ഒരു അഭിനവതത്വംഃ ജീവിതവും പ്രണയവും കാമവും വെവ്വേറെ ആണ്. അതല്ല, അത് ഒന്നിനോടൊന്ന് ഇഴചേർന്നതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾ മൂഢന്മാരും മൂഢത്തികളും ആണ്.
വൈബ്രേഷൻ മോഡിൽ ഇട്ടിരിക്കുന്ന മൊബൈലിന്റെ മുരൾച്ചയാണ് പാതി മയക്കത്തിൽ നിന്നും കാതറിനെ ഉണർത്തിയത്.
‘വൺ മെസ്സേജ് ഇൻ ഇൻബോക്‌സ്.’ 3 ദിവസമായി ഒരായിരം തവണയെങ്കിലും അതെടുത്ത് നോക്കിയിട്ടുണ്ട് പ്രതീക്ഷാപൂർവ്വം.
‘സെന്റ് മി യുവർ അക്കൗണ്ട് നമ്പർ – ശ്യാം.’
ഒരു വല്ലാത്ത ഈർഷ്യയാണ് അവൾക്ക് തോന്നിയത്. വലുത് കൈ അറിയാതെ അടിവയറ്റിന്റെ പതുപതുപ്പിൽ അമർന്നു.
എന്റെ കുഞ്ഞു ഘനശ്യാം….
പല രാത്രികളിൽ തങ്ങൾ ഒന്നിച്ചുറങ്ങിയ നഗരത്തിലെ വാടകമുറി വിട്ട് ദിവസങ്ങൾക്ക് മുൻപാണ് ശ്യാം അവന്റെ സ്‌ഥായിയായ സ്‌നേഹത്തിലേക്ക്, ജീവിതത്തിലേക്ക് തിരിച്ച് നടന്നത്.
ജീവിതം അല്ലെങ്കിൽ സൗകര്യപൂർവ്വമുള്ള പൊളിച്ചെഴുത്തുകൾ.
അസാധാരണമാം വിധം മിടിയ്‌ക്കുന്ന ഹൃദയത്തോടെ ഒരു സാധാരണ ജോലി ദിവസത്തേയ്‌ക്ക് അവൾ ശ്രദ്ധതിരിച്ചു.
വാലെന്റെൻസ് ഡേ അടുത്തിരിക്കുന്നത് കൊണ്ട് ‘ബെല്ല ഡെ റോസ്’ ന്റെ അലങ്കാരങ്ങൾ മുഴുവനും മാറ്റാനുള്ള തിരക്കിലായിരുന്നു. പകൽ മുഴുവൻ ചുവന്ന ഹൃദയങ്ങൾ കൊണ്ട് കടയ്‌ക്കു മുഴുവനും പുതുചന്തം നൽകി. ഹൃദയാകൃതിയിൽ അലങ്കരിച്ചു വെക്കേണ്ട ഡാർക്ക് ചൊക്കലേറ്റുകൾ അജ്ഞാതരായ ഏതൊക്കെയോ പ്രണയികളെ കാത്തിരിക്കുന്ന കടും മധുരങ്ങൾ.
എന്നിട്ടും അയഞ്ഞ ഏതോ നിമിഷത്തിൽ മനസ്സ് തിരിച്ച് നടന്ന് പ്രഗ്നൻസി ഹോം ചെക്കിംഗ് കിറ്റിൽ പോസിറ്റീവ് ഫലം തെളിയിച്ച രണ്ട് ചുകന്ന വരകളിൽ തങ്ങി നിന്നു.
നിഗൂഢമായ ഒരു ഭവത്തോടെയാണ് കാതറിന്റെ വിരലുകൾ മൊബൈയിൽ കീ പാഡിൽ ദ്രുത ഗതിയിൽ ചലിച്ചത്. ‘ഇറ്റ് ഈസ് യെസ്’. ഇളം ചൂടുള്ള രോമക്കാടായ അവന്റെ നെഞ്ചിൽ തല ചായ്‌ചു നിൽക്കാനാണ് അവൾക്കന്നേരം തോന്നിയത്. മയിൽപ്പീലിക്കണ്ണുള്ള കുഞ്ഞു ഘനശ്യാമിനെ സ്വപ്‌നം കണ്ട്‌കൊണ്ട്. നിഷമിഷങ്ങൾക്ക് ശേഷം ഫോൺ ശബ്‌ദിച്ചപ്പോൾ, ആദി മനുഷ്യന്റെ ശബ്‌ദമാണ് മറു തലയ്‌ക്കൽ കേട്ടത്… വെളിവാക്കപ്പെട്ട നഗ്നത അത്തിയിലകളാൽ മറയ്‌ക്കാൻ ശ്രമിച്ച ആദി മനുഷ്യന്റെ പാപബോധം തീണ്ടിയ ആദി മനുഷ്യൻ സ്‌ത്രീയാൽ വഞ്ചിക്കപ്പെട്ട ആദിമനുഷ്യൻ… സർപ്പത്താൽ വഞ്ചിക്കപ്പെട്ട സ്‌ത്രീ.
