മാടത്തക്കൂട്‌

 

 

 

വഴിയോരത്തു വെയിൽ കൊണ്ട്‌ വാടിത്തളർന്ന്‌ നിൽക്കുന്ന തുടുത്ത പൂക്കളെ കാണുമ്പോൾ ഞാൻ അറിയാതെ കുഞ്ഞുമണിച്ചേച്ചിയെ ഓർത്ത്‌ പോകാറുണ്ട്‌…. അവരുടെ എല്ലാമെല്ലാമായ മകൻ തിലകനെയും… കാട്ടു പൂക്കളാണ്‌ അവർ ഇരുവരും…. ജീവിതം തുറന്നിട്ട അനുഭവങ്ങളുടെ കൊടും വഴിയിൽ ആരും നട്ടു നനയ്‌ക്കാതെ… തടവും തണലുമില്ലാതെ സ്വയം വിരിഞ്ഞ കാട്ടുപൂക്കൾ.!

കൈതപ്പുഴയോരത്ത്‌ ഉപ്പു കാറ്റേറ്റു നിൽക്കുന്ന അവരുടെ കൂര ഇന്നും ഓർമയിൽ കരിമ്പടക്കെട്ടു പോലെ കിടപ്പുണ്ട്‌…

കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്‌ടപ്പെട്ടവനാണ്‌ തിലകൻ. കൈതപ്പുഴയുടെ ആഴങ്ങളിൽ മുങ്ങി മണൽ വാരി വഞ്ചിയിൽ നിറച്ചു ആവശ്യക്കാർക്ക്‌ എത്തിച്ചു കൊടുക്കുന്ന തൊഴിലായിരുന്നു അവന്റെ അച്ഛൻ കുങ്കന്‌. ഒരിക്കൽ മണൽ വാരാൻ പുഴയിൽ മുങ്ങിയ കുങ്കൻ മൂന്നാം ദിവസം ചീർത്തു ജഡമായി കടവത്ത്‌ അടിയുകയായിരുന്നു. മത്സ്യങ്ങൾ കൊത്തിവലിച്ചു വികൃതമാക്കിയിരുന്നു ആ മുഖം!

തിലകന്‌ കഷ്‌ടിച്ച്‌ ഏഴോ എട്ടോ വയസ്സ്‌ കാണും.

അന്ന്‌ മാഞ്ഞതാണ്‌ കുഞ്ഞുമണി ചേച്ചിയുടെ മനസിലെ സിന്ദൂരക്കുറി! മകനെയും ചേർത്തു പിടിച്ചു വിതുമ്പിക്കരയുന്ന ചേച്ചിയുടെ മുഖം ഇന്നും ഉള്ളിൽ നീറിക്കിടപ്പുണ്ട്‌.

അകാലത്തിൽ വിധവയായ ചേച്ചിയെയും കുഞ്ഞിനേയും കൂട്ടികൊണ്ട്‌ പോകാൻ ആങ്ങളമാർ വന്നെങ്കിലും കുങ്കൻ അലിഞ്ഞു ചേർന്ന മണ്ണ്‌ ഉപേക്ഷിച്ചു പോകാൻ അവർക്ക്‌ തോന്നിയില്ല. കാലം പിന്നെയും കൈതപ്പുഴ പോലെ മുന്നോട്ടൊഴുകി.

സ്‌ഥാനം കൊണ്ട്‌ ജ്യേഷ്‌ഠത്തിയാണ്‌. അമ്മയ്‌ക്ക്‌ തുല്യം. പക്ഷെ അവർ ആരോഗ്യവും യൗവനവും തികഞ്ഞ ഒരു പെണ്ണാണ്‌… അവർക്കും മോഹങ്ങൾ ഉണ്ടാകും. അങ്ങനെ കരുതിയിട്ടോ മറ്റോ ആയിരിക്കണം കുങ്കന്റെ ഇളയ സഹോദരൻ കുമാരൻ കുഞ്ഞുമണിയുടെ മുറിയിൽ ഒരു രാത്രി കയറിച്ചെന്നു.! ചാരായം മണക്കുന്ന കുമാരന്റെ കവിളിൽ ആഞ്ഞടിച്ച്‌ കുഞ്ഞിനേയും വാരിപ്പെറുക്കി ചേച്ചി ആ രാത്രിയിൽ ഞങ്ങളുടെ ചായ്‌പിൽ അന്തിയുറങ്ങാൻ അഭയം തേടി…. അച്ഛന്റെ കൂടെ ഉരുള ചോറുണ്ട്‌ ആ ശരീരത്തിന്റെ സുഗന്‌ധമനുഭവിച്ചു അകത്തെ മുറിയിലെ ഇളം ചൂടിൽ കഥ കേട്ട്‌ ഉറങ്ങാൻ കിടക്കുകയായിരുന്നു അപ്പോൾ ഞാൻ.

