മഴച്ചിരി

ഇവിടെ
മഴ പൂത്തുലയുകയാണ്
എന്റെ പ്രണയത്തേപ്പോലെ
ചിലപ്പോഴൊക്കെ
നിന്റെ…
ചിരിപോലെ
മിഴിപൂട്ടി, കൈകള്‍ വിരിച്ചപ്പോള്‍
ആമ്പല്‍ പൊയ്കയിലെ
ആ..
ശനിയാഴ്ചപ്പൂവിന്റെ ഗന്ധം
എന്നിലും…നിന്നിലും
സദാ മുഴങ്ങുന്ന
ആദ്യ ചുംബനത്തിന്റെ
വിറയാര്‍ന്ന മിന്നലുകള്‍
…പിന്നെ
ഇല്ല…
ഞാനതു പറയില്ല
നീയറിഞ്ഞതല്ലേ
ആദ്യകവിതയിലെ
നിശബ്ദത

മഴക്കോലാഹലത്തിന്റെ അടക്കമെന്ന്

പ്രണയം!
മിഴികളിലഗ്നിയും
കവിളില്‍ രക്തവുമേകി
എന്നെ…
മറ്റൊരാളാക്കുന്നു
നിനക്കായുള്ള കാത്തിരിപ്പുകളെ
നിനക്കുമുന്‍പിലെ തോല്‍വികളെ
നിന്റെ കുട്ടിക്കുശുമ്പുകളെ
എല്ലാറ്റിനോടും
നിന്നോടെന്നപ്പോലെ
പ്രണയമാണെനിക്ക്
അതി തീവ്രമായ പ്രണയം

വീണ്ടും മഴക്കു മുന്‍പില്‍
മിഴികള്‍ തിരശ്ശീലയിട്ടു
നിന്റെ ഓര്‍മ്മയില്‍
എന്റെ മഴപ്രണയം
വരവേറ്റുവാങ്ങിച്ചിരിക്കുന്നു
മഴച്ചിരി…
കിലുങ്ങുന്ന മഴച്ചിരിമാത്രം
അടുത്ത മഴയിലേക്കൊരായിരം
ഗന്ധങ്ങളേയടക്കി
കാര്‍മേഘം വിടവാങ്ങുന്നു
ഇനിയൊരു കാഴ്ചപ്പൂ വിരിയുംവരെ
നിനക്കായ്…
വരികളെ കൊരുത്ത ഹാരവുമേന്തി
പുതു കവിതയുടെ മഴകാത്ത്
ഞാനും…..

Generated from archived content: poem1_oct4_12.html Author: remya_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here