പാരതന്ത്ര്യം
മേനകാഗാന്ധിയുടെ മൃഗസംരക്ഷണ പ്രസ്ഥാനത്തിന്റെ ഒരു ക്യാമ്പിൽ പങ്കെടുത്ത് തിരിച്ചുവന്നതിനുശേഷമാണ് ഞാൻ കൂട്ടിൽ നിന്നും പട്ടിയെ സ്വതന്ത്രമാക്കിയത്. പക്ഷിമൃഗാദികളെ കൂട്ടിലിട്ടു വളർത്തുന്നത് പാപമാണെന്നും അവയ്‌ക്കും ഈ ലോകത്ത് യഥേഷ്ടം വിഹരിക്കാൻ അവകാശമുണ്ടെന്നും എനിക്കു ബോധ്യപ്പെട്ടിരുന്നു.
പക്ഷേ, തുറന്നു കിടക്കുന്ന ഗേറ്റിനെ അവജ്ഞയോടെ ഒന്നു നോക്കിയശേഷം പട്ടി നേരെ പൂമുഖത്തിന്റെ കോലായയിൽ വന്ന് ചുരുണ്ടുകൂടി കിടപ്പായി.
തുടർന്ന്, തത്തയുടെ കൂടുതുറന്നുകൊണ്ട് ഞാൻ പറഞ്ഞു.
“നീ ഇന്നുമുതൽ സ്വതന്ത്രനാണ്. അപാരമായ നീലാകാശത്തിലൂടെ നിനക്കിനി സ്വതന്ത്രമായി യഥേഷ്ടം പറന്നുപോകാം.”
തത്ത കൂട്ടിൽത്തന്നെ അനങ്ങാതെ ഒറ്റയിരുപ്പ് ഇരുന്നതേയുള്ളൂ. ഞാൻ വീണ്ടും നിർബന്ധിച്ചപ്പോൾ ചുവന്ന ചുണ്ടിൽ ഒരു പുച്ഛച്ചിരിയുമായി ‘മതിലുകളി’ലെ ബഷീറിനെപ്പോലെ അത് ചോദിച്ചു.
“വൈ ഷുഡ് ഐ ബീ ഫ്രീ? ഹൂ വാണ്ട് ഫ്രീഡം?”
അദ്ധ്വാനിക്കാതെ ജീവിക്കുവാനിഷ്ടപ്പെടുന്ന ഒരു തലമുറയുടെ കാലത്ത് ഒരു പട്ടിയും തത്തയും ഇങ്ങനെയൊക്കെ പറയുന്നതിലെന്തത്ഭുതം സാർ?
പാമ്പുകൾ
ഇടവഴി നിറയെ പാമ്പുകളായിരുന്നു. കറുത്തതും വഴുവഴുത്തതുമായ ശരീരങ്ങളുള്ള വിഷപ്പാമ്പുകൾ. കണ്ണിൽക്കുത്തുന്ന ഇരുട്ടിൽ അവയങ്ങനെ ചുരുണ്ടു മടങ്ങിക്കിടക്കും. വൈകുന്നേരത്തെ മിനുക്കം കഴിഞ്ഞ് ഇടറിയാടി വരുന്ന ഏതെങ്കിലും ഒരു മദ്യപന്റെ കാലിൽ ഒരു ദംശനം. പിന്നെ കോമുക്കുട്ടി വൈദ്യരുടെ പച്ചമരുന്നിൽ രക്ഷപ്പെട്ടാലായി.
ആ ഇടവഴി നികത്തിയാണ് പുതിയ ഹൈവേ വന്നത്. റോഡ് ഇപ്പോൾ വലിയ ഒരു പാമ്പിനെപ്പോലെ. അതിനു മുകളിലൂടെ ഉഗ്രവിഷമുള്ള കൊച്ചുസർപ്പങ്ങൾ ചക്രങ്ങളിൽ ചീറിപ്പാഞ്ഞു. ഇടയ്‌ക്കവ വഴിയരികിലൂടെ നടന്നുപോവുന്ന ഏതെങ്കിലും ഒരു പാവത്തെ ദംശിക്കും. അല്ലെങ്കിൽ പരസ്പരം കൊത്തും.
ഇപ്പോൾ കോമുക്കുട്ടി വൈദ്യർക്കും ഞങ്ങളെ രക്ഷിക്കാനാവുന്നില്ലല്ലോ കൂട്ടരേ…
വെളിച്ചം
പടിപ്പുരയും തൊഴുത്തും പത്തായപ്പുരയുമൊക്കെയുള്ള ഒരു പഴഞ്ചൻ വീടായിരുന്നു എന്റേത്.
