“ജീവിതത്തിന്റെ കാണാപ്പുറങ്ങൾ”

റെയിൽവേ ട്രാക്കിനടുത്ത്‌ വച്ചാണ്‌ ഞാൻ അവനെ ആദ്യമായി കണ്ടത്‌. ചുണ്ടിൽ ഒരു വരണ്ട ചിരിയും ക്ഷീണമുറ്റിയ കണ്ണുകളും; കാറ്റ്‌ വീശിയാൽ വേച്ചു പോവുന്ന ശരീരവും അവനെ ഒരു വിചിത്രജീവിയാക്കിയിരുന്നു. അവന്‌ ഏകദേശം 7 വയസ്‌ പ്രായം വരും. പത്രപവർത്തകയായ ഞാൻ ഒരു തെരുവുബാലനെ പരിചയപെടേണ്ട ആവശ്യം വല്ലതുമുണ്ടോ? യത്ഥാർത്ഥത്തിൽ ‘ദിനകേരള’ ദിനപത്രത്തിൽ ‘അനാഥത്വമൂറുന്ന കുരുന്നു ബാല്യങ്ങൾ’ എന്ന ഫീച്ചറിനു വേണ്ടിയായിരുന്നു ഞാനാ കുട്ടിയെ പരിചയപ്പെട്ടത്‌. പരിചയപ്പെടൽ പോലും എന്റെ സ്വാർത്ഥതാല്‌പര്യത്തിനുവേണ്ടി. ഞാൻ പേരു ചോദിച്ചപ്പോൾ അവന്റെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി. ‘മുരളീന്നാ എന്റെ പേര്‌, വളരെ നാളായിട്ട്‌ ഈ തെരുവിലാ താമസം. അച്ഛനേയും അമ്മയേയും ജനിച്ചതിൽ പിന്നെ കണ്ടിട്ടില്ല-’ അവൻ തന്റെ സ്വകാര്യ ദുഃഖം പങ്കിടാൻ ഒരാളെക്കിട്ടിയ ഉത്‌സാഹത്തോടെ പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ്‌ ഒരു കൂട്ടം കുട്ടികൾ വന്ന്‌ അവനെ കൈകാട്ടി വിളിക്കുന്നത്‌ കണ്ടത്‌.

‘അവരാരാണു മോനെ? ഊറിക്കൂടിയ ജിജ്ഞാസയാൽ ഞാൻ ചോദിച്ചു.

’അവർ കച്ചോടത്തിന്‌ വന്നതാ ചേച്ചി‘. ഇത്‌ പറയുമ്പോൾ ആ കുഞ്ഞുമുഖത്ത്‌ ഭീതി നിഴലിടുന്നത്‌ ഞാൻ കണ്ടില്ലെന്ന്‌ നടിച്ചു.

’എന്ത്‌ കച്ചോടമാ കുട്ടി അവര്‌ നടത്തണത്‌?

‘ഓ അതോ ചേച്ചി പോലീസാണോ.’

അല്ലെന്ന്‌ ഞാൻ തലയാട്ടി.

‘പോലീസുകാര്‌ അറിഞ്ഞാൽ അകത്താക്കുമത്രേ. എന്തോ മരുന്ന്‌ കച്ചോടാ. ങാ കിട്ടിപ്പോയ്‌ മയക്കുമരുന്ന്‌.

’കുട്ടി നീ പറയുന്നത്‌ സത്യമാണോ?‘ നടുക്കത്തോടെയുള്ള എന്റെ ചോദ്യത്തിനുള്ള മറുപടി അവൻ ഒരു വരണ്ട പുഞ്ചിരിയിൽ ഒതുക്കിക്കളഞ്ഞു.

