ചാവക്കാട്‌

പളനിയുടെ മൂന്നുദിവസം പഴക്കമുളള ഐസിലിട്ട ശരീരം കറുത്തമ്മ ചുമ്മാ നോക്കിനിന്നു. മൂന്ന്‌ വർഷം മുൻപ്‌ കരിപ്പൂര്‌ നിന്നൊരു വിമാനം പളനിയേയും കൊണ്ട്‌ ഉയർന്നു പൊങ്ങിയപ്പം ഹെന്റെ അമ്മച്ചിയെ എന്ന കരച്ചിലോടെ കറുത്തമ്മ ബോധംകെട്ടു വീണിരുന്നു. അന്നവൾ കോളേജുപഠിത്തം കഴിയാത്ത കൊച്ച്‌ പെങ്കൊച്ചായിരുന്നു. കല്ല്യാണം കഴിഞ്ഞിട്ടാണെങ്കിൽ കഷ്‌ടിച്ച്‌ ഒന്നര രണ്ട്‌ ആഴ്‌ചയും. ഡിഗ്രിയെങ്കിലും കഴിഞ്ഞിട്ടുമതി കല്ല്യാണമെന്ന്‌ കറുത്തമ്മയ്‌ക്ക്‌ നല്ല ആശയുണ്ടായിരുന്നതാണ്‌. അവളുടെ കൂട്ടത്തിൽ പലരും പത്ത്‌ പോലും തികച്ചിരുന്നില്ലല്ലോ. അവളുടെ അച്‌ഛന്‌ അമരത്തിലെ മമ്മൂട്ടിയെപ്പോലെ കൊച്ചിനെ കൊമ്പത്തെ പഠിത്തം പഠിപ്പിച്ച്‌ ഡോക്‌ടറാക്കണമെന്നൊന്നും ഇല്ലായിരുന്നു. കല്ല്യാണം വരുന്നതുവരെ കൊച്ച്‌ പഠിക്കട്ടെന്നേ അയാൾ കരുതിയിരുന്നുളളൂ. ഡിഗ്രി ആദ്യവർഷം ക്ലാസ്‌ കഴിയാറായപ്പോഴാണ്‌ പളനി അവളെ കാണാൻ വന്നത്‌. മാർച്ച്‌ മാസത്തിലെ ആദ്യത്തെ ഞായറാഴ്‌ച. പളനി എന്ന പേര്‌ ഇഷ്‌ടമായില്ലെങ്കിലും അപ്പുറത്തെ വീട്ടിൽ നിന്നും എടുത്ത്‌ കൊണ്ടുവന്ന രണ്ട്‌ മൂന്നു കസേരകൾ കൂടി പുതുതായി സിമന്റിട്ട നിലത്തിന്‌ പോറൽ വീഴാതെ പിടിച്ചിട്ടതൊക്കെ അവൾ തന്നെയായിരുന്നു. ഇന്നത്തെക്കാലത്ത്‌ പിളേളർക്ക്‌ ഒറ്റയ്‌ക്ക്‌ എന്തെങ്കിലും മിണ്ടാനും പറയാനുമൊക്കെ കാണുമെന്ന ഡയലോഗോടെ കാർന്നോമ്മാരും മൂന്നാംകാരനും വലിഞ്ഞപ്പൊ നൂറ്റെട്ട്‌ സിനിമയിൽ കണ്ട സീനായിരുന്നിട്ടും കറുത്തമ്മ വിയർത്തു. എന്റെ ദൈവങ്ങളെ എന്നവൾ കൂട്ടിവിളിക്കുമ്പോഴേക്കും അയാൾ സംസാരിച്ചു തുടങ്ങിയിരുന്നു.