പത്തായപ്പുരയിലെ എന്റെ കിടപ്പുമുറിയിൽ ധാരാളം നരിച്ചീറുകൾ പാർത്തിരുന്നു. ഇരുട്ടു ഭക്ഷിച്ചു വളർന്നതുകൊണ്ടാകാം അവയ്‌ക്ക് രാത്രിയുടെ നിറമായിരുന്നു.
പകൽ മുഴുവൻ പത്തായത്തിന്റെ ഇരുണ്ട കോണിൽ തലകീഴായി തൂങ്ങിക്കിടന്ന് അവ നിശ്ശബ്ദമായ തപസ്സിലായിരിക്കും. പക്ഷേ രാത്രിവന്നാൽ എന്റെ ഉറക്കത്തെ ഇടയ്‌ക്കിടെ തട്ടിത്തെറിപ്പിച്ചുകൊണ്ട് അവ വിശറിപോലുള്ള ചിറകുകൾ വിടർത്തി മുറിയിലൂടെ തിരക്കിട്ടു പറക്കുകയും വഴക്കു കൂടുകയും ഇണചേരുകയും….
പിന്നെപ്പിന്നെ അവയുടെ ചിറകടി കേൾക്കാതെ എനിക്ക് ഉറക്കം വരില്ലെന്നായി.
അങ്ങനെയിരിക്കേയാണ് എന്റെ വീട്ടിൽ വൈദ്യുത കണക്ഷൻ ലഭിച്ചത്. അതോടെ ഇരുട്ടുമൂടിക്കിടന്ന കോണുകളിലാകെ വെളിച്ചത്തിന്റെ അധിനിവേശമായി.
രാത്രിയേത് പകലേത് എന്നു തിരിച്ചറിയാനാവാതെ നരിച്ചീറുകൾ ആശയക്കുഴപ്പത്തിലായിരിക്കാം. തപസ്സിന്റെ സ്വസ്ഥത നശിച്ച അക്രമാസക്തരാവുകയും എന്നെ കടിച്ചും മാന്തിയും മുറിവേൽപ്പിക്കുകയും എന്റെ കിടക്കയിലെ വെള്ള വിരിപ്പിനുമേൽ മലമൂത്ര വിസർജ്ജനം നടത്തി പ്രതിഷേധിക്കുകയും…
വെളിച്ചം ദുഃഖമാണെന്ന് എന്നെ പഠിപ്പിച്ചത് ആ നരിച്ചീറുകളായിരുന്നു.
പ്യൂപ്പ
കിളിവാതിലുകളില്ലാത്ത ഒരു വീടായിരുന്നു അയാളുടേത്.
ആകെയുള്ള ഒറ്റവാതിൽക്കൂടി അടച്ചാൽ അത് ഇരുട്ടുനിറഞ്ഞുകിടക്കുംന്ന ആ ഇരുട്ടറയ്‌ക്കുള്ളിൽ രാത്രിമുഴുവനും അയാളും ഭാര്യയും പുറംലോകത്തിന്റെ ഗന്ധങ്ങളറിയാതെ ഉറങ്ങി.
വീടിനു വായുകടക്കാൻ ഒരു കൊച്ചുജനൽ വേണമെന്ന ഭാര്യയുടെ ശാഠ്യത്തിനു നേരെ അയാൾ കണ്ണടച്ചു. ഒരുനാൾ രാവിലെ ഉണർന്നെണീക്കുമ്പോൾ അവൾ കാണുന്നത് ഭർത്താവിന്റെ മരിച്ചുവിറങ്ങലിച്ച ശരീരം.
അന്നുരാത്രി വാതിലിന്റെ ആകെയുണ്ടായിരുന്ന വിടവുകൂടി അടച്ച് അവൾ വീട്ടിൽ സമാധി ഇരുന്നു. പിറ്റേന്നോ അതിന്റെ പിറ്റേന്നോ അവളുടെ വാതിൽപ്പാളികൾ തുറക്കപ്പെട്ടില്ല.
പിന്നെയൊരുനാൾ, വീടിന്റെ ചുമരുകൾ പൊളിച്ച് അവൾ പുറത്തുവന്നു. അപ്പോഴവൾക്ക് ചിറകുകളും ചിറകുകൾക്കുമേൽ മനോഹരമായ വർണ്ണപ്പുള്ളികളുമുണ്ടായിരുന്നു.
Generated from archived content: story1_jan22_08.html Author: rehman_kidangayam