’എന്റെ കുട്ടി ഇത്തരം കള്ളത്തരമൊന്നും ചെയ്യരുത്‌ട്ടോ. ദൈവം ശിക്ഷിക്കും.‘

’ആരാ ചേച്ചീ ദൈവം?‘

’നമ്മളെ പാലിക്കുന്നവൻ അവനാണ്‌. അവൻ നമുക്ക്‌ ഭക്ഷണവും വസ്‌ത്രവും തരും.‘

’അപ്പം എനിക്ക്‌ ദൈവമില്ല അല്ലേ. അതുകൊണ്ടല്ലേ എനിക്ക്‌ ഭക്ഷണവും വസ്‌ത്രവും കിട്ടാത്തെ.‘ ആ കുരുന്നു മനസിൽ നിന്നുതിർന്ന ആ ചോദ്യത്തിന്‌ കൃത്യമായൊരു മറുപടി പറയാൻ എനിക്ക്‌ കഴിഞ്ഞില്ല. പെട്ടെന്ന്‌; മുരളി ഉച്ചത്തിൽ നിലവിളിച്ചു. ആരോ എറിഞ്ഞ കല്ല്‌ കൊണ്ട്‌ അവന്റെ നെറ്റി പൊട്ടി ചോരയൊലിച്ചു. ഞാനെന്റെ ടൗവ്വലെടുത്ത്‌ ചോര തുടച്ചു.

’ആരാണീ കൊടും ക്രൂരത ചെയ്‌തത്‌?‘ എന്നിലെ പത്രപ്രവർത്തക ഉണരുകയായിരുന്നു. തിരിഞ്ഞ്‌ നോക്കിയപ്പോൾ അല്‌പം അകലെയായി ആദ്യം കണ്ട കുട്ടികൾ നില്‌ക്കുന്നു.

’നിങ്ങളാണോ മുരളിയെ കല്ലെറിഞ്ഞത്‌?‘ എന്ന എന്റെ ചോദ്യത്തിന്‌ യാതൊരു ശങ്കയുമില്ലാതെ അവർ ’അതേ‘ എന്നുത്തരം നല്‌കി.

’എന്തിനാണ്‌ ഈ കുഞ്ഞിനെ വേദനിപ്പിച്ചത്‌?‘

’അവൻ വരാഞ്ഞ്‌ ഞങ്ങളെ മുതലാളി വഴക്ക്‌ പറഞ്ഞു. എന്താണ്‌ ഇത്ര താമസംന്ന്‌ ചോദിച്ച്‌ കൂട്ടത്തിൽ മുതിർന്നവനെന്ന്‌ തോന്നുന്ന ചെറുക്കൻ പറഞ്ഞു.

‘അതിന്‌ ഈ കുട്ടിയെ കല്ലെറിയണോ’ രോഷത്തോടെ ഞാൻ ചോദിച്ചു.

‘അവൻ വരാൻ മടികാണിച്ചാൽ ചൂടുള്ള രണ്ടെണ്ണം കൊടുത്തോളാൻ മുതലാളി പറഞ്ഞു.’

‘ആരാണീ മുതലാളി’

‘അതറിഞ്ഞുകൂടാ. അദ്ദേഹമാണ്‌ ഞങ്ങൾക്ക്‌ ഭക്ഷണം തരുന്നത്‌.’

പാവം കുട്ടികൾ; തെറ്റും ശരിയും എന്തെന്ന്‌ അവർക്കറിഞ്ഞുകൂടാ.

‘അവരെന്നെ കൊല്ലും ചേച്ചി. എന്നെ ചേച്ചീടെ വീട്ടിൽ കൊണ്ടുപോകാമോ? മുരളി എന്നെ നോക്കി ദയനീയമായി മന്ത്രിച്ചു. എന്റെ കണ്ണ്‌ നിറഞ്ഞു തുളുമ്പിയത്‌ ഞാനറിഞ്ഞു. പക്ഷേ; അവിടെ എന്റെ സ്വാർത്ഥത കടന്നുവന്നു. ഞാൻ ക്യാമറ കയ്യിലെടുത്തു. ക്യാമറ കണ്ടപ്പോൾ കുട്ടികളെല്ലാം അടുത്തു കൂടി. ഞാനവരുടെയെല്ലാം ഫോട്ടോയെടുത്തു. മുരളിയെ തനിയെ നിർത്തി ഒരു ഫോട്ടോയെടുത്തു. പത്രത്തിൽ കൊടുക്കാനുള്ളതായി; ഇനി പോകാം എന്ന്‌ എന്റെ മനസ്‌ പറഞ്ഞു. ഞാൻ ക്യാമറ ബാഗിലിട്ട്‌, ബാഗടച്ച്‌ തിരിച്ച്‌ നടന്നു.

