പ്രതിരോധങ്ങളുടെ വന്‍ തിരമാലകള്‍ പിളര്‍ന്ന് , സിനിമ എന്ന മരതകദ്വീപിലേക്ക് എത്തുവാന്‍ പാഴ്ത്തടിയുടെ ചങ്ങാടമിറക്കുന്ന യൗവനത്തിന്റെ കഥ കൂടിയാണ് എക്കാലവും സിനിമയുടെ ചരിത്രം. ആഡംബര നൗകകളിലേറി ലക്ഷ്യം കണ്ടവരുടെ എണ്ണം വളരെ കുറവാണ്. എത്തിച്ചേര്‍ന്ന കരമണ്ണില്‍ നിലയുറയ്ക്കാന്‍ കഴിയാതെ വീണുപോയവരുണ്ട് എങ്കിലും ഓരോ നാളിലും സ്വപ്നം വില്‍ക്കുന്ന വണിക്കുകള്‍ ജലയാനത്തിലാണ്.
പ്രതിഭയുടെ വെളിച്ചം ഉള്ളകങ്ങളെ ദീപ്തമാക്കിയിട്ടില്ലാത്ത പലരും എവിടേയും നിവര്‍ന്നു നിന്നിട്ടില്ല. അവരുടെ രക്ഷയ്ക്ക് ആത്മവിശ്വാസമെന്ന ആയുധവും ഉണ്ടാവില്ല. അനൂപ് മേനോനെ ആദ്യം കണ്ട നാളിലോ പരിചയം അടുപ്പമായി മാറിയ പില്‍ക്കാലത്തോ സിനിമയില്‍ ഒരവസം തന്ന് സഹായിക്കണം എന്ന് അയാള്‍ എന്നോടു പറയുകയേ ഉണ്ടായിട്ടില്ല. ടെലിവിഷന്‍ സീരിയലുകളിലും ഒന്നു രണ്ട് സിനിമകളിലും അഭിനയിച്ചു കഴിഞ്ഞ ആളുടെ ലക്ഷ്യം ജനപ്രിയനായ ഒരു നടനാവുക എന്നതാണ് എന്നു എനിക്കു തോന്നിയിട്ടില്ല.
ഞാന്‍ അയാളില്‍ കണ്ടത് സിനിമയെ ആഴത്തില്‍ അറിയാനാഗ്രഹിക്കുന്ന ഒരു ചലചിത്ര വിദ്യാര്‍ത്ഥിയെ , അല്ലെങ്കില്‍ അര്‍ത്ഥവത്തായ സിനിമകളെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകനെയാണ്.
അഭിനയം അയാള്‍ ആസ്വദിക്കുന്നുണ്ടായിരിക്കണം , ഒപ്പം തിരക്കഥാ രചനയുമായി ബന്ധപ്പെട്ട സംഭാഷണങ്ങളില്‍ താത്പര്യപൂര്‍വം അയാള്‍ ഭാഗമായിരുന്നു. ആ മേഖലയില്‍ ശോഭിക്കാന്‍ സാധ്യതയേറെയുള്ള ഒരാളെ ഞാന്‍ അനൂപില്‍ കണ്ടു. അതു തെറ്റായിരുന്നില്ല എന്നു കാലം തെളിയിക്കുന്നതാണ് നമ്മള്‍ പിന്നീടു കണ്ടത്.
പുതിയ കാലത്തിന്റെ ജീവിത പരിസരങ്ങളെ ചലചിത്രമെന്നു മാധ്യമത്തിലേക്ക് ആവാഹിച്ച് പരിഭാഷ്യം നല്‍കുന്ന ഒരു നവ സിനിമാഭാഷ ഈ ചെറുപ്പക്കാരന് സ്വന്തമായി ഉണ്ട്.
പകല്‍ നക്ഷത്രങ്ങള്‍ കറതീര്‍ന്ന ഒരു തിരക്കഥയാണ് എന്നു ഞാന്‍ പറയില്ല. പക്ഷെ പൂര്‍വ്വ മാതൃകകളുടെ മൂശയില്‍ അല്ല അതു രൂപം കൊണ്ടത്. മൂലകൃതി ഏതെന്ന അന്വേഷണം നടത്തിയാല്‍ ഒന്നും തന്നെ കണ്ടെത്തുവാന്‍ സാധിക്കില്ല എന്നതു തന്നെയാണ് ആ സൃഷ്ടിയുടെ ഏറ്റവും വലിയ മേന്മ. അതുതന്നെയാവും, സ്വന്തം ചലചിത്ര ജീവിതത്തില്‍ എന്നും തന്റേതായ നിലപാടുകളില്‍ ഉറച്ചു നിന്ന് സിനിമകള്‍ ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടുള്ള രാജീവ് നാഥിനെപ്പോലുള്ള ഒരാളിനെ ആകര്‍ഷിച്ചതും.
തനിക്കുള്ളിലേക്കു സഞ്ചരിച്ച് പിതൃബന്ധത്തിന്റെ അദൃശ്യമായ വഴികളിലൂടെ തന്റെ സ്വത്വത്തെ അല്ലെങ്കില്‍ ജനിതക ശൃംഗലയിലെ തന്റെ മുന്‍കണ്ണിയെ അറിയാന്‍ മകന്‍ നടത്തുന്ന യാത്രയാണത്.
പിതൃമരണകാരണം അന്വേഷിക്കുന്നവന്‍ ഒടുവിലെത്തുന്നത് ആ പാപത്തിന്റെ കറുപ്പ് മാതൃബാഹുക്കളിലാണ് എന്ന തിരിച്ചറിവിലാണ്. അത് അവനെ സ്വതന്ത്രനാക്കുകയാണ്. എല്ലാ സമസ്യകളില്‍ നിന്നും മറ്റൊരര്‍ഥത്തില്‍ അത് ഒരു ഭാരമിറക്കിവെയ്ക്കലിന്റെ ആശ്വാസമാണ്. ഒപ്പം ഒരു വലിയ കണ്ണാടിക്കു മുന്നില്‍ അയാള്‍ സ്വയം വെളിവാവുകയാണ്. സര്‍ഗധനായ കലാകാരന്‍ മോഹന്‍ലാലിന്റെ സ്വസിദ്ധമായ വ്യാഖ്യാനപാടവം തിരശ്ശീലയിലെ അവസാനിക്കാത്ത വേദനയായി സിനിമ നമുക്കുള്ളില്‍ പടരാന്‍ വലിയ പങ്കുവഹിക്കുന്നു.
മുന്നോട്ടു തന്നെയാണ് അനൂപ് മേനോന്‍ എന്ന രചയിതാവിന്റെ യാത്ര. ഏറെ ദൂരം പോവാനുണ്ടയാള്‍ക്ക് ഒപ്പം അത് മലയാളസിനിമയേയും മുന്നോട്ട് സഞ്ചരിപ്പിക്കുകയാണ് ചെയ്യുന്നത് എന്നത് സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് സദ് വാര്‍ത്ത തന്നെയാണ്. യാത്രാ മംഗളങ്ങള്‍ അനൂപ്. പകലിന്റെ ആകാശത്തിലും നക്ഷത്രങ്ങള്‍ കണ്ട് യാത്ര ചെയ്യുക. അതിനായി കണ്ണുകള്‍ തുറന്നിരിക്കുക.
പകല്‍ നക്ഷത്രങ്ങള്‍
അനൂപ് മേനോന്‍
മാതൃഭൂമി ബുക്‌സ്
വില: 55 രൂപ
Generated from archived content: boom1_may8_13.html Author: rejnith_cinema