളിൽ വെള്ളം നനയാതെ ഉരുണ്ട്‌ വീഴുന്നത്‌ കാണുമ്പോൾ ഇപ്പോഴും ഒരു കൗതുകം തന്നെ. ഇന്നലെ രാത്രി മുഴുവൻ മായ പറഞ്ഞ കഥകളിൽ മഴ നിറഞ്ഞ്‌ നിന്നിരുന്നു. അതുകൊണ്ടാണോ ഇന്ന്‌ കാലം തെറ്റി ഒരു മഴ??

‘സിഗരറ്റ്‌ കൂടുന്നത്‌ ഞാനറിയുന്നില്ലെന്നൊന്നും കരുതണ്ട. നിർത്തിയത്‌ പിന്നേയും തുടങ്ങേണ്ട ഒരു കാര്യവും ശ്രീക്കുണ്ടായിരുന്നില്ല….’ പത്രത്തിനു മുകളിൽ ചായ വെച്ച്‌ അകത്തേക്ക്‌ തിരിഞ്ഞ്‌ നടക്കുമ്പോൾ ലക്ഷ്‌മി പരിഭവം പറഞ്ഞു. ‘ഇന്ന്‌ രാവിലെ തന്നെ മഴ. രണ്ട്‌ സിസേറിയൻ കേസുള്ളതാ. സമയത്തിന്‌ എത്തിയേ പറ്റൂ. ട്രാഫിക്ക്‌ ഇന്നെന്താകുമോ എന്തോ….’ ലക്ഷ്‌മിയുടെ ശബ്‌ദം അകത്തെവിടെയോ അലിഞ്ഞ്‌ പോയിരിക്കുന്നു.

എന്റെ വിരലുകൾക്കൊക്കെ വല്ലാത്ത തണുപ്പ്‌…. പെട്ടെന്നൊരു മഴക്ക്‌ ഇത്രയേറെ തണുപ്പിക്കാനാകുമോ മനസ്സും ശരീരവും? ബൈപ്പാസ്സ്‌ കഴിഞ്ഞതിൽ പിന്നെ ഒന്നും തന്നെ ചെയ്യാനില്ല. വായന, സംഗീതം, അൽപം എഴുത്ത്‌, പിന്നെ ഏകാന്തത, മൗനം…. ഇതുമായൊക്കെ വളരെയേറെ പൊരുത്തപ്പെട്ടിരിക്കുന്നു ഇപ്പോൾ. ലക്ഷ്‌മി പാവം…. തിരക്കോട്‌ തിരക്കാണ്‌. ഹോസ്‌പിറ്റലും, വീടും…. എന്നിട്ടും എല്ലാം ഓടി നടന്ന്‌ ചെയ്യുന്നു. മുരുകൻ ഭക്ഷണം വെക്കുന്നതും, വീട്‌ വൃത്തിയാക്കുന്നതും ഒന്നു തൃപ്‌തികാണില്ല അവൾക്കെന്ന്‌ എനിക്കറിയാം. ലക്ഷ്‌മിക്ക്‌ തിരക്കുകളിൽ ഇതല്ലാതെ മറ്റു മാർഗ്ഗമില്ലല്ലോ. ലക്ഷ്‌മിയെ സ്‌നേഹിച്ചത്‌പോലെ എനിക്ക്‌ മറ്റാരെയെങ്കിലും സ്‌നേഹിക്കാനാകുമോ? മായ വന്നതിൽ പിന്നെയാണ്‌ എന്നോട്‌ തന്നെ ഈ ചോദ്യം – ദിവസവും പലതവണ ഇല്ലെന്ന്‌ നൂറു തവണ മറുപടിയും തരും മനസ്സ്‌. എന്നിട്ടും എന്തോ ഒരു ഉറപ്പില്ലാത്ത പോലെ.

