ഹൃദയാക്ഷരങ്ങൾ

പറയാൻ മടിച്ച വാക്കുകൾ, കേൾക്കാൻ കൊതിച്ച ശബ്‌ദം, യാഥാർത്ഥ്യമാകാതെ പോയ സ്വപ്‌നങ്ങൾ…..

ജീവിതത്തിൽ നഷ്‌ടമാകുന്ന പല കാര്യങ്ങളുണ്ട്‌. ഇവയേപറ്റി ഇന്നലെ മുഴുവൻ ഞാൻ ചിന്തിച്ചതാണ്‌. ഓർമ്മകൾ ഹൃദയത്തെ കുത്തി മുറിപ്പെടുത്തുന്ന കാരമുള്ളുകളാകുമ്പോൾ അവയെ അകറ്റാനുള്ള മോഹം നിഷ്‌ഫലമാണെന്നറിയുന്നു. എന്നിരിക്കലും അവയ്‌ക്കല്‌പം വിശ്രമം നല്‌കാനാണ്‌ ഞാൻ വീടുവിട്ട്‌ ഇറങ്ങുന്നത്‌.

ഇപ്പോൾ നിങ്ങൾ ചിന്തിച്ചിരിക്കണം. ‘ഈ പെണ്ണിനെന്താ ഭ്രാന്തുണ്ടോ, വീട്ടിലിരുന്നുകൂടേ? എന്ന്‌. പക്ഷേ നിങ്ങൾക്കറിയില്ലല്ലോ നാളെ സഹകരണ ബാങ്കിന്റെ ഭാഗമാകാനുള്ളതാണ്‌ എന്റെ ഈ വീടെന്ന്‌.

’ഈ യാത്ര അന്തിമമാണ്‌ ഈ മണ്ണിലേക്ക്‌ ഇനി കാല്‌ കുത്താനാവില്ല.‘ എന്ന യാഥാർത്ഥ്യം എന്നെ അലട്ടുമ്പോഴും ’താല്‌ക്കാലികം മാത്രം‘ എന്ന്‌ ആശ്വസിക്കാൻ ശ്രമിച്ചു.

എന്റെ ബാല്യ-കൗമാരങ്ങൾ ആടിത്തീർത്ത ആ മണ്ഡപത്തിലേക്ക്‌ ഒന്ന്‌ പിൻതിരിഞ്ഞു നോക്കി. മണ്ണിഷ്‌ടിക കൊണ്ടുണ്ടാക്കിയ കളിമാടം പോലെ….. എന്റെ വീട്‌.

സ്‌മരണകൾ ഗതികിട്ടാത്ത അത്‌മാക്കളെ പോലെ എന്നിൽ പടർന്ന്‌, പൂത്ത്‌ തളിർക്കുന്നത്‌ ഒരു വിഷാദഛവിയോടെ ഞാൻ മനസിലാക്കി. തോളിൽ തൂക്കിയ പഴന്തുണികൾ നിറഞ്ഞ ബാഗ്‌ വായുവിനെ ആവാഹിച്ച്‌, എന്നെ ആയാസപ്പെടുത്തുന്നു.

’എങ്ങോട്ടാ കൊച്ചമ്മിണി, യാത്ര?‘ പാറുവമ്മയുടെ ചോദ്യം.

വിദൂരതയിലേക്ക്‌ വിരൽ ചൂണ്ടിയതല്ലാതെ ഞാൻ ഒന്നും ഉരിയാടയില്ല.

കാറ്റ്‌ ചോദിച്ചു.’ അമ്മിണി എങ്ങോട്ടാ?‘

ജന്മനാടിന്റെ, പ്രിയപ്പെട്ട പൂയംകുട്ടിയുടെ ഓരോ മൺതരിക്കും അറിയണം.

’അമ്മിണിയുടെ യാത്രയേപറ്റി‘.

അമ്മിണിയും അത്‌ തന്നെ സ്വയം ചോദിക്കുന്നു. ആശ്രയമായിരുന്ന സർവ്വതും നഷ്‌ടപ്പെട്ടു. ’ഇനി എന്ത്‌?

ബസ്‌റ്റോപ്പിലെത്തിയപ്പോഴാണ്‌ ചിന്തകൾ ഉൾവലിഞ്ഞത്‌. ബസ്‌റ്റോപ്പ്‌ വിജനമാണ്‌. ഒരു ഏകാന്തത മനസ്സിന്റെ ഉള്ളറകളിൽ പ്രതിഫലിക്കുന്നു. ഇത്രനേരം ഇതൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല. കാരണം, ഞാൻ ഏകാന്തതയെ സ്‌നേഹിച്ചിരുന്നു; ഇഷ്‌ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ നിശ്ശബ്‌ദത എന്നെ വീർപ്പുമുട്ടിക്കുന്നു.

‘ഒന്ന്‌ മിണ്ടിപ്പറയാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ…..’