വീണ്ടും
“സെന്റ് മി യുവർ അക്കൗണ്ട് നമ്പർ ശ്യാം”
ഫെബ്രുവരിയുടെ വൈകുന്നേരങ്ങളിലെ തണുപ്പ് പതുക്കെ വിട്ടു തുടങ്ങി. പെറ്റ് പെരുകാനിരിക്കുന്ന ഉഷ്‌ണത്തിന്റെ മുന്നൊരുക്കമെന്നോണം.
നഗരത്തെ പച്ച പുതപ്പിക്കുന്ന പുൽത്തകിടികളെ സ്‌പ്രിംഗ്ലറിൽ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളം നനയ്‌ക്കുന്നുണ്ടായിരുന്നു. സൂര്യ രശ്‌മികൾ അതിൽ മഴവില്ലു തീർക്കുന്നതും നോക്കി കാതറിൻ വേഗം നടന്നു…. നടപ്പാതയിൽ നിന്ന് വിട്ട് പുൽത്തകിടിയിലൂടെയായിരുന്നു അവൾ നടന്നിരുന്നത്. പോയിന്റഡ് ഹീൽസ് ഉള്ള ചെരുപ്പ് പുൽത്തകിടിയിൽ പൂണ്ട് പോകുന്നത് കൊണ്ടാവാം അതു ഒരു കയ്യിൽ കോർത്ത് പിടിച്ചായിരുന്നു അവൾ നടക്കുന്നത്. ചവിട്ടടികളിൽ നനവ്.
ഹൃദയവും ആമാശയവും വൻ കുടലും ചെറുകുടലും ഒക്കെ വെളിവാക്കുന്ന വിധത്തിൽ ശരീരത്തിന്റെ മുൻഭാഗം ചെത്തിയിറക്കിയ അനാട്ടമിക്കൽ മോഡൽ. ഡോ. മധു ശ്രീ ഗുപ്‌തയുട മേശപ്പുറം. കുഞ്ഞുഘനശ്യാമന്മാർ എവിടെയാവും കൈവിരലുണ്ട് കൊണ്ട് പതുങ്ങിക്കിടക്കുക? അല്ല അത് ആദി മനുഷ്യന്റെ ശരീരം ആണ്. പുരുഷനെ വഞ്ചിച്ച കുറ്റത്തിന് സൃഷ്‌ടിയുടെ നോവറിയാൻ ദൈവശാപം ലഭിച്ച സ്‌ത്രീയുടെതല്ല.
ഡോ. മധു ശ്രീ ഗുപ്‌തയുടെ മുന്നിൽ കുറ്റവാളിയുടെ കണ്ണുകളോടെ അവൾ ഇരുന്നു. ലിപ് ലൈനർ അതിരിട്ട ചെറിയ ചുണ്ടുകളിൽ ഭംഗിയുള പുഞ്ചിരി വിരിയിച്ച് ഡോ. മധുശ്രീ പറഞ്ഞു. ‘റിലാക്‌സ് ഐ വിൽ ഡു ഇറ്റ്.
എ റ്റി എം ലെ അവസാന നാണയവും ചുരണ്ടി കൗണ്ടറിൽ പണമടച്ച് ഊഴത്തിനായി കാതറിൻ കാത്തു.
കൈ കോർത്ത് പിടിച്ച് കണ്ണുകളിൽ സന്തോഷം നിറച്ച ഒരു ഭാര്യയും ഭർത്താവും എതിരിൽ അവളുടെ കൈ അയാളുടെ മടിയിൽ വിശ്രമിക്കുന്നു. ഗർഭപാത്രത്തിൽ കിഴുക്കാം തൂക്കായി കിടക്കുന്ന ഉണ്ണിയുടെ ഘട്ടം ഘട്ടമായുള്ള വളർച്ച വ്യക്തമാക്കുന്ന പോസ്‌റ്ററിൽ അവർ സാകൂതം നോക്കിക്കൊണ്ടിരുന്നു.