‘ശ്രി, ഒരുപാട്‌ നേരം പുറത്തിരുന്ന്‌ തണുപ്പടിക്കണ്ട.’ ഷാൾ കഴുത്തിലൂടെ പുതപ്പിച്ച്‌ ലക്ഷ്‌മി എന്റെ കവിളത്ത്‌ മുഖം ചേർത്തു ‘ഇന്ന്‌ സിസേറിയൻ കഴിഞ്ഞ്‌ ആൺകുഞ്ഞാണെന്ന്‌ കാണുമ്പോൾ ഗ്രേസി ഒരുപാട്‌ സന്തോഷിക്കും. അല്ലെ ശ്രീ? ലക്ഷ്‌മിയുടെ നെടുവീർപ്പ്‌ എന്റെ കഴുത്തിൽ വീഴുന്നത്‌ ഞാനറിഞ്ഞു. എനിക്കൊന്നിനും മറുപടിയില്ലെന്ന്‌ അവൾക്കറിയാം. ഓരോ കുഞ്ഞ്‌ ജനിക്കുമ്പോഴും ലക്ഷ്‌മി സന്തോഷിക്കും. ഇങ്ങനെ അടുത്തു വന്നിരുന്ന്‌ വിവരിക്കും. താലോലിക്കാനും ഓമനിക്കാനും സ്വന്തമായൊരു കുഞ്ഞുണ്ടാകില്ലെന്ന്‌ അറിയുന്നതിന്‌ വളരെ മുന്നേയുള്ള രീതിയാണ്‌ അതും. മറുപടിയൊന്നും പറയാത്ത, ഒന്ന്‌ പ്രതികരിക്കുകകൂടി ചെയ്യാത്ത എന്റെ മുടിച്ചുരുളുകളിൽ വിരലോടിച്ച്‌ അവളെഴുന്നേറ്റ്‌ തിരിഞ്ഞു നടന്നു. തിരിഞ്ഞു നടക്കുമ്പോൾ എന്റെ മുഖത്തേക്കു വീണ സാരിത്തുമ്പിൽ പനിനീർപ്പൂവിന്റെ ആശ്വസിപ്പിക്കുന്ന ഒരു മണമുണ്ടായിരുന്നു.

തിരക്കിട്ട്‌ പണികളെല്ലാം തീർത്ത്‌, കാറിൽ കയറി ഗെയ്‌റ്റ്‌ കടക്കും വരെ മരുന്നിന്റെയും ഭക്ഷണത്തിന്റേയും സിഗററ്റിന്റേയും കാര്യങ്ങൾ പലതും അവൾ പറഞ്ഞു കൊണ്ടേയിരുന്നു. അത്‌ എന്നും പതിവുള്ളതുമാണ്‌. എത്ര തിരക്കായാലും സമയാസമയം ലക്ഷ്‌മി വിളിക്കും. എന്റെ ആരോഗ്യത്തിലും, ഏകാന്തതയിലുമൊക്കെ അവളൊരുപാട്‌ വ്യാകുലപ്പെടുന്നുണ്ടെന്നെനിക്കറിയാം.

ഞാൻ കണ്ണടച്ച്‌ മഴയുടെ ശബ്‌ദത്തിന്‌ ചെവിയോർത്തു. കഴിഞ്ഞ കുറേ മാസങ്ങളായി മനസ്സ്‌ മറ്റൊരു പ്രതലത്തിലാണ്‌. ചുറ്റും നടക്കുന്നതൊക്കെ അറിയുന്നണ്ടെങ്കിലും, അറിയാത്തപോലൊരു അവസ്‌ഥ. മുൻപൊക്കെ മഴ കേട്ട്‌ കിടക്കാൻ വല്ലാത്ത ആശ്വാസമായിരുന്നു. ഇപ്പോഴെന്തോ അതും നഷ്‌ടമായ പോലെ. മനസ്സ്‌ മുഴുവൻ മായയാണ്‌. അവളുടെ മുഖവും ആ വിടർന്ന കണ്ണിലെ തിളക്കവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

’നീ എനിക്കാരാണ്‌? അവളോടടുക്കുമ്പോഴും, അടുത്ത ശേഷവും എത്രയോ തവണ ചോദിച്ചിരിക്കുന്നു ഈ ചോദ്യം. പലപ്പോഴും ഒരു പുഞ്ചിരി, അല്ലെങ്കിൽ ‘ഞാൻ ശ്രീയുടെ ആത്മാവല്ലെ?’ എന്ന മറുചോദ്യം.