ഡിഗ്രിക്ക്‌ പഠിക്കുകയാണല്ലേ. ഞാൻ പ്രീഡിഗ്രി കഴിഞ്ഞ്‌ ഐ.ടി.ഐയിൽ പോയി ഒന്നൊന്നരവർഷം നാട്ടില്‌ എലക്‌ട്രീഷ്യനായിട്ട്‌ നടന്നു. അതുകഴിഞ്ഞാ പൊറത്ത്‌ പോകാനൊത്തത്‌. ആദ്യം പോയതും എലക്‌ട്രീഷ്യനായിട്ടാ. പിന്നെയാണ്‌ എണ്ണക്കിണറിലെ പണിയായത്‌. ഞങ്ങൾ ആ കമ്പനിയിൽ പത്തുപതിനഞ്ചു മലയാളികളുണ്ട്‌. നാട്ടീന്നു തന്നെ നാലഞ്ച്‌ പേരുണ്ട്‌. ഞങ്ങളെപ്പോഴും പറയും ഡിഗ്രിക്കോ മറ്റോ പോയിരുന്നെങ്കിൽ ജീവിതം തൊലഞ്ഞുപോയേനെ എന്ന്‌. ഇത്‌ റിസ്‌കൊളള പണിയാ. എന്നാ അതിനൊളള ഗുണവുമുണ്ടെന്ന്‌ കൂട്ടിക്കോ. പക്ഷേ ഫാമിലിയെ കൊണ്ടുപോകാൻ ബുദ്ധിമുട്ടാ. വർഷത്തിലൊരിക്കെ ഇരുപത്തഞ്ച്‌ ദിവസം ലീവ്‌. കമ്പനിതന്നെ അങ്ങോട്ടുമിങ്ങോട്ടും ടിക്കറ്റെടുത്ത്‌ തരും. ഞാൻ എല്ലാത്തവണയും മാർച്ചിലാണ്‌ വരാറുളളത്‌. കഴിഞ്ഞ തവണ വന്നുപോയി ഒരു മാസം കഴിഞ്ഞപ്പോഴാണ്‌ അമ്മ മരിച്ചത്‌. അപ്പൊ വരാൻ പറ്റീല്ല. പിന്നെ വരുന്നത്‌ ഇപ്പോഴാണ്‌. വന്നപ്പൊ തോന്നി പെണ്ണുകെട്ടണമെന്ന്‌. ഇപ്പൊത്തന്നെ മൂന്നുനാല്‌ ദിവസത്തെ ലീവ്‌ കഴിഞ്ഞു. ഇനി ഇരുപത്തൊന്ന്‌ ദിവസം.

ഇങ്ങനെ ഒറ്റക്ക്‌ സംസാരിക്കാൻ കാർന്നോമ്മാര്‌ കൊടുത്ത സമയം മുഴുവൻ പളനി ഒറ്റക്കങ്ങ്‌ സംസാരിച്ചതുകൊണ്ട്‌ കറുത്തമ്മക്കൊന്നും പറയേണ്ടിവന്നില്ല. കുത്തുന്ന ഒരു മണത്തിൽ മയങ്ങി നിന്നിരുന്ന അവൾ കാര്യമായൊന്നും കേട്ടിരുന്നുമില്ല. പ്രത്യേകിച്ചൊരു ഈണവും ഇല്ലാതെയാണയാൾ സംസാരിക്കുന്നതെന്ന്‌ അവൾക്ക്‌ തോന്നി. ഞങ്ങ എന്നല്ല ഞങ്ങൾ എന്നാണയാൾ പറയുന്നത്‌ എന്ന്‌ അവൾ പ്രത്യേകം ശ്രദ്ധിച്ചു. എന്തായാലും ലോൺകിട്ടാനുളള താമസമേ ഉണ്ടായിരുന്നുളളൂ കല്ല്യാണത്തിന്‌. വീടും പറമ്പും സഹകരണബാങ്കിൽ പണയം വച്ചാണ്‌ കറുത്തമ്മയുടെ കല്ല്യാണം നടത്തിയത്‌.

