ഏണിയും പാമ്പും

തന്റെ തികച്ചും ഏകാന്തമായ സായാഹ്‌നവേളയിൽ, ഗോവണിപ്പടിയുടെ ഓരം ചേർത്തിട്ടിരുന്ന ചാരുകസേരയിൽ, ചിന്തകളെ ആഘോഷമാക്കരുതെന്ന്‌ മനഃപൂർവ്വം തീരുമാനിച്ചുകൊണ്ട്‌ ക്ലാര വീണ്ടും ചാരിക്കിടന്നു. ചൂടിന്റെ തീഷ്‌ണത കുറയുന്നുവെന്നറിയിച്ചുകൊണ്ട്‌ വെയിൽ മങ്ങിവന്നു. പാതി തുറന്നിട്ട ജനാലയ്‌ക്കപ്പുറം സേലം മാങ്ങയുടെ സമൃദ്ധി വിളിച്ചറിയിക്കുന്ന നിറഞ്ഞ തണലിന്റെ കുളിർമയെ ക്ലാര തന്നിലേയ്‌ക്കു മാടി വിളിച്ചു. പക്ഷേ, വരാനെന്തോ മടിപോലെ. “ഉവ്വുവ്വ്‌, നിന്റെ കുറുമ്പെനിയ്‌ക്കറിയാം” എന്നു പറഞ്ഞ്‌ അന്തരീക്ഷം ഒട്ടൊന്നു മയപ്പെടുത്താമായിരുന്നു. എന്തുകൊണ്ടാണാവോ, ഒന്നും പറ്റുന്നില്ല! ചാരുകസേരയുടെ കോട്ടൺതുണിയിലേക്കു ചായുമ്പോൾ, തീരുമാനിച്ചുറപ്പിച്ച ആശയങ്ങളൊക്കെ സ്രഷ്‌ടാവിനെ മറന്ന സൃഷ്‌ടിപ്പോലെ പറന്നുപറന്നു പോകുന്നതു കണ്ടപ്പോൾ ക്ലാരയ്‌ക്കു ഖേദം തോന്നി.

ടെലിവിഷൻ ഓൺ ചെയ്തത്‌ മനഃപൂർവ്വമായ ഒരു രക്ഷപ്പെടലിനുവേണ്ടിയായിരുന്നു. എം.ടി.വി.യുടെ ചടുലതയും, എഫ്‌.ടി.വിയിലെ അല്പവസ്‌ത്ര പ്രകടനങ്ങളും മനസ്സിനെ പിടിച്ചു നിർത്താനും മാത്രം ആകർഷണീയമല്ലെന്ന്‌ വീണ്ടുമൊരിക്കൽകൂടി തിരിച്ചറിഞ്ഞപ്പോൾ, ക്ലാരയുടെ വിരലുകൾക്ക്‌ ‘ഓഫി’ന്റെ ചുവപ്പു സ്വിച്ചിനെ തേടുകയെ നിർവ്വാഹമുണ്ടായിരുന്നുളളൂ.

വായനയുടെ വലിയ ലോകത്ത്‌ സ്വസ്ഥതയുടെ അതിലും വിശാലമായ ഷോറൂം ഉണ്ടെന്ന്‌ സങ്കല്പിച്ചുകൊണ്ടാണ്‌ ക്ലാര, മൊറാവിയോയുടെ ‘റ്റൂ വിമൻ’ തുറന്നത്‌. ഇനിയും പശിയടങ്ങാത്ത യുദ്ധം അശ്വമേധം തുടരുമ്പോൾ റോസെറ്റയ്‌ക്കും അവളുടെ അമ്മയ്‌ക്കും വേണ്ടി അവതരിക്കാൻ ക്രിസ്‌തു ഏതു പുൽക്കൂടാണു തിരഞ്ഞെടുക്കുക എന്നാലോചിച്ചു നോക്കിയിട്ട്‌ ക്ലാരയ്‌ക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല. അടക്കാനാവാത്ത, തികച്ചും മനുഷ്യസഹജമായ കൗതുകം അവസാന പേജുകളിലൊളിഞ്ഞിരിക്കുന്ന പൊരുളിന്റെ ചുരുളുകളിലേക്കു തളളിവിട്ടപ്പോൾ, നിർവ്വികാരയായിരിക്കണമെന്ന്‌ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചിട്ടും ക്ലാര ഞെട്ടി. റോസെറ്റ വേശ്യയും, അവളുടെയമ്മ മോഷ്‌ടാവുമായിരിക്കുന്നു! ഉളളിലെങ്ങോ ആത്മാവു പതിയിരിക്കുന്നുവെന്നത്‌ ഒരു സ്യൂഡോ കോൺസെപ്‌റ്റു മാത്രമാണെന്ന്‌ തന്നെത്തന്നെ വിശ്വസിപ്പിയ്‌ക്കാനെന്നവണ്ണം ക്ലാര അല്പം ഉറക്കെത്തന്നെ ചോദിച്ചു, “എല്ലാ അശ്വമേധങ്ങളും ഇങ്ങനെയായിരിക്കുമോ അവസാനിക്കുക?” സായാഹ്‌നത്തിന്റെ ഭീകരമായ ഏകാന്തതയിൽ തട്ടി ക്ലാരയുടെ ചോദ്യത്തിന്റെ പരശ്ശതം പ്രതിധ്വനികൾ പിറവിയെടുത്തു. വാശിപിടിച്ചു നേടിയെടുക്കുന്നതൊക്കെ ദുഃഖമായിരിക്കും സമ്മാനിക്കുക എന്ന ‘അഗ്‌നിസാക്ഷി’യിലെ തങ്കത്തിന്റെ ഏറ്റുപറച്ചിലിനെ അശ്വമേധം തുടരുന്നവരുടെ ധൈഷണിക സ്ഥിരതയുമായി കൂട്ടി വായിക്കുകയായിരുന്നു ക്ലാരയപ്പോൾ. വലിയ വായന ചിന്തയെ കൂടുതൽ ഭ്രാന്തുപിടിപ്പിക്കുമെന്ന മെറ്റീരിയലിസ്‌റ്റുകളുടെ വാദങ്ങൾക്കുനേരെ ചിറി കോട്ടിക്കാണിക്കാതെ, ക്ലാര നോവൽ വീണ്ടും ഷെൽഫിനുളളിൽ തിരുകി. ടീപ്പോയിന്മേൽ കിടന്ന ദിനപ്പത്രവും, ആഴ്‌ചപ്പതിപ്പുകളും തന്റെ ചിന്തകൾ ആഘോഷമാകാതിരിക്കത്തക്കവണ്ണം കമ്പനി തരുമെന്ന്‌ പ്രത്യാശിച്ചെങ്കിലും കണക്കുകൂട്ടലുകളുടെ ഭ്രാന്തൻ ലോകത്തേക്ക്‌ വീണ്ടുമൊരിക്കൽകൂടി വഴുതിവീഴുകയെന്നതായിരുന്നു ക്ലാരയുടെ നിയോഗം.