സർജറി കഴിഞ്ഞ്‌ ഒറ്റക്ക്‌ കിടക്കുന്ന ദിവസങ്ങളിലാണ്‌ മായയെ പരിചയപ്പെടുന്നത്‌. അഞ്ചാം ക്ലാസ്സിൽ തൊട്ടടുത്തിരുന്ന പേരു മറന്നു പോയ ഒരു പെൺകുട്ടിയെയാണ്‌ അവളെ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത്‌. തെറ്റിയ കണക്കുകൾ എന്നും എഴുതി തന്ന കൂട്ടുകാരി….. രണ്ടായി പിന്നിയിട്ട മുടിയുടെ ഒരു വശത്തു ചൂടിയ പനിനീർ പൂവിന്റെ ഇതളുകൾ എന്റെ മടിയിലേക്ക്‌ കൊഴിഞ്ഞ്‌ വീഴുമ്പോൾ അന്ന്‌ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. ആ സന്തോഷമാണ്‌ പിന്നീടിപ്പോൾ മായ മുന്നിൽ നിൽക്കുമ്പോൾ….. കണ്ട മാത്രയിൽ തന്നെ മനസ്സിൽ എന്തെല്ലാമോ തരംഗങ്ങൾ! ആദ്യം സ്വയം ലജ്ജയാണ്‌ തോന്നിയത്‌. ഈ പ്രായത്തിലിനി പ്രണയവികാരമോ?!! മായക്കൊരിക്കലും എന്നോട്‌ പ്രണയം തോന്നിയിട്ടില്ലെന്നും, എനിക്കുള്ള വികാരം പ്രണയമല്ലെന്നുമൊക്കെ പലവുരു മായ തന്നെ പറയുമ്പോൾ വല്ലാത്തൊരു ആശ്വാസമായിരുന്നു മനസ്സിന്‌, അല്ലെന്നറിഞ്ഞിട്ടും ഇടക്കൊക്കെ എന്തിനായിരുന്നു മനസ്സിനൊരു ചാഞ്ചാട്ടം?

എന്റെ മനസ്സിലുള്ള പലതും വായിച്ചറിയാൻ മായക്കെങ്ങനെ കഴിയുന്നു എന്ന്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌ അന്നൊക്കെ. ഗസലുകളുടെ നല്ലൊരു കളക്ഷൻ കേട്ട്‌ തീർത്തത്‌ ഹോസ്‌പിറ്റലിൽ കിടക്കുമ്പോഴാണ്‌. ഏതെങ്കിലും പാട്ട്‌ മനസ്സിൽ ഓർത്താൽ മിക്കവാറും മായ വരുന്നത്‌ ആ പാട്ടുമായിട്ടായിരിക്കും. ‘എങ്ങനെ അറിയുന്നു മായാ നീ എന്റെ മനസ്സ്‌?’ അത്ഭുതത്തേക്കാൾ സ്‌നേഹത്തിന്റെ വിവശതയായിരുന്നോ എന്റെ വാക്കുകൾക്ക്‌?

‘ബൈപ്പാസ്‌ ചെയ്യുമ്പോൾ ഞാൻ കണ്ടു ശ്രീയുടെ മനസ്സ്‌…..’ നീലപ്പൂക്കളുള്ള ജാലകവിരിയിലെ ഞൊറികൾക്ക്‌ പിറകിൽ മുഖം മറച്ച്‌ അവൾ കുസൃതിയോടെ പുഞ്ചിരിച്ചു. അവളുടെ കുസൃതിയിൽ ചിരിക്കാതിരിക്കുന്നതെങ്ങനെ!