കല്ല്യാണരാത്രി പളനി സംസാരിച്ചപ്പോഴും പ്രത്യേകിച്ച്‌ ഈണമൊന്നും കണ്ടുപിടിക്കാൻ അവൾക്കായില്ലെങ്കിലും വാക്കുകൾ ചെറുതായി വഴുക്കുന്നുണ്ടെന്ന്‌ തോന്നാതിരുന്നില്ല. പെണ്ണുകാണാൻ വന്ന അന്ന്‌ പറഞ്ഞതൊക്കെ കൂടുതൽ വിവരണങ്ങളോടെ രസിച്ചു പറഞ്ഞു പളനി. എല്ലാദിവസവും രാത്രി ഒരൊമ്പതു മണി കഴിയുമ്പോ അവരൊരഞ്ചാറ്‌ മലയാളികൾ കൂടുമെന്നും രണ്ട്‌ ഫുളളങ്ങ്‌ പിടിപ്പിച്ചിട്ട്‌ പടം കാണുമെന്നും മലയാളത്തിലെ ഒരു മാതിരി എല്ലാ നടിമാരുടെയും നീലപ്പടം കണ്ടിട്ടുണ്ടെന്നും അയാൾ പറഞ്ഞപ്പോൾ നീലപ്പടത്തിന്‌ കഥയുണ്ടോ എന്ന സംശയമാണ്‌ നാവിൻതുമ്പിൽ വന്നതെങ്കിലും അവളത്‌ ചോദിച്ചില്ല. പിന്നെ പളനി കെട്ടുകണക്കിന്‌ ഫോട്ടോകൾ കാണിച്ചു. നീല ടീഷർട്ടിട്ട്‌ കണ്ണടവച്ച്‌ ആരുടെയോ കാറിൽ ചാരി നില്‌ക്കുന്ന പളനിയുടെ ഫോട്ടോയാണ്‌ ഏറ്റവും ഇഷ്‌ടപ്പെട്ടതെങ്കിലും അവളതും പറഞ്ഞില്ല. പിന്നേയും കുറേനേരം കഴിഞ്ഞാണ്‌ ശബ്‌ദം പുറത്ത്‌ വന്നില്ലെങ്കിലും പളനിക്ക്‌ കേൾക്കാൻ വേണ്ടിയവൾ “കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ‘ എന്ന പാട്ട്‌ പാടുന്നത്‌. ”കണ്ണാളേ കണ്ണാളേ കരിമീൻ കണ്ണാളേ“ എന്നായിരുന്നു മറുപാട്ട്‌. കറുത്തമ്മയൊന്ന്‌ കിടുങ്ങി.

അവൾ പളനിയെ സൂക്ഷിച്ചുനോക്കി. തല ചെറുതായൊന്ന്‌ ചരിച്ച്‌ വെട്ടിച്ച്‌ കണ്ണിൽ കുസൃതിയോടെ ’കന്നിത്താമരപൂമോളെ‘ എന്ന്‌ പളനി പാടിയപ്പോൾ സത്യനെപ്പോലെ കറുത്തെങ്കിലും മോഹൻലാലിനെപ്പോലെ എന്നാശ്വസിച്ച്‌, താനും ഷീലയെപ്പോലൊന്നുമല്ലല്ലോ എന്നവളോർത്ത്‌ കുത്തുന്ന മണത്തിലേക്ക്‌ ചാഞ്ഞു.