കാതറിന്റെ മനം പിടഞ്ഞു.
കുഞ്ഞേ നീ ഭാഗ്യവാൻ. സ്‌നേഹത്തിൽ കുരുത്ത് സ്‌നേഹത്തിൽ പിറക്കാൻ വിധപ്പെട്ടവൻ. കുഞ്ഞു ഘനശ്യാം അമ്മയോട് പൊറുക്കുക. നീ അംഗീകരിക്കപ്പെടാത്തവനാണ്. പിതൃത്വം നിഷേധിക്കപ്പെട്ടവനാണ.് സൂര്യ തേജസ്സ് ആവാഹിക്കുവാൻ ഈ അമ്മ കുന്തീദേവിയല്ല നിന്നെ വളർത്താൻ ഒരു അതിരഥനും അവശേഷിക്കുന്നുമില്ല.
ഒബ്‌സർവേഷൻ ടേബിളിൽ, കിടക്കുവാൻ ജീൻസിന്റെ ബട്ടൺ അഴിച്ചപ്പോൾ അകത്തെവിടെയോ ഒരു സ്‌പന്ദനം… കിഴുക്കാം തൂക്കായി തുടയൊടുരസി നീ പിറന്നു വീഴേണ്ട യോനീമുഖത്തേക്ക്, ഡോക്‌ടറുടെ വെളുത്ത ഗ്ലൗസിട്ട കൈകൊണ്ട് നിനക്കുളള വിഷം തിരുകി മുലക്കണ്ണിൽ വിഷം തേച്ച പൂതന-നിന്റെ അമ്മ!
കാമത്തിന്റെ ഒടുക്കം.
ഇഞ്ചക്‌ഷനുകൾ നൽകിയ തളർന്ന മയക്കം. എണ്ണ മിനുപ്പും, മയിൽപ്പീലിക്കണ്ണും ഇരുണ്ട മുടിയിഴകുമുള്ള കുഞ്ഞു ഘനശ്യാം. അവളുടെ സ്വപ്‌നങ്ങളിൽ കൈകാൽ കുടഞ്ഞ് ചിരിച്ചു.
ഉണർച്ചയിൽ….
തൊണ്ടയിലേയ്‌ക്ക് തികട്ടി വരുന്ന മരുന്നിന്റെ കയ്‌പിനൊപ്പം മൊബൈൽ അതേ മെസ്സേജ് ശർദ്ദിക്കുന്നു… “സെന്റ് മി യുവർ അക്കൗണ്ട് നമ്പർ…”
തുടരെത്തുടരെ വരുന്ന മുരൾച്ച കട്ട് ചെയ്‌ത് റിപ്ലൈ ബട്ടനിൽ അവൾ വിരലമർത്തി.
’സംഹാരത്തിനു ചിലവഴിക്കേണ്ടിവന്ന അക്കങ്ങളുടെ കണക്കെടുക്കുന്നതിനു മുൻപ് എന്റെ ഘനശ്യം നീയറിയുക. നമ്മുടെ കുഞ്ഞുഘനശ്യാം ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള രക്തകട്ടകളായി സാനിറ്ററി നാപ്‌കിന്റെ വെളുപ്പിൽ അലിഞ്ഞലിഞ്ഞില്ലാതായി. എങ്കിലും ഘനശ്യാം നീയറിയുക പ്രണയവും ജീവിതവും കാമവും വെവ്വേറെയാവുന്ന ഈ നവയുഗത്തിൽ ഞാൻ നിനക്കുള്ള പ്രണയം കരുതി വെച്ച്‌കൊണ്ട് യുഗങ്ങൾക്കപ്പുറം ഒരു യമുനാതീരവും ഇനി അതിന്റെ ഉള്ളുരുക്കം അറിയാതിരിക്കട്ടെ.
“മെസ്സേജ് ഡെലിവേഡ്”
-പ്രണയം മാത്രം… തുടർച്ച-
ശേഷം….
മൊബൈലിന്റെ ചുവന്ന ബട്ടണിൽ അവൾ അമർത്തിപ്രസ്സ് ചെയ്‌തു.
Generated from archived content: story1_dec24_10.html Author: rejeena.muhammad.kasim_oman
Click this button or press Ctrl+G to toggle between Malayalam and English