മായക്ക്‌ ഹോസ്‌പിറ്റലിൽ എപ്പോൾ വേണമെങ്കിലും എന്റെ അരികിൽ വന്നിരിക്കാൻ കഴിഞ്ഞിരുന്നു. ലക്ഷ്‌മിക്ക്‌ മനസ്സ്‌ കൊണ്ട്‌ ആഗ്രഹിക്കാൻ മാത്രമേ ആയിരുന്നുള്ളൂ അങ്ങനെ. ഇപ്പോഴുമോർക്കുന്നു. അവളാദ്യമായി വന്ന ദിവസം തുറന്നുകിടന്ന ജനലിലൂടെ മഴ അകത്തേക്ക്‌ വീണിരുന്നു. ജനലടക്കാൻ ഓടിവന്നതായിരുന്നു അവൾ.

‘താങ്ക്‌സ’ വളരെ ഔപചാരികമായ എന്റെ പ്രതികരണം.

‘നൊ മെൻഷൻ. ശ്രീ എന്നല്ലേ പേര്‌? ബൈപ്പാസ്‌ പേഷ്യന്റ്‌ ആണല്ലെ?’ ശബ്‌ദത്തിനു നിറമുണ്ടെങ്കിൽ അവളുടെ ശബ്‌ദത്തിന്‌ എന്തു നിറമായിരിക്കുമെന്ന്‌ ഞാനോർത്തു. ഇളം വയലെറ്റ്‌, അല്ലെങ്കിൽ പച്ച പുല്ലിന്റെ, അല്ലെങ്കിൽ ചെമ്പക പൂക്കളുടെ……

‘ഐ ആം മായ….. ഇവിടൊക്കെ കാണും, ഇനി ഇടക്കൊക്കെ വരാം’ വാതിൽ ചാരി ഒഴുകിയകലുന്ന അരുവിയുടെ ചടുലതയോടെ മറഞ്ഞവൾ.

ആദ്യമൊക്കെ വല്ലപ്പോഴുമായിരുന്നു സന്ദർശനം. ഒരു നിത്യസന്ദർശകയായി അവൾ മാറിയതെന്നന്നോർത്തെടുക്കാനാകുന്നില്ല. ഒന്നോ രണ്ടോ ഗസൽ കേൾക്കുക, പിന്നീട്‌ പടിഞ്ഞാറേ സൂര്യൻ ജനൽക്കമ്പികളിലെ പൂക്കളുടെ ചിത്രങ്ങൾ നിലത്ത്‌ വരക്കുമ്പോൾ, ആ ചക്രവാളത്തുടിപ്പ്‌ നോക്കി അവൾ പറയുന്ന കഥകൾ കേൾക്കുക – ഇതൊക്കെയായിരുന്നു മിക്ക ദിവസവും. ഞാൻ വെറും കേൾവിക്കാരൻ മാത്രം. സംസാരം എല്ലാം മായ തന്നെ. എനിക്കും അതു തന്നെയായിരുന്നു ഇഷ്‌ടവും.

മായയെ ലക്ഷ്‌മിക്കു പരിചയപ്പെടുത്തണമെന്ന്‌ ഒരുപാട്‌ ആഗ്രഹിച്ചതാണ്‌. വിലക്കിയത്‌ മായ തന്നെയാണ്‌. ലക്ഷ്‌മിയറിയാതെ ജീവിതത്തിലാദ്യമായി എനിക്കൊരു രഹസ്യം….. അതെന്നെ പലപ്പോഴും നൊമ്പരപ്പെടുത്തിയിരുന്നു.

പാമ്പാട്ടവും, പാവക്കൂത്തും, കാവും, തിറയും…… മായയുടെ കഥകളെല്ലാം എനിക്ക്‌ പരിചിതങ്ങളായിരുന്നു. അവൾ പറയുന്നതെല്ലാം എന്നോ കണ്ട്‌ മറന്നതു പോലെതോന്നിയിരിന്നു എനിക്ക്‌. അവൾ പറഞ്ഞതൊക്കെ എഴുതിവെക്കുമ്പോൾ എന്തൊരു സന്തോഷമായിരുന്നു മനസ്സിന്‌.

