ഉണര്‍ന്നപ്പോള്‍ തോന്നി ഉറങ്ങാന്‍
ഉറങ്ങിയാല്‍ വിശപ്പറിയില്ല.
വിശപ്പ് പെരുത്താണ് മോഷ്ടിച്ചത്.
മോഷ്ടിച്ചതൊക്കെയും ആവിയായി.
ദഹിക്കാത്തത് വല്ലതും കഴിക്കണം.
എങ്കിലേ, അവസാനം വരെ സൂക്ഷിക്കാനാകൂ.
പെട്ടെന്ന് വിശന്നാലോ?
കട്ടത് സൂക്ഷിച്ച് വച്ചു തുടങ്ങി.
ആദ്യമൊക്കെ ഭക്ഷണം വളിച്ചുപോയി.
പിന്നെ, പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തു.
ഇപ്പോള്‍ അരനൂറ്റാണ്ട് പഴക്കമുള്ളത് ഫ്രഷായി.
തിന്നിട്ട് മിച്ചം വന്നു അത് വിറ്റു.
വ്യാപാരം കുതിച്ച് മുന്നേറിയപ്പോള്‍
ലാഭക്കൊതിയായി.
അല്പം പൂഴ്ത്തിവയ്പ്പ്
അരസ്പൂണ്‍ കരിഞ്ചന്ത;
ഒരു നുള്ള് മായം.
എല്ലാറ്റിനും മുകളില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും.
ഹായ്, ഞാനൊരു ബഹുരാഷ്ട്രകുത്തകയായല്ലോ?
Generated from archived content: poem3_sep24_11.html Author: rincy_devasia