പിന്നെയുണ്ടായിരുന്ന പത്ത്‌ പതിന്നാല്‌ അവധി ദിവസങ്ങൾ അടുത്ത വീടുകളിൽ പോയി അതുമിതും തിന്നും ചായകുടിച്ചും വീട്ടിൽ വരുന്നവർക്ക്‌ ടാങ്ക്‌ കലക്കിക്കൊടുത്തും തീർന്നു. അതിനിടയിൽ ഒരുദിവസം പളനിയും കറുത്തമ്മയും കാറെടുത്ത്‌ ഗുരുവായൂര്‌ പോയി തുലാഭാരം നടത്തി ഫോട്ടോയുമെടുത്ത്‌ തിരിച്ചുപോന്നു. പിന്നെ കറുത്തമ്മ കാറിൽ കയറുന്നത്‌ കരിപ്പൂരേക്ക്‌ പോകാനാണ്‌. കാറിലിരുന്ന്‌ കരഞ്ഞ്‌ കരഞ്ഞ്‌ വശംകെട്ടുപോയി കറുത്തമ്മ. നീല ടീഷർട്ടുമിട്ട്‌ ചക്രത്തിലുരുളുന്ന വലിയ ബാഗും വലിച്ച്‌ പളനി വിമാനത്താവളത്തിനുളളിലേക്ക്‌ കയറിപ്പോകുന്നത്‌ കണ്ടപ്പോൾ അവളുടെ എടനെഞ്ച്‌ തകർന്നുപോയി. ചങ്കിലെ നീറ്റം സഹിക്കാൻ കഴിയാതായപ്പോഴാണ്‌ ആദ്യം പറഞ്ഞ രീതിയിൽ കറുത്തമ്മ ബോധംകെട്ടു വീഴുന്നത്‌.

ബോധം വീണപ്പോൾ ഹെന്റെ അമ്മച്ചിയേ എന്ന കരച്ചിലിനെ പാതിവഴിയിൽ ഉപേക്ഷിച്ചിട്ട്‌ അവൾ പളനിക്കെഴുത്തെഴുതാൻ ഇരുന്നു. ഇവിടെ ഞാൻ ഒറ്റക്കാണ്‌ ആലോചിക്കുമ്പോ കണ്ണ്‌ നെറഞ്ഞ്‌ പോകണേണ്‌ എന്ന്‌ എഴുതിയിട്ട്‌, അവസാനം എഴുതിയ വാക്ക്‌ വായിക്കാൻ കഴിയാത്തവിധം വെട്ടി, പോകുകയാണ്‌ എന്നാക്കി. പിന്നെ കുറേനേരം ഓരോന്ന്‌ ആലോചിച്ചിരുന്നിട്ട്‌ ’പട്ടു കുപ്പായക്കാരാ നിന്നോട്‌ ഞാനൊരു കിന്നാരം ചോദിക്കാം‘ എന്ന മട്ടിൽ ഒന്നൊന്നര പേജ്‌ കൂടി എഴുതി നിറച്ചു. പളനിയുടെ മറുപടിയിലും പാട്ട്‌ പഴയതു തന്നെയായിരുന്നു. ’അരയൻ തോണിയിൽ പോയാല്‌ അവന്‌ കാവല്‌ നീയാണ്‌‘ എന്ന വരിയിലേക്ക്‌ ഊന്നൽ മാറിയിരുന്നു എന്നുമാത്രം. അടുത്ത കത്തിൽ ഉടനെ കറുത്തമ്മ പാട്ടുമാറ്റി. മുക്കുവൻ മുത്തിനുപോയ കഥ തന്നെ മറുപടി. പഴയത്‌, എടത്തരം പഴയത്‌, പുതിയത്‌ ഇങ്ങനെ പാട്ടുകൾ അനവധി മാറ്റിയിട്ടും അരയൻ തോണിയിൽ നിന്ന്‌ ഇറങ്ങിയില്ല. അങ്ങനെ എഴുത്തിന്റെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കേ പളനിയുടെ രണ്ടാം വരവായി. മുകളിലെ രണ്ട്‌ മുറികൾ കൂടി മാർബിൾ ഇടുക എന്നതായിരുന്നു ആ വരവിന്റെ പ്രധാന ഉദ്ദേശം. പത്തോ ഇരുപതിനായിരമോ മുടക്കിയാലും ഒരു ഫോൺ കണക്ഷൻ കൂടി ഒപ്പിക്കുക എന്നൊരു അപ്രധാനമല്ലാത്ത ഉദ്ദേശം കൂടി ഉണ്ടായിരുന്നു ആ വരവിന്‌. മുകളിൽ പണി തുടങ്ങിയപ്പോൾ പളനിയും കറുത്തമ്മയും താഴത്തെ ടൈൽസിട്ട മുറികളിലൊന്നിലേയ്‌ക്ക്‌ മാറ്റി കിടപ്പ്‌. അപ്പുറം പണിക്കായിറക്കിയ മാർബിൾ സ്ലാബുകളും കിടന്നിരുന്നു.