‘എന്റെ കുങ്കൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവൻ ഈ പണി എന്നോട്‌ കാണിക്കുമായിരുന്നോ താത്തീ…..“ മൂക്ക്‌ പിഴിഞ്ഞ്‌ കൊണ്ട്‌ അവർ പുലമ്പി.

”ഇണയും തുണയുമറ്റ പെണ്ണ്‌ പെരുവഴിയിലെ പൂവ്‌ പോലെയാണ്‌ കുഞ്ഞീ…. ആര്‌ കണ്ടാലും ഒന്ന്‌ മണക്കാൻ നോക്കും….“ അമ്മയുടെ വാക്കുകളിലും വിതുമ്പലിന്റെ നനവ്‌….

തിലകൻ ഒന്നുമറിയാതെ ഉറങ്ങുകയാണ്‌….

ഞാൻ അത്ഭുതപ്പെട്ടു! അച്ഛന്റെ മണമേല്‌ക്കാതെ അവനെങ്ങനെ ഉറങ്ങാൻ കഴിയുന്നു?!! ആ കൈ കൊണ്ട്‌ നൽകുന്ന ഉരുള ചോറില്ലാതെ അവൻ എങ്ങനെ വിശപ്പടക്കുന്നു?!! കുഞ്ഞുമണി ചേച്ചിയുടെ ആങ്ങളമാർ പിന്നീടങ്ങോട്ട്‌ വന്നു കണ്ടിട്ടില്ല. കായൽക്കരയിലെ കൊച്ചു പുരയിടത്തിൽ കുങ്കന്റെ അവകാശികൾ എന്ന നിലയിൽ കിട്ടിയ മൂന്നു സെന്റിൽ ഒരു കൂര കെട്ടി കുഞ്ഞുമണി ചേച്ചിയും തിലകനും പൊറുതി തുടങ്ങി….

കാലപ്രവാഹിനിയായ കൈതപ്പുഴ പിന്നെയും ഒഴുകി…..

തിലകൻ വളർന്നു…. ”കുങ്കനെ വാർത്തു വച്ചത്‌ പോലെ.“

അവനെ കാണുമ്പോൾ പലരും ചത്തുകെട്ടുപോയ കുങ്കനെ ഓർത്തു.

ചെമ്മീൻ കമ്പനികളിലെ കൊടും തണുപ്പിൽ കുനിക്കൂടിയിരുന്നു പണിയെടുത്താണ്‌ കുഞ്ഞുമണി ചേച്ചി കുടിലിൽ തീ പുകച്ചത്‌. ചെമ്മീൻ കമ്പനി മുതലാളി പച്ച നോട്ടുകൾക്കൊപ്പം അവർക്ക്‌ നേരെ നീട്ടിയ ഇളിഞ്ഞ ചിരി അവർ കണ്ടില്ലെന്നു നടിച്ചു….

രാത്രി വളരുമ്പോൾ കൂരയ്‌ക്ക്‌ പിന്നിലെ ഇടവഴിയിൽ ഉയർന്നു കേട്ട ചൂളം വിളികളും അവർ അവഗണിച്ചു.. പേടി വരുമ്പോൾ മുഷിഞ്ഞു നാറിയ തലയിണക്കീഴിൽ മറച്ചു വച്ച ഇരുമ്പു പിച്ചാത്തി തടവി നോക്കി നെടു വീർപ്പിട്ടു. പിന്നെ ഒന്നുമറിയാതെ തളർന്നുറങ്ങുന്ന തിലകനെ മാറോടു ചേർത്തു പിടിച്ചുറങ്ങിയും ഞെട്ടി ഉണർന്നും നേരം വെളുപ്പിച്ചു.

അവരുടെ സ്വപ്‌നങ്ങളിൽ വഴിയോരത്ത്‌ വിരിഞ്ഞ കാട്ടുപൂക്കൾ കൊടും വെയിലേറ്റു വാടി തളർന്നു കിടന്നു.

തിലകൻ ഏഴാം ക്ലാസിൽ പഠിപ്പ്‌ നിർത്തി.

പോകാൻ അവനെ ആരും നിർബന്ധിച്ചതുമില്ല. പിഞ്ഞിക്കീറിയ ഉടുപ്പുകളിട്ടു എത്ര നാൾ അവൻ സ്‌കൂളിൽ പോകും?