ബസ്‌ വരുന്നതുവരെ ഈ ഏകാന്തത സുഹൃത്തായി. മുമ്പിലും പുറകിലുമായി വന്ന രണ്ട്‌ ബസുകളിൽ, ആദ്യം കണ്ട ബസിൽ കയറി. ഭാണ്ഡക്കെട്ട്‌ സീറ്റിന്റെ ഒരു മൂലക്ക്‌ ചാരി വച്ചു. ബസിന്റെ ഹൈജംപ്‌ – ലോംങ്ങ്‌ ജംപിനിടയിൽ ബാഗ്‌ തളർന്ന്‌ നിലത്ത്‌. പഴന്തുണികൾക്കിടയിൽ നിന്ന്‌ പൊന്തിവന്ന അടിവസ്‌ത്രങ്ങളെ നോക്കി ആളുകൾ അടക്കിച്ചിരിച്ചു.

എന്റെ സമീപത്ത്‌ നില്‌ക്കുന്നവർ പറയുന്നതെന്തായിരിക്കും?

അല്ലെങ്കിലും എവിടെയും ഞാനൊരു കോമാളി ആണല്ലോ.

‘പൂപ്പാറക്ക്‌ ഒരു ടിക്കറ്റ്‌. എന്റെ ആവശ്യം കേട്ട്‌ കണ്ടക്‌ടർ ചിരിച്ചു.

’ഈ വണ്ടി മുവാറ്റുപുഴക്കാ മോളെ.‘

’എങ്കിൽ…. എങ്കിൽ മുവാറ്റുപുഴക്ക്‌ ഒരു ടിക്കറ്റ്‌.‘

’സത്യത്തിൽ നിങ്ങളെങ്ങോട്ടാ പോകുന്നത്‌?‘ ആ ചോദ്യത്തിന്‌ ഞാനുത്തരം കൊടുത്തില്ല. കാരണം; അത്ര സങ്കീർണ്ണമാണത്‌. എന്റെ അഭിപ്രായത്തിൽ ’ഞാൻ എന്തിനീ ഭൂമിയിൽ ജനിച്ചു.?‘ എന്ന ചോദ്യത്തിന്‌ തുല്ല്യമായി ഇതിനെ കണക്കാക്കാം. രണ്ടും സമസ്യകൾ. ഒന്ന്‌ സ്‌ഥിരം; മറ്റേത്‌ അസ്‌ഥിരം.

ബാഗ്‌തുറന്ന്‌ ആ പഴഞ്ചൻ മൊബൈൽ ഫോൺ എടുത്തു. വേണ്ടെന്ന്‌ വിചാരിച്ചിട്ടും ആ നമ്പറിലേക്ക്‌ വീണ്ടും വിരലുകൾ; മനസ്‌…. ചലിക്കുന്നു. ഒരു കാലത്ത്‌ എനിക്ക്‌ പ്രിയപ്പെട്ടതായിരുന്ന നമ്പർ.

രണ്ട്‌ പ്രാവശ്യം റിങ്ങ്‌ ചെയ്‌ത്‌ നിർത്തി. കട്ട്‌ ചെയ്‌തിരിക്കണം. വീണ്ടും ശ്രമിച്ചു. പഴയ അനുഭവം തന്നെ ഒരിക്കൽക്കൂടി ശ്രമിച്ചു നോക്കി.

ഭാഗ്യം! ഇത്തവണ ഫോണെടുത്തിരിക്കുന്നു.

’ഹലോ ഋഷിയാണോ‘

’അതേ ഇതാരാണ്‌‘

’ഞാൻ…. ഞാൻ അമ്മിണി‘

’അമ്മിണിയോ, ഏതമ്മണി?‘

’ഋഷിക്ക്‌ എന്നെ അറിയില്ലേ; അമ്മിണിയെ അറിയില്ലേ?‘

’സോറി ഞാനിപ്പോൾ തിരക്കിലാണ്‌. ഒരു കാര്യം നേരെ പറയുന്നതിൽ ക്ഷമിക്കണം. ഇനി നീയെന്നെ വിളിച്ച്‌ ശല്ല്യം ചെയ്യരുത്‌.‘

“ഞാൻ വിവാഹിതനാണ്‌.”

’സോറി ഞാനിനി വിളിക്കില്ല‘. അവളുടെ മുഖം വിവർണ്ണമായി.

’ഋഷി വിവാഹം കഴിച്ചിരുന്നു.‘ തനിക്ക്‌ വന്ന വിവാഹാലോചനകളെല്ലാം ഋഷിയെ ഓർത്ത്‌ തള്ളിക്കളഞ്ഞു. ഇപ്പോൾ താൻ വിഡ്‌ഢി.

ഫോണെടുത്ത്‌ അവൾ ബാഗിലേക്കൊരേറ്‌ കൊടുത്തു. അവൾ ഒരേസമയം ചിരിക്കുകയും കരയുകയും ചെയ്‌തു.

എല്ലാ ദിവസവും വുമൻസ്‌ കോളേജിന്റെ മുമ്പിൽ ചുവന്ന റോസാപൂവും നിറഞ്ഞ ചിരിയുമായി എന്നെക്കാത്ത്‌ നില്‌ക്കുന്ന പൊടിമീശക്കാരൻ പയ്യൻ………. ഋഷി.