‘ശ്രീക്ക്‌ ഇങ്ങനൊരു കഴിവുണ്ടെന്ന്‌ ഞാനിപ്പോഴാ അറിയുന്നത്‌’ വെളുത്ത പേപ്പറിലെ നീല അക്ഷരങ്ങൾ നോക്കി ലക്ഷ്‌മി അത്ഭുപ്പെട്ട്‌ നിന്നത്‌ ഇന്നും ഓർക്കുന്നു.

‘ജീവിത നിയോഗം എന്നൊന്ന്‌ ഉണ്ടോ ശ്രീ?’ ഫിഷ്‌ ടാങ്കിലെ സ്വർണ്ണ മത്‌സ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടുമോടുന്നത്‌ കണ്ണിമക്കാതെ നോക്കിനിന്നവൾ ചോദിച്ചു. ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറയും മുന്നെ അവൾ സ്വയം ഉത്തരം കണ്ടെത്തി.

‘ഉണ്ട്‌…. അങ്ങനെ ഒന്നുണ്ട്‌ ശ്രീ. അല്ലെങ്കിൽ ഇത്ര കാലം ഞാൻ നിനക്കായി കാത്തിരിക്കുമോ? ശ്രീടെ ജീവിത നിയോഗം എന്നെ അറിയുക എന്നാണെങ്കിലൊ?’ മായയുടെ പുഞ്ചിരി നൈറ്റ്‌ ലാമ്പിന്റെ അരണ്ട വെളിച്ചത്തിലും വളരെ വ്യക്‌തമായി ഞാൻ കണ്ടു. അവളുടെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങിയിരുന്നു. അവളുടെ പുഞ്ചിരിയിൽ മുറിയാകെ തണുപ്പ്‌ നിറഞ്ഞ്‌ പോലെയെനിക്ക്‌ വെറുതെ തോന്നി. അപ്പുറത്ത്‌ ബെഡ്‌ റൂമിൽ തളർന്നുറങ്ങുന്ന ലക്ഷ്‌മിയെ ഓർത്തപ്പോൾ മനസ്സ്‌ വല്ലാതെ തരളമായതുപോലെ.

‘ലക്ഷ്‌മിയെ സ്‌നേഹിക്കും പോലെ ഞാൻ ആരെയും സ്‌നേഹിച്ചിട്ടില്ല മായാ’ അവളുടെ കണ്ണുകളിൽ നോക്കാൻ ധൈര്യമില്ലാതെ തലകുനിച്ചാണ്‌ ഞാൻ പറഞ്ഞത്‌.

‘നീ കള്ളം പറയുന്നു ശ്രീ’ അവൾ പിന്നെയും ചിരിച്ചു.

‘അല്ല സത്യമായും ഞാൻ ലക്ഷ്‌മിയെ ഒരുപാട്‌ സ്‌നേഹിക്കുന്നു.’ എന്റെ ശബ്‌ദം തെല്ല്‌ പതറിയിരുന്നു

‘ഇത്‌ ഒരു കുറ്റബോധം മറക്കാൻ നീ ഇടക്കിടെ നിന്നോട്‌ പറയുന്നതാണ്‌. പക്ഷേ അതല്ല സത്യം.’

‘പിന്നെ?’

‘സത്യം നീ എന്നെയാണ്‌ ഒരുപാട്‌ സ്‌നേഹിക്കുന്നത്‌ എന്നാണ്‌.’

‘അല്ല മായ. ഇത്‌ സത്യമല്ല’

‘ഞാൻ എന്നത്‌ നിനക്കൊരു ആത്മസുഖമാണ്‌. നീ നിന്നോളം ആരെയും സ്‌നേഹിക്കുന്നില്ല ശ്രീ.’ മായയോട്‌ തർക്കിക്കാനാകാതെ നിസ്സഹായനായി അങ്ങനെ നോക്കിയിരിക്കാനേ എനിക്കായുള്ളു.