ഒടുക്കം മാർബിളിന്റെയും ഫോൺ കണക്ഷന്റെയും പണി കഴിഞ്ഞപ്പോഴേക്കും പളനിയുടെ ലീവും തീർന്നിരുന്നു. അത്തവണ പളനി പോയപ്പൊ കറുത്തമ്മ ബോധം കെടാനൊന്നും പോയില്ല. ഒടനേ എഴുതാനും പോയില്ല. വെളളിയാഴ്‌ചതോറും വിളിക്കാറുണ്ടെന്ന കാരണം പിന്നെയവൾ എഴുതാനേ പോയില്ല. വെളളിയാഴ്‌ചതോറുമുളള വിളികളിൽ മൂന്നുമിനിറ്റുനേരം ആ വീടിനുളളിൽ വീഴുന്ന എല്ലാ ശബ്‌ദങ്ങളും പളനി പിടിച്ചെടുത്തു. കറുത്തമ്മയുടേതൊഴിച്ച്‌. ശബ്‌ദങ്ങളുടെ ഉറവിടം പറഞ്ഞുകൊടുക്കുക എന്നൊരു പണിയേ കറുത്തമ്മയുടെ ശബ്‌ദത്തിന്‌ ഉണ്ടായിരുന്നുളളൂ. അതവൾ നല്ല രീതിയിൽത്തന്നെ ചെയ്‌തുകൊണ്ടിരിക്കെ പളനിയുടെ മൂന്നാം വരവായി. അയൽപക്കക്കാരും തൊറയിലുളളവരും പറയുന്നത്‌ ശരിയാണെങ്കിൽ പുതിയ സി.ഡി പ്ലെയറിൽ നിന്ന്‌ കണ്ണാളേ കണ്ണാളേ എന്ന പാട്ട്‌ കേട്ടാൽ ഡിജിറ്റലല്ലാത്ത വേറൊരു ശബ്‌ദംകൂടി കേൾക്കാം. കേട്ടത്‌ കാസറ്റ്‌ പാട്ടാണോ കരച്ചിലാണോ എന്ന്‌ മനസ്സിലാകാത്തതുകൊണ്ട്‌ ആരും ടാങ്ക്‌ കുടിക്കാനങ്ങോട്ട്‌ പോയില്ലെന്നതാണ്‌ സത്യമെങ്കിലും ടാങ്ക്‌ കുടിക്കാൻ പോകാത്തതുകൊണ്ട്‌ കേട്ടത്‌ കാസറ്റ്‌ പാട്ടാണോ കരച്ചിലാണോ എന്ന്‌ മനസ്സിലായില്ലെന്നാണ്‌ അവര്‌ പറഞ്ഞത്‌.