പളളിയിലെ ആൾത്താരയ്‌ക്കുമുന്നിൽ മുട്ടുകുത്തി നിൽക്കുമ്പോഴൊക്കെ കണ്ണുകളെ ഈറനണിയിച്ച, കുരിശുതൊട്ടിയ്‌ക്കുമുമ്പിൽ കത്തിയ്‌ക്കപ്പെട്ട മെഴുകുതിരികളോരോന്നും താനാണെന്ന തോന്നലുണർത്തിയ, എണ്ണിയാലൊടുങ്ങാത്ത ചിന്തകൾ, സപ്തനാഡികളേയും തളർത്തി, വിഷദ്രാവകത്തേക്കാൾ സ്വാധീനശക്തിയോടെ ഇരച്ചെത്തുന്നുവെന്നു തോന്നിയപ്പോൾ ക്ലാര ഗോവണിപ്പടിയിൽ വേച്ചുവേച്ചിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്റെ യാന്ത്രികമായ തണുപ്പിൽ മുഖമമർത്തവെ, ക്ലാര ഏണിയും പാമ്പും കളിച്ച്‌ സങ്കടം മാറ്റുന്നതിനെപ്പറ്റി ഗൗരവമായാലോചിക്കുകയായിരുന്നു.

ചാരുകസേരയുടെ നീണ്ട പിടികൾക്കുമേൽ പ്രതിഷ്‌ഠിച്ച പലകപ്പുറത്ത്‌ ഏണിയും പാമ്പും തികച്ചും സുരക്ഷിതരായി കാണപ്പെട്ടു. കളിയിലേക്കു കയറാനുളള ഒന്നു വീഴാൻ ക്ലാര ഏറെ പണിപ്പെട്ടു. പിന്നീടാകട്ടെ, ഒന്നുകളുടെ ഘോഷയാത്രതന്നെ ആയിരുന്നു! ഒന്നിൽ നിന്നൊന്നിലേക്ക്‌ മാറിമാറി കടന്നപ്പോൾ പൊന്തക്കാടുകളിലൊളിച്ചിരുന്ന നാഗങ്ങളുടെ പിളർത്തിയ വായിലെ വിഷപ്പല്ലുകൾ ഓർക്കാപ്പുറത്തു പലപ്പോഴും ക്ലാരയുടെ മൃദുലതയെ ക്രൂരമായി മുറിവേല്പിച്ചു. ഓരോ തവണ പൂജ്യത്തിലേക്കു മടങ്ങിയപ്പോഴും, നൂറിനുനേരെ പ്രതീക്ഷയോടെ നോക്കാൻ വൃഥാ ശ്രമിക്കുകയായിരുന്നു ക്ലാര. കളി കണക്കില്ലാക്കാലത്തേക്കു വ്യാപിച്ചിട്ടും, ശൂന്യത അതേപോലെ തുറിച്ചുനോക്കി നിന്നപ്പോഴാണ്‌ തന്റെ കളിക്കളത്തിൽനിന്ന്‌ ഗോവണികൾ എന്നേയ്‌ക്കുമായി എടുത്തുമാറ്റപ്പെട്ടിരിക്കുന്നത്‌ ക്ലാര ശ്രദ്ധിച്ചത്‌. താൻ കളിച്ചതത്രയും പാമ്പുകളോടും ഒന്നുകളോടുമായിരുന്നുവെന്ന്‌ നെടുവീർപ്പോടെ മനസ്സിലാക്കുമ്പോഴും പൊന്തക്കാടുകളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ശരിതെറ്റുകളിലേക്കുളള അന്വേഷണപാതയിലായിരുന്നു എന്നത്തേയും പോലെ അവൾ-ക്ലാര ജോസഫ്‌.

Generated from archived content: story1_aug4.html Author: reo_s_panicker

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English