‘ആശുപത്രിക്കിടക്കയിൽ നേരിയ ബോധത്തിൽ വേദനക്കിടയിൽ എന്റെ വിരൽത്തുമ്പിൽ പിടിച്ച്‌ നീ പറഞ്ഞതൊക്കെ മറന്നുപോയോ ശ്രീ?’

‘അതൊക്കെ ഒരു സ്വപ്‌നം പോലെയാണ്‌ മനസ്സിലെനിക്ക്‌’

‘സ്വപ്‌നമൊന്നുമല്ല, നീ പറഞ്ഞു – എന്റെ വിരൽത്തുമ്പ്‌ നിനക്ക്‌ വല്ലാത്ത ആശ്വാസമാണെന്ന്‌. ആ തണുപ്പിൽ നീ മഴയുടെ നനവറിയുന്നുവെന്ന്‌, എന്റെ വിരൽത്തുമ്പ്‌ പിടിച്ച്‌ മഴയിലൂടെ നിനക്ക്‌ നടക്കണമെന്ന്‌….’

ഞാൻ കാതുകൾ പൊത്തി. അവളുടെ കണ്ണിലെ ഭാവമെന്തെന്നറിയാൻ എനിക്ക്‌ ഭയമായിരുന്നു. ‘നീ പോയുറങ്ങു’ ചെവിപൊത്തിപ്പിടിച്ച എന്റെ കൈകൾക്കുമേലേ തലോടിക്കോണ്ടവൾ പറഞ്ഞു. ലൈറ്റണച്ച്‌ പടികൾ കയറി അവൾ മുകളിലേക്കു പോകുന്നത്‌ ഞാൻ നോക്കിയിരുന്നു.

‘ബഷീർ ഒന്ന്‌ വന്ന്‌ നോക്കു ശ്രീയെ. ആൾ ഈയിടെ വളരെ ഡിസ്‌റ്റർബ്‌ഡ്‌ ആണ്‌. വർഷങ്ങളായി നിർത്തിയ സ്‌മോക്കിങ്ങ്‌ ഇപ്പൊ തുടങ്ങിയിരിക്കുന്നു. രാത്രിയിൽ അധികനേരവും ഫിഷ്‌ടാങ്കിന്നരികിലാണ്‌. ഇടക്കൊക്കെ തന്നത്താൻ പിറുപിറുക്കുന്നതല്ലാതെ സംസാരമൊക്കെ കുറവാണ്‌. നന്നായി ഉറങ്ങാനാകുന്നില്ലെന്ന്‌ മുഖം കാണുമ്പോഴേ അറിയുന്നുണ്ട്‌. മെഡിസിൻസ്‌ വല്ലതും മാറ്റണമെങ്കിൽ……’ പതിഞ്ഞ സ്വരത്തിൽ ലക്ഷ്‌മി ഫോണിലൂടെ എന്റെ അവസ്‌ഥകളെല്ലാം ഡോക്‌ടറോട്‌ പറയുന്നത്‌ ബാൽക്കണിയിലിരുന്നാലും എനിക്ക്‌ കേൾക്കാമായിരുന്നു.

‘സ്‌മോക്കിങ്ങ്‌ തുടങ്ങാൻ ഞാനാണ്‌ കാരണം, അല്ലേ ശ്രീ?’ മുറ്റത്തെ ചെറുമതിലിലൂടെ പടർത്തിയ വള്ളികളിലെ മഞ്ഞ പൂക്കളിൽ വന്നിരിക്കുന്ന തുമ്പിയെ നോക്കി നിൽക്കുകയായിരുന്നു മായ.

‘ഹേയ്‌….’ ഞാൻ പതുക്കെ ചിരിക്കാൻ ശ്രമിച്ചു.

‘ഞാൻ പറഞ്ഞില്ലേ, നീ എന്നെ സ്‌നേഹിക്കുന്നു ഒരു പാട്‌…. നമ്മൾ കണ്ട അന്ന്‌ തൊട്ട്‌, എന്റെ കഥകൾ കേട്ട്‌ എന്നെ അറിഞ്ഞറിഞ്ഞ്‌ ഞാനിപ്പോൾ നിന്നിലെപ്പോഴും നിറഞ്ഞു നിൽക്കുന്നു അല്ലേ?’ അവളുടെ പുഞ്ചിരിക്ക്‌ വല്ലാത്ത ഓമനത്തം തോന്നി എനിക്ക്‌.