എന്തായാലും അന്നൊന്ന്‌ തിരിഞ്ഞു നോക്കാത്തവൻമാരും അവളുമാരുമാണല്ലോ ഇപ്പൊ ദുക്കം പോക്കാൻ വന്നു നില്‌ക്കുന്നത്‌ എന്നു കണ്ടപ്പോൾ കറുത്തമ്മയുടെ പെരുവിരലിൽ നിന്നും പെരുത്തുകയറി. അടക്കം കഴിഞ്ഞ്‌ ഈ ശവങ്ങളൊക്കെപ്പോയിട്ടേ ഇനി എഴുന്നേല്‌ക്കുകയുളളു എന്ന്‌ കരുതി കറുത്തമ്മ മുകളിൽ പോയി തണുത്ത മാർബിൾ നിലത്ത്‌ കമിഴ്‌ന്നടിച്ചങ്ങ്‌ കിടന്നു. പിറ്റേന്ന്‌ രാവിലെ ഇളംവെയിൽ തലക്കടിക്കുമ്പോഴാണ്‌ കറുത്തമ്മ എഴുന്നേല്‌ക്കുന്നത്‌. വെയിൽ ഒരുമാതിരി മൂത്തപ്പോഴാണ്‌ ആശ്രയം ഹെൽപ്പ്‌ ലൈനിലെ ഫോൺ അടിക്കുന്നത്‌. ദിവസവും രണ്ട്‌ മണിക്കൂർ ആശ്രയത്തിൽ കൗൺസിലറായിരിക്കുന്ന അന്ന അമൽ അഗസ്‌റ്റിനാണ്‌ ഫോണെടുത്തത്‌. സൈക്യാട്രി ക്ലാസ്സുകൾക്കും വിദേശത്ത്‌ പഠനം തുടരാനുളള പരീക്ഷ തയ്യാറെടുപ്പുകൾക്കും ഇടയിലാണ്‌ അന്ന അമൽ ഈ ഒരു നല്ലകാര്യത്തിന്‌ സമയം കണ്ടെത്തിയിരുന്നത്‌. ഫോൺ ബെല്ലടിച്ചതും കയ്യിലുണ്ടായിരുന്ന ഒബ്‌ജക്‌റ്റീവ്‌ സൈക്യാട്രി എന്ന പരീക്ഷാ സഹായി താഴെവച്ച്‌ ഫോണെടുത്ത്‌ ഹലോ ആശ്രയം ഹെൽപ്പ്‌ലൈൻ എന്നാശ്വസിപ്പിച്ചു.

”ഹലോ ഇത്‌ കറുത്തമ്മയാണ്‌.“

”ഹലോ കറുത്തമ്മാ. പ്രശ്‌നമെന്താണെങ്കിലും പറയാം. ആദ്യം കയ്യിലെന്തെങ്കിലും ഉണ്ടെങ്കിൽ മാറ്റിവയ്‌ക്കൂ. ഗ്യാസ്‌ തുറന്നിട്ടുണ്ടെങ്കിൽ അടയ്‌ക്കൂ. ഈ സംസാരം കഴിയുമ്പോഴേക്കും കറുത്തമ്മയുടെ എല്ലാ പ്രശ്‌നങ്ങളും തീരും. പറയൂ കറുത്തമ്മാ എന്താണ്‌ പ്രശ്‌നം.“ ഇത്രയും പറഞ്ഞു കഴിഞ്ഞ്‌ ക്ഷമ, ക്ഷമ, പിന്നെയും ക്ഷമ എന്ന കൗൺസിലിങ്ങിന്റെ ഒന്നാം പാഠമോർത്ത്‌ അന്ന ക്ഷമിച്ചിരിക്കെ കറുത്തമ്മ പറഞ്ഞു തുടങ്ങി.

ആത്മഹത്യ ചെയ്യാനെക്കൊണ്ട്‌ വേറെ ആളെ നോക്കണം. ചാകാനാണെങ്കി വിളിച്ച്‌ പറഞ്ഞിട്ട്‌ വേണാ. ചാകാമ്മേലാത്തോണ്ട്‌ വിളിച്ചതാ. എന്റെ കയ്യീ കത്തീമില്ല. ഗുളികേമില്ല. അങ്ങനെയിത്‌ തീരാനൊന്നും പോകണില്ല. മൂന്നു വർഷമായിട്ട്‌ ഇതിന്റെകത്ത്‌ ഞാൻ കെടന്ന്‌ ഉരുകണേണ്‌. ഞാമ്പെഴയാണോന്നായിരുന്നു അയാക്കടെ സംശയം. സംശയമെന്ന്‌ പറഞ്ഞാ മതിയാ. ഒടുക്കത്തെ സംശയം.

