ഒരാൾക്കു മാത്രമുള്ള വഴിയിൽ
ഇന്നലെ
ഒരാൾക്കു മാത്രമുള്ള വഴിയിൽ
മിഴികൾ നട്ട്
നമ്മളേറെ നേരം നിന്നതും
ആകാശവും കിളികളും
വൃക്ഷത്തലപ്പുകൾക്കിടയിൽ വന്ന്
നമ്മെ നോക്കിനിന്നതും
നീ നാണിച്ച്
നാണം മുഴുവനും
വലത്തേ മറുകിലൊളിപ്പിച്ചതും
ഒക്കെ ഞാനിവിടെഴുതി വയ്‌ക്കും
നീ സമ്മതിച്ചാലും ശരി
സമ്മതിച്ചില്ലെങ്കിലും ശരി.
വഴി
പള്ളിയിലേക്കുള്ള വഴിയിലാണ്
അവന്റെ വീട്
അവന്റെ വീട്ടിലിരുന്നു നോക്കിയാൽ
നക്ഷത്രങ്ങൾ
മണ്ണിലേക്കിറങ്ങിവരുന്നതു കാണാം.
സിമിത്തേരിയിലേക്കുള്ള വഴിയിലാണ്
എന്റെ വീട്
എന്റെ വീട്ടിലിരുന്നു നോക്കുമ്പോൾ
രാത്രി
പ്രേതങ്ങളിറങ്ങിനടന്നതു കണ്ടു.
Generated from archived content: poem1_sept21_07.html Author: rejish_r