‘നിന്റെ മുഖം ഒരു കുഞ്ഞിനെ പോലെ, എന്തൊരു ഓമനത്തമാണ്‌ നീ ചിരിക്കുമ്പോൾ’ പറയാനാഞ്ഞ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു.

‘ഞാനില്ലാത്ത ഒരു ദിവസം നിനക്ക്‌ സങ്കൽപ്പിക്കാനാകുമോ ശ്രീ?’ എന്റെ കണ്ണുകളിലേക്ക്‌ നോക്കിയവൾ ചോദിച്ചത്‌ കേട്ട്‌ കണ്ണ്‌ നിറഞ്ഞൊഴുകിയതും, വിരൽത്തുമ്പ്‌ കൊണ്ടവളത്‌ തുടച്ചതും ഇപ്പോഴും ഓർക്കുന്നു.

എന്തിന്‌ മായയെ ഇഷ്‌ടപ്പെട്ടു, അടുത്തു എന്നൊന്നും അറിയില്ല. മൗനങ്ങളിൽ ഒരു നൊമ്പരമായാണ്‌ അവളാദ്യം വന്നത്‌. പിന്നെ മൗനങ്ങളെല്ലാം അവൾ തുടച്ചെടുത്തു. ഏകാന്തതകളിൽ കൂട്ടായി മഴയും തുമ്പിയും, പൂക്കളും നിറഞ്ഞ മനോഹരമായ കാഴ്‌ചകളെല്ലാം മുന്നിൽ വരച്ചു തന്നത്‌ മായയാണ്‌.

‘ഞാനൊരുപാട്‌ നാള്‌ മോഹിച്ച്‌ മോഹിച്ച്‌ കിട്ടിയതാ ശ്രീ നിന്നെ. എനിക്കിനി നിന്നെ നഷ്‌ടപ്പെടാൻ വയ്യ….’ ഇന്നലെ രാത്രിയിലും അവൾ പറഞ്ഞത്‌ അതു തന്നെ. ‘അനാരോഗ്യം ബാധിച്ച ഒന്നിനും വയ്യാത്ത എന്നെ നിനക്ക്‌ എന്തിനാ മായ?’

‘എനിക്ക്‌ സ്‌നേഹിക്കാൻ…. ഒരു പാടൊരുപാട്‌ സ്‌നേഹിക്കാൻ…..’ കോണിപ്പടിയിലിരുന്നവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ജനലിലൂടെ നിലാവ്‌ വന്നകത്തു വീഴുന്നതും, ആ വെളിച്ചത്തിൽ സ്വർണ്ണമത്സ്യങ്ങളുടെ കണ്ണുകൾ തിളങ്ങുന്നതും ഞാൻ കണ്ടു.

ലക്ഷ്‌മി പോയിട്ടേറെ നേരമായിട്ടും മുരുകനെത്തിയില്ലല്ലോ എന്ന്‌ വെറുതെ മനസ്സിലോർത്തു. മഴ കുറയാതെ വരില്ലായിരിക്കും.

‘ശ്രീ വരുന്നോ മഴ നനയാൻ?’ പിറകിൽ മായയുടെ നനുത്തബ്‌ദം കേട്ടാണ്‌ കണ്ണ്‌ തുറന്നത്‌. ‘എനിക്ക്‌ കഴിയില്ല മായ’ മുറ്റത്തെ ചരൽക്കല്ലുകളിൽ വീഴുന്ന മഴത്തുള്ളികൾ തെറിച്ച്‌ മായയുടെ വെളുത്ത, മൃദുലമായ പാദങ്ങളെ നനക്കുന്നത്‌ കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു. പൂർണ്ണമായും മഴയത്തു നിന്നിരുന്നെങ്കിലും മായയുടെ പാദങ്ങൾ മാത്രമേ നനഞ്ഞിരുന്നുള്ളൂ എന്നത്‌ ഒരത്ഭുതം പോലെ ഞാൻ കണ്ടു.