’ചേച്ചി പോവ്വാണോ. എന്നെ കൊണ്ടോവില്ലേ‘ എന്ന മുരളിയുടെ ദീനസ്വരം ഞാൻ കേട്ടില്ലെന്ന്‌ നടിച്ചു. തെരുവിലെ കുട്ടികളുടെ ദുരിതപൂർണ്ണമായ അവസ്‌ഥയെപ്പറ്റി അധികാരികളുടെ കണ്ണുതുറക്കാനുതകുന്ന പ്രത്യേക ഫീച്ചർ ഞങ്ങളുടെ പത്രം പ്രസിദ്ധീകരിച്ചു. ഏറ്റവും നല്ല ഫീച്ചറിനുള്ള അവാർഡ്‌ ’അനാഥത്വമൂറുന്ന കുരുന്നുബാല്യങ്ങൾ‘ക്കായിരുന്നു.

ഫീച്ചർ അവതരിപ്പിച്ച ഞാൻ വളരെ പ്രശസ്‌തയായിക്കഴിഞ്ഞിരുന്നു. അതോടൊപ്പം, തിരക്കേറിയ വ്യക്തിയും, ഓരോ ദിവസവും പെട്ടെന്ന്‌ കടന്ന്‌ പോയിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കേ, ഒരു പ്രഭാതത്തിൽ ഞാൻ ഉണരാൻ മടിച്ച്‌ കിടക്കുമ്പോളാണ്‌ ഫോൺ ബെല്ലടിച്ചത്‌. മടിമൂലം പല പ്രശസ്‌ത വ്യക്തികളുടെ പലരുടേയും ’ഫോൺ കോൾ‘ എനിക്ക്‌ നഷ്‌ടമായിട്ടുണ്ട്‌. അതിനാൽ ഞാൻ ഫോൺ ചാടിയെടുത്തു.

’ഹലോ ജേർണലിസ്‌റ്റ്‌ ശുഭാലതയാണോ?‘ അങ്ങേ തലയ്‌ക്കൽ പരിചയമില്ലാത്ത ശബ്‌ദം.

’അതേ ഇതാരാണ്‌.‘

’ഞാൻ റെയിൽവേ ഉദ്യോഗസ്‌ഥനാണ്‌. ഈ തെരുവിലുള്ള മുരളി എന്ന കുട്ടിയെ മാഡം അറിയുമോ?‘

’ഉവ്വ്‌ അറിയും. എന്താണ്‌ കാര്യം?‘

’ആ കുട്ടി ഒരു അവിവേകം ചെയ്‌തു. ഇന്നലെ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാനായി കിടന്നു. ഭാഗ്യത്തിന്‌, ഡ്രൈവറുടെ ശ്രദ്ധ ട്രാക്കിലുണ്ടായിരുന്നു. പക്ഷെ; ട്രെയിൻ നിർത്തിയപ്പോഴേക്കും ആ കുട്ടിയുടെ ഉടലിന്റെ പകുതി ഭാഗം ചതഞ്ഞിരുന്നു. കുട്ടി ഇപ്പോൾ സെന്റ്‌ ഫിലോമിനാസ്‌ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്‌. കുറേ നേരമായി മാഡത്തെ കാണണം എന്ന്‌ വാശി പിടിക്കുകയാണ്‌?

‘ശരി ഞാനിപ്പോൾ വരാം.’ എന്റെ ഹൃദയമിടിപ്പിന്റെ വേഗംകൂടിയത്‌ ഞാനറിഞ്ഞു. സെന്റ്‌ ഫിലോമിനാസ്‌ ആശുപത്രിയുടെ ഓരോ നിലയും ഞാൻ ഓടിതീർക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിന്റെ മുൻപിലെത്തി ഞാൻ നിന്നു. ഒരു നേഴ്‌സ്‌ എന്നെ കണ്ടതും ഓടി വന്ന്‌ മുറിയുടെ ഉള്ളിലേക്ക്‌ കൊണ്ടുപോയി. അവിടെ ഒരു കട്ടിലിൽ ശരീരം വികൃതമായി; മുരളി കിടക്കുന്നു. എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ തിളങ്ങി.

‘മോനെന്തിനാണ്‌ ചേച്ചിയെ കാണണംന്ന്‌ പറഞ്ഞത്‌. സ്‌നേഹത്തോടെ ഞാൻ ചോദിച്ചു.