’എന്റെ അമ്മിണിക്കുട്ടിക്ക്‌……‘ എന്നു തുടങ്ങുന്ന അവന്റെ കത്തുകൾ തനിക്കന്നൊരു ലഹരിയായിരുന്നു. പഠനത്തിനുശേഷം അവൻ ഗൾഫിലേക്ക്‌ ചേക്കേറിയപ്പോൾ വിതുമ്പുന്ന തനിക്ക്‌ ആശ്വാസമായത്‌ അവന്റെ ഫോൺ കോളുകളാണ്‌.

ഓരോ ദിവസവും ആ ഫോൺ കോളുകളിലൂടെ പുനരവതരിക്കപ്പെടുന്നു. അച്ഛന്റേയും അമ്മയുടേയും ആത്‌മഹത്യ; ജേഷ്‌ഠൻ വീട്‌ വിട്ട്‌ പോയത്‌, ഇവയൊക്കെ കരഞ്ഞ്‌കൊണ്ട്‌ വിസ്‌തരിച്ചു. ഒരാശ്വാസം; ഒരു സംതൃപ്‌തി.

ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞു.

’എനിക്ക്‌ തിരക്കാണ്‌‘. അതിനു ശേഷം ആ നമ്പർ ഡയൽ ചെയ്യാനൊരുങ്ങുമ്പോൾ കയ്യും മനസും പുറകോട്ട്‌ വലിക്കുന്നു.

’എന്റെ ഫോൺകോളുകൾ അയാൾ ആഗ്രഹിക്കുന്നില്ല.‘

നീണ്ട രണ്ട്‌ വർഷങ്ങൾ; വിളിച്ചില്ല.

’വീട്‌ ജപ്‌തി ചെയ്യുന്നു. എന്ന വാർത്ത അറിയിക്കാൻ വേണ്ടിയാണ്‌ ഇപ്പോൾ വിളിച്ചത്‌.

എന്നാൽ, അത്‌ കേൾക്കാൻ ക്ഷമയില്ല. ആ മനസ്സിൽ നിന്ന്‌ ഞാൻ വിസ്‌മൃതമായിരിക്കുന്നു.

സാരമില്ല. എവിടേയും അവഗണനാപാത്രമാകാനാണ്‌ ഈ ജന്മം.

ചിന്തകളോടൊപ്പം ഞാൻ മുവാറ്റുപുഴയിൽ എത്തിയിരിക്കുന്നു. ബസിൽ നിന്നിറങ്ങി നടന്നു. ലതാപാർക്കിലേക്ക്‌. പാർക്കിലെ ബഞ്ചിലേക്ക്‌ ബാഗ്‌ ചാരിവച്ച്‌ ഇരുന്നു.

അസുഖകരമായ ഭൂതകാലം ചിന്താമണ്ഡലത്തിൽ പുണ്ണായി മാറുന്നു. ഭാവികാലത്തേപ്പറ്റി ചിന്തിക്കാമെന്ന്‌ വിചാരിച്ചാലോ ഉത്തരം കിട്ടാത്ത എന്തൊക്കെയോ തികട്ടി വരുന്നു.

‘ഒരു കൃമിയെപ്പോലെ ഉള്ള ഈ ജീവിതം അവസാനിപ്പിക്കണം.

ബാഗിൽ നിന്ന്‌ അത്‌ പുറത്തെടുത്തു. സൂപ്പർമാക്‌സിന്റെ പുതിയ ബ്ലേഡ്‌. വിഷം വാങ്ങാൻ പണമില്ലാത്തത്‌ കൊണ്ടാണ്‌. കവർ പൊട്ടിച്ച്‌ വലത്തേകൈക്ക്‌ മുകളിലൂടെ ഒരു മിന്നായംപോലെ അടുപ്പിച്ചു.

ദ്രുതഗതം മിടിക്കുന്ന ഹൃദയത്തെ അടക്കി നിർത്താൻ ക്ലേശിച്ചപ്പോൾ, കൈകളിൽ നിന്നൊഴുകിയ അരുണവർണ്ണമാർന്ന ദ്രാവകത്തിന്റെ അനുസ്യൂതമായ പ്രവാഹത്തിൽ അടിമുടി തളർന്നപ്പോൾ ഏതോ അജ്ഞാതകരങ്ങൾ എന്നെ കോരിയെടുത്താതയറിയുന്നു. കടുത്ത ദേഷ്യം തോന്നി.

’ചാകാനും സമ്മതിക്കില്ലേ?‘

തുണികൊണ്ട്‌ മുറുക്കിക്കെട്ടിയ കരങ്ങളുമായി ഇന്ന്‌ ആശുപത്രിവിടുമ്പോൾ കൂടെ അയാൾ….. സോറി; ആ ചോദ്യവുമുണ്ട്‌.

’ഇനി എങ്ങോട്ടാ?……?……?……?

Generated from archived content: story1_feb8_11.html Author: rincy_devasia

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here