പഠിച്ചിട്ടെന്ത്‌ കിട്ടാൻ എന്നൊക്കെയാവും അവന്റെ തോന്നൽ. സ്‌കൂളിൽ ചെന്നാൽ മാഷുമാരുടെ കിഴുക്കും പരിഹാസവുമല്ലാതെ ഒന്നും കിട്ടിയിട്ടില്ല അവന്‌! എന്ത്‌ തിന്നാലും തീരാത്ത വിശപ്പാണ്‌ മറ്റൊരു കുഴപ്പം! വിശപ്പ്‌ കയറുമ്പോൾ നാട്ടിലെ മറ്റു തെറിച്ച പിള്ളേർക്കൊപ്പം അവൻ നാട്‌ തെണ്ടാൻ ഇറങ്ങും. കാണുന്ന മാവിലും പുളിയിലും ഒക്കെ വലിഞ്ഞു കയറും. വടിയും കല്ലുമെടുത്തെറിയും…. കിട്ടുന്നതൊക്കെ തിന്നു കറങ്ങി നടക്കും…..

മകനെക്കുറിച്ചുള്ള പരാതികൾ കൊണ്ട്‌ പൊറുതി മുട്ടുമ്പോൾ അമ്മ അവനെ പ്രാകി വിളിക്കും… പിന്നെ മരിച്ചു മണ്ണടിഞ്ഞു പോയ കുങ്കനെ ഓർത്തു അവൻ വിലപിക്കും.

ഒരു സ്‌കൂൾ വേനലവധിക്കാലം…

മരം കേറി നടക്കുന്ന തിലകൻ ഒരിക്കൽ കണ്ടു… സ്‌കൂൾ മൈതാനത്തിനു തെക്ക്‌ വശത്തുള്ള മണ്ടപോയ തെങ്ങിൻ തുഞ്ചത്ത്‌ ഒരു മാടത്ത കൂട്‌. അമ്മക്കിളിയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളുമുണ്ട്‌ കൂട്ടിൽ.

പല ദിവസം നടന്നു തഞ്ചവും തക്കവും നോക്കി കണ്ടു പിടിച്ചതാണ്‌! മാടത്തയെ വളർത്താൻ എനിക്ക്‌ കൊതിയുണ്ടെന്ന കാര്യം തിലകനറിയാം…. ഒത്ത ഒരു മാടത്തയെ തന്നാൽ അവന്‌ രൂപ കൊടുക്കാമെന്നു ഞാൻ വാക്ക്‌ കൊടുത്തിരുന്നു. പലപ്പോഴായി അച്ഛന്റെ പോക്കറ്റിൽ നിന്ന്‌ ആരും അറിയാതെ എടുത്തു കൂട്ടിവച്ച മുപ്പതു രൂപയുണ്ടായിരുന്നു എന്റെ മൺ കുടുക്കയിൽ…

ചില്ലിത്തെങ്ങിലെ മാടത്തക്കൂട്ടിൽ നിന്ന്‌ കിളിയെ പിടിച്ചു തന്നാൽ ആ രൂപ അവന്‌ കൊടുക്കാമെന്നു ഞാൻ ഉറപ്പു നൽകി…..

ആ പ്രലോഭനത്തിൽ കെട്ടി എടുത്ത മോഹച്ചരടിൽ പിടിച്ചാണ്‌ കാറ്റുറങ്ങിയ ഒരു നട്ടുച്ച നേരത്ത്‌ തിലകൻ മണ്ട പോയ ആ ചില്ലിതെങ്ങിലേക്ക്‌ ഏന്തി വലിഞ്ഞു കയറിയത്‌!

മാടത്തക്കൂട്ടിലെ കുഞ്ഞു മാളത്തിനുള്ളിൽ അവൻ സ്വപ്‌നം കണ്ടത്‌ കിളികളെയല്ല സ്വന്തമാക്കാൻ പോകുന്ന മുപ്പതു രൂപ!

ഞാൻ മൺ കുടുക്കയുടച്ച്‌ വീട്ടിൽ അക്ഷമയോടെ കിഴക്കോട്ടു നോക്കിയിരുന്നു… മാടത്തകളുമായി തിലകൻ വരുന്നതും കാത്ത്‌.

പക്ഷെ അവൻ വന്നതേയില്ല…

പിന്നീട്‌ ചാക്കാല പറയാൻ വന്ന ആരോ പറഞ്ഞു.

അണ്ടം പോയ തെങ്ങിൽ നിന്ന്‌ ഒരു കിളിമുട്ട പോല അവൻ താഴെ വീണുടഞ്ഞെന്ന്‌…

Generated from archived content: story1_may27_11.html Author: remesh_aroor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here