വാൻഗോഖ്‌

ഓ വാൻഗോഖ്‌

ചിഹ്നങ്ങളിലൂടെ മുറിക്കട്ടെ നിന്നെ ഞാൻ

ചോദ്യചിഹ്നങ്ങളെല്ലാം പിറന്നത്‌

അറുത്ത്‌ കൊടുത്ത ഒറ്റച്ചെവിയിൽ നിന്നല്ലെ?

ഒറ്റയിൽ ബാക്കിയായ

സൂര്യകാന്തിപ്പൂവിന്റെ രൂപമാണ്‌

ആശ്ചര്യചിഹ്നത്തിന്‌

ചാരനിറത്തിലേക്ക്‌ കുറുകിമാഞ്ഞ

ഉർസുല

കോമകളിൽ അടയിരിക്കുന്നു

ഇരുമ്പുഖനികളിൽ നിന്നും

ചോളപ്പാടങ്ങളിലേക്ക്‌ പാഞ്ഞ്‌

അർത്ഥം മുറിഞ്ഞ്‌ അനാഥമായ

വെടിയുണ്ട…

പൂർണ്ണവിരാമത്തിന്റെ തീർപ്പ്‌.

മഞ്ഞയിൽ കുളിച്ച്‌

മഞ്ഞിലും വിയർത്ത്‌

നിന്റെ പ്രണയത്തിന്റെ കയ്യൊപ്പ്‌

എന്റെ വരികൾക്ക്‌ തടയണയും

തായ്‌വഴിയും

തറവാടുമായത്‌

എത്ര അത്ഭുതകരമാണ്‌.

Generated from archived content: poem1_aug9_08.html Author: riswan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here