പഠിക്കണ കാലത്ത്‌ തൊടങ്ങിയതാണ്‌ കേട്ടാ. മാനസമൈനേ വരൂ വരൂന്ന്‌ എത്ര മൊതലാളിക്കൊച്ചൻമാര്‌ പാടി. ഒരുത്തൻ ചോദിച്ചു വളേളാം വലയും വിക്കുവോന്ന്‌. എന്റെ അച്ചന്‌ ചെമ്പങ്കുഞ്ഞിനെക്കണക്ക്‌ വളേളാം വലേമൊന്നും ഒണ്ടായിരുന്നില്ല. അച്ചൻ എഞ്ചിൻ വച്ച ബോട്ടില്‌ പൊറങ്കടലീ പോകണേര്‌ന്ന്‌ പതിവ്‌. പോയി വരുമ്പോ മൂന്നുനാല്‌ ദിവസം പഴക്കമുളള ഐസിലിട്ട മീനാകും കൊണ്ടുവരുന്നത്‌. മാണിക്യക്കല്ലൊന്നുമല്ല. ഞങ്ങടെ തൊറേല്‌ ഒരു കൊച്ചുമൊതലാളിയും ഉണ്ടായിരുന്നില്ല, കടം വാങ്ങാനെക്കൊണ്ട്‌. ആകനെ ഉണ്ടായിരുന്നത്‌ ഒരു ചിട്ടിക്കമ്പനീം കോപ്രേറ്റീവ്‌ ബേങ്കുമായിരുന്നു. ചിട്ടിക്കമ്പനി മൊതലാളീനെ ആരും കൊച്ചുമൊതലാളീന്നൊന്നും വിളിച്ചിരുന്നില്ല. സാറേ എന്നാണ്‌ വിളിച്ചിരുന്നത്‌. പലിശ കണക്ക്‌ കൂട്ടുമ്പോ വേറെന്തെങ്കിലും വിളിച്ചിരുന്നോന്നെനിക്കറിയാമ്പാടില്ല. ഞങ്ങ പാവങ്ങളായിരുന്നു. സ്വർണ്ണോം മുത്തും മണീമൊന്നും കെട്ടിയിരുപ്പില്ലാത്തോണ്ട്‌ വീടും പറമ്പും ബാങ്കീ പണയം വച്ചാ കല്ല്യാണം നടത്തിയെ. അങ്ങനെ കഷ്‌ടപ്പെട്ടും വെഷമിച്ചും ബുദ്ധിമുട്ടീം നടത്തിയ കല്ല്യാണമാണല്ലാ എന്ന്‌ കരുതി ഇത്രേം നാള്‌ സഹിച്ച്‌.

കല്ല്യാണം കഴിക്കാമ്പോണ ആൾക്കടെ പേര്‌ പളനിയെന്നാണന്നറിഞ്ഞപ്പോത്തന്നെ ഞാങ്കരുതീതാ ഇത്‌ ശരിയാകാൻ പോകണില്ലെന്ന്‌. ആദ്യത്തെ രാത്രി കണ്ണാളേ കണ്ണാളേ എന്ന്‌ പാട്ടും കൂടി പാടിയപ്പൊ കഴിഞ്ഞു. ഇവടന്ന്‌ പോയി കൂട്ടുകാരമ്മാരുടെ ഓരോ വാക്ക്‌ കേട്ടാ അയാക്ക്‌ തൊടങ്ങും എളക്കമെന്ന്‌ ഞാങ്കരുതീതാ. നിങ്ങ ഇത്‌ കേക്കണം. ആദ്യം അയാള്‌ പോയപ്പൊ ചങ്കിലെ നീറ്റംകൊണ്ട്‌ ബോധം കെട്ടവളാണ്‌ ഞാൻ. ഒടല്‌ നീറിയാ ബോധം കെടൂല്ലാന്ന്‌ കഴിഞ്ഞ തവണേണ്‌ മനസ്സിലായത്‌. ഇത്രേം കാലം അയാളെ പറഞ്ഞിരുന്നുളളൂ ഞാൻ പെഴയാണെന്ന്‌. ഇനി ഇപ്പൊ അയാള്‌ ചത്തപ്പൊ തൊറ മുഴുവൻ പറയും ഞാമ്പെഴയാണെന്ന്‌. ഏഴാം കടലിനക്കരെയെങ്ങാണ്ട്‌ ഒരു എണ്ണക്കിണറിന്‌ തീ പിടിച്ചാ ഞാമ്പെഴയാകുന്നതെങ്ങനേണ്‌. ആരു ചത്താലും പെഴച്ചാലും ഞാഞ്ചാകാൻ പോണില്ല.