‘ഞാൻ സഹായിക്കാം ശ്രീ. ഒന്നു ശ്രമിച്ചു നോക്കു’ അവൾ മുറ്റത്തെ പടിയിൽ നിന്നുകൊണ്ട്‌ കൈ നീട്ടി. അവളുടെ നീണ്ട വിരൽത്തുമ്പിൽ പിടിക്കാതിരിക്കാനെനിക്കാകില്ല. ഞാൻ പതുക്കെ കൈയ്യെത്തിച്ചു.

തണുത്ത മഴത്തുള്ളികൾ നെറുകിൽ വീണപ്പോൾ എനിക്കെന്തോ വല്ലാത്ത ആശ്വാസം തോന്നി. മഞ്ഞപൂക്കളിൽ വന്നുവീഴുന്ന മഴത്തുള്ളികളെ നോക്കി ഞാൻ പുഞ്ചിരിച്ചു. എന്റെ വിരൽത്തുമ്പിൽ പിടിച്ച്‌ മായ പതുക്കെ പറഞ്ഞു – ‘ഇനി മാനത്ത്‌ മഴവില്ല്‌ വരും. ശ്രീക്കു കാണണ്ടേ ഏത്‌ കുന്നിൻ ചെരിവിലാ മഴവില്ല്‌ തുടങ്ങുന്നതെന്ന്‌?’….. മായയുടെ ഉത്സാഹം ഒരു കൊച്ച്‌ കുട്ടിയുടേത്‌ പോലെ….

ലക്ഷ്‌മിയുടെ മുഖം മനസ്സിൽ നിറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ്‌ മഴയിൽ അലിഞ്ഞത്‌ മായ കണ്ടിരിക്കില്ല. ലക്ഷ്‌മിയോട്‌ പറയാതെ പോകുവതെങ്ങനെ? സിഗററ്റുകൾ കുറക്കുന്നുണ്ടെന്ന്‌ അവൾക്ക്‌ വാക്കും കൊടുക്കണം. അൽപ്പം കുറ്റബോധത്തോടെ ഞാൻ തിരിഞ്ഞു നിന്നു. ഉമ്മറപ്പടിക്കരികിൽ നനഞ്ഞ വസ്‌ത്രങ്ങളോടെയിരിക്കുന്ന മുരുകനെ ഞാൻ കണ്ടു. അവനെന്തിനാണ്‌ ഉറക്കെ കരയുന്നത്‌? ഓടി ചെല്ലാനായുമ്പോൾ അവന്റെ തേങ്ങലുകൾക്കിടയിലെ വാക്കുകളെന്റെ ചെവിയിൽ വന്നു വീണു.

‘സാർ…..ഉങ്കൾക്കെന്നാച്ച്‌ സാർ….. ഇങ്കെ പാരുങ്കോ സാർ…… അയ്യോ യാരാവത്‌ ഓടി വാങ്കെ, എന്ന സാറ്‌ക്ക്‌ ഒടമ്പെല്ലാം ഒരു മാതിരി ഇരിക്കിതേ’

‘ശ്രീ, ഒന്ന്‌ വേഗം വരൂ….. അവിടെ മഴവില്ല്‌ വന്ന്‌ തുടങ്ങി ശ്രീ…….’ എന്റെ കൈപ്പടത്തിൽ മായയുടെ മഴയുടെ തണുപ്പുള്ള വിരലുകൾ അമരുന്നതും എനിക്ക്‌ ചുറ്റും മഴ തോർന്നു പോകുന്നതും, എന്റെയുള്ളിൽ ആനന്ദം നിറയുന്നതും ഞാനറിഞ്ഞു.

ചിറകുകളിൽ മഴത്തുള്ളികളുമായി ആ തുമ്പി അപ്പോഴും മഞ്ഞ പൂവിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

Generated from archived content: story_competition5_sep30_10.html Author: rithula_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here