’ചേച്ചിയെന്നോട്‌ ദൈവത്തേപ്പറ്റി പറഞ്ഞില്ലേ; ദൈവത്തെ ഞാനെപ്പോഴാ കാണുക.‘

’ഉടനെ കാണും മോനെ.‘

’എങ്കിലും ഞാനെങ്ങനെ ദൈവത്തെ തിരിച്ചറിയും ചേച്ചി? കുഞ്ഞിക്കണ്ണുകളിൽ ജിജ്ഞാസ നിറഞ്ഞു.

‘ദൈവത്തിന്‌ മോനെ കണ്ടാലറിയാം, മോനെ ഇങ്ങോട്ട്‌ പരിചയപ്പെട്ടോളും.’

‘ങും’ അവന്റെ മുഖത്ത്‌ സന്തോഷം നിറഞ്ഞു.

‘മോനെന്തിനാ മരിക്കാൻ നോക്കിയത്‌’

‘എനിക്കാരുമില്ല ചേച്ചീ ഒറ്റക്ക്‌ നടന്ന്‌ മടുത്തിട്ടാ.’

‘മോന്‌ ആരുമില്ലെങ്കിലും ദൈവമുണ്ട്‌. ഈ ഞാനുണ്ട്‌’ എന്റെ നെഞ്ച്‌പൊട്ടിയാണ്‌ ഞാനത്‌ പറഞ്ഞത്‌.

‘ചേച്ചീ ഞാൻ മരിച്ചു പോവും. വേദനിച്ച്‌ മരിച്ച്‌ പോവും. അവൻ എന്റെ മുഖത്തേക്ക്‌ നോക്കിക്കൊണ്ട്‌ ദയനീയമായി മന്ത്രിച്ചു.

’ഏയ്‌ ഇല്ല എന്റെ കുട്ടി മരിക്കില്ല‘ ഞാനവനെ ആശ്വസിപ്പിക്കാൻ കഴിവതും ശ്രമിച്ചുകൊണ്ടിരുന്നു. അവന്റെ മൂളലുകൾ അവ്യക്തമായി തുടങ്ങി. നേഴ്‌സ്‌ നാഡി പിടിച്ചുനോക്കി. കുട്ടി മരിക്കാറായിരിക്കുന്നു. അവർ പറഞ്ഞു. എന്റെ ഉള്ളിലൂടെ ഒരാന്തലുണ്ടായി. എന്തിനേയും ലാഭദൃഷ്‌ടിയോടെ നോക്കിയിരുന്ന ഈ ഞാൻ ഇല്ലാതാവുകയായിരുന്നു. എന്റെ മനസ്‌ വിവിധ വികാരങ്ങളിൽ നീന്തിതുടിച്ചു.

’വെള്ളം, വെള്ളം‘ അവസാനതുള്ളി വെള്ളത്തിനായി അവൻ നാവ്‌ നീട്ടി. ഞാൻ കുപ്പിയിൽ കരുതിയിരുന്ന വെള്ളം അവന്റെ നാവിലേക്ക്‌ ഇറ്റിച്ചു. ഒരു മഴക്കാലം കാത്തിരുന്ന വേഴാമ്പലിനെപോലെ അവനാ ജലം ഉൾക്കൊണ്ടു. പതിയെ പതിയെ അവന്റെ ശരീരം നിശ്ചലമായി; എങ്കിലും ആ വാടിയ പുഞ്ചിരി ഇപ്പോഴും അവന്റെ മുഖത്തുണ്ടായിരുന്നു. അതൊരു പക്ഷേ, പത്രപ്രവർത്തകയായ ശുഭാലതയെന്ന എനിക്ക്‌വേണ്ടി ബാക്കി വച്ചതായിരിക്കാം. അല്ലെങ്കിൽ, എന്തിനേയും മാധ്യമപ്രചാരണത്തിന്‌വേണ്ടി ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയുടെ നേരെയുള്ള അവന്റെ നിരായുധ സമരമാകാം. എന്തായിരുന്നാലും; എന്റെ കണ്ണിണകളിൽ നിന്ന്‌ ഒരായിരം ബാഷ്‌പകണങ്ങൾ അവൻ അപഹരിച്ചുകൊണ്ട്‌ യാത്രയായി. ഒരിക്കലും മടങ്ങിയെത്താനാവാത്ത യാത്ര……..

Generated from archived content: story1_oct20_10.html Author: rincy_devasia

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here