സംസാരം ഇവിടെവരെ എത്തിയപ്പോഴാണ്‌ ഒന്നാം പാഠത്തിന്റെ പ്രശ്‌നം അന്നയ്‌ക്ക്‌ പിടികിട്ടുന്നത്‌. തന്റെ സഹായമില്ലാതെതന്നെ ഒരാൾ ചാകുന്നില്ല എന്ന്‌ തീരുമാനമെടുക്കുന്നതിന്റെ അപകടമോർത്ത്‌ അന്ന ഇടപെടാൻ തുടങ്ങവെ കടലിന്റെ ഇരമ്പം പോലൊരു മൂളൽ ബാക്കിയാക്കി ഫോൺ കട്ടു ചെയ്‌തു കറുത്തമ്മ. ഞാഞ്ചാകാൻ പോണില്ല എന്നൊരു ഉശിരൻ ഡയലോഗോടെ ഫോൺ വച്ചെങ്കിലും തുടർന്നു ജീവിക്കാൻ എന്തു ചെയ്യണമെന്ന്‌ കറുത്തമ്മക്ക്‌ വല്ല്യ പിടിയില്ലായിരുന്നു. സ്വന്തം വീട്ടിലേയ്‌ക്ക്‌ തിരിച്ചു പോകുന്ന കാര്യം ആലോചിക്കാൻ വയ്യ. പളനിയുടെ ആറേഴുവർഷത്തെ ആകെ സമ്പാദ്യമായ ആ വീട്ടിൽ രണ്ടും കല്പിച്ചങ്ങ്‌ താമസിക്കാമെന്ന്‌ വച്ചാൽതന്നെയും വിശക്കുമ്പോൾ മാർബിൾ പൊട്ടിച്ചു തിന്നാനൊക്കില്ലെന്നത്‌ അവളെ കുഴക്കി. ഇങ്ങനെ ചാകാനും ജീവിക്കാനും കഴിയാത്ത വിഷമാവസ്ഥയിൽ മറ്റു മനുഷ്യരെപ്പോലെ കറുത്തമ്മയും ടി.വി.ഓൺ ചെയ്‌തു. കടലിന്റെ മക്കളുടെ കണ്ണീരിൽ കഥ പറയും കൊഞ്ച്‌ സീരിയലിന്റെ മുന്നൂറാം എപ്പിസോഡായിരുന്നു അപ്പോൾ ടി.വിയിൽ. കുറച്ച്‌ നേരം ടി.വിയിലേക്കും താഴെ തറയിലെ ടൈൽസിലെ ചിത്രപ്പണികളിലേക്കും മാറി മാറി നോക്കിയിരുന്നിട്ട്‌ കറുത്തമ്മ പെട്ടെന്നെഴുന്നേറ്റ്‌ ടി.വി ഓഫ്‌ ചെയ്‌ത്‌ വീടുപൂട്ടി പുറത്തിറങ്ങി. പുറംനാട്ടിൽ കൊഞ്ച്‌ കയറ്റുമതി നടത്തുന്ന കമ്പനിയുടെ മുതലാളിയെക്കണ്ട്‌ കൊഞ്ച്‌ നുളളുന്ന പണികിട്ടുമോ എന്നറിയാൻ കറുത്തമ്മ നടന്നു. ബോളിവുഡ്‌ ഹോളിവുഡ്‌ സിനിമകൾ മാത്രം കാണുന്ന അന്ന അമലിനെ ഏതോ ഒരു ചോദ്യം വായിൽ കുരുങ്ങിയ ചെറുചൂണ്ടയെ സ്രാവെന്ന കണക്കെ കുരുക്കി വലിച്ചു പോയിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ.

Generated from archived content: story_chavakkadu.html